ജലമേൽക്കൂരയ്ക്ക് കീഴെ ചിലർ പാർപ്പുണ്ട്
കുളക്കാനിറങ്ങുന്നോരെ കൂട്ടു വരാൻ പ്രലോഭിപ്പിച്ചു കൊണ്ട്
കയത്തിന്റെ കറുപ്പിലവർ തിളങ്ങുന്നു
ആഴത്തിലേക്ക് പോയി തിരിച്ചുകയറാത്തവർ
ഒഴുകിയൊഴുകി ബീച്ചനഹള്ളിയിൽ
പെരുമീനുകളോട് കഥ പറഞ്ഞ് തിരികെ വരും
ആഴം ഒരു മായാലോകം,
ജലജീവികളുടെ അടയാക്കണ്ണ് നിറയെ
പച്ച നീലയൊഴുക്ക്.
പരന്ന ഭൂമിപ്പുറത്തേക്കാൾ
ജീവസാന്ദ്രമായ ആഴം
വരദൂരെന്ന് വരച്ച ചിത്രത്തിൽ നിന്നും ഇറങ്ങിവന്ന കബനിപ്പുഴ
ആറ്റുവഞ്ഞി പൂത്ത കര
കൈതക്കാട്
ചൂണ്ടയ്ക്കപ്പുറത്ത് നാട്ടുകൂട്ടം വൈന്നേരച്ചട്ടിയിൽ മീൻപുളപ്പ്
ഒഴുക്കിന്റെ തുള്ളിച്ചിച്ചിരി
തണുപ്പിന്റെ നുര.

ഒഴുകുന്ന നിസംഗജീവിതത്തിനിടെ
നിൽക്കെന്ന്
രാവിലെ വൈന്നേരങ്ങളിൽ
കൊറ്റി പാറും വയലിറമ്പത്തും
പുഴനെഞ്ചിന്റെ നനവിരമ്പലിലും
നിർത്തിയിരുത്തി
കൺനിറച്ച് പാടുന്നു ജലം ഝലം ജലം ഝലം
നനഞ്ഞ കാറ്റുപാട്ടിണ ചേർന്ന
പുഴക്കര
ജലം ഝലം ജീവിതം നൃത്തമാവുന്നു
അതിരുകളുടെ മുള്ളുവേലികൾ ഝലത്തിന്റെയും ജലത്തിന്റെയും ഒഴുക്കിലടിയേ തകരുന്നു
മഞ്ഞു മലയുടെയും
പശ്ചിമ ഘട്ടത്തിന്റെയും മാറുറവിന്
ഝലം ജലം എന്നൊരേ താളം
കുഞ്ഞിനെ പേറി വീർത്ത
വയറിനുള്ളിൽ അറിഞ്ഞ അതേ ആദിമനാദം.
ഝലം: കശ്മീരിൽ നിന്നും ഉത്ഭവിച്ച് ഇന്ത്യയിലൂടെയും പാക്കിസ്ഥാനിലൂടെയും 772 കിലോമീറ്റർ ദൂരം ഒഴുകുന്ന നദി. കല്ലിൽ തട്ടിയൊഴുകുന്ന ജലനാദം.
വരദൂർ പുഴ : വയനാട്ടിൽ വരദൂരിലൂടെ ഒഴുകുന്ന കബനിയടെ കൈവഴി