scorecardresearch
Latest News

മീനക്കൊടിവെയിലിൽ പൊന്ന് പൊടിച്ചേരം

“പടിഞ്ഞാറ്റക്കകത്ത് വേണ്ടപ്പെട്ട ആരോ കാത്തിരിക്കുമ്പോലെ അവന് തോന്നി. കോതാമൂരി പാട്ടിന്റെ ഈണത്തിലുള്ള ഒരു താരാട്ടുപാട്ട് എവിടെ നിന്നോ കേൾക്കുമ്പോലെ.” അർജുൻ രവീന്ദ്രൻ എഴുതിയ കഥ

മീനക്കൊടിവെയിലിൽ പൊന്ന് പൊടിച്ചേരം
ചിത്രീകരണം : വിഷ്ണു റാം

മാടായിപ്പാറയിൽ നിന്ന് രണ്ടുമൂന്ന് കാതം വടക്കുകിഴക്ക് സഹ്യന്റെ അടിവാരം. മേഘത്തുണ്ടുകൾ കരിവർണമണിഞ്ഞ് പറന്നുനടക്കുന്ന ആകാശം. മനിശ്ശേരിയിലെ ഒരു തണുത്ത വൈകുന്നേരം.

കുഞ്ഞിപ്പുഴയ്ക്കുമക്കരെ കുറെ കുന്നിൻപുറങ്ങളും വള്ളിക്കാടുകളുമുണ്ട്. കറ്റനും നരിയും മലാനും കൂരാനും കുടിപാർത്ത നിലങ്ങൾ. നാടൻ തോക്കുകളുടെ വെടിയും പുകയും കണ്ട് ഭയന്നോടി പെരുങ്കുന്നിന്റെ ചതുപ്പറകളിൽ അവരേവരും താണുപോയി. എരിഞ്ഞുതീരാത്ത കാട്ടുചിതകളെ തണുപ്പിക്കാനാവാം കാലഭേദമന്യേ മനിശ്ശേരിയിൽ മഴ പെയ്യാറുണ്ട്. ഉമ്മറക്കോലായിൽ കാലും നീട്ടി തൊടിയിലെ തുമ്പപ്പൂക്കളിൽ നിന്ന് മഴത്തുള്ളികളുതറി വീഴുന്നത് നിസംഗതയോടെ കണ്ടുനിൽക്കുകയായിരുന്നു പ്രകാശൻ.

ഇതുപോലുതറിവീണ ചോരത്തുള്ളികൾ കണ്ടൊരു ദിവസം അവനോർമയുണ്ട്. ഒരു മാസം മുൻപ് ഇളവെയിൽ ചെരിഞ്ഞിറങ്ങിയ നേരം നെഞ്ചിലാഴ്ത്തിയ കത്തിയുമായിടറി വീണ ചെറുപ്പക്കാരനെ കണ്ടത് പ്രകാശൻ മാത്രമായിരുന്നു. ചോര പുതച്ച കൈകളും തുടച്ച് കിക്കർ സ്റ്റാർട്ട് ചെയ്ത് നീങ്ങിയ ആ രണ്ട് പേരെ കണ്ടതും അവൻ മാത്രമായിരുന്നു.

“പത്ത് മുന്നൂറ് കൊല്ലം മുൻപത്തെ ഏതോ പഴമ്പുരാണവും വിശ്വസിച്ച് പൊട്ടക്കെണറ്റിൽ തുള്ളാൻ പോകുന്ന പൊട്ടൻ.” നനഞ്ഞ തുണികളുമെടുത്ത് പിറുപിറുത്തുകൊണ്ട് ഉമ്മറത്തേയ്ക്ക് കയറിവന്ന ദീപ അവനെ തീയാളുന്ന പോലെ നോക്കി.

പറമ്പിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കുന്നിൻചെരിവിൽ പൂത്തുലഞ്ഞുനിൽക്കുന്ന നെന്മേനി വാകക്കാടിന്റെ ചെഞ്ചുവപ്പ് കണ്ട് അവളുടെ ഉള്ളൊന്ന് കാളി.

“നിങ്ങളെ അവരെന്തെങ്കിലും ചെയ്യും. അങ്ങോട്ട് പോകണ്ട.”

“ഞാൻ ഒരു തെറ്റും ചെയ്തിറ്റില്ല. കണ്ട കാര്യം കോടതീല് പറഞ്ഞു.” കോലായിൽ വച്ച തണുത്ത ചായയെടുത്ത് മോന്തിക്കൊണ്ട് അവൻ പറഞ്ഞു.

“നിങ്ങയിനി എത്ര വെല്യ ഹരിശ്ചന്ദ്രനാന്നെങ്കിലും ആ ഭാഗത്തേയ്ക്ക് പോണ്ട.”

ഒന്നും മിണ്ടാതെ അവൻ കുഞ്ഞറേക്കാല് താൻ തെളിയിച്ച ദീപം നോക്കിയിരുന്നു.

ദീപ പറഞ്ഞുകൊണ്ടിരുന്നു “എന്തിനും മടിക്കാത്തവരാന്നവര്, അറിയോ?”

പക്ഷേ, പ്രകാശന് അറിയേണ്ടത് ഒരു വാളിന്റെ കഥയായിരുന്നു. കിഴക്കേ ഭഗവതിയുടെ വാള്. തൊണ്ടൻ കാർണോർ കുഞ്ഞിക്കമ്മു കൊണ്ടുപോയ വാള്. മുന്നൂറ് വർഷം മുൻപ് മാടായിപ്പാറപ്പുറത്തോ പാഴിയങ്ങാടിയിലോ കുഴിഞ്ഞ് പോയ ഒരു വെള്ളിവാള്‌. മുട്ടോളമെത്തുന്ന വെളുത്ത തലമുടിയും കൺമഷിയിട്ട കുഴിഞ്ഞ കണ്ണുകളുമായി കൂനി നടക്കുന്ന ദെച്ചൂട്ടിയമ്മയാണ് ആ കഥ പറഞ്ഞത്. മാടായിക്ക് കിഴക്കേതോ ദേശത്തിലുള്ള ഒരു ഏസ്യന്റെ ഓലയ്ക്കകത്ത് ആ രഹസ്യം ഒളിഞ്ഞിരിപ്പുണ്ടത്രെ.

കുഞ്ഞറേക്കാല് അന്തിത്തിരി വയ്ക്കുന്നത് പ്രകാശനാണ്. കുറച്ച് വർഷങ്ങളായി ഒരു മോഹം. കുഞ്ഞറേക്കാൽ ഒരു കളിയാട്ടം കഴിക്കണം. പത്തഞ്ഞൂറ് കൊല്ലം മുൻപ് നിന്ന് പോയത് വീണ്ടും തുടങ്ങണം.

അറേക്കാൽ ഉള്ള ഭഗവതിയുടെ കൂടെ കിഴക്ക് നിന്നും വന്ന ഭഗവതിക്കും കെട്ടിക്കോലം വേണം എന്ന് പ്രശ്നത്തിൽ കണ്ടു. പക്ഷെ, കിഴക്കേ ഭഗവതിയുടെ തിരുവായുധം എവിടെയാണെന്ന് ആർക്കുമറിയില്ല.

കഴിഞ്ഞ തിരുവാതിര രാത്രി കിഴക്കേ ഭഗവതി ദെച്ചൂട്ടിയമ്മയുടെ മുറിയിലേയ്ക്ക് വന്നു. പന്തവും തീയും വെള്ളെകിറുമായി പാഞ്ഞുകയറി വന്ന പോതിയെ കണ്ട് വിറങ്ങലിച്ച് നിന്ന ദെച്ചൂട്ടിയമ്മയുടെ നേരെ മഞ്ഞക്കുറിയും പൂവും എറിഞ്ഞ് കൊണ്ട് തന്റെ കയ്യും പലിശയും ചേർത്തുതട്ടി. പോതിയെ കണ്ട അടുത്ത ദിവസം ദെച്ചൂട്ടിയമ്മ കാർന്നോൻമാരുടെ കൂടെക്കൂടി. ആലിൻകൊമ്പത്ത് അമ്പുക്കാർന്നോരോടും കുഞ്ഞാതി എളേമ്മയോടും കുന്നായ്മ പറഞ്ഞവരിരുന്നു.

arjun, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

പോകുന്നതിന് മുൻപ് പ്രകാശനെ അടുത്ത് വിളിച്ച് ചെവിയിലോതിയിരുന്നു “മാടായിക്ക് കിഴക്ക് ദിക്കിലുള്ള ചന്തുവേസ്യന്റെ ഓലയിൽ വിവരം ഉണ്ട്.”

“എന്തിനാന്ന് ഇപ്പോ തെയ്യവും പോതിയും? കഞ്ഞിക്കരിയിണ്ടാ ഈട?”

ദീപയ്ക്ക് മറുപടി കൊടുക്കാതെ അവൻ താനെന്നും അന്തിത്തിരി വയ്ക്കുന്ന കാവിലേക്ക് വീണ്ടും നോക്കി.

അവൾ തുടർന്നു. “ദെച്ചൂട്ടി വല്യമ്മയ്ക്ക് പ്രാന്ത് ആയിരുന്നു എന്ന് നാട്ടുകാർക്ക് എല്ലാർക്കും അറിയാം. നിങ്ങക്ക് മാത്രം തിരിഞ്ഞിറ്റ.”

“എന്റെ ചോരയാന്ന്, പത്തഞ്ഞൂറ് കൊല്ലമായി ചെലമ്പ് കാണാതെ കെടക്ക്ന്നത്. ഓറ ഒരു വയിക്ക് എത്തിച്ചാ എല്ലാരിക്കും കൊണൂണ്ടാവും.” അവസാനമായി അത്രയും പറഞ്ഞ് അവൻ ഇറങ്ങിപ്പോയി.

ഉരുണ്ട കല്ലുകൾ നിറഞ്ഞ പാതയിലൂടെ ഇറങ്ങി നടന്ന് പടിപ്പുരയെത്തിയപ്പോൾ അവൻ ഒന്ന് തിരിഞ്ഞുനോക്കി. എന്തുപറയണമെന്നറിയാതെ പോകുന്ന വഴിയേ നോക്കി നിൽക്കുന്ന ദീപയെ ഒരുമാത്ര കണ്ടു. തലയൊന്ന് ചെരിച്ച് യാത്ര പറഞ്ഞു. കവുങ്ങിൻ തോപ്പുകൾക്കിടയിലൂടെയുള്ള നീളൻ പാതയിലൂടെ നടന്നകന്നപ്പോൾ ആകാശമാകെ അവനെ ഉറ്റുനോക്കുന്നുണ്ടായിരുന്നു.

റോഡരികിലെത്തിയപ്പോൾ ഓലമേഞ്ഞ ആ പഴയ ചായക്കടയിൽ നിന്ന് കടുപ്പത്തിൽ ഇത്തിരി ചായയും മോന്തി പഴയങ്ങാടിക്കുള്ള ബസിൽ ഓടിക്കയറി. മനിശ്ശേരിയിലെ കവുങ്ങിൻ പൂക്കുലകളിൽ നിന്ന് പച്ചമരക്കാടുകളുടെ തണലിൽ എത്തിയപ്പോൾ അവനൊന്ന് മയങ്ങിപ്പോയി. ദെച്ചൂട്ടി വല്യമ്മ പറഞ്ഞുതന്ന ആ പഴങ്കഥ മയക്കത്തിൽ കിനാവ് കാണാൻ തുടങ്ങി.

പതിനേഴാം നൂറ്റാണ്ട്, ഒരു വൃശ്ചികമാസം.

“കുഞ്ഞിപ്പുഴയിലെ മീനുകൾക്ക് വരെ അന്നമുണ്ട്.”

പുഴപ്പരപ്പിൽ തുള്ളിയാടുന്ന മീനുകളെ നോക്കി കമ്മു അസൂയപ്പെട്ടു. ചൂണ്ടയിൽ കുരുങ്ങാതെ കൈതക്കാട്ടിൽ ഒളിച്ചിരുന്നവരെ അവൻ പ്രാകി. കുഴിഞ്ഞുപോയ വയറിൽ കൈവച്ച് തെറിപറഞ്ഞു.

“കുരിപ്പുകള്…”

ഒന്ന് രണ്ട് മണിക്കൂർ പുഴക്കരയിൽ കുത്തിയിരുന്നതിന് ശേഷം ചൂണ്ടയിൽ കൊളുത്തിയ മീനുകൾക്കാണെങ്കിൽ വർക്കത്ത് പോരായിരുന്നു.

കുഞ്ഞിപ്പുഴയ്ക്കുമപ്പുറത്തുള്ള കുന്നിൻ പുറങ്ങളിൽ കാലവർഷക്കനപ്പ് കണ്ടു. തോട് പുഴയായും പുഴ പെരുമ്പുഴയായും മാറാനിത്തിരി മേഘങ്ങളുരുകിയാൽ മതി. കയ്യിൽ കിട്ടിയ മീനുകളുമെടുത്ത് അവൻ നടന്നു.

ഇരുട്ട് പരന്നിട്ടുണ്ടായിരുന്നു. പുഴക്കരയിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ പോതിയെ കണ്ടു. വട്ടമുടിയും വെളുമ്പനും ഏരിയാരവും വെള്ളെകിറുമണിഞ്ഞ പോതി കമ്മുവിനെ കണ്ടയുടനെ ചേടകവാളും ചെറുപലിശയും കുലുക്കി.

arjun, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

“കുഞ്ഞറേക്കാല് വിളക്ക് വയ്ക്കാത്തതെന്തേ എളയോടൻ, വെല്യറേക്കാൽ മാത്രം മതിയോ ഓന്. രണ്ടടത്തും ഞാൻ തന്നെയല്ലേ ഇരിക്ക്ന്നത്?”

“അത് എളയോടനോട് ചോയ്ക്കണം തമ്പുരാട്ടി, അടിയന് അടുപ്പിൽ വേവിക്കാൻ ഒന്നുമില്ല.”

“ഇരുട്ടായാൽ എനക്കതിനകത്തിരുന്നിറ്റ് കണ്ണ് പിടിക്കുന്നില്ല കമ്മൂ.”

“ഞാൻ എന്താ ചെയ്യണ്ട് തമ്പുരാട്ടി. എണ്ണ വാങ്ങിക്കാൻ ഗതി ഇണ്ടായിരുന്നെങ്കിൽ ഞാൻ തന്നെ അത് ചെയ്തേനെ.”

“കുരുമൊളക് എടുത്തിറ്റ് മനിശ്ശേരിയങ്ങാടീല് തിരിഞ്ഞ് കളിച്ചിറ്റ് കാര്യൂല്ല കുഞ്ഞീ. മാടായീ പോണം. പൊഴവയ്യാലെ കൈയെടുത്തോ, കാട്ടുവയ്യാലെ നടന്ന് പോണ്ട.”

തൊഴുതുവണങ്ങി രണ്ട് മീൻ പോതിക്ക് കാഴ്ച വച്ചു.

“എനക്ക് തത്കാലം വേണ്ട. പോയി നിന്റെ പെറ്റമ്മയ്ക്ക് രണ്ട് കഷ്ണം അധികം കറിവച്ച് കൊടുക്ക്.”

ചേടകവാളും പലിശയും കിലുക്കി പോതി നടന്നകന്നു. മുൻപിലായി ഭൂതത്താൻമാർ ചൂട്ടും വെളിച്ചവും പിടിച്ചു. നടവരമ്പിൽ നിന്ന് ചാറ്റൽ മഴയും നിലാവും കൊണ്ട് പുഴക്കരയിലൂടെ നടന്ന ശേഷം പകൽ വിരിയും മുൻപേ പോതി അറേക്കാൽ തിരിച്ചെത്തും.

പെരുങ്കുന്നിന് മീതെ അമ്പിളി വലിയ വട്ടം വിരിച്ചിരിക്കുന്നു. ഇരുട്ടും തണുപ്പും ചീവീടുകളുടെ ശബ്ദവും കൂടാതെ നരിയമറുന്ന കൂറ്റ് കിഴക്കൻ ദിക്കിൽ നിന്ന് കേൾക്കാം. കുന്നിന് മീതെ നരിക്കൂട്ടങ്ങൾ നിലാവ് കണ്ടിരിക്കുന്നുവെന്നവന് തോന്നി. പച്ചവയലിലെ നടവരമ്പിലെ തണുത്ത മണ്ണിൽ നിന്ന് ഭയം അവനിൽ ഇരച്ചുകയറി.

“കാത്തോളണേ പുലിക്കിടാങ്ങളെ, കാത്തോളണേ എന്റെ പുലിയൂര് കാളിയമ്മേ.”

നടത്തത്തിന് വേഗം കൂട്ടി. കിരാതന്റെ കാവിന് മുന്നിലെത്തിയപ്പോൾ മീൻകോട്ട വലംഭാഗത്തൊളിപ്പിച്ചു. “നരിപിടിക്കല്ലേ എന്റെ വയത്തൂർ കാലിയാരെ…”

കണ്ടത്തിനപ്പുറത്ത് പന്തങ്ങളുമായി നാട്ടുകാരോടുന്നതവൻ കണ്ടു. ഇടത്തോട്ടുള്ള വഴി തിരഞ്ഞ് മൺപാതയിലൂടെ വഴുക്കി നടന്ന് മുള്ളുവേലി വകഞ്ഞുമാറ്റി മേലാകെ ഉരഞ്ഞുകീറി അടുക്കളവാതിൽക്കലെത്തി.

“നരിയെറങ്ങീനി!”

“ഇങ്ങനെ ഒരു പേടിക്കൊടലൻ! ബേം അകത്തേക്ക് കേറ്യ.”

മീൻ കയ്യിൽ നിന്ന് പിടിച്ച് വാങ്ങി ചീയേയിയമ്മ അടുക്കളയിലേക്ക് നടന്നു.

“ബെശക്ക്ന്ന്ണ്ടാ അമ്മേ…” അവന് കരയണമെന്ന് തോന്നി.

“ഇല്ലപ്പ.”

“നമ്മക്ക് കൊറച്ച് നെല്ല് കിട്ടീനി. എളയോടന്റെ അനന്തരോള് കൊണ്ടത്തന്നിനി. കൊറച്ച് ചക്കയും. ഒരായ്ച വെച്ച് കൂട്ടാ.”

ചീയേയിയമ്മ അവന്റെ കൈ പിടിച്ചു. നല്ല തണുപ്പ്. അമ്മേന്റെ ചിരി. “അയിലും ബെൽത് എന്തെങ്കിലുണ്ടോ എന്റെ പുലിയൂര് കാളിയമ്മേ.”

പെറ്റമ്മയുടേയും പോറ്റമ്മയുടെയും ചിരി തെളിഞ്ഞുകാണണം – അറേക്കാൽ പോതി വല്യറേക്കാലെ കഴിഞ്ഞ കളിയാട്ടത്തിന് പറഞ്ഞ കാര്യം അവന്റെ ഓർമയിലെത്തി.

ജനാലകമ്പികൾക്കിടയിലൂടെ എളയോടന്റെ എട്ടുകെട്ടിലേക്ക് അവൻ നോക്കി. നിലാവ് പൊഴിഞ്ഞുതൂങ്ങിയ വടക്കിന വാതുക്കൽ എളയോടന്റെ അനന്തിരവൾ മങ്കു. രാത്രിമഴ പൊടിഞ്ഞ് തുടങ്ങും വരെ അവർ പരസ്പരം നോക്കിനിന്നു. തനിക്ക് വേണ്ടി പൂരം നോറ്റിരിക്കുന്ന മങ്കു. പുലിപ്പേടി ഉണ്ടെങ്കിലും അവൾക്കായെല്ലാം മറന്ന് ആരും കാണാതെ അവൻ വടക്കിനപ്പടിക്കരികിൽ എത്തി. അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് ശബ്ദം താഴ്ത്തി അവൻ പറഞ്ഞു.

“നാളെ പൊലർച്ചെ മാടായീപ്പോന്ന്. വേഗന്നെ തിരിച്ചുവരും”

കാർമേഘക്കരിയിട്ടെഴുതിയ വലിയ കണ്ണുകൾ പെരുമഴ പെയ്യാൻ വിങ്ങി നിൽക്കുന്ന ആകാശത്തെ ഓർമിപ്പിച്ചു.

“പോകണ്ട.” മഴയേറ്റ് നനഞ്ഞ മുഖം ഒപ്പിക്കൊടുത്തുകൊണ്ട് അവൾ പറഞ്ഞു.

“പോണം” കമ്മു കൂടുതലൊന്നും പറയാതെ തിരിച്ചുനടന്നു. വീടണയും വരും അവനെ തന്നെ ഉറ്റുനോക്കിക്കൊണ്ട് അവൾ അവിടെ നിന്നു. വല്യറേക്കാലെ കൽവിളക്കുകൾ പൊടിമഴയിലും നിറഞ്ഞുകത്തി.

എളയോടന്റെ പറമ്പിന്റെ കിഴക്കേ മൂലയ്ക്ക് ഓല മേഞ്ഞ കൂരക്കക്കത്ത്, കാലം തെറ്റി പെയ്ത മീനപ്പെരുമഴയുടെ തണുപ്പിൽ അവൻ ചുവര് പറ്റിക്കിടന്നു. എതിർ ഭാഗത്ത് അമ്മയും കുഞ്ഞുപെങ്ങന്മാരും.

“കിഴക്ക്ന്ന് ഇങ്ങോട്ട് വെരണ്ടായിരുന്നുവല്ലേ. നട്ട് ഇണ്ടാക്ക്യതെല്ലും പന്നി കൊണ്ടോവും. കിട്ടുന്നതിൽ പാതി എളയോടനും.”

“അയാളെ പറമ്പല്ലേ പ്പാ.” അമ്മ സമാധാനം പറഞ്ഞു.

“മാടായീപ്പോണം.”

പാതിയുറക്കത്തിൽ അവൻ പിറുപിറുത്തു.

“നാളെത്തന്നെ.”

“മഴയാന്ന്. എങ്ങന്യാ പോന്ന്?

“പൊഴേല് പോന്ന്. പരിയാരത്തും കൊളപ്പുറത്തും ഭയങ്കര വനമാണ്. നരിയും പന്നിയും കരടിയും പാമ്പുകളും.”

“മഴ കനക്ക്ന്ന്ണ്ട്. കെഴക്കൻ വെള്ളം പാഞ്ഞ് വരും. വേണ്ടാത്ത പണിക്ക് ഒന്നും പോണ്ട.”

അമ്മയുടെ ശാസനയ്ക്ക് മറുവാക്ക് ഒന്നും പറയാതെ അവൻ തിരിഞ്ഞു കിടന്നു.

ഈ മുഷിഞ്ഞ തുണി മാറ്റണം. മാടായി നഗരത്തിൽ പോയി പൊന്ന് വെളയിക്കണം.

പുലർന്ന് വരുന്നേയുള്ളൂ. പെരുങ്കുന്നിന് മീതെ ചുവപ്പ് ചെറുതായി പൊടിച്ചു തുടങ്ങി. കുരുമുളകുകെട്ടുകളും ഭാണ്ഡത്തിലാക്കി ശബ്ദമുണ്ടാക്കാതെ അവൻ വീട്ടിൽ നിന്നിറങ്ങി. ചൂട്ടും കത്തിച്ച് കടവത്തേക്ക് നടന്നു.

പോതിയും ഭൂതത്താൻമാരും അറേക്കാലേക്ക് തിരിച്ചു വരികയാണ്.

കമ്മു ഒന്നും മിണ്ടാതെ അവരെ കടന്നുപോയി.

arjun, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

“ഏയ് കുഞ്ഞിക്കമ്മൂ. ആട നിക്ക്. പൊഴേലോക്കുട നീന്തീറ്റാ പോവാൻ പോന്ന്?”

കമ്മു തിരിഞ്ഞ് പോതിയെ നോക്കി.

“എന്താന്ന് ഒരു പരിഭവം?”

“ഈ നാട്ടില് വന്നിറ്റ് പത്ത് പയിനഞ്ച് കൊല്ലായില്ലേ. നിങ്ങയെന്ന തിരിഞ്ഞുനോക്കീനാ?”

“ഞാനന്യല്ലേപ്പാ നിനിക്ക് വയി പറഞ്ഞന്നത്. പറഞ്ഞ് തന്ന വയിക്ക് നോക്കീം കണ്ടെല്ലും പോണം. അത് നിന്റെ മിട്ക്ക്.”

“എനക്ക് മിട്ക്കൊന്നുല്ലപ്പാ.”

“ഉം. നീയെന്തോ ഒളിപ്പിക്ക്ന്ന്ണ്ടല്ലേ. എനക്ക് തിരിയൂല ന്നാ നിന്റെ വിചാരം. സാരില്ല. നീയിത്രീം പറഞ്ഞയല്ലേ. എന്റെ വെഷമം തീർത്ത് തെരും ന്നൊറപ്പിണ്ടെങ്കില് നിന്നെ ഞാൻ സഹായിക്ക…”

“നേരാംവണ്ണം അടുപ്പൊന്ന് പൊകഞ്ഞ് കിട്ടിയാ മതി.”

“ഉം.. അതൊന്നും പോരല്ലാ. കള്ളത്തരെല്ലും നീയാടാ വെച്ചേ. ആട കടവത്ത് ഞാൻ ഒരു തോണി വെച്ചിറ്റിണ്ട്. കയിഞ്ഞ കൊല്ലത്തെ ഒഴുക്കിന് മണ്ണിന്റടി പോയതാ. എടുത്ത് വെച്ചിറ്റിണ്ട്. പിന്ന, നോക്കീം കണ്ടും പോവ്വാ. മേലേന്ന് മലവെള്ളം വെര്ന്ന്ണ്ട്.”

പോതി കൊടുത്ത മഞ്ഞൾ കുറി വരച്ച് കമ്മു തിരിഞ്ഞു നടന്നു.

“പിന്ന, എല്ലും ശെരി. തിരിച്ച് വന്നിറ്റ് ഈട വെളക്ക് കത്തിക്കണം. എന്നേം എന്റെ കിഴക്കേപ്പോതീനീം ഒരുപോല നോക്കണം. എന്നെ നോക്കീലെങ്കിലും കിഴക്കേ പോതീന നിങ്ങ നോക്കണം. നിങ്ങളെ നമ്പി കിഴക്ക്ന്ന് കൂടെ കൈയെടുത്തോളാ.”

പെരുങ്കുന്നിന്റെ മേലെ ഉട നിറയെ മുടി നിറയെ പന്തങ്ങളുമായി തന്നെ നോക്കി നിൽക്കുന്ന കിഴക്കേപ്പോതിയെ ഒരു മിന്നായം പോലെ കമ്മു കണ്ടു.

“നിങ്ങ സ്ഥാനം കൊടുക്കാത്തോണ്ട് ഓൾക്ക് ഈ നാട്ടിൽ കേറാൻ പറ്റുന്നില്ല. നിങ്ങക്ക് വേണ്ടെങ്കിലും ഞാൻ ഓളെ എന്റെ ഒടപ്പെറന്നോളാക്കീനി. തിരിച്ച് വന്നിറ്റ് എനക്കും ഓൾക്കും ഒരുപോലെ വെളക്ക് കത്തിക്കണം. ഇല്ലെങ്കിൽ തോണി പൊരിച്ചെടുത്ത പോലെ നിന്നേം പൊരിക്കും.” അറേക്കാൽ പോതി വലംകാല് നിലത്തടിച്ചുകൊണ്ട് പറഞ്ഞു.

കമ്മു തലയാട്ടി.

അവൻ കടവിലെത്തി. ഒറ്റകുറ്റിയിലെ കെട്ട് പൊട്ടിച്ചു. അറേക്കാ പോതിനേം കിഴക്കേ പോതീനീം പുലിദൈവങ്ങളേയും ഉള്ളുരുകി വിളിച്ചു. വിഷ്ണുമൂർത്തി തോറ്റത്തിന്റെ പുറപ്പാട് സമയത്തെ തിമിർപ്പോടെ തുഴഞ്ഞു തുടങ്ങി.

കുഞ്ഞിപ്പുഴയിൽ വെള്ളം പൊന്തിത്തൊടങ്ങുകയാണ്. വലിയ സോമപ്പെരുമല മേലെ നിന്ന് ദിക്കുകൾ കടന്ന് കിഴക്കൻ വെള്ളം കുതിച്ചെത്തി.. മനിശ്ശേരിക്ക് മേലെ പാറപ്പുറത്ത് കൂറ്റാക്കൂറ്റിരുട്ടത്ത് ചറപറ മഴ പെയ്തു. പെരുമ്പാറത്തട്ടിൽ നിന്ന് മനിശ്ശേരിയിറക്കത്തിലേയ്ക്ക് ഉരുളൻ കല്ലുകളുരുണ്ടിറങ്ങി. പെരുമ്പാറ മോലോത്തപ്പൻ മാത്രം കാവിൽ മഴ പെയ്യുന്നതും കണ്ടാസ്വദിച്ച് മഞ്ചാടിവാരിക്കളിച്ചു.

തോണിയാടിയുലഞ്ഞു. കുഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകി പെരുമ്പുഴയായിരിക്കുന്നു. ഇരുപത്തൊന്നടി വീതിയുള്ള പുഴ നാൽപത്തീരടിയായി. മനിശ്ശേരിയിലെ വയലുകളിൽ മലവെള്ളം കയറി. പുഴവക്കിലെ പറമ്പിലെ ചെമ്പകമരങ്ങൾ തണുത്തുവിറങ്ങലിച്ചുനിന്നു. പൂരക്കടവുകളിൽ പോതിമാർ നന്നായിത്തന്നെ നീരാടി.

“ആടയെത്തിക്കണേ അച്ചീ…” ഇളകിയാടുന്ന കൊടുങ്കാറ്റിലും വെള്ളക്കെട്ടിലും കുരുമുളകുകെട്ട് മുറുകെ പിടിച്ച് കണ്ണുകളിറുക്കിയടച്ച് മാടായിക്കാവിലച്ചിയെ വിളിച്ചു.

രണ്ട് കാതം താണ്ടി പെരുമ്പക്കടവ് തൊട്ടപ്പോഴേയ്ക്കും കാറ്റും മഴയും നിന്നു.

arjun, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

പയ്യന്നൂർ പട്ടണം വലതുവശത്തായി കണ്ടു. ഏതോ കാവിൽ കളിയാട്ടം നടക്കുന്നു, പന്തങ്ങളുടെ വെളിച്ചം ദൂരെയായി കണ്ടു. ഉയരെപ്പറക്കുന്ന തീപ്പൊരികളും കാറ്റിന്റെ ശീൽക്കാരം പോലെ ഉയർന്നുയർന്നു വരുന്ന ചെണ്ടക്കൂറ്റും.

പയ്യന്നൂർ പട്ടണം ഇരുട്ടിലാണ്ടുകിടക്കുകയായിരുന്നെങ്കിലും അവനതിന്റെ അരികും മൂലയും തപ്പി. ഇതിനേക്കാളും വലുതായിരിക്കും മാടായി നഗരം. അവൻ മനസ്സിലോർത്തു. പെരുമാളിന്റെ അമ്പലം സങ്കൽപ്പിച്ച് വലത് ഭാഗത്തേയ്ക്ക് കൈകൂപ്പി. ഇടത്തോട്ട് എടാട്ട് ശാസ്താവിനെ കൈതൊഴുതു. മനസ് എടാട്ടമ്പലം തണലിരുന്നു. തുഴയാതെ തന്നെ തോണി അവനെ മുൻപോട്ട് കൊണ്ടുപോകുകയാണ്. ചങ്കുരിച്ചാലിൽ നങ്കൂരമിട്ട വലിയ വലിയ കപ്പലുകൾ അവൻ കണ്ടു. ഏത് ദേശത്ത് നിന്നായിരിക്കും ഇവ മലനാട് കാണാൻ എത്തിയത്. ചങ്കുരിച്ചാലിൽ പുഴ താഴേക്ക് ആഴ്ന്നിറങ്ങിപ്പോകുന്നതായി അവന് തോന്നി. ഭൂമിയുടെ കാമ്പ് വരെ ആഴത്തിലേക്ക് അത് വലിച്ചുതാഴ്ത്തുമോ എന്നവൻ ഭയപ്പെട്ടു.

പുന്നക്കടവ് കഴിഞ്ഞ് ഒഴുകി നീങ്ങിയപ്പോൾ വലത് ഭാഗത്ത് ഏഴിമല തലയുയർത്തിനിൽക്കുന്നു. നേർത്ത മൂടൽ മഞ്ഞിന്റെ പടലങ്ങൾ മലയെ മറച്ചിരിക്കുന്നു. പുലരാനുലന്ന് നിൽക്കുന്ന നീലരാമാനം. പുന്നക്കടവ് കഴിഞ്ഞ് കുന്നരുവത്തൂടെ പുതിയ പുഴ തൊട്ടു. പുതിയ പുഴയിൽ മീനസൂര്യൻ ചോപ്പ് വീഴ്ത്തിത്തുടങ്ങി. ഏഴിമലച്ചെരിവിൽ കാലം തെറ്റി പൂത്തുലഞ്ഞു നിൽക്കുന്ന നെന്മേനി വാകക്കാട്. മഞ്ഞ് തെന്നിയൊഴുകുന്ന കടുംപച്ചക്കാവകങ്ങളുടെ വനഭംഗി. മലമാൻ കരയുന്ന ശബ്ദം.

സൂര്യന് ചങ്ങാത്തം നൽകി നരയൻ കണ്ണന്റെ കൺവെളിച്ചം കിഴക്കോട്ടും തിരിഞ്ഞു. ശങ്കരനാരായണനും പൂമാലയും കരുമകനും കുന്നരുവത്തിരുന്ന് അവന്റെ യാത്ര വീക്ഷിച്ചു.

“ഏട്ത്തേക്കാന്ന് ഈ ചെക്കൻ രാവില്യന്നേ.”

മലയ്ക്കപ്പുറം അറബിമഹാസമുദ്രത്തിൽ എടത്തൂരാഴിക്കടപ്പുറത്ത് വലിയ വലിയ മരക്കലങ്ങളുടെ ശബ്ദം കേൾക്കുന്നതായി അവന് തോന്നി. പുതിയ പുതിയ ദേവതമാർ നൂറ്റെട്ടാഴിയും കടന്ന് മലനാട്ടിലേക്കുള്ള വരവാണ്.

മാങ്കുളങ്ങരക്കടവിൽ എത്തിയപ്പോൾ ഒന്ന് വിശ്രമിക്കണമെന്ന് തോന്നി. മാങ്കുളങ്ങര ഭഗവതിയോട് അനുവാദം ചോദിച്ച് മാവിൻ കീഴിൽ ഒരിത്തിരി നേരം തല ചായ്ച്ചു.

ഒന്നുറക്കത്തിലേയ്ക്ക് വഴുതിവീണപ്പോഴേയ്ക്കും ഒരു ബലിഷ്ഠമായ കരം അവനെ തട്ടി വിളിച്ചു.

“ഒന്നക്കരെയാക്കുവോ?”

നല്ല മഞ്ഞക്കുറി മണം. പച്ചനിറത്തിലുള്ള കച്ച് അരയിൽ ചുറ്റിക്കെട്ടിയിരിക്കുന്നു. വലിയൊരു ചുരികയും അണിഞ്ഞിട്ടുണ്ട്. നെഞ്ചത്ത് ചുരികക്കുറി. മെലിഞ്ഞു നീണ്ട ഒരു വയോധികൻ.

“നല്ല മഴയെന്നെ… അല്ലേ കുഞ്ഞീ.”

തോണി തുഴഞ്ഞക്കരെയടുക്കാറായപ്പോൾ അവൻ ചോദിച്ചു.

“നിങ്ങ ആരാ?”

“ഞാൻ ചിങ്കം. ഏഴിമല ചിങ്കം.”

അവൻ ആ പ്രസന്നമായ മുഖത്തേയ്ക്ക് അത്ഭുതത്തോടെ നോക്കി.

“കുഞ്ഞിമംഗലം മോലോത്ത് തൊഴുതുവരുന്ന വഴിയാന്ന്.”

“ഒരുപാട് കേട്ടിറ്റ്ണ്ട്. ഇങ്ങനെ കാണാൻ പറ്റുമെന്ന് വിചാരിച്ചില്ല. മാടായിക്കാവിലും തിരുമുടി വെയ്ക്കലിണ്ടല്ലേ?”

“ഇണ്ട്, കാവിലെ കലശവും മോലോത്തെ കളിയാട്ടവും.” അദ്ദേഹത്തിന്റെ ചിരിയിൽ അവൻ രാവിലത്തെ വെശപ്പ് മറന്നു.

കുന്നരൂത്ത് അവൻ തോണിയടുപ്പിച്ചു.

“വെശക്ക്ന്ന്ണ്ടാ കുഞ്ഞീ?” ചിങ്കം കയ്യിലുണ്ടായിരുന്ന ഇത്തിരി മലർ നിവേദ്യവും തേങ്ങാപ്പൂളും അവന് കൊടുത്തു.

“കയ്‌ച്ചോ.”

കണ്ണ് നിറഞ്ഞുതോർന്നപ്പോൾ പുതിയ പുഴ പെരുമ്പുഴയായി.

“എന്തോ വെഷമം ഇണ്ടല്ലോ കുഞ്ഞീ. എന്ത് വെഷമം ഇണ്ടെങ്കിലും തറവാട്ട് പരദേവതെന്റെ വെള്ളിവാള് വിക്കല്ലേ കുഞ്ഞീ. എല്ലേയ്‌നും കാവിലമ്മ വയി കാണിച്ചെരൂലേ.”

അദ്ദേഹം വാത്സല്യത്തോടെ അവനെ നോക്കി ചിരിച്ചു തിരിഞ്ഞു നടന്നു.

കുന്ന് കയറി മറയും വരെ ചിങ്കത്തെ അവൻ നോക്കി നിന്നു. ഭാണ്ഡക്കെട്ടിലൊളിപ്പിച്ച് വച്ച വെള്ളിവാള് ഏഴിമല സൂര്യന്റെ കിരണമേറ്റ് വെട്ടിത്തിളങ്ങി. വീരചാമുണ്ഡിയമ്മ തന്നെയാണ് വന്നതെന്ന് അവന് തോന്നി.

കിഴക്ക് നിന്നും കൊണ്ടുവന്ന വെള്ളിവാള്. തറവാട്ട് പോതിയായ കിഴക്കേ ഭഗവതിയുടെ വാളാണ്. അമ്മയിപ്പോ പരുതുന്നുണ്ടാവും. പരതട്ടെ, വേറെ വഴിയില്ല. മാടായി അങ്ങാടിയിൽ വിരുന്നു വരുന്ന പുറംനാട്ടുകാർക്ക് വിറ്റാൽ ചോദിക്കുന്ന പണം തരും. കടല് കടന്ന് വരുന്നോർക്കാണെങ്കിൽ പണത്തിന് പഞ്ഞമുണ്ടാവില്ല. കുരുമുളകും വിറ്റ് എന്തുകിട്ടാനാണ്. കിഴക്കേപ്പോതിക്ക് അതിൽ പരാതി കാണില്ല എന്നവൻ കരുതി. കാശ് വന്നിട്ട് പോതിക്ക് പുതിയ വാളോരെണ്ണം പണിയിക്കണം. ഇത് തനിക്കായി പോതി കരുതി വച്ചതാണ്.

arjun, story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

വയലപ്രപ്പരപ്പിലെത്തിയപ്പോൾ നിറയെ കച്ചവടക്കാരെ കാണാൻ തുടങ്ങി. തുണിത്തരങ്ങളുമായി പലരും വഞ്ചികളിൽ കയറി തുഴഞ്ഞുപോകുന്നത് അവൻ കണ്ടു. പുലർസൂര്യന്റെ പ്രഭ ഉച്ചൂളിക്കുന്നിന്റെ മുകളിൽ നിന്നും പരപ്പിലേയ്ക്ക് വ്യാപിച്ചുകഴിഞ്ഞിരുന്നു. നെയ്തെടുത്ത തുണിത്തരങ്ങളെ പോലെ പുഴയിൽ പലവർണങ്ങൾ തിളങ്ങി. തൊട്ടടുത്താണ് അടുത്തകച്ചില. പട്ടുവസ്ത്രങ്ങൾക്ക് പേര് കേട്ട സ്ഥലമാണ്.

പരപ്പിൽ അരികടുപ്പിച്ച് മഠത്തിൽ കാവിലേക്കുള്ള ചെമ്മൺ പാതയിലൂടെ അവൻ നടന്നു. ഉച്ചൂളിക്കുന്നിന്റെ പടിഞ്ഞാറൻ ചെരുവിലെ വനഭംഗി പാതയും കടന്ന് അക്കരെയും പച്ച തെഴുപ്പിച്ചിരുന്നു. ഒരു വനാന്തരത്തിലൂടെ നടന്നകലുന്നതായി അവന് തോന്നി. കുന്നത്തെവിടെയോ ഒരു തറവാട്ടുപടിഞ്ഞാറ്റയിൽ കത്തിച്ചുവച്ച ദീപം കണ്ടു. കാവിലും പുലരിവിളക്ക് തെളിയിച്ചിരുന്നു അന്ന്. നിറഞ്ഞുകത്തുന്ന കൽവിളക്ക് താണ്ടി ചേടിമണ്ണിൽ പണികഴിച്ച ഭഗവതിക്കാവിൽ അവൻ നിറഞ്ഞ് തൊഴുതു. തിരിച്ചുവരും വഴി പുറകിൽ ഒരു പുലി പതുങ്ങി ചാടിപ്പോയത് പോലെ അവന് തോന്നി. പുലിയായി മറഞ്ഞ തൊണ്ടച്ഛൻമാർ കാട്ടിലിരുട്ടിന് കൂട്ടുവന്നതാവുമെന്നവൻ കരുതി.

പരപ്പിലക്കരെ തോണിയടുപ്പിച്ച് വെങ്ങരയമ്പലം തണലിരുന്നു. വെങ്ങരയപ്പനെ തൊഴുത് ബമ്മാഞ്ചേരി നട കയറിയവൻ ഭൂമികൈലാസത്തിലെത്തി. മീനവെയിലിൽ കരിഞ്ഞ മാടായിപ്പെരുമ്പാറപ്പുറത്ത് തങ്കവർണം കണ്ടവന്റെ കണ്ണ് കുളുർത്തു. കരിപ്പൂരം വെള്ളിത്തട്ടിലെ വേട്ടയ്‌ക്കൊരുമകനേയും വടുകുന്ദ തേവരേയും കണ്ട് കൈതൊഴുതു. അമ്മ നീരാടുന്ന പൂരക്കടവും പൂവിടുംകല്ലും കണ്ടു. പൂരം പൊലിച്ച് തുടങ്ങിയ മീനപ്പകലിൽ ദൂരെ കാവിലമ്മയുടെ തിടമ്പ് തെക്കിനാക്കീൽ നിന്ന് തിരിച്ചെഴുന്നള്ളിവരുന്നത് കണ്ടു.

മുൻപിലായി മഞ്ഞയും ചുവപ്പും കൊടിക്കൂറകളും ആലവട്ടവും ചാമരവും മറ്റ് അലങ്കാരങ്ങളും. പാറയ്ക്കക്കരെ കിള്ളാനദി രണ്ട് കൈവഴികളായി പരന്നൊഴുകി കൈകൂപ്പി നിൽപ്പുണ്ടായിരുന്നു. തെക്കനാലും വടക്കനാലും മാടായിപ്പെരുങ്കോട്ടയും പാറക്കുളവും കണ്ട് അവൻ കാവിലേയ്ക്കടുത്തു. ആൽത്തറ കടന്ന് നടയ്ക്കൽ ചെന്ന് മനമുരുകിനിന്നു. പ്രത്യേകിച്ച് ഒന്നും പ്രാർത്ഥിക്കാനോ വരങ്ങൾ ചോദിക്കാനോ അവന് തോന്നിയില്ല. മീനവെയിൽ കിഴക്ക് നിന്നും കുതിച്ചിറങ്ങും വരെ അവനാ നിൽപ്പ് നിന്നു. പുല്ലാഞ്ഞിവള്ളികൾ പിരിഞ്ഞിറങ്ങിക്കീഞ്ഞ കാവിന്റെ മണ്ണിൽ തണുപ്പ് പറ്റി നിന്ന് തിരുവർക്കാട്ടമ്മയെ നന്നായവൻ മനസ്സിൽ നിനച്ചു.

മാടായിക്കുന്നിന്റെ തെക്കേ ചരിവിലേക്ക് നടന്നടുക്കുമ്പോൾ ഓലക്കുടയും ആചാരദണ്ഡും രുദ്രാക്ഷമാലയുമായി പാറ കീഞ്ഞ് നടന്നകലുന്ന കാവിൽ തെക്കൻ പൊള്ളയെ കണ്ടു.

“മാടായിക്കാവിലച്ചി ഗുണം വരുത്തും” പൊള്ള അവനെ അനുഗ്രഹിച്ചു.

മാടായിക്കുന്നിറങ്ങിയവൻ പാഴിപ്പട്ടണത്തിലെത്തി. പാഴിയാകാശം തൊടുന്ന പള്ളിമിനാരങ്ങൾ കാണാനായി. പയ്യന്നൂർ പട്ടണത്തേക്കാളും ഏറെ വലുതായിരുന്നു മാടായി നഗരമെന്ന പാഴിയങ്ങാടി. പലവിധ കച്ചവടക്കാരെ കണ്ടു. അരങ്ങം, കരിപ്പത്ത്, കാവുമ്പായി, പയ്യാവൂർ പോലുള്ള മലയടിവാരങ്ങളിൽ നിന്നുള്ള വിശേഷവസ്തുക്കളടക്കം പലതും കച്ചവടത്തിന് വച്ചിരിക്കുന്നു.

ലോഹം കൊണ്ടുള്ള തനത് കോലത്തുനാടൻ നിർമിതികളുമായി വിദേശികളെ കാത്തിരിക്കുന്ന കച്ചവടക്കാർക്കിടയിലായി അവനും ഇരുന്നു. ഇരുതല മൂർച്ചയുള്ള കത്തികൾ, താരി, പലിശ തുടങ്ങി വിവിധ ആയുധങ്ങൾ വിൽപനയ്ക്ക് വച്ചിരിക്കുന്നത് അവൻ കൗതുകത്തോടെ കണ്ടു. അവർക്കിടയിൽ അൽപം പരിഭ്രമത്തോടെ അവൻ പതുങ്ങിയിരുന്നു.

കുരുമുളക് കെട്ടുകൾക്ക് കീഴെ ഭാണ്ഡത്തിലൊളിപ്പിച്ച വെള്ളിവാളുമായി അവൻ പുറംനാട്ടുകാരെ കാത്തിരുന്നു. പട്ടണക്കാഴ്ചകൾ കണ്ട് സമയം പോയതറിഞ്ഞില്ലെങ്കിലും വിദേശികളാരും ആ വഴിക്ക് വന്നില്ല. നിരാശനായി കിളിവെള്ളിയാറെന്ന കിള്ളയിൽ പടിഞ്ഞാട്ടൊഴുകുന്ന ഓളങ്ങൾ നോക്കിയിരുന്നപ്പോൾ ദൂരെ വെടി പൊട്ടുന്ന ശബ്ദം കേട്ടു. ഏഴിനും മീതെ നിന്ന് ചുരമിറങ്ങി വടുകരുടെ വരവാണ്. മാടായി നഗരം വിറങ്ങലിച്ചു. ആളുകൾ പരക്കം പായാൻ തുടങ്ങി. പലരും അവരുടെ മുതലുകൾ ഉപേക്ഷിച്ച് ജീവൻ കൊതിച്ച് കുതിച്ച് പറക്കുന്നുണ്ടായിരുന്നു. മറ്റ് ചിലർ അതിവേഗത്തിലെല്ലാം വാരിക്കെട്ടി കുതിരപ്പുറത്ത് രക്ഷപ്പെട്ടു. വടുകരുടെ കുതിരക്കുളമ്പടികൾ കേട്ടുതുടങ്ങി. മാടായി നഗരം കൊള്ളയടിച്ച് മുച്ചൂടും മുടിക്കാനുള്ള വരവ്. ഒന്നും തിരിയാതെ ചുറ്റും നോക്കിനിന്ന കമ്മുവിന് മുന്നിലേയ്ക്ക് ഒരു പെരുമ്പട കുതിച്ചെത്തുകയാണ്.

മാടായിപ്പാറയുടെ വടക്കേപ്പുറത്ത് തിരുവർക്കാട്ട് മതിലകത്ത് നിന്നും ശംഖുവിളി കേട്ടു. കാവിലമ്മയുടെ ചൈതന്യം പാറകീഞ്ഞ് അങ്ങാടിയിലെത്തി കമ്മുവിന് നേരെ മഞ്ഞൾക്കുറിയെറിഞ്ഞു. അങ്കക്കലി കൊണ്ട കമ്മു കിടുകിടാ വിറച്ചു. അരവയറിൽ പെരുമ്പുഴയിൽ തണുത്ത് വിറങ്ങലിച്ച് വന്ന കമ്മുവായിരുന്നില്ല അത്. നിയോഗം പോലെ ഭാണ്ഡക്കെട്ടിൽ ഒളിപ്പിച്ചുവച്ച വെള്ളിവാളെടുത്ത് വടുകർക്ക് നേരെ കറ്റൻ നരിയെ പോലെ അവൻ പാഞ്ഞടുത്തു.

മുന്നോട്ടാഞ്ഞ കമ്മുവിനെ പോലെ പ്രകാശൻ ഞെട്ടിയെഴുന്നേറ്റു. പഴയങ്ങാടി ബസ്റ്റാൻഡ് എത്തി. തളിപ്പറമ്പ് ഭാഗത്തേയ്ക്കുള്ള ബസുകൾ ഒന്നും കാണാത്തതിനാൽ മുന്നിൽ വന്ന് നിർത്തിയ ഓട്ടോയിൽ അവൻ കയറി. ഏഴോത്തേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ ഓട്ടോ ഡ്രൈവർ ഒന്നും മിണ്ടാതെ തലകുലുക്കുക മാത്രം ചെയ്തു. പുഴയുടെ അരികിലൂടെയുള്ള ബീച്ച് റോഡിലേക്ക് ഓട്ടോ കയറി.

അതേ റോഡിന്റെ മറുതലയ്ക്കൽ നിന്ന് ടൗണിലേയ്ക്ക് വരികയായിരുന്ന സന്തോഷിന്റെ മനസിലേയ്ക്ക് ഒരു പഴയ മനുഷ്യന്റെ ഓർമകളെത്തി. തൊണ്ടമ്മാമൻ എന്ന് ഭക്തിപൂർവ്വം അച്ഛമ്മ വിളിക്കുന്ന ചന്തു എഴുത്തച്ഛൻ. തുഴഞ്ഞ് പോകുന്ന ചന്തുവേസ്യനെ അവൻ പുഴയിൽ കണ്ടു. കിള്ള കലങ്ങിയൊഴുകിയ പഴങ്കഥകളിലെ ആ പുലർകാലം കണ്ണിന് മുന്നിൽ തെളിഞ്ഞു.

കുടിപ്പള്ളിക്കൂടവും കളരിയുമുപേക്ഷിച്ച് ദേശാടനത്തിനിറങ്ങിയ ചന്തുവേസ്യൻ ഒരവധൂതനെ പോലെ ഏഴോത്ത് നാടിന്റെ കുന്നിൻപുറങ്ങളിലും വയൽപ്പരപ്പുകളിലും നടന്നലഞ്ഞു. എഴോത്തിന്റെ വടക്കുപടിഞ്ഞാറൻ കുന്ന് കയറി അതിയടം കുഴിഞ്ഞ ദിക്കിലൂടെയിറങ്ങി അടുത്തില തായിത്തറയിലൂടെ മാടായിക്കാവ് വരെ ഏസ്യൻ പറന്നുനടന്നു. മാടായിക്കാവിലച്ചിയിൽ നിന്ന് നേരിട്ട് പ്രസാദം വാങ്ങി. വഴിയിൽ കണ്ട തെയ്യങ്ങളോടെല്ലാം വർത്തമാനം പറഞ്ഞും നാഗത്താൻമാരോട് കുശലം ചോദിച്ചും അതിയടം വയൽക്കരയിലെ കവുങ്ങിൻ തലപ്പുകൾക്ക് മേലെ നീലമാനത്ത് പൂക്കുന്ന നക്ഷത്രങ്ങളുറങ്ങും വരെ ഏസ്യൻ നടന്നു. ഒറ്റയ്ക്കൊരു വഞ്ചിയിൽ കിള്ളാനദി വിലങ്ങനെ കടന്ന് പട്ടുവം മുക്കാതം നാട്ടിലും ചെറുകുന്ന് മുക്കാതം നാട്ടിലും ഏസ്യൻ തന്റെ സാന്നിധ്യമറിയിച്ചു.

ഒരു കൊടുങ്കാറ്റ് പോലെ കാനായിക്കുന്നിറങ്ങി വരുന്ന ഏസ്യന്റെ വരവുണ്ടെന്നറിഞ്ഞാൽ നാട്ടുകാർ ഉമ്മറത്ത് വിളക്കും കത്തിച്ച് കാത്തിരിക്കും. മുട്ടോളമെത്തുന്ന തോർത്തുമുണ്ട് മാത്രമുടുത്ത മെലിഞ്ഞുനീണ്ട ആ വയോധികൻ നട്ടുച്ചയ്ക്ക് ചൂട്ടും കത്തിച്ച് നടന്നു. ഇവിടെയെല്ലാം ഇരുട്ടാണ് എന്ന ഏസ്യന്റെ വാക്ക് ഉണ്മയിലും വലുതായിരുന്നു. തറവാട്ടുപടിക്കൽ തന്നെ കാണാനെത്തുന്ന നാഗത്താന്മാരോട് താടിക്കും കയ്യും കൊടുത്ത് വർത്തമാനം പറയുന്ന ഏസ്യന്റെ കഥകൾ അച്ഛമ്മ പറഞ്ഞ് സന്തോഷിനോർമയുണ്ട്. മാടായിപ്പാറപ്പുറം കടന്നെത്തിയ പടിഞ്ഞാറൻ കാറ്റ് മുഖത്ത് തട്ടിയപ്പോൾ പുഴയരികിലൂടവൻ വേഗത്തിൽ പടിഞ്ഞാട്ട് കയ്യെടുത്തു.

അരയാൽത്തറയിൽ കാറ്റും കൊണ്ട് ഉറങ്ങുമ്പോൾ കിഴക്കെവിടെയോ കുതിരക്കുളമ്പടി കേട്ട് കുതിച്ചുപാഞ്ഞ ഏസ്യനെ പോലെ അവൻ ബൈക്കിൽ കുതിച്ചു. വടുകപ്പട പാഴിപ്പട്ടണം കൊള്ളയടിക്കാനെത്തിയത് മുൻകൂട്ടിയറിഞ്ഞ് തോണിയെടുത്ത് തുഴഞ്ഞ് പാഞ്ഞ ചന്തു ഏസ്യനെ അരികിലെ പുഴയിൽ മുന്നിലായവൻ വീണ്ടും കണ്ടു. വിരിഞ്ഞുനീണ്ട കിള്ളാനദി. തോണിയും കൊണ്ട് കുതിച്ചുപായുന്ന ഏസ്യനെ കണ്ട് നാട്ടുകാർ അത്ഭുതപ്പെട്ടു. ഉദയസൂര്യൻ പരന്നൊഴുകിയ നീലിയാർ കിള്ളാനദിയിൽ ചേരുന്ന പഴങ്ങോട് മുനമ്പും താണ്ടി ഏസ്യൻ കുതിച്ചു. വലയെറിഞ്ഞ് കാത്ത് നിന്ന തോണിക്കാർ നോക്കി നിൽക്കെ കിരാതൻ തൊടുത്ത ശരം പോലെ എഴുത്തച്ഛൻ പാഞ്ഞു.

അങ്ങാടിക്കടവിൽ തോണിയടുപ്പിച്ചപ്പോൾ പട്ടണനടുവിൽ പൊടിയുയരുന്നത് കണ്ടു. മാടായിത്തറയിലൊരു മീനപ്പൊയ്ത്ത്. വടക്കുനിന്നും വന്ന കുഞ്ഞിക്കമ്മു പറന്നും ചാടിയും പട വെട്ടുകയാണ്. ആയുധമൊന്നുമില്ലെങ്കിലും നരി കുതിക്കുന്ന പോലെ ചന്തു ഏസ്യനും പടമുഖത്തെത്തി. വടുകത്തലവന്റെ ആയുധം പറന്നെടുത്ത് കമ്മുവിനൊപ്പം ചേർന്ന് വടുകപ്പടയെ തുരത്തിയോടിക്കാൻ കച്ച കെട്ടി. അടുകച്ചിലയിൽ നിന്നും കൊണ്ടുവന്ന് വിൽപനയ്ക്ക് വച്ചിരുന്ന പലവർണപ്പട്ടുടയാട കീറി പൂക്കച്ച കെട്ടി പലിശ തുടയ്ക്കടിച്ച് ഇരുവരും പൊയ്ത്ത് തുടങ്ങി. ഏറെ വൈകാതെ തന്നെ വടുകപ്പട പിന്തിരിഞ്ഞോടി. കമ്മുവിന്റെ വാൾത്തലപ്പിൽ ഒട്ടനവധി തലകളുരുണ്ടു. മറ്റ് പലരും കിള്ളയിലൊടുങ്ങി പടിഞ്ഞാട്ടൊഴുകി. മാടായിപ്പാറയുടെ പടിഞ്ഞാറേപ്പുറത്തേയ്ക്ക് സൂര്യൻ താഴാൻ തുടങ്ങി. പാഴി താഴ്‌വര രക്തവർണം ഞൊറിഞ്ഞുടുത്ത് തുടങ്ങി. മുറിവേറ്റ് വീണ കമ്മുവിനരികിലേക്ക് ഏസ്യൻ ഓടിയെത്തി. വലത് കയ്യിൽ നിന്നും വിട്ടുമാറി മണ്ണ് പറ്റിക്കിടക്കുന്ന വെള്ളിവാൾ ചൂണ്ടവേ കമ്മു കണ്ണുകളടച്ചു.

ചെങ്ങൽ കുന്നിൽ നിന്നും ചെരിഞ്ഞിറങ്ങിയ പൊടിക്കാറ്റേറ്റ് കണ്ണടച്ച് തുറന്ന സന്തോഷ് കണ്ടത് കണ്ടൽക്കാടുകളുടെ അരികിലായി നിർത്തിയിട്ട ഓട്ടോയും ബലിഷ്ഠമായ കരങ്ങൾക്കുള്ളിൽ പെട്ട് ഞെരിപിരി കൊള്ളുന്ന പ്രകാശനെയുമാണ്. യുദ്ധമുഖത്തേയ്ക്ക് കുതിച്ച ചന്തു ഏസ്യനെ പോലെ അയാൾ ഓടിയടുത്തു. പ്രകാശനെ കുത്തിവീഴ്ത്താനൊരുങ്ങിയ ഒരാളെ രണ്ടാമതൊന്ന് ആലോചിക്കാതെ കയ്യിൽ കിട്ടിയ മരപ്പട്ടിക കൊണ്ട് അടിച്ചിട്ടു. മറ്റേയാളെ തള്ളിവീഴ്ത്തിയ ശേഷം പ്രകാശനെ ബൈക്കിലിരുത്തി ഒട്ടും സമയം പാഴാക്കാതെ നാട്ടിലേക്ക് കുതിച്ചു

നിറയെ മാവുകളുള്ള വലിയ പറമ്പ്. തെക്ക് പടിഞ്ഞാറേ മൂലയ്ക്ക് ഒരു നാഗക്കാവ്. കന്നിക്കൊട്ടിലിൽ സ്തംഭവും വിളക്കും. മുൻവശത്തായി വലിയൊരു കൂവളമരം. അരികിലായി രണ്ട് ഭീമൻ പുളിമരങ്ങൾ. അതിനുമപ്പുറത്ത് പറമ്പിനതിരിട്ടുകൊണ്ട് പൂത്തുലഞ്ഞ് നിൽക്കുന്ന ചെമ്പകങ്ങൾ. മുറ്റത്തായി ഉണങ്ങിയ ചെമ്പകപ്പൂക്കളും ചാണകം കൊണ്ടുണ്ടാക്കിയ പൂബാണന്റെ രൂപങ്ങളും. മീനവെയിലേറ്റ് കരിഞ്ഞുണങ്ങി കുഴഞ്ഞ് നിന്ന മലരമ്പന്മാരെ പോലെ തറവാട്ടുമ്മറത്ത് തളർന്നിരുന്ന പ്രകാശൻ കാമനെ കീക്കുന്ന പൂരക്കുഞ്ഞുങ്ങളുടെ കൂവൽ ശബ്ദം കേട്ട് ആ ദിക്കിലേക്ക് തലയുയർത്തി നോക്കി.

ചിത്രീകരണം : വിഷ്ണു റാം

മുറ്റത്ത് നിന്ന് കുറച്ചകലെയായി ഒരു സമാധി സ്ഥാനം കണ്ടു. വെളുപ്പും ചുവപ്പും ചായമിട്ട ആ തറയിൽ ‘ചന്തു എഴുത്തച്ഛൻ’ എന്ന് എഴുതിവച്ചിട്ടുണ്ടായിരുന്നു.

അവൻ പതുക്കെ എഴുന്നേറ്റ് സമാധിത്തറയുടെ അരികിലേക്ക് പോയി. മാവിലകളിലൂടെ കുതറിത്തെറിച്ച് താഴ്ന്നിറങ്ങിയ ഒരു കാറ്റ് മുറിവേറ്റ കൈത്തടത്തിന് മേലെ വന്ന് വീണു. തറയോട് ചേർന്ന് അവൻ അൽപ്പനേരം നിന്നു.

“നമ്മടെ പഴയ ഒരു കാർണോരാ”

പ്രകാശന് കുടിക്കാൻ തണുത്ത വെള്ളവുമായി വന്ന സന്തോഷ് പറഞ്ഞു.

“വേദനീണ്ടോ? ആശുപത്രിയിൽ പോകാ നമ്മക്ക്”

“ഏയ്. അയിന്റയൊന്നും ആവശ്യൂല്ല. വൈന്നേരം തിരിച്ച് എന്നെയൊന്ന് വീട്ടിൽ കൊണ്ടാക്കിയാ മതി” അവൻ സന്തോഷിനെ പ്രതീക്ഷയോടെ നോക്കി.

“ഞാൻ കൊണ്ടാക്കാ. എന്തായാലും നമുക്ക് പൊലീസ് സ്റ്റേഷൻ വെരെയൊന്ന് പോകാ”

ശരി എന്ന അർത്ഥത്തിൽ പ്രകാശൻ തലകുലുക്കി.

“എഴുത്തച്ഛന്റെ മെതിയടിയും ഗ്രന്ഥക്കെട്ടുകളും എഴുത്താണിയും തറവാട്ട് പടിഞ്ഞാറ്റയിൽ സൂക്ഷിച്ചിറ്റിണ്ട്. നമുക്ക് വേണെങ്കിൽ അത് കൂടി കാണാ” സന്തോഷ് പ്രകാശനെ തറവാട്ടകത്തേയ്ക്ക് ക്ഷണിച്ചു.

ശതവർഷങ്ങളുടെ തണുപ്പ് പ്രകാശനെ പറ്റിനിന്നു. പഴമ്പടി കടന്ന് അകത്തെത്തിയപ്പോൾ ചിതൽശിഷ്ടങ്ങളും പൊടിക്കുരുന്നുകളും പൂമഴയെന്നോണം പെയ്‌തു. പഴമയുടെ മണം അവിടെങ്ങും തങ്ങി നിൽപ്പുണ്ടായിരുന്നു. പത്തായപ്പുരയിൽ നിന്ന് ചെറുവവ്വാലുകൾ കണ്ണ് കാണാതെ തലങ്ങും വിലങ്ങും പറന്നു.

പടിഞ്ഞാറ്റക്കകത്ത് വേണ്ടപ്പെട്ട ആരോ കാത്തിരിക്കുമ്പോലെ അവന് തോന്നി. കോതാമൂരി പാട്ടിന്റെ ഈണത്തിലുള്ള ഒരു താരാട്ടുപാട്ട് എവിടെ നിന്നോ കേൾക്കുമ്പോലെ.

“പേടിക്കേണ്ട. പഴേ വീടായോണ്ട് മോശല്ലാത്ത ഒരു വൈൽഡ് ലൈഫ് ഈടിണ്ട്. പാമ്പും വവ്വാലും മരപ്പട്ടിയുമൊക്കെ ഇണ്ടാവും.” നീണ്ടുമെലിഞ്ഞ് ഉയർന്നുനിന്ന തന്റെ തലപ്പൊക്കം താഴ്ത്തിപ്പിടിച്ചുകൊണ്ട് സന്തോഷ് പടിഞ്ഞാറ്റയിലേക്ക് കയറി.

ഒച്ച പൊങ്ങിയാൽ ചെവിടടയുന്നാഴത്തിൽ നിശബ്ദത വേരാഴ്ത്തിയ ഇരുട്ടിലെവിടെയോ കൽച്ചുമരിൽ തെളിഞ്ഞുകണ്ട വെളിച്ചം കാതങ്ങളകലെയെന്ന് പ്രകാശന് തോന്നി.

കരകാണാത്ത ജലപ്പരപ്പിൽ വെളിച്ചം കണ്ട ദിക്കിലേക്ക് തുഴയുന്ന തോണി പോലെയവൻ കൂരിരുട്ടിൽ മുങ്ങിത്താണ് വിളക്കിനടുത്തേയ്ക്ക് നടന്നടുത്തു. എഴുത്തച്ഛന്റെ ഗ്രന്ഥക്കെട്ട്, മെതിയടി, രുദ്രാക്ഷം, എഴുത്താണി തുടങ്ങിയവ വിളക്കിനരികെ കണ്ടു. ചെമ്പട്ടിൽ പൊതിഞ്ഞ് കൽചുമരോട് ചാരി നിർത്തിയ ഒരു വെള്ളിവാളും.

“ഇത് ഈട്ത്തെ പരദേവതയുടെ ആന്നോ?” അവൻ ആകാംക്ഷയോടെ ചോദിച്ചു.

വാളിന് താഴെ ഭദ്രമായി വച്ചിരുന്ന രണ്ടുമൂന്ന് ഏടുകൾ മാത്രം വരുന്ന താളിയോലക്കെട്ടെടുത്ത് സന്തോഷ് , പ്രകാശന് നേരെ നീട്ടി. അരികുകൾ ചിതൽ കവർന്നെടുത്ത് അക്ഷരങ്ങൾ മങ്ങി തളർന്നുകിടന്ന താളുകളിലെ ഭാഷയ്ക്ക് അതിലും പതിന്മടങ്ങ് പഴക്കമുള്ളത് പോലെ അവന് തോന്നി.

“ഏസ്യൻ, ഓറെ സമാധി ദിവസം എഴുതി വച്ച ഓലയാന്ന്. പഴയ എഴുത്താ, പ്രകാശന് വായിച്ച് മനസിലാക്കാൻ പറ്റിയെന്ന് വെരില്ല”

“എന്താ ഇതിലുള്ളത് ?” പ്രകാശന്റെ കണ്ണുകൾ വിളക്കുതിരി നാളത്തേക്കാൾ ഉഗ്രമായി തിളങ്ങിക്കൊണ്ടിരുന്നു.

“ഏതോ ഒരു കുഞ്ഞിക്കമ്മാരനെ കുറിച്ചുള്ള കഥകളാന്ന്. ഓല കൈമോശം വന്നതിനാൽ കൂടുതൽ മനസിലാക്കിയെടുക്കാൻ കഴിഞ്ഞില്ല. വടക്ക് നിന്നും തെരക്കി വന്നാൽ ഈ വാള് കൊടുത്തയക്കണെന്നും എഴ്തീറ്റ്ണ്ട്. 300 വർഷങ്ങളായി സ്വന്തക്കാരെ കാത്തിരിപ്പാ, ഇതുവരെയും ആരും വന്നിറ്റില്ല”

തേക്കാത്ത കൽച്ചുമരിൽ ചാരി വച്ച വെള്ളിവാള് ആഞ്ഞൊന്ന് മിന്നി.

Read More: അർജുൻ രവീന്ദ്രന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

ചുവന്ന കൊടിതോരണങ്ങൾ മേലാപ്പ് വിരിച്ച ഏഴോത്തെ മൺപാതകൾ താണ്ടി മലർന്നുകിടന്ന കാനായിവയലിന്റെ പള്ളയിലൂടെയവർ വടക്കണഞ്ഞു. പതുങ്ങിപ്പാഞ്ഞുകയറുന്ന ഒരു പൂച്ചയെപ്പോലെ അവരിരുവരും കാനായിക്കുന്നിന്റെ മുകളിലേക്ക് കയറിപ്പോയി. കാനായിക്കുന്നിന്റെ മുകളിൽനിന്ന് നിന്ന് പട്ടുവം പുഴയിലെ ഓളങ്ങളിലേയ്ക്ക് പരന്നൊഴുകാൻ വെമ്പിയ സൂര്യൻ മുകളിൽ നിന്ന് താഴേയ്ക്ക് ചുവപ്പ് പരത്തിക്കൊണ്ടിരുന്നു.


ഏസ്യൻ: എഴുത്തച്ഛൻ

അറേക്കാൽ: ഭഗവതി വസിക്കുന്ന പള്ളിയറ/കാവ്

പോതി: ഭഗവതി

ഓറ്: അവർ

ചേടകവാൾ: ഭഗവതി തെയ്യങ്ങൾ ഉപയോഗിക്കുന്ന ഒരു തിരുവായുധം

പലിശ: പരിച

വയി: വഴി

മോലോം: മതിലകം (ക്ഷേത്രം)

കിരാതൻ: കിരാതമൂർത്തി

പാഴിയങ്ങാടി: പഴയ മൂഷകരാജ്യത്തിന്റെ തലസ്ഥാനമായ പാഴി ആണ് ഇന്നത്തെ പഴയങ്ങാടി. പാഴി അങ്ങാടി ആയിരിക്കണം പഴയങ്ങാടിയായി പരിണമിച്ചത്

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Arjun raveendran short story meenakodiveyilil ponnu podicheram