ചങ്ങാതി
പുലർച്ചയിലെ കോട, നമ്മുടെ തൊലികളിൽ തണുത്ത ഉമ്മകളാലുരുമ്മുന്നു.
ദൂരമില്ല എന്ന് കോട,
നമുക്കിടയിൽ ദൂരമേതുമില്ലെന്ന്
നിന്റെ കണ്ണിലെയലിവെഴുമാഴം.
നമ്മുടെ നടപ്പാതയിൽ പതിവിലും മുള്ളുകൾ
നീ വാലാട്ടുമ്പോൾ,
ഉള്ളിലെ തീരം നനയ്ക്കുന്നു ഒരു തിര

വേലി
വേലികളുള്ള വീട്ടുപറമ്പാണ് ജീവിതമെന്ന കടങ്കഥ.
ചാടിയും നൂണ്ടുകേറിയും വരും
ഇണങ്ങും പട്ടി, പൂച്ച, ഇണങ്ങാ പൂത്താങ്കീരി.
ഉടലിൽ നിന്നു രോമങ്ങൾ പോലെ പൊഴിഞ്ഞു പോവുന്നൂ, വളർത്തുജീവികൾ.
തീരുന്നു, മൂക്കുരസിയുരഞ്ഞ നീളനുപന്യാസങ്ങൾ
നക്കിത്തോർത്തുന്ന വരൾച്ചകൾ
ഒട്ടിനിൽക്കുന്നൂ ചുറ്റും ഓർമ്മ പോലൊരു മെഴുക്ക്
വാലാട്ടുന്നൂ പിന്നിൽ മുറിവുകളുടെ എരിവ്.
വേലിയില്ലാത്ത മാനത്തു മാത്രം കറവ വറ്റാത്ത പശുക്കൾ മേയുന്നു.

പൂർണ്ണം
വെള്ളത്തിൽ കയ്യാഴ്ത്തി,
ചന്ദ്രനെ ഞാൻ കോരുമ്പോൾ
രണ്ടു മീനുകൾ മുൻപിൻ പായുന്നു വട്ടത്തിൽ,
ചുറ്റുന്നു,
കൈക്കുള്ളിലെ വിൺപൊട്ടിനെയവർ,
ചുറ്റുന്നു,
ശമിക്കാത്ത ദാഹവും പൂർണചന്ദ്രനും കുമ്പിൾക്കൈയിൽ.