അതിവിചിത്രമായ ഒരു സ്വപ്നത്തിൽ നിന്നാണ് ഞാനിന്ന് ഉറക്കമുണർന്നത് . പറയത്തക്ക സംഭവവികാസങ്ങളൊന്നുമില്ലാത്ത ഒരു കൊച്ചു സ്വപ്നമായിരുന്നുവെങ്കിലും അത് മനസ്സിനേൽപ്പിച്ച ആഘാതം കഠിനമായിരുന്നു. തന്നെയുമല്ല – ഉണർന്ന് ഇത്ര നേരം കഴിഞ്ഞിട്ടും പതിവ് സ്വപ്നങ്ങളെപ്പോലെ ഓർമ്മയിൽ നിന്ന് മാഞ്ഞ് മാഞ്ഞ് പോകാതെ അതിപ്പോഴും ഉളളിലങ്ങനെ അളളിപ്പിടിച്ച് കിടക്കുകയുമാണ്.
.
ഭൂമിയിൽ നിന്ന് അനേക കാതങ്ങളോളം ഉയരെ ഡ്രാമാ സ്റ്റേജ് പോലെ തോന്നിച്ച ഒരിടം .കൈവരികളോ മറ്റേതെങ്കിലും സംരക്ഷണമോ ഇല്ലാതെ തുറന്ന് കിടന്ന ആ സ്റ്റേജിന്റെ വിളുമ്പത്ത് ഉത്തമ സുഹൃത്തെന്ന് തോന്നിയ ഒരാളോടൊപ്പം ഞാൻ നിൽക്കുന്നിടത്ത് നിന്നായിരുന്നു സ്വപ്നത്തിന്റെ തുടക്കം.

ചുറ്റുപാടും ഇരുളായിരുന്നു.എന്നാൽ ഞങ്ങൾക്ക് മേൽ ഏതോ വെളിച്ചം വന്നു വീഴുന്നുമുണ്ടായിരുന്നു .അത് കൊണ്ട് ഞങ്ങളിരുവരും സർക്കസിലെ ഊഞ്ഞാലാട്ടക്കാരെപ്പോലെ കാണപ്പെട്ടു .

താഴെക്കാണാമായിരുന്ന ഭൂമിയിലാവട്ടെ , അന്തിവെളിച്ചം കെട്ടിരുന്നില്ല .

കൂടെയുണ്ടായിരുന്ന സ്നേഹിതൻ വെളളവസ്ത്രങ്ങൾ ധരിച്ച ,നല്ല പൊക്കവും വണ്ണവുമുളള സുമുഖനായ ഒരു മധ്യവയസ്കനായിരുന്നുവെന്ന് മാത്രമെ ഓർക്കാൻ കഴിയുന്നുളളൂ .ആരാണയാൾ എന്ന് മനസ്സിലാക്കാൻ കഴിയാതിരുന്നിട്ട് പോലും ഉത്തമ സുഹൃത്തുക്കളിൽ ഒരാൾ തന്നെ എന്ന തോന്നൽ എങ്ങനെയുണ്ടായി എന്നതാണത്ഭുതം!

എന്നാൽ അത്ര മാത്രം സൗഹൃദം തോന്നിയിട്ടും അത്രത്തോളം അപകടകരമായ അവസ്ഥയിലായിരുന്നിട്ടും കാര്യമായ ഇടപെടലുകളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായതുമില്ല . എങ്ങനെ അവിടെ എത്തിപ്പെട്ടു എന്നൊരമ്പരപ്പോടെ ഒരു നിമിഷനേരം അങ്ങോട്ടുമിങ്ങോട്ടും ഒന്ന് നോക്കിയത് മാത്രം ഓർക്കുന്നു .അടുത്ത നിമിഷം ഇരുവരുടെയും നോട്ടം താഴെ ഭൂമിയിലേക്ക് പതിച്ചു .അപ്പോൾ അതീവഭീതി തോന്നുന്നത്ര താഴ്ചയിൽ ഭാവനാതീതമായത്ര വിശാലമായ ഒരു തുറസ്സിൽ ഒരു ആഗോള സമ്മേളനത്തിനായി ഒരുമിച്ചു കൂടിയവരെപ്പോലെ വലിയൊരു പുരുഷാരം തിക്കിത്തിരക്കി ഇരിക്കുന്നതിന്റെ ആകാശദൃശ്യമാണ് ഞങ്ങൾക്ക് ലഭിച്ചത്.

Read More: അയ്‌മനം ജോൺ എഴുതിയ ഒറ്റ വാചകത്തിലൊരു കഥ- പരവേശം ഇവിടെ വായിക്കാം

ഞങ്ങളിരുവരുമൊഴികെ, ഭൂമിയിലെ മുഴുവൻ മനുഷ്യരും അവിടെ ഒന്നിച്ചിരിക്കുന്നത് പോലെയാണ് എനിക്കപ്പോൾ തോന്നിയത് . നോട്ടമെത്തുന്ന ദൂരങ്ങൾക്കപ്പുറത്തേക്ക് പോലും വ്യാപിച്ചു കിടന്നിരുന്നു- ആ ജനാവലി .ഞങ്ങൾ കാലുറപ്പിച്ചിരിക്കുന്ന സ്റ്റേജിന് അടിയിലായത് കൊണ്ട് ഞങ്ങളുടെ കാഴ്ചയ്ക്ക് മറഞ്ഞിരുന്ന മറ്റൊരു സ്റ്റേജിലേക്ക് മുഖം തിരിച്ചിരിക്കുമ്പോലെയാണ് ആ ആൾക്കൂട്ടം കാണപ്പെട്ടത്.ആ സ്റ്റേജിൽ അത്യന്തം ആകർഷകമായ എന്തോ അരങ്ങേറിക്കൊണ്ടിരിക്കുന്നുവെന്നൊരു പ്രതീതി നൽകും വിധം ആളുകളെല്ലാം അവിടേക്ക് തന്നെ വലിയ കൗതുകത്തോടെ കണ്ണ് നട്ടിരിക്കുന്നതായും തോന്നിച്ചു .

ഞങ്ങൾ നിൽക്കുന്ന ഇടം തീർത്തും അരക്ഷിതവും എപ്പോൾ വേണമെങ്കിലും ഇല്ലാതായേക്കാവുന്നതുമായ ഒരു വ്യാജപ്രതലമാണെന്നുള്ള ഭയം എന്ത് കൊണ്ടോ ഉള്ളിൽ വല്ലാതെ നിറയുന്നുണ്ടായിരുന്നു.കൂടെ മറ്റൊരാൾ ഉണ്ടല്ലോ എന്നുള്ളത് മാത്രമായിരുന്നു ഒരേയൊരു ആശ്വാസം.

aymanam john, malayalam short story wirter, malayalam kadha, vishnu ram,

എന്നാൽ അടുത്ത നിമിഷം – ഒപ്പമുണ്ടായിരുന്ന ആ സുഹൃത്ത് ആൾക്കൂത്തിലേക്ക് ഒന്നു കണ്ണ് ചുറ്റിച്ച് നോക്കിയ ശേഷം എന്നോട് ഒന്നുമേ ഉരിയാടാതെ- എന്തിന് എന്റെ നേരെ ഒന്ന് നോക്കുക പോലും ചെയ്യാതെ- പെട്ടെന്ന് ഇരുകൈകളും വായുവിലേക്ക് ഉയർത്തി ആയമെടുത്തിട്ട് ധൈര്യപൂർവം താഴേക്ക് -അതായത്, അഗാധതയിലെ ആ ആൾക്കൂട്ടത്തിലേക്ക് – എടുത്ത് ചാടുകയാണുണ്ടായത് .

താഴെയെത്താൻ തന്നെ ഏറെ നേരമെടുക്കുന്ന ആ വീഴ്ച വീണ് കൊണ്ടിരിക്കുന്ന സ്നേഹിതനെ നോക്കി നിൽക്കെ അദ്ദേഹം ഭൂമിയോടടുത്തെത്തുന്ന നേരം, ആൾക്കൂട്ടത്തിൽ നിന്നുയരുന്ന ഒട്ടേറെ കൈകൾ ചേർന്ന് നിലത്തേക്ക് ചെന്ന് പതിക്കാൻ ഇട കൊടുക്കാതെ , അദ്ദേഹത്തെ കൈകളിലേന്തി രക്ഷ പെടുത്തുന്ന ഒരു ദൃശ്യം എന്റെ മനസ്സിലൂടെ കടന്നു പോയി. തുടർന്ന് ഞാനും അത് പോലെ തന്നെ എടുത്ത് ചാടുന്നതും ആൾക്കൂട്ടത്തിന്റെ രക്ഷാകരങ്ങൾ എനിക്ക് നേരെയും ഉയർന്നു വരുന്നതുമായ മറ്റൊരു ദൃശ്യവും മനസ്സിൽ തെളിഞ്ഞു . അപ്പോൾ ആ സ്നേഹിതനു പിന്നാലെ എടുത്ത് ചാടുവാനുള്ള വല്ലാത്തൊരു ഉൾപ്രേരണ എന്നെ ഗ്രസിച്ചു. കൂട്ട് നഷ്ടപ്പെട്ടയുടൻ അനുഭവപ്പെട്ടു തുടങ്ങിയിരുന്ന ഏകാന്തതയും ആ നൊടി നേരം കൊണ്ട് തന്നെ ആളിക്കത്തി അത്യന്തം ഭയാനകമായിക്കഴിഞ്ഞിരുന്നതിനാൽ തനിച്ചവിടെ നിൽക്കുന്നതും എനിക്ക് അസ്സാദ്ധ്യമായിത്തോന്നി .

അതിനാൽ, വരുംവരായ്കകളെപ്പറ്റി കൂടുതലൊന്നും ആലോചിച്ചു നിൽക്കാതെ ഞാനും അത്യഗാധതയിലെ ആ ആൾക്കൂട്ടത്തിലേക്ക് തന്നെ എടുത്ത് ചാടി. എന്നാൽ വിചാരിച്ചതിലേറെ വേഗമാർന്ന ആ വീഴ്ച വീണു കൊണ്ടിരിക്കെ താഴെയെത്തുമ്പോൾ ഞാൻ പ്രതീക്ഷിക്കുന്നതല്ല സംഭവിക്കുന്നതെങ്കിലോ എന്നൊരു അങ്കലാപ്പ് മനസ്സിൽ തിങ്ങുകയും അതുണ്ടാക്കിയ ഉൾക്കിടിലത്താൽ ഞാൻ ഉണർന്നു പോകുകയുമായിരുന്നു.

aymanam john,malayalam short story writer, malayalam kadha, novel

ഉണർന്ന്‌, ഒരു നൊടിയിട നേരം കൊണ്ട് കട്ടിലിൽ എത്ര ഭദ്രമാണ് എന്റെ ശരീരം എന്ന് മനസ്സിലാക്കിയപ്പോൾ അനുഭവപ്പെട്ട ആശ്വാസത്തിന് ‘അവാച്യ’മെന്നല്ലാതെ മറ്റൊരു വിശേഷണവും നൽകാൻ കഴിയുന്നില്ല . എന്നിട്ട് തന്നെയും ഹൃദയമിടിപ്പ് സാധാരണഗതിയെ പ്രാപിക്കാൻ നേരം കുറെ എടുത്തു.
ഇന്ന് പകൽ നീളെ മേൽപ്പറഞ്ഞ സ്വപ്നത്തിന്റെ പൊരുൾ കണ്ടെത്തുന്നതിൽ മുഴുകിയിരിക്കുകയായിരുന്നു – എന്റെ മനസ്സ്.

വളരെ അപകടം പിടിച്ച ഉയരങ്ങളിൽ അകപ്പെട്ടിട്ട് ജീവഹാനി സംഭവിക്കാതെ താഴെയെത്താൻ പാട് പെടുന്ന സ്വപ്നങ്ങൾ ഇതിന് മുൻപും പലവട്ടം ഞാൻ കണ്ടിട്ടുള്ളതാണ്. എന്നാൽ അവയിലെ കെണിസ്ഥലങ്ങൾക്കൊന്നും ഇതിന്റെ നൂറിലൊന്ന് ഉയരം പോലും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല അതെല്ലാം ഭൂമിയിൽ തന്നെയുള്ള പരിചിതമായ തരം ഇടങ്ങളുമായിരുന്നു. കീഴ്ക്കാംതൂക്കായ പാറക്കെട്ടുകൾ ,ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടങ്ങൾ, ഇളകുന്നതോ ഇടപ്പലകകൾ ഇല്ലാത്തതോ ആയ ചുറ്റുകോണികൾ എന്നിങ്ങനെ… താഴേയ്ക്കെത്തുന്നതെങ്ങനെ എന്നോർത്ത് ആദ്യമൊന്നു വല്ലാതെ വേവലാതിപ്പെടുമെങ്കിലും ഏതെങ്കിലുമൊക്കെ പോംവഴികൾ കണ്ടെത്തി അപായം കൂടാതെ സുരക്ഷിതസ്ഥാനത്ത് എത്തുന്ന തരം സ്വപ്നാനുഭവങ്ങളായിരുന്നു -അതെല്ലാം തന്നെ…

അതുകൊണ്ട് , ഭൂമിയിലെ നിലനില്പിനെയും മനുഷ്യനിലുള്ള വിശ്വാസത്തെയും കുറിച്ച് കൂടുതൽ ആഴമുള്ള പുനർവിചാരങ്ങൾക്ക് സമയമായി എന്ന് ഉപബോധമനസ്സ് സൂചിപ്പിക്കുന്നതാവാം ഈ പുതിയ സ്വപ്നം എന്നൊരു സംശയമാണ് എനിക്കുള്ളത് . അങ്ങനെ വരുമ്പോൾ മനുഷ്യവ്യക്തിയിൽ എനിക്കുണ്ടായിട്ടുള്ള വിശ്വാസനഷ്ടത്തെയാവണം ആ ഉത്തമസുഹൃത്തിന്റെ പ്രവർത്തി കൊണ്ട് അർത്ഥമാക്കിയത് എന്ന് വരുന്നു .. എന്നെ വിശ്വാസത്തിലെടുക്കാൻ ഒട്ടും തയ്യാറല്ലാതിരുന്നത് കൊണ്ടായിരിക്കുമല്ലോ ആ സുഹൃത്ത് എന്റെ അഭിപ്രായമൊന്നും ആരായാൻ നിൽക്കാതെയും , എന്നോട് ഒരു വാക്ക് പോലും ഉരിയാടാതെയും ,എന്നെ ഒറ്റയ്ക്കാക്കിക്കൊണ്ട് ആ അതിസാഹസപ്രവർത്തിക്ക് മുതിർന്നത് . ഞങ്ങളിരുവരും ഒരേ വിശ്വാസരാഹിത്യം പങ്കിടുന്നവരായതിനാൽ തന്നെയാവണം – അപരിചിതനായിട്ട് പോലും ആ സുഹൃത്തിനെ ഉത്തമ സുഹൃത്തുക്കളിൽ ഒരാളായി കാണാൻ എനിക്ക് കഴിഞ്ഞതും

ayamanam john, short story, malayalm kadha, novel

എന്നാൽ തൊട്ടടുത്ത നിമിഷം അതെ സാഹസത്തിന് തന്നെ ഞാനും തയ്യാറായതോ ? ഓടിത്തുടങ്ങിയ ഒരു തീവണ്ടിയിൽ നിന്ന് തൊട്ട് താഴെയുള്ള പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങാൻ പോലും ധൈര്യപ്പെടാത്ത ഞാൻ വരും വരായ്കകളെപ്പറ്റി ഏറെയൊന്നും വ്യാകുലപ്പെടാതെ എന്ത് ധൈര്യത്തിലാണ് ആ അത്യുന്നതങ്ങളിൽ നിന്ന് താഴേയ്ക്ക് എടുത്ത് ചാടിയത്?

മനുഷ്യവ്യക്തിയിലുള്ള എന്റെ വിശ്വാസത്തിനു ബലക്ഷയം സംഭവിച്ചിട്ടുണ്ടെങ്കിൽ തന്നെയും മനുഷ്യരാശിയിൽ ഇന്നും ശുഭാപ്തിവിശ്വാസം സൂക്ഷിക്കുന്ന ഒരുവനാണ് ഞാൻ എന്നായിരുന്നുവോ ആ ചാട്ടത്തിന്റെ അർത്ഥം ? താഴെയെത്തുമ്പോൾ ആ ആൾക്കൂട്ടം എന്റെ രക്ഷയ്ക്കെത്താതിരിക്കില്ല എന്ന ഉത്തമ വിശ്വാസം ഉണ്ടായിരുന്നത് കൊണ്ട് മാത്രമല്ലേ ഇന്നോളമുള്ള ജീവിതകാലത്ത് പറയത്തക്ക ഒരു സാഹസത്തിനും മുതിർന്നിട്ടില്ലാത്ത ഞാൻ ആ അതിസാഹസത്തിന് കൂസലില്ലാതെ ഒരുമ്പെട്ടത് ?

പക്ഷെ ആ ആൾക്കൂട്ടമല്ല,ചാടിക്കഴിഞ്ഞപ്പോൾ എന്റെയുള്ളിൽ ഉയർന്ന ആശങ്കകളാണ് യഥാർത്ഥത്തിൽ എന്നെ ഉണർത്തിയതും രക്ഷപെടുത്തിയതും എന്നതാണല്ലോ വസ്തുത. താഴേക്ക് വീണു ചെല്ലുന്ന ഞാൻ ഒരു മനുഷ്യബോംബോ  മറ്റോ ആണോ എന്ന് ഭയന്ന് ഞാൻ ചെന്ന് വീഴുമായിരുന്നിടത്ത് കൂട്ടം കൂടി ഇരുന്നിരുന്ന മനുഷ്യർ ഓടി മാറിയെങ്കിൽ എന്താണ് സംഭവിക്കുക എന്നോ മറ്റോ ആയിരുന്നു എന്റെ അപ്പോഴത്തെ ആശങ്കയുടെ സ്വഭാവം .

അങ്ങനെയെങ്കിൽ മനുഷ്യവ്യക്തിയിലെന്ന പോലെ തന്നെ മനുഷ്യരാശിയുടെ നന്മയിലും എനിക്കിന്നുള്ള വിശ്വാസരാഹിത്യമാണ് എന്റെ സ്വരക്ഷയ്ക്കെത്തിയത് എന്നും വരുന്നു.

aymanam john, malayalamshrt story writer, malayalam kadha, vishnu ram,

എന്നാൽ ആരുടേയും സഹായം കൂടാതെ തന്നെ സ്വപ്നത്തിനും ജാഗ്രത്തിനും ഇടയിലൂടെ അങ്ങനെ സ്വയം രക്ഷപെടുത്തിക്കൊണ്ട് പോകുവാൻ അത്ര ധൈര്യശാലിയൊന്നും അല്ലാത്ത എന്നെപ്പോലൊരാൾക്ക് പോലും കഴിയുന്നുവെങ്കിൽ മനുഷ്യനിലുള്ള വിശ്വാസം നഷ്ടപ്പെട്ടു പോയെന്നുള്ള എന്റെ തോന്നൽ തന്നെ അസ്ഥാനത്തല്ലേ എന്നൊരു ചോദ്യവും ഉയരുന്നു.

മാത്രമല്ല എന്തെല്ലാം വിശ്വാസരാഹിത്യങ്ങൾ സംഭവിച്ചാലും ഭൂമിയിൽ നിന്നും മനുഷ്യരാശിയിൽ നിന്നും അകന്ന ഒരസ്തിത്വത്തെ മരണതുല്യമായാണ് ഞാൻ കണ്ടതെന്നുള്ളതാണ് കൂടുതൽ ശരിയെന്നും തോന്നുന്നു . അത് കൊണ്ടാണല്ലോ ആർക്കും എന്നെ രക്ഷിക്കാനായില്ലെങ്കിൽ തന്നെയും വരുന്നത് വരട്ടെ എന്ന ധൈര്യത്തോടെ ഞാൻ ആ ചാട്ടം ചാടിയത് . കരയിലേക്കെറിയപ്പെട്ട ഒരു മത്സ്യം വെളളം കണ്ടാൽ ഉടനടി എടുത്ത് ചാടുമ്പോലെയുളള ഒരു സ്വാഭാവിക പ്രവർത്തി മാത്രമായിരുന്നില്ലേ – എന്റെ ആ ചാട്ടം ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook