scorecardresearch
Latest News

കഥയെഴുത്തിന്റെ പ്രകൃതിനിയമം

“ആറ്റിറമ്പിലെ ജലാശയങ്ങളുടെ ജലത്തിന്‍റെ ഒഴുക്കും പരപ്പും ആവേശിച്ചതിന്‍റെ ഫലമായിരുന്നു അദ്ദേഹം എഴുതിയ പല കഥകളും”, അയ്മനം ജോണിന്‍റെ എഴുത്തിനെക്കുറിച്ച് രാഹുല്‍ രാധാകൃഷ്ണന്‍

കഥയെഴുത്തിന്റെ പ്രകൃതിനിയമം

ജന്മനാട്ടിലേക്കുള്ള മടക്ക യാത്ര കാൽപനികമായ സ്വപ്നമാണ്. മണ്ണിന്‍റെ ഗന്ധം പഴയതു പോലെ ആസ്വദിക്കാനും, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജൈവികാംശങ്ങളുടെ സ്ഥിതിയോർത്ത് ആകുലപ്പെടാനും, വ്യക്തികൾക്കിടയിലെ പശിമയെ കുറിച്ച് ചിന്തിക്കാനും വേണ്ടിയാണ് കഴിഞ്ഞ കാലത്തേക്കുള്ള തിരിച്ചു നടത്തം അനിവാര്യമാകുന്നത്. അയ്മനം ജോണിന്‍റെ ‘മഹർഷിമേട് മാഹാത്മ്യം’ എന്ന കഥാസമാഹാരത്തിലെ കഥകൾ ആവശ്യപ്പെടുന്നതും ഇതു തന്നെയാണ്. ഞാവൽമരങ്ങളും പക്ഷിക്കൂട്ടങ്ങളും കുരങ്ങന്മാരും നിറഞ്ഞ ലോകത്തെയാണ് അയ്മനം ജോൺ ജീവശ്വാസമായി കൊണ്ടു നടന്നത്. അദ്ദേഹത്തിന്‍റെ ആറ്റിറമ്പ് എന്ന പ്രദേശം അത്തരത്തിൽ ഒന്നായിരുന്നു. ആറ്റിറമ്പ് തനിക്ക് എത്ര മാത്രം പ്രിയങ്കരമാണെന്ന് ‘എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ’ എന്ന ഓർമ്മക്കുറിപ്പിൽ അദ്ദേഹം എഴുതിയിട്ടുണ്ട്.

ആറ്റിറമ്പിലെ ജലാശയങ്ങളുടെ ജലത്തിന്‍റെ ഒഴുക്കും പരപ്പും ആവേശിച്ചതിന്‍റെ ഫലമായിരുന്നു അദ്ദേഹം എഴുതിയ പല കഥകളും.

മലയണ്ണാന്‍റെ ഭംഗിയും ചീവീടുകളുടെ വായ്ത്താരിയും മലമുഴക്കിപ്പക്ഷികളുടെ നീട്ടിക്കരച്ചിലുകളും കാട്ടുകോഴികളുടെ ഓടിയൊളിക്കലും കാട്ടാടുകളുടെ കാൽപ്പാടുകളും നിറഞ്ഞ ആ കഥാലോകം നൈസർഗികമായ പ്രകൃതിയുടെ ആനന്ദമാണ് പ്രകടമാക്കുന്നത്. ഇത്തരം ഒരു ആവാസ വ്യവസ്ഥയാണ് അയ്മനം ജോണിനെ മണ്ണിനോട് ചേർന്ന് നിൽക്കുന്ന മനുഷ്യരുടെ അനുഭവങ്ങളെ ഭാവനാപൂർവം ആവിഷ്കരിക്കാൻ പ്രചോദിപ്പിച്ചതെന്ന് വ്യക്തമാണ്. പല തരത്തിലുള്ള പ്രയാസങ്ങളെയും ക്ലേശങ്ങളെയും അധികാരത്തിന്‍റെ സ്വരഘനതയെയും ആണ് അദ്ദേഹം കഥകളുടെ രൂപത്തിൽ അവതരിപ്പിച്ചത്.

കഥകളിൽ ഉപയോഗിക്കാൻ ജന്മനാടിന് ‘ആറ്റിറമ്പ്’ എന്ന പേര് കണ്ടുപിടിച്ച അയ്മനം ജോൺ ആറ്റുതീരത്തിന്‍റെയും മലനിരകളുടെയും ഉൾത്തുടിപ്പുകൾ അറിഞ്ഞ എഴുത്തുകാരനാണ്. പ്രകൃതി നശീകരണത്തിന്‍റെ രാഷ്ട്രീയത്തെ സൂക്ഷ്‌മമായ രീതിയിൽ അപലപിക്കുന്ന അദ്ദേഹത്തിന്‍റെ നിലപാടുകൾ കാടിനെയും നാടിനെയും ഒരേ പോലെ സ്നേഹിക്കുന്ന ഒരാളുടേതാണ്. ലോകമെന്നത് ആറ്റിറമ്പ് കേന്ദ്രീകരിച്ച് അവതരിപ്പിക്കുന്നതിൽ അദ്ദേഹം വിമുഖത കാണിക്കാറില്ല. ഈ സവിശേഷ വീക്ഷണമാണ് അദ്ദേഹത്തിന്‍റെ രചനാലോകത്തെ വ്യത്യസ്തമാക്കുന്നത്. വൈവിധ്യമാർന്ന ലോകത്തിന്‍റെ നാനാത്വങ്ങളെ അദ്ദേഹം ആറ്റിറമ്പിലേയ്ക്ക് സന്നിവേശിപ്പിക്കുന്നുമുണ്ട്.rahul radhakrishnan, aymanam john,story

സംസ്കാരത്തിന്‍റെ അപചയവും പ്രകൃതിയുടെ വിനാശവും മനുഷ്യന്‍റെ അധികാര വ്യവസ്ഥയുമായി ചേർന്ന് കിടക്കുന്നു. കാട് വെട്ടി തെളിക്കുന്നവൻ മാനവരാശിയുടെ നിലനിൽപ്പിനെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. മരമറിയാതെ ഒരു ഇല പോലും പൊഴിയാത്തത് പോലെ പ്രകൃതിയെ ചൂഷണം ചെയ്യുന്നവർ അതിന്‍റെ വിലയും കൊടുക്കേണ്ടി വരും.

പ്രകൃതിയെ വേണ്ട വിധം പരിഗണിക്കാതെ മനുഷ്യൻ ജീവിക്കാൻ തുടങ്ങിയതിന്‍റെ ചരിത്രത്തിന് വലിയ കാലപ്പഴക്കമില്ല. അത്തരത്തിൽ ഒരു സ്ഥിതിയുടെ ഉത്കണ്ഠകൾ അയ്മനം ജോൺ കഥകളിൽ കൊണ്ടു വന്നിട്ടുണ്ട്. കാഴ്ച കൊണ്ടും ശബ്ദം കൊണ്ടും ഗന്ധം കൊണ്ടും തന്‍റെ നാടിന്‍റെ ജൈവികാവസ്ഥയെ സ്പർശിച്ചുള്ള കഥയെഴുത്തിന്‍റെ ശൈലി രൂപപ്പെട്ടത് എങ്ങനെയെന്ന് ഈ കഥകളെ സൂക്ഷമായി നിരീക്ഷിച്ചാൽ ബോധ്യപ്പെടും. അയ്മനം ജോൺ എന്ന കഥാകൃത്തിനെ അടയാളപ്പെടുത്തുന്ന പ്രത്യേകമായ ശൈലീവിശേഷം ഈ സമാഹാരത്തിലെ കഥകളിലെല്ലാം ഉണ്ട്.

ഓരോ കഥപറച്ചിലിനു പിന്നിലും അതിജീവനത്തിന്‍റെ ഒരു നിഗൂഢ വഴിയുണ്ട്. അത്തരം വഴികളിലെ പ്രാദേശികമായ രാഷ്ട്രീയ/പാരിസ്ഥിതിക/അധികാര സമസ്യകളെ ഭാവനപരവും മാനുഷികവുമായ ഉൾക്കാഴ്ചകൾ കൊണ്ട് അഭിസംബോധന ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ വിശ്വദർശനത്തിന്‍റെ ഒലികൾ കൊണ്ടു വരാൻ പൊതുവെ അയ്മനം ജോണിലെ കഥാകാരൻ (വ്യക്തിയും) താത്പര്യം കാണിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലമായി തന്‍റെ ‘ആറ്റിറമ്പിനെ’ പരിഗണിക്കുന്ന അദ്ദേഹം ജീവജാലങ്ങളുടെ ആകുലതകളെയാണ് പ്രാഥമികമായും അഭിമുഖീകരിക്കുന്നത്.

‘കഥയെഴുത്ത്’ എന്ന കഥയിലൂടെ തന്‍റെ സർഗാത്മകജീവിതത്തിന്‍റെ കാരണഭൂതരായ പേരറിയാത്ത നാലു പൂർവികരെ സ്മരിക്കുകയാണ് അയ്മനം ജോൺ. കഥയെഴുത്ത് എന്ന സർഗാത്മക കർമ്മത്തിനു നിയന്ത്രണങ്ങൾ ഉണ്ടാവരുത് എന്ന് പരോക്ഷമായി പ്രസ്താവിക്കുന്ന കഥയാണ് ‘കഥയെഴുത്ത്’. കഴുത്തിൽ കയറും, അടയാളമണിയും ഇല്ലാതെ കാട് തെളിച്ചപ്പോൾ തെളിഞ്ഞ കുന്നിൻ ചെരുവിലേക്ക് പശുക്കളെ മേയാൻ വിട്ട നാല് പൂർവികരെ കുറിച്ചാണ് ഈ കഥ സൂചിപ്പിക്കുന്നത്. അടയാളം നോക്കി അന്വേഷിച്ചു വരാൻ ഉടമസ്ഥർ ഇല്ലാതായതോടെ, പുതിയ മേച്ചിൽപ്പുറത്തിന്‍റെ വന്യതയിൽ തന്നിഷ്ടപ്രകാരം പശുക്കൾ കൊഴുത്തു വളർന്നു കാട്ടു പോത്തുക്കളെ പോലെയായി. ഉടമസ്ഥരുടെ നിയന്ത്രണമില്ലാതെ, അവരുടെ അധികാരപരിധിയ്ക്ക് പുറത്ത് ജീവിച്ച പശുക്കൾക്ക് തന്നിഷ്ടപ്രകാരം മേയാൻ സാധിച്ചിരുന്നു.

അത് പോലെ തന്നെ മറ്റുള്ളവർ നിയന്ത്രിക്കുന്നത് പോലെ എഴുതിയാൽ നൈസർഗികതയും സ്വാതന്ത്ര്യവും ഉരുവം ചെയ്യാൻ പ്രയാസമാണെന്ന് ഈ കൊച്ചു കഥയിലൂടെ കഥാകാരൻ ധ്വനിപ്പിക്കുകയാണ്.

ഗ്രാമങ്ങളും പച്ചിലപ്രദേശങ്ങളും കേരളത്തിന്‍റെ പ്രകൃതിയിൽ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. പാടങ്ങളും കോൾനിലങ്ങളും കായലുകളും പുഴകളും നിറഞ്ഞ ഒരു ഭൂഭാഗത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന നാശം കണ്ടില്ലെന്നു നടിക്കാനാവില്ല. പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന ‘വികസന’ മാതൃകകളിൽ അഭിരമിക്കുന്ന ഒരു സമൂഹമായി മാറുന്ന കേരളത്തിന്‍റെ സമകാല രീതികളെ സംബന്ധിച്ച നിലപാടുകൾ ഈ സമാഹാരത്തിലെ ചില കഥകളിൽ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. പാരിസ്ഥിതിക/ മാനുഷിക നൈതികതയുടെ ദീപയഷ്ടിയായി ‘ഒരു നാൾ പ്രഭാതത്തിൽ’, ‘സ്വപ്നസംവാദം’, എന്‍റെ കാർഷിക ജീവിതസ്വപ്‌നങ്ങൾ’ തുടങ്ങിയ കഥകൾ നില കൊള്ളുന്നു.

പ്രകൃതിക്ക് അതിരുകളും ഭൂപടവും രൂപകൽപ്പന ചെയ്തു കൊണ്ട്, മുതലാളിത്ത ലക്ഷ്യങ്ങളുടെ ഉപോത്‌പന്നമായി പ്രകൃതിചൂഷണം കൂടി കടന്നു വരുന്ന നവലിബറൽ വ്യവസ്ഥയിൽ, മണ്ണിലേക്ക് തിരിച്ചു പോകാൻ വെമ്പൽ കൊള്ളിക്കുന്ന ആഖ്യാനമാണ് ‘മഹർഷിമേട് മാഹാത്മ്യം’. മാനവപ്രപഞ്ചം എന്ന് പറയുന്നത് വൃക്ഷലതാദികളും പക്ഷികളും മൃഗങ്ങളും കൂടെ ചേർന്ന വിശാലഭൂമിക ആണെന്നുള്ള അയ്മനം ജോണിന്‍റെ തത്വം ഉദ്‌ഘോഷിക്കുന്ന കഥകളാണ് ‘മയൂരസന്ദേശം’, ‘ഇരുപത്തിരണ്ടാമത്തെ പൂച്ച’, ‘പ്രാവുകളുടെ ഇടയൻ’ എന്നിവ.

നാടോടിക്കഥകൾ/ ഐതിഹ്യകഥകൾ എന്നിവയുമായി ബന്ധപ്പെടുത്തി നരവംശശാസ്ത്രത്തിൽ ശ്രദ്ധേയമായ പഠനങ്ങളുണ്ടാവുന്നുണ്ട്. കാലിക രാഷ്ട്രീയത്തിന്‍റെ അവസ്ഥകളെ നാടോടിക്കഥകളുടെ രൂപത്തിൽ അവതരിപ്പിക്കുന്ന എഴുത്തു രീതിയും അയ്മനം ജോൺ അവലംബിച്ചിട്ടുണ്ട്. ‘മിയാമിയൻ ഗോത്രചരിത്രത്തിൽ നിന്നൊരേട്’, ‘മഹർഷിമേട് മാഹാത്മ്യം’ എന്നിവയെ ഈ കൂട്ടത്തിൽ പെടുത്തി വേണം വായിക്കേണ്ടത്.

aymanam john,rahul radhakrishnan

ചരിത്രം രേഖപ്പെടുത്തുന്നത് വ്യവസ്ഥാപിതനിയമം അനുശാസിക്കുന്ന നിര്‍വ്വാഹക സമിതികൾ അല്ലെന്നും മറിച്ച് വ്യക്തികളായ ചരിത്രകാരന്മാരാണെന്നും പ്രമുഖ ചരിത്രകാരി റോമിലാ ഥാപ്പർ ഒരു അഭിമുഖത്തിൽ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാവണം ചരിത്രത്തെയും/ ചരിത്ര വ്യാഖ്യാനങ്ങളെയും ഉറ്റുനോക്കേണ്ടത്. ചരിത്രം ഒളിച്ചു കടത്തേണ്ട രഹസ്യ ലിഖിതങ്ങളായി മാറുന്ന സമകാലികാവസ്ഥയെ പ്രതിനിധീകരിക്കാനായി മിത്തിന്‍റെ രൂപത്തിലുള്ള കഥ പറച്ചിലിനെയാണ് അയ്മനം ജോൺ ‘മിയാമിയൻ ഗോത്രചരിത്രത്തിൽ നിന്ന് ഒരേടി’ൽ നിർവഹിക്കുന്നത്.

ചരിത്രവും മിത്തുകളും ഭൂതകാലത്തിന്‍റെ സൂക്ഷിപ്പുകളാണ്. ചരിത്രം തെളിവുകളെയും മിത്തുകൾ ഭ്രമാത്മകമായ ഭാവനയെയുമാണ് ആശ്രയിക്കുന്നതെന്ന റോമില ഥാപ്പറിന്‍റെ വാദം ഈ കഥയുടെ അടിസ്ഥാനമാണ്. വാമൊഴിയിലൂടെ പ്രചരിച്ച ചരിത്രത്തിന്‍റെ തെളിവുകൾ അംഗീകൃതമാവില്ല. ഇവിടെയാകട്ടെ ശബ്ദവീചികളിലൂടെ വിന്യസിച്ച ചരിത്രത്തെ മുളങ്കുറ്റിയിൽ ആവാഹിച്ചിരുന്ന ഗോത്ര വർഗ്ഗത്തെയാണ് കഥാകൃത്ത് പരിചയപ്പെടുത്തിയിരിക്കുന്നത്. അധമചെയ്തികളെ വെള്ളപൂശിക്കൊണ്ട് ചരിത്രപുസ്തകത്തെ കുറ്റമറ്റതാക്കാൻ ശ്രമിച്ചിരുന്ന അധികാരത്തിന്‍റെ മേൽക്കോയ്മഭാവത്തെയാണ് ഈ കഥയിൽ വിശകലനം ചെയ്തിട്ടുള്ളത്.

ദേശചരിത്രം തനിക്കനുകൂലമായി തിരുത്തിയെഴുതാൻ വേണ്ടി സുൽത്താൻ എഴുത്തു പട്ടാളത്തത്തെ വരെ നിയോഗിച്ചിരുന്നു. മിയാമിയ ഭരിച്ചിരുന്ന സുൽത്താന്‍റെ കൽപ്പന പ്രകാരം ശബ്ദങ്ങളെ ആവാഹിക്കാൻ സിദ്ധിയുണ്ടായിരുന്ന ഗോത്രവർഗക്കാരായ മാൻചെവിയനും കടുവാക്കണ്ണനും കൊട്ടാരത്തിലെത്തുകയായിരുന്നു. മനോഹരമായ വാദ്യസംഗീതം അലയടിച്ചിരുന്ന അന്തരീക്ഷത്തിലും സുൽത്താനെ അലോസരപ്പെടുത്തിയിരുന്ന ഒരു ശബ്ദമുണ്ടായിരുന്നു അവിടെ. പണ്ട് സുൽത്താനേറ്റ് ഭരിച്ചിരുന്ന പ്രജാസ്‌നേഹിയായ പഴയ സുൽത്താന്‍റെ ശബ്ദമായിരുന്നു അത്. ഈ ശബ്ദത്തെ തിരിച്ചറിഞ്ഞിട്ടും പുറത്തു പറയാതെ ഇരുന്ന ഗോത്രവർഗക്കാർക്ക് ആ ശബ്ദം ആവാഹിച്ച് ഇല്ലാതാകാൻ സുൽത്താൻ ആജ്ഞ കൊടുത്തു. എന്നാൽ ശബ്ദങ്ങളെ അതുയരുന്ന വേളയിൽ ആവാഹിക്കാൻ മാത്രമേ അവർക്ക് സാധിച്ചിരുന്നുള്ളൂ. പ്രപഞ്ചമാകെ പരന്ന് കഴിഞ്ഞ ശബ്ദവീചികളെ തിരികെ ആവാഹിക്കാൻ അവർക്ക് അറിയില്ലായിരുന്നു. ഈ അടിയന്തരാവശ്യത്തെ നടപ്പിലാക്കാൻ കഴിയാതെ വന്ന മാൻചെവിയനും കടുവാക്കണ്ണനും എന്ത് സംഭവിച്ചു എന്നാണ് കഥാകാരൻ വിശദീകരിച്ചിരിക്കുന്നത്.

ഭാഷ / ശബ്ദം രാഷ്ട്രീയത്തിന്‍റെ കരു ആയി പ്രവർത്തിച്ച സന്ദർഭമായിരുന്നു ഇവിടെ രൂപപ്പെട്ടത്. അധികാരം എന്നത് ബലതന്ത്രവും ഭീതി എന്നത് അതിന്‍റെ പരിണതഫലവും ആയി മാറുമ്പോൾ മാൻചെവിയനെയും കടുവാക്കണ്ണനെയും പോലെയുള്ളവർക്ക് ചെറുത്തുനിൽക്കാനുള്ള ഇടം തന്നെ ഇല്ലാതാവുകയാണ്.

ശബ്ദത്തിന്‍റെ രാഷ്ട്രീയത്തെ നിക്ഷിപ്തതാത്പര്യത്തിനായി പ്രയോഗത്തിൽ വരുത്തിയ സുൽത്താൻ ഒരു പ്രതീകമാണ്. ആൾക്കൂട്ടത്തിന്‍റെ ശബ്ദകോലാഹലങ്ങൾ ഫാസിസത്തിൽ അവസാനിക്കുന്ന വർത്തമാനകാല പശ്ചാത്തലത്തെ കൂട്ടി ചേർത്ത് വേണം ഈ കഥ വായിക്കേണ്ടത്. കുറ്റബോധം എന്ന വികാരത്തെ ബോധത്തിൽ നിന്നും മായ്ച്ചു കളയാൻ ഭൂത കാലത്തെ മാറ്റിയെഴുതാൻ ശ്രമിക്കുന്ന ആധിപത്യ പ്രവണത പുലർത്തുന്ന ഭരണാധികാരികൾക്ക് ഒരേ തരംഗദൈർഘ്യം ആണെന്ന് ഈ കഥ സ്ഥാപിക്കുന്നു.

അനഭിമതമായ വസ്തുതകളെ മറവിയുടെ നിഘണ്ടുവിൽ ഒളിപ്പിച്ചു വെക്കാനുള്ള ത്വര സ്വാഭാവികമാണ്. സങ്കൽപ്പവികൽപ്പങ്ങളെല്ലാം മനസ്സിലാണ് ജന്മമെടുക്കുന്നതെങ്കിലും ചുറ്റുപാടുകളുടെ സ്വാധീനം കാഴ്ചയുടെയും കേൾവിയുടെയും സംസാരത്തിന്‍റെയും രാഷ്ട്രീയത്തിൽ കാതലായ മാറ്റം വരുത്തുന്നുണ്ട്. സുൽത്താൻ സ്വന്തം വ്യക്തിത്വത്തിന്‍റെ ശോഭ മാത്രമേ കണ്ടിരുന്നുള്ളൂ; അത് വർധിപ്പിക്കുന്നതിലായിരുന്നു അയാളുടെ ശ്രദ്ധ. മുൻഗാമിയുടെ ശബ്ദം ഇപ്പോഴത്തെ സുൽത്താൻ മാത്രം കേട്ടു കൊണ്ടിരിക്കുന്നു എന്നത് തെറ്റുകൾ ചെയ്ത ഒരാളുടെ കുറ്റസമ്മതമായി കാണാവുന്നതാണ്. ഗുലാഗിന്‍റെ ഭീകരതയെ മന:പൂർവം ഓർമയിൽ നിന്നും ഉച്ചാടനം ചെയ്യാൻ അധികൃതർ ശ്രമിച്ചിരുന്നു എന്ന കേട്ടുകേള്‍വി ഇവിടെ പ്രസക്തമാണ്. ഏകാധിപത്യത്തിന്‍റെ പാതയിലേക്ക് വീഴാൻ സാധ്യതയുള്ള ഭരണാധികാരിക്ക് സർവ വ്യവഹാരങ്ങളെയും തിരഞ്ഞെടുക്കാൻ നിയന്ത്രണശക്തി ഉണ്ടെന്നതിന്‍റെ ഉറപ്പിക്കൽ കൂടിയാണിത്.

aymanam john,story,malayalam,rahul radhakrishnanഗോത്രവിഭാഗത്തിനു പാരമ്പര്യമായി കിട്ടിയ സിദ്ധി/ജ്ഞാനം സുൽത്താന്‍റെ വരേണ്യപദവിക്കു മുന്നിൽ വൃഥാവിലായി പോയി. അധികാരം/ വരേണ്യത ഗോത്രവർഗത്തിനു മേൽ പ്രയോഗിക്കുന്ന ‘അദൃശ്യ’ മേധാവിത്വത്തിന്‍റെ ഭീകരതയെയാണ് ഇതു വ്യക്തമാക്കുന്നത്. പ്രജാക്ഷേമതത്പരനായ പഴയ സുൽത്താന്‍റെ ശബ്ദം കേട്ടില്ല എന്നു പറഞ്ഞ ഗോത്രവർഗ പ്രതിനിധികൾ പ്രായോഗികരാഷ്ട്രീയത്തിന്‍റെ കർതൃത്വമായിരുന്നു അണിഞ്ഞത്.

അന്തരീക്ഷത്തിലെ ശാരീരവിന്യാസത്തിന്‍റെ അലകും പിടിയും മനസ്സിലാവുകയും എന്നാൽ കേൾക്കാത്ത നാട്യം പ്രകടമാക്കുകയും ചെയ്തതോടെ നിലനിൽപ്പിനെയും ഭാവിയെയും സമീകരിക്കുന്ന ‘അടവ്’ നയമാണ് അവർ എടുത്തത്. എന്നാൽ അതിൽ വിജയം കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല.

സുൽത്താന്‍റെ അധികാരമണ്ഡലവും പ്രജകളുടെ വ്യവഹാരവും തമ്മിലുള്ള വിവേചനത്തിന്‍റെ നിർമിതി വ്യാഖ്യാനമാണ് ഈ കഥ. ഇതു തന്നെയാണ് ‘മിയാമിയൻ ഗോത്രചരിത്രത്തിൽ നിന്ന് ഒരേട്’ കരുതി വയ്ക്കുന്ന സാഹിതീയ പാഠവും.

മിത്തുകളെ നിർമ്മിക്കുന്ന സര്‍ഗാത്മകപ്രവർത്തനം വിശേഷപ്പെട്ടതാണ്. വാമൊഴിയിലൂടെ രൂപപ്പെട്ടിരുന്ന മിത്തുകളെ, വരമൊഴിയിലൂടെ – കഥയായി പറയുന്ന രീതിയിലേക്ക് – പരാവർത്തനം ചെയ്യുകയാണ് കഥാകൃത്ത്.

കൃഷിയുടെ വ്യവസായവത്കരണം വ്യവസ്ഥാപിതമായി നടന്നു കൊണ്ടിരിക്കുന്ന കാലത്ത്, കർഷകൻ ആകാൻ ആഗ്രഹിച്ചിരുന്ന ഒരു കുട്ടിയുടെ അനുഭവമാണ് ‘എന്‍റെ കാർഷിക ജീവിത സ്വപ്‌നങ്ങൾ’. കൃഷിയോട് ആഭിമുഖ്യം തോന്നിയിരുന്ന ഹ്രസ്വകാലയളവിലെ അനുഭവത്തെ ഓർത്തെടുക്കുന്ന ആഖ്യാനമാണ് ഈ കഥയിലേത്.

അധ്യാപകനായ അമ്മാവന്‍റെ ശിക്ഷണത്തിൽ പഠനം മികവുറ്റതാക്കാൻ അമ്മ വീട്ടിലേക്കു പോയ ആഖ്യാതാവിന്‍റെ ബാല്യകാലമാണ് കഥയിലെ സന്ദർഭം. ഓലപ്പീപ്പിയും ഊതിക്കൊണ്ട് ആറ്റിറമ്പിലൂടെ ഓടി നടന്ന്, പശുക്കളെയും കൊക്കുകളെയും മറ്റു പക്ഷികളെയും കൺ നിറയെ കണ്ടു കൊണ്ട് ജീവിക്കാൻ ആഗ്രഹിച്ച ആഖ്യാതാവ് അമ്മയുടെ അച്ഛനുമായി ചേർന്ന് കൃഷിയുടെ ബാലപാഠങ്ങൾ അഭ്യസിക്കാൻ തുടങ്ങി. എന്നാൽ താമസിയാതെ തന്നെ കൃഷിക്കാരനെ പൊതുസമൂഹം നോക്കിക്കാണുന്നത് ബഹുമാനം നിറഞ്ഞ കണ്ണുകളോടെയല്ല എന്ന് മനസ്സിലാക്കി. കാർഷികസമൂഹത്തിന്‍റെ അവകാശങ്ങൾക്കു മേൽ ഉപഭോക്‌തൃ/കച്ചവട സമൂഹത്തിനുണ്ടാവുന്ന മേൽക്കൈ ബോധ്യപ്പെട്ട ആഖ്യാതാവിനു കൃഷിയുടെ ഭാവിയിലുള്ള വിശ്വാസം നഷ്ടമാകുന്ന സ്ഥിതി സംജാതമായി.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വിനിമയത്തിൽ വിള്ളൽ വരുന്നതിനെ ആശങ്കയോടെ മാർക്സ് നോക്കിക്കണ്ടിരുന്നു എന്നത് ഇവിടെ പ്രസക്തമാണ്. മുതലാളിത്തം അതിന്‍റെ സ്വകാര്യവും സ്വാർത്ഥവും ആയ താല്പര്യങ്ങൾക്കും മാത്രം ശ്രദ്ധ നൽകുമ്പോൾ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അകൽച്ചയെ കാതലോടെ നേരിടാൻ മാർക്സിസ്റ്റ് ജ്ഞാനശാഖ പൂർണമായും തയ്യാറായിട്ടുണ്ടോ എന്നതും ചിന്തിക്കേണ്ടതുണ്ട്.

‘അമ്മാച്ചൻ’ എന്ന കഥാപാത്രത്തിന് എന്തുകൊണ്ട് സമൂഹം ആദരവ് നൽകുന്നു; എന്നാൽ അതേ സമൂഹം അപ്പച്ചനെ വേണ്ടത് പോലെ പരിഗണിക്കുന്നുമില്ല എന്നത് ചിന്തനീയമാണ്. അധികാരശ്രേണിയുടെയും ജ്ഞാനനിർമിതിയുടെയും രാഷ്ട്രീയത്തിൽ കൃഷിക്കാരൻ പകച്ചു നിൽക്കുന്ന ഇത്തരമൊരു മുഹൂർത്തത്തിലാവണം അപ്പച്ചൻ സ്വന്തം മകനെ (അമ്മാച്ചൻ) കൃഷിക്കാരൻ ആക്കാതിരുന്നത്. ഈ ‘രഹസ്യം’ അധികം താമസിയാതെ ആഖ്യാതാവിനു ബോധ്യപ്പെട്ടു. ശ്രദ്ധയോടെയും ചിട്ടയോടെയും കൂടെ കൃഷി ചെയ്ത ചേനകൾ കമ്പോളത്തിലെ വിലയില്ലാച്ചരക്കുകൾ ആവുകയായിരുന്നു. ഉപഭോഗ സമൂഹവും /കച്ചവടക്കാരും നിർമിക്കുന്ന ‘ധനതത്വശാസ്ത്രത്തിൽ’ കർഷകന്‍റെ ഉത്പന്നങ്ങൾക്ക് വിലയില്ല എന്ന ‘വസ്തുത’ കൂടി ആഖ്യാതാവ് ചെറുപ്രായത്തിൽ തന്നെ മനസിലാക്കി.

പട്ടണത്തിലേക്ക് പോകുമ്പോൾ “ദിവസേനയെന്നോണം അപ്പച്ചൻ തോട്ടത്തിൽ നിന്ന് പറിച്ച് കൊണ്ട് വന്ന പാകമായ പച്ചക്കറികൾ ഞാൻ കൂടി പരിപാലിച്ചതോ പറിച്ചെടുത്തതോ അല്ലെന്നു വന്നപ്പോൾ അന്നോളം ഏറെ സ്വാദിഷ്ടമെന്നു തോന്നിയിരുന്ന, അമ്മ വീട്ടിലെ ഭക്ഷണത്തിന്‍റെ രുചികളും എനിക്ക് നഷ്ടപ്പെട്ടു” എന്ന പ്രസ്താവന സ്വപ്നഭംഗം വന്ന കുട്ടിയുടേത് ആയിരുന്നു. കൃഷിപ്പണിയിൽ തോറ്റ അയാൾ പഠനകാര്യത്തിൽ മിടുക്കനായതും കഥാകൃത്തിന്‍റെ വിപരീതാര്‍ത്ഥപ്രയോഗം ആയിരുന്നു. മഹാത്മാഗാന്ധിയെ പോലെയുള്ള അപ്പച്ചൻ സ്വന്തം വീടിന്‍റെ അടുക്കളയിൽ വരെ വഞ്ചിക്കപ്പെട്ട ഒരു സാധു കർഷകനായി മാറുന്ന കാഴ്ചയും അയാൾ കാണാനിടയായി.

aymanam john,rahul radhakrishnanമുതലാളിത്തം എന്ന സംജ്ഞയെ എതിർക്കുകയും മുതലാളിത്തത്തിന്‍റെ ഫലമായുണ്ടാവുന്ന ഉത്പാദനത്തെയും തൊഴിലവസരങ്ങളെയും പിന്തുണക്കുകയും ചെയ്യുന്ന നയം പ്രയോഗികതയുടേതാണ്. ആവാസ വ്യവസ്ഥയെയും പ്രകൃതിയിലെ വിഭവങ്ങളെയും തകർത്തു കൊണ്ട് റിയൽ എസ്റ്റേറ്റ് സംരംഭങ്ങൾ പിടി മുറുക്കുന്നതിന്‍റെ ചിത്രമാണ് ‘മഹർഷിമേട് മാഹാത്മ്യം’ എന്ന കഥ.

മണ്ണിൽ വീണു കിടക്കുന്ന പക്ഷിത്തൂവലുകൾക്ക് പോലും ഭൂമിയുടെ ആവാസ വ്യവസ്ഥിതിയിൽ ആനുപാതികമായ സ്ഥാനമുണ്ട് എന്നു കഥകളിലൂടെ ഉറപ്പിച്ചു പറഞ്ഞ എഴുത്തുകാരനാണ് അയ്മനം ജോൺ.

ഭൂമി വരച്ചു തീരാത്ത ചിത്രമാണെന്ന അദ്ദേഹത്തിന്‍റെ വിശ്വാസത്തെ ആക്ഷേപിക്കുന്ന വിധത്തിലുള്ള ‘ഇടിച്ചുനിരത്തലുകൾ’ ആണ് നടന്നു കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് മഹർഷിമേട് എന്നും പിന്നീട് കടുവാക്കുന്ന് എന്നും അറിയപ്പെട്ട കുന്നിൻ പ്രദേശത്ത് നവീനമായ സൗകര്യങ്ങളുള്ള പാർപ്പിടക്കൂട്ടമായ ടൈഗർഹിൽ അപ്പാർട്ട്മെന്റ് ഉയർന്നു വന്നു. കഥയിൽ പറഞ്ഞിട്ടുള്ള നാലു മഹർഷിമാരുടെ വാസസ്ഥാനങ്ങളായ പൂർവവിപിനം, ദക്ഷിണവിപിനം, പശ്ചിമ വിപിനം, ഉത്തരവിപിനം എന്നീ വനങ്ങളുടെ സ്ഥാനത്ത് യഥാക്രമം ഈസ്റ്റ് ഫോർട്ട്, സൗത്ത് ഫോർട്ട്, വെസ്റ്റ് ഫോർട്ട്, നോർത്ത് ഫോർട്ട് എന്നീ കൊട്ടാര സദൃശമായ വില്ലകൾ പ്രത്യക്ഷപ്പെട്ടു. മാത്രമല്ലാ അവിടെ ഇപ്പോൾ ക്രിമിനൽ വക്കീലും ഫൈനാൻസിയറും ജ്വല്ലറും സ്റ്റോക്‌ബ്രോക്കറും താമസിക്കുന്നുവെന്നതും വൈരുധ്യമാണ്. ചരിത്രം പ്രഹസനമായി ആവർത്തിക്കും എന്ന് പറയുന്നത് പോലെയുള്ളൊരു സാഹചര്യമാണിത്.

ഫോക്‌ലോറിനെ /ഐതിഹ്യത്തെ വർത്തമാന യാഥാർഥ്യങ്ങളിലേക്ക് പ്രതിഷ്ഠാപനം ചെയ്തു കൊണ്ട് നവലോകത്തിന്‍റെ ശീലങ്ങളെ അവതരിപ്പിച്ചിരിക്കുകയാണ് ഈ കഥയിൽ. കാട് വെട്ടി നശിപ്പിക്കുന്നവർ സ്വന്തം സംസ്കൃതിയെയാണ് തള്ളിപ്പറയുന്നതെന്ന യുക്തിഭദ്രമായ വാദത്തെയാണ് കഥാകൃത്ത് ദ്യോതിപ്പിക്കുന്നത്. മനുഷ്യന്‍റെ അനാവശ്യമായ ഇടപെടലുകൾ പ്രകൃതിയുടെ സ്വാഭാവികതയെ ചോദ്യം ചെയ്യുന്ന വിധത്തിൽ സങ്കീർണമാവുകയാണ്. ജീവിതത്തിന്‍റെ സന്ധികളെല്ലാം തന്നെ വിപണിയെ ആശ്രയിക്കുന്ന സന്ദർഭങ്ങളായി മാറുമ്പോൾ കാടും മലകളും നീരുറവകളും സ്വകാര്യസ്വത്തുക്കളാവുന്നു.

“കടുവകളുടെ വംശം മഹർഷിമാരുടെ വംശത്തെ അതിജീവിച്ചുവെന്ന് ആറ്റിറമ്പ് മാഹാത്മ്യത്തിൽ എഴുതിയത് വഴി നാടിന്‍റെ ചരിത്രവും പാരമ്പര്യവും മഹർഷിമാരിലൂടെയെന്ന പോലെ തന്നെ കടുവകളിലൂടെയും വായിക്കാനുള്ള വഴി തുറന്നിട്ടിരുന്നത് എത്ര നന്നായി” എന്ന കഥാകാരന്‍റെ ആത്മഗതം കടുവകളെ ഇല്ലാതാക്കി കൊണ്ടുള്ള ചരിത്രം എത്തി നിൽക്കുന്നത് പ്രകൃതിയെ തന്നെ ഇല്ലായ്മ ചെയ്യുന്നതിലാണ് എന്ന സത്യത്തെ ബോധ്യപ്പെടുത്തുന്നു.

പ്രകൃതിയെ ചൂഷണം ചെയ്യുന്നതോടൊപ്പം മനുഷ്യന്‍റെ സ്വകാര്യതയ്ക്ക് വരെ ഭംഗം വരുത്തുന്ന രഹസ്യനിരീക്ഷണത്തെ പറ്റിയും കഥയിൽ പരാമർശമുണ്ട്. മുതലാളിവർഗം വിഭാവനം ചെയ്യുന്ന സുസ്ഥിര വികസനവും പരിസ്ഥിതിസൗഹൃദ ദൗത്യങ്ങളും ഉന്നം വെയ്ക്കുന്നത് യഥാർത്ഥ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് മേലുള്ള അധിനിവേശമാണ്. മൂലധനത്തിന്‍റെ പരിധി മൂലധനം തന്നെയാണെന്ന മാർക്സിന്‍റെ നിഗമനം ഇവിടെ എടുത്തു പറയണം, പ്രകൃതിയെയും മാനവവിഭവങ്ങളെയും ചൂഷണം ചെയ്യാതെ മൂലധനം പ്രവർത്തനക്ഷമമാവില്ല.

പലസ്തീനിലെ അധിനിവേശത്തിന്‍റെ ഭാഗമായി അതിരുകളും മതിൽക്കെട്ടുകളും നിർമിച്ചു കൊണ്ടിരുന്ന ഇസ്രായേൽ അധികൃതർക്കു സസ്യജാലങ്ങൾക്കും മൃഗങ്ങൾക്കും അപകടം പിണയരുതെന്നു നിർബന്ധമുണ്ടായിരുന്നു! എഡ്‌വേഡ് സൈദ് ഇത്തരം കപടപാരിസ്ഥിതിക നിലപാടുകൾക്ക് എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇത്തരത്തിലുള്ള ‘ഹരിത’ അധിനിവേശത്തിന്‍റെ മുഖമാണ് കടുവാക്കുന്നിൽ ദൃശ്യമായത്. അധികൃതവർഗം ഔദ്യോഗികമായി നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം യത്നങ്ങളിൽ വിശാലവീക്ഷണം ഇല്ലാതെ വരുന്നു.

വനം ഏറ്റെടുക്കുകയും വനത്തിൽ കാലങ്ങളായി താമസിച്ചു കൊണ്ടിരുന്ന ഗോത്രവിഭാഗങ്ങളെ അവിടേക്ക് പ്രവേശനം വിലക്കുകയും ചെയ്യുന്ന രീതിയും പ്രാബല്യത്തിലുണ്ട്. കുത്തക മുതലാളിമാരുടെ അധീനതയിൽ ആയിപ്പോയ കടുവാക്കുന്നിന്‍റെ നിലയും വേറൊന്നായിരുന്നില്ല.

കടുവകളുടെ സംരക്ഷണത്തിന് തുക വകയിരുത്തുന്നതിനുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തയ്യാറാക്കുന്ന ആഖ്യാതാവിനെയാണ് ‘കടലാസ് കടുവകൾ’ എന്ന ചെറുകഥയിൽ  അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥയിലും കഥാകൃത്തിന്‍റെ വ്യവസ്ഥകളോടുള്ള പരിഹാസം പ്രകടമാണ്.

ഈ കഥയിലും കഥാകൃത്തിന്റെ വ്യവസ്ഥകളോടുള്ള പരിഹാസം പ്രകടമാണ്. മന്ത്രാലയത്തിൽ നിന്നുള്ള വിജ്ഞാപനം ഇതിന്റെ ദൃഷ്ടാന്തമാണ്. “പശുക്കളുടെയും മറ്റും സ്വൈരവിഹാരത്തിന് വിഘാതം വരുത്തുന്ന കടുവകളെ വെടിവെച്ച് കൊല്ലുന്ന നടപടി തുടരാൻ അനുവദിച്ചു കൊള്ളുക. വനാതിർത്തി വിടാതെ കടലാസ്സുകടുവകളെപ്പോലെ തന്നെ കഴിഞ്ഞു കൂടുന്നവയ്ക്ക് നിലവിൽ നൽകി വരുന്ന സംരക്ഷണവും തൽക്കാലം തുടരുക.” എന്ന ഉത്തരവിലെ ആക്ഷേപഹാസ്യം അധികൃതരുടെ ഉദാസീനമായ നിലപാട് വ്യക്തമാക്കുന്നു. ഇതോടൊപ്പം കഥയിൽ ഒളിപ്പിച്ചു വെച്ചിട്ടുള്ള അന്യാപദേശത്തിന്റെ അംശം കാണാതിരുന്നു കൂടാ. ഫാസിസത്തിന്റെ വേരുകൾ എക്കാലത്തേക്കാളും കരുത്തോടെ ആഴ്ന്നിറങ്ങുന്ന ഒരു കാലമാണിത്. അതിനെതിരെ മൗലികമായ ചിന്തയോടെ പ്രവർത്തിക്കുന്ന എഴുത്തുകാരെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ധീരമായ നിലപാടുകൾ ഇല്ലാത്ത കടലാസ് കടുവകളെ പോലെയുള്ള ബുദ്ധിജീവികൾക്ക് അപകടം ഒന്നും സംഭവിക്കുന്നില്ല.ഈ സാഹചര്യത്തെ മനസ്സിൽ കണ്ടു കൊണ്ടാണ് ഈ കഥ എഴുതിയിരിക്കുന്നത് എന്ന് തീർച്ചയാണ്

Read More: സ്വപ്നസംവാദം – അയ്‌മനം ജോണിന്റെ കഥ

ആഗോളവത്കരണത്തോടെ സാമ്പത്തികതലത്തിൽ പ്രകടമായ വ്യതിയാനങ്ങൾ സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉണ്ടായി. അതോടൊപ്പം തന്നെ പാരിസ്ഥികമായ ആഗോളവത്കരണവും (Ecological Globalisation) വേരു പിടിക്കുമെന്നു പൊതുവെ കരുതിയിരുന്നു. എന്നാൽ അങ്ങനെ ഒരു രീതി ശക്തി പ്രാപിച്ചില്ല. അണുകുടുംബങ്ങളുടെ ഉദയം ഓരോ കുടുംബത്തെയും ഓരോ പുറം തോടിലാക്കുകയും പ്രകൃതിയിലെ മറ്റു ജീവജാലങ്ങളെ ചേർത്തു പിടിക്കാനുള്ള ജാഗ്രത കുറയ്ക്കുകയും ചെയ്തു. അതു കൊണ്ടാവണം മനുഷ്യരുടെ അടുത്ത കുടിപ്പാർപ്പ് നടത്തിയിരുന്ന ജീവികൾ ഉൽക്കാടുകളിലേക്ക് പലായനം ചെയ്തത്. ‘മയൂരസന്ദേശം’ എന്ന കഥയുടെ പ്രമേയപരിസരം. ഈ വിഷയത്തോട് അടുത്ത് നിൽക്കുന്നു. വിദ്യാർത്ഥികളുടെ അമിതമായ പക്ഷിസ്നേഹത്തിൽ, സ്ഥലം മാറി വന്ന പ്രധാനാധ്യാപകൻ ഈർഷ്യ പൂണ്ടു. എന്നാലൊരു ദിവസം മയിലുകളുടെ കൂട്ടം സ്കൂളിൽ പറന്നിറങ്ങുകയും സ്‌കൂൾ ഭിത്തിയിലെ ചിതലുകൾ കൊത്തി തിന്നാനും തുടങ്ങി. ചിതലുകൾ മയിലുകളെ ആകെപ്പാടെ അലോസരപ്പെടുത്തിക്കൊണ്ട് കാൽപ്പത്തികളിലൂടെ കയറി ശരീരങ്ങളിലേക്ക് അരിച്ചു കയറി നടക്കാനും തുടങ്ങി . സ്‌കൂളിന്റെ അസ്‌തിവാരമാകമാനം ചിതലരിച്ച് കഴിഞ്ഞുവെന്നുള്ള വിപൽസന്ദേശം പകർന്നു നല്കാൻ എത്തിയ പോലെ വന്നതായിരുന്നു മയിൽക്കൂട്ടം. ജീവിതചക്രത്തിൽ മനുഷ്യനോടൊപ്പം പക്ഷികളും മൃഗങ്ങളും ചിതലുകളും തുടങ്ങി സകല ചാരാചാരങ്ങളുമുണ്ട് എന്ന സങ്കല്പത്തിനാണ് ഇവിടെ ഊന്നൽ കൊടുക്കുന്നത്. പക്ഷിത്തൂവലുകൾ അമൂല്യമായ വസ്തുക്കളായ ലോകത്തെ അയ്മനം ജോൺ ‘പക്ഷിസംബന്ധമായ ചിലത്’ എന്ന അദ്ദേഹത്തിന്റെ ആദ്യകാലത്തെ ഒരു കഥയിൽ പറഞ്ഞതും ഈ ഘട്ടത്തിൽ ഓർക്കേണ്ടതാണ്. പക്ഷിത്താവളത്തിലെ പക്ഷികളെ മുട്ടയ്ക്കും മാംസത്തിനും തൂവലുകൾക്കുമായി കൊന്നൊടുക്കിയ മനുഷ്യന്റെ ഉപഭോക്തൃപരത മൂലം പക്ഷിസമ്പത്തിന് നാശം സംഭവിച്ചു. പറക്കാനുള്ള തങ്ങളുടെ കഴിവിനെ ആശ്രയിച്ചു കൊണ്ട് പക്ഷികൾ അവിടം വിട്ടു വിജനപ്രദേശത്തേക്ക് മാറിപ്പാർത്തിരുന്നു. ഇതിനു സമാനമായിട്ടായിരുന്നു ഗ്രാമത്തെയും കുട്ടികളെയും വിട്ടു മയിലുകളുടെ കാട്ടിലേയ്ക്കുള്ള പറക്കൽ.

വർഗബലത്തിന്റെ ശൃംഖലയിൽ ജീവിതം മുന്നോട്ടു നീക്കിയ തലമുറ ഇനിയുള്ള കാലം സാധ്യമാകുമോ എന്നുറപ്പില്ല. ചങ്ങലയിൽ നിന്നും വേർപെട്ട് പോയ കണ്ണികൾ അതിജീവനത്തിനായി സ്വന്തം ശരീരവും മനസ്സും മാത്രം ആയുധങ്ങളാക്കി പൊരുതുന്ന കലുഷിതലോകമാണ് ഇന്നത്തേത്. ‘സ്വപ്നസംവാദം’ എന്ന കഥ ചർച്ച ചെയ്യുന്ന വിഷയം ഇതാണ്. ഭൂമിയിലെ നിലനിൽപ്പും മനുഷ്യനിലുള്ള വിശ്വാസവും തകർന്നു കൊണ്ടിരിക്കുന്ന കെട്ട കാലത്ത് മനുഷ്യൻ ഏകനാണ്. സമൂഹവും വർഗ്ഗവും അവന്റെ സഹായത്തിനെത്തണമെന്നില്ല. അധ്വാനചൂഷണവും പ്രകൃതിചൂഷണവും വൈകാരികചൂഷണവും അവൻ അനുഭവിക്കേണ്ടി വരുന്നു. കാസാൻസാകീസ് മൂന്നു തരം ആളുകളെ കുറിച്ചു പറഞ്ഞിട്ടുണ്ട്. ജീവിതം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നവർ ആണ് ഒരു കൂട്ടർ. ജീവിതത്തിന്റെ സുഖഭോഗങ്ങളിൽ അഭിരമിക്കുക, അതോടൊപ്പം ധനവും കീർത്തിയും സമ്പാദിക്കുക എന്നതാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അടുത്ത വിഭാഗം ആകട്ടെ, മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരാണ്. പിന്നെയുള്ള ഒരു പറ്റം ആളുകൾ മുഴുവൻ ലോകത്തെയും-സർവ ചരാചരങ്ങളെയും ഏകഭാവത്തോടെ കണ്ടുകൊണ്ട് ജീവിതം മുന്നോട്ടു നീക്കുന്നു. എന്നാൽ നവലോക ജീവിതവ്യവസ്ഥയിൽ, സ്വന്തം താല്പര്യങ്ങളെ മാത്രം സംരക്ഷിക്കുന്ന മനുഷ്യരെ ആണ് കാണുന്നത്. ആ ഭീതിദമായ പരിതഃസ്ഥിതിയാണ് ആഖ്യാതാവിനെ ഭയപ്പെടുത്തിയതെന്നു സാരം. വീഴുമ്പോൾ താങ്ങാൻ ഒരു കൈ സഹായം പോലുമില്ലെന്ന ചിന്ത അയാളെപ്പോലെ ലോകാവസ്ഥയെ പറ്റി ആലോചിക്കുന്ന എല്ലാവർക്കും ഉണ്ടാവും. ഈ സ്വപ്നത്തിന്റെ ‘യാഥാർഥ്യ’മാണ്.aymanam john,rahul radhakrishnan

Read More: ഒറ്റ വാചകത്തിൽ ഒരു കഥ-പരവേശം-അയ്‌മനം ജോൺ

‘റോസാപ്പൂനിറമുള്ള ഇറച്ചി’. സമൂഹത്തിന്റെ മനസ് പ്രക്ഷുബമായി പെരുമാറുന്നതിന്റെയും മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ പരിശുദ്ധി നഷ്ടമാവുന്നതിന്റെയും പ്രത്യക്ഷോദാഹരണമാണ് ഈ കഥ. സങ്കൽപ്പിക്കാൻ അറപ്പ് തോന്നുന്ന സംഭവങ്ങൾ നമുക്ക് ചുറ്റും നടക്കുന്നത്തിലുള്ള കഥാകൃത്തിന്റെ ഖിന്നത എഴുത്തിലൂടെ പ്രകടമാക്കുന്നു.

മനുഷ്യബന്ധത്തിന്റെ ആഴങ്ങൾ കുറഞ്ഞു വരികയും സാമ്പത്തിക ക്രയവിക്രയങ്ങൾ പോലെ മനുഷ്യർ തമ്മിലുള്ള സമ്പർക്കം മാറുകയും ചെയ്തു. നാട് വിട്ടു പോയ മകൻ, അമ്മയ്ക്കായി ഒരു കുപ്പി ഗംഗാജലം മാത്രം കൊണ്ട് വന്നതിൽ വീട്ടുകാർക്കുള്ള അതൃപ്തി ‘തിരോധാനരഹസ്യം’ എന്ന കഥയിൽ പറഞ്ഞിട്ടുണ്ട്. മക്കളെക്കാൾ കരുതലോടെ അമ്മച്ചിയുടെ മരണത്തെ നേരിട്ട ആശ്രിതനും (‘ഒരു മരണാനന്തര സംഭവ കഥ’), മക്കളെ പോറ്റാൻ വേണ്ടി മോഷ്ടിക്കേണ്ടി വന്ന അച്ഛനും (‘ഒരു പഴയകാല കഥ’) സ്നേഹം പണത്തിന്റെ അളവിൽ കണ്ടു കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ഇരകളായിരുന്നു

ആനന്ദിന്റെ ‘നാലാമത്തെ ആണി’ എന്ന കഥയിൽ കുരിശ് ശരീരത്തിന്റെ ഭാഗമെന്നോണം പേറി നടക്കുന്ന ക്രിസ്തുവിനെ ആണ് അവതരിപ്പിച്ചിരിക്കുന്നത് . യേശു ക്രിസ്തു അനുഭവിച്ച പീഡനത്തിന്റെ സൂക്ഷ്മകാഴ്ചയാണത്. ക്രിസ്തുവിനെ വേറിട്ട തരത്തിൽ കാണുന്ന ആനന്ദിന്റെ കഥ ഓർത്തു കൊണ്ടു വേണം ഈ സമാഹാരത്തിലെ ‘പ്രാവുകളുടെ ഇടയൻ ‘ വായിക്കേണ്ടത്. സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതിരൂപമായ യേശുവിനെയാണ് ‘പ്രാവുകളുടെ ഇടയനിൽ’ അയ്മനം ജോൺ വരച്ചു കാണിച്ചിരിക്കുന്നത്. യേശുവിനെ സാകൂതം വീക്ഷിച്ചു കൊണ്ടിരിക്കുന്ന പ്രാവിൻ കൂട്ടം തങ്ങളുടെ രക്ഷകനെയായിരുന്നു യേശുവിൽ കണ്ടത്. ക്രൂശിതനായതിനു ശേഷവും മാന്ത്രികമായ പരിവേഷത്തോടെ പ്രാവിൻകൂട്ടത്തോടൊപ്പം യേശു ഉണ്ടായിരുന്നു. നഥാനിയേൽ മറന്നു പോയ യേശുവിന്റെ മുഖം , അവൻ വീണ്ടും കണ്ടത് പ്രാവിൻകൂട്ടത്തിനു പിന്നിലെ അദൃശ്യതേജസായിട്ട് ആയിരുന്നു. നഥാനിയേൽ ജലസംഭരണിയുടെ ഭിത്തിമേല്‍ യേശുവിന്‍റെ മുഖം വരച്ചു. നഥാനിയേല്‍ വരച്ച യേശുവിന്‍റെ ചിത്രത്തിലേക്ക് സാകൂതം നോക്കിയിരിക്കുന്ന പ്രാവുകൾ സ്നേഹം കാംക്ഷിച്ചു കാത്തിരിക്കുന്നതാവാം. സ്നേഹം പകർന്നു തരുന്ന വിശ്വാസത്തിന്റെ ഉറപ്പിനായി സമാധാനത്തിന്റെ ചിഹ്നങ്ങളായ പ്രാവുകളെ ആണ് കഥാകൃത്ത് നിയോഗിച്ചിരിക്കുന്നതെന്നു ശ്രദ്ധേയം. സ്വപ്നസംവാദത്തിൽ വിശ്വാസതകർച്ചയാണ് സൂചിപ്പിക്കുന്നതെങ്കിൽ ഇവിടെ അത് വിശ്വാസം ദൃഢമാക്കാൻ ഒരു ബിംബത്തെ കാത്തിരിക്കുന്ന ജീവജാലങ്ങളെയാണ് വ്യാഖ്യാനിച്ചിരിക്കുന്നത്.

Read More: മൗലിനോങ്ങും മാടായിപ്പാറയും: അയ്‌മനം ജോൺ എഴുതുന്നു

“പാട്ടു പാടുന്ന പക്ഷികളെ കാണാതാവുന്നതിനെ കുറിച്ച് വായിക്കുകയായിരുന്നു ഞാൻ. ശാസ്ത്രീയമായ രീതിയിലുള്ള കാട് പിടിപ്പിക്കൽ, കൃഷിയും, തോട്ടങ്ങൾ ഉണ്ടാക്കുന്നതും മറ്റുമാണ് അവർക്ക് കൂടു വെക്കാനുള്ള പ്രകൃതിയുടെ മടിത്തട്ട് നഷ്ടമാകുന്നത്. അതു മാത്രമല്ല, തരിശുനിലങ്ങളും, പാഴ്‌മരങ്ങളും കൊഴിയുന്ന ഇലകളും കുറ്റിക്കാടുകളും ഇല്ലാതായി കൊണ്ടിരിക്കുകയാണ്. എനിക്ക് ഇതെല്ലം ഹൃദയവേദന ഉണ്ടാക്കുന്നു. മനുഷ്യർക്ക് വന്നിരിക്കുന്ന പ്രയാസങ്ങളെക്കാളും ചെറുത്തുനിൽക്കാൻ പോലും കരുത്തില്ലാതെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ചെറുജീവികളാണ് എന്നെ ദുഃഖിപ്പിക്കുന്നത്, എന്നെ കരയിപ്പിക്കുന്നത്.” മാർക്സിസ്റ്റ് ചിന്തകയായ റോസാ ലക്സംബർഗ് സോഫി ലയ്ബ്നെക്ട് എന്ന കൂട്ടുകാരിക്ക് 1917ൽ അയച്ച ഒരു കത്തിൽ നിന്നുള്ള ഭാഗമാണിത്. പരിസ്ഥിതിയുടെ നാശത്തെ വ്യസനത്തോടെ ഉറ്റുനോക്കുന്ന എഴുത്തുകാരിയുടെ ആന്തൽ ഒരു നൂറ്റാണ്ടിനു ശേഷം എത്ര അർത്ഥവത്തായി മാറുന്നു. മനുഷ്യന്റെ അധികാരവ്യവസ്ഥയുടെ പരിണതി ആയി പ്രകൃതിയുടെ അശുഭകരമായ സ്ഥിതിയെയാണ് അയ്മനം ജോൺ പങ്കു വെയ്ക്കുന്നത്. അധികാരത്തിനെതിരെയുള്ള പ്രതിരോധശ്രമങ്ങൾ ശരിയായ ദിശയിലാവണമെങ്കിൽ മനുഷ്യർ തമ്മിലുള്ള സംവേദനത്തിനു സ്നേഹത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും അകമ്പടി ഉണ്ടാവണം. പ്രകൃതിയും, മനുഷ്യവിനിമയങ്ങളും, സംസ്കാരവും ഒത്തിണക്കത്തോടെ വർത്തിക്കുന്ന ഒരു ജ്ഞാനമണ്ഡലം ക്രമേണ വികസിക്കുകയും ചെയ്യുമെന്ന വിശ്വാസം മുറുകെ പിടിച്ചാണ് അയ്മനം ജോൺ ഓരോ കഥയും അവസാനിപ്പിക്കുന്നത്.

ReadMore: ഭൂമിയെന്ന വരച്ചു തീരാത്ത ചിത്രം


ഡിസി ബുക്‌സ് പ്രസിദ്ധികരിക്കുന്ന അയ്മനം ജോണിന്റെ മഹർഷി മേട് മാഹാത്മ്യം എന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ലേഖനം

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Ayamanam john maharshimedu mahatmyam rahul radhakrishnan