വരുന്നവർക്കെല്ലാം
അന്നമുള്ള വീടായിരുന്നു.
വലിയ വീടായിരുന്നില്ല.
മുപ്പത്തിമൂന്നു കൊല്ലം കൊണ്ട്
കിട്ടാവുന്ന മരമെല്ലാം,
അച്ഛനും അമ്മയും നട്ടു നനച്ച്,
വീട് കുഞ്ഞിക്കാടിൻ നടുവിലെ,
കൂടായി മാറിയിരുന്നു.
മുല്ല പടർന്ന ചെമ്പരത്തിയും
തെങ്ങിനൊപ്പം വളർന്ന
ആകാശവെള്ളരിയും
തേൻവരിക്കയും ചാമ്പയും
പാൽമാങ്ങയും നെല്ലിയും
ചതുരനെല്ലിയും
അണ്ണാൻ പാർക്കുന്ന പേരയും
പലതരം കിളികളും
പൂച്ചകളും
പശുവും കന്നൂട്ടിയും
ആലയ്ക്കു മേൽ പടർന്ന,
മത്തനും,കുമ്പളം,ചവച്ചിങ്ങ,
എല്ലാമുണ്ടായിരുന്നു.
തെയ്യക്കോലത്തിൽ,
കാലിൽ തണ്ടയുമിട്ട്,
ചിലും ചിലും എന്ന്
ദൈവം ആ വഴി പോകുന്നത്,
ഞങ്ങൾ കുട്ടികൾ മാത്രം കണ്ടിരുന്നു.
മരങ്ങൾ പെയ്യുന്ന,
കോട മൂടിയ പുലർച്ചകൾ,
ഓടുപുതയ്ക്കുമ്പോൾ
വീട്ടിനകത്തെത്തുന്ന ആകാശം.
മഴക്കാലത്ത് വെള്ളം കിനിയുന്ന,
കാവിയിട്ട തറ,
അതിൽ നിറയെ,ചോക്കു കൊണ്ട്
വരച്ചാലും വരച്ചാലും തീരാത്ത ചിത്രങ്ങൾ.
വിൽക്കുന്നില്ലേ, വിൽക്കുന്നില്ലേയെന്ന്
വാങ്ങുന്നവൻ ചോദിച്ചു വന്നപ്പോൾ
ഒന്നു മൂളിയതാണ്.
വാക്കു പറഞ്ഞാൽ,അത്
വാക്കു കൊണ്ട് മാറ്റാമെന്ന്
അച്ഛനും അമ്മയ്ക്കും
അറിഞ്ഞുകൂടായിരുന്നു.
ഒരു ജെ സി ബി ഒറ്റ വലിക്ക്,
കാടും വീടും ഒരു കൂനയാക്കി.
മഞ്ഞച്ചേര പ്രാണഭയത്താൽ,
പാഞ്ഞു പോയി.
തരിശിൽ കിളി മുട്ടകൾ
പൊട്ടിക്കിടന്നു.
മണ്ണുമാന്തിപ്പൊളിച്ചാലും
ആർക്കും കിട്ടാത്ത,
ഓർമകളുടെ നിധി മാത്രം
ഞങ്ങൾ കൊണ്ടു പോന്നു.