scorecardresearch
Latest News

ഭൂമിയെന്ന വരച്ചു തീരാത്ത ചിത്രം

“ഉന്ന”ത്തെ വായനക്കാരന് വിവക്ഷിച്ചറിയാൻ “ഇര”യായി വെച്ച് കൊണ്ട് ചുറ്റുപാടുകളെ പൊലിപ്പിക്കുന്ന കഥനരീതിയുടെ വക്താവാണ് ഈ കഥപറച്ചിലുകാരൻ.ഓടക്കുഴൽ അവാർഡ് ലഭിച്ച് അയ്മനം ജോണിന്രെ സാഹിത്യ ലോകത്തെ കുറിച്ച് യുവനിരൂപകനായ രാഹുൽ രാധാകൃഷ്ണൻ

ഭൂമിയെന്ന വരച്ചു തീരാത്ത ചിത്രം

“ഇത് ഒരു കാട്ടുമുയലിന്റെ മാത്രം അനുഭവമാകണമെന്നില്ല
ഈ കഥ ഒരു കാട്ടുമുയലിന്റെ കഥയാവണമെന്നുമില്ല.”

രണ്ടായിരത്തി നാലിൽ അയ്മനം ജോൺ എഴുതിയ ‘മുയൽമാനസം’ എന്ന കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്. ഫാസിസത്തിന്റെ വേരുകൾ ഇത്രയധികം ആഴ്ന്നിറങ്ങിയിട്ടില്ലാത്ത ഒരു കാലത്ത് എഴുതിയ ഈ കഥ കൂടുതൽ പ്രസക്തമാവുന്നത് ഇന്നാണ്. ഫാസിസം സ്വന്തം വേഷം ധരിച്ചും പ്രച്ഛന്നമായും ജീവിതത്തിന്റെ സമസ്ത മേഖലകളിലും എത്തി നിൽക്കുന്ന സമകാലത്ത് മുയൽമാനസത്തിലെ മുയലിന്റെ അവസ്ഥ തന്നെയാണ് നമുക്ക് ഓരോരുത്തർക്കും. നാട്ടിലെ മുരിക്കിനിലകൾ തിന്നാൻ വേണ്ടി ചോലവനത്തിൽ നിന്നും ഒളിച്ചു വരുന്ന കാട്ടുമുയലിന് ഹൈറേഞ്ചിലെ കുരുമുളകുതോട്ടത്തിൽ വെച്ച് മുരിക്കിൻമുള്ളു കാലിൽ കേറുകയാണ്. നടക്കാൻ വയ്യാതെ കഷ്ടപ്പെടുന്ന മുയലിനെ കാക്കക്കൂട്ടം കീറിപ്പറിക്കുന്ന അവസ്ഥയിൽ നിന്നും എസ്റ്റേറ്റ് മാനേജർ രക്ഷിക്കുന്നു. എന്നാൽ മാനേജർ പിന്നീട് അധികാരിയുടെയും മുയൽ ഇരയുടെ/ആശ്രിതന്റെയും രംഗം ആടേണ്ടി വരുന്നു. രക്ഷകൻ തന്നെ അധികാരി ആയി മാറുന്നതിന്റെ വിരോധാഭാസം ഒട്ടും ആശ്വാസദായകമല്ല.

ഫാസിസത്തെ കൗതുകത്തോടെ നോക്കിക്കണ്ട ഒരു ബാല്യകാലം തനിക്കുണ്ടായിരുന്നുവെന്ന എഴുത്തുകാരനും ചിന്തകനുമായ ഉംബെർട്ടോ എക്കോ പിന്നീട് കുമ്പസാരിച്ചിരുന്നു. എറ്റേണൽ ഫാസിസം (Eternal Fascism) എന്ന കൃതിയിൽ ഫാസിസത്തിന്റെ പതിന്നാല് സവിശേഷതകൾ എക്കോ വിശദീകരിക്കുന്നുണ്ട്. പരസ്പരബന്ധമില്ലാത്ത ഈ സവിശേഷതകൾ ഫാസിസമെന്ന ഭ്രാന്തുണ്ടാക്കാൻ പര്യാപ്തമാണെന്നായിരുന്നു എക്കോയുടെ നിരീക്ഷണം. ഏതെല്ലാം വിധത്തിൽ ഫാസിസം ഉരുണ്ടു കൂടുമെന്നു ഈ സവിഷേതകൾ ബോധ്യപ്പെടുത്തുന്നു. എക്കോ സൂചിപ്പിച്ചത് പോലെ ഫാസിസം ക്ഷണിക്കപ്പെടാത്ത അതിഥിയായി ദൈനംദിന മുഹർത്തങ്ങളിൽ വരുന്നതിന്റെ ഉദാഹരണമാണ് മുയൽമാനസം എന്ന കഥ. ഒരവസരവും പാഴാക്കാത്ത പൊതു സ്വത്വബോധത്തിന്റെ പ്രതിനിധിയായ മാനേജർക്ക് ജീവകാരുണ്യത്തിന്റെ പ്രതീകമായി പ്രദർശിപ്പിക്കാൻ ഒരു വസ്തുവായി കാട്ടുമുയലിനെ കിട്ടുന്നു. . അയാളുടെ ഇച്ഛാനുസരണം പെരുമാറുന്നതിനായി അതിനെ നാട്ടുമുയലുകളെ കൊണ്ട് മെരുക്കാൻ അയാൾ ശ്രമിക്കുന്നുണ്ട്. നിക്ഷിപ്ത താൽപര്യങ്ങൾക്കു വേണ്ടി സ്വന്തം പ്രഭാവം ദൃഢപ്പെടുത്താൻ അടിമവർഗ്ഗത്തെ സൃഷ്ടിക്കുന്ന മുതലാളിത്ത വരേണ്യതയുടെ പ്രത്യക്ഷോദാഹരണമാണ് ഈ കഥ.

aymanam john, malayalam writer, rahul radhakrishnan

.

” പറയേണ്ടത് പലതും പറയാനുള്ള ഭാഷ നമുക്കില്ല ” എന്ന ഒരു പ്രസ്താവന അയ്മനം ജോണിന്റെ ഒരു കഥയിലുണ്ട്. പല കാര്യങ്ങളും പറഞ്ഞു ഫലിപ്പിക്കാനുള്ള ഭാഷയുടെ ന്യൂനതയെയാണ് കഥാകൃത്ത് ഇവിടെ സൂചിപ്പിക്കുന്നത്. പറയാതെ പറഞ്ഞു പോകുന്ന ശൈലിയിൽ പല കഥകളും എഴുതിയിട്ടുള്ള അയ്മനം ജോണിന്റെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ കഥയാണ് അടിയന്തരാവസ്ഥയിലെ ആന. ശാന്തമായി കഴിഞ്ഞിരുന്ന കുടുംബത്തിന്റെ സ്വൈരത അടിയന്തരാവസ്ഥ എന്ന പ്രതിസന്ധി കളയുന്നതിന്റെ വികാരവായ്പുള്ള രംഗമാണ് അയ്മനം ജോണിന്റെ അടിയന്തരാവസ്ഥയിലെ ആന എന്ന കഥയിൽ വിശദീകരിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് അസംഘടിതതൊഴിലാളികൾ നാവടക്കി പണിയെടുത്തതിന്റെ ഫലമായി പന്തീരാംകുന്നിലെ റബർ തോട്ടങ്ങളിൽ നിന്നും ഇഷ്ടികക്കളത്തിൽ നിന്നുമെല്ലാം കനത്ത ലാഭം കഥാനായകനും കുടുംബത്തിനും ലഭിച്ചു. സംഘടിതബോധം പ്രത്യക്ഷത്തിൽ പ്രകടമാക്കാൻ സാധിക്കാത്ത ആസുരകാലത്തെ നിസ്വരായ പണിക്കാർ വേതനം കൂട്ടുന്നതിന് വേണ്ടി സമരമോ പ്രക്ഷോഭമോ നടത്തിയുമില്ല. അങ്ങനെ സ്വായത്തമായ മിച്ചമൂല്യത്തിൽ കൊണ്ടു സാമ്പത്തികമായി മെച്ചപ്പെട്ടപ്പോൾ ആനയെ വാങ്ങാനുള്ള ആഗ്രഹം ഗൃഹനായികയ്ക്കുണ്ടായി. ആനയെ സ്വന്തമാക്കുകയെന്നത് അവരുടെ കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നു അധികാരാർജ്ജനത്തിലേക്കുള്ള വഴി തിരിച്ചു വിട്ടത് സാമ്പത്തിക നീക്കിയിരുപ്പു തന്നെയായിരുന്നു. ‘ആന’ എന്ന അധികാരാടയാളത്തിന്റെ ഉടമസ്ഥനായതോടെ അച്ഛനുണ്ടാകുന്ന മാനസികപരിണാമമാണ് കഥയുടെ ഗതി തിരിക്കുന്നത്. ഭാര്യയുടെ നിർബന്ധം സഹിക്കവയ്യാതെയായിരുന്നു ഗാന്ധിയനും ലളിതജീവിതം നയിച്ചവനുമായ അച്ഛൻ ഒടുവിൽ ആനയെ വാങ്ങിയത്. സ്വാർഥതാൽപര്യം സംരക്ഷിക്കാൻ വേണ്ടി രാഷ്ട്രത്തെ ഇരുട്ടിൽ തള്ളിയിട്ട വനിതാ ഭരണാധികാരിയുടെ നിഴൽ ‘ആന’ എന്ന ആഗ്രഹത്തിന് വേണ്ടി പൊരുതിയ അമ്മയിൽ കാണാനാകും.

ആനയുടെ വരവ് അംഗീകരിക്കാൻ സാധിക്കാഞ്ഞ അച്ഛന് ഭാര്യയുടെ ശാഠ്യത്തിൽ അനിഷ്ടം ഉണ്ടാകുകയും തുടർന്ന് അയാളെ കാണാതാവുകയും ചെയ്തു. . അച്ഛന്റെ തിരോധാനത്തെ തുടർന്നു അമ്മയ്ക്ക് മതിഭ്രമം ബാധിച്ചു. അച്ഛന്റെ ഒളിവിടത്തെ ഒരാന മറയ്ക്കുന്നതായി കണിയാന്മാരുടെ പ്രശ്നവിധിക്കു ശേഷം വീട്ടുകാർ ആനയെ ഉപേക്ഷിച്ചു. ആന പോയിട്ടും, അടിയന്തരവാസ്ഥ കഴിഞ്ഞിട്ടും അച്ഛൻ തിരിച്ചു വന്നില്ല. കൃഷിത്തോട്ടങ്ങൾ നശിക്കുകയോ വിറ്റഴിക്കുകയോ ചെയ്തു. തോട്ടങ്ങളെല്ലാം നഷ്ടപ്പെട്ടതിനു ശേഷം കൃഷിയുടെ സമ്പദ് വ്യവസ്ഥയെ പറ്റി തീസിസ് എഴുതിയ മൂത്ത മകൻ, അച്ഛന്റെ തിരോധനത്തെ കഥയാക്കി മാറ്റിയ രണ്ടാമത്തെ മകൻ, അച്ഛനെ തിരിച്ചു കൊണ്ട് വരാൻ വേണ്ടി വെബ്സൈറ്റ് തുടങ്ങിയ ഇളയ മകൻ തുടങ്ങിയവർക്കൊന്നും അച്ഛന്റെ മടക്കയാത്ര യാഥാർഥ്യമാക്കാനായില്ല. അച്ഛന്റേത് ആയ എല്ലാം നഷ്ടപ്പെട്ട ആ വീട്ടിലേക്ക് അച്ഛൻ എന്തിന് മടങ്ങി വരണമെന്ന ചോദ്യം ബാക്കി വെച്ചാണ് കഥ അവസാനിപ്പിക്കുന്നത്. സ്വപ്നങ്ങളും ജീവിതമോഹങ്ങളും കുരുതി കൊടുത്ത അച്ഛന് അധികാരത്തിന്റെ ക്രൂരതകൾ പെയ്തിറങ്ങിയ മലവെള്ളപ്പാച്ചിലുകളെ നീന്തി കടക്കാൻ കരുത്തുണ്ടായിരുന്നില്ല.

aymanam john, malayalam writer, rahul radhakrishnan

 

തോട്ടം തൊഴിലാളികളിൽ നിറഞ്ഞു നിൽക്കുന്ന പ്രശ്നങ്ങളെ പ്രവചനാത്മകമായി അവതരിപ്പിച്ച കഥയാണ് ‘കോടമല തേയിലത്തോട്ടത്തെപ്പറ്റി ഒരു ലഘു പ്രബന്ധം’. മൂന്നാർ തേയിലത്തോട്ടങ്ങളിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പൊമ്പിളൈ ഒരുമൈ മുതലാളിമാരുടെ വിവേചനത്തിനും ചൂഷണത്തിനും എതിരെ പ്രത്യക്ഷ സമരം ആരംഭിച്ചതിനു തൊട്ടു മുന്നേയാണ് അയ്മനം ജോണിന്റെ ഈ കഥ പ്രസീദ്ധീകരിക്കപ്പെട്ടത്. സ്വതവേ കുറ്റിച്ചെടികളാവാൻ വിധിക്കപ്പെട്ട തേയിലച്ചെടികൾ ഒരു പക്ഷെ തളിർ നുള്ളിയും ചില്ലകൾ വെട്ടി ഒതുക്കിയും നിത്യേന ചെറുതായി സൂക്ഷിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ വന്മരങ്ങളായി വളരുമായിരുന്നു. ഇങ്ങനെ ചെടികളെ പ്രൂണിങ് ചെയ്യുന്ന പളനിയാണ്ടിയുടെ നിറം മങ്ങിയ ജീവിതമാണ് ഈ കഥയ്ക്ക് ആധാരം. വർഷങ്ങളായി ചെടി വെട്ടിയൊതുക്കിയും നനച്ചും എസ്റ്റേറ്റിൽ ജീവിക്കുന്ന പളനിയാണ്ടിയെ കുറിച്ചുള്ള ആഖ്യാതാവിന്റെ ചിന്തകൾ തേയിലത്തോട്ടങ്ങളിലേക്ക് പണിക്കായി എത്തിയ തൊഴിലാളികളുടെ ദാരുണചിത്രം വരച്ചിടുന്നു. താൻ പ്രൂൺ ചെയ്യുന്ന ചെടികൾ മരങ്ങളാവാൻ കെൽപ്പുള്ളതാണോ എന്നു പോലുമറിയാത്ത പളനിയാണ്ടിയും മുതലാളിമാരാൽ പ്രൂൺ ചെയ്യപ്പെട്ട തൊഴിലാളിവർഗത്തിന്റെ പ്രതിനിധിയാണ്. വെട്ടി ഒരുക്കുന്ന കൗശലം ചെടികളുടെ മേലെയെന്ന പോലെ തന്നെ തോട്ടം തൊഴിലാളികൾക്കും ബാധകമാക്കിയ ലാഭക്കൊതിയുള്ള കച്ചവടത്തിന്റെ പരിണതഫലമാണ് കോടമലത്തോട്ടത്തിലെ കൊളുന്തു നുള്ളുന്നവർ പോലും സ്ഥലം പോലും മാറാതെ പേര് മാത്രം മാറി അവരുടെ ജീവിതം എന്നെന്നും അധികാരം വിള കൊയ്യുന്ന മണ്ണായിത്തീരുകയാണ്. ശരീരം ഒഴിച്ച് മറ്റൊന്നും സ്വന്തമല്ലാത്ത അധ്വാനവർഗ്ഗത്തിന്റെ വിയർപ്പുമൂല്യത്തിന് ആനുപാതികമായ ഫലസിദ്ധി അവരുടെ ജീവിതത്തിനുണ്ടാവുന്നില്ല എന്നത് തൊഴിൽ ക്രമത്തിൽ അസമത്വം നില നിൽക്കുന്നുവെന്ന് സ്ഥാപിക്കുന്നു.

Read More: സ്വപ്നസംവാദം – അയ്‌മനം ജോണിന്റെ കഥ ഇവിടെ  വായിക്കാം

അയ്മനം ജോണിന്റെ കഥാലോകത്തിൽ ഈ മൂന്നു കഥകളും പ്രത്യേക സ്ഥാനം വഹിക്കുന്നുണ്ട്. അധികാര-ആശ്രിത വർഗ്ഗങ്ങൾ തമ്മിലുള്ള വിനിമയത്തെ സൂക്ഷ്മമായി ഈ കഥകളിൽ,അപഗ്രഥിച്ചിട്ടുണ്ട്. അന്തരീക്ഷവും കഥാപാത്രങ്ങളും മാറുമ്പോളും,വേട്ടക്കാരനും വേട്ടയാടപ്പെടുന്നവനും തമ്മിലുള്ള അന്തരത്തിനു ഭേദങ്ങളുണ്ടാവുന്നില്ല. “ഉന്ന”ത്തെ വായനക്കാരന് വിവക്ഷിച്ചറിയാൻ “ഇര”യായി വെച്ച് കൊണ്ട് ചുറ്റുപാടുകളെ പൊലിപ്പിക്കുന്ന കഥനരീതിയുടെ വക്താവാണ് ഈ കഥപറച്ചിലുകാരൻ.

aymanam john, malayalam writer, rahul radhakrishnan

പരിസ്ഥിതിയുടെയും പ്രകൃതിയുടെയും കഥാകാരനായി സാമ്പ്രദായികാർത്ഥത്തിൽ അയ്മനം ജോണിനെ അടയാളപ്പെടുത്താറുണ്ട് . . ഭൂമിയിലെ ജീവന്റെ തെളിവുകളും പരിണാമദൂരങ്ങൾ രേഖപ്പെടുത്തിയ വംശാവലിചരിതവും അന്വേഷണപരതയോടു കൂടി രേഖപ്പെടുത്താൻ കഥാകൃത്തിന്റെ സൃഷ്ടിപരത ഉത്സാഹിച്ചിരുന്നു. ബിഗ്ബാങ് രീതിയിലൂടെ ഉരുവം കൊണ്ടതെന്നു ശാസ്ത്രം വിശ്വസിക്കുന്ന പ്രപഞ്ചത്തിന്റെ സൂക്ഷ്മാണുക്കളിൽ വരെ ലാവണ്യബോധം ദർശിക്കുന്ന വിശ്വമാനവന്റെ പ്രതിരൂപങ്ങളാണ് അയ്മനം ജോണിന്റെ ചില കഥാപാത്രങ്ങൾ. പരിണാമസിദ്ധാന്തത്തിന്റെ വക്താവായ ചാൾസ് ഡാർവിനെ കഥകളിലൂടെ ഇത്രയധികം ബഹുമാനിച്ച മറ്റൊരു എഴുത്തുകാരൻ നമുക്കില്ല. ഭൂമിയുടെ വലിപ്പമറിയണമെങ്കിൽ കടലിൽ നിന്നും ചുറ്റും നോക്കണമെന്നും ജീവപ്രപഞ്ചത്തിന്റെ വൈജാത്യങ്ങൾ കാണണമെങ്കിൽ നീണ്ട കപ്പൽയാത്രകൾ നടത്തണമെന്നും പറയുന്ന ” ഡാർവിൻ എന്ന മകൻ” ചാൾസ് ഡാർവിനോടുള്ള ആദരസൂചകമായി എഴുതിയ കഥയാണ്. . HMS ബീഗിൾ എന്ന കപ്പലിൽ പരിണാമത്തിന്റെ ഉള്ളെഴുത്തുകളെ മനസ്സിലാക്കാൻ യാത്ര ചെയ്ത ചാൾസ് ഡാർവിനെ പോലെ പക്ഷികളും പുൽച്ചാടികളും പ്രാവുകളുമായിരുന്നു ഈ കഥയിലെ കൊച്ചുഡാർവിന്റെ ലോകം. തോട്ടത്തിൽ മരങ്ങൾക്കിടയിൽ പേരറിയാത്ത പക്ഷികളെയും കാത്തിരിക്കുന്ന ഡാർവിൻ, മണ്ണിൽ വീണു കിടക്കുന്ന പക്ഷിത്തൂവലുകൾക്ക് പോലും ഭൂമിയുടെ ആവാസവ്യവസ്ഥിതിയിൽ ആനുപാതികമായ സ്ഥാനമുണ്ട് എന്നുറപ്പിക്കുന്നു. ഞാവൽമരങ്ങളും പക്ഷിക്കൂട്ടങ്ങളും കുരങ്ങന്മാരും നിറഞ്ഞ ഒരു ലോകത്തിനെയാണ് അയ്മനം ജോൺ ജീവശ്വാസമായി കൊണ്ട് നടന്നത്, തന്റെ ആറ്റിറമ്പ് എന്ന പ്രദേശം അത്തരത്തിൽ ഒന്നായിരുന്നു ആറ്റിറമ്പ് തനിക്ക് എത്ര മാത്രം പ്രിയങ്കരമാണെന്നു അദ്ദേഹം ‘ എന്നിട്ടുമുണ്ട് താമരപ്പൊയ്‌കകൾ’ എന്ന ഓര്മക്കുറിപ്പിൽ പറയുന്നുണ്ട്. ആറ്റിറമ്പിൽ ജലാശയങ്ങളുടെ ജലത്തിന്റെ ഒഴുക്കും പരപ്പും അദ്ദേഹത്തെ ആവേശിച്ചതിന്റെ ഫലമായിരുന്നു ‘വെള്ളത്തിൽ മനുഷ്യൻ’ എന്ന കഥ. ജലസ്പർശത്തിന്റെ സത്യവും ജലരാശിയുടെ പശിമയും കിനിഞ്ഞിറങ്ങുന്ന കഥയാണ് ‘വെള്ളത്തിൽ മനുഷ്യൻ’ ആറ്റിറമ്പിൽ ഭക്ഷ്യക്ഷാമം നേരിടുന്ന ഒരു കാലത്ത് മനുഷ്യരെ പോലെ തന്നെ പൊന്മാനുകളും ഭക്ഷണത്തെ കിട്ടാതെ അലയുന്ന കാഴ്ചയാണ് ഈ കഥയിൽ ദൃശ്യമാകുന്നത്. മലയണ്ണാന്റെ ഭംഗിയും ചീവീടുകളുടെ വായ്ത്താരിയും മലമുഴക്കിപ്പക്ഷികളുടെ നീട്ടിക്കരച്ചിലുകളും കാട്ടുകോഴികളുടെ ഓടിയൊളിക്കലും കാട്ടാടുകളുടെ കാൽപ്പാടുകളും നിറഞ്ഞ ആ കഥാലോകം നൈസർഗികമായ പ്രകൃതിയുടെ ആവാസവ്യവസ്ഥയുടെ ആനന്ദമാണ് പ്രകടമാക്കുന്നത്.

aymanam john, malayalam writer, rahul radhakrishnan

കഥകളിൽ ഉപയോഗിക്കാൻ ജന്മനാടിന് “ആറ്റിറമ്പ്” എന്ന പേര് കണ്ടുപിടിച്ച അയ്മനം ജോൺ ആറ്റുതീരത്തിന്റെയും മലനിരകളുടെയും ഉൾത്തുടിപ്പുകൾ അറിഞ്ഞ എഴുത്തുകാരനാണ്. പ്രകൃതിയുടെ നശീകരണത്തിനും കയ്യേറ്റത്തിനും എതിരെ അപലപിക്കുന്നു അദ്ദേഹത്തിന് അതെ തീവ്രതയോടെ തന്നെ അധികാരത്തിന്റെ ക്രൂരതകളെ ചെറുക്കനും സാധിക്കുമെന്ന് തെളിയിക്കുന്നതാണ് ഇവിടെ സൂചിപ്പിച്ച അദ്ദേഹത്തിന്റെ കഥകൾ. ലോകം എന്നത് ആറ്റിറമ്പിലേക്ക് ചുരുക്കുമ്പോൾ തന്നെ വൈവിധ്യമാർന്ന ലോകത്തിന്റെ നാനാത്വങ്ങളെ അദ്ദേഹം അവിടത്തേക്ക് സന്നിവേശിപ്പിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ സ്വന്തം തട്ടകത്തിലെ കാരണവർ ആയി നിന്ന് കൊണ്ട് ലോകത്തെ അഭിമുഖീകരിക്കാൻ അയ്മനം ജോണിന് സാധിക്കുന്നുണ്ട്. തിരിഞ്ഞു നോക്കുന്നതിനേക്കാൾ നല്ലത് തിരിഞ്ഞൊന്നു നോക്കാതെ മുന്നിൽക്കാണുന്ന മരീചികയെ നോക്കി നേരെത്തന്നെ നടക്കുന്നതാണ്” എന്ന് ഒരഭിമുഖത്തിൽ അയ്മനം ജോൺ പറഞ്ഞത് ഇവിടെ ഓർക്കേണ്ടതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഭൂമിയെന്ന വരച്ചു തീരാത്ത ചിത്രത്തിന്റെ അരികും മൂലയും മിനുക്കുന്ന കഥാകാരനാണ് അദ്ദേഹം.

Read More:ഒറ്റ വാചകത്തിൽ ഒരു കഥ-പരവേശം-അയ്‌മനം ജോൺ 

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Ayamanam john odakuzhal 2017 award winner