അവർ നഗ്നതകൊണ്ട് ജീവിതത്തെ ഉടുപ്പിക്കുന്നു

മണലിൽ ഏകാന്തത
ചാരിവെച്ച കുട പോലെ സൂര്യൻ
അർദ്ധ നഗ്നരായി കമിഴ്ന്നും
മലർന്നും കിടന്ന് ശരീരം ചൂടേറ്റുന്നവർ
കരയുടെ കൈക്കു പിടിച്ചുവലിച്ചു വരൂ വരൂ
എന്ന് അപേക്ഷിക്കുന്ന ഒരു തിര
കുഞ്ഞു തിരകളെ നീന്തൽ
പഠിപ്പിക്കുന്ന അമ്മതിരകൾ
കടപ്പുറം കൂടുതൽ വിശാലമായ
ഒരു ജീവിതമാണെന്ന് തോന്നിപ്പോവും
മുറകളോ മുൻവിധികളോ ഇല്ലാത്ത
അതിരില്ലാത്ത അകമായി അത് നിറയുന്നു
മുറികളിൽ തുറക്കാൻ മടിച്ചതെല്ലാം
അവിടെ ഉണരുന്നു

നഗ്‌നത അവരെ പ്രേമത്തിന്‍റെ
ഉടുപ്പണിയിക്കുന്നു
അവരാരും നഗ്നരല്ല അവരെക്കാൾ മൂടിപുതച്ച
ഞങ്ങളാണ് ശരിക്കും നഗ്നരെന്ന് നാണിപ്പിക്കുന്നു
അവർ നഗ്നതകൊണ്ട് സംസാരിക്കുന്നു

sindhu m., poem

മണൽ തിട്ടുപോലുള്ള അവളുടെ മുലകൾ
ചെരിവുകൾ വളവുകളെല്ലാം
അയാളോട് കൊഞ്ചുന്നു
കടൽ പോലെ ഇരമ്പുന്ന അയാളുടെ നെഞ്ച്
ശംഖുപോലെ അവൾ കാതിൽ ചേർക്കുന്നു

ശരീരം അടച്ചിട്ട കുടുസ്സു മുറിയാക്കിയോർ
തുറക്കലുകൾ അശ്ലീലമെന്ന് പേടിച്ചു
അടച്ചിരുന്നവർ അതിശയകരവും
അതിസാഹസികവുമായ
ഒന്നും പ്രണയത്തിനായി ചെയ്‌തിട്ടില്ലാത്തവർ
ശരീരത്തിന്‍റെ സാദ്ധ്യതകൾ പരീക്ഷിക്കാത്ത
ഞങ്ങൾ ലജ്ജയോടെ അവരെ നോക്കുന്നു

പരസ്പരം അലിഞ്ഞു തീരാത്ത
കല്ലുപോലെയായ ദാമ്പത്യം കണ്ടെടുക്കാനായി
ഇരുട്ടിൽ നിഴൽ പോലെ മാത്രം കണ്ടിട്ടുള്ള
ശരീരങ്ങൾ ഊരി മണലിൽ വലിച്ചെറിഞ്ഞു
കടലിലേക്ക് ഇറങ്ങുന്നു

അത്ര നേരം കരയിൽ വെറുതെ
നോക്കിയിരുന്ന സൂര്യനും
ഞങ്ങൾക്കൊപ്പം പോരുന്നു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ