നമ്പർ 116: ഗോവിന്ദരാജപുരം-അയ്മനം ജോൺ എഴുതിയ കഥ

നഗരത്തിലെ കേൾവി കേട്ട കാഴ്ചകളൊക്കെ നാളെയൊരിക്കൽ വന്നാലും കാണാനാകുമെങ്കിലും നഗരപ്രാന്തങ്ങളിലെ പ്രകൃതിയുടെയും മനുഷ്യസംസ്കാരത്തിന്റെയും അത്തരം അവശേഷിപ്പുകൾ പലതും അന്നേയ്ക്ക് കാണാൻ ബാക്കി വന്നെന്ന് വരില്ല

aymanam john, story, iemalayalam

സൈന്യത്തിനു വേണ്ടി വാർത്താവിതരണ യന്ത്രോപകരണങ്ങൾ നിർമ്മിച്ചു നൽകുന്ന മഹാനഗരത്തിലെ ആ വ്യവസായസ്ഥാപനത്തിന്റെ ഫിനാൻസ് വകുപ്പിൽ ജൂനിയർ അക്കൗണ്ടന്റുമാരായി ഞാനും അനന്തരാമനും ജോലിക്ക് ചേർന്നത് ഒരേ ദിവസം തന്നെയായിരുന്നു.  പരിചയപ്പെട്ട പാടെ അന്യോന്യം അടുപ്പം സ്ഥാപിച്ച ഞങ്ങൾ അന്ന് വൈകുന്നേരം നഗരത്തിലേക്ക് പോയി ദിവസവാടകയ്ക്ക് ഒരു മുറിയെടുത്ത് ഒരുമിച്ചു തന്നെയാണ് നഗരവാസം തുടങ്ങിയതും. താമസിയാതെ തന്നെ കമ്പനിയുടെ ടൗൺഷിപ്പായ സഞ്ചാർ നഗറിലെ ഹോസ്റ്റലിൽ ഞങ്ങൾക്ക് ഒരേ മുറി തന്നെ അനുവദിച്ചു കിട്ടുകയും ചെയ്തു. എന്നെ സംബന്ധിച്ച് അനന്തരാമനെപ്പോലെയൊരാളെ അവിടെയങ്ങനെ കൂട്ടിനു കിട്ടിയത് വലിയൊരു അനുഗ്രഹം തന്നെയായിരുന്നു .കാരണം. നഗരവാസികളിൽ ഏറെപ്പേർക്കും അവിടുത്തെ ഭാഷയ്ക്ക് പുറമെ തമിഴും കൂടി വശമായിരുന്നതിനാൽ അനന്തരാമൻ ആ നഗരജീവിതകാലമത്രയും എനിക്ക് ദ്വിഭാഷി കൂടിയായിരുന്നു.

ടൗൺഷിപ്പിലേക്ക് ഞങ്ങൾ താമസം മാറ്റിയ ദിവസം ഓഫീസിൽ നിന്നിറങ്ങിയ നേരത്ത് സീനിയർ സഹപ്രവർത്തകരിലൊരാളായിരുന്ന ശ്രീനിവാസ റാവു നഗരത്തിലേക്ക് പോകെ സ്ഥലങ്ങളൊക്കെയൊന്ന് പരിചയപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ഞങ്ങളെയും ഒപ്പം കൂട്ടിക്കൊണ്ടു പോയി. പകൽ ഷിഫ്റ്റ് കഴിഞ്ഞാലുടൻ ജീവനക്കാരിലെ നഗരവാസികളുമായി പുറപ്പെടുന്ന കമ്പനി ബസ്സുകളിൽ  കുടുംബസമേതം ടൗൺഷിപ്പിൽ താമസിക്കുന്ന തന്നെപ്പോലെ ചിലരും നഗരത്തിലേക്ക് പോയി വൈകുന്നേരം അവിടെ ചെലവഴിച്ചിട്ട് മടങ്ങുന്നത് പതിവാണെന്ന് പറഞ്ഞായിരുന്നു റാവു സാബിന്റെ ക്ഷണം.  ഏതാണ്ട് നഗരത്തിലുള്ളത്ര ജീവിത സൗകര്യങ്ങളെല്ലാം തന്നെ ടൗൺഷിപ്പിലുമുണ്ടെങ്കിലും അതിനകത്തെ അടഞ്ഞ ജീവിതത്തിന്റെ ഏകതാനത കുറേക്കഴിയുമ്പോൾ ആരെയായാലും മടുപ്പിക്കാതിരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.  അത് കൊണ്ടാണ് പുതുപാർപ്പുകാരായെത്തിയ ഞങ്ങൾക്കും തുടക്കത്തിൽ തന്നെ ഒരു നഗരപരിചയം നൽകിക്കളയാമെന്ന് താൻ വിചാരിച്ചതെന്നും പോകുന്ന വഴിക്ക് അദ്ദേഹം പറയുകയും ചെയ്തു. മുഖ്യ നഗരകേന്ദ്രങ്ങൾ ചുറ്റിപ്പോകുന്ന ഒരു ബസ്സ് തന്നെയായിരുന്നു അതിനായദ്ദേഹം തെരഞ്ഞെടുത്തതും.

aymanam john, story, iemalayalam

സഞ്ചാർ നഗറിൽ നിന്ന് നഗരഹൃദയം വരെയുള്ള ആ പതിനെട്ട് കിലോമീറ്റർ യാത്രയ്ക്കിടയിൽ മഹാനഗരത്തെപ്പറ്റി അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതായ സംഗതികളെല്ലാം തന്നെ ശ്രീനിവാസറാവു ഞങ്ങൾക്ക് പറഞ്ഞു തരികയുണ്ടായി. വഴിയോരങ്ങളിലെ അറിയപ്പെടുന്ന കാഴ്ചകളെല്ലാം കാട്ടിത്തന്നതിന് പുറമെ പ്രധാന മാർക്കറ്റുകളിലേക്കും ഷോപ്പിംഗ് ഏരിയകളിലേക്കും ഉദ്യാനങ്ങളിലേക്കുമൊക്കെ തിരിയുന്ന വഴികളോരോന്നും പേരെടുത്തു പറഞ്ഞ് ജനാലയിലൂടെ ചൂണ്ടിക്കാട്ടി. അകലെ തലയുയർത്തി നിന്ന ബഹുനിലക്കെട്ടിടങ്ങൾ ഓരോന്നും നിലകളുടെ എണ്ണം പറഞ്ഞ് പരിചയപ്പെടുത്തി. ഒടുവിൽ ബസ്സ് ചെന്ന് നിന്ന സെൻട്രൽ ബസ് സ്റ്റാൻഡ് പരിസരങ്ങളിലൂടെ ചുറ്റി നടക്കുന്ന വഴിക്ക് വിവിധ മെട്രോ റൂട്ടുകളിലേക്കുള്ള ബസ്സുകളുടെ നമ്പറുകളും നഗരത്തിലെ വിശേഷപ്പെട്ട സ്ഥലങ്ങളുടെ വിവരങ്ങളുമൊക്കെയടങ്ങിയ ഒരു ട്രാവൽ ഗൈഡും ഫുട്ട്പാത്ത് കച്ചവടക്കാരിൽ നിന്ന് ഞങ്ങളെക്കൊണ്ട് വാങ്ങിപ്പിച്ചു. പ്രൊബേഷൻ കാലമായ ഒരു വർഷത്തിനു ശേഷം കമ്പനിയുടെ അന്യസംസ്ഥാനങ്ങളിലെ മേഖലാ ഓഫീസുകളിലേക്ക് പോകേണ്ടിയിരുന്നവരായ ഞങ്ങൾ അതിനകം തന്നെ മഹാനഗരത്തിലെയും ചുറ്റുവട്ടങ്ങളിലെയും കേൾവി കേട്ട കാഴ്ചകളെല്ലാം കണ്ടു തീർക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. ‘ഒറ്റത്തടിയായിരിക്കുന്ന കാലത്തെ അതൊക്കെ പറ്റിയെന്നു വരൂ,’ എന്നൊരനുബന്ധത്തോടെ.

അവിടുത്തെ ചുറ്റിനടപ്പ് കഴിഞ്ഞപ്പോഴേക്ക് തന്നെ നേരമിരുട്ടുകയും കമ്പനി ബസ്സുകളെല്ലാം രാത്രിഷിഫ്റ്റിനുള്ള ജോലിക്കാരെയും കയറ്റി മടങ്ങിപ്പോകുകയും ചെയ്തിരുന്നു. അത് കൊണ്ട് മെട്രോ സ്റ്റാൻഡിലേക്ക് കടന്നു ചെന്നിട്ട് സഞ്ചാർ നഗർ കടന്നു പോകുന്ന, ഗോവിന്ദരാജപുരത്തേക്കുള്ള നൂറ്റിപ്പതിനാറാം നമ്പർ ബസ്സ് പിടിച്ചാണ് ഞങ്ങളന്ന് മടങ്ങിയത്.  അതിൽ കയറി ഇരിപ്പുറപ്പിച്ച പാടെ റാവുസാബ് ഗോവിന്ദരാജപുരത്തെപ്പറ്റിയുള്ള സാമാന്യ വിജ്ഞാനവും ഞങ്ങൾക്ക് പകർന്നു തരാൻ തുടങ്ങി. ടൗൺഷിപ്പ് കഴിഞ്ഞ് നാലഞ്ച് സ്റ്റോപ്പുകൾ കൂടി മുന്നോട്ട് പോയി എത്തുന്ന ഗ്രാമമാണത്, ആ ഗ്രാമത്തിന്റെ പാതിയോളം ഭാഗം ഏറ്റെടുത്താണ് സഞ്ചാർ നഗർ ടൗൺഷിപ്പ് പണിയപ്പെട്ടത്, ബസ്സ് ഗോവിന്ദരാജപുരത്തെത്തിയാൽ പിന്നെ അവിടുള്ളത് മൺറോഡുകൾ കടന്നെത്തുന്ന കുഗ്രാമങ്ങളാണ്. അവിടങ്ങളിലെ കൃഷിയിടങ്ങളിൽ നിന്ന് അന്നന്ന് പറിച്ച പച്ചക്കറികളാണ് കർഷകർ ടൗൺഷിപ്പിനു മുന്നിലെ വഴിയോരത്തുള്ള അന്തിച്ചന്തയിലേക്ക് കൊണ്ടു വരാറുള്ളത്, അവരൊക്കെ വീടുകളിലേക്ക് മടങ്ങാൻ തിടുക്കപ്പെടുന്ന സന്ധ്യാനേരം നോക്കിച്ചെന്നാൽ അതൊക്കെ വില പേശി നല്ല ലാഭത്തിന് വാങ്ങാൻ കഴിയും എന്നിങ്ങനെയുള്ള വിവരങ്ങളെല്ലാം അദ്ദേഹം ഒറ്റയടിക്ക് ഞങ്ങൾക്ക് പറഞ്ഞു തരികയായിരുന്നു.

aymanam john, story, iemalayalam

എട്ടുമണിയോടടുത്ത് ടൗൺഷിപ്പിന് മുന്നിൽ ഞങ്ങൾ ബസ്സിറങ്ങുമ്പോൾ അതിൽ കയറാനായി മുന്നോട്ടടുത്ത  കർഷകരോ അതോ യാചകരോ എന്ന് പെട്ടെന്ന് തീർച്ചപ്പെടുത്താൻ കഴിയാഞ്ഞ ഒരു കൂട്ടം ആളുകൾ ഞങ്ങൾക്ക് നേരെ ഒന്നും മിണ്ടാതെ മത്സരിച്ച് കൈ നീട്ടുന്നുണ്ടായിരുന്നു. എന്തായിരുന്നു അവർക്കാവശ്യമെന്നറിയാതെ കുഴങ്ങി നിൽക്കെ റാവുസാബ് തിടുക്കപ്പെട്ട് ഞങ്ങളെ കൈ പിടിച്ചകറ്റി, നീട്ടിയ കൈകൾ പെട്ടെന്ന് പിൻവലിച്ചിട്ട് അനങ്ങിത്തുടങ്ങിയിരുന്ന ബസ്സിലേക്ക് അവരൊക്കെക്കയറുകയും ചെയ്തു. കോളനി ഗേറ്റിലേക്ക് നടക്കുന്ന വഴിക്കായിരുന്നു റാവുസാബ് ഞങ്ങളോട് സാവകാശം കാര്യം വിശദീകരിച്ചത്.  അന്തിച്ചന്തയിലെ പച്ചക്കറി വിൽപ്പന കഴിഞ്ഞ് ഗോവിന്ദരാജപുരത്തേക്ക് മടങ്ങുന്ന കർഷകർ തന്നെയായിരുന്നു അവർ.  മറ്റൊന്നുമായിരുന്നില്ല, ഞങ്ങളുടെ കൈവശമുണ്ടായിരുന്ന ബസ്സ് ടിക്കറ്റുകളായിരുന്നു അവർക്കാവശ്യം. മെട്രോബസ്സ്സ്റ്റേഷനിൽ നിന്ന് സഞ്ചാർ നഗറിലേക്കും ഗോവിന്ദരാജപുരത്തേക്കും ഒരേ നിരക്കായിരുന്നതിനാൽ ഞങ്ങളെടുത്ത ടിക്കറ്റ് കൊണ്ട് ആ ശേഷിച്ച ദൂരം അവർക്ക് സൗജന്യമായി യാത്ര ചെയ്യാൻ കഴിയുമായിരുന്നത് തന്നെ കാര്യം. അതവരുടെ പതിവ് പരിപാടിയാണെന്നും സർക്കാരിനെ വെട്ടിക്കുന്ന ആ ഏർപ്പാടിന് നമ്മളായിട്ട് ഒരിക്കലും വളം വച്ച് കൊടുക്കരുതെന്നും കണക്കെഴുത്തുകാർക്ക് സഹജമായ ആ നിയമപാലന വ്യഗ്രതയോടെ അദ്ദേഹം ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
.
“ടിക്കറ്റ് കൈമാറ്റം ചെയ്യുന്നത് കുറ്റകരമാണെന്നൊന്നും ആ വിവരം കെട്ടതുങ്ങൾക്കറിയില്ലല്ലോ,” റാവു സാബ് ഒരു ഫലിതം പറയും പോലെ പറഞ്ഞു.

“പക്ഷെ കണ്ടക്ടറുടെ കണ്മുന്നിലല്ലേ. അയാളത് വക വച്ചു കൊടുക്കുമോ, “ഞാൻ ചോദിച്ചു.

“കൊള്ളാം. അവമ്മാരതിലും വല്യ കള്ളന്മാരാ. അതുങ്ങടേന്ന് കാശ് മേടിച്ച് കീശേലിടുകേം ചെയ്യും ടിക്കറ്റൊട്ടു കൊടുക്കുകേമില്ല,” റാവുസാബ് പിന്നെയും ഉറക്കെച്ചിരിച്ചു.

അപ്പോഴേക്ക് ഞങ്ങൾ ടൗൺഷിപ്പ് വളപ്പിലേക്ക് കയറിക്കഴിഞ്ഞിരുന്നു. നിയോൺ വെളിച്ചത്തിൽ വഴിയോര മരത്തലപ്പുകളുടെ നിഴലുകൾ പകൽ നേരത്തെ മരത്തണലുകൾ പോലെ തന്നെ കാണപ്പെട്ടു. ടൗൺഷിപ്പ് കവാടം കടക്കുന്ന പാടെ മതിലരികിലായി കണ്ടിരുന്ന നന്ദീക്ഷേത്രത്തിൽ മാത്രമേ കാര്യമായ ആളനക്കങ്ങൾ ഉണ്ടായിരുന്നുള്ളൂ അവിടം കടന്ന് വിജനവും നിശ്ശബ്ദവുമായിരുന്ന വഴിയിലൂടെ നടക്കുമ്പോൾ റാവു സാബ് തന്റെ നഗരസന്ദർശനത്തിന്റെ പതിവിനെ പിന്നെയുമൊന്ന് ന്യായീകരിച്ചു.

“നോക്കിക്കേ ആളോ അനക്കമോ വല്ലോമൊണ്ടോ. സന്ധ്യക്ക് നേരെ വീട്ടിപ്പോയിരുന്നാ വട്ട് പിടിക്കാൻ പോകുന്ന പോലെ തോന്നും. എന്നാൽ സിറ്റീയിൽ പോയി ഒന്ന് കറങ്ങീട്ട് വന്നാ സുഖമാ. രാത്രീ നല്ല ഒറക്കോം കിട്ടും.”

aymanam john, story, iemalayalam

അതങ്ങനെയെങ്കിലും നഗരത്തെയപേക്ഷിച്ച് എല്ലാം കൊണ്ടും ജീവിക്കാൻ കൊള്ളാവുന്നത് ടൗൺഷിപ്പ് തന്നെയാണെന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് ശേഷിച്ച ദൂരത്തെ നടപ്പിനിടയിൽ അദ്ദേഹം സമർത്ഥിക്കുകയുമുണ്ടായി.

“നല്ല കാറ്റും വെളിച്ചോമൊക്കെ കിട്ടുന്ന ക്വാർട്ടേഴ്‌സുകൾ.  ഇരുപത്തിനാല് മണിക്കൂറും ഇഷ്ടം പോലെ വെള്ളം. ഒരു മാതിരിപ്പെട്ട സാധനങ്ങളെല്ലാം സർക്കിളിലെ സ്റ്റോറിൽ സബ്സിഡി വിലയ്ക്ക് കിട്ടുകയും ചെയ്യും. അന്തിച്ചന്തയിൽ ഒന്നാംതരം പച്ചക്കറികളും നല്ല ഫ്രെഷായിട്ട് തന്നെ കിട്ടും. പിള്ളേർക്ക് പഠിക്കാനാണെങ്കിൽ കോളനിക്കകത്ത് തന്നെ സ്‌കൂളും ക്രെഷുമൊക്കെ. പിന്നെ സിറ്റീയിലെവിടെപ്പോണേലും നേരം നോക്കി പോയാൽ കമ്പനി വക സൗജന്യ ബസ്സ് സൗകര്യോമുണ്ട്. നേരമ്പോക്കിനാണെങ്കിൽ ഫുട്ബോൾ ഗ്രൗണ്ടും ക്രിക്കറ്റ് ഗ്രൗണ്ടും റിക്രിയേഷൻ ക്ലബ്ബും ലൈബ്രറിയുമൊക്കെ. അതും പോരെങ്കിൽ കമ്പനി വക തീയേറ്ററും. ഒരിടത്തും ഒരു തിക്കോ തിരക്കോ ഒന്നുമില്ല താനും…”എന്ന് വരെ പറഞ്ഞിട്ട് ക്രിക്കറ്റ് ഗ്രൗണ്ടിനപ്പുറത്തെ തീയേറ്ററിലേക്ക് കൈ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹം അവസാനിപ്പിച്ചത്.

നടക്കുന്ന വഴിക്ക് തന്നെ ഞങ്ങൾ കണ്ടു കഴിഞ്ഞിരുന്നത് കൊണ്ടാകണം – ടൗൺഷിപ്പിനുള്ളിലെ പാർക്കിന്റെയും നന്ദീ ക്ഷേത്രത്തിന്റെയും കാര്യം അദ്ദേഹം അക്കൂടെ പറയാതെ വിട്ടതെന്ന് തോന്നി .

ഏതായാലും ഹോസ്റ്റൽ മുറിയിലെ ആദ്യത്തെ രാത്രിയിൽ തന്നെ ഒരു പക്ഷെ റാവു സാബ് വർണ്ണിച്ചതിനപ്പുറം  ഞങ്ങൾ ടൗൺഷിപ്പ് ജീവിതത്തിന്റെ സ്വസ്ഥതയറിഞ്ഞു. തലേന്ന് വരെ ഉറങ്ങിക്കിടക്കെ വിളിച്ചുണർത്തിയിരുന്ന വാഹന ബഹളങ്ങളിൽ നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ വരണ്ടു പോകുമായിരുന്ന വാട്ടർ ടാപ്പുകളിൽ നിന്നുമൊക്കെയുള്ള മോചനം തന്നെ ഞങ്ങളെ സംബന്ധിച്ച് അത്യന്തം ആശ്വാസകരമായിരുന്നു. നാട്ടിൻപുറത്ത് നിന്ന് നേരെ മഹാനഗരത്തിലേക്ക് എടുത്തെറിയപ്പെട്ടവനെന്ന നിലയ്ക്ക് നഗരത്തിന് നടുവിലെ ആ ജീവിതവുമായി പൊരുത്തപ്പെടാൻ എനിക്കനുഭവപ്പെട്ട അത്തരം പ്രയാസങ്ങളെപ്പറ്റി ലോഡ്‌ജുവാസത്തിനിടയിലെപ്പോഴോ ഞാൻ സൂചിപ്പിച്ചപ്പോൾ തഞ്ചാവൂരിലെ അഗ്രഹാരജീവിതവും ഏതാണ്ടൊരു ഗ്രാമീണ ജീവിതം തന്നെയാണെന്നും അത് കൊണ്ട് തന്റെ കാര്യവും അത്രയൊന്നും വ്യത്യസ്തമല്ലെന്നും പറഞ്ഞ് അനന്തരാമനും എന്നോട് ഐക്യപ്പെടുകയായിരുന്നു.

ഉറങ്ങാൻ കിടക്കും മുൻപ് ഒന്നിച്ചിരുന്ന് ട്രാവൽ ഗൈഡ് മറിച്ചു നോക്കി അവധിദിവസങ്ങളിൽ പോയിക്കാണേണ്ട സ്ഥലങ്ങളെപ്പറ്റി കൂടിയാലോചന നടത്തിയപ്പോഴും നഗരക്കാഴ്ചകൾ വിട്ട് അകലെയുള്ള പുരാതന ക്ഷേത്രങ്ങളും മലയോരവിശ്രമ കേന്ദ്രങ്ങളും, വെള്ളച്ചാട്ടങ്ങളുമൊക്കെ ആദ്യമാദ്യം സന്ദർശിക്കാനായി ഞങ്ങളടയാളപ്പെടുത്തിയതും ചുരുക്കം ദിവസങ്ങൾ കൊണ്ട് തന്നെ മഹാനഗരം ഞങ്ങളെ അത്ര മാത്രം മടുപ്പിച്ചിരുന്നത് കൊണ്ടായിരുന്നു. നഗരത്തിലെ കേൾവി കേട്ട കാഴ്ചകളൊക്കെ നാളെയൊരിക്കൽ വന്നാലും കാണാനാകുമെങ്കിലും നഗരപ്രാന്തങ്ങളിലെ പ്രകൃതിയുടെയും മനുഷ്യസംസ്കാരത്തിന്റെയും അത്തരം അവശേഷിപ്പുകൾ പലതും അന്നേയ്ക്ക് കാണാൻ ബാക്കി വന്നെന്ന് വരില്ല എന്ന അഭിപ്രായത്തിലും ഞങ്ങൾ ഐക്യപ്പെട്ടിരുന്നു.

പിറ്റേന്ന്പുലർച്ചയിൽ വൈകിയുണർന്ന ഞങ്ങൾ മുറിക്ക് പിന്നിലെ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നത്  ഏതാണ്ട് ആഗ്രഹിച്ചിരുന്നത് പോലെ തന്നെയുള്ള  അതിവിസ്തൃതമായ ഒരു ഭൂപ്രദേശത്തിന്റെ കാഴ്ചയിലേക്കായിരുന്നു. ടൗൺഷിപ്പിന്റെ മതിൽക്കെട്ടിന് തൊട്ടപ്പുറത്ത് ഒരു സ്വച്ഛജലാശയം. അതിനപ്പുറത്തായി ആ ജലാശയത്തെ സൃഷ്ടിച്ച ചെറിയ അണക്കെട്ട്. അണക്കെട്ടിന് താഴെയായി ഫൗണ്ടനുകൾ ഭംഗിയേറ്റിയ ഒരുദ്യാനം. അതൊക്കെയും ചേർന്നുള്ളതാണ്, കമ്പനി വക ജലവിതരണ സംവിധാനമെന്ന് ഉദ്യാന മധ്യത്തിൽ ഉയർന്നു നിന്ന കൂറ്റൻ വാട്ടർ ടാങ്കുകൾക്ക് മേലെ വലിയ അക്ഷരങ്ങളിൽ എഴുതപ്പെട്ടിരുന്നു .

aymanam john, story, iemalayalam

അതിനപ്പുറം മുതൽ കണ്ണെത്തുന്നിടത്തോളം വരേയ്ക്കും ഗോവിന്ദരാജപുരത്തെ പരന്നു കിടന്ന സമനിരപ്പായ കൃഷിയിടങ്ങളും കന്നുകാലികൾ മേഞ്ഞു നടന്ന പുൽമേടുകളും വയലുകൾക്കിടയിലെ തുറസ്സുകളിൽ ഒന്നിച്ചൊരു പറ്റം പോലെ കണ്ട ചെറിയ ചെറിയ പാർപ്പിടങ്ങളുമൊക്കെയായിരുന്നു. വേലി കെട്ടിത്തിരിച്ച മുന്തിരിത്തോപ്പുകൾക്കും വിളഞ്ഞു കിടന്ന ചോളവയലുകൾക്കും കടുകുപാടങ്ങളുമൊക്കെയിടയിൽ കൊച്ചു കൊച്ചു കായ്കനിത്തോട്ടങ്ങളും തനതായ ഇടങ്ങൾ കണ്ടെത്തിയിരുന്ന ആ കൃഷിഭൂമികൾക്ക് നടുവിലൂടെ അണ കെട്ടി നിർത്തിയപ്പോൾ വരണ്ടു പോയ പുഴ ചെറിയൊരു നീർച്ചാൽ മാത്രം അവശേഷിപ്പിച്ച് അകലേക്ക് പോയി മറയുന്നത് കാണാമായിരുന്നു. അതിനരിക് ചേർന്ന് അകലേക്ക് പോകും തോറും അടുപ്പം കൂടിക്കൊണ്ടിരുന്ന രണ്ടു തീവണ്ടിപ്പാളങ്ങൾ എതിർ ദിശയിലേക്കും തിരിഞ്ഞോടി. ആ വിശാല ഭൂനിരപ്പിൽ ആകെപ്പാടെ ഉയർന്നു കണ്ടിരുന്ന കാഴ്ചയെന്ന് പറയാൻ ചെറിയൊരു കുന്നും ആ കുന്നിൻമുകളിലെ വലിയ കമാനമുള്ള കൊച്ചൊരു ക്ഷേത്രവും മാത്രമായിരുന്നു. കമാനത്തിന്മേൽ പതിക്കപ്പെട്ടിരുന്ന കമ്പനിയുടെ വാണിജ്യമുദ്രയിൽ നിന്ന് ക്ഷേത്രം കമ്പനി നിർമ്മിച്ച് നല്കിയതാണെന്ന് അനുമാനിക്കാൻ കഴിയുമായിരുന്നു. അടുത്തെങ്ങും മറ്റൊന്നില്ലാതിരുന്നത് കൊണ്ടു കൂടിയാകാം പുല്ല് മൂടിക്കിടന്ന ആ ചെറിയ കുന്നിന് സമുദ്രനിരപ്പിൽ അകലെയായി കാണുന്ന ഒരു ദ്വീപിന്റെ അഴകുണ്ടായിരുന്നു. കുന്നിലേക്ക് തന്നെ കുറെ നേരം നോക്കി നോക്കി നിന്ന് പോയ ഞങ്ങളിരുവരും മുറിയിലേക്ക് തിരികെക്കയറിയത് അവധിദിവസങ്ങളിലെ ഞങ്ങളുടെ യാത്രാപരിപാടികളുടെ തുടക്കം കുന്നിന്മുകളിലെ ആ ഏകാന്ത ക്ഷേത്രം സന്ദർശിച്ചു കൊണ്ടു തന്നെയാകട്ടെ എന്ന തീരുമാനമെടുത്തു കൊണ്ടായിരുന്നു. അത് ടൗൺഷിപ്പിലെ ഞങ്ങളുടെ ആദ്യഞായറാഴ്ച്ച തന്നെയെന്നും അക്കൂടെത്തന്നെ നിശ്ചയിച്ചിരുന്നു.

അതിനിടയിലെ പ്രവർത്തിദിവസങ്ങളിലെല്ലാം ടൗൺഷിപ്പിൽ പാർപ്പുറപ്പിക്കുന്നതിന്റെ ഓരോരോ ആവശ്യങ്ങൾക്കായി വൈകുന്നേരങ്ങളിൽ ഞങ്ങൾക്ക് നഗരത്തിലേക്ക് പോകേണ്ടിവന്നിരുന്നു. അപ്പോഴെല്ലാം മടങ്ങാൻ വൈകിപ്പോയിരുന്നതിനാൽ ഞങ്ങളുടെ തിരിച്ചുള്ള യാത്ര എല്ലായ്പ്പോഴും ഗോവിന്ദരാജപുരത്തേക്കുള്ള മെട്രോ ബസ്സിൽ തന്നെയുമായി. ആ ദിവസങ്ങളിലും ബസ്സിറങ്ങിയപ്പോൾ, അതിൽ കയറാൻ കാത്ത് നിന്നിരുന്ന കർഷകർ ഞങ്ങളോട് ടിക്കറ്റിനായി യാചിച്ചിരുന്നു. പക്ഷെ റാവു സാബ് നിഷ്കർഷിച്ചിരുന്നത് പോലെ തന്നെ നിയമനിഷേധത്തിന് കൂട്ട് നിൽക്കാതെ ഞങ്ങൾ ബസ്സിറങ്ങി വേഗം നടന്നു മാറുകയായിരുന്നു. അടുത്തൊരു ദിവസം തന്നെ അവർക്കിടയിലേക്ക് കടന്നു ചെല്ലേണ്ടതാണല്ലോ എന്നോർത്ത് ഒഴിഞ്ഞു മാറുമ്പോൾ അവരുടെ നോട്ടങ്ങളിൽ നിന്ന് മുഖം മാറ്റുവാൻ ഞങ്ങൾ ശ്രദ്ധ വയ്ക്കുകയും ചെയ്തു.

aymanam john, story, iemalayalam

എന്നിട്ട് ഞായറാഴ്ച ഉച്ച തിരിഞ്ഞ നേരത്ത് അതെ ബസ് സ്റ്റോപ്പിൽ നിന്ന് തന്നെ നൂറ്റിപ്പതിനാറാം നമ്പർ ബസ്സിൽ കയറി ഞങ്ങൾ ഗോവിന്ദരാജപുരത്തേക്ക് പോയി. റാവു സാബ് സൂചിപ്പിച്ചിരുന്നത് പോലെ നാലഞ്ച് ബസ്സ് സ്റ്റോപ്പുകൾ കടന്നു ചെന്നിട്ട് വലിയൊരു വടവൃക്ഷത്തിന്റെ ചുവട്ടിലെത്തി ആ ബസ്സ് റൂട്ട് അവസാനിക്കുകയായിരുന്നു. ഞങ്ങളുടെ ലക്ഷ്യസ്ഥാനമായിരുന്ന പച്ചക്കുന്ന് അവിടെ നിന്ന് തന്നെ അകലെയായി കാണുവാനും കഴിഞ്ഞു. അങ്ങോട്ടുള്ള വഴിയൊന്നു മാത്രമെ പൊതുവഴിയെന്ന് പറയുവാൻ തോന്നുന്ന ഒരു വഴിയായി അവിടെയുണ്ടായിരുന്നുള്ളൂ താനും. രണ്ടു കിലോമീറ്റർ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളതെന്ന് കാട്ടി വടവൃക്ഷച്ചുവട്ടിൽ സ്ഥാപിക്കപ്പെട്ടിരുന്ന ദിശാസൂചിയുടെ മേലും കമ്പനിയുടെ വാണിജ്യമുദ്ര പതിയ്ക്കപ്പെട്ടിരുന്നു. അത് കൊണ്ട് ബസ്സിൽ ഒപ്പം വന്നിറങ്ങിയ ഗ്രാമവാസികളിൽ ചിലർ ഞങ്ങളെ അപരിചിതരായിക്കണ്ട് സഹായാഭ്യർത്ഥനയുടെ നോട്ടമയച്ച് അൽപ്പമൊന്ന് കാത്തു നിന്നിരുന്നുവെങ്കിലും അവരിൽ നിന്ന് ഞങ്ങൾക്കൊന്നും ചോദിച്ചറിയാനുണ്ടായിരുന്നില്ല. ഇടതുവശത്തെ മുന്തിരിത്തോപ്പുകൾക്കും വലതുവശത്തെ ചോളവയലുകൾക്കുമിടയിൽ മൗനം പൂണ്ടു കിടന്ന മൺവഴി ചിരപരിചിതമാണെന്നത് പോലെ ഞങ്ങൾ അവർക്കൊപ്പം നേരെയങ്ങ് നടക്കുകയായിരുന്നു. അവരോരുത്തരും പോകുന്ന വഴിക്ക് ചോളവയലിലെ വരമ്പുകൾ ചിലതിലേക്കായി ചിതറിപ്പോയപ്പോൾ കുന്നിന്മുകളിലേക്ക് പോകുന്നവരായി ഞങ്ങൾ മാത്രമവശേഷിച്ചു.
.
അടുത്തെത്തിയപ്പോൾ കുന്നിന് കരുതിയിരുന്നതിലേറെ ഉയരം തോന്നി. പടിക്കെട്ടുകൾ കയറിക്കയറിപ്പോകും തോറും തുടരെ വീശിക്കൊണ്ടിരുന്ന ഉച്ചക്കാറ്റുകൾ കൂടുതൽ കൂടുതൽ കുളിർമ്മ നൽകി മുകളിലെത്തുവോളം ഉത്തേജിപ്പിച്ചു കൊണ്ടിരുന്നിട്ടും ഉയരെയെത്തിയപ്പോൾ ഞങ്ങളിരുവരും നന്നായി കിതച്ചിരുന്നു. പടിക്കെട്ടുകൾ അവസാനിക്കുന്നിടത്ത് കുന്നിൻചെരുവിൽ നിന്നിരുന്ന ഞാറമരത്തിന്റെ മുകളിൽ നിന്ന് ഒരു സംഘം കുരങ്ങന്മാർ താഴേക്കിറങ്ങി വന്ന് ഞങ്ങളെ സ്വാഗതം ചെയ്തു. കയ്യിലൊന്നുമില്ലാതെയാണ് ഞങ്ങൾ ചെന്നിരിക്കുന്നതെന്ന് കണ്ടപ്പോൾ നിരാശയോടെ മുകളിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.
.
ക്ഷേത്രപരിസരം പാടെ വിജനമായിരുന്നുവെങ്കിലും ക്ഷേത്രവാതിൽ തുറന്നിട്ടിരുന്നു. എന്നെ കുരങ്ങന്മാരുടെയും താഴ്വാരങ്ങളുടെയുമൊക്കെ കാഴ്ച കാണാൻ വിട്ടിട്ട് ക്ഷേത്ര വാതിൽക്കൽ ചെരുപ്പൂരിയിട്ട്  അകത്തേക്ക് പോയ അനന്തരാമൻ കുറച്ചേറെ നേരം കഴിഞ്ഞിട്ടായിരുന്നു മടങ്ങി വന്നത്. മധ്യാഹ്നപൂജ കഴിഞ്ഞ് വിശ്രമത്തിലായിരുന്ന സിദ്ധാരാമയ്യ എന്ന വൃദ്ധപൂജാരിയുമായി സൗഹൃദം സ്ഥാപിച്ചിട്ടുമായിരുന്നു, ആ വരവ്.
aymanam john, story, iemalayalam
അനന്തരാമനൊപ്പം  പുറത്തേക്ക് കടന്ന് കൂനിക്കൂടി നടന്നു വന്ന പൂജാരിയുടെ മുഖത്ത് നിന്ന് ഓർക്കാപ്പുറത്ത് രണ്ടു സന്ദർശകർ എത്തിയതിലുള്ള സന്തോഷമാണ് എനിക്ക് വായിക്കാനായത്. സായാഹ്ന വെയിലിൽ അദ്ദേഹത്തിന്റെ വെള്ളത്താടി തിളങ്ങുന്നുമുണ്ടായിരുന്നു.

കമ്പനി പുനരുദ്ധരിച്ച് നില നിർത്തുന്ന ക്ഷേത്രമാണെങ്കിലും പ്രതിഷ്ഠാപുനഃസ്ഥാപനത്തിന്റെ പൂജ കഴിഞ്ഞ് അതാദ്യമായിട്ടാണ് കമ്പനിജോലിക്കാരിൽ ദേശവാസികളല്ലാത്ത രണ്ടു പേർ അവിടേക്ക് കടന്നു ചെല്ലുന്നത് എന്ന് പറഞ്ഞു കൊണ്ട് ക്ഷേത്രമുറ്റത്തെ ആൽത്തറയെ ഇരിപ്പിടമായി ചൂണ്ടിക്കാട്ടി അദ്ദേഹം ഞങ്ങളെ അതിനടുത്തേക്ക് ആനയിച്ചു. വൃത്താകാരമായി പണിത്, വെടിപ്പോടെ സൂക്ഷിക്കപ്പെട്ട ആ ആൽത്തറ മേൽ കാലുകൾ താഴേക്ക് തൂക്കിയിട്ട് ഇരിക്കുമ്പോൾ കണ്ണടച്ച് തുറക്കെ തിരികെ നാട്ടിലെത്തിച്ചേർന്ന പ്രതീതിയാണ് എനിക്കുണ്ടായത്. അടുത്തിരുന്ന സിദ്ധാരാമയ്യയിൽ എന്നെ അക്ഷരം പഠിപ്പിച്ച എഴുത്താശാനെയും ഞാൻ കണ്ടു.

വൈകുന്നേരത്തെ സുഖകരമായ കാറ്റേറ്റ് ഞങ്ങൾക്കൊപ്പമിരുന്ന സിദ്ധാരാമയ്യ പക്ഷെ ഞാൻ എഴുതി പഠിക്കാത്തൊരു ഭാഷയിൽ ഞങ്ങളെ പഠിപ്പിച്ചതത്രയും ഗോവിന്ദരാജപുരത്തിന്റെ പൂർവ്വകാല ചരിത്രമാണ്.

അത് പറഞ്ഞു തരുമ്പോൾ അദ്ദേഹം ഒരിക്കൽപോലും റാവുസാബിനെപ്പോലെ വാചാലനായിരുന്നില്ല. ഓർത്തോർത്ത് വീശും പോലെ പടിഞ്ഞാറ് നിന്ന് വന്നിട്ട് കിഴക്കോട്ട് വീശിപ്പോയ്ക്കൊണ്ടിരുന്ന അവിടുത്തെ അന്തിക്കാറ്റുകളുടെ അതെ പതിഞ്ഞ താളത്തിലായിരുന്നു അദ്ദേഹം ഓരോന്നും പറഞ്ഞു പോയത്. സംസാരത്തിന്റെ ഇട നേരങ്ങളിൽ ഓർമ്മകളിലും വിചാരങ്ങളിലും മുഴുകി താടി തടവിക്കൊണ്ട് കുറച്ചൊന്നിരുന്നിട്ടായിരുന്നു അത് തുടർന്നിരുന്നതും.

‘നിങ്ങളിപ്പോൾ കാണുന്നിടമായിരുന്നില്ല ശരിക്കുള്ള ഗോവിന്ദരാജപുരം,’ എന്ന് പറഞ്ഞു കൊണ്ട് സിദ്ധരാമയ്യ തന്റെ ഓർമ്മകൾ കൊണ്ട് വരഞ്ഞ് കാട്ടിയ ഗോവിന്ദരാജപുരം ജലസമൃദ്ധിയോടെ ഒഴുകിയിരുന്ന ഒരു പുഴയുടെ ഇരുകരകളിലെ എന്തും സമൃദ്ധമായി വിളഞ്ഞിരുന്ന കൃഷിനിലങ്ങളുടെ സമുച്ചയമായിരുന്നു. കന്നുകാലികളെ ഏറ്റവും വലിയ സമ്പത്തായി കണക്കാക്കിയിരുന്ന വലിയൊരു കാർഷികസമൂഹം പുലർന്നു പോന്ന ഗ്രാമമായിരുന്നു അത്. സ്ഥലമേറ്റെടുത്തപ്പോൾ ടൗൺഷിപ്പ് വളപ്പിനുള്ളിൽപ്പെട്ടു പോയ ആ നന്ദീക്ഷേത്രം ഗ്രാമമധ്യത്തിലെ മുഖ്യക്ഷേത്രവുമായിരുന്നു .

aymanam john, story, iemalayalam

പുഴവെള്ളം അണ കെട്ടി കമ്പനി സ്വന്തമാക്കിയതോടെ പഴയ ഗോവിന്ദരാജപുരം മരിക്കുകയും പുതിയത് പിറക്കുകയുമാണ് ചെയ്തതെന്ന് പറഞ്ഞു കൊണ്ടാണ് പിന്നീടുണ്ടായതൊക്കെയും സിദ്ധാരാമയ്യ ഞങ്ങളെ പറഞ്ഞു കേൾപ്പിച്ചത്.  കൂടുതൽ ഭൂസ്വത്തും കാലിസമ്പത്തുമൊക്കെയുണ്ടായിരുന്ന കർഷകർ അവരുടെ സ്വത്ത് നഗരത്തിലെ വൻകിട ഭൂവിടപാടുകാർക്ക് വിറ്റിട്ട് കാലികളുമായി ഉൾഗ്രാമങ്ങളിലേക്ക് കുടിയേറിപ്പോയി. അന്നോളം ഗ്രാമത്തിലെ കാര്യസ്ഥന്മാരും അധികാരികളുമായിരുന്ന അവർക്ക് ഗ്രാമസഭ കമ്പനിയുമായി ഏർപ്പെട്ട ധാരണാപത്രം വഴിയായി അവരുടെ പഠിപ്പുണ്ടായിരുന്ന മക്കളെയെല്ലാം കമ്പനിയിൽ ജോലിക്കാരായി കയറ്റാനും കഴിഞ്ഞിരുന്നു. അങ്ങനെ കമ്പനിയുടെ പക്ഷം ചേർന്ന അവരുടെ ആ അനന്തര തലമുറയാകട്ടെ ഗ്രാമം വെടിഞ്ഞ് ടൗൺഷിപ്പിലേക്കും കുടിയേറി.

“അഷ്ടിക്കുള്ള വക മാത്രം ഉണ്ടാക്കി കഴിഞ്ഞു കൂടിയിരുന്ന കർഷകർക്കാകട്ടെ അതൊന്നും ചെയ്യാൻ കഴിഞ്ഞതുമില്ല,” ഒരു നെടുവീർപ്പിട്ട് സിദ്ധാരാമയ്യ തുടർന്നു. അങ്ങനെയാണ് പുഴ ഇല്ലാതായപ്പോൾ വിളശേഷിയും ഇല്ലാതായ നിലങ്ങളും വരണ്ടു പോയ കാലിമേച്ചിൽ സ്ഥലങ്ങളുമായി കഴിഞ്ഞു കൂടുന്ന ദരിദ്രകർഷകരുടെ ഗ്രാമമായി ഗോവിന്ദരാജപുരം മാറിപ്പോയത്. അണക്കെട്ട് വരും വരെ ജലക്ഷാമം അറിഞ്ഞിട്ടില്ലായിരുന്ന അവർക്ക് അയൽഗ്രാമങ്ങളിലേക്ക് പോയി കുടിവെള്ളം ശേഖരിക്കേണ്ടി വന്നു. വരണ്ട നിലങ്ങളിൽ നിന്നുണ്ടാക്കുന്നത്ര ഭക്ഷ്യ വിളകൾ പോലും മറ്റ് ജീവിതാവശ്യങ്ങൾ നിറവേറ്റുവാൻ വേണ്ടി അന്തിച്ചന്തയിൽ കൊണ്ട് പോയി വിൽക്കേണ്ടിയും വന്നു.

കാലാന്തരത്തിൽ ഗോവിന്ദരാജപുരത്തെ കർഷകർ അകലെയുള്ള കൃഷിനിലങ്ങളിൽ നിന്ന് വിളകൾ വാങ്ങി അന്തിച്ചന്തയിൽ കൊണ്ട് പോയി മറിച്ചു വിൽക്കുന്ന വ്യാപാരികളായോ പുതിയ ഭൂവുടമകൾ കുഴൽക്കിണറുകൾ കുത്തി വെള്ളം കണ്ടെത്തി നട്ടു വളർത്തുന്ന മുന്തിരിത്തോട്ടങ്ങളിലെ പാറാവുകാരായോ ചോളവയലുകളിലെ കൊയ്ത്തുകാരായോ കടുകുപാടങ്ങളിലെ മരുന്നുതളിക്കാരായോ വേഷങ്ങൾ മാറി മാറി അണിയുവാനും തുടങ്ങി.

“അതൊന്നും പക്ഷെ അധികകാലത്തേക്കുള്ളതുമല്ല,” സിദ്ധാരാമയ്യ പ്രവചനസ്വരത്തിൽ പറഞ്ഞു. “കമ്പനിയുടെ ആശ്രിത വ്യവസായങ്ങൾക്ക് വേണ്ടി എപ്പോൾ വേണമെങ്കിലും വിൽക്കപ്പെടാനായി വില പേശിക്കൊണ്ടിരിക്കുന്ന നിലങ്ങളാണതെല്ലാം.”

aymanam john, story, iemalayalam

ഗോവിന്ദരാജപുരത്തെ മനുഷ്യാനുഭവങ്ങൾ അടുത്തറിഞ്ഞ സിദ്ധാരാമയ്യ അതൊക്കെയും വെറുതെ പറഞ്ഞു പോവുകയായിരുന്നില്ല. ഓരോന്ന് പറയുമ്പോഴും അതാതിന്റെ ദൃഷ്ടാന്തങ്ങളും അദ്ദേഹം ഞങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ടിരുന്നു. കുടിവെള്ളക്ഷാമത്തെപ്പറ്റി പറഞ്ഞപ്പോൾ ദൂരെ കടുകുപാടത്തിന് നടുവിലൂടെ മൺകുടങ്ങളുമായി നടന്നു പോകുന്ന സ്ത്രീകളെയും കുട്ടികളെയും കാട്ടിത്തന്നിരുന്നു. ഗ്രാമത്തിന്റെ സമ്പദ് ക്ഷയങ്ങളെപ്പറ്റി പറഞ്ഞപ്പോൾ പുഴയുടെ അടിത്തട്ട് നക്കിത്തുടച്ചു കൊണ്ടു നിന്ന ചടച്ച കന്നുകാലികളെ ചൂണ്ടിക്കാട്ടി. നട്ടു നനച്ചുണ്ടാക്കിയ കായ്കനികൾ അവനവന്റെ വീട്ടിലേക്കെടുക്കാതെ അന്തിച്ചന്തയിൽ കൊണ്ട് പോയി വിൽക്കാൻ വിധിക്കപ്പെട്ട സ്ത്രീകളുടെ കാര്യത്തിലേക്ക് കടന്നപ്പോൾ, അവരുടെ വ്യസനം അവിടെച്ചെന്നാൽ അടുത്ത് കാണാമെന്ന വ്യംഗ്യത്തിൽ അന്തിച്ചന്തയുടെ ദിക്കിലേക്ക് വിരൽ ചൂണ്ടി.  ഒടുവിൽ ആശ്രിതവ്യവസായങ്ങൾ വരുന്നതോടെ ഇല്ലാതാകാൻ പോകുന്ന മുന്തിരിത്തോട്ടങ്ങളെയും കടുകുപാടങ്ങളെയും പരാമർശിച്ചപ്പോൾ അദ്ദേഹം വിരൽ ചൂണ്ടിയത് ഞങ്ങളുടെ ടൗൺഷിപ്പിലേക്കുമായിരുന്നു. ടൗൺഷിപ്പിന്റെ അതിരിനോട് ചേർന്ന കൂറ്റൻ വാട്ടർ ടാങ്ക് അപ്പോൾ ചവിട്ടിത്താഴ്ത്താൻ കാൽ പൊക്കി നിൽക്കുന്ന ഒരു വാമനരൂപം പോലെ കാണപ്പെട്ടിരുന്നു.

അതൊക്കെ ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടാണ് അനന്തരാമന്റെ മടിച്ചു മടിച്ചുയർത്തിയ മറ്റൊരു ചോദ്യത്തിന് മറുപടിയായി സിദ്ധാരാമയ്യ സ്വയം പരിചയപ്പെടുത്തിയത്. കമ്പനി വളപ്പിലായിപ്പോയ ഗോവിന്ദരാജപുരത്തെ മുഖ്യക്ഷേത്രത്തിലെ പരമ്പരാഗത പൂജാരിമാരായിരുന്നു സിദ്ധാരാമയ്യയുടെ കുടുംബക്കാർ. ഗ്രാമവാസികളുമായി തലമുറകൾ കടന്നു പോന്ന ഗാഢ ബന്ധമാണ് അവർക്കുണ്ടായിരുന്നത്.  ക്ഷേത്രം കമ്പനിയുടെ സ്വകാര്യസ്വത്തായപ്പോൾ വാഗ്ദാനം ചെയ്യപ്പെട്ട സ്ഥിരനിയമനം സ്വീകരിച്ച് അവിടെ പൂജാരിയായി തുടരാൻ അവസരം ലഭിച്ചതാണെങ്കിലും ആ പ്രലോഭനത്തെ അതിജീവിച്ച് ശിഷ്ടജീവിതം ഗ്രാമവാസികൾക്കൊപ്പം തന്നെ തുടരുവാൻ തീരുമാനിച്ചയാളായിരുന്നു  സിദ്ധാരാമയ്യയുടെ അച്ഛൻ. കുന്നിന്മുകളിലെ പുരാതനമായ ആൽത്തറ വിഗ്രഹം പ്രതിഷ്ഠയാക്കി അവശേഷിച്ച ഗ്രാമവാസികൾ അവിടെ നിർമ്മിച്ച കൊച്ചു ക്ഷേത്രത്തിലേക്ക് പിൻവാങ്ങുകയാണ്‌ അദ്ദേഹം ചെയ്തത്.

പിന്മുറക്കാരനായി സിദ്ധാരാമയ്യ അവിടെ എത്തിയ കാലത്ത് ക്ഷേത്രം ഏതാണ്ട് ഏഴകളുടേത് മാത്രമായി മാറിപ്പോയിരുന്നതാണ്. ആ യുവത്വത്തിന്റെ കാലത്ത് ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് സിദ്ധാരാമയ്യ ഉത്സാഹിച്ചപ്പോൾ അതിനുള്ള പണം കണ്ടെത്താൻ കഴിയാതെ ഗ്രാമവാസികൾ കമ്പനി മുൻപാകെത്തന്നെ ഒരു സഹായാഭ്യർത്ഥന സമർപ്പിക്കുകയാണുണ്ടായത്.  അത് പരിഗണിച്ച് കമ്പനി ഒരു പ്രായശ്ചിത്തം പോലെ നൽകിയ ധനസഹായം കൊണ്ടായിരുന്നു ക്ഷേത്രം പുനരുദ്ധരിച്ചത്. ക്ഷേത്രത്തിന് കമ്പനി വക കമാനം നിർമ്മിക്കപ്പെട്ട് അതിന്മേൽ കമ്പനിയുടെ വ്യാപാരമുദ്ര കൂടി പതിക്കപ്പെട്ടപ്പോൾ ക്ഷേത്രസംരക്ഷണം കമ്പനിയുടെ അഭിമാനപ്രശ്നം കൂടിയായി മാറുകയുമായായിരുന്നു. അങ്ങനെയാണ് കമ്പനി രൂപീകരിച്ച ട്രസ്റ്റ് ക്ഷേത്രനടത്തിപ്പ് ചുമതലകൾ ഏറ്റെടുത്ത് പിന്നീടെന്നും ക്ഷേത്രകാര്യങ്ങൾ നിർവിഘ്‌നം നടത്തിപ്പോന്നത്.

അതത്രയും പറഞ്ഞിട്ട് അൽപ്പനേരം അകലങ്ങളിലേക്ക് നോക്കിയിരുന്ന സിദ്ധാരാമയ്യ അത് കഴിഞ്ഞ് ആത്മഗതം പോലെ ഇങ്ങനെ പറഞ്ഞു “അത് കൊണ്ടോക്കെ അവർക്കെന്ത് കാര്യം? കമ്പനി വന്നതോടെ നാനാവിധമായിപ്പോയ അവരുടെ ജീവിതത്തിലെ സങ്കടങ്ങളും ആവലാതികളും കേൾക്കാൻ ഇവിടെയിങ്ങനെയൊരു ഭഗവാനും ഞാനും മാത്രമുണ്ടെന്നല്ലാതെ?”

അങ്ങനെ പറഞ്ഞപ്പോൾ സിദ്ധാരാമയ്യ സ്വന്തം ദൈവവിശ്വാസത്തെത്തന്നെ സംശയിച്ചിരുന്നുവോ എന്ന് തോന്നുമായിരുന്നു.

aymanam john, story, iemalayalam

അഷ്ടിക്ക് വക കണ്ടെത്താനുള്ള കഷ്ടപ്പാടിലുകൾക്കിടയിൽ ഗോവിന്ദരാജപുരത്തെ കർഷകർക്ക് കുന്നു കയറിച്ചെന്ന് ക്ഷേത്രദർശനം നടത്താനുള്ള ഉത്സാഹം നഷ്ടപ്പെട്ടുകൊണ്ടിരുന്നതായും സിദ്ധാരാമയ്യ ഞങ്ങളോട് ആവലാതിപ്പെട്ടു. പുലർച്ചയിലെ പൂജയ്ക്കെത്തുന്ന കുറച്ചു പേരൊഴികെ വിരളമായി മാത്രം സന്ദർശകരെത്തുന്ന ഒരു ക്ഷേത്രമായി അത് മാറിക്കഴിഞ്ഞുവെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഞാറമരത്തിലേക്ക് കൈചൂണ്ടി.

“ഒന്നും വേണ്ട അതുങ്ങളെത്തന്നെ ഒന്നെണ്ണി നോക്കിയാൽ മതി. ഒരു കാലത്തിവിടെ നൂറ് കണക്കിനുണ്ടായിരുന്നതാ. ഇപ്പോൾ ദാ വിരലേൽ എണ്ണാൻ പറ്റും.”

കുന്നു കയറിയിറങ്ങുന്നതിന്റെ പ്രയാസമോർത്താണ് വെളുപ്പിനെത്തുന്ന താൻ അന്തിയോളം അവിടെത്തന്നെ കഴിച്ചു കൂട്ടി സന്ധ്യാപൂജയും കഴിച്ച് മടങ്ങുന്നതെന്ന് സിദ്ധാരാമയ്യ ഒടുവിലായി വിശദീകരിച്ചു.

അങ്ങനെയൊക്കെയാണെങ്കിലും ക്ഷേത്രത്തിന്റെ നടത്തിപ്പു ചുമതലകൾ കമ്പനി ഏറ്റെടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഞങ്ങൾ ഇനിയൊരു കാലത്ത് അവിടേക്ക് ചെന്നാലും ഗോവിന്ദരാജപുരത്തിന്റേതായി മറ്റൊന്നും കാണാൻ ബാക്കി വന്നില്ലെങ്കിലും ആ കുന്നും ക്ഷേത്രവും മാത്രമെങ്കിലും അവിടെയുണ്ടാകുമെന്ന് പ്രത്യാശിച്ചു കൊണ്ടായിരുന്നു .അദ്ദേഹം തന്റെ ചരിത്രാഖ്യാനത്തിന് വിരാമമിട്ടത്.

അപ്പോഴേക്ക് ഗോവിന്ദരാജപുരത്തെ നിഴലുകൾ നീളുവാൻ തുടങ്ങിയിരുന്നു. വെളിച്ചം മറഞ്ഞു തുടങ്ങിയതിനാൽ മൺപാതയിലൂടെ നടക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ഉപദേശിച്ചു കൊണ്ടായിരുന്നു സിദ്ധാരാമയ്യ ഞങ്ങളെ യാത്രയയച്ചത്. ഭൂമി വരളാൻ തുടങ്ങിയ നാളുകൾ മുതൽ ഗോവിന്ദരാജപുരത്ത് വിഷപ്പാമ്പുകൾ വല്ലാതെ വർധിച്ചതായി അദ്ദേഹം ഒരു മുന്നറിയിപ്പ്പോലെ സൂചിപ്പിച്ചു. അത് കൊണ്ട് തിടുക്കപ്പെട്ടായിരുന്നു ഞങ്ങൾ കുന്നിറങ്ങിയത്.

കുന്നിനു താഴെയെത്തി ഞങ്ങൾ ആഞ്ഞു നടന്നു തുടങ്ങിയപ്പോൾ അപ്പുറത്തെ വളവ് തിരിഞ്ഞു കടന്നു വന്ന ഒരു ട്രെയ്‌ലർ വണ്ടി ഞങ്ങളുടെ സമീപത്തെത്തി പെട്ടെന്ന് നിന്നു. ‘കയറുന്നെങ്കിൽ കയറിക്കൊള്ളൂ. മെയ്ൻ റോഡിൽ വിടാ’മെന്ന് അതിലിരുന്ന ആരോ ഉറക്കെപ്പറഞ്ഞു. ഇരുട്ടും മുൻപ് ബസ് സ്റ്റോപ്പിലെത്താൻ കഴിയുമോയെന്ന് ആശങ്കപ്പെട്ടിരുന്ന ഞങ്ങൾ ഉടനടി ആ ക്ഷണം സ്വീകരിച്ച് അകത്തേക്ക് കയറി. അയൽഗ്രാമത്തിൽ നിന്ന് വാങ്ങിയ പച്ചക്കറികൾ അന്തിച്ചന്തയിലേക്ക് വില്പനയ്ക്ക് കൊണ്ട് പോകുന്ന ഒരു വാഹനമാണതെന്ന് കയറിയ പാടെ അനന്തരാമൻ കുശലം ചോദിച്ചറിഞ്ഞു. ഞങ്ങൾക്കിടമൊരുക്കാൻ ഡ്രൈവറുടെ സീറ്റിന്റെ അറ്റം പിടിച്ച് മാറിയിരുന്ന ആളെ കർഷകനായി തിരിച്ചറിഞ്ഞപ്പോൾ ഒരു പക്ഷെ ഞങ്ങളോട് ബസ് ടിക്കറ്റിനായി യാചിച്ച കർഷകരിൽ ഒരാൾ തന്നെയായിരിക്കുമോ അയാൾ എന്ന് ഭയന്ന് ഞങ്ങൾ കൂടുതലൊന്നും സംസാരിക്കാൻ തുനിഞ്ഞില്ല. ബസ് സ്റ്റോപ്പിലെത്തുമ്പോൾ അവിടുത്തെ വടവൃഷം അതിന്റെ ചുവട്ടിലെങ്ങും ഇരുൾ പരത്തിക്കഴിഞ്ഞിരുന്നതിനാൽ നന്ദി പറയുമ്പോൾ ഞങ്ങൾക്ക് മുഖം മറയ്‌ക്കേണ്ടി വന്നതുമില്ല.

ടൗൺഷിപ്പിൽ തിരിച്ചെത്തി ഹോസ്റ്റൽമുറിയിലേക്ക് നടക്കുന്ന വഴിക്ക് ഞങ്ങൾ ഉറച്ച രണ്ട് തീരുമാനങ്ങൾ എടുത്തിരുന്നു. ടൗൺഷിപ്പിലെ ഞങ്ങളുടെ തുടർന്നുള്ള ജീവിതകാലം എത്ര തന്നെയുമാകട്ടെ, അത്രയും കാലം, എപ്പോഴൊക്കെ അവിടെ ബസ്സിറങ്ങുമ്പോൾ ഗോവിന്ദരാജപുരത്തെ കർഷകർ ടിക്കറ്റിനായി യാചിക്കുന്നുവോ അപ്പോഴൊക്കെയും ടിക്കറ്റെടുത്ത് കൊടുത്ത് അവരുടെ ആ നീതിപൂർവ്വമായ നിയമനിഷേധത്തിൽ പങ്കാളികളാകണം എന്നതായിരുന്നു ഒന്ന്. അന്തിച്ചന്തയിൽ നിന്ന് എന്ത് തന്നെ വാങ്ങിയാലും വില പേശാതെ മാത്രമേ വാങ്ങുവാൻ പാടുള്ളൂ എന്നത് മറ്റൊന്നും.

അവിടെത്തുടർന്ന ഒരു വർഷക്കാലത്തെ ജീവിതത്തിനിടയിൽ ഞങ്ങളിരുവരും ഒരിക്കൽ പോലും ആ പ്രതിജ്ഞകൾ പാലിക്കാതിരുന്നില്ല.
.
എന്നിട്ടെന്ത്? അതെ കാലയളവിനിടയിൽ തന്നെ ഗോവിന്ദരാജപുരത്തെ മുന്തിരിത്തോട്ടങ്ങൾ നശിപ്പിക്കപ്പെടുന്നതിനും ചോളവയലുകളും കടുകുപാടങ്ങളും നികത്തപ്പെടുന്നതിനും ആ നിലങ്ങളിലെല്ലാം പുതു പുതു വ്യവസായ ശാലകളുടെ എടുപ്പുകളും പുകക്കുഴലുകളുമുയർന്ന് ഗോവിന്ദരാജപുരം കാഴ്ച്ചയിൽ നിന്ന് മാഞ്ഞു മാഞ്ഞു പോകുന്നതിനും ദിനേനയെന്നോണം മൂക‌സാക്ഷികളായി നിൽക്കേണ്ടി വന്ന ഞങ്ങൾക്ക്,  ഞങ്ങളനുഷ്ഠിച്ചുപോന്ന ആ നിയമനിഷേധത്തെയും നീതിപാലനത്തെയുമൊക്കെ കേവലം നിസ്സഹായതയുടെ ആവിഷ്കാരങ്ങളായി മാത്രമേ ഓർമ്മിക്കുവാൻ കഴിയുകയുള്ളൂ.

Read More: അയ്മനം ജോൺ എഴുതിയ രചനകൾ ഇവിടെ വായിക്കാം

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Aymanam john short story number 116 govindarajapuram

Next Story
ഒരു ട്രെക്കിംഗിന്റെ ഓർമ്മ- ടിപി വിനോദ് എഴുതിയ കവിതt p vinod , poem, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com