രണ്ടു കൂട്ടുകാർ
ഒടുക്കത്തെ ദിവസം
ചെലവിട്ടത്,
മെരുക്കമുള്ള നായയെപ്പോലെ
മെല്ലെ വാലാട്ടുന്ന ആ
തടാകക്കരയിലാണ്.
അതിന്റെ തണുത്ത മൂക്കിൽ
കാലുമുട്ടിച്ച്,
ഉടലുരുമ്മി,
അങ്ങനെയിരുന്നപ്പോൾ
കയ്യിലിരുന്ന കിഴങ്ങുകൾ
തനിയേ വെന്തു!
പങ്കു വെച്ചു.
കണ്ണിലെ തിളക്കങ്ങൾ
വിണ്ണിലോട്ടു കടം കൊടുത്തു.
രാത്രി മുല ചുരന്നു.
തന്നത്താനെന്ന വണ്ണം
തുറവിയോടെ അവർ,
തമ്മിൽ മിണ്ടിയിരുന്നു.
അങ്ങനെയിരുന്നപ്പോൾ
ഇങ്ങിനെയിരുന്നാൽ
എന്തോ കുറവുണ്ടെന്ന് കണ്ടു!
ആദിപാപം തൊട്ട്,
സകല വഞ്ചനയുടെയും
കഥ അവരോർത്തു.
കൊന്നും വെന്നും
അതിരു വരച്ചുമാണ്
ചരിത്രം ഉണ്ടാകുന്നതെന്ന്
തമ്മിൽ പറഞ്ഞു.
ഒറ്റു കൊടുത്തും
ചോരയിൽ തഴച്ചും വളരാത്ത, തങ്ങളുടെ കഥയില്ലായ്മയിൽ
അവർ നിസാരരായി.
സ്നേഹത്തിന്റെ നോവും നിറവും
ചരിത്രത്തിന്റെ ആകാശത്ത്
അപ്പൂപ്പൻ താടി പോലെ
പറന്നു പോവുമെന്നവർ
അരിശപ്പെട്ടു.
കഥയിങ്ങനെ മതി, തുടരട്ടേയെന്ന്
അത്ര മേൽ നനുത്തിരുന്ന
ആകാശവും തടാകവും കരഞ്ഞു.
ആരു കേൾക്കാൻ?
കൂടെയിരുന്നവൻ
വഴുക്കുന്നൊരു മീനായി
വെള്ളത്തിലേക്ക് കുതറി.
ഒറ്റയ്ക്കായവൻ
പകച്ചു പോയി,
മീനുകളുടെ ഭാഷ
അറിഞ്ഞു കൂടാത്തതിനാൽ
ഉടൽ നുറുക്കി വെള്ളത്തിലിട്ടു കൊണ്ടേയിരുന്നു..
അവൻ തിരികെ വരണമെന്ന്
ഉള്ള് പിടഞ്ഞ് കൊണ്ട്.
