ആ നാട്ടുവഴിയിലെ
പെട്ടിക്കടയോടുചേര്ന്ന്
വലിയൊരു പ്ലാവുണ്ടായിരുന്നു.
പുത്തന്‍ ഇലകളെ കിളിര്‍പ്പിച്ചും
പഴയവയെ മഞ്ഞയുടുപ്പിച്ചും
വേദനയോടെ
കാല്‍ച്ചോട്ടിലേക്ക് യാത്രയയച്ചും
പെട്ടിക്കടയ്ക്കു മുന്നിലൊരു തണലുകെട്ടി.
തണല്‍ തേടി
വഴിയാത്രക്കാര്‍
കടയിലും കയറി
മുറുക്കാന്‍ ചവച്ചുതുപ്പിയും
സിഗരറ്റ് വലിച്ചുതള്ളിയും
പ്ലാഞ്ചോട്ടിലിരുന്നു.
ഒരു വീട്ടിലേക്കെന്നോണം
അവരെയെതിരേറ്റ കടക്കാരന്
ഗോലിസോഡയ്ക്കും
മോരുംവെള്ളത്തിനും
കണക്കുപറഞ്ഞു.
മരത്തണലില്‍ കൂടിയ ആള്‍ക്കൂട്ടം
വര്‍ഷാവര്‍ഷം മരംപൊഴിച്ച
മധുരം നുണഞ്ഞു.

ഒരു കൊടുംമഴയില്‍
പതുങ്ങിയെത്തിയ കാറ്റ്
ആരും കാണുന്നില്ലെന്നുറപ്പാക്കി
പ്ലാവിനെയും കൂടെക്കൊണ്ടുപോയി.
പിറ്റേന്നും അതിന്റെ പിറ്റേന്നും
മഴ ശറശറോന്ന് പെയ്തോണ്ടേയിരുന്നു.
മഴമാറിയ നാളില്‍
പ്ലാവിനെ തേടിയെത്തിയ
ആള്‍ക്കൂട്ടം
തണലില്ലായതറിഞ്ഞതേയില്ല
പിറ്റേന്നും അതിന്റെ പിറ്റേന്നിന്റെ
പിറ്റേന്നിന്റെ പിറ്റേന്നിന്റെ പിറ്റേന്നും
അവര്‍ തണല്തേടിയെത്തിക്കൊണ്ടേയിരുന്നു.
പിറ്റേന്നുകള്ക്കൊടുവിലെ ഇന്ന്
ഇവിടാരും ആരോടും
ഗോലി സോഡയ്ക്കും മോരുംവെള്ളത്തിനും
കണക്കുപറയുന്നില്ല,
ഇപ്പോഴാ നാട്ടുവഴിയില്‍
ഒരു പ്ലാവില പോലും
ബാക്കിയില്ലേലും
ആരാണ്ടൊക്കെയോ
പ്ലാഞ്ചോട്ടിലെ തണല്‍ തേടി
വന്നോണ്ടിരിക്കുന്നു.