scorecardresearch
Latest News

റിമ്പോച്ചെ

“ഉടൻ തന്നെ റിമ്പോച്ചെ ആലിയയുടെ ചേഷ്ടകൾ അനുകരിച്ചുകൊണ്ട് മലർന്നു കിടന്ന് ഉച്ചത്തിൽ കാറിക്കരയാൻ തുടങ്ങി” ആഷ് അഷിത എഴുതിയ കഥ

aash ashitha, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

1
അയാൾ നോക്കുമ്പോൾ ചില്ലു ജനാലയ്ക്കരികിൽ നിഴലായി നിന്നിരുന്ന പൂർബിതയ്ക്ക് ചിറകുകൾ മുളച്ചു. അയാൾ കയ്യെത്തിച്ച് തൊട്ടതും ഒരായത്തിൽ പൊങ്ങി, ജനൽപ്പടിയിൽ കാലുകൾ തൊട്ടെന്നും തൊട്ടില്ലെന്നും തോന്നിപ്പിച്ച മട്ടിൽ നിന്ന അവളുടെ ഉടൽ പക്ഷിക്കൂർപ്പിലേക്ക് ഒതുക്കിപ്പിടിച്ചൊരു നിമിഷം. പിന്നെ, അവൾ താഴേക്കൂർന്നുപോയി.

അലച്ചുപെയ്യുന്ന മഴയോടൊപ്പം അവൾ ഒമ്പതുനിലത്താഴ്ചയിലേക്ക് പറന്നിറങ്ങുന്ന രംഗം തലച്ചോർ വീണ്ടും വീണ്ടും സംപ്രേക്ഷണം ചെയ്തപ്പോൾ സ്ത്രീകൾ പക്ഷികളെ പോലെയാണെന്ന് അയാൾക്ക് തോന്നി.

വിചിത്രമായ വളവുതിരിവുകൾ ദൈവം വെച്ചു കൊടുത്തതിനാൽ കാറ്റിനൊപ്പം ഉടലിനെ ക്രമീകരിക്കാൻ അവർക്കാവും. നീണ്ടു കിടന്നും ഞൊറിഞ്ഞുലഞ്ഞും ഉടുപ്പുകളാണവരെ പറക്കാൻ പാകത്തിലാക്കുന്നത്.

ഒമ്പത്, എട്ട്, എഴ്, ആറ്, അഞ്ച്…. മരം കൈവിട്ട ഇലയുടെ കനമില്ലായ്മയോടെ, കാറ്റിൽ തൂങ്ങി ഓരോ നിലയും കടന്നവൾ പറക്കുന്നു. ഒടുവിൽ, പക്ഷിക്കുഞ്ഞിനോളം ചുരുങ്ങിചുരുങ്ങി തറയിൽ ചോരച്ചിറക് വിടർത്തി കിടക്കുന്നു. അപ്പോൾ ലോകത്തിലെ മനുഷ്യരുടെ നിസ്സഹായതയെല്ലാം അവളിലേക്ക് തിരിച്ചെത്തുന്നു.

ദുർഗ്രാഹ്യമായ ഭാഷയിൽ സബ്ടൈറ്റിൽ ഇല്ലാത്ത സിനിമ കാണുന്ന നിസ്സംഗതയോടെ അവളില്ലാതാകുന്നത് അയാൾ നോക്കി നിന്നു. ഒരാൾ മരണപ്പെടുന്നത് ജീവിക്കുന്നതിനേക്കാൾ എത്രയോ ലളിതമായൊരു കാര്യമാണെന്ന് അപ്പോൾ അയാൾക്ക് തോന്നി.

അവളുടെ രാത്രിയുടുപ്പിന്റെ മഞ്ഞ കണ്ണിൽ നിന്നും മറഞ്ഞപ്പോളാണ് ഒരു വിറയൽ അയാളുടെ ശരീരത്തെ ഉണർത്തിയത്.

ഇതിനുമുമ്പും പല തവണ പൂർബിത താഴേയ്ക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ബാൽക്കണിയിലും ഒരു വശത്തേയ്ക്ക് അനായാസം തള്ളിനീക്കാവുന്ന ചില്ലുജനാലയ്ക്കരികിലും ഏറെ നേരം അവൾ ചെലവഴിച്ചിരുന്നു. കനം കുറഞ്ഞൊരു വിളുമ്പിൽ ജീവിതം കുരുങ്ങിക്കിടക്കുന്ന ഒരുവളെ പോലെ അവിടെയും ഇവിടെയും തൊടാതെയാണ് അവൾ നടന്നിരുന്നത്. ചാടാനുള്ള ഭയം കൊണ്ട് മാത്രമാണ് ഉൾക്കരച്ചിലോടെ അവൾ നിന്നിരുന്നത്. എന്നെങ്കിലും വളരെ കാലത്തെ പരിശീലനം സിദ്ധിച്ച അഭ്യാസിയെ പോലെ അവൾ അനായാസം താഴേക്കെടുത്തു ചാടുന്നത് അയാൾ മനസ്സിൽ കണ്ടിട്ടുണ്ട്. പലവട്ടം.

പ്രസവശേഷം ബാധ പോലെ കൂടെ കൂടിയതാണ് വിഷാദം. രണ്ടുവർഷം കഴിഞ്ഞില്ലേ, ഇനിയിപ്പോൾ അങ്ങനെ കടുംപ്രവർത്തികളൊന്നും ചെയ്യാൻ സാധ്യത ഇല്ലായെന്ന് ഡോക്ടറും പറയുകയുണ്ടായി. എന്നിട്ടാണ് അവളിപ്പോൾ പൊട്ടിയ മുട്ടക്കരുവിനെ പോലെ തറയിൽ പരന്നൊഴുകുന്നത്.

aash ashitha, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

രണ്ടാമതൊന്നുകൂടെ താഴേയ്ക്ക് നോക്കാൻ അപ്പോൾ അയാൾ പേടിച്ചു. ജീവിച്ചിരുന്ന അവളെ നേരിടുന്നതിനേക്കാൾ പ്രയാസമാണ് അവൾ മരണപ്പെട്ടപ്പോൾ എന്നയാൾക്ക് തോന്നി.

ഇതെല്ലാം ആരോ നോക്കിനിൽക്കുന്നുണ്ട് എന്നൊരു ചിന്ത അപ്പോൾ അയാളിൽ വിറയായി പടർന്നു.

അതേ നിമിഷം തന്നെ അലമാരയുടെ മുകളിൽ നിന്നും ചാടിയിറങ്ങി റിമ്പോച്ചെ അയാളുടെ കാലിൽ വട്ടം ചുറ്റി. മുരണ്ടു.

2
നാശം പിടിച്ച ആ പൂച്ച, ഔചിത്യമില്ലാത്ത ചില മനുഷ്യന്മാരെ പോലെ തന്നെയാണ്. അനാവശ്യനേരങ്ങളിൽ ജീവിതത്തിൽ വന്ന് ചാടും. താഴെ സെക്യൂരിറ്റിപ്പണി ചെയ്യുന്ന ചീനക്കണ്ണുള്ള അസംകാരന്റെ കൂടെയാണ് അതിനെ ആദ്യം കാണുന്നത്. റിമ്പോച്ചെ എന്നത് കൗതുകപ്പേരായി തോന്നി.

ബുദ്ധസന്യാസിമാരുടെ മൊണാസ്ട്രിയിലായിരുന്നു അത് ജനിച്ചതും വളർന്നതും. അവിക് ദാസിന്റെ ഒറ്റമുറി വീടിന് മുന്നിലെ ചെറുവെയിലിൽ യോഗിഭാവത്തോടെ ധ്യാനിച്ചിരിക്കുകയും, ഉറങ്ങുന്നവന്റെ മുന്നിൽ ഞെളിഞ്ഞു നിൽക്കാൻ പുൽച്ചാടിയോ പാറ്റയോ ധൈര്യം കാണിക്കുന്ന നിമിഷം ഉൾവിളി കിട്ടിയ മട്ടിൽ അവയ്ക്ക് മീതെ ചാടി വീഴുകയും ചെയ്യും.

മനുഷ്യർ തമ്മിൽ വർത്തമാനം പറയുന്ന നേരമ്പോക്കിലൊന്നും താൽപ്പര്യം ഇല്ലാത്ത ആളായിരുന്നു അവിക് ദാസും. അവന്റെ ഉള്ളിലൊരു രഹസ്യലോകം അയാൾ തന്നെ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഏൽപ്പിച്ച ജോലി ചെയ്യുക എന്നതിലപ്പുറവും ഈ ലോകത്തെ കാര്യങ്ങളോട് അവൻ ഒരു തരത്തിലും താൽപ്പര്യം കാണിച്ചിരുന്നില്ല.

ഭൂട്ടാനിൽ നിന്നും അതിരുകടന്നെത്തുന്ന ലഹരി കൂടിയ സ്വർണ്ണപ്പുല്ലും ഷില്ലോങ് മാങ്കോയെന്ന ചെല്ലപ്പേരുള്ള മേഘാലയയിലെ കഞ്ചാവുപൊടിയും അവിക് ദാസ് ആണ് അപ്പാർട്മെന്റിലെ അത്യാവശ്യക്കാർക്ക് പരിചയപ്പെടുത്തിയത്. പൂർബിതയുമായി ഉടക്കുന്ന ദിവസങ്ങളിൽ അവന്റെ അടുത്തുചെന്നിരുന്ന്‌ ഒന്നോ രണ്ടോ പഫ്‌ എടുക്കുന്ന പതിവ് അയാൾ തുടങ്ങിയിട്ട് കുറച്ചായിരുന്നു.

ഒരു ദിവസം അയാൾ തിരികെ വന്ന് ഫ്ലാറ്റിന്റെ വാതിൽ തുറന്നപ്പോൾ വീട്ടുകാരനേക്കാൾ അധികാരത്തോടെ വാലും കുലുക്കി അത് അകത്തേക്ക് കയറിപ്പോയി. അതുവരെയും പൂർബിത ഒരു പൂച്ചവിരോധിയാണെന്നായിരുന്നു അയാളുടെ ധാരണ. അയാളെ അമ്പരപ്പിച്ചുകൊണ്ട് അവൾ റിമ്പോച്ചെയെ കയ്യിലെടുക്കുകയും കവിളുരുമ്മുകയും ചെയ്തു.

അവളുടെ മടിയിൽ കയറിയിരുന്നുകൊണ്ട് റിമ്പോച്ചെ എല്ലാ ദിവസവും വെയിൽ വിടരുന്നതും മൂക്കുന്നതും വാടുന്നതും ജനാലവിടവിലൂടെ മടുപ്പില്ലാതെ നോക്കിക്കണ്ടു. അയൽവീടുകളിലെ ചില്ലറ അനക്കങ്ങൾ നോക്കി ഒളിയുദ്ധങ്ങൾക്ക് തയ്യാറെടുപ്പുകൾ നടത്തി. അടുക്കളപ്പാത്രത്തിലെ പൂച്ചപ്പങ്ക് നക്കിത്തുടച്ച ശേഷം മനുഷ്യപ്പങ്കിൽ മൂക്കിട്ടു പരിശോധന നടത്തി. സ്വന്തം വാലിന്റെ ഭംഗിയിൽ നാക്കുരസി രസിച്ചു. മനുഷ്യർ ഉറക്കമില്ലാതെ വലയുമ്പോൾ അത് സോഫയുടെ പഞ്ഞിച്ചൂടിൽ കള്ളമയക്കങ്ങളിലേർപ്പെട്ടു.

വീട്ടിൽ യുദ്ധങ്ങൾ തുടങ്ങുമ്പോൾ റിമ്പോച്ചെ രണ്ട് ചേരിയിലും ഇല്ലെന്ന മട്ടിൽ ഉറക്കംതൂങ്ങിയിരിക്കും. വീട്ടുസാധനങ്ങൾ എറിഞ്ഞും പൊട്ടിച്ചും പൂർബിത മുന്നേറുമ്പോൾ പതുങ്ങനെ അവൾക്ക് മുരൾച്ചാസഹായം കൊടുക്കും.

എന്തൊക്കെ പറഞ്ഞാലും ഓമനിക്കുന്തോറും പാൽക്കട്ടി പോലെ അലിഞ്ഞു മധുരിക്കുന്ന റിമ്പോച്ചെയെ കണ്ടാണ് ആലിയ ഉമ്മകൾക്കൊപ്പം പൊട്ടിച്ചിരിക്കാനും തൊടലുകൾക്കൊപ്പം കൊഞ്ചി കൊഞ്ചി ദേഹമിളക്കാനും പഠിച്ചത്. റിമ്പോച്ചെ പാല് കുടിക്കുന്ന നേരങ്ങളിൽ ആലിയയ്ക്ക് ദാഹിക്കും. റിമ്പോച്ചെ നക്കിത്തുടയ്ക്കുന്ന മീനെല്ലിൽ ആലിയയ്ക്ക് കൊതിയൂറിവരും.

അത് കാണുമ്പോൾ മുതിർന്നവരേക്കാൾ എളുപ്പത്തിൽ കുഞ്ഞുങ്ങളോട് മെരുങ്ങാൻ മൃഗങ്ങൾക്ക് കഴിവുണ്ടെന്നും, മനുഷ്യർ അവരുടെ ലോകത്ത് ആധിപത്യം സ്ഥാപിക്കും വരെയും മൃഗങ്ങളെപ്പോലെ മുതിരാനായിരിക്കും അവർ ഇഷ്ടപ്പെടുകയെന്നും അയാൾ വിചാരിച്ചിരുന്നു.

aash ashitha, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

വയ്യാക്കുട്ടിയായാണ് ആലിയ ജനിച്ചത്. സങ്കീർണമായ കയറ്റ-ഇറക്കങ്ങൾക്ക് ശേഷം മിക്കപ്പോഴും വാക്കുകൾ അവളുടെ വായിൽ തളർന്നു വീഴും.

ഭൂതബാധയേറ്റ പോലെ രാത്രികളിൽ കണ്ണുകൾ അടച്ചുപിടിച്ചുകൊണ്ട് അവൾ നിലവിളിക്കും. കൈകാലുകൾപിടിച്ചുവലിക്കുന്ന അദൃശ്യശത്രുവിൽ നിന്നും രക്ഷപ്പെടാനെന്ന പോലെ ശരീരം കിടക്കയിൽ ഇട്ടുലച്ച്, അരമണിക്കൂറോളം കാറിക്കരയുന്ന അസുഖത്തിന്റെ കാരണം ഡോക്ടർമാർക്കൊന്നും കണ്ടെത്താനായിരുന്നില്ല.

അന്ന് രാത്രിയും അങ്ങനെ സംഭവിച്ചപ്പോൾ പൂർബിത അവളെ കയ്യിലെടുക്കാൻ മെനക്കെടാതെ പാമ്പും കോണിയും കളിക്കാനുള്ള ബോർഡ് കിടക്കയിൽ എടുത്തുവെച്ച് കളി തുടങ്ങി.

ആലിയയുടെ ശ്രദ്ധ പിടിച്ചുനിർത്താൻ ഡോക്ടർ നിർദ്ദേശിച്ച കളികളിൽ ഒന്നായിരുന്നു അത്. പക്ഷെ, എല്ലായ്‌പ്പോഴും പാമ്പിന്റെ വായിൽ പോയി വീഴുന്ന കളിയാണ് അവൾ കളിക്കുക. പാമ്പും കോണിയും രാത്രിയിൽ കളിക്കുന്നത് അശുഭമാണെന്നാണ് പൂർബിത പറഞ്ഞിരുന്നത്.

മഹാഭാരതത്തിലോ മറ്റോ അങ്ങനെ പറയുന്നുണ്ടത്രെ. മോക്ഷപദത്തിലേക്കുള്ള യാത്രയുടെ പടവുകൾ കയറുമ്പോൾ പാപികൾ വീണ്ടും വീണ്ടും കുഴിയിൽ വീണുകൊണ്ടേയിരിക്കും. പല ജന്മങ്ങൾ പലതായി ജനിച്ചും മരിച്ചും മോക്ഷം കിട്ടുന്നത് വരെയും മനുഷ്യർ കളി തുടരുമത്രേ.

അയാൾ എന്നത്തേയും പോലെ മൊബൈലിൽ ഉച്ചത്തിൽ പാട്ടുകൾ വെച്ചും ഒച്ചയുണ്ടാക്കുന്ന കളിപ്പാട്ടങ്ങൾ പൊക്കിപ്പിടിച്ചു കാണിച്ചും ആലിയയുടെ ശ്രദ്ധ ക്ഷണിക്കാൻ നോക്കി പരാജയപ്പെട്ടു.

ഏറെ നേരം കഴിഞ്ഞു ഒച്ച കെട്ട്, അവൾ ദുർബലമായ തേങ്ങൽ മാത്രമായി ചുരുങ്ങിയപ്പോൾ അയാൾ അവളെ കുളിമുറിയിലേക്ക് എടുത്തുകൊണ്ടു പോയി. പതിവുപോലെ അവളുടെ ശരീരം ഐസ്പോലെയിരുന്നു. വട്ടബക്കറ്റിലെ ചെറുചൂടു വെള്ളത്തിൽ കുഞ്ഞിനെ ഇറക്കിവെച്ചപ്പോൾ പൂർബിത കയറിവന്നു.

“ഞാൻ കുളിപ്പിച്ചോളാം” അവൾ അയാളെ പുറത്താക്കി വാതിലടച്ചു.

3
അയാൾ പൂർബിതയുടെ വീഴ്ചയെ കുറിച്ച് ആലോചിച്ചു കൊണ്ട് മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അപ്പാർട്ട്മെന്റിന്റെ പുറകുവശം ചാരിയുള്ള ചെടികൾക്കരികിലായിരിക്കും അവൾ വീണിട്ടുണ്ടാവുക. തൊട്ടപ്പുറത്ത് മാലിന്യം ഒഴിക്കിക്കൊണ്ടുപോകുന്ന ഒരു ചാലുള്ളതിനാൽ രാത്രി ഷിഫ്റ്റിലെ സെക്യൂരിറ്റിക്കാരൻ ആ ഭാഗത്ത് കസേരയിട്ടുറങ്ങാൻ സാധ്യതയില്ല.

അതിരാവിലെ നടക്കാനിറങ്ങുന്നവരോ മറ്റോ അവളുടെ ശവം കാണുകയും സെക്യൂരിറ്റിയെ വിളിച്ചുപറയുന്നതും പൊലീസും ആളുകളും ആരവത്തോടെ വാതിലിൽ വന്നുമുട്ടുന്നതും അയാൾ മനക്കണ്ണിൽ കണ്ടു. മുമ്പ് കണ്ട ഏതോ സിനിമയിലെന്ന പോലെ ക്രമത്തിൽ തന്നെയാണ് അതെല്ലാം അയാൾക്ക് കാണാനായത്.

അയാൾ വെപ്രാളത്തോടെ മൊബൈൽ ഫോൺ തപ്പിയെടുത്തു. ഭാര്യ ആത്മഹത്യ ചെയ്താൽ എന്ത് ചെയ്യണമെന്ന് ഗൂഗിളിനോട് ചോദിച്ചു നോക്കി. സംശയമൊന്നുമില്ല. സംശയത്തിന്റെ നിഴലിൽ ആദ്യം വരുന്നത് ഭർത്താവ് തന്നെയാണ്.

അയാളുടെ ചിന്തകൾ വായിച്ചെടുത്ത പോലെ കൊലപാതകത്തിന് ശേഷം ഡെഡ് ബോഡി സമർത്ഥമായി ഒളിപ്പിച്ചവരെ കുറിച്ചും പിടിക്കപ്പെട്ടവരെക്കുറിച്ചുമുള്ള ലിങ്കുകളിലേയ്ക്ക് ഗൂഗിൾ അയാളെ വലിച്ചുകൊണ്ടുപോയി.

aash ashitha, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

അഞ്ചുതവണ വിളിച്ചിട്ടാണ് സുവാൻശു ഫോൺ എടുത്തത്.

“നീ ആദ്യം പൊലീസിൽ വിളിച്ചുപറ. ചത്തത് എന്തായാലും എല്ലാരും അറിയും”

അവൾക്ക് മരിക്കണമായിരുന്നു എന്ന് പൊലീസിനോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ.

പൊലീസ് ചോദിക്കാനിടയുള്ള ചോദ്യങ്ങൾ എന്തൊക്കെയാണ്?

അവൾ ചാടുമ്പോൾ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു?

നല്ല ഉറക്കത്തിലായിരുന്നു. എന്തോ ശബ്‍ദം കേട്ട് ഉണർന്നതാണ്.

രക്ഷിക്കാൻ ശ്രമിച്ചില്ലേ?

അപ്പുറത്തെ റൂമിലായിരുന്നു. ഓടി വന്നപ്പോളേക്കും ചാടിക്കഴിഞ്ഞിരുന്നു.

അതെന്താ വേറെ മുറിയിൽ ഉറങ്ങുന്നത്? നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?

അവൾക്ക് ഒറ്റയ്ക്ക് ഉറങ്ങാനായിരുന്നു താൽപ്പര്യം.

ആത്മഹത്യ ചെയ്യാൻ എന്തെങ്കിലും കാരണം?

ഡിപ്രഷന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു.

നിങ്ങൾ അവളെ പ്രേരിപ്പിച്ചിരുന്നോ?

അങ്ങനെയൊന്നും ഇല്ല സാർ

പക്ഷേ,, ആത്മഹത്യയ്ക്കുറിപ്പുകളിലെല്ലാം നിങ്ങളാണ് കാരണമെന്ന് എഴുതിയിട്ടുണ്ടല്ലോ?

ചത്തുപോയാലും തനിക്ക് സ്വൈര്യം കിട്ടരുതെന്നേ അവൾ കരുതൂ എന്നയാൾക്ക് അറിയാമായിരുന്നു. അതിനുള്ള കുരുക്ക് എവിടെയെങ്കിലും കുരുക്കിയിട്ടുണ്ടാകും.

ആയുസ്സ് തെറ്റി മരിച്ചുപോകുന്നവരൊന്നും ബാക്കിയായവർക്ക് സമാധാനം കൊടുത്ത ചരിത്രമില്ല എന്നയാൾ ഓർത്തു.

ഫോൺ കിടക്കയിലേക്ക് എറിഞ്ഞിട്ട് പൂർബിത എഴുതിവെച്ചിട്ടുണ്ടെന്ന് അയാൾ എല്ലായ്‌പ്പോഴും ഭയന്നിരുന്ന ആ ആത്മഹത്യക്കുറിപ്പ് തിരഞ്ഞു തുടങ്ങി.

4
അന്നൊരിക്കൽ പൊലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ പൂർബിത അവിടെ ഇരിപ്പുണ്ടായിരുന്നു.

അരമണിക്കൂറോളം നിർത്താതെ കരഞ്ഞു പൊലീസുകാരുടെയെല്ലാം ശ്രദ്ധ ക്ഷണിച്ച ശേഷമാണ് അവൾ രണ്ടു പേജിൽ നിറച്ചുവെച്ച പരാതി കൈമാറിയത്.

“ഓരോന്നും വലിച്ചു കേറ്റിയിട്ട് സ്വന്തം ഭാര്യയെ പീഡിപ്പിക്കാൻ നാണമില്ലേടാ?” എന്നും പറഞ്ഞുകൊണ്ട് ചുരുട്ടുമീശക്കാരൻ അടുത്തുവന്നു.

മുഖമടച്ച് ആദ്യത്തെ അടി വീണ ശേഷമാണ് വന്നുപെട്ടിരിക്കുന്ന കുഴിയുടെ ആഴം അറിഞ്ഞത്.

“അതിന് കല്യാണം കഴിച്ചിട്ടൊന്നുമില്ല സാറേ. ചുമ്മാ കേറിയങ്ങ് താമസിക്കുന്നതല്ലേ. ഇവറ്റകളെ പോലെ കൊറേ എണ്ണം വലിഞ്ഞുകേറി വന്നല്ലേ നമ്മുടെ നാടിൻറെ സംസ്കാരം നശിപ്പിച്ചത്…”

പൂർബിതയ്ക്ക് വെള്ളക്കുപ്പിയുമായി വന്ന കുടവയറുകാരി അയാളെ വെറുപ്പോടെയാണ് നോക്കിയത്.

“അത് മാത്രമല്ല സാർ. എന്റെ മോളെ കൊല്ലാൻ വരെ നോക്കിയിട്ടുണ്ട് ഇയാൾ…”

അയാൾ ഭൂമിയോളം തല കുമ്പിട്ടിരിക്കുമ്പോൾ പൂർബിത ആവേശത്തോടെ കഥകൾ പറഞ്ഞുതുടങ്ങി.

ബാംഗളൂരിൽ ജനിച്ചതുവളർന്നത് കൊണ്ട് ബംഗാളി ഈണത്തിൽ കന്നഡ സംസാരിക്കാൻ അവൾക്കറിയാമായിരുന്നു.

ദാമ്പത്യത്തിന്റെ ഏഴാം വർഷ കടമ്പ ചാടിക്കടക്കാനാവാതെ ഭാര്യയുമായി പിരിഞ്ഞതിന്റെ പേരിൽ സുവൻശു തന്റെ ഫ്ളാറ്റിലൊരുക്കിയ പാർട്ടിക്കിടയിലാണ് പൂർബിതയെ ആദ്യമായി കണ്ടത്.

കുറച്ചധികം പുക ഉള്ളിൽ ചെന്നാൽ നിർത്താതെ കരച്ചിൽ വരുന്ന ശീലക്കാരിയായിരുന്നു അവൾ. കരഞ്ഞുതീർക്കാൻ അവളും കുറച്ചു കാറ്റ് കൊള്ളാൻ അയാളും ടെറസ്സിലേയ്ക്ക് എത്തിയതായിരുന്നു. “I just want a shoulder to cry on…” എന്ന് നാടകീയ ഡയലോഗടിച്ച് അവൾ അയാളുടെ ദേഹത്തേക്ക് ചാഞ്ഞു.

കെട്ട് മുഴുവനായി വിടും മുമ്പേ അയാളുടെ പോക്കറ്റിൽ ഉണ്ടായിരുന്ന വീഡും കൂടെ പുകച്ചു. അതിനിടയിൽ വീട്ടിൽ നിന്നിറങ്ങിപ്പോന്നതിനെ കുറിച്ചും മാനേജരുമായി പ്രേമം നടിക്കുന്നത് കൊണ്ട് കിട്ടാൻ പോകുന്ന ജോലിക്കയറ്റത്തെക്കുറിച്ചും അവൾ പറഞ്ഞു. അത്തരം കനപ്പെട്ട കാര്യങ്ങൾ കേൾക്കുമ്പോൾ കൈകാലുകൾ വിയർക്കുകയും ഹൃദയം ഉത്കണ്ഠ കൊണ്ട് പിടയ്ക്കുകയും ചെയ്യുന്നത് അയാളുടെ പ്രശ്നമായിരുന്നു.

ആരെങ്കിലും അടുപ്പം കാണിച്ചാൽ ഉള്ളിലടച്ചു വെച്ചതെല്ലാം പുറത്തേയ്ക്ക് തള്ളാൻ വെമ്പുന്ന ദുർബലഹൃദയമായിരുന്നു അയാൾക്ക്. അക്കാരണം കൊണ്ട് മിണ്ടാപ്രാണിയായി കഴിഞ്ഞുകൂടുകയായിരുന്ന അയാളോട് താൻ യഥാർത്ഥത്തിൽ ഒരു പക്ഷിയാണെന്ന രഹസ്യം അവൾ ചെവിയിൽ പറഞ്ഞു. ലോകം മുഴുവൻ പറക്കാൻ പോകുന്നവളുടെ രഹസ്യച്ചിറകുകൾ കാണിക്കാനായി അവൾ മേലുടുപ്പ് ഊരിയെറിഞ്ഞു.

അന്ധാളിച്ചുനിന്ന ഒരു നിമിഷത്തിനു ശേഷം അയാൾ അവിടെ നിന്നും രക്ഷപ്പെടാനുള്ള പഴുത് തേടുമ്പോളാണ് അവളത് ചോദിച്ചത്.

“ഉമ്മ വെച്ചാലോ?”

അയാളുടെ കൈപ്പത്തി കൈവശപ്പെടുത്തിക്കൊണ്ട് അവൾ പക്ഷിച്ചുണ്ട് കൊണ്ട് കൊത്തുന്ന പോലെ മുത്തി.

പെട്ടെന്ന് അയാളുടെ ലോകം അവളുടെ ശരീരത്തിലേയ്ക്ക് ചുരുങ്ങി.

aash ashitha, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

ആ ഇണചേരലിനു ശേഷമാണ് അയാൾ പൂർബിതയെ ഓഫീസിൽ വെച്ച് ശ്രദ്ധിക്കുന്നത് പോലും. ബംഗാളി പെണ്ണുങ്ങളോട് അടുക്കാൻ നിൽക്കണ്ട, തലേൽ കേറി നിരങ്ങുമെന്ന് സുവാൻശുവിന്റെ ഉപദേശം കേട്ട് മാറി നടക്കാൻ തുടങ്ങുമ്പോളാണ് പൂർബിത കടുംകെട്ട് ഇട്ടു വീഴ്ത്തിയത്.

ഗർഭിണിയാണ്. കുടിച്ചും വലിച്ചും ഉള്ളിലേക്ക് കയറ്റിയതിന്റെ കെട്ടിറങ്ങിയപ്പോൾ ഐ പിൽ കഴിച്ചു നോക്കിയതാണ്. ഏറ്റില്ല.

ഗർഭകാലത്ത് അവൾ കഴിച്ച മരുന്നുകളുടെ മഞ്ഞ നിറവുമായി ഏഴാം മാസത്തിൽ വെറുങ്ങലിച്ച് ഭൂമിയിലെത്തിയവളാണ് ആലിയ. നെറ്റിയിൽ പോലും രോമങ്ങൾ. ഒടിഞ്ഞു തൂങ്ങിയ നായ്ച്ചെവികൾ. പടച്ചട്ട പോലെ പൊങ്ങിയ നെഞ്ചിൻകൂട്. ഒരു കയ്യിലൊതുങ്ങുന്ന മുഖത്ത് അസാമാന്യ വലുപ്പമുള്ള കണ്ണുകളുള്ള വിചിത്രരൂപി.

“ഇതെന്ത് ജീവിയാണ് ?”

കുഞ്ഞിനെ കണ്ട മാത്രയിൽ പൂർബിത മുഖം തിരിച്ചു. ആലിയയെ കാണും തോറും പെരുത്തുവന്നു ദേഷ്യം.

അവൾ പാൽ നിറഞ്ഞു വേദനിക്കുന്ന മുലകളിൽ ഞെക്കി നിലവിളിക്കുകയും കുഞ്ഞിനെ വെറുപ്പോടെ തള്ളിമാറ്റുകയും ചെയ്തു. ആദ്യദിവസങ്ങളിൽ കുഞ്ഞിനെ മിക്കപ്പോളും നഴ്സുമാർ അകമുറിയിൽ കൊണ്ടു പോയി പരിചരിച്ചു.

” അതിനെ കൊണ്ടോയി കൊന്നോ നിങ്ങൾ?” ചില ഉറക്കങ്ങളിൽ നിന്നും ഞെട്ടിയുണർന്ന് അവൾ വെപ്രാളപ്പെട്ടു. കുഞ്ഞിനെ അടുത്തുകിട്ടുമ്പോൾ ഒരു മയവുമില്ലാതെ അള്ളിപിടിക്കുകയും “ദൈവമേ… എന്റെ കുഞ്ഞ്, എന്റെ കുഞ്ഞ്” എന്ന് ഒച്ചയിടുകയും ചെയ്തു.

അവൾ ആദ്യമായി കുഞ്ഞിനെ മുലയൂട്ടിയ രാത്രി, എന്തോ ശബ്ദം കേട്ട് ലൈറ്റിട്ടപ്പോൾ അയാൾ കണ്ടത് തലയണയ്ക്കടിയിൽ പൊങ്ങിത്താഴുന്ന കൈകാലുകളാണ്. തലയണ വലിച്ചു മാറ്റുമ്പോൾ കുളിമുറി വാതിൽ വലിച്ചു തുറന്ന് പൂർബിത പാഞ്ഞു വന്നു.

“നിങ്ങളതിനെ കൊല്ലാൻ നോക്കുവാണോ? എനിക്കറിയാം നിങ്ങളത് ചെയ്യും!”

ശ്വാസത്തിനായി പിടയുന്ന കുഞ്ഞിനെ തട്ടിപ്പറിച്ചെടുത്ത് അവൾ ചീറി.

ഉന്മാദം നുര പൊന്തിയ ഏതോ നിമിഷത്തിൽ അവൾ തന്നെയാണത് ചെയ്തതെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.

ചില നേരങ്ങളിൽ കഠിനമായ വെറുപ്പ്‌ ഒരു ചുഴലിക്കാറ്റു പോലെ പൊതിഞ്ഞു അവളെ സംശയാലുവാക്കും. കുഞ്ഞിനടുത്ത് തലവട്ടം കണ്ടാൽ ചിറക് വിറപ്പിച്ച് കൊത്താനൊരുങ്ങി നിൽക്കുന്ന തള്ളക്കോഴിയെ പോലെ അവൾ നിലയുറപ്പിക്കും.

ഇടയ്ക്കിടെ വീട് വിട്ടുപോകുന്നത് അവൾ ശീലമാക്കിയിരുന്നു. ആദ്യത്തെ ഒന്നുരണ്ടു തവണ പൊലീസാണ് കണ്ടുപിടിച്ചു തിരികെ കൊണ്ടുവന്നത്. പിന്നെപ്പിന്നെ, അവളുടെ കാണാതാകലുകൾ ആരെയും ബാധിക്കാതെയായി. അവൾ തോന്നുമ്പോൾ പോകും. തോന്നുമ്പോൾ തിരികെ വരും. തിരികെ വരുമ്പോൾ എല്ലായ്‌പ്പോഴും അവൾ ചിറകൊടിഞ്ഞ കിളിയെ ഓർമ്മിപ്പിച്ചു.

കട്ടു തിന്നുന്നതിലെ രസംപോലെയായിരുന്നു അയാൾക്ക് അമ്മയില്ലാനേരങ്ങളിൽ ആലിയയെ തൊട്ടു നോക്കുന്നത്. ദേഹത്ത് വിരലുകൾ ചിത്രം വരച്ചപ്പോഴെല്ലാം വിചിത്രമായ ശബ്ദങ്ങളുണ്ടാക്കി അവൾ രസിപ്പിച്ചു. വാഴത്തണ്ടുക്കാലുകൾ നിലത്തുറപ്പിക്കാൻ ശ്രമിച്ച് മൂക്ക് കുത്തി വീഴുകയും ചോറുരുരളകളിലെ തെറിച്ച വറ്റുകൾ തൊണ്ടയിൽ കുരുങ്ങി ആസ്ത്മക്കാരിയാവുകയും ചെയ്തു.

കിടക്കയുടെ പഞ്ഞിനേർമ്മയിൽ മനസ്സറിവില്ലാതെ മൂത്രമൊഴിക്കുകയും അപ്പിയിട്ട ശേഷം അതിൽ വിരലുകൾ കുത്തി രസിക്കുകയും ചെയ്തു. മിണ്ടാപ്പാവയുടെ വായിൽ പെൻസിലിട്ട് കുത്തി പൊട്ടിക്കരയുന്നതായിരുന്നു പ്രധാന വിനോദം.

സ്വന്തം ഉടലിന്റെ ചൂടിൽ സുഖം പിടിച്ച് വാൽ ചുരുട്ടി കിടക്കുന്ന റിമ്പോച്ചെയുടെ അരികിലായിരുന്നു അയാൾ രാത്രികൾ ചെലവിട്ടിരുന്നത്. ചില രാത്രികളിൽ അത് അപ്രത്യക്ഷമാവും. നീണ്ടു കൂർത്ത ആണ്‍‍വാൽ എവിടെയെങ്കിലും തിരുകി കയറ്റാനുള്ള പൂച്ചക്കളി കഴിഞ്ഞു പുലരും മുമ്പാണ് മടക്കം.

ഒരു സ്പർശനത്തിനോ ചുംബനത്തിനോ വേണ്ടി കെഞ്ചി നിന്ന് ശരീരം നാണം കെടുമ്പോൾ അയാൾ കുളിമുറിയിൽ ഒളിച്ചുപോയി നനയുമായിരുന്നു. ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടറ്റങ്ങളിലൂടെ നടന്നുപോയിരുന്ന രണ്ടുപേരെ ചേർത്തുവെച്ച ദൈവത്തിന്റെ തന്തയില്ലായ്മയെ തെറി വിളിക്കും.

ഒരു രാത്രി അവിക് ദാസിന്റെ പുല്ല് പുകച്ചുകൊണ്ട് നിൽക്കുമ്പോൾ, വാതിലിന്റെ ഇടയിലൂടെ കൊതിപൂണ്ടൊരു സ്വപ്നം പോലെ റിമ്പോച്ചെ കയറിപ്പോയത് അയാൾ കണ്ടു.

മലർന്നു കിടക്കുന്ന പൂർബിതയുടെ മുറിയിൽ ലജ്ജയില്ലാതെ അത് ചുറ്റിപ്പറ്റി നിന്നു. അയാൾ വെപ്രാളത്തോടെ പിടിച്ചുമാറ്റാൻ നോക്കിയപ്പോൾ അത് രോമവാൽ അവളുടെ കാലുകൾയ്ക്കിടയിലേക്ക് കടത്തി. മയക്കുഗുളികളുടെ ബലത്തിൽ പല ദിവസങ്ങളിലെ ഉറക്കം ഉറങ്ങിത്തീർക്കുകയിരുന്നു അവൾ.

ആ നിമിഷത്തിന്റെ തോന്നലിൽ അയാൾ അവളുടെ അരികിൽ ഇരുന്നു. ഇളം വെയിലും നിലാവും പല തവണ മാറി മാറി ചുംബിച്ച കുളത്തിലെ പായൽ മണം അവളുടെ ഉടലിനുണ്ടെന്ന് അയാൾക്ക് തോന്നി. റിമ്പോച്ചെ മൂക്കുരുമ്മിയപ്പോൾ ആലിയയ്ക്ക് കുടിയ്ക്കാൻ കൊടുക്കാത്ത മുലകളിൽ നിന്നും പാൽ ഒരു തോടുവെട്ടി ഒഴുകി വന്നു.

നഗരത്തിനുമീതെ കത്തിനിൽക്കുന്ന വഴിവിളക്കുകളുടെ മഞ്ഞവെട്ടത്തിൽ അവളെ ഭോഗിച്ച അവിചാരിതരാത്രിയുടെ ഓർമ്മ ഏറെ നാളുകൾക്ക് ശേഷം അയാളെ തേടിയെത്തി. കൈവിട്ടുപോയ ജീവിതത്തോട് പടവെട്ടി തളർന്നവളെ പോലെ കിടക്കുന്ന അവളോട് അയാൾക്ക് അലിവ് തോന്നി. അയാൾ അവളിലേക്ക് ചെരിഞ്ഞു. അതേ നിമിഷം തന്നെ അവളുടെ കാൽ അയാളുടെ മൂക്കിനെ ചതച്ചുകൊണ്ട് മുഖത്ത് ആഞ്ഞുപതിച്ചു.

സുവാൻശുവിന്റെ വാചകമിടുക്കിലും പൂർബിതയുടെ വിഷാദസർട്ടിഫിക്കറ്റിന്റെ ബലത്തിലുമാണ് പിറ്റേന്ന് പൊലീസ് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടത്.

തിരികെ പോകുമ്പോൾ സുവാൻശു ഉറപ്പിച്ചു പറഞ്ഞു. “തലവെച്ച് കൊടുക്കേണ്ടെന്ന് അന്നേ പറഞ്ഞതല്ലേ നിന്നോട്. ബോധമുള്ള പെണ്ണുങ്ങൾ ആരെങ്കിലും ഇങ്ങനെ ഒരു കേസും കൊണ്ട് പൊലീസ് സ്റ്റേഷനിൽ പോകുമോ? ഒന്നുകിൽ അവൾ നിന്നെ ഇങ്ങനെ തിന്നുതീർക്കും. അല്ലെങ്കിൽ നീയവളെ കൊല്ലും.”

അതിന് ശേഷം എപ്പോൾ വേണമെങ്കിലും ഒരു മരണം ആ വീട്ടിൽ ഉണ്ടായേക്കുമെന്ന ചിന്തയോടെയാണ് അയാൾ ഉറക്കത്തിലേക്ക് പോയതും തിരിച്ചു വന്നതും.

അന്ന് കുളിമുറിയിൽ നിന്നും പുറത്ത് വന്നപ്പോൾ അയാൾക്ക് ആകെ മടുത്തിരുന്നു. കാറുമെടുത്ത് ലക്ഷ്യമൊന്നുമില്ലാതെ ഉറങ്ങിക്കിടക്കുന്ന നഗരത്തിലൂടെ കുറെ അലഞ്ഞ ശേഷമാണ് അയാൾ തിരികെ വന്നത്.

ഏറെ നാളുകൾക്ക് ശേഷം ഒച്ചയില്ലാത്ത വീട് കണ്ടപ്പോൾ അയാൾക്ക് ആശ്വാസമാണ് തോന്നിയത്. അയാൾ സോഫയിൽ ചുരുണ്ടു. അതിരാവിലെ പൂർബിത അയാളെ വിളിച്ചുണർത്തി. മേശപ്പുറത്ത് വെണ്ണയിൽ മൊരിച്ച റൊട്ടിയും മഞ്ഞയുടയാതെ വേവിച്ചെടുത്ത കോഴിമുട്ടയും ഉണ്ടായിരുന്നു. അതേക്കാൾ അയാളെ അത്ഭുതപ്പെടുത്തിയത് അവൾ അത്രയും നേരത്തെ കുളിച്ചതാണ്. പുതിയതെന്ന് തോന്നിച്ച കുർത്തിയിട്ട്, നുരഞ്ഞുവരുന്ന സന്തോഷത്തിൽ ഒരു മൂളിപ്പാട്ടും പാടി അവൾ ബദാം പൊടിയിട്ട പാൽ കുടിച്ചു.

കുളിമുറി തുറന്നപ്പോളാണ് അയാൾ വെള്ളം കുടിച്ചു ചീർത്തുപൊങ്ങിയ ആലിയ ബക്കറ്റിൽ കിടക്കുന്നത് കണ്ടത്.

5
മേശയുടെ രഹസ്യ അറയിൽ അവളുടെ കുറിപ്പിനായി തപ്പുമ്പോൾ ആണ് സുവാൻശുവിന്റെ വിളി വന്നത്.

“നീ തള്ളിയിടുന്നത് ആരെങ്കിലും കണ്ടോ?”

ഇല്ലെന്ന് മറുപടി പറഞ്ഞെങ്കിലും ആരോ കണ്ടെന്ന തോന്നൽ അപ്പോൾ അയാളെ പിടിമുറുക്കി.

“അല്ലെങ്കിലും അവൾ ആത്മഹത്യ ചെയ്തതാന്നേ എല്ലാരും കരുതൂ. ഇക്കാലത്ത് ഡിപ്രെഷൻ കൊണ്ടുള്ള ഒരു ഗുണം ഇതാണ്. കൊച്ചിനെ കൊന്നിട്ടും ഊരിപ്പോരാൻ പറ്റിയില്ലേ… തിരികെ വന്നിട്ട് അവള് മരുന്ന് കഴിക്കാതെ നടന്നു. ഭ്രാന്ത് മൂത്തപ്പോൾ അവള് ചാടി. ചത്തു. അത്ര തന്നെ…”

അയാൾ ഫോൺ കട്ട് ചെയ്ത് താഴേക്കിറങ്ങുമ്പോൾ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അത്ര ലളിതമല്ലെന്ന് അയാൾക്ക് തോന്നി. വിളിക്കാൻ കാത്തു നിന്നപോലെ ആണ് അവിക് ദാസ് വാതിൽ തുറന്നത്.

പെരുംമഴ ഒന്നൊതുങ്ങി ചാറിവീഴ്ച തുടങ്ങിയിരുന്നു.

ഒന്നോ രണ്ടോ ചുരുട്ട് തീർന്നപ്പോളാണ് അവിക് ദാസ് മിണ്ടിത്തുടങ്ങിയത്.

“വല്ലാത്ത ശല്യക്കാരി ആയിരുന്നു സാറേ എന്റെ ഭാര്യയും. കെട്ടുമ്പോൾ പതിനഞ്ച് വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവളുടെ വീട്ടിലെ തത്തയെയും കൊണ്ടാണ് പോന്നിരുന്നത്. രണ്ടും രാവോ പകലോ എന്നില്ലാതെ ചിലച്ചുകൊണ്ടിരിക്കും. കലപില മിണ്ടുന്ന പെണ്ണുങ്ങളോട് മറ്റ് പെണ്ണുങ്ങൾക്ക് കെറുവായിരിക്കും. എന്നാലാണുങ്ങൾക്ക് അത് നല്ല നേരമ്പോക്കും. നാട്ടിലുള്ളവന്മാരോടൊക്കെ കളിയും ചിരിയും ആയപ്പോൾ എനിക്ക് സഹിച്ചില്ല. ഒരു ദിവസം കറിക്കത്തി കൊണ്ട് ഞാനവളെയങ്ങു തീർത്തു. കഷ്ണങ്ങളാക്കിയിട്ട് കാട്ടിലെ വെള്ളച്ചാട്ടത്തിൽ ഒഴുക്കിവിട്ടിട്ട് നാട് വിട്ടു. ദേ ഇപ്പൊ കൊല്ലം അഞ്ചായി.”

aash ashitha, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

അവൻ ഒറ്റക്കട്ടിലിൽ നിന്നിറങ്ങി തറയിൽ കുത്തിയിരുന്നു. അവന്റെ കണ്ണുകൾ ചുവന്നിരുന്നു.

“പക്ഷേ, ഇപ്പോളും ശല്യമാ സാറേ… ചെവിയിൽ വന്ന് നിർത്താതെ പറഞ്ഞോണ്ടിരിക്കും. ഇത് വലിച്ചില്ലേൽ പിന്നെ സ്വൈര്യമില്ല…” അവൻ മോങ്ങാനുള്ള പുറപ്പാടാണെന്ന് കണ്ടപ്പോൾ അയാൾ കാല് നീട്ടി അവനെ തോണ്ടി.

അവൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന പോലെ ചാടിയെഴുന്നേറ്റു. “സാറേ… സാറ് പറഞ്ഞത് ശരിയാ… ഓരോ സാഹചര്യം കൊണ്ട് നമ്മളോരോന്ന് ചെയ്ത് പോവും. പക്ഷെ അതിന്റെ പേരിൽ പിടി കൊടുത്താൽ പിന്നെ ജീവിതം പോയില്ലേ…”

അവൻ മൊബൈൽ ഫോണിൽ തോണ്ടിക്കൊണ്ട് പല രീതിയിൽ പല നാടുകളിൽ പല ആളുകൾ ശവമൊളിപ്പിച്ച കേസുക്കെട്ടുകൾ പുറത്തേക്കിട്ടു.

അയാളുടെ മുഖത്തെ സംശയഭാവം മാറിയിരുന്നില്ല.

“ശരിയാ, ഇതൊക്കെ പാളിപ്പോയ കേസുകളാ. പക്ഷേ, പിടിക്കപ്പെടാത്ത ഒരു കേസ് സാറിന്റെ കണ്മുന്നിൽ തന്നെ ഇല്ലേ സാറേ.”

അവന്റെ തിയറിയിൽ കുറച്ചൊക്കെ കാര്യമുണ്ടെന്ന് അപ്പോൾ അയാൾക്ക് തോന്നി. മഴയത്ത്, കെട്ടിടത്തിന്റെ പുറകുവശത്തെ ഇരുട്ടിൽ വീണതിനാൽ അവളുടെ ബോഡി ആരും കാണാനിടയില്ല. നേരം പുലരും മുമ്പ് എടുത്തുമാറ്റിയാൽ ഒരു പൂച്ചക്കുട്ടിയും ഒന്നും അറിയാനും പോകുന്നില്ല.

സീസിറ്റീവിയെ ഒതുക്കാൻ അവനറിയാം. ചത്തുകഴിഞ്ഞാൽ പിന്നെ മനുഷ്യനാണ് ഏറ്റവും വലിയ നാറ്റമുണ്ടാക്കുന്നത്. നഗരത്തിലെ മാലിന്യങ്ങൾ മൊത്തം വന്നുവീഴുന്ന പറമ്പിലെ ആകാശം മുട്ടിനിൽക്കുന്ന കൂനയിൽ കഷ്ണങ്ങളാക്കിയിട്ടാൽ പിന്നെ ഒന്നും തിരിച്ചറിയില്ല.

മഴ മാറിപ്പോയ നേരമായിരുന്നു.

അവിക് ദാസ് ഒപ്പിച്ചുകൊണ്ടുവന്ന കറുത്ത കവറിലേയ്ക്ക് പൂർബിതയുടെ ചതഞ്ഞ ശരീരം എടുത്തുവെയ്ക്കുമ്പോൾ റിമ്പോച്ചെ ചാടിവീണു.

ഇടവിട്ടുള്ള തൂണുകൾക്ക് താഴെ കസേരയിട്ടിരിക്കുന്ന ഗാർഡുകളെ ഉണർത്താതെ ബോഡി കാറിലെത്തിക്കുന്നതാണ് പ്രധാനപ്പെട്ട കടമ്പ. അവിക് ദാസ് ശബ്ദമുണ്ടാക്കരുതെന്ന് വീണ്ടും ഓർമ്മിപ്പിച്ചു.

അന്നേരം കാലിൽ കുരുക്കിടാൻ നോക്കിയ റിമ്പോച്ചെയെ കണ്ടപ്പോൾ അയാൾക്ക് കലിയടക്കാൻ പറ്റിയില്ല. അയാൾ അതിനെ ആഞ്ഞു തൊഴിച്ചു. ഫുട്ബാൾ പോലെ പറന്നുപോയി വഴിവിളക്കിന് താഴെയാണ് വീണത്.

ഉടൻ തന്നെ റിമ്പോച്ചെ ആലിയയുടെ ചേഷ്ടകൾ അനുകരിച്ചുകൊണ്ട് മലർന്നു കിടന്ന് ഉച്ചത്തിൽ കാറിക്കരയാൻ തുടങ്ങി.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Ash ashitha short story rimboche