scorecardresearch

വാക്കുടൽ-അരുണാ നാരായണൻ ആലഞ്ചേരി എഴുതിയ കവിത

"സകല ഭാഷകളും അലങ്കാരങ്ങൾ മാത്രമാകുന്ന പ്രേമത്തിന്റെ തണുത്തു കുളിരുന്ന ലളിത ശരീരത്തെ, 'എന്റെ നീ' എന്ന നേർത്ത തോർത്തുകൊണ്ട് ഞാൻ പുതപ്പിച്ചിരുത്തിയിട്ടുണ്ട്" അരുണാ നാരായണൻ ആലഞ്ചേരി എഴുതിയ കവിത

"സകല ഭാഷകളും അലങ്കാരങ്ങൾ മാത്രമാകുന്ന പ്രേമത്തിന്റെ തണുത്തു കുളിരുന്ന ലളിത ശരീരത്തെ, 'എന്റെ നീ' എന്ന നേർത്ത തോർത്തുകൊണ്ട് ഞാൻ പുതപ്പിച്ചിരുത്തിയിട്ടുണ്ട്" അരുണാ നാരായണൻ ആലഞ്ചേരി എഴുതിയ കവിത

author-image
Aruna Alancheri
New Update
Aruna Poem

ചിത്രീകരണം : വിഷ്ണു റാം

അവരുടെ പ്രേമത്തിൽ ഉപമകളുടെ ധാരാളിത്തമുണ്ടായിരുന്നില്ല,
ഭാഷയിൽ നിന്ന് കുലീനമായ കള്ളങ്ങൾ എടുത്ത് തൊങ്ങലുകൾ പിടിപ്പിച്ചില്ല,
കണ്ടു കുളിരുമ്പോഴും 'ഹാ സൗന്ദര്യമേ' എന്ന് തമ്മിൽ പറഞ്ഞില്ല.
'രോമാഞ്ച'ത്തിന്റെ തുഞ്ചത്ത് നിന്ന് ആ വാക്ക് ചാടി മരിച്ചത് അവരറിഞ്ഞതുമില്ല.

Advertisment

മൂന്നാമതായി നിന്ന് രണ്ടാളുകളുടെ ജീവിതത്തെപ്പറ്റി പറയുമ്പോൾ,
അവർ കളഞ്ഞ വാക്കുകൾ, ഉപമകൾ സകലതും ഞാൻ പെറുക്കിയെടുക്കുന്നു, 'പോലെ' 'പോലെ' എന്ന് കണക്കേറി പയറ്റിയ കവിത പോലെ, ഞാനതു നിരത്തി വെക്കാം.

സകല ഭാഷകളും അലങ്കാരങ്ങൾ മാത്രമാകുന്ന പ്രേമത്തിന്റെ തണുത്തുകുളിരുന്ന ലളിത ശരീരത്തെ,

'എന്റെ നീ' എന്ന നേർത്ത തോർത്തുകൊണ്ട് ഞാൻ പുതപ്പിച്ചിരുത്തിയിട്ടുണ്ട്.

വാക്കുകളുടെ നാരങ്ങാ മിഠായികൾ അലിയിച്ചു തിന്നാനറിയാതെ, വിഴുങ്ങിപ്പോയ കുട്ടികളായിരുന്നു അവർ.

Advertisment

ഒന്നിച്ചു നടക്കുമ്പോൾ ആകാശത്തിന് കടൽ നീല വന്നതെന്തെന്നും,
വഴികളുടെ ഞരമ്പുകൾ സുതാര്യമാകുന്നതെന്തെന്നും ആശ്ചര്യപ്പെട്ട,
നാലു കണ്ണുകളിൽ നിന്ന്,

നക്ഷത്രങ്ങൾ പറന്നുപോയത് അവർ വരച്ചു വച്ചിരിക്കാം.
രണ്ടാളുകളുടെ പിറകെ വാർത്താന്വേഷിയായി ഞാൻ നടന്നു തുടങ്ങിയതേയുള്ളൂ.

നാവുകളിൽ നിന്ന് ആത്മാവിലേക്കുള്ള വാക്കുപാലം പൊട്ടിപ്പോയിട്ടുണ്ട്.
ആ വിടവിൽ ഉപമിക്കാനാവാത്ത കടുത്ത ഏകാന്തത കുടിയേറിയിട്ടുണ്ട്.

'പ്രിയപ്പെട്ടത്' എന്ന വാക്ക് കളിമണ്ണിൽ ചുട്ടെടുത്ത് നിറം പുരട്ടിയ ഒന്നായിരുന്നു. അവ പ്രണയികളുടെ ഉള്ളിലെ ചൂളയിൽ വെന്തു പാകമാകും, 

പങ്കുവെക്കപ്പെടാതെ ആ വാക്ക് പൊട്ടി രണ്ടായി,

'പെട്ടത്' എന്ന് വായിച്ച് ഊറിയ ഒരു ചിരിയെ ഞാൻ തുടച്ചു കളഞ്ഞു.

Aruna Poemവാക്കുകൾ കൃത്യമായി ഉപയോഗിക്കപ്പെടാതിരിക്കുമ്പോൾ, ഉറയൊഴിച്ച പാത്രത്തിലെ പുഴുക്കളെ കണക്ക് കെട്ടു നുരയ്ക്കുമെന്ന വാക്യത്തിൽ ഞാൻ തൃപ്തിപ്പെട്ടു.

പുളിക്കും മുൻപേ മെല്ലെ കോരിയെടുത്തോളൂ,
പണ്ടത്തെ പ്രേമത്തിന്റെ ഉറത്തൈര്,
ചുവന്ന ചന്ദ്രനെ കയ്യിൽ കോരി കടിച്ചു തിന്ന്,
വിശന്നവയറിൽ പ്രേമത്തിൻ അരി പാകിയിരുന്നൊരു കാലം മറന്നുപോകും.

നടുപ്പുറത്ത് പേരില്ലാത്തൊരു പുസ്തകം തപ്പിയെടുക്കുന്ന പാടുണ്ട്,

പ്രിയതരമായ വാക്കുകളെ തുപ്പിക്കളഞ്ഞ

രണ്ടാളുകളുടെ പ്രണയത്തെ വീണ്ടെടുക്കലിന്.

ആദ്യന്തം അടുക്കിപ്പെറുക്കുമ്പോൾ മാത്രം,
കയ്യിൽ തടയുന്നത്.
അതുമല്ലെങ്കിൽ
ആകാശത്തു പടർന്ന കടൽ നീല ചോർന്ന്,
മിണ്ടാതെ കൊഴിഞ്ഞ വാക്കുകളിലേക്ക് കലർന്നു പോവുന്നത്
പഴമ്പ്രണയികൾ നിശബ്ദം നോക്കി നിന്നേക്കാം.

Poem Malayalam Writer Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: