എഴുത്തുമേശയിൽ നിന്നും
അടുക്കളക്കണക്കുകളിലേക്ക്
അവളുടെ പേന കൊണ്ടു വച്ച്
സുന്ദരനായ വില്ലൻ
കണ്ണു കൊണ്ടു ചിരിക്കുന്നു.
ഉപ്പു മുളക് പഞ്ചസാര
അലിഞ്ഞലിഞ്ഞ്
അവന്റെ നെഞ്ചിൽ
അവൾ പടരുന്നു.
കായം മൂപ്പിച്ച സാമ്പാർമണം,
കാറ്റിൽ പടരുന്നു.
ചെണ്ടുമല്ലി, ഓർക്കിഡ്,
പലതരം പൂക്കൾ വിരിയുന്ന മുറ്റം.
അടിച്ചും തുടച്ചും,
ഒതുക്കിയും ഒതുങ്ങിയും,
ഉണ്ണിമൂത്രം,അപ്പിത്തുണി
കഴുകിയും ഉണക്കിയും
പകലു തീരുന്നു.
ഉറക്കമെന്ന് പേരുള്ള,
പുതപ്പു മൂടുന്നു.
കണ്ണിന്റെ അതിരിൽ നിന്നും,
സ്വപ്നങ്ങളിലേക്ക് പാരാഗ്ലൈഡിങ്ങ്,
സ്വപ്നത്തിൽ കടുകു പൊട്ടുന്നു,
മുളകു വറക്കുന്നു, കറി വെക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook