ചില മനുഷ്യന്മാരൊഴികെയുള്ള മറ്റൊരു ജീവിയോടും സ്നേഹമില്ലാതിരുന്ന എന്റെ ജീവിതത്തിലേയ്ക്ക് അച്ചു കടന്നുവന്ന ശേഷമാണ് ഒരു മാറ്റം ഉണ്ടായത്. പട്ടി, പൂച്ച തുടങ്ങി ജീവനുള്ള ഏതൊരു വസ്തുവിനെയും അവൾ അഗാധമായി സ്നേഹിച്ചു. ആ സ്നേഹം പല്ലി, പാറ്റ, ചിലന്തി തുടങ്ങിയ ജന്തുക്കളോട് കാണിച്ചില്ലെങ്കിലും പതിയെ പതിയെ അത് എന്നിലേയ്ക്കും പരന്നൊഴുകാൻ തുടങ്ങി. എന്റെ വീട്ടുപറമ്പിൽ വഴിപ്പോക്കരായിരുന്ന ഓരോ പൂച്ചകളേയും അവൾ വീട്ടുകാരാക്കി. കൂറ്റ് കേട്ടാൽ മതില് ചാടിമറിയുന്ന അവരെ ബാക്കി വന്ന മീൻകറിയും ചോറും കുഴച്ച് കൊടുത്ത് വശത്താക്കി. അവളുടെ വീട്ടിലെ പൂച്ചകളെ ഞാൻ മടിയിലെടുത്ത് താലോലിച്ചു. ഓരോ വെക്കേഷന് വരുമ്പോഴും അവർ എന്റെ കാലുകളിൽ നിർത്താതെ ഉരസി സ്നേഹം പ്രകടിപ്പിച്ചു.
പൂച്ചകളോടുള്ള സ്നേഹം സഹിക്കവയ്യാതെ ബാംഗ്ലൂർ സ്വദേശിയായ ഒരു നാടൻ പൂച്ചക്കുട്ടിയെ ഞങ്ങൾ വീട്ടുകാരിയാക്കി. ഇതേ സ്നേഹത്തിന്റെ ബാക്കിപ്പൊട്ടാണ് തറവാടിന്റെ വടക്കിനിയിൽ മൃതപ്രായനായി കണ്ടെത്തിയ കോഴിപ്പൂവനോടും എനിക്ക് തോന്നിയത്. അരിമണിയും വെള്ളവും കൊടുത്ത് ഞാനും അച്ചുവും അമ്മമ്മയും അതിനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. വിശപ്പിന്റെ വയലപ്ര പരപ്പിൽ ആർത്തിയോടെ അവൻ അരിമണികൾ ചറപറ കൊത്തിത്തിന്നു. ഒരു ചാക്ക് അരി കൊടുത്താൽ അവൻ അത് മുഴുവൻ തീർക്കുമായിരുന്നു എന്നെനിക്ക് തോന്നി. കത്തിമുന പോലുള്ള കൊക്കുകൾ കണ്ട് ഭയന്ന അച്ചു വായുവിൽ കൈകൾ വിരിച്ച് അവനെ താലോലിക്കുന്നുണ്ടായിരുന്നു. പൂവൻ കോഴിയുടെ അക്രമങ്ങൾ യൂട്യൂബിൽ ധാരാളം കണ്ടിട്ടുള്ള ഞാൻ ഒന്നരയടി അകലം പാലിച്ചു. “ഇതൊന്നും ചെയ്യൂല്ലടാ” എന്നും പറഞ്ഞ് എൺപത്തിയഞ്ച് വയസ്സുകാരിയായ അമ്മമ്മ മാത്രം അതിന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു. ചുളിഞ്ഞ് മൃദുവായ കൈകളിലെ തണുപ്പും വാങ്ങി മരജനാല നോക്കി പരന്ന് വെളുത്ത നിലാവ് കണ്ട് അവനിരുന്നു.

തറവാട്ട് പറമ്പിനും അപ്പുറം പനക്കാട് വയൽ. പനക്കാട് വയലിന് കുറുകെ വലിയ ഒരു നടവരമ്പുണ്ടായിരുന്നു, ഇന്നത് കുന്നിൻ മുകളിലേയ്ക്ക് ഓടിക്കയറുന്ന ടാറിട്ട റോഡാണ്. വയലിന്റെ വടക്കേ കരയിൽ ഉയർന്നാടി നിൽക്കുന്ന കവുങ്ങുകൾ. അതിനോട് തൊട്ടെകർന്ന് മയങ്ങുന്ന നാട്ടുകുന്ന്.
കുന്നൊലിച്ച് പോവാനുള്ള നിലാവ് പരന്ന നേരത്താണ് കുറുവേലിക്കാട് കടന്ന് കുറു ഇറങ്ങിയത്. സ്വർണക്കണ്ണുകളും ചെമ്പൻ മേനിയും ഇടതൂർന്ന കരിങ്കാട് പോലെയുള്ള വാലുമായി കാട്ടിനറ്റത്തെ പുല്ലാഞ്ഞിക്കെട്ടും കടന്ന് അവൻ നാട്ടുകുന്നിന്റെ മുകളിലെത്തി. ഏറ്റവും ഉയരമുള്ളിടത്ത് കുപ്പം പുഴ നോക്കി നിന്ന ഒറ്റചെമ്പകത്തിന്റെ ചുവടിൽ പോയി മാനത്തെ വലിയ വട്ടത്തിന് നേരെ തലപൊക്കി കൂവാൻ തുടങ്ങി. രാത്രി മാത്രം കാണാനാകുന്ന ഏതൊക്കെയോ കിളികൾ പനക്കാട് വയലിൽ നിന്നും കവുങ്ങിൻ തലപ്പുകളെ തൊട്ട് തെക്കോട്ട് പറന്നു. വയൽക്കരയിൽ നിന്ന് മറ്റ് കുറുക്കന്മാർ മറുവിളി കൊടുത്തു.
താഴ്വാരം നിശ്ശബ്ദതയിലാണ്ട് കിടക്കുന്നുവെന്ന് ഒറ്റ നിമിഷത്തിൽ തോന്നുമെങ്കിലും പല വീട്ടുമ്മറങ്ങളിലും ആളുകൾ വർത്തമാനം പറഞ്ഞിരിപ്പുണ്ടായിരുന്നു. ഫിലമെന്റ് ബൾബുകളിലെ മഞ്ഞ വെളിച്ചങ്ങളുടെ തണലിൽ വിരിയുന്ന വർത്തമാനങ്ങൾ അവൻ കുറുക്കൻ കണ്ണുകളിലൂടെ കണ്ടു. കൂർത്തിരുണ്ട ചെവിയിലൂടെ ഒക്കെയും കേട്ടു മനസ്സിലാക്കി. താഴ്വാരമാകെ തന്റെ വരവറിയിച്ചുകൊണ്ട് വീണ്ടും ഉറക്കെയുറക്കെ കൂവി.
വടക്കിനകത്ത് പൂവനെ ഉറ്റുനോക്കിയിരുന്ന ഞങ്ങളും തെക്കിനകത്ത് സൊറ പറഞ്ഞിരുന്ന ആത്മാക്കളും തറവാട്ടുമ്മറത്ത് കൊതുകിനെയും അടിച്ചിരുന്ന വലിയമ്മാമനും ദാമു എളേപ്പനും കുറുക്കന്റെ കൂവൽ കേട്ട് വടക്കോട്ട് നോക്കി. അമ്മാമന്റെ മുഖത്ത് വല്ലാത്തൊരു ഗൃഹാതുരത്വം.
“ഇത്രേം കുറുക്കൻമാരെ നാട്ടിൽ കാണുന്നത് ആദ്യായിട്ടാ” കുറുക്കന്മാരോട് എന്തോ ദേഷ്യമുള്ളത് പോലെ എളേപ്പൻ പുരികം ചുളിച്ചു.
“കുറുക്കൻ മാത്രാന്നോ ദാമു? മയില്, പന്നി, കുരങ്ങ്, കാട്ടുപൂച്ച തുടങ്ങി മനുഷ്യന് ഉപദ്രവൂണ്ടാക്കുന്ന ജീവികളേയുള്ളൂ.” വെള്ള ഷർട്ടിന്റെ കൈകൾ മടക്കിക്കൊണ്ട് അമ്മാമൻ സമയം നോക്കി.
“പണ്ട് റിപ്പർ ചന്ദ്രൻ പനക്കാട് വയൽക്കരയിലൂടെ പോകുന്നുണ്ടെന്ന് ഏതോ വിദ്വാൻ തട്ടിവിട്ടു. ആ രാത്രിയും അതിനടുത്ത രാത്രിയും ഇവിടുള്ള എല്ലാ വീട്ടുകാരും അടച്ചുപൂട്ടിയിരുന്നു. ആ ഒരു അവസ്ഥയാ ഇപ്പോ. മനുഷ്യന്മാരെയൊന്നും പൊറത്ത് കാണാനില്ല. മനുഷ്യന്മാര് പുറത്തിറങ്ങാതിരിക്കുമ്പോ മൃഗങ്ങളെറങ്ങും.”
റിപ്പർ ചന്ദ്രൻ പനക്കാട് വയൽക്കരയിൽ കൂടി നടന്ന് പോയി എന്ന് പറയപ്പെടുന്ന ആ രാത്രി അമ്മാമൻ അഭിമാനത്തോടെ ഓർത്തു. ഇതുപോലെ നിലാവുണ്ടായിരുന്ന, ഇത്രയും നിശബ്ദമായിരുന്ന ഒരു രാത്രി. രണ്ട് രാവും പകലും ആളുകൾ വീടും പൂട്ടിയിരുന്നു. അടുക്കളയിൽ ബാക്കിയുള്ളത് വേവിച്ച് കഴിച്ച് കാലം നീക്കി. രണ്ടാമത് രാവിരുണ്ട നേരമായപ്പോഴേയ്ക്കും ഇരുന്നിരുന്ന് മടുത്ത അമ്മാമൻ ടോർച്ചുമെടുത്ത് ഇറങ്ങിപ്പോയി. പനക്കാട് വയലിന്റെ മുക്കിലും മൂലയിലും അമ്മാമൻ ഒറ്റയ്ക്ക് ടോർച്ചും കൊണ്ട് കടന്നുചെന്നു. അവിടെവിടെയും റിപ്പർ ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ആ പ്രദേശത്ത് അടച്ചുപൂട്ടിയ വാതിലുകൾ തുറക്കപ്പെട്ടത്.
നീലമാനത്തിന് കീഴെ പുളിയിലകൾ ചന്ദ്രനെ മറഞ്ഞുനിന്നു. മേടച്ചൂടിൽ മാമ്പഴങ്ങൾ പെയ്യുന്ന ശബ്ദം. അതിലുമുച്ചത്തിൽ വടക്കിനിയിൽ നിന്ന് പൂവന്റെ കൂകൽ ശബ്ദം.
പറമ്പിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി എന്തോ ഒന്ന് ഓടിപ്പോകുന്ന ശബ്ദം കേട്ട ദാമു എളേപ്പൻ പറഞ്ഞു.
“അത് പന്നിയാന്നാ തോന്നുന്നത്. ഈറ്റിങ്ങളക്കൊണ്ട് വെല്യ ചൊറയാ. കഴിഞ്ഞ ആഴ്ച രാത്രി പരിയാരത്തേയ്ക്ക് ബൈക്കിൽ പോയ നമ്മടെ മരുമോൻ ചെക്കനെ ശ്രീസ്ഥ കയിഞ്ഞിറ്റ്ള്ള കേറ്റത്തില് വച്ച് കുത്തിയിട്ടു. ഓനിപ്പോ മെഡിക്കൽ കോളേജിലാ.”
“ഓനെന്തിനാടോ ഈ കെട്ട കാലത്ത് ഇങ്ങനെ പൊറത്ത് തെണ്ടുന്നത്. അതും രാത്രീല്?”
“ഓന് പ്രാന്ത്, നൈറ്റ് ഡ്രൈവിന് പോയതാവോലും. കാട്ടുപന്നിക്കെന്ത് കൊറോണ!” എളേപ്പൻ നെടുവീർപ്പിട്ടു.
“എടോ കാട്ടുപന്നി മനുഷ്യന്മാരെ ആക്രമിക്കും. കൃഷി നശിപ്പിക്കും, ശരിയാണ്. പക്ഷേ, മയിലിറങ്ങിയാ നാട്ടിൽ വരൾച്ചയാകൂടോ…” അമ്മാമൻ മുറ്റത്തേയ്ക്ക് ഇറങ്ങി ചുറ്റുപാടും നോക്കി. തെങ്ങിൻ തോപ്പിൽ വല്ല മയിലോ മറ്റോ ഒളിച്ചിരിപ്പുണ്ടോ എന്ന് സംശയിച്ചു.
“മനുഷ്യന്മാർക്ക് ജീവിക്കാൻ പറ്റാണ്ടായി.” എളേപ്പൻ ആത്മഗതം പറഞ്ഞു.
മയിലുകൾ എന്ത് രസമാണ്. മയിലിനെ എന്തിനാണിവര് പ്രാകുന്നത്. ഉച്ചൂളിക്കുന്നിന്റെ മുകളിൽ ഇന്നലെ ഒരു കൂട്ടത്തെ കണ്ടു. വയലപ്ര പരപ്പിലെ വെള്ളക്കെട്ടിലേയ്ക്ക് സന്ധ്യ താഴുന്നതും നോക്കി ഇരിക്കുകയായിരുന്നു അവർ. ഏഴിമലയിൽ നിന്ന് ഉച്ചൂളിക്കുന്നിലേയ്ക്കും അവിടെ നിന്ന് തിരിച്ചും അവർ പാറിക്കളിച്ചുകൊണ്ടിരുന്നു. കോഴിക്ക് അരിമണി കൊടുത്ത് വടക്കിനിയിൽ കുത്തിയിരുന്ന ഞാൻ മയിലിനെ പ്രണയത്തോടെ ഓർത്തു.
മയിലിന്റെ വർഗ്ഗത്തിൽ പെട്ട ഒരു ജീവിയാണ് കോഴിയും. അതുകൊണ്ടായിരിക്കുവോ ഇനി ഇവർക്ക് ഈ കോഴിയെ തീർക്കാൻ ഇത്ര പൂതി.

“അല്ല അമ്മാമാ, ആ കോയിനെ എന്താ ചെയ്യണ്ടേ” ദാമു എളേപ്പൻ തല ചൊറിഞ്ഞു.
“സതീശൻ വെരട്ടെ, അല്ലാണ്ട് നിനിക്ക് പറ്റുവോ?” എളേപ്പനെ പുച്ഛിച്ചുകൊണ്ട് അമ്മാമൻ സതീശനെ കാത്തിരുന്നു.
“നാടൻ കോയിന്റെ ടേസ്റ്റ് വേറെയേതെങ്കിലും എറച്ചിക്ക്ണ്ടാ ദാമു?”
“ഏയ്, ഒന്നിനൂല്ല.” എളേപ്പൻ തലകുലുക്കി സമ്മതിച്ചു.
പടിപ്പുര കടന്ന് സതീശേട്ടൻ വരുന്നതും കാത്ത് ആ വൃദ്ധന്മാർ പരസ്പരം വർത്താനം പറഞ്ഞിരുന്നു.
ചെമ്പകച്ചുവടിൽ കൂവിത്തെളിഞ്ഞ കുറു കാനായിക്കുന്നിറങ്ങിത്തുടങ്ങി. വഴിയരികത്തെ കോഴിക്കൂടുകൾ മുഴുവൻ അടിമുടി വിറക്കുകയായിരിക്കും എന്നവൻ കരുതിയെങ്കിലും ഒരൊറ്റ നാടൻ കോഴി പോലും ആ ഭാഗത്തെങ്ങും ഉണ്ടായിരുന്നില്ല. നാട്ടുകാർ കോഴി വളർത്തൽ ഉപേക്ഷിച്ചു എന്ന സത്യം നിരാശയോടെ അവൻ മനസ്സിലാക്കി.
വണ്ടി വെളിച്ചങ്ങൾ കണ്ടുഭയന്ന് അവനോടി പൊന്തക്കാട്ടിൽ ഒളിച്ചു. പൊന്തക്കാട്ടിന്റെ പല ഭാഗങ്ങളിലായി മറ്റും കുറുക്കന്മാരെ കണ്ടുവെങ്കിലും അവരിൽ പലരും നാട്ടുകുറുക്കന്മാരായി മാറിയിരുന്നു. താൻ വൈകിയാണ് വന്നത് എന്നവന് തോന്നി. പനക്കാട് വയൽപ്രദേശത്ത് നായകളെക്കാളും കൂടുതൽ കുറുക്കന്മാരായിരുന്നു. മുള്ളൻ, കാട്ടുപന്നി, കാട്ടുപൂച്ച തുടങ്ങി പല ചങ്ങാതിമാരെയും അവൻ കണ്ടുമുട്ടി. പെട്ടെന്നൊരു ദിവസം മുതൽ മനുഷ്യന്മാരെല്ലാം വീട്ടിൽ ഇരുന്നു തുടങ്ങി എന്ന് മറ്റൊരു കുറുക്കൻ അവനോട് പറഞ്ഞു. അതിന്റെ കാരണം എന്താണെന്ന് അവർക്കാർക്കുമറിയില്ല.
പനക്കാട് വയലിന്റെ മറുകരെ ഉള്ള തറവാട്ട് പറമ്പിലേയ്ക്ക് കണ്ണുംനട്ട് കുറു ഇരുന്നു. തന്നെ പോലെ കൂകിത്തെളിഞ്ഞ പൂവനെ അവൻ കണ്ണുവച്ചു. വിശന്ന് കണ്ണ് ചുവന്നപ്പോൾ പുല്ലാഞ്ഞിക്കെട്ടുകൾക്കുള്ളിലൂടെ പരക്കം പായുന്ന കാട്ടുമുയലുകളെ അവന് ഓർമ വന്നു.
പുല്ലെരിഞ്ഞിത്തോട്ടിൽ നിന്നും കൈപ്പാട്ടിൻ കരയിലേക്ക് വഴി തെറ്റി വന്ന ചെറുമീനുകളെ പിടിച്ച് തിന്ന് തൽക്കാലം അവൻ വിശപ്പടക്കി.
തറവാട്ടിലെ വലിയ ഗുരുതിക്കൊടുവിൽ ഓരോരോ പൂവന്മാരും കുരുതിക്കളത്തിൽ വീണ് വീരമൃത്യുവണഞ്ഞെങ്കിലും എങ്ങനെയോ ബാക്കിപ്പെട്ട ഒരുവനാണ് ഈ പൂവൻ. ഇതിനെ മറന്നതാണോ അതോ അധികം കൊണ്ടുവന്നതാണോ എന്നാർക്കും നിശ്ചയമില്ല. വടക്കിനിയിൽ കാലും ചിറകും ബന്ധിക്കപ്പെട്ട് അവൻ കിടന്നു. അമ്മമ്മ മാത്രമാണ് അവനെ കണ്ടത്. മനുഷ്യന്മാർ പറയുന്നത് പൊതുവെ അമ്മമ്മയുടെ ചെവിക്ക് പിടിക്കില്ലെങ്കിലും കോഴി, പൂച്ച, ലവ് ബേഡ്സ് തുടങ്ങിയവർ സംസാരിക്കുന്നത് വ്യക്തമായി കേൾക്കും. വടക്കേ പറമ്പിൽ കാട് വയക്കിക്കൊണ്ടിരുന്ന അമ്മമ്മ വടക്കിനിയിൽ ഒരു ഞരങ്ങൽ കേട്ട് ഓടിയെത്തിയപ്പോൾ നല്ല മുഴുത്ത ഒരു പൂവൻ.
മോളെ, അമ്മമ്മ പൂവൻ കോഴിയെ നീട്ടി വിളിച്ചു. പിന്നെ മോനെ എന്നും. ഞാനും അമ്മമ്മയും അച്ചുവും അതിന് വറ്റും വെള്ളവും കൊടുത്തു. ഞങ്ങളതിന്റെ കെട്ടഴിച്ച് സ്വതന്ത്രനാക്കി.
സ്വതന്ത്രനായ ഉടനെ കൊക്കരക്കോ താളത്തിൽ അവൻ കൂവാൻ തുടങ്ങി. നേരം പലവട്ടം പുലർന്നു. പനക്കാട്ട് വയലിലെ വടക്കേ വരമ്പിന്റെ അക്കരെ വരെ ആ ശബ്ദമെത്തി.
“രാവും പകലും തിരിച്ചറിയാത്ത ഈ കോയീന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കണം. ഉറങ്ങാൻ പറ്റുന്നില്ല.” ദാമു എളേപ്പൻ അമ്മാമനെ കണ്ട് സങ്കടം ഉണർത്തിച്ചു.
“നീ ആരെയെങ്കിലും ബിളിച്ച് ഏർപ്പാട് ആക്ക് ദാമൂ.”
കൊക്കരക്കോ കേട്ട് പ്രാന്തായ ദാമു എളേപ്പൻ ആവതും ശ്രമിച്ചെങ്കിലും ആരെയും കിട്ടിയില്ല. അങ്ങനെ ഒരു ദിവസം കൂടി പൂവൻ ജീവിച്ചു.
“അക്കരമ്മേലെ സതീശൻ കോയിനെ വൃത്തിയാക്കും ന്നാ കേട്ടെ” പിറ്റേ ദിവസം രാവിലെ അമ്മാമൻ പല്ലുതേയ്ക്കാനായി മാവില പറിച്ചപ്പോഴേയ്ക്കും ദാമു എളേപ്പൻ ഓടിയെത്തി.
ചാവിനും മംഗലത്തിനും അരങ്ങിനും അടിയന്തിരത്തിനും തുടങ്ങി എല്ലാ പരിപാടികൾക്കും സതീശേട്ടൻ എന്ന ഒറ്റമരത്തിന്റെ തണലിലാണ് ഈ നാട്.
“ഓഹോ, ഓന് ഈ വിദ്യയും വശൂണ്ടോ” അമ്മാമൻ ഉടനെ ഫോണിലെ ബട്ടണുകൾ ചറപറാ ഞെക്കി സതീശേട്ടന്റെ ഉറക്കം കളഞ്ഞു. ആ നമ്പർ മാത്രം അമ്മാമന് കാണാതെ അറിയാം.
“രാത്രിയാവുമ്പോ വെരാന്ന് പറഞ്ഞിറ്റ്ണ്ട്, പക്ഷെ കള്ളു കുടിച്ചിറ്റാണ് വെരുന്നത് എന്നും പറഞ്ഞ് ഓന്റെ തലമ്മല് നീ കേറരുത്.” അമ്മാമൻ മാവിലയും വെള്ളവും ചേർത്ത് കുലുക്കിത്തുപ്പി.
കോഴിയുടെ വിധി ഏതാണ്ട് തീരുമാനമായപ്പോഴേയ്ക്കും എനിക്കതിനോടുള്ള വാത്സല്യം കുപ്പം പുഴ പോലെ പരന്നൊഴുകാൻ തുടങ്ങി. പേടി മറന്ന് പൂച്ചയുടെ കവിള് തിരുമ്മുന്നത് പോലെ പൂവനെ തിരുമ്മാൻ അച്ചു കൊതിച്ചിരുന്നെങ്കിലും കൂർത്ത കൊക്കുകൾ അവളെ അതിൽ നിന്നകറ്റിക്കൊണ്ടിരുന്നു.
ഈ തറവാട്ടിൽ സ്വന്തമായി ഒരു കോഴി ഉണ്ടായിരുന്നെങ്കിൽ എന്ത് രസമായിരിക്കും എന്ന് ഞാനോർത്തു. കോഴിക്ക് പിന്നാലെ പറമ്പ് മുഴുവൻ ഓടുന്നതും മടിയിലെടുത്ത് താലോലിക്കുന്നതും ഞാൻ സ്വപ്നം കണ്ടു. എങ്കിലും, ഓർമയിൽ തെളിഞ്ഞ സതീശേട്ടന്റെ കനത്ത കരങ്ങൾ കോഴിപ്പൂവന്റെ ചിറകും തൂവലുമെന്ന പോലെ എന്റെ സ്വപ്നങ്ങളെ പറിച്ചെറിഞ്ഞു.
“ഏതായാലും ഇതിന്റെ ജീവൻ ബാക്കിയായി. ഇതിനെ നമ്മക്ക് വളർത്തിയാലോ” വീട്ടിലുള്ള ഓരോരുത്തരോടും ഞാൻ ചോദിച്ചു.
കോഴി അപ്രത്തെ പറമ്പിൽ പോയി വൃത്തികേടാക്കിയാൽ ഓളെ ചീത്ത ഞാൻ കേക്കേണ്ടി വരും എന്ന് അമ്മ.
കോഴീടെ കാട്ടം ആര് കോരും എന്ന് മേമ. “നീ കോരുവോ” എന്ന ചോദ്യം കേട്ട ശേഷം ഞാൻ കൂടുതൽ ഒന്നും പറയാൻ നിന്നില്ല.
കോഴിയെ ആർക്കും വേണ്ട. ഇറച്ചിക്കാണെങ്കിൽ മാത്രം മതി. ആർക്കും വളർത്തണ്ട. പിടക്കോഴി ആണെങ്കിൽ മുട്ട എങ്കിലും കിട്ടും. പൂവൻ കോഴി ഒരു ഉപകാരവുമില്ലാത്ത ജന്തു തന്നെ. ഞാൻ വേദനയോടെ പൂവനെ നോക്കി.
പൂവൻ എന്നെയും അച്ചുവിനെയും അമ്മമ്മയേയും മരജനാലയേയും മാറി മാറി നോക്കിക്കൊണ്ടിരുന്നു. ഏതാണ് തന്റെ രക്ഷാമാർഗം എന്നവൻ ചിക്കിത്തിരഞ്ഞു. തന്റെ വേട്ടക്കാരൻ പനക്കാട് വയലും കടന്ന് ആടിയാടി വരുന്നത് അവൻ അകക്കണ്ണ് കൊണ്ട് കണ്ടു.
കാത്ത് നിന്ന തറവാട്ട് വൃദ്ധന്മാരുടെ അരികിലേയ്ക്ക് പടിപ്പുര കടന്ന് സതീശേട്ടൻ വന്നു. നല്ല നാടൻ റാക്കിന്റെ മണം, എളേപ്പൻ മുറുമുറുത്തു. അമ്മാമൻ എളേപ്പനെ തറപ്പിച്ച് നോക്കി. എളേപ്പൻ വായ പൊത്തുന്ന ആംഗ്യം കാണിച്ച് മിണ്ടാതിരുന്നു.
“നാള അളിയൻ വെര്ന്ന്ണ്ട്. നിങ്ങ പറഞ്ഞത് ഏതായാലും നന്നായി, നാടൻ കോയിക്കറി കൂട്ടീറ്റ് എത്ര നാളായി, ഈ ബ്രോയിലർ ചിക്കനൊന്നും ഒരു പാങ്ങില്ലപ്പാ” കൽക്കരി വണ്ടിയുടെ ശബ്ദത്തിൽ ബീഡിപ്പുകയും വിട്ട് തന്റെ ട്രേഡ് മാർക്ക് ചിരിയോടെ സതീശേട്ടൻ പറഞ്ഞു.

“അല്ലെടോ, അത് വൃത്തിയാക്കാനല്ലേ നിന്നെ വിളിച്ചത്” നാട്ടിൽ വരൾച്ചയുണ്ടാക്കാൻ വന്ന മയിലിനെ പോലെ അമ്മാമൻ മുഖം കൂർപ്പിച്ചു. കോഴിയുടെ കൊക്കരക്കോ നിർത്തണം എന്ന എളേപ്പന്റെ ആഗ്രഹം വീണ്ടും വായുവിലായി.
കോഴിയെ വൃത്തിയാക്കാൻ മാത്രമാണ് വിളിപ്പച്ചതെന്ന് അമ്മാമനും കോഴിയെ കിട്ടുമെങ്കിൽ മാത്രം വൃത്തിയാക്കുമെന്ന് സതീശനും.
അമ്മാമന്റേയും സതീശന്റേയും തർക്കത്തിനൊടുവിൽ വീണ്ടും പൂവന്റെ ആയുസ് നീണ്ടു.
“ഇതൊന്നും ശരിയല്ല ഏട്ടൻ മൂപ്പറേ…” ബീഡിക്കുറ്റി വലിച്ച് ചാടി ദേഷ്യത്തിൽ സതീശേട്ടൻ ഇറങ്ങിപ്പോയി.
സതീശൻ ഇറങ്ങിപ്പോയ ഉടനെ തന്നെ പൂവൻ ഒന്നാഞ്ഞ് കൂവി. പിന്നെയങ്ങോട്ട് ട്രാഫിക്കിൽ പെട്ട പ്രൈവറ്റ് ബസ് ഡ്രൈവറെ പോലെ ഇടതടവില്ലാതെ ശബ്ദം പുറപ്പെടുവിച്ച് കൊണ്ടിരുന്നു.
ചെവിയിൽ വിരലിട്ട് ആഞ്ഞ് തിരുകിയ ശേഷം എളേപ്പൻ പറഞ്ഞു.
“ഈ നാട്ടിൽ വേറെ ആരേം കിട്ടൂലപ്പ, ഓൻ തന്നെയെടുത്തോട്ട്, അല്ലെങ്കിൽ ഈ ജന്തു ഉറങ്ങാൻ സമ്മതിക്കൂല.”
എളേപ്പനെ ഒന്ന് തറപ്പിച്ച് നോക്കിയ ശേഷം അമ്മാമൻ സതീശനെ ഫോൺ ചെയ്തു.
“പാതി നീയടുത്തോ സതീശാ, തറവാട്ട് മുതലാണ്, മുഴുവൻ തരാൻ പറ്റൂല.”
അമ്മാമൻ പാതി മനസ്സോടെ സതീശേട്ടന്റെ ന്യായമായ വിഹിതം സമ്മതിച്ച് കൊടുത്തു.
പടിപ്പുര കടന്ന് വീണ്ടും സതീശേട്ടൻ കയറി വരുന്നത് ആലോചിച്ച് എന്റെ കൈകൾ വിറച്ചു. ഉറക്കെ കൂവുന്നുണ്ടെങ്കിലും പൂവന്റെ മുഖത്ത് ഏതോ ഒരു അഗാധ മൗനം നിഴലിക്കുന്നുണ്ടായിരുന്നു. കൂവി കൂവി അവന്റെ ഒച്ച അടയാറായി. അവസാനത്തെ കൂവൽ ഒരു ഞരക്കമായി അവശേഷിച്ചപ്പോൾ ദൂരെ മുറ്റത്തിനപ്പുറം സതീശേട്ടന്റെ നിഴല് കണ്ടു.
കുറ്റിബീഡി വലിച്ചെറിഞ്ഞ് മുണ്ടു മുറുക്കിക്കെട്ടി സതീശേട്ടൻ വടക്കിനിപ്പുറത്തെത്തി. വടക്കൻ കാറ്റിനൊപ്പം ആടിയുലഞ്ഞ് അയാൾ കതക് തട്ടി.
“വാതില് തൊറക്ക്” മുറ്റത്ത് നിന്ന് അമ്മാമൻ ആജ്ഞാപിച്ചു.
വേട്ടക്കാരന്റെ സാമീപ്യം മനസ്സിലാക്കിയ പൂവൻ പരക്കം പായാൻ തുടങ്ങി. അടുക്കള മച്ചിലും അടുപ്പിൻ പുറത്തും ഉറിയുടെ മുകളിലും ഒക്കെ അവൻ പാഞ്ഞ് കയറി. അച്ചു പേടിച്ച് ചെവി പൊത്തി ചുമരിനോട് ചേർന്ന് നിന്നു. ഇത് നല്ല കളി എന്ന മട്ടിൽ അമ്മമ്മ ചിരിച്ചുകൊണ്ട് ആ കാഴ്ച കണ്ടു.
“വാതില് തൊറക്കാൻ പറ മാധവേട്ടോ, ഇവര് തൊറക്ക്ന്നില്ല, കോയി പരക്കം പായ്ന്ന്.”
“വാതില് തൊറക്കെടോ!” ക്ഷമ നശിച്ച അമ്മാമൻ ഉറക്കെ ഗർജ്ജിച്ചു.
വാതിലിന് പകരം, നിലാവ് പരന്നകത്തെത്തിയ ആ വലിയ മരജനാല ഞാൻ തുറന്നിട്ടു.
കൊക്കരക്കോ എന്ന് നീട്ടിവിളിച്ച് ഉയർന്നുചാടി അതുവഴി പുറത്തേയ്ക്കെവിടെയോ പൂവൻ ഓടിപ്പോയി. വടക്കുഭാഗത്തെ വാഴത്തോപ്പും കടന്ന് ഓടിയും പറന്നും പനക്കാട്ട് വയലിലേയ്ക്ക് അവൻ കുതിച്ചിറങ്ങി.
സതീശേട്ടനും എളേപ്പനും പിന്നാലെയോടി. വയലിനക്കരെ കുറുക്കൻ പടയെ കണ്ട എളേപ്പൻ പിൻവാങ്ങിയെങ്കിലും സതീശന്റെ കയ്യകലത്ത് കോഴിവാലെത്തി. തന്റെ കയ്യിൽ നിന്ന് കുതറിയോടിയ പൂവനെ പ്രാകിക്കൊണ്ട് അയാൾ നിലത്ത് മുട്ടുകുത്തിയിരുന്നു. നാടൻ റാക്കും ബീഡിപ്പുകയും അയാളെ തളർത്തിയിരുത്തി.
വനക്കരുത്തോടെ കാടിറങ്ങി വന്ന കുറു കണ്ടത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന പൂവനെ പറന്നു പിടിച്ചു പൊന്തക്കാട്ടിലേയ്ക്കോടി. നാട്ടുകുറുക്കന്മാരും പങ്ക് ചേർന്നു.
കോയിക്കറി കൂട്ടാൻ പറ്റാത്തതിലുള്ള വിഷമം ഉണ്ടായിരുന്നെങ്കിലും കോഴിയെ കൊണ്ടുള്ള ശല്യം തീർന്നതിനാൽ എളേപ്പൻ സന്തുഷ്ടനായി കാണപ്പെട്ടു.
കണ്ടം കയറിവന്ന സതീശൻ വലിയമ്മാമനെ നാല് ചീത്തയും പറഞ്ഞ് ഇറങ്ങിപ്പോയി.
“കോയീനെ തുറന്ന് വിട്ടതാരാ” അമ്മാമൻ മുണ്ടും മടക്കിക്കുത്തി അകത്തേയ്ക്ക് വന്നു.
കോഴിക്ക് കൊടുത്തത്തിൽ ബാക്കിയുണ്ടായിരുന്ന അരിമണി ദുഃഖത്തോടെ ചവച്ചരയ്ക്കുകയായിരുന്ന എന്റെ മുന്നിൽ കയറിനിന്ന് അമ്മമ്മ പറഞ്ഞു.
“കുറുക്കൻ കൊണ്ട് പോയാലെന്താ, നിങ്ങള് കോയീനെ വളർത്താൻ ആയിരുന്നില്ലല്ലോ, തിന്നാനല്ലേ, അപ്പൊ നിങ്ങക്ക് മാത്രം തിന്നാൽ മതീന്നാ, മൻച്ചൻമാരേ!