കടലിൽ മുങ്ങിക്കിടന്ന ആ രാത്രി,
നീ മരണപ്പെട്ടിരുന്നെങ്കിൽ
നമ്മൾ കണ്ടുമുട്ടുക ഇങ്ങനെയായിരിക്കില്ല.
നിന്റെ ലവണങ്ങളിൽ കൊഴുത്ത മീനിനെ,
വരഞ്ഞ്, മുളക് പുരട്ടി വേവിച്ച് ,
കപ്പയ്ക്കും, കട്ടൻചായക്കുമൊപ്പം
നാവിലേക്ക് വെക്കുമ്പോളാവും
പ്രണയത്തിന്റെ എരിയുന്നരുചി എന്നിൽ ത്രസിക്കുക.
ജനനങ്ങളുടെ ഉടുപ്പൂരി നീ കുളിച്ചതുപോലെ അപ്പോഴാകും ഞാൻ വിയർക്കുക.

കാട്ടുചോലയുടെ
പെട്ടെന്നുള്ള മദപ്പാടിൽ നിന്ന് ഞൊടിയിടക്കുള്ളിൽ,
നീ കുതറിമാറിയില്ലായിരുന്നെങ്കിൽ
നമ്മൾ പ്രണയിക്കുക ഇങ്ങനെയായിരിക്കില്ല.
പാതാളത്തിൽ നിന്ന് ചുമന്നേറ്റിവന്ന ആണിനൊപ്പം*
ഉടലുരച്ച് തീകൂട്ടുന്ന ഒരുവളെ കാണുമ്പോഴാകും
എന്റെ കാലിൽ നിന്റെ അസ്ഥിയുടെ കൊളുത്ത്
തറഞ്ഞുകയറുക.
ചുഴിയിൽ നിന്ന് നീ നീട്ടിയൂതിയ ശ്വാസം
എന്റെ രക്തത്തിലൂടെ കടന്നു പോവുക.arsha kabani,poem,iemalayalam

ഗർഭപാത്രത്തിലെ വിടവുകളിലൂടെ
കാട്ടിലേക്കോടിപ്പോയ
കുട്ടികളുടെ കളികളിൽ
നമ്മൾ കണ്ടെടുക്കപ്പെടുന്നു.
നാരകക്കാളികളുടെ** പറക്കലിൽനിന്ന്
കെട്ടഴിഞ്ഞു വീണൊരു മിന്നലേറ്റ് മരണപ്പെട്ട വിവരം
നമ്മളവരോട് പറയുന്നു.

തുന്നലഴിഞ്ഞ കാറ്റിന്‍റെ
കീശയിൽനിന്ന് പ്രണയത്തിനൊപ്പം
നമ്മളും കളഞ്ഞുപോയിരിക്കുന്നു.

 

* പാതാളത്തവളകൾ എന്ന് വിളിക്കുന്ന ഒരിനം തവളകളെ സൂചിപ്പിക്കുന്നു. മഴ പെയ്യുമ്പോൾ ഇവയിലെ പെൺ തവളകൾ ആൺ തവളകളെ ചുമന്ന് ഭൂമിയുടെ ഉപരിതലത്തിലെത്തി ഇണചേരുകയും ചെയ്യുന്നു.

*ചുവപ്പും കറുപ്പും നിറുള്ള ഒരിനം ചിത്രശലഭങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook