scorecardresearch

ഇന്ദ്രിയാനുഭവങ്ങളുടെ രാഷ്ട്രീയമാണ് അരുന്ധതി റോയിയുടെ നോവൽ

അരുന്ധതി റോയിയുടെ പുതിയ നോവൽ​പുറത്തുവരാനൊരുങ്ങുമ്പോൾഅരുന്ധതിയുടെ എഴുത്തിനെയും കാഴ്ചപ്പാടുകളെയും കുറിച്ച് ഐ ഷൺമുഖദാസ്. ഗോഡ് ഓഫ് സ്മാൾ തിങ്ങ്‌സിനെ കുറിച്ചുളള ശരീരം, നദി, നക്ഷത്രം എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലേഖകൻ

ഇന്ദ്രിയാനുഭവങ്ങളുടെ രാഷ്ട്രീയമാണ് അരുന്ധതി റോയിയുടെ നോവൽ
i. shanmughadas, arundhati roy,
ഐ.​ഷൺമുഖദാസ്

ഒരു നോവലിസ്റ്റ് ഒരു നോവലെഴുതുന്നു, അതിനെ കുറിച്ച് ഇത്രയധികം കാത്തിരിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നതെന്താണ്? അരുന്ധതി റോയി എന്ന മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരിയുടെ രണ്ടാമത്തെ നോവൽവരുന്നുവെന്ന് അറിഞ്ഞതുമുതൽ വായനാലോകം കാത്തിരിക്കുകയാണ് ആ നോവലിനായി. ആ നോവലിന്റെ ആദ്യ പ്രതി ഇന്നലെ പുറത്തു വന്നതോടെ ആകാംഷ വീണ്ടും ഉച്ചസ്ഥായിലായി. അരുന്ധതിയുടെ ആദ്യ നോവൽ പ്രസിദ്ധീകരിച്ച് 20 വർഷങ്ങൾ പിന്നിടുമ്പോഴാണ് രണ്ടാമത്തെ നോവൽ പുറത്തുവരുന്നത്. 1997 ല്‍ ആണ് ‘ദ ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്‌സ്’ പുറത്തിറങ്ങിയത്. ആദ്യവായനയില്‍ തന്നെ അതൊരു സവിശേഷ നോവലാണ്‌ എന്നു തോന്നി. ആ കൃതി എഴുതണം എന്ന ഒരു ഉൾപ്രേരണയുടെ ഒടുവിലാണ് അവർ ആ കൃതിയെഴുതിയത്. അത് അവരുടെ ജീവിതാനുഭവത്തിന്റെ, സിനിമ കണ്ടതിന്റെ, വായനയുടെ, ഭാവനയുടെ ചിന്തയുടെ ഇന്ദ്രിയാനുഭവത്തിന്റെ തുടങ്ങി മികച്ച കൃതിയുളള ആഴത്തിന് വേണ്ടതെല്ലാം ഉൾക്കൊളളുന്നതായിരുന്നു ഗോഡ് ഓഫ് സ്മോൾ തിങ്ങ്‌സ്.

ആദ്യ നോവലിൽ ഒട്ടേറെ സവിശേഷകളുണ്ട്. ഒരു സാഹിത്യ കൃതിയിൽ ഏറ്റവും കൂടുതൽ സിനിമകളും സാഹിത്യകൃതികളും ഉൾക്കൊള്ളിച്ചിട്ടുളള ആദ്യ​ നോവലിതായിരിക്കും. അവരുടെ ഇന്ദ്രിയാനുഭവങ്ങൾ, സിനിമകളിൽ നിന്നും വായനയിൽ നിന്നും ഉളള പലതും, ആ കൃതിയിൽ ഉൾക്കൊളളിച്ചിട്ടുണ്ട്. ആദ്യത്തെ ആ നോവലിൽ ഇംഗ്ലീഷ് ഭാഷയോടുളള അവരുടെ സ്നേഹം അവർ പ്രകടിപ്പിച്ചിട്ടുണ്ട്. അവരുടെ സവിശേഷത അവരുടെ മലയാള​ഭാഷയോടുളള സ്നേഹവും അതിനുളളിലുണ്ട് എന്നതാണ്.

ഗോഡ് ഓഫ് സ്മോൾ തിങ്ങ്‌സിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ദ്രിയം മൂക്കാണ്. മണം നോവലില്‍ ഉടനീളമുണ്ട് എന്നു മാത്രമല്ല, അതിന്‍റെ രാഷ്ട്രീയവും ഉണ്ട്. ദളിതനായ വെളുത്തയുമായി ഇണ ചേരുന്നതിനെ കുറിച്ച്, ബേബിക്കൊച്ചമ്മ അമ്മുവിനോട്‌ ചോദിക്കുന്നത്,”How can you stand his parava smell?” എന്നാണ്. സ്പര്‍ശാനുഭവം ഇതു പോലെ ആവര്‍ത്തിച്ചു പരാമര്‍ശിക്കപ്പെടുന്നു. അതും കൃതിയുടെ രാഷ്ട്രീയതലവുമായി ബന്ധപ്പെട്ടിരിക്കുന്നു. വെളുത്ത ‘അണ്‍ടച്ചബള്‍’ ആണ് എന്ന അവസ്ഥ. ഗന്ധത്തിന്‍റെയും സ്പര്‍ശത്തിന്‍റെയും അനുഭവങ്ങള്‍ കൊണ്ട് നോവലിനെ സിനിമയില്‍ നിന്നും വ്യത്യസ്തമാക്കുന്നു അരുന്ധതി. തന്‍റെ നോവല്‍ സിനിമയാക്കപ്പെടേണ്ടതല്ല എന്ന് എഴുത്തുകാരി വാശി പിടിക്കുന്നതിന് ഇതും കാരണമാകാം. കമ്മ്യൂണിസത്തിന്‍റെ ചുവന്ന നക്ഷത്രത്തിനു പകരം ദളിതരാഷ്ട്രീയത്തിന്‍റെ ഒരു കറുത്ത നക്ഷത്രം ആണ് ആദ്യ നോവലില്‍ അവര്‍ ഇങ്ങനെ സ്വപ്നം കണ്ടത്. ശബ്ദത്തിന്‍റെയും ദൃശ്യത്തിന്‍റെയും സിനിമാറ്റിക് സാധ്യതകള്‍ ഉണ്ട് എങ്കിലും അതിലും വലുതായ സാഹിത്യത്തിന്‍റെ സാദ്ധ്യതകള്‍ ആണ് നോവലില്‍ ഉള്ളത്.

ആദ്യനോവലില്‍ ഉടനീളം പ്രകടമാകുന്ന മലയാളഭാഷയോടുള്ള സ്നേഹം രണ്ടാമത്തെ നോവലില്‍ ഉണ്ടാകണമെന്നില്ല.മലയാളഭാഷയെ ലോകത്തിനു പരിചയപ്പെടുത്തുന്ന പുസ്തകമാണ് ആദ്യപുസ്തകം.നിങ്ങളുടെ ഭാഷ കേരളീസ് അല്ലേ എന്നു ചോദിച്ച ആസ്ട്രേലിയക്കാരി മിസ് മിറ്റനോട് ഇരട്ടകള്‍ അഭിമാനത്തോടെ പറയുന്നത് ശ്രദ്ധേയമാണ്(They showed Miss Mitten how it was possible to read both Malayalam and Madam backwards as well as forwards. She wasn’t amused and it turned out that she didn’t even know what Malayalam was. They told her it was the language everyone spoke in Kerala.She said she had been under the impression that it was called Keralese).പുതിയ നോവൽ, ഡൽഹിയിൽ നിന്നും ഇന്ത്യയ്ക്ക് പുറത്തും ഉളള സൂക്ഷ്മ അനുഭവങ്ങളിലേയ്ക്ക് പോകുമെന്ന് തോന്നുന്നു. ആദ്യനോവലിലും ഇതൊക്കെ ഉണ്ടെങ്കിലും അയ്മനം ആണ് ആ നോവലിന്റെ കേന്ദ്ര സ്ഥലം. പുതിയതിൽ ഡൽഹിയാകാനുളള സാധ്യതയാണ് ഉളളത്.

arundati roy, the god of small things, the ministry of utmost happiness

20 കൊല്ലം കൊണ്ട് എഴുത്തുകാരി എന്ന നിലയ്ക്കുളള അവരുടെ എഴുത്തുകൾ മറ്റ് പലതലത്തിലേയ്ക്ക് ഉയർന്നിരുന്നു. ആദ്യ നോവലിന്റെ അംഗീകാരത്തിന്റെ പശ്ചാത്തലത്തിലാണ് അവർ ആക്ടിവിസ്റ്റ് ആയി ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ കേരളാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് എത്യോപ്യൻ സംവിധായകനായ, അമേരിക്കയിൽ സിനിമ പഠിപ്പിക്കുന്ന, ഹേലി ഗരിമ കേരളത്തിൽ എത്തിയിരുന്നു. അദ്ദേഹമായിരുന്നു അരവിന്ദൻ സ്മാരക പ്രഭാഷണം നടത്തിയത്. അദ്ദേഹവുമായുളള സംഭാഷണത്തിൽ അദ്ദേഹം എന്നോട് അരുന്ധതി റോയിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. “ഞാൻ വിദ്യാർത്ഥികളോട് ഇവരുടെ (അരുന്ധതിയുടെ) പുസ്തകം വായിക്കാൻ പറയും. നോവലിന് ശേഷം വന്ന പുസ്തകങ്ങളാണ് പ്രധാനമായും വായിക്കാൻപറയുന്നത്.” ” യു ഷുഡ് ഹാവ് മോർ സ്ട്രോങ്ങ് വിമൺ ലൈക്ക് ഹെർ ” എന്നുപറഞ്ഞാണ് അദ്ദേഹം ഞാനുമായുളള സംഭാഷണം അവാസനിപ്പിച്ചത്.

ഒരുപക്ഷേ, ആദ്യ നോവലാണ് അരുന്ധതിയെ നർമ്മദയിലേയ്ക്ക് കൊണ്ടുപോയത് , അതുപോലെ ഇങ്ങനെ സാമൂഹിക വിഷയങ്ങളാൽ ഉഴുതുമറിക്കപ്പെടുന്ന മറ്റിടങ്ങളിലേയ്ക്ക് അവരെ എത്തിച്ചത്. അങ്ങനെയൊക്കെ പോകാനുളള തിരക്കഥ, ഗോഡ് ഓഫ് സ്മോൾ​തിങ്ങ്സിൽ ഒളിഞ്ഞുകിടക്കുന്നു. സൂക്ഷ്മമായ തലത്തിൽ ഇതുപോലെയുളള വസ്തുതകളുടെ ഇന്ദ്രിയാനുഭവം പുതിയ നോവലിലും ഉണ്ടാകാനുളള സാധ്യതുണ്ടെന്ന് തോന്നുന്നു. ഈ രണ്ട് നോവലുകൾക്കിടിയിലുളള അവരുടെ പുസ്തകങ്ങൾ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെട്ടവയാണ്. അതിൽ നിന്നും വ്യത്യസ്തമായി എല്ലാ പ്രശ്നങ്ങളെയും സങ്കീർണതകളിലൂടെ കാണാൻ ശ്രമിക്കുന്നുണ്ട് ​ആദ്യ നോവലിൽ. സ്പോക്കൺ ഇംഗ്ലിഷ് ഭാഷ പോലെ സാഹിത്യത്തിന്‍റെ ഭാഷയും നോവലില്‍ ഉണ്ട്. നോവലിലെ ഏറ്റവും ചെറിയ അദ്ധ്യായമാണ് ‘ക്രോസിങ്ങ്’. പുഴ മുറിച്ചു കടക്കുന്ന വെളുത്തയെ കുറിച്ചുള്ള അദ്ധ്യായം. ഈ അദ്ധ്യായം, സ്പോക്കന്‍ ഇംഗ്ലിഷിലല്ല, സാഹിത്യാത്മക ഭാഷയിലാണ്.എഴുത്തുകാര്‍ ലോകത്തിന് നല്‍കുന്ന സമ്മാനമാണ് ഭാഷ.

‘മിനിസ്ട്രി ഓഫ് ഫിയർ’ എന്ന ഗ്രെയം ഗ്രീനിന്റെ നോവലുണ്ട്. അതേ പേരിൽ തന്നെ സിനിമ ഫ്രിറ്റ്സ് ലാങ് (Fritz Lang ) എന്ന ജർമ്മൻ​ സംവിധായകന്റെ സിനിമയുണ്ട് (ഹിറ്റ്‌ലറിന്റെ കാലത്ത് ഇദ്ദേഹം അമേരിക്കയിൽ പോയാണ് സിനിമയെടുത്തത്). എന്നാൽ അരുന്ധതി എന്തർത്ഥത്തിലാണ് നോവലിന് ഈ തലക്കെട്ട് ഉപയോഗിച്ചിട്ടുളളത് എന്ന് അറിയില്ല.​ഈ ആനന്ദം അത്ര ലളിതമായ ആനന്ദമായിരിക്കില്ല എന്നു വേണം കരുതാൻ. നോവൽ വായിച്ചു കഴിഞ്ഞാൽ മാത്രമേ ആ അർത്ഥമെന്താണെന്ന് കണ്ടെത്താൻ കഴിയുകയുളളൂ.  ഇത്തവണ മുൻതവണത്തേക്കാൾ ധാരാളം വിമർശനം അവർക്കെതിരെ ഉണ്ടാകാൻ സാധ്യതയുണ്ട്. ആദ്യ നോവൽ ഇറങ്ങിയപ്പോഴുളളതിനേക്കാൾ ശത്രുക്കൾ ഇപ്പോഴവർക്കുണ്ട്. ‘ശരീരം നദി നക്ഷത്രം’ പ്രകാശനം ചെയ്തത്,സാറ ജോസഫ് ആണ്. സ്വീകരിച്ചത് അരുന്ധതി റോയിയും.. ചടങ്ങ് നടക്കുമ്പോള്‍ സാഹിത്യ അക്കാദമി ഹാളിന്‍റെ മുറ്റം നിറയെ പോലീസ് ആയിരുന്നു. പുറത്ത് ബി.ജെ.പി.യുടെ അരുന്ധതിക്കെതിരെയുള്ള പ്രതിഷേധവും.

അവരുടെ പുതിയ നോവലിനെ കുറിച്ചും എനിക്ക് വലിയ പ്രതീക്ഷയുണ്ട്.അതിനു കാരണം, അനുഭവങ്ങളോട്, ഭാഷയോട്, പ്രതിബദ്ധതയുള്ള എഴുത്തുകാരിയാണ് അവര്‍ എന്നത് കൊണ്ടാണ്. എഴുത്തുകാരി എന്ന നിലയിൽ എന്നെ ആകർഷിച്ചിട്ടുളളത് അതാണ്. സാഹിത്യത്തില്‍ അടിസ്ഥാനപരമായി ഇന്ദ്രീയാനുഭവങ്ങള്‍ ഉണ്ടായിരിക്കണം.
വ്യത്യസ്ത ഇന്ദ്രിയാനുഭവങ്ങളുടെ കുടെ ചിന്തകൂടെ വരുന്നതാണ് അരുന്ധതിയുടെ നോവൽ. അത് അവരുടെ പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും ഉളളതുപോലെയല്ല. സാഹിത്യത്തിൽ ​ ഭാവനയുടെ ലോകം കൂടുതൽ ഉണ്ടാകും.

ആദ്യ നോവലിന് മുമ്പ് തന്നെ എഴുത്തുകാരിയെന്ന നിലയിൽ സാന്നിദ്ധ്യമറിയിച്ചിട്ടുളള ആളാണ് അരുന്ധതി റോയ്. ആദ്യനോവല്‍ പുറത്തു വരുന്നതിനും പത്ത് കൊല്ലം മുമ്പ് ദേശീയ അവാര്‍ഡ് ലഭിച്ച ഒരു തിരക്കഥ എഴുതിയ സ്ത്രീയാണവര്‍. ‘In Which Annie Gives it  Those Ones’ ​എന്ന തിരക്കഥയിലൂടെയാണ് അവർ ആ സാന്നിദ്ധ്യമറിയിച്ചത്. ആ തീ അവരുടെ ഉളളിലുണ്ട്.ഈ ഒറ്റ നോവലിലൂടെ വന്നവരല്ല അവര്‍.  സിനിമാറ്റിക് ആണ് ‘ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ്‌’ എന്നു പലരും പറയുന്നു. അതേ സമയം തന്നെ ഭാഷയുടെ വാക്കുകളുടെ കൃതിയാണ്. സാഹിത്യത്തിനെ വലിയ ശക്തിയായി കാണുന്ന സ്ത്രീ. വാക്കുകളിൽ വിശ്വസിക്കുന്ന സ്ത്രീ. അവരുടെ ഉളളിൽ ഒരുപാട് ലോകങ്ങൾ ഉണ്ട്.

ഇംഗ്ലീഷിനോടു വിധേയത്വമില്ലാതെ ഇംഗ്ലീഷിനെ സ്നേഹിക്കുകയും മലയാളത്തോടുളള​ ഇഷ്ടം നിലനിർത്തുകയും ചെയ്യുന്നു അവർ. ഇംഗ്ലീഷിൽ അല്ലാതെ ഇന്ത്യയിലെ മറ്റ് ഭാഷകളിലും നല്ല സാഹിത്യമുണ്ടെന്ന് ബോധ്യമുളള സ്ത്രീ.

arundhati roy, booker prize, god of small things, the ministry of utmost happiness

ആദ്യ പുസ്തകം അവർക്ക് ഡൽഹിയിലോ ലണ്ടനിലോ പ്രകാശനം ചെയ്യാമായിരുന്നു. അത് കോട്ടയത്ത് വച്ച് പ്രകാശനം ചെയ്തത് കമലാദാസ് ആയിരുന്നു എന്നോർക്കണം.  ആദ്യ കൃതിയിൽ നിന്നും വ്യത്യസ്തമായ ഒരു സാംസ്കാരികതലം രണ്ടാമത്തെ നോവലിൽ വരാൻ സാധ്യതയുണ്ട്. പുസ്തകത്തിന്റെ പേര് ഇഷ്ടപ്പെട്ടു. പേര് വന്നപ്പോൾ തന്നെ നോക്കി, മലയാളത്തിൽ എങ്ങനെ അത് മൊഴിമാറ്റാൻ പറ്റുമെന്ന് ? പക്ഷേ അതിന്റെ അർത്ഥം അത് പുസ്തകം വായിച്ചുകഴിയുമ്പോൾ മാത്രമേ ഉൾക്കൊളളാൻ കഴിയുകയുളളൂ.

വ്യത്യസ്തമായ സംസ്കാരം പുതിയ നോവലിൽ വരാൻ സാധ്യതയുണ്ട്. അതങ്ങനെയായിരിക്കുമെന്ന് അറിയില്ല എങ്കിലും പ്രതീക്ഷയുണ്ട്. ഇന്നും ആളുകൾ വിലകൊടുത്ത വാങ്ങുന്ന ഒന്നാണ് ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്നാണ് അറിവ്. ഇതൊരു സുവോളജിക്കൽ നോവലാണ്, അതിലില്ലാത്ത ജന്തുക്കളില്ല. അതിലൊരു ജന്തു മാത്രമാണ് മനുഷ്യൻ. അത് ആന്ത്രോമോർഫിക്ക് അല്ല, സുവോളജിക്കൽ നോവലാണ്. അങ്ങനെയൊരു ലോകത്തെ ഒരു ജീവിയാണ് മനുഷ്യൻ. മനുഷ്യന്റെകഥ അടിസ്ഥാനപരമായി പറയുന്നു. സർവചരാചരങ്ങളെയും കുറിച്ചുളള തലം അതിലുണ്ട്. അരുന്ധതിയുടെ ആദ്യ നോവൽ​ ഇറങ്ങിയ സമയത്ത് തന്നെ പുറത്തു വന്ന നോവലാണ് അലൻ സീലിയുടെ ‘എവറസ്റ്റ് ഹോട്ടൽ’. അതൊരു ബൊട്ടാണിക്കൽ നോവലാണ്. മരങ്ങളാണ് ആ കൃതിയുടെ ഉളളടക്കം. ഗോഡ് ഓഫ് സ്മാൾ തിങ്ങ്‌സ് ബയോളജിക്കലാണ്, സുവോളജിക്കലാണ്. അവരുടെ കാഴ്ചപ്പാട് കൂടി അതിലുണ്ട്. മനുഷ്യാവസ്ഥയുടെ സങ്കീർണതകളതിലുണ്ട്. പുതിയ നോവലിലും ഇതൊക്കെ ഉണ്ടാകും. ആക്ടിവിസ്റ്റ് എന്ന നിലയിലുളള അനുഭവങ്ങളുടെ സൂക്ഷ്മമായ പ്രതിഫലനങ്ങളും പുതിയ നോവലിൽ പ്രതീക്ഷിക്കുന്നുണ്ട്.

ഇതൊക്കെ മനസ്സിൽ വച്ച് വരാൻ പോകുന്ന നോവൽ​വായിക്കുന്നത് ശരിയാകണമെന്നില്ല. ഗോഡ് ഓഫ് സ്‌മാൾ തിങ്ങ്‌സിനു ശേഷം അവർ ജീവിച്ച ജീവിതം കൂടി പുതിയ കൃതിയിൽ ഉണ്ടായിരിക്കും. ആദ്യനോവലിനു ശേഷം കഴിഞ്ഞ് അവര്‍ ലോകപ്രശസ്തയായി. അവരുടെ അനുഭവമണ്ഡലം കൂടുതൽ വിശാലമായിട്ടുണ്ട്.​ഈ അനുഭവങ്ങളെല്ലാം പുതിയ കൃതിയിൽ എങ്ങനെ വരുമെന്ന് പറയാൻ കഴിയില്ല.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Arundhati roy the ministry of utmost happiness i shanmughadas