scorecardresearch

Latest News

രഹസ്യബന്ധത്തിലുള്ള മൂന്ന് കാമുകിമാർ

“മാസത്തിലൊരിക്കൽ ഞാനും കഴിക്കും. നീലു, അവളെന്റെ ഔഷധസസ്യമാണ്. ഓരോ കോശത്തിലും – വസന്തം വിടർന്ന് നിൽക്കുന്ന പൂക്കാരി” ആർഷ കബനി എഴുതിയ കവിത

Arsha Kabani, Poem, IE Malayalam
ചിത്രീകരണം : വിഷ്ണു റാം

നീലു
എപ്പോഴും തലയിൽ പൂചൂടുന്നവളാണ് നീലു.
ഇടക്കെല്ലാം ചില മനുഷ്യർ –
അവൾക്കരികിലൂടെ മൂളിപ്പറക്കുന്നത് കാണാം.
അവളുടെ തുടയിടുക്കുകൾ –
രക്തത്തുണിയുരത്ത് മുറിപ്പെട്ടുകൊണ്ടേയിരുന്നു.
ആ പാടുകളിൽ ഉമ്മവെക്കാൻ,
കൂടെയുള്ളപ്പോഴെല്ലാം അവൾ പ്രേരിപ്പിക്കും.
അവളുടെ ഉപ്പൂറ്റി വിള്ളലുകളിൽ –
തൊട്ടാവാടികൾ വിടരുന്നത് ഞാൻ കണ്ടെത്തും.

നീലു ,
നഗരത്തിലെ ലൈംഗിക തൊഴിലാളികളിൽ ഒരുവളാണ്.
അവൾ പലരുടേയും പൂമരമായി,
പലരേയും തേനീച്ചകളാക്കി.
ഭാര്യയറിയാതെ തേനീച്ചയാവാനുള്ള മരുന്ന്
മാസത്തിലൊരിക്കൽ ഞാനും കഴിക്കും.
നീലു, അവളെന്റെ ഔഷധസസ്യമാണ്.
ഓരോ കോശത്തിലും –
വസന്തം വിടർന്ന് നിൽക്കുന്ന പൂക്കാരി.

Arsha Kabani, Poem, IE Malayalam
ചിത്രീകരണം : വിഷ്ണു റാം

കാർത്ത്യായനി

എല്ലാ രാത്രികളിലും ഞാനവളെ –
കാർത്ത്യായനി എന്ന് വിളിച്ചു.
അതെന്റെ അമ്മയുടെ പേരാണ്.
കുട്ടിക്കാലത്ത് മരിച്ചുപോയ –
അമ്മയുടെ മുലകളുമായി-
രാത്രി നേരങ്ങളിൽ അവൾ മുറിയിലേക്ക് വന്നു.

ഞാനവളെ കാർത്ത്യായനി എന്ന് വിളിച്ചു.
അവളുറങ്ങിക്കിടക്കുമ്പോൾ അവളുടെ മുലകൾ –
എന്റെ വിളികേട്ടു.

Arsha Kabani, Poem, IE Malayalam
ചിത്രീകരണം : വിഷ്ണു റാം

സരോജിനി

അവളൊരു അഴിഞ്ഞാട്ടക്കാരിയായ –
നാടകക്കാരിയാണ്.
ശകുന്തളയും സീതയും മറിയയുമായി –
അവളോരോ ദിവസവും എന്നിലേക്ക് വന്നു.
ഓരോ ദിവസവും അവളോരോ മൂക്കൂത്തികളണിഞ്ഞു.

Arsha Kabani, Poem, IE Malayalam
ചിത്രീകരണം : വിഷ്ണു റാം

മൂക്കൂത്തിയണിഞ്ഞ ശകുന്തള,
മൂക്കൂത്തിയണിഞ്ഞ സീത,
മൂക്കൂത്തിയണിഞ്ഞ മറിയ.
അവരെല്ലാം എന്റെ മടിയിലിരുന്നു.
ഒറ്റപ്പെടലിന്റെ കണ്ണുനീർ പൊഴിച്ചു.
അനാഥത്വത്തിന്റെ, വേദനയുടെ വിരലുകൾ നീട്ടി.
ഞാൻ അവയിലെല്ലാം ഉമ്മവെച്ചു.
അവരുടെ കാൽമുട്ടുകളിൽ –
മുറിപ്പാടുകൾ കല്ലിച്ചുകിടന്നു.
സരോജിനി,
അവളൊരു അഴിഞ്ഞാട്ടക്കാരിയായ പ്രണയിനിയാണ്.

Read More: ആർഷ കബനിയുടെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Arsha kabani poem rahasyabandathilulla moonu kaamukimar

Best of Express