scorecardresearch

ആഷാമേനോന് ഒ.വി.വിജയന്റെ പാഠം വായിക്കാനാകുമോ?

സാഹിത്യ ലോകത്ത് വിമർശകരുടെ റോളെന്താണ്? കൃതിയുളള “യാഥാർത്ഥ്യം” കണ്ടെത്തുകയാണോ വിമർശകൻ ചെയ്യുന്നത് ? വിമർശനത്തെ കുറിച്ചൊരു വിമർശനം

ആഷാമേനോന് ഒ.വി.വിജയന്റെ പാഠം വായിക്കാനാകുമോ?

‘ഞാന്‍ ഖസാക്കില്‍ എന്റെ മനക്കണ്ണില്‍ കണ്ട വേദനകളും കണ്ണീരും ഇന്നാണ് ആദ്യമായി ഒരാള്‍ പകുക്കുന്നത്. സുഹൃത്തേ, താങ്കള്‍ ആരാണ്, നാം തമ്മില്‍ കൂടുതല്‍ അറിഞ്ഞേ ഒക്കൂ’ – ഒ.വി. വിജയന്‍ ആഷാമേനോന് എഴുതിയ വാക്കുകളാണിത്. മലയാളത്തിലെ ആധുനികതാവാദകാലത്തിന്റെ സാഹിത്യവിമര്‍ശകനായ ആഷാമേനോന്‍ വിജയകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിലാണ് ഇങ്ങനെയെല്ലാം കുറിക്കപ്പെട്ട കത്തിനെ കുറിച്ചു പറഞ്ഞിരിക്കുന്നത്. വിജയന്‍ വിശ്വസിച്ച കാര്യങ്ങളാണ് അദ്ദേഹം എഴുതിയതെന്നു തീര്‍ച്ച! ആഷാമേനോന്‍ വിജയന്റെ വാക്കുകളെ അഭിനന്ദനമായി കരുതുകയും അങ്ങനെ തന്നെ സ്വീകരിക്കുകയും ചെയ്യുന്നുവെന്നും കരുതണം. ഇതേ കാര്യത്തെ കുറിച്ച് ഫേസ്ബുക്കില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ആഷാമേനോന്റെ സുഹൃത്തുക്കള്‍ എഴുതിയതും ഇതോടൊപ്പം ഓര്‍ക്കുന്നുണ്ട്. വിജയന്റെ കത്തിനെ കുറിച്ച് അവരും പറയുന്നു. ആഷാമേനോന്‍ വിജയന്റെ സമാനഹൃദയനായ വായനക്കാരനാകുന്നു. എഴുത്തുകാരന്‍ ലക്ഷ്യമാക്കിയ അര്‍ത്ഥപൂര്‍ണ്ണതയില്‍ ഖസാക്കിനെ ഈ വായനക്കാരന്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. എഴുത്തുകാരന്‍ ഉദ്ദേശിച്ചതെന്തോ അതു കണ്ടെത്തുന്നതാണ് വായനക്കാരന്റെ/സാഹിത്യവിമര്‍ശകന്റെ ധര്‍മ്മമെന്ന വിചാരം ഒ.വി.വിജയനിലും ആഷാമേനോനിലും ഉണ്ടെന്ന പ്രതീതി ജനിപ്പിക്കുന്ന ഒരു വ്യവഹാരമാണിത്. വിജയന്റെ വാക്കുകളില്‍ പ്രകാശിക്കുന്ന അതിഭൗതികപരവും നിഗൂഢാത്മകവുമായ തലങ്ങള്‍ സുവ്യക്തമാണ്. ആഷാമേനോന്‍ അതിനെ ഹൃദയം കൊണ്ടു സ്വീകരിക്കുന്നു. സമാനമനസ്‌ക്കരെന്നു കണ്ടെത്തുമ്പോളുള്ള ആനന്ദം, അഭിനന്ദനം, കണ്ണീര്‍, പില്‍ക്കാല ഗാഢസൗഹൃദം… എല്ലാം സൂചിപ്പിക്കുന്നത് അതാണ്. വായനയുടെ രാഷ്ട്രീയത്തിന്റെ വിവിധ മാനങ്ങളെ കുറിച്ചു പറയാന്‍ ഇടം നല്‍കുന്ന അനുഭവമാണിത്. ഇത്, അതിനുള്ള ശ്രമമാണ്.

എഴുത്തുകാരന്‍ കര്‍ത്താവാണ്. എഴുത്തുകാരന്‍ ദൈവത്തെ പോലെ സൃഷ്ടികര്‍മ്മം നിര്‍വ്വഹിക്കുന്നു. കൃതിയില്‍ അര്‍ത്ഥങ്ങളെല്ലാം നിറയ്ക്കുന്നു. എഴുത്തുകാരന്‍ എഴുത്തിന്റെ പരമാധികാരിയാണ്. അര്‍ത്ഥത്തിന്റേയും പരമാധികാരിയാണ്. കര്‍ത്താവ് കൃതിയില്‍ നിറച്ചുവച്ച അര്‍ത്ഥങ്ങളെ അതേപടി കണ്ടെത്തുകയാണ് നല്ല വായനക്കാരന്‍ ചെയ്യേണ്ടത്. നമ്മുടെ വായനകള്‍ അബോധത്തിലെങ്കിലും ഇങ്ങനെയൊരു വിചാരത്തെ പേറുന്നുണ്ട്, ഇപ്പോഴും. എഴുത്തിനേയും വായനയേയും കുറിച്ചുള്ള ഈ സങ്കല്‍പ്പനങ്ങളുടെ ചരിത്രപരമായ സാംഗത്യം ആദ്യമേ പറയാം. അതിന്, മലയാളത്തിലെ ആധുനികതാവാദത്തിന്റെ തന്മയേക്കാളേറെ ബന്ധമുള്ളത്, യൂറോപ്യന്‍ ആധുനികതയുടെ സങ്കല്‍പ്പനങ്ങളുമായിട്ടാണ്. ആധുനികതയെ നിര്‍വ്വചിച്ച അടിസ്ഥാനങ്ങളില്‍ വ്യക്തിവാദത്തിനുള്ള പ്രാധാന്യം സുവിദിതമാണല്ലോ. സ്വതന്ത്രനായ ആധുനികവ്യക്തി സര്‍വ്വശക്തനായ ഗ്രന്ഥകാരന്റെ രൂപത്തിലാണ് എഴുത്തിന്റെ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്. അന്നേവരെ എഴുത്തുകാരനു ലഭ്യമാകാതിരുന്ന പദവിയാണ് കേവലവ്യക്തിവാദത്തിന്റെ സങ്കല്‍പ്പനങ്ങള്‍ എഴുത്തുകാരനു നല്‍കിയത്. എഴുത്തിന്റെ സാമൂഹികമാനങ്ങളെ കുറിച്ച് ബോധ,അബോധതലങ്ങളില്‍ നിലനിന്നിരുന്ന വീക്ഷണങ്ങള്‍ എഴുത്തുകാരന്റെ കൈവല്യസങ്കല്‍പ്പനങ്ങളില്‍ പെട്ടു മറഞ്ഞു പോയി. ആധുനികതയുടെ വ്യക്തിവാദസങ്കല്‍പ്പനങ്ങള്‍ക്ക് മുതലാളിത്തത്തിന്റെ ആശയലോകവുമായുള്ള ബന്ധവും എടുത്തു പറയണം. മുതലാളിത്തം എഴുത്തിനെ ബുദ്ധിസ്വത്തവകാശങ്ങളുടെ പ്രശ്‌നമായി, പകര്‍പ്പവകാശത്തിന്റെ പ്രശ്‌നമായി, വിപണിയിലെ ലാഭമായി മാറ്റിത്തീര്‍ത്തു. വായിക്കാനുള്ള എഴുത്തെന്നതിനപ്പുറം, കൃതികള്‍ വിപണിയില്‍ വിറ്റഴിക്കപ്പെടേണ്ടവയും മുതലാളിത്തത്തിന്റെ ലാഭനിയമങ്ങളില്‍ പങ്കു ചേരേണ്ടവയുമായ ഉല്‍പ്പന്നങ്ങളായി മാറിത്തീര്‍ന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, പകര്‍പ്പവകാശമുള്ള പുസ്തകരചനയ്ക്ക് കൂലി നല്‍കിക്കൊണ്ടാണ് മുതലാളിത്തം അതിന്റെ സ്വകാര്യസ്വത്തിനെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങള്‍ക്കു അടിസ്ഥാനമായി നില്‍ക്കുന്ന വ്യക്തിവാദത്തെ എഴുത്തിന്റെ ഇടങ്ങളിലേക്കു വ്യാപിപ്പിച്ചത്. മുതലാളിത്തം എഴുത്തുകാരനെ കൂലി പറ്റുന്ന വേലക്കാരനാക്കി മാറ്റുന്നുവെന്ന മാര്‍ക്‌സിന്റെ വിമര്‍ശനത്തിന്റേയും ‘ഹേ, വ്യക്തിവാദിയായ സര്‍വ്വസ്വതന്ത്രനായ എഴുത്തുകാരാ, നിങ്ങള്‍ പ്രസാധകന്മാരില്‍ നിന്നും സ്വതന്ത്രനാണോ’ എന്ന ലെനിന്റെ പരിഹാസത്തിന്റേയും അര്‍ത്ഥതലങ്ങള്‍ ആധുനികത എഴുത്തിന്റെ മേഖലകളിലേക്കു കൊണ്ടുവന്ന പുതിയ ബന്ധങ്ങളെ വെളിപ്പെടുത്തുന്നതാണ്.

വായനക്കാരന്‍ കൃതിയില്‍ കണ്ടെത്തുന്ന ഏകാര്‍ത്ഥത്തിന്റെ ഏകസ്രോതസ്സായി കൃതിയെ തന്നെ കാണുന്ന വീക്ഷണം വായനക്കാരനില്‍ നിന്നും കൃതിയെ വേര്‍പ്പെടുത്തിക്കാണുന്ന, വിച്ഛേദിച്ചു കാണുന്ന, ഒറ്റപ്പെടുത്തിക്കാണുന്ന വീക്ഷണമാണ്. വിഷയത്തെ വിഷയിയില്‍ നിന്നും മുറിച്ചു മാറ്റിയ ആധുനികതയുടെ വീക്ഷണമാണിത്. ശാസ്ത്രജ്ഞാനാര്‍ജ്ജനത്തിന്റെ പ്രശ്‌നഭൂമികയിലും ഇതു കാണാം. സാഹിത്യകൃതിയുടെ വായനയില്‍ പാഠോല്‍പ്പാദനത്തിലും ഇതു പ്രത്യക്ഷപ്പെടുന്നു. വിഷയിയില്‍ നിന്നും തീര്‍ത്തും സ്വതന്ത്രമായി പുറത്തുനില്‍ക്കുന്ന വിഷയം! ഈ വിഷയത്തെ നിരീക്ഷിക്കുകയോ വായിക്കുകയോ ചെയ്ത് ഏകാര്‍ത്ഥത്തെ കണ്ടെത്തുന്ന വിഷയി! വസ്തുനിഷ്ഠതയെ കുറിച്ചുള്ള യാന്ത്രികഭൗതികവാദപരമായ സമീപനമാണ് ഈ വിഷയ – വിഷയി ബന്ധത്തിലുള്ളത്. വസ്തുനിഷ്ഠത എന്ന ദാര്‍ശനികഗണത്തെ വസ്തുവുമായി, വിഷയവുമായി (വായനാവ്യവഹാരത്തില്‍ കൃതിയുമായി) കേവലമായി ബന്ധിപ്പിക്കുന്ന സമീപനമാണിത്. പാഠോല്‍പ്പാദനത്തില്‍ (ശാസ്ത്രജ്ഞാനത്തിന്റെയും ചരിത്രധാരണകളുടെയും രൂപീകരണത്തിലും) വിഷയിക്കും ബാഹ്യസമൂഹത്തിനും കാലസന്ദര്‍ഭങ്ങള്‍ക്കും വിഷയ-വിഷയി പരസ്പരബന്ധങ്ങള്‍ക്കും എന്തു പങ്കാണുള്ളതെന്ന് ഈ സങ്കല്‍പ്പനം ആകുലമാകുന്നില്ല. ആധുനികതയുടെ മുതലാളിത്തവുമായുള്ള ബന്ധങ്ങള്‍ ഈ യാന്ത്രികഭൗതികവാദസമീപനത്തേയും വിശദീകരിക്കുന്നതാണ്.

o.v vijayan, asha menon , khasakinte ithihasam , malayalam novel
എന്താണ് വായന? എങ്ങനെയാണ് വായനയില്‍ നിന്നും പാഠങ്ങള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്? വായനയില്‍ കൃതി മാത്രമല്ല, വായിക്കുന്നയാളും പ്രധാനഘടകമാണ്. വായനയെന്ന പ്രക്രിയയിലും പാഠോല്‍പ്പാദനത്തിലും കൃതിയോടൊപ്പം വായനക്കാരിയും ഇവര്‍ക്കിടയിലെ പരസ്പരബന്ധങ്ങളും പ്രധാനമായിരിക്കുന്നു. കൃതിക്ക് വായനക്കാരിയില്‍ നിന്നും മുറിച്ചു മാറ്റപ്പെട്ട ഒറ്റപ്പെട്ട ബന്ധമല്ല ഉള്ളത്. കൃതി തുറന്നുവയ്ക്കുന്ന ആശയലോകത്തെ തന്റെ സാംസ്‌ക്കാരികധാരണകളിലും ബോധനിലവാരത്തിലും നിന്നുകൊണ്ടാണ് വായിക്കുന്നയാള്‍ പരിചയപ്പെടുന്നത്. വായനക്കാരി കൃതിയെ വ്യാഖ്യാനിക്കുന്നു. യഥാര്‍ത്ഥത്തില്‍, കൃതിയെ അവള്‍ പുനര്‍രചിക്കുകയാണ്. വായന എന്ന പ്രക്രിയ കൃതിയുടെ പുനര്‍രചനയാണ്. ഈ പുനര്‍രചനയില്‍ എഴുത്തുകാരന്‍ പ്രധാനമായും ഫോക്കസ് ചെയ്ത പ്രശ്‌നങ്ങളെ തന്നെ വായനക്കാരി പ്രധാനമെന്നു കാണണമെന്നില്ല. ഓരോ വായനയും പുതിയ പാഠങ്ങളെ നിര്‍മ്മിക്കുന്നു. എഴുത്തുകാരന്‍ പ്രാന്തങ്ങളിലേക്കു മാറ്റിയ പ്രശ്‌നങ്ങളെ പ്രധാനമെന്നു കരുതാനും എഴുത്തുകാരന്റെ സമീപനത്തേയും നിലപാടുകളേയും വിമര്‍ശിക്കാനും വായനക്കാരിക്കു കഴിയും. സാഹിത്യവിമര്‍ശത്തിന്റെ സാംഗത്യം ഇവിടെയാണ്. സാഹിതീയമെന്നു വ്യവഹരിക്കപ്പെടുന്ന മൂല്യങ്ങള്‍ കൊണ്ടു മാത്രം സാഹിത്യത്തെ വ്യാഖ്യാനിക്കുകയും വിമര്‍ശിക്കുകയും ചെയ്യണമെന്നാവശ്യപ്പെടുകയും അതാണ് കരണീയമെന്നു വാദിക്കുകയും ചെയ്യാം. എന്നാല്‍, സാഹിത്യത്തെ അതിന്റെ മാനകങ്ങള്‍ കൊണ്ടു മാത്രം പരിശോധിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ വിമര്‍ശം അസാദ്ധ്യമാകുന്നു. ചാക്രികമായ വാദമുഖങ്ങളില്‍ കുടുങ്ങി കിടക്കുകയാകും ഫലം. ഇപ്പോള്‍, സാഹിത്യം ഒരു അടഞ്ഞ വ്യവസ്ഥയായി മാറിത്തീരും. ഒരു വ്യവഹാരത്തേയും അതിന്റേതെന്നു കരുതപ്പെടുന്ന മാനദണ്ഡങ്ങള്‍ കൊണ്ടു മാത്രം പൂര്‍ണ്ണമായും വിമര്‍ശവിധേയമാക്കാന്‍ പരിമിതികളുണ്ടെന്നര്‍ത്ഥം. ഈ പരിമിതികള്‍ക്കുള്ളില്‍ സാഹിത്യവിമര്‍ശനം നടത്തുന്നത് തെറ്റായ കാര്യമായി ഗണിക്കുകയല്ല. മറിച്ച്, വിശാലമായ തലത്തില്‍, സാഹിത്യവിമര്‍ശം സാദ്ധ്യമാകണമെങ്കില്‍ പുറത്തു നിന്നു നോക്കണം. സ്ത്രീവാദരാഷ്ട്രീയക്കാര്‍ നോക്കുമ്പോള്‍ അവരുടെ വ്യത്യസ്തമായ പ്രതികരണങ്ങള്‍ ഉണ്ടാകും. സാഹിത്യകൃതിയില്‍ ദമിതമായിരിക്കുന്ന സ്ത്രീവിരുദ്ധമായ മൂലകങ്ങളെ കുറിച്ച് അവര്‍ പറഞ്ഞേക്കാം. ലിംഗരാഷ്ട്രീയത്തിന്റേയും ദളിത് രാഷ്ട്രീയത്തിന്റേയും പരിസ്ഥിതി രാഷ്ട്രീയത്തിന്റേയും വര്‍ഗ്ഗരാഷ്ട്രീയത്തിന്റേയും വ്യത്യസ്തമായ നോട്ടങ്ങള്‍ കൃതിക്ക് വ്യത്യസ്തമായ പാഠങ്ങള്‍ നല്‍കിയേക്കാം. വായന എന്ന പ്രക്രിയയില്‍ വായനക്കാരനുള്ള പങ്ക് ഉറപ്പിക്കുന്ന ഈ സമീപനം കൃതിയില്‍ കര്‍ത്താവ് നിറച്ചുവച്ചിരിക്കുന്നതും സമാനമനസ്‌ക്കനും സമര്‍ത്ഥനുമായ നിരൂപകന്‍ കണ്ടെടുക്കുന്നതുമായ ഏകാര്‍ത്ഥത്തിന്റെ രീതിശാസ്ത്രത്തെ നിരസിക്കുന്നതാണ്. ബഹുസ്വരങ്ങളെ സ്വാഗതം ചെയ്യുന്നതാണ്.

വായനയിലേയും എഴുത്തിലേയും ജനാധിപത്യപരമായ അന്തരീക്ഷത്തെ ഉള്‍ക്കൊള്ളുന്നതാണ്. സാഹിത്യവിമര്‍ശത്തിന്റെ സാമൂഹികവും സാംസ്‌ക്കാരികവുമായ മാനങ്ങളെ സ്വീകരിക്കുന്നതാണ്. ആഷാമേനോനും വിജയനും കൂടിച്ചേരുന്ന ഖസാക്ക് വ്യവഹാരത്തിന്റെ രീതിശാസ്ത്രം വായനയുടെ ജനാധിപത്യപരതയെ ഉള്‍ക്കൊള്ളുന്നതായി അനുഭവപ്പെടുന്നില്ല. അത് അര്‍ത്ഥത്തിന്റെ ഏകാധികാരിയായ എഴുത്തുകാരനേയും അതിനെ തിരിച്ചറിയുകയും അനുഭവിക്കുകയും ചെയ്യുന്ന ഉത്തമപുരുഷവിമര്‍ശകനേയുമാണ് നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്.

o.v vijayan , asha menon, novel, khasakinte ithihasam
ലിംഗരാഷ്ട്രീയത്തിന്റെ സ്വാതന്ത്ര്യപ്രഖ്യാപനങ്ങള്‍ക്കു വിരുദ്ധവും പരിസ്ഥിതി വിരുദ്ധവും തൊഴിലാളിവിരുദ്ധവും ദളിത് വിരുദ്ധവും ഒക്കെയായി സാഹിത്യകൃതിയില്‍ ദമിതമായിരിക്കുന്ന ആശയങ്ങളെ കുറിച്ചു സാമൂഹികശാസ്ത്രപരമായ സാഹിത്യവിമര്‍ശങ്ങള്‍ എഴുതപ്പെട്ടേക്കാമെന്നു പറഞ്ഞുവല്ലോ. ഇത് സാഹിത്യകാരനെ ചൊടിപ്പിക്കേണ്ടതില്ല. സമൂഹത്തിന്റെ പൊതുബോധം എഴുത്തുകാരനേയും സ്വാധീനിക്കുന്നുവെന്നതിന്റെ തെളിവു മാത്രമാണത്. പ്രശംസാവചനങ്ങള്‍ മാത്രമാണ്, ലാവണ്യാവലോകനം മാത്രമാണ് സാഹിത്യവിമര്‍ശം നിര്‍വ്വഹിക്കേണ്ടതെന്ന വാദത്തോട് വിമര്‍ശകന്മാര്‍ യോജിക്കുകയില്ല. താന്‍ വിശുദ്ധമായ, ആദര്‍ശപരമായ ഒരു ലോകത്തു നിന്നുകൊണ്ടാണ് എഴുതുന്നതെന്ന് സാഹിത്യകാരന്‍ കരുതുന്നുണ്ടെങ്കില്‍ അത് ഒരു അതിമോഹമാണ്. ഒരിക്കലും വെല്ലുവിളിക്കപ്പെടാത്ത കേവലസത്യത്തില്‍ നിന്നു കൊണ്ട് ഒരു രചനയും ആവിഷ്‌ക്കരിക്കപ്പെടുന്നില്ല. സാമൂഹികവും സാംസ്‌ക്കാരികവുമായ മൂലകങ്ങള്‍ നിക്ഷേപിക്കപ്പെടാതെ ഒരു വ്യവഹാരവും സാദ്ധ്യമാകുന്നുമില്ല. കവിക്കും കഥാകാരനുമെന്ന പോലെ സാഹിത്യവിമര്‍ശകനും ഇതു ബാധകമാണ്. വിമര്‍ശകര്‍ക്കിടയിലെ അഭിപ്രായഭേദങ്ങളും പരസ്പരവിമര്‍ശങ്ങളും മറ്റൊന്നിനെയല്ല കാണിച്ചു തരുന്നത്. ഇനി, സാഹിത്യസൃഷ്ടി രാഷ്ട്രീയമായി ശരിയായ പ്രയോഗമായിരിക്കണമെന്ന ശാഠ്യത്തോടെയാണ് വിമര്‍ശകന്മാര്‍ ഇടപെടുന്നതെങ്കില്‍ അത് അപകടകരമായ അവസ്ഥകളെ സൃഷ്ടിക്കും. മഹത്തായ സംവാദത്തിന്റെ മണ്ഡലമായിട്ടാണ് സാഹിത്യരചനയേയും വായനയേയും വിമര്‍ശത്തേയും കാണേണ്ടത്. സാഹിത്യകൃതിയില്‍ പരിസ്ഥിതിവിരുദ്ധമായ ചില ഘടകങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നു പറയുന്ന വിമര്‍ശകന്‍ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്ന ചില കാര്യങ്ങള്‍ കൃതി നിര്‍വ്വഹിക്കുന്നതായി പറയുന്നു. ഇതിന്നപ്പുറം മറ്റൊന്നുമില്ല. ഇത് പുതിയ അര്‍ത്ഥനിര്‍ദ്ദേശമാണ്. രാഷ്ട്രീയമായ മാനങ്ങളുള്ള അര്‍ത്ഥനിര്‍ദ്ദേശമാണ്. സമൂഹത്തില്‍ നടക്കുന്ന സംവാദങ്ങളുടെ ഭാഗമാണത്. ഇതിനെ രാഷ്ട്രീയപ്രവര്‍ത്തനപദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കണമെന്ന് സാഹിത്യവിമര്‍ശകന്‍ നിര്‍ദ്ദേശിക്കുന്നില്ല. രാഷ്ട്രീയമാനങ്ങളുള്ള അര്‍ത്ഥനിര്‍ദ്ദേശങ്ങളും രാഷ്ട്രീയമായ ന്യായവിധികളും രണ്ടു വിഭിന്നമായ കാര്യങ്ങളാണ്. സാഹിത്യത്തെ പൊളിറ്റിക്കലി കറക്ട് ആയി മാറ്റാന്‍ ഭരണകൂടങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ സൃഷ്ടിച്ച ക്രൂരമായ അവസ്ഥകളെ നമുക്കു പരിചയമുണ്ട്. സാഹിത്യത്തിന്റെ നാശത്തിലേക്കാണ് ഇത് എത്തിച്ചേര്‍ന്നത്. യന്ത്രങ്ങളെ കുറിച്ച്, പഞ്ചവത്സരപദ്ധതികളെ കുറിച്ച്, നേതാവിനെ കുറിച്ച് കവിതകളും കഥകളുമെഴുതാന്‍ നിര്‍ദ്ദേശിക്കുന്ന രാഷ്ട്രീയാവസ്ഥകളേയും ഭരണകൂടങ്ങളേയും ഒരു സാഹിത്യവിമര്‍ശകനും പിന്തുണയ്ക്കുമെന്നു കരുതേണ്ടതില്ല. സാഹിത്യത്തെ തുറുങ്കിലടയ്ക്കുന്ന ഭരണകൂടത്തിന്റെയും സമഗ്രാധിപത്യപ്രസ്ഥാനങ്ങളുടേയും രാഷ്ട്രീയശരിയും സാഹിത്യത്തിന്റെ സാമൂഹികവിമര്‍ശത്തിലൂടെ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്നതിന്നെതിരെ ഉയരുന്ന ജാഗ്രതയുള്ള ഇടപെടലുകളും വ്യത്യസ്തങ്ങളായ കാര്യങ്ങളാണ്.

o.v vijayan, asha menon , khasakinte ithihasam , malayalam novel
സാഹിത്യത്തിന്റെ സാമൂഹികമാനങ്ങളെ മൂല്യവത്തായി കാണുമ്പോഴും അത് ഇതര വ്യവഹാരങ്ങളില്‍ നിന്നും വ്യത്യസ്തതകള്‍ പുലര്‍ത്തുന്നുണ്ടെന്നും ഈ വ്യത്യസ്തതകള്‍ സര്‍ഗാത്മകതയെ കുറിച്ചുള്ള ചര്‍ച്ചകളിലേക്കു നയിക്കാന്‍ പ്രേരണയാകുന്നുണ്ടെന്നും വിസ്മരിക്കേണ്ടതില്ല. കേവലമായ രൂപവാദത്തിന്റെയോ പ്രയോജനമാത്രവാദത്തിലധിഷ്ഠിതമായ പ്രമേയവാദത്തിന്റെയോ ഏകപക്ഷീയതകളിലല്ല സാഹിത്യവിമര്‍ശം ചരിക്കേണ്ടതെന്ന് ബോദ്ധ്യപ്പെടുത്തുന്ന സന്ദര്‍ഭം കൂടിയാണിത്. ഏകപക്ഷീയതകള്‍ യാന്ത്രികമായ സമീപനങ്ങളിലേക്കുള്ള ചവിട്ടുപടികളാണ്. യാന്ത്രികതയില്‍ നിന്നുള്ള മോചനം സര്‍ഗ്ഗാത്മകതയിലേക്കുള്ള വാതിലാണ്. സാഹിത്യഭാവനയുടെ ചലനം അനുഭവവേദ്യമാക്കാത്ത കൃതി യാന്ത്രികരചനയാണ്. എഴുത്തിനെ സര്‍ഗ്ഗാത്മകമാക്കുന്നത് ഏകപക്ഷീയതകള്‍ക്കപ്പുറം നില്‍ക്കുന്ന പ്രമേയത്തിന്റേയും രൂപത്തിന്റേയും വിലയനമാണ്. പ്രമേയവും രൂപവും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ചേര്‍ച്ചകളും വിപരീതങ്ങളും കൃതിയെ സര്‍ഗ്ഗാത്മകമാക്കുന്നു. ബഹുസ്വരങ്ങളിലേക്ക്, ജനാധിപത്യപരമായ സംവേദനങ്ങളിലേക്ക് കൃതിയെ നയിക്കുന്നു. പ്രമേയത്തിന്റേയും രൂപത്തിന്റേയും കൂടിച്ചേരല്‍ സ്വാഭാവികമെന്നോണം സംഭവിക്കുന്നതാണ്, അത് കൃത്രിമമായി കെട്ടിയേല്‍പ്പിക്കപ്പെടേണ്ടതല്ല.

സാഹിത്യത്തോടൊപ്പം പല വ്യവഹാരങ്ങളേയും ഇവിടെ പരാമര്‍ശിച്ചതു കൊണ്ട് ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കാം. ഉത്തരാധുനികതയുടെ കടന്നുവരവിന്റെ കാലത്ത് എല്ലാ എഴുത്തുകളേയും ഒരേ പദവിയില്‍ കാണുന്ന, എല്ലാറ്റിനേയും ആഖ്യാനങ്ങളായി കാണുന്ന രീതി പ്രബലമായി. ശാസ്ത്രസിദ്ധാന്തങ്ങള്‍ കഥാഖ്യാനങ്ങളെന്ന പോലെ യാഥാര്‍ത്ഥ്യത്തിന്റെ മറ്റൊരു വിവര്‍ത്തനമാണെന്ന നെല്‍സന്‍ ഗൂഡ്മാന്റെ വാക്കുകള്‍ ഓര്‍ക്കാവുന്നതാണ്. സി.വി.രാമന്‍പിള്ളയുടെ രാമരാജാബഹദൂര്‍ എന്ന നോവലും സി.വി,രാമന്റെ രാമന്‍ പ്രഭാവത്തെ കുറിച്ചുള്ള പ്രബന്ധവും യാഥാര്‍ത്ഥ്യത്തിന്റെ ഒരേ നിലയിലുള്ള വിവര്‍ത്തനങ്ങളാണെന്ന വാദമാണിത്. ശാസ്ത്രവ്യവഹാരത്തിന്റെയും സാഹിത്യവ്യവഹാരത്തിന്റെയും മൂല്യമണ്ഡലങ്ങളെ വ്യതിരിക്തമായി കാണാത്ത ഈ സമീപനം സാഹിത്യത്തിനും ശാസ്ത്രചിന്തയ്ക്കും ദോഷകരമാണ്. സാഹിത്യവിമര്‍ശം വലിയ പിന്നാക്കം പോകലിനു വിധേയമായത് ഈ സന്ദര്‍ഭത്തിലാണ്. സാഹിതീയസങ്കല്‍പ്പനത്തില്‍ നില്‍ക്കുന്ന സാഹിത്യവിമര്‍ശത്തിനു പ്രസക്തിയുണ്ടോയെന്ന വാദം തന്നെ ഉയര്‍ന്നു വന്നു. സാഹിത്യകൃതികള്‍ സാമൂഹികശാസ്ത്രകൃതികള്‍ മാത്രമായി ചുരുക്കപ്പെട്ടു.

ശാസ്ത്രസിദ്ധാന്തങ്ങളാകട്ടെ, മറ്റൊരു തരം കഥകളായി മാറിത്തീര്‍ന്നു. ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയെ പുനര്‍നിര്‍വ്വചിക്കാനും പുതുനിര്‍വ്വചനങ്ങളുടെ അടിസ്ഥാനത്തില്‍ അതിനെ വിശ്ലഥിക്കാനും ശ്രമിച്ച ദെലൂസിനേയും ബാദിയുവിനേയും പോലുള്ള ദാര്‍ശനികന്മാരാണ് ശാസ്ത്രത്തെ ഈ ഏടാകൂടത്തില്‍ നിന്നും രക്ഷിച്ചത് . ആധുനികശാസ്ത്രത്തില്‍ ഗണിതശാസ്ത്രം വഹിക്കുന്ന പങ്കിനെ തിരിച്ചറിഞ്ഞ ഇവര്‍, ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയെ ഗണിതശാസ്ത്രത്തിന്റെ പദങ്ങളില്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. മതാത്മകവും നിര്‍ണ്ണയവാദപരവുമായ സമീപനങ്ങളെ, വിഷയവസ്തുവില്‍ വസ്തുനിഷ്ഠതയെ ആരോപിക്കുന്ന പ്രത്യക്ഷവസ്തുവാദത്തിന്റെ നിലപാടുകളെ അവര്‍ കയ്യൊഴിയുന്നുവെന്നതും പ്രധാനമാണ്. ഈ ദാര്‍ശനികര്‍ക്കിടയിലെ അഭിപ്രായഭേദങ്ങള്‍ക്കിടയിലും ഇരുവരും ശാസ്ത്രത്തിലെ വസ്തുനിഷ്ഠത എന്ന സങ്കല്‍പ്പനത്തിനു വേണ്ടി വാദിച്ചു. ശാസ്ത്രത്തെ വ്യതിരിക്തമായ ഒരു വ്യവഹാരമായി കാണാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ അവരുടെ ഇടപെടലുകളിലുണ്ടായിരുന്നു. എല്ലാ മാനവികവ്യവഹാരങ്ങളും പരസ്പരം കൊടുക്കുകയും വാങ്ങുകയും പ്രതിപ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനെ കാണുന്ന ദെലൂസിന്റെ വീക്ഷണം സാഹിത്യവ്യവഹാരത്തിന്റെ വ്യതിരിക്തതകളെ കൂടി അംഗീകരിക്കുന്നതാണ്. ബഹുസ്വരതയ്ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ വാദമുഖങ്ങള്‍ ഇവിടെ പ്രസക്തമായി ഭവിക്കുന്നു. സാഹിത്യത്തിന്റെ സാമൂഹികശാസ്ത്രപരമായ വിമര്‍ശം മാത്രമാണ് കരണീയമെന്ന വാദം നിലനില്‍ക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. സാഹിതീയമായ മൂല്യങ്ങളെ കുറിച്ച് ആകുലമാകുന്നവരെയും ബഹുസ്വരതയുടേയും ജനാധിപത്യപരമായ ഇടപെടലുകളുടേയും അന്തരീക്ഷം സ്വാഗതം ചെയ്യുന്നുണ്ട്.

khasakkinte ithihasam, ov vijayan
ആഷാമേനോനും എന്‍.പി.വിജയകൃഷ്ണനും തമ്മിലുള്ള അഭിമുഖത്തിലേക്കു വരിക! വായനക്കാരന്‍ എഴുത്തുകാരന്റെ ആശയലോകത്തെ വായനയെന്ന പ്രക്രിയയിലൂടെ അതേ പടി പങ്കുവയ്ക്കുമ്പോള്‍ മാത്രമേ ഒ.വി.വിജയന്‍ കണ്ടെത്തുകയും ആഷാമേനോന്‍ പങ്കുചേരുകയും ചെയ്യുന്ന സമാനഹൃദയത്വം സംഭവിക്കുന്നുള്ളൂ. അത് അസാദ്ധ്യമാണെന്നതാണ് കാര്യം. സമാനഹൃദയത്വം ഒരു അസാദ്ധ്യതയാണ്. ഗ്രന്ഥകാരന്റെ മരണം എന്ന പരികല്‍പ്പനയിലൂടെ റൊളാങ് ബാര്‍ത്ത് മുന്നോട്ടുവച്ചത് ഈ ആശയമാണ്. ഒരു കൃതിയിലും സ്ഥിരമായ പാഠം നിലനില്‍ക്കുന്നില്ലെന്നാണ് ബാര്‍ത്ത് പറഞ്ഞത്. വായനക്കാരുടെ ഫോക്കസ് മാറുന്നതനുസരിച്ച്, ചരിത്ര, കാലഭേദങ്ങള്‍ക്കനുസരിച്ച്, വായനാവ്യവഹാരമണ്ഡലങ്ങള്‍ മാറിത്തീരുകയും പുതിയ പാഠങ്ങള്‍ ഉരുത്തിരിയുകയും ചെയ്യും. കൃതിയും പാഠവും തമ്മില്‍ അനിവാര്യമായ, കൃതിയുടെ സത്തയായ (കൃതിയെ സര്‍വ്വാര്‍ത്ഥവാഹിയായ ദൈവമാക്കുന്ന) യാതൊരു ബന്ധവും നിലനില്‍ക്കുന്നില്ല. കൃതിയും പാഠവും തമ്മിലുള്ള ബന്ധം യാദൃച്ചികവും അനിശ്ചിതവുമാണ്. വായനയുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള ഈ ചര്‍ച്ച മലയാളത്തില്‍ വളരെ വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്നുണ്ട്. ‘ഗ്രന്ഥകാരന്റെ മരണം’ എന്ന ശീര്‍ഷകത്തില്‍ ബി.രാജീവന്‍ എഴുതിയ പഠനം ഓര്‍ക്കുക! റൊളാങ് ബാര്‍ത്ത് നീതികേടു കാണിച്ചിരിക്കുന്നു എന്നാരോപിക്കുന്ന കെ.പി. അപ്പന്റെ നിലപാടുകള്‍ക്കെതിരെ ബാര്‍ത്തിനോട് അപ്പന്‍ കാണിക്കുന്ന അനീതികളെ കുറിച്ച്  വിവരിക്കുകയും വായനയുടെ രാഷ്ട്രീയത്തെ സുവ്യക്തമാക്കുകയും ചെയ്യുന്ന ലേഖനമായിരുന്നു അത്. പിന്നീടും എത്രയോ എത്രയോ ഇടപെടലുകള്‍! വര്‍ഷങ്ങള്‍ക്കിപ്പുറം, ആധുനികതയുടെ വ്യക്തിസങ്കല്‍പ്പനത്തിലും സര്‍വ്വാര്‍ത്ഥത്തെ കൃതിയില്‍ നിറയ്ക്കുന്ന എഴുത്തുകാരനെ കുറിച്ചുള്ള ആശയങ്ങളിലും നിന്നുകൊണ്ട് മലയാളത്തിലെ പേര്‍ പെറ്റ ഒരു സാഹിത്യവിമര്‍ശകന്‍ തന്റെ ഓര്‍മ്മകളെ പങ്കുവയ്ക്കുന്നു! ഇത് അത്ഭുതജനകമാണ്. വിജയന്റെ നിരീക്ഷണത്തെ അസാധാരണമെന്നു ആഷാമോനോന്‍ തന്നെ പറയുന്നിടത്തോളം ഇതൊരു വിമര്‍ശമല്ല. അതിനെ അഭിനന്ദനമായി സ്വീകരിക്കുന്നിടത്ത് ഇതു വിമര്‍ശമാണ്.
ഒ.വി.വിജയനേയും ആഷാമേനോനേയും പരസ്പരം ബന്ധിപ്പിച്ച നോവല്‍ പാഠത്തെ കുറിക്കുന്ന ചില സൂചനകള്‍ അഭിമുഖം നല്‍കുന്നുണ്ട്. താന്‍ രവിയെ തന്റെ രീതിയില്‍ കണ്ടെത്തി വിജയനു സമര്‍പ്പിക്കുകയായിരുന്നുവെന്ന് ആഷാമേനോന്‍ പറയുന്നു. വിജയന്റെ മറുപടി അസാധാരണമായിരുന്നുവെന്ന് ആഷാമേനോനും അത്യസാധാരണമായിരുന്നുവെന്ന് വിജയകൃഷ്ണനും കൂട്ടിച്ചേര്‍ക്കുന്നു. വിജയന്റെ അസാധാരണമായ മറുപടിയോട് വിമര്‍ശനാത്മകമായല്ല ആഷാമേനോന്‍ പ്രതികരിക്കുന്നത്. അതിനെ അഭിനന്ദനങ്ങളായി അദ്ദേഹം ഏറ്റുവാങ്ങുന്നു. ഖസാക്കിന്റെ ഇതിഹാസം പില്‍ക്കാലത്ത് അനേകം പുതിയ വായനകള്‍ക്കും പാഠോല്‍പ്പാദനങ്ങള്‍ക്കും വിധേയമായി കഴിഞ്ഞിട്ടും മാറ്റമേശാത്തവയെന്ന പോലെ തന്റെ പഴയ നിലപാടുകളെ താലോലിക്കുന്നു. ഖസാക്കിന്റെ ഇതിഹാസത്തില്‍ നിന്നും വിശുദ്ധസംഗീതം കേള്‍ക്കുകയും നിരാനന്ദത്തിന്റെ ചിരി കാണുകയും ചെയ്ത നാളുകള്‍ കഴിഞ്ഞിരിക്കുന്നു. അതിന്റെ സംവേദനം അപ്പനും രാജകൃഷ്ണനും ആഷാമേനോനും രൂപപ്പെടുത്തിയ ചെറുവട്ടങ്ങളിലല്ല. വിജയന്റെ നോവല്‍ രൂപപരമായി ഗംഭീരവും ദാര്‍ശനികമായി പ്രതിലോമപരവുമാണെന്ന യാന്ത്രികവാദത്തിന്റെ കണ്ടെത്തലുകളും അപ്രസക്തമായിക്കഴിഞ്ഞു. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ, രണ്ട് ലോകാവബോധങ്ങള്‍ തമ്മിലുള്ള ഇടയലിന്റെ മികവുള്ള ആവിഷ്‌ക്കരണമായി പുതിയ തലമുറ അതിനെ കണ്ടെത്തിയിരിക്കുന്നു. ഇ.വി. രാമകൃഷ്ണന്റേയും സുനില്‍ പി ഇളയിടത്തിന്റേയും വായനകള്‍ക്കു നല്‍കാന്‍ കഴിഞ്ഞ വെളിച്ചങ്ങള്‍ ആധുനികതാവാദത്തിന്റെ ലാവണ്യവാദാത്മകവും വ്യക്തിവാദപരവുമായ നിരൂപണങ്ങള്‍ക്ക് അസാദ്ധ്യമായിരുന്നു. തീര്‍ച്ചയായും എക്കാലത്തേക്കുമുള്ള പാഠങ്ങളല്ല, ഇവ. എന്നാല്‍, ഖസാക്കില്‍ രൂപവും ഉള്ളടക്കവും പരസ്പരം ലയിച്ചു നില്‍ക്കുന്നുവെന്നു നാം മനസ്സിലാക്കുകയാണ്. നമ്മിലും കൃതിയിലും ഒരേ സമയം പ്രവര്‍ത്തിച്ചിരുന്ന ആധുനികത-പാരമ്പര്യ വൈരുദ്ധ്യത്തെ നേര്‍ക്കു നേര്‍ അഭിസംബോധന ചെയ്യാനും ഉജ്ജ്വലമായ ഭാഷയും ശൈലിയും കൊണ്ട് സൗന്ദര്യവല്‍ക്കരിക്കാനും അതിനു കഴിഞ്ഞിരുന്നുവെന്നു നാം തിരിച്ചറിയുകയാണ്. ഇങ്ങനെയാണ്, മലയാളത്തിലെ അതിശ്രേഷ്ഠരചനയായി ഖസാക്ക് മാറിത്തീര്‍ന്നത്. ഖസാക്കില്‍ വിജയന്‍ ആര്‍ജ്ജിച്ചെടുത്ത പ്രമേയ-രൂപസംയോഗം പില്‍ക്കാലത്തു പോലും വിരളമായേ സംഭവിച്ചിട്ടുള്ളൂ. ഓരോ പുതിയ വായനയിലും മുന്നേ പറയപ്പെടാത്ത നിരവധി ലോകങ്ങള്‍ ആ കൃതി തുറന്നു തരുന്നു. വായനയിലെ വ്യത്യസ്തതകളാണ് ഖസാക്കിനെ ഇപ്പോഴും പ്രസക്തമാക്കുന്നത്, ഇനിയും അതിന്റെ പ്രസക്തി നഷ്‌പ്പെടാതെ കാക്കുന്നതും. വിജയന്‍ നല്‍കിയ ഏകാര്‍ത്ഥത്തെ ‘അനുഭവിച്ചറിഞ്ഞ’ സമാനമനസ്‌ക്കരായ സഹൃദയന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ആ നോവല്‍ മലയാളിയുടെ മനസ്സില്‍ ഇത്രത്തോളം വളരുകയില്ലായിരുന്നുവെന്നു തീര്‍ച്ച!

ആഷാമേനോന് ഒ.വി.വിജയന്റെ പാഠം വായിക്കാനാകുമോ?എന്ന ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള ശ്രമമായിരുന്നില്ല, ഇത്. ആ ചോദ്യത്തിലേക്ക് വായനക്കാരെ നയിക്കാനുള്ള ശ്രമമായിരുന്നു. വായനയെ കുറിച്ച് വിചാരപ്പെടാന്‍ ഇതു പ്രേരിപ്പിക്കുന്നുണ്ടല്ലോ.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Asha menon ov vijayan khasakinte ithihasam