വംശ ശുദ്ധി കൈവരിക്കുന്നതിന് വേണ്ടി മ്യാൻമറിലെ ബുദ്ധമതാനുയായികൾ, രാജ്യത്തെ സഹജീവികളായിരുന്ന അന്യവംശജരായ രോഹിൻഗ്യകളെ, അവരുടെ വീടുകൾക്ക് തീ വച്ചും, ഗ്രാമങ്ങൾ കൊള്ളയടിച്ചും, സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തുമൊക്കെ ഭയപ്പെടുത്തി രാജ്യത്തിന് പുറത്തേക്ക് ആട്ടിയോടിക്കുമ്പോൾ ബുദ്ധന്റെ ഹൃദയമുള്ള ഒരു പക്ഷി അതൊക്കെ കണ്ടു കൊണ്ട് ആ നാടിന്‌ മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.

രാജ്യഭ്രഷ്ടരായ ആ വലിയ സംഘം മനുഷ്യർ ചതുപ്പുകളും വെള്ളക്കെട്ടുകളും നിറഞ്ഞ ദുർഗ്ഗമ പാതകളിലൂടെ പലായനം ചെയ്യുമ്പോൾ, ആ പക്ഷി അവർക്ക് പിൻപെ പറക്കുന്നുമുണ്ടായിരുന്നു. ഒടുവിൽ ആ അഗതികൾ ഉറുമ്പിൻപുറ്റുകളിൽ ഉറുമ്പുകളെന്ന പോലെ അയൽരാജ്യത്തെ അഭയാർത്ഥി ക്യാമ്പുകളിൽ ചെന്നടിഞ്ഞു കൂടിയത് മുതൽ അവർക്കൊപ്പം അവിടെപ്പാർപ്പുറപ്പിച്ച ആ പക്ഷി, അവിടുത്തെ മരങ്ങൾക്ക് മുകളിലോ മേൽക്കൂരകളിലോ ഒക്കെയായി, എല്ലായ്പ്പോഴും ധ്യാനനിരതനായി ഇരിക്കുന്നതും കാണാമായിരുന്നു – ആ ജനതതിയുടെ പരിതാപകരമായ അതിജീവനശ്രമങ്ങൾക്ക് നിശ്ശബ്ദസാക്ഷ്യം വഹിച്ചു കൊണ്ട്.

രാജ്യഭ്രഷ്ടരുടെ പലായനത്തിന്റെ ചരിത്രം എളുപ്പം അവസാനിക്കുന്ന ഒന്നല്ല. അധ്യായങ്ങൾ പലതുള്ള ഒരു തടിച്ച പുസ്തകമായിത്തീരുകയെന്നതാണ് അതിന്റെ വിധി. രോഹിൻഗ്യകളുടെ കാര്യത്തിലും കഥ മാറുന്നില്ല. കാലം പോകെ അഭയാർഥിക്യാമ്പുകളിൽ അവരുടെ എണ്ണം പെരുക്കുന്നത് ഭയന്ന് അഭയം നൽകിയ അയൽ രാജ്യം അവരിൽ നിന്ന് ആവുന്നിടത്തോളം പേരെ അടർത്തി മാറ്റിയെടുത്ത് അടുത്ത കാലത്ത് കടലിൽ അകലെയായി പൊന്തി വന്ന ഒരു ദ്വീപിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

‘ഒഴുകുന്ന ദ്വീപ്’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ആ ദ്വീപിൽ വൃക്ഷ, സസ്യജാലങ്ങൾ വേര് പിടിച്ച്, കിളിർത്ത് പൊങ്ങി വരുന്നതേയുള്ളൂ. ഉൽപ്പത്തിപ്പുസ്തകത്തിൽ പറയുന്നത് പോലെ ഏറെയിടങ്ങളിലും ഭൂമി പാഴായും ശൂന്യമായും കിടക്കുകയുമാണ്. തന്നെയുമല്ല ഉൾക്കടലിലെ ചുഴലിക്കാറ്റുകളുടെ സഞ്ചാരപാതയിലാണത്രെ അത് സ്ഥിതി ചെയ്യുന്നതും. കൊടുങ്കാറ്റുകൾക്കൊപ്പമുണ്ടാകുന്ന കടലാക്രമണങ്ങളിൽ ചിലപ്പോഴൊക്കെ ആ ദ്വീപ് അപ്പാടെ മുങ്ങിപ്പോകാറുള്ളതുമാണ്.aymanam john, story, iemalayalam

ഏതായാലും അയൽരാജ്യത്തെ ഭരണകൂടത്തിന് അത് ശരിക്കും മനുഷ്യവാസയോഗ്യമാണെന്നുറപ്പ് വരും വരെ കാത്തിരിക്കാൻ കഴിയാത്തത്ര തിടുക്കമുള്ളതിനാൽ അവിടെ അവർക്കായുള്ള പാർപ്പിടസമുച്ചയം പണിയപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ദ്വീപൊന്നാകെ വെള്ളത്താൽ മൂടപ്പെടുന്ന നേരങ്ങളിൽ ജീവനും കൊണ്ട് ഓടിപ്പോയി ഒളിക്കാൻ പാകത്തിൽ ഉയരമേറിയ ഇരുനില ദുരിതാശ്വാസകേന്ദ്രം ഉൾപ്പെടെയുള്ള പൊതുസംവിധാനങ്ങളും തയ്യാറായിരിക്കുന്നു. സ്വമേധയാ പോകാനൊരുങ്ങുന്നില്ലെങ്കിൽ ബലപ്രയോഗം നടത്തിത്തന്നെ രോഹിൻഗ്യകളെ ദ്വീപിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്ന് ആ ഭരണകൂടം പരസ്യമായി പറഞ്ഞും കഴിഞ്ഞു.

അത്രത്തോളമെത്തിയപ്പോൾ എന്തും വരട്ടെയെന്ന് കൽപ്പിച്ച് ദ്വീപിൽ പോയി പാർക്കാൻ സമ്മതപത്രം എഴുതി നൽകിയിട്ടുള്ള അവരിലെ ഒരു ലക്ഷത്തോളം പേരാണത്രെ ആദ്യം മാറ്റിപ്പാർപ്പിക്കപ്പെടുക.  പുറപ്പാടുപുസ്തകത്തിൽ പറയുന്നത് പോലെ അവരെ ‘തിരഞ്ഞെടുക്കപ്പെട്ട ജനത’ എന്ന് ഈ കഥയ്ക്കായി വിശേഷിപ്പിച്ചു കൊള്ളട്ടെ – വിപരീതാർത്ഥത്തിലാണെങ്കിൽ തന്നെയും .

ആ തിരഞ്ഞെടുക്കപ്പെട്ട ജനതയെ അവരുടെ വാഗ്നത്തദേശമെന്ന് വിശേഷിപ്പിക്കാവുന്ന ആ വിദൂര ദ്വീപിലേക്ക് കൊണ്ടു പോകുമ്പോഴും ബുദ്ധഹൃദയമുള്ള ആ പക്ഷി അവരെ അനുധാവനം ചെയ്യാതിരിക്കില്ല. പിന്നീടത് ആ ദ്വീപിൽ തന്നെ പാർപ്പുറപ്പിക്കുകയും ചെയ്യും. അവിടെ വന്മരങ്ങളൊന്നുമില്ലാത്തത് കൊണ്ട് ഉയരമുള്ള എടുപ്പുകൾ ഏതെങ്കിലുമൊന്നിന് മുകളിലിരുന്ന് ചുറ്റുമുള്ള കടലിന്റെ അകലങ്ങളിലേക്ക് കണ്ണയച്ച്‌ ആ പക്ഷി തിരക്കോളുകൾ വഴിയായി ചുഴലിക്കാറ്റുകളുടെ വരവ് ആ മനുഷ്യരേക്കാൾ മുന്നേ നിരീക്ഷിച്ചറിയും. ഏതെങ്കിലുമൊരു ചുഴലിക്കാറ്റിന്റെ പടപ്പുറപ്പാട് കണ്ടാലുടൻ ഹൃദയം പിളർക്കപ്പെട്ടത് പോലെ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് അത് ദ്വീപിന് മുകളിൽ ചുറ്റിപ്പറക്കുകയും ചെയ്യും.
ബുദ്ധഹൃദയമുള്ള ഒരു പക്ഷിക്ക് അത്രയൊക്കെയല്ലേ ചെയ്യാൻ കഴിയൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook