അതീവദുഃഖിതനായി ഇരിക്കുമ്പോള്‍ ഞാനും
ബുദ്ധനെ ഓര്‍ക്കുന്നു.

ബുദ്ധന്‍റെ ഒരു പ്രതിമ എന്റെ മുറിയിലുമുണ്ട്.

പക്ഷെ, എനിക്ക് ബുദ്ധന്‍റെ ഒരു പ്രതിമയും
ഇഷ്ടമായിരുന്നില്ല.

അതീവദുഖിതനായി ഇരിക്കുമ്പോള്‍
ചിലപ്പോള്‍ ഞാനും
ബുദ്ധമതത്തിലേക്ക് മതം മാറുന്നു.

കണ്ടുപിടിക്കാത്ത നീരുറവപോലെ അപ്പോള്‍
ഞാനും പുറപ്പെട്ടുപോകുന്നു.karunakaran, poem, iemalayalam

ഇതെല്ലാം ശരിയാണ്.

പക്ഷെ, എനിക്ക് ബുദ്ധന്‍റെ ഒരു പ്രതിമയും
ഇഷ്ടമായിരുന്നില്ല.

ഇരിയ്ക്കുന്നതോ. നില്‍ക്കുന്നതോ. ഒന്നും.

കിടക്കുന്ന ബുദ്ധനെ കാണുമ്പോള്‍
വെളിച്ചത്തില്‍ വറ്റുന്ന രഹസ്യമായ
ആലിംഗനങ്ങള്‍പോലെയാണ്

മതിവരുവോളം
ഞാന്‍ കണ്ടുനില്‍ക്കുന്നു.karunakaran, poem, iemalayalam

എന്നാല്‍, ഇന്നലെ,
എനിക്ക് മാത്രമുള്ള ഒരു ദര്‍ശനത്തില്‍
ബുദ്ധന്‍ തലകുത്തി നില്‍ക്കുന്നു

തലകുത്തിനിന്നുകൊണ്ടുതന്നെ
വര്‍ത്തമാനം പറയുന്നു.

പക്ഷെ, വെളിച്ചത്തിലേയ്ക്കുയര്‍ത്തിയ
രണ്ട് ആയുധങ്ങള്‍പോലെ

ചോരപൊടിയുന്ന പാദങ്ങള്‍

– അങ്ങനെയൊരു പ്രതിമ
ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook