കടലോളം നിശ്ശബ്ദമായ ഒരു മുറി
സീലിങ്ങ് ഫാൻ കടഞ്ഞെടുക്കുന്ന
പ്രണയപ്പാടകളുടെ
ഭൂമിക.

ഉടലിൽ നിന്നുത്ഭവിക്കുന്ന
സുഗന്ധപൂരിതമായ ഒരു കാറ്റ്
വർണ്ണശബളമായ ഇതളുകൾ
ഓരോന്നായി പൊഴിക്കുന്നു.

ഒരാൾ മരംകൊത്തി
ഒരാൾ മരം
തായ്ത്തടിച്ചുണ്ടിൽ
പൊത്തുകൾ കൊത്തുന്ന
പക്ഷിക്കൊക്ക്.

കുന്നുകളെന്ന് വിളിച്ച പ്രദേശം
ഒരു മുയൽക്കാട്.
അത്രമേലരുമയായി വിരലറ്റത്തിണങ്ങുന്ന
പവിഴക്കണ്ണുകളുള്ള
രണ്ട് മുയലുകൾ.

ചെവിയോരം വരമ്പ്
കാലുതെറ്റി വെള്ളത്തിൽ വീണ്
നീന്തുന്ന നീർനായ.

ഉടലുനിറയെ ചുംബനവടുക്കളുമായി
മത്സരിച്ചോടുന്ന പുള്ളിമാനുകൾ.
ദൂരെയുള്ള കനികളിലേക്ക് കഴുത്തു നീട്ടുന്ന ജിറാഫ്‌.
പൂച്ചക്കണ്ണുകളുടെ തിളക്കം
നായ്ക്കളുടെ വിധേയത്വം.

കിടക്കവരിയിൽ വലകെട്ടുന്ന
ഇരട്ടത്തലയൻ ചിലന്തി
വലക്കണ്ണുകൾ മിനുക്കുന്ന
എട്ട് കാലുകൾ.

പുൽമേട്ടിലെ മാളത്തിലേക്കും പുറത്തേക്കും
ഇഴഞ്ഞിഴഞ്ഞ്
ചലനം പരിശീലിക്കുന്ന
ഒരു പാമ്പിൻ കുഞ്ഞ്.
വിറക്കുന്ന പുൽക്കൊടികളിലേക്ക്
മധുരം പച്ചകുത്തുന്ന നാക്ക്.

വിയർപ്പുറവയിൽ മുങ്ങിത്താണ്
മുഖം പുറത്തിട്ട്
ശ്വാസമെടുത്ത്
നീണ്ടു നിവർന്നു കിടന്ന
ഉഭയജീവികളായ മുതലകൾ.

അവരിറങ്ങിപ്പോകും വരെ
ഈ മുറി, ഒരു മൃഗശാല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook