scorecardresearch

ഫൈവ്‌സ്

“വിജയേട്ടന്റെ കടയിൽ നിന്ന് രണ്ട് കട്ടനും വാങ്ങി പാർട്ടി ഓഫീസിലേക്ക് നടന്നു. ആ നടത്തത്തിൽ രണ്ട് കൈകൾക്കും മേലെ ചിറകുകളുള്ളത് പോലെ എനിക്ക് തോന്നി” അർജുൻ രവീന്ദ്രൻ എഴുതിയ കഥ

arjun raveendran, story, iemalayalam

1.

പരന്ന നിലാവത്ത് തെങ്ങോളം ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചുവപ്പന്‍ ബാങ്ക് കെട്ടിടം. നേരമേറെയിരുട്ടിയിട്ടും ഉറങ്ങാതെ കണ്ണും മിഴിച്ച് വഴിവിളക്ക്. അതിൽ നിന്നുള്ള മഞ്ഞവെളിച്ചം. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സുഖമായുറങ്ങുന്ന രാമേട്ടന്റെ പലചരക്കുകട. നരിക്കോട് മുതല്‍ എരിപുരം വരെയുള്ള സകലരുടെയും കാലടികള്‍ പതിഞ്ഞവശനായി മയങ്ങുന്ന പഞ്ചായത്ത് ബില്‍ഡിങ്. നിലയ്ക്കാത്ത കാറ്റത്ത് ഇടതടവില്ലാതെ പാറിക്കളിച്ച് ചെങ്കൊടി. ഇരുട്ടില്‍ നിശബ്ദയായി വിപ്ലവസ്വപ്‌നങ്ങള്‍ താലോലിച്ച് കിഴക്ക് നോക്കിയിരിക്കുന്ന പാര്‍ട്ടി ഓഫീസ്. എ കെ ജി മുതല്‍ നായനാര്‍ സഖാവ് വരെയുള്ള നേതാക്കന്മാരുടെ പടങ്ങള്‍. ഫ്രെയിം ചെയ്ത് വച്ച പടങ്ങളില്‍ നിന്ന് അവരോരോരുത്തരും ഇറങ്ങി വന്ന് മുഷ്ടിചുരുട്ടി നിശബ്ദമായി ഇങ്ക്വിലാബ് വിളിക്കാറുണ്ട്. ഗേറ്റിനപ്പുറത്ത് സൈക്കിളില്‍ ഇരുന്നു കൊണ്ട് ഞാനും തിരിച്ച് അഭിവാദ്യമര്‍പ്പിക്കാറുണ്ട്.

ഒരു സൂപ്പർഹീറോ ആവുകയെന്നത് ഏതൊരു കുട്ടിയും കാണുന്ന സ്വപ്നമാണ്. പൂമ്പാറ്റകളുടേത് പോലുള്ള ചിറകുകളുമായി ഒരു ഫുട്‍ബോളും കയ്യിലേന്തി പഞ്ചായത്ത് ഗ്രൗണ്ടിൽ നിന്നുയർന്ന് പറക്കുന്ന ആ സ്വപ്നം ഞാൻ വീണ്ടും കണ്ടു. ഏഴോത്തെ പാടങ്ങൾ കടന്ന് പുഴയിലെ തുരുത്തുകൾ വരെ ഞാൻ ആ പറക്കലിൽ കണ്ടു. ഫ്ലഡ്‌ലൈറ്റിലെ വെളിച്ചങ്ങൾക്കുമപ്പുറം ദൂരെ നിലാവത്ത് പുഴ കടന്ന് പോകുന്ന കണ്ണേട്ടൻ ആകാശത്തേയ്ക്ക് നോക്കി എന്നെ കൈ വീശുന്നുണ്ടായിരുന്നു.

ചുവപ്പണിഞ്ഞ എഴോം പഞ്ചായത്ത്‌ ബസ്‌ സ്റ്റോപ്പ്‌. അതിന്റെ പല മൂലകളിലായി ഞങ്ങള്‍ അഞ്ചു പേരും തളര്‍ന്നു കിടന്നു. തലയ്ക്ക് മീതെ തൂങ്ങിയാടുന്ന ചുവന്ന തോരണങ്ങള്‍. അവയോരോന്നും ആടിയുലയുന്ന മുന്തിരിക്കുലകള്‍ ആണെന്ന് എനിക്ക് തോന്നി. അപ്പുവിന്റെ ശബ്ദം കേട്ട ഞാൻ പതുക്കെ എഴുന്നേറ്റ് ഫോൺ സ്‌ക്രീനിലേയ്ക്ക് നോക്കി. ദുബായ് മാളിലെ ഫുഡ്കോർട്ടിലിരുന്ന് കണ്ണീർ വാർക്കുന്ന കണ്ണന് ഒരു ഫ്ലയിങ് കിസ് കൊടുത്തു. വിജയേട്ടന്റെ തട്ടുകടയില്‍ നിന്ന് രണ്ടു കട്ടനും വാങ്ങി എഴുന്നേറ്റ് നടന്ന് പാര്‍ട്ടി ഓഫീസിന്റെ ഉമ്മറത്തെ ബെഞ്ചില്‍ പോയിരുന്നു. ഫ്രെയിം ചെയ്ത് വച്ച പടത്തില്‍ നിന്നും പ്രിയപ്പെട്ട മാധവേട്ടൻ ഇറങ്ങി വന്ന് എനിക്കരികെ ഇരുന്നു. കറുത്തു തടിച്ച കണ്ണട അനക്കി അലസമായ് പാറിപ്പറന്ന വെളുത്ത തലമുടി ഒതുക്കി വച്ച് ഒരു കവിള്‍ കട്ടനും അകത്താക്കി ചോദിച്ചു.

‘നീ എപ്പോ വന്നു? ’

‘മിനിഞ്ഞാന്ന്. ’

‘എന്താ വിശേഷിച്ച്?’

‘ചെങ്ങായിമാരെ എല്ലാരേം കാണണം എന്ന് തോന്നി. പിന്നെ ഇങ്ങളേം.’

‘എന്നിട്ടിന്നാണോ ഇങ്ങോട്ട് വരാന്‍ തോന്നിയെ?’ കഫം കെട്ടിയ ഒരു ചുമ പാസ്സാക്കിക്കൊണ്ട് അദ്ദേഹം ചോദിച്ചു.

കട്ടന്‍ വേഗത്തിലകത്താക്കി കയ്യിലുണ്ടായിരുന്ന ആ വസ്തു അദ്ദേഹത്തെ ഏല്‍പ്പിച്ച് ഞാന്‍ തിരിച്ചു നടന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നാട്ടിലേക്ക് വരാനുള്ള തീരുമാനം ഉണ്ടായത്. കബ്ബൺ പാര്‍ക്കിലെ തണുപ്പുള്ള വൈകുന്നേരം. തുടര്‍ച്ചയായ ഇന്റര്‍വ്യൂ പരാജയങ്ങളുടെ ആഘാതത്തില്‍ ഞാനൊരു തികഞ്ഞ തോല്‍വി തന്നെയെന്നു ഓര്‍ത്തുകൊണ്ടിരുന്ന നേരം എവിടെ നിന്നോ ഒരു ഫുട്ബോൾ കാൽക്കീഴിലെത്തി. ദേഷ്യത്തോടെ അത് തട്ടിയകറ്റാൻ നോക്കിയെങ്കിലും പൂമ്പാറ്റയുടെ പോലെ ചിറകുകളുമായി ഒരു കുഞ്ഞ് സൂപ്പർ ഹീറോ മുന്നിൽ നിൽപ്പുണ്ടായിരുന്നു. അവനെ കണ്ടപ്പോൾ മാധവേട്ടന്റെ വാക്കുകള്‍ മനസ്സിലെത്തി.

സൂപ്പർ ഹീറോയെ നോക്കി ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവന് പന്ത് കൈമാറിയ ശേഷം നേരെ പോയി ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് വണ്ടി കയറി.

arjun raveendran, story, iemalayalam

2

ഞങ്ങള്‍ ആറുപേരാണ്. ഒരേ പ്രായക്കാര്‍. കടല് കടന്നു പോയ ഒരാൾ കഴിഞ്ഞ ആഴ്ച തിരിച്ചെത്തി. ബാക്കി മൂന്ന് പേര്‍ നാട്ടിലുണ്ട്. ഒരാള്‍ അങ്ങ് ദുബായിലും. ഒന്ന് ഒത്തു കൂടണം. നാട്ടിലൊരു ഫൈവ്സ് ടൂര്‍ണമെന്റ് നടക്കുന്നുണ്ട്. എത്ര വേള്‍ഡ് കപ്പ്‌ കണ്ടാലും ഇതിന്റെയൊരു സുഖം ഒന്ന് വേറെ.

കാഴ്ചക്കാരായി ഇരിക്കണം. ഒരു തവണ കളിച്ചതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ല.

ഒരു തവണ കൂടി കളിക്കാം എന്ന് പറയുമ്പോ ‘ നീ മിണ്ടിപ്പോകരുത് ’ എന്ന് പറയുന്ന അപ്പുവിന്റെ മുഖം ഓർമ വന്നു.

വരുന്നു എന്ന് മെസേജ് അയച്ച ഉടൻ തന്നെ അപ്പുവിന്റെ കോൾ ഉണ്ടായിരുന്നു. ‘നാളെ രാവിലെ എത്തുവല്ലോ അല്ലേ?’

ഞാന്‍ വരുന്നതിന് എന്തിനാണിവര്‍ ഇത്രയധികം സന്തോഷിക്കുന്നത്? പലപ്പോഴും ഇവരെയൊന്നും ഞാന്‍ ഓര്‍ക്കാറു പോലുമില്ല. ഇവരെയും കാനായി വയലിനേയും ഉണങ്ങി കരിഞ്ഞ പുല്‍ചെടികളെയും താത്കാലികമായി കെട്ടിയുണ്ടാക്കിയ ഗോള്‍ പോസ്റ്റിനെയും ഒന്നിനെയും ഞാന്‍ ഓര്‍ക്കാറില്ല.

ഫൈവ്സ്, സെവന്‍സ് ടൂര്‍ണമെന്റുകളുടെ പടി പോലും ഞങ്ങൾ കണ്ടിട്ടില്ല. ഞങ്ങള്‍ക്കെല്ലാം കാനായി വയലായിരുന്നു. അവിടുത്തെ ഫുട്ബോള്‍ ആയിരുന്നു ഏറ്റവും മികച്ചത് എന്നായിരുന്നു ഞങ്ങളുടെ ഒരു ഇത്. പഞ്ചായത്ത് ഗ്രൗണ്ടിൽ നവിയേട്ടന്റെ കണ്ണഞ്ചിപ്പിക്കുന്ന അതിവേഗ ഫുട്ബോള്‍ ഒന്നും ഞങ്ങള്‍ കാണാനേ ശ്രമിക്കാറില്ല. എന്തിനാണ് വെറുതെ ഒരു മാറ്റം ഉണ്ടാക്കുന്നത്.

കടുത്ത ഫുട്ബോള്‍ ഫാന്‍സ്‌ മാത്രമായിരുന്നില്ല ഞങ്ങളുടെ ഗ്രാമത്തില്‍ ഉണ്ടായിരുന്നത്. വേള്‍ഡ് കപ്പ്‌ വരുമ്പോ മാത്രം ഫുട്ബോള്‍ കാണുന്ന ചിലരും നാട്ടില്‍ ഉണ്ടായിരുന്നു. അവരുടെ കമന്റുകളാണ് ഏറ്റവും രസകരം.

2006 ഫൈനലില്‍ ഫ്രാന്‍സും ഇറ്റലിയും നേര്‍ക്കുനേര്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഇഷ്ടദേവതകളായ ബ്രസീലും അര്‍ജന്റീനയും ആദ്യമേ പുറത്തായതിനാൽ പകുതിപ്പേര്‍ ഇറ്റലിയും മറു പകുതി ഫ്രാന്‍സും ആയി. താന്‍ ആദ്യമേ ഇറ്റലി ഫാന്‍ ആയിരുന്നു എന്ന് ചിലര്‍ വാദിച്ചു. ജയിക്കുന്ന ടീമുകളുടെ പക്ഷം പിടിക്കുന്ന ഒരുകൂട്ടം തൊരപ്പന്‍മാര്‍ ഉണ്ട്. ഈ വിജയം താന്‍ പണ്ടേ പ്രവചിച്ചതാണെന്നും അതിനു തെളിവുകള്‍ ഉണ്ടെന്നും അവര്‍ ഘോരഘോരം വാദിക്കും.

ഞാന്‍ ഫ്രാന്‍സിന്റെ പക്ഷം പിടിച്ചു. വേറൊന്നും കൊണ്ടല്ല. ഇറ്റലി. പേര് കേള്‍ക്കാന്‍ ഒരു സുഖം ഇല്ല. ‘ഫ്രാന്‍സ്’ കൊള്ളാം. ഒരു എടുപ്പൊക്കെ ഉണ്ട്.

പക്ഷേ, ഞങ്ങള്‍ നവ ഫ്രാന്‍സ് ആരാധകരുടെ നെഞ്ചം തകര്‍ത്തു കൊണ്ട് സിനദിന്‍ സിദാന്‍, മര്‍ക്കോ മറ്റെരാസിയുടെ നെഞ്ചിന്‍ കൂട് ഇടിച്ചു തകര്‍ത്തു. അതും ഒരു മുട്ടനാടിനെ പോലെ. ആ സീന്‍ ലൈവ് ആയി കണ്ട് തരിച്ച് നിന്നപ്പോ ഒരു മുട്ടനാടിന്റെ കരച്ചില്‍ കേട്ട പോലെ എനിക്ക് തോന്നി. ഫ്രാന്‍സി ന്റെ പക്ഷം പിടിക്കണ്ടായിരുന്നു, ഞാന്‍ മനസ്സിലോര്‍ത്തു.

‘അത് പിന്നെ ഓന്റെ വീട്ടിലുള്ളോരെ പറഞ്ഞോണ്ടല്ലേ’ ഇറ്റലിക്കാരുടെ കൂക്ക് വിളികള്‍ക്കിടയിലും കുട്ടേട്ടന്റെ മാസ് ഡയലോഗ്.

“മിസ്റ്റർ കുട്ടൻ, ഡു യു നോ ഇറ്റാലിയൻ?” ഒരു മൂലയ്ക്കിരുന്ന് കളി കാണുന്നു ണ്ടായിരുന്ന കൃഷ്ണേട്ടൻ തന്റെ വെള്ളത്താടി തടവിക്കൊണ്ട് ചോദിച്ചു.

പത്തു പേരായി ചുരുങ്ങിയ ഫ്രാന്‍സ് ഇറ്റലിയോടു തോറ്റു. ഇതേ ഫ്രാന്‍സ് 2018 ല്‍ ക്രൊയേഷ്യയ്ക്ക് എതിരെ ഫൈനല്‍ കളിച്ചപ്പോ ഞാന്‍ ക്രൊയേഷ്യയെ ആണ് സപ്പോട്ട് ചെയ്തത്. അന്ന് ഫ്രാന്‍സ് ജയിച്ചു. അന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ ഏത് ടീമിനെ സപ്പോട്ട് ചെയ്താലും ആ ടീം തോൽക്കും! വെറുതെയല്ല 28 കൊല്ലമായിട്ട് അര്‍ജന്റീനയ്ക്ക് ഒരു കപ്പ്‌ പോലും കിട്ടാത്തത്. എന്റെ മറ്റൊരു ഫേവറിറ്റ് ആയ ഹോളണ്ടിന് ചരിത്രത്തില്‍ ഇന്നേ വരെ ഒരു വേള്‍ഡ് കപ്പ്‌ കിട്ടിയില്ല.

അങ്ങനെ ഇഷ്ടപ്പെട്ട ടീമിനെ വെളിപ്പെടുത്തുന്നത് നിര്‍ത്തിയെങ്കിലും അര്‍ജന്റീനയോടുള്ള ആരാധനയ്ക്ക് ഒട്ടും കുറവ് വന്നില്ല.

സ്‌റ്റെഫാനോയുടെ കളി കണ്ടിട്ടില്ല. മറഡോണയുടേത് ഒരു മിന്നായം പോലെയേ കണ്ടുള്ളൂ. പിന്നെ ആ നീളന്‍ മുടിക്കാരന്‍ ഗബ്രിയേല്‍ ബാറ്റിസ്റ്യൂട്ട. ഇ എ സ്പോര്‍ട്സിന്റെ ഫിഫ 98 ഗെയിം കളിച്ചപ്പോഴാണ് അയാളോടുള്ള ഇഷ്ടം ഇരട്ടിച്ചത്. അര്‍ജന്റീന എന്ന ആര്‍പ്പു വിളികള്‍ക്കൊപ്പം എന്റെ വിരലുകളുടെ പടയാളിയായി അയാള്‍ മൈതാനമെന്ന പോര്‍ക്കളത്തില്‍ കുതിച്ചു പാഞ്ഞു ബാറ്റിഗോളുകള്‍ പ്രഹരിച്ചു. ഗെയിമിലെങ്കിലും ലോക കിരീടങ്ങള്‍ വാങ്ങിക്കൂട്ടി ഞാന്‍ നമ്മുടെ ടീമിന്റെ അഭിമാനം കാത്തു.

ഓര്‍മകളില്‍ നിന്ന് പതുക്കെ ഉറക്കം ഉണര്‍ന്നു. അര്‍ജെന്റീന 2022 വേള്‍ഡ് കപ്പ്‌ നേടിയെന്ന സ്വപ്നം പാതി വഴിയിലായിരുന്നു.

arjun raveendran, story, iemalayalam

3.

പഴയങ്ങാടി പഴയ സ്റ്റാന്റിൽ ബസ്സിറങ്ങി. പുറത്ത് നല്ല തണുപ്പുണ്ട്. മഴ പെയ്തൊഴിഞ്ഞ പുലര്‍കാലത്തെ കുളിര്. നാസര്‍ക്കാന്റെ കടയില്‍ നിന്ന് നല്ല ചൂടുള്ള വടക്കന്‍ ചായ ഊതിയൂതി കുടിച്ചു.

കൈകള്‍ രണ്ടും വിരിച്ചു നിര്‍ത്തി പുലര്‍ന്നു വരുന്ന മാനത്തേയ്ക്ക് നോക്കി. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനൊരുങ്ങിയപ്പഴേയ്ക്കും ബൈക്കുമായി ഉണ്ണി വന്നിട്ടുണ്ടായിരുന്നു. ചന്ദനക്കുറി ഒക്കെ തൊട്ട് നല്ല സുന്ദരക്കുട്ടപ്പനായാണ് വന്നത്.

കണ്ടയുടനെ അവന്‍ പറഞ്ഞതിതാണ്. ‘രാത്രി അൽഫാം കഴിക്കാന്‍ പോവാം’

‘രാവിലത്തെ ബ്രേക്ക്‌ഫാസ്റ്റ് പോലും കഴിച്ചില്ലെടാ. പിന്നെയല്ലേ രാത്രി.’ ഞാന്‍ പറഞ്ഞു.

മഴ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു.

മാടായിപ്പാറയിലെ മഴ കണ്ട് മഴമേഘങ്ങള്‍ക്ക് കീഴെ പാഴിക്കുന്നിറങ്ങിപ്പൊങ്ങി ഞങ്ങൾ എഴോത്തേക്ക് കുതിച്ചു.

ചുവപ്പണിഞ്ഞ എഴോം പഞ്ചായത്ത്‌ ബസ്‌സ്റ്റോപ്പ്‌.

എഴോത്തെ കുറിച്ച് എന്റെ ചില ഭ്രാന്തന്‍ കൽപ്പനകള്‍ ഉണ്ട്. അവയിലൊന്നാണ് മുന്തിരിക്കുലകള്‍ തൂങ്ങിയാടുന്ന പഞ്ചായത്ത് ബസ്‌സ്റ്റോപ്പ്‌. ഇല്ലാത്ത, ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്ത ഒന്നെങ്കിലും ഒരു മനോവിഭ്രാന്തി പോലെ അതെന്നെ ആഴത്തില്‍ പിടി കൂടിയിരുന്നു.

കാട്ടുവള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നു കയറിയ ആസ്ബെസ്റ്റോസ് മേല്‍ക്കൂരയുള്ള പഞ്ചായത്ത് ബസ്‌സ്റ്റോപ്പ്‌. ഒരു പതിനാല് വർഷം മുന്‍പത്തെ കാഴ്ചയാണ്. ആ വള്ളികള്‍ മുന്തിരി വള്ളികള്‍ ആയാലെന്താ, ഇനി അത് തന്നെയാണോ എന്ന തോന്നല്‍. ആരോടും സംശയ നിവാരണം ചെയ്തുമില്ല. പതിനാല് വർഷം മുൻപ് വരെ അത്രയും സുന്ദരിയായിരുന്ന അവളെയാണ് ഇന്ന് കോണ്‍ക്രീറ്റ് അണിയിപ്പിച്ചത്.

മാറ്റങ്ങള്‍ വന്നത് കൂടുതലും കെട്ടിടങ്ങള്‍ക്കും മരങ്ങള്‍ക്കും ആണ്.

രാമേട്ടന്റെ ഓടിട്ട പീടിക ഇപ്പൊ കോൺക്രീറ്റ് ആയി. പഞ്ചായത്ത്‌ ബില്‍ഡിങ്ങിനും ലൈബ്രറിക്കും അത് പോലെ കാലത്തെ ഉള്‍ക്കൊണ്ടു കൊണ്ടുള്ള വലിയ മാറ്റങ്ങള്‍ വന്നിരിക്കുന്നു. യു പി സ്കൂള്‍ മുറ്റത്തെ വലിയ മരം മുറിച്ചു മാറ്റപ്പെട്ടു.

വയലുകള്‍ക്ക് നടുവിലെ പാതയില്‍ ചുവന്ന നെന്മേനിവാകകൾക്കിടയിലൂടെ, തൂക്കിയിട്ട ചുവന്ന തോരണങ്ങള്‍ക്കടിയിലൂടെ ഞാന്‍ ക്ലബിലേയ്ക്ക് നടന്നു.

കാനായി വയലിന്റെ പരപ്പില്‍ എന്നോ തുള്ളി നടന്ന ഫുട്ബോളിന്റെ പ്രേതം എന്നോട് മധുരമായി ചിരിച്ചു.

എന്നെ വരവേറ്റു കൊണ്ട് കൂട്ടുകാരന്മാരെല്ലാം കപ്പാലത്തിന്റെ മുകളില്‍ ഇരിപ്പുണ്ടായിരുന്നു. കടല് കടന്നു വന്ന പൂച്ച വിജേഷ് ഓടി വന്ന് കെട്ടിപ്പിടിച്ചു.

വീട്ടില്‍ ഒരുപാട് പൂച്ചകൾ ഉണ്ടായിരുന്നത് കൊണ്ട് പാവത്തിന്റെ വട്ടപ്പേര് പൂച്ച എന്നാണ്. പൂച്ചയുടെ പ്രധാന വിനോദം ഞണ്ട് പിടുത്തം. എഴോം മൂലയിലെ കണ്ണെത്താ വയല്‍പരപ്പിൽ കുഞ്ഞു ചെളിക്കുണ്ടുകളിലൊച്ചിരിക്കുന്ന പാവം ഞണ്ടുകളെ ശൂലത്തില്‍ കോർത്തെടുത്ത് പൊരിച്ചു തിന്നുന്നതിലാണ് അവന്റെ ത്രില്‍.

ഗള്‍ഫില്‍ പോയ ശേഷം അവന്റെ സിംപ്ലിസിറ്റി ഇത്തിരി നഷ്ടപ്പെട്ടിട്ടുണ്ടോ എന്നൊരു സംശയം. ഭാഷയിലൊക്കെ ഒരു ശുദ്ധി വന്നിരിക്കുന്നു. വടക്കൻ മലബാറിന്റെ ദേശീയ വസ്ത്രമായ കാവി ലുങ്കിക്ക് പകരം വെള്ള മുണ്ട്, ബനിയനു പകരം ലൈറ്റ് കളര്‍ ഷര്‍ട്ട്‌, സ്വര്‍ണമാല. കാറില്‍ മാത്രം സഞ്ചാരം.

അടുത്ത ആള്‍ അപ്പു. കൂട്ടത്തില്‍ ഏറ്റവും കൂളായ മനുഷ്യൻ അവനാണ്. ഇഷ്ടവിനോദം ക്യാരംസ് കളി.

പിന്നൊരാള്‍ ഉണ്ട്, കണ്ണന്‍. ഇപ്പൊ ദുബായിലാണ്. നിരുപദ്രവകരമായ കൊച്ചു കൊച്ചു നുണകള്‍ പറയാൻ അവന് വലിയ ഇഷ്ടമാണ്. പിന്നെ കൊറച്ച് ബഡായിയും.

അവസാനത്തെ കണ്ണി കുഞ്ചു. കൂട്ടത്തിലെ ഒരേയൊരു ഗവണ്മെന്റ് ജോലിക്കാരന്‍. കാസറഗോട്ടെ ഏതോ അതിര്‍ത്തി ഗ്രാമത്തിലെ പാറപ്പുറത്ത് ഉള്ള ഒരു ബാങ്കില്‍ പാവങ്ങളുടെ കണ്ണിലുണ്ണിയായി അവന്‍ വാഴുന്നു. എല്ലാ ശനിയാഴ്ചകളിലും ആശാന്‍ നാട്ടിലെത്തും.

ഞങ്ങളൊരുമിച്ചിരുന്നു. ഒരുപാട് കഥകള്‍ പറഞ്ഞു. വിദേശികളായ ഞാനും പൂച്ചയും ചില പുളുക്കഥകളും. പുളുവാണെന്നറിയാമെങ്കിലും അവര്‍ അത് കേട്ടിരുന്നു.

കഥകള്‍ പറഞ്ഞും കേട്ടും രാവേറെയായി.

കാനായി മൊട്ടയുടെ അകത്തേയ്ക്ക് സൂര്യന്‍ പതുങ്ങിയിറങ്ങി. വയലിന് നടുവിലെ പാതയിൽ വാകപ്പൂക്കളുടെ ചുവപ്പും പാതിരാ ചന്ദ്രന്റെ നിലാവും മാത്രം ബാക്കിയായി.

കാനായി വയലിലെ കതിരുകളുടെ സ്വര്‍ണവര്‍ണവും നെല്‍ച്ചെടികളുടെ പച്ചനിറവും നീലനിലാവത്തും വേറിട്ട്‌ കണ്ടു. ഉയര്‍ന്ന മരങ്ങള്‍ക്ക് മേലെ കൂട് കൂട്ടുന്ന കിളികളുടെ ശബ്ദവും സൂക്ഷ്മാത്ഭുതലോകങ്ങളും തെളിഞ്ഞു കേട്ടു, കണ്ടു. പഴയ വലിയ വീടുകളുടെ മച്ചിന്‍ പുറങ്ങളും അവിടുത്തെ അന്തേവാസികളായ ചെറുജീവികളും ഉടുമ്പും വെരുകും കടവാതിലുകളുമൊക്കെ ഇരുട്ടിന്റെ മറ പറ്റി ഉണര്‍ന്നു.

മാനത്ത് നക്ഷത്രങ്ങള്‍ തെളിഞ്ഞു കാണുവോളം ഞങ്ങള്‍ കഥകള്‍ തുടര്‍ന്നു.

രാത്രിയിലെ ചായ കുടി ഞങ്ങള്‍ക്കേറ്റവും ഇഷ്ടമുള്ള വിനോദമായിരുന്നു. പഴയങ്ങാടി ടൗണില്‍ നിന്നുള്ള അൽഫാം തീറ്റ ഒഴിവാക്കി പട്ടുവം കടവിലേയ്ക്ക് ഞങ്ങള്‍ പോയി. കോട്ടക്കീലെ വയലുകളില്‍ നിന്നുള്ള കാറ്റേറ്റ് ഉടലും മനവും കുളുർത്തു. കടവില്‍ നിര്‍ത്തിയിട്ട തോണി കണ്ടു.

പുഴയുടെ അത്ഭുത ലോകം കണ്ടു നിന്ന വിജേഷിന് ഒരു തോന്നല്‍.

‘ഒരു കൊച്ചു ബോട്ട് വാങ്ങണം. അതില്‍ നിറയെ LED ബള്‍ബുകള്‍ പതിപ്പിക്കണം. എന്നിട്ട് പഴയങ്ങാടി പുഴയിലൂടെ തീരം ചേര്‍ന്ന് നിലാവ് കണ്ട് രാത്രി മുഴുവന്‍ ഒഴുകി നടക്കണം.’

4.

അടുത്ത ദിവസം അതിരാവിലെ പത്ത് മണിക്ക് എഴുന്നേറ്റു. പഞ്ചായത്ത് ഗ്രൗണ്ടില്‍ ഫൈവ്സ് ടൂര്‍ണമെന്റ് ആരംഭിക്കുന്ന ദിവസമാണ്. അന്തിയോടൊത്ത് എല്ലാവരും ഗ്രൗണ്ടില്‍ എത്തി. ക്ലബ് ബില്‍ഡിങ്ങിന്റെ മുകളില്‍ തന്നെ ഞങ്ങള്‍ സ്ഥാനം ഉറപ്പിച്ചു.

ആദ്യ മത്സരത്തിന് വിസില്‍ മുഴങ്ങി. റെഡ് സ്റ്റാര്‍ എഴോം എന്ന ഞങ്ങടെ സ്വന്തം നാട്ടിലെ ടീമിന്റേത് ആയിരുന്നു ആദ്യ കളി. എളുപ്പത്തില്‍ അവര്‍ ജയിച്ചു കയറി.

വിന്നേഴ്സ് പാറപ്പുറവും സ്പോർട്ടിങ് പാറക്കടവ് തമ്മിലായിരുന്നു അവസാന മത്സരം.

സ്പോർട്ടിങ് പാറക്കടവ്. ആ പേര് കേട്ടപ്പോള്‍ തന്നെ ഉള്ളില്‍ ഒരു നടുക്കം. പഴയ ഒരു ഓർമ. ഞാന്‍ അപ്പുവിന്റെ മുഖത്തേയ്ക്ക് നോക്കി.

അവന്‍ ബോള് കൊണ്ട് പതം വന്ന തന്റെ പുറം തടവുന്നുണ്ടായിരുന്നു.

‘എടാ ദുഷ്ടാ‘ എന്നവന്റെ മുഖത്ത് നിന്ന് ഞാന്‍ വായിച്ചെടുത്തു.

എല്ലാവരുടെയും നോട്ടം എന്റെ മുഖത്തേക്ക് ആയിരുന്നു.

എങ്ങനെ നോക്കാതിരിക്കും. ഒരു ദശാബ്ദം മുഴുക്കെ അനുഭവിച്ച നാണക്കേടിലേക്ക് അവരെ വലിച്ചു താഴ്ത്തിയിട്ട മഹാപാപിയായിപ്പോയില്ലേ ഞാന്‍. ഫുട്ബോളിന്റെ ABCD അറിയാത്ത പാവങ്ങളെ കൊണ്ട് ടൂര്‍ണമെന്റ് കളിപ്പിച്ച മഹാന്‍. ഞാന്‍ മാത്രല്ല വേറൊരുത്തനും കൂടി ഉണ്ട്, കണ്ണന്‍, അവന്‍ ഇപ്പൊ ദുബായിലാ.

കാനായിത്തോട്ടിലെ ടൈഗര്‍ ഫിഷിനെ പോലെ മൈതാനത്ത് ഊളിയിട്ടു പറക്കുന്ന ആ കറുപ്പ് വരയന്‍ കുപ്പായക്കാരന്‍. അവന്‍ ഇന്നുമുണ്ട് പാറക്കടവിന്റെ മുന്‍നിരയില്‍. ഒരു മാറ്റവുമില്ല. കറുപ്പ് വരയന്‍ കുപ്പായത്തിനു പകരം നീല വര ആയിരിക്കുന്നു. അത്ര തന്നെ. അവന്‍ പറന്നും കിടന്നും ഗോള്‍ അടിക്കുന്നു.

കാല്‍ മുട്ടിനു മുകളില്‍ കൈകളൂന്നി ഞങ്ങളിരുന്നു. അവനെ കാണുമ്പോഴൊക്കെ ആ പഴയ ടൂര്‍ണമെന്റ് ആണ് ഓർമ വരുന്നത്.

പത്ത് പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്ന് ഞങ്ങള്‍ എട്ടാം ക്ലാസ്സിലായിരുന്നു. കാനായി വയലില്‍ ക്രിക്കറ്റും ഫുട്ബോളും പൊടി പൊടിക്കുന്നു. ക്രിക്കറ്റ് എന്ന് കേള്‍ക്കുമ്പോ ഓർമ വരിക അഖിലേഷേട്ടന്റെ മാസ്സ് ഡയലോഗ് ആണ്.

‘ഞാനും ജിത്തുവും ഒരു ടീം. നിങ്ങളെല്ലാവരും ഒരു ടീം. ’

പക്ഷേ, ഈ ‘ഞാന്‍’ ഔട്ട്‌ ആവണം എങ്കില്‍ ഒരു അഞ്ചു തവണ എങ്കിലും സ്റ്റമ്പ്‌ തെറിക്കണം. ആശാന് അത്ര നേരം ബാറ്റ് ചെയ്യുകയും ചെയ്യാം.

കൂടുതല്‍ സമയം കളിച്ചിരുന്നത് ക്രിക്കറ്റ്‌ ആണെങ്കിലും ഇടയ്ക്കിടെ ഫുട്ബോള്‍ കളിക്കുമായിരുന്നു. എനിക്കും കണ്ണനും പൂച്ചയ്ക്കും അതായിരുന്നു കൂടുതല്‍ ഇഷ്ടം. കളിച്ചു ക്ഷീണിക്കുമ്പോ അപ്പുവിന്റെ കടയില്‍ നിന്ന് സോഡ കുടിക്കും.

മറ്റുള്ള ക്ലബുകാരെല്ലാം ഫൈവ്സും സെവൻസും കളിക്കാറുണ്ട്. ഗോള്‍ പോസ്റ്റും ബോളും എല്ലാം ഉണ്ടെങ്കിലും ഞങ്ങള്‍ വെറുതെ പന്ത് തട്ടുമെന്നല്ലാതെ ‘ഫുട്ബോള്‍’ കളിക്കാറില്ല.

പൂച്ച ഇടയ്ക്കിടെ ഓടി വന്നു പന്ത് ഉയര്‍ത്തി അടിക്കും. ഒരു തെങ്ങിന്റെ ഉയരത്തില്‍ ഒക്കെ. അത് എന്തിനാണ് ചെയ്യുന്നത് എന്ന് അവനു മാത്രമേ അറിയൂ. തേങ്ങ ഇടാന്‍ ആണെന്നാണ്‌ അപ്പു പറഞ്ഞത്. ഞാനും കണ്ണനും ബോളിനു പിറകെ കോഴിയെ പിടിക്കാനെന്ന പോലെ ഓടും. അപ്പു പന്ത് വരുമ്പോ പുറം തിരിഞ്ഞ്‌ ഓടാറാണ് പതിവ്. കുഞ്ചുവും ഉണ്ണിയും കളിയില്‍ ഒരു താല്‍പര്യവും ഇല്ലാതെ വരമ്പത്ത് പുല്ലും കടിച്ച് ഇരിക്കും. കൂടെ കൊറേ കൊച്ചു പിള്ളാരും കാണും. ഇതായിരുന്നു ഞങ്ങടെ ഫുട്ബോള്‍ കളി.

arjun raveendran, story, iemalayalam

ജയിക്കുന്ന ടീമിന് പണ്ട് എനിക്ക് പ്രസംഗ മത്സരത്തിനു കിട്ടിയ കൊച്ച് ട്രോഫി കൈമാറും. ആ ട്രോഫി അങ്ങനെ കൈ മാറി കൈ മാറി വന്നു.

ഞങ്ങടെ കൂട്ടത്തില്‍ കുറച്ചെങ്കിലും കളിക്കാന്‍ അറിയാവുന്നത് പൂച്ചയ്ക്ക് മാത്രം. പഞ്ചായത്ത് ഗ്രൗണ്ടില്‍ നാട്ടിലെ കിടിലം കളിക്കാരുടെ കൂടെ കളിച്ചുള്ള അനുഭവ സമ്പത്ത് ഉണ്ടവന്. അതിലേറെ അഹങ്കാരവും.

‘ഞാന്‍ ഭയങ്കര കളിയാണ്’ ഇടയ്ക്കിടെ അവന്‍ പറയും.

അങ്ങനെയൊരു ദിവസം കപ്പാലത്തിന്റെ മുകളില്‍ ചന്ദ്രനെ നോക്കിയിരുന്നപ്പോള്‍ എനിക്കുമൊരാഗ്രഹം. ‘നമ്മക്കും ഫൈവ്സ് കളിക്കണം ‘.

ഞാന്‍ ആ ആഗ്രഹം കണ്ണനോട് പറഞ്ഞു. അവന് ഭയങ്കര താത്പര്യമായി.

‘അവര്‍ക്കൊക്കെ കളിക്കാം എങ്കില്‍ എന്താ നമ്മക്കും കളിച്ചൂടെ.’

അന്ന് തെങ്ങോലകള്‍ക്കിടയിലൂടെ ചന്ദ്രനേയും കണ്ട് വരമ്പത്ത് കൂടെ നടന്നു വന്നപ്പോള്‍ ചന്ദ്രന്‍ ഫുട്ബാളും വാനം കാനായി വയലും ആണെന്ന് തോന്നി.

പിറ്റേ ദിവസം തന്നെ പഴയങ്ങാടി ടൗണില്‍ പോയി ഞങ്ങള്‍ രണ്ടു പെയര്‍ ഗ്ലൗസ് വാങ്ങി. മഞ്ഞ നിറത്തിലും ചുവന്ന നിറത്തിലുമുള്ള ഓരോന്ന്. അതുമിട്ട് പിറ്റേ ദിവസം വയലിലെ ഗോള്‍ പോസ്റ്റില്‍ നിന്നപ്പോള്‍ ഞാന്‍ നിൽക്കുന്നത് ഓള്‍ഡ്‌ ട്രാഫോര്‍ഡിലും വയലിന് ചുറ്റുമുള്ള തെങ്ങിന്‍ തൈകള്‍ കാണികളും ആണെന്ന് തോന്നി.

ഹിഗ്വിറ്റ എന്നായിരുന്നു കണ്ണന്‍ സ്വയം വിശേഷിപ്പിച്ചത്.

അപ്പു അടുത്ത് വന്നു പതുക്കെ പറഞ്ഞു. ‘ നിങ്ങക്ക് വല്ല പ്രാന്തും ഉണ്ടോ ’

കുഞ്ചുവിന്റെ മുഖത്ത് സ്ഥായിയായുള്ള ആ പുച്ഛഭാവം അന്നും തെളിഞ്ഞു കണ്ടു.

ഞങ്ങളുടെ കളി രീതികള്‍ ഒരല്‍പ്പം മാറിത്തുടങ്ങി. വരമ്പത്ത് കുത്തി നിര്‍ത്തിയ മട്ടലുകള്‍ക്ക് പകരം നെറ്റോട് കൂടിയ ചെറു ഗോള്‍ പോസ്റ്റുകള്‍ സ്ഥാപിക്കപ്പെട്ടു.

വെറും കാലുകള്‍ക്ക് പകരം സ്പോര്‍ട്സ് ഷൂ അണിഞ്ഞു തുടങ്ങി.

ഒടുക്കം അപ്പു വരമ്പത്ത് തടഞ്ഞു കെട്ടി വീണ ശേഷം അത് നിർത്തേണ്ടി വന്നു.

കുഞ്ചുവിന്റെ മുഖത്തെ സ്ഥായി ഭാവം അപ്പോഴും മാറിയിരുന്നില്ല. ‘എന്തിനോ വേണ്ടി ഉരുളുന്ന ഫുട്‍ബോൾ’ എന്ന ഡയലോഗ് അവന്റെ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു.

പൂച്ച വമ്പന്‍ ആവേശത്തിലായിരുന്നു. സ്പോര്‍ട്സ് ഷൂ അണിഞ്ഞു വാം അപ്പ് ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.

കാലു കൊണ്ട് ചില അഭ്യാസങ്ങള്‍ കാട്ടി അവന്‍ പറഞ്ഞു. ‘ ഇങ്ങനെയാ ഞങ്ങള്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്ന് ചെയ്യാറ്. ഇതൊക്കെ കളി തുടങ്ങുന്ന തിനു മുൻപ് ചെയ്യേണ്ട പരിശീലന മുറകളാ.’ ഞങ്ങള്‍ അത് വാ പൊളിച്ചു കേട്ടിരുന്നു. കണ്ണന്‍ അത് അനുകരിച്ചു.

‘ഈ വയലൊക്കെ നികത്തി നമുക്ക് പഞ്ചായത്ത് ഗ്രൗണ്ട് പോലെ ഒരു മൈതാനം പണിയണം.’ പൂച്ച പറഞ്ഞു.

അങ്ങനെയിരിക്കെ ആ കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. വാട്ടര്‍ ടാങ്ക് മതിലില്‍ ഒട്ടിച്ചേർന്നിരുന്ന ആ നോട്ടീസ്.

‘റെഡ് സ്റ്റാർ ഏഴോം അവതരിപ്പിക്കുന്ന അഞ്ചാമത് ജൂനിയർ ഫൈവ്സ് ടൂര്‍ണമെന്റ്. ടീമുകള്‍ക്കുള്ള ബുക്കിങ് ആരംഭിച്ചിരിക്കുന്നു.‘

‘ഇതാണ് നമ്മള്‍ കാത്തിരുന്ന അവസരം. ഇനിയൊട്ടും വൈകിക്കൂടാ. ഇന്ന് തന്നെ ബുക്ക്‌ ചെയ്യണം.‘ കണ്ണന്‍ ആവേശക്കൊടുമുടിയിലെത്തി.

‘നിനിക്ക് കൂടിപ്പോയിനോ?‘ അപ്പു പതിവിലേറെ പരിഭ്രാന്തനായി.

‘നമ്മള്‍ ഇങ്ങനെ പാടത്ത് പന്തും തട്ടി നടന്നാ മതിയോ. വള്ളി ട്രൗസറുമിട്ട് വട്ടുരുട്ടി നടക്കുന്ന പിള്ളേര്‍ക്ക് വരെയുണ്ട് നമ്മളെക്കാള്‍ പവറ്.’ ഞാന്‍ ആത്മരോഷം കൊണ്ടു.

‘പക്ഷേ, മത്സരത്തിനു മുന്‍പേ നന്നായി പരിശീലനം ചെയ്യണം.‘ കണ്ണന്റെ ഉപദേശം.

‘അത് പിന്നെ ചെയ്യാതിരിക്കുമോ. ഇപ്പൊ തന്നെ നമ്മള്‍ ലൈനില്‍ ആണ്‘. ഞാന്‍ കൈയും കാലും ഒക്കെ ഒന്ന് ആട്ടിക്കൊണ്ട് പറഞ്ഞു.

അത് വരെ സൈലന്റ് ആയിരുന്ന ഉണ്ണി ഇടയ്ക്ക് കേറി പറഞ്ഞു. ‘സംഭവം ഒക്കെ കൊള്ളാം. ഞാന്‍ റെഡി. പക്ഷെ, പൂച്ചയോട് ആദ്യം ചോദിക്കണം. പൂച്ചയില്ലെങ്കില്‍ പണി പാളും.’

‘നിങ്ങള്‍ക്ക് വേറെ പണി ഒന്നുല്ലേ. തോറ്റാ നാണക്കേട് ആവും.’ കുഞ്ചു ദീര്‍ഘ നിശ്വാസം വിട്ടു.

‘തോക്കാതെ പിന്നെ. അല്ല, ഇത് ജയിക്കുന്നാണോ നിനിക്ക് തോന്നുന്നത്. എന്തായാലും തോക്കും.‘ അപ്പു തലയാട്ടി പറഞ്ഞു.

‘തോക്കുമോ ജയിക്കുമോ എന്നതല്ല പ്രശ്നം. അര്‍ജന്റീനയ്ക്ക് ചെയ്യാന്‍ പറ്റാത്തത് നമ്മക്ക് ചെയ്യണം.‘ ഞാന്‍ വല്ല്യ കാര്യത്തില്‍ പറഞ്ഞു. കണ്ണന്‍ തല കുലുക്കി.

‘എന്ത്‘ കുഞ്ചു ചോദിച്ചു.

‘ഒന്നൂല്ല. നമ്മക്ക് ബുക്ക്‌ ചെയ്യണം. വാ പോവാം ‘ ഞാന്‍ എല്ലാരേം വലിച്ച് തള്ളി റെഡ് സ്റ്റാർ ക്ലബിലേയ്ക്ക് തിരിച്ചു.

അന്ന് തന്നെ ടീം ബുക്ക്‌ ചെയ്തു. ടീമിന്റെ പേര് രണ്ടു ദിവസം കഴിഞ്ഞു അറിയിക്കാമെന്ന് പറഞ്ഞു.

5.

‘ബ്ലൂ സ്റ്റാർ ഏഴോം. അതാണ്‌ നമ്മടെ ക്ലബ്ബിന്റെ പേര്.’

അപ്പുവിന്റെ കടയിലെ തുറന്ന വേദിയില്‍ നിന്ന് സോഡയും കുടിച്ചു കൊണ്ട് ഞാൻ പ്രസ്താവിച്ചു.

ഒരു വാഴപ്പഴവും വായില്‍ തിരുകിയിരുന്ന കുഞ്ചു ചാടിയെണീച്ച് ചോദിച്ചു. ‘അത് ഒരു എ സി യുടെ പേരല്ലേ ‘

‘അത് ബ്ലൂ സ്റ്റാർ. ഇത് ബ്ലൂ സ്റ്റാര്‍ എഴോം.‘ ഞാന്‍ അഭിമാനത്തോടെ പറഞ്ഞു.

‘ബ്ലൂ സ്റ്റാർ മതി‘. കണ്ണന്‍ കൈ പൊക്കി. ‘കാരണം ബ്ലൂ നമ്മടെ അര്‍ജന്റീനയുടെ കളര്‍ ആണ്.’

‘അര്‍ജന്റീന അര്‍ജന്റീന. അര്‍ജന്റീനയുടെ ഗോളിയുടെ പേരെന്താണ്.‘ അപ്പു സഹികെട്ടു ചോദിച്ചു.

‘അത്. അത്. ഞാനും ജിത്തുവും കൂടിയാ അവന്റെ വീട്ടിന്നു ഫിഫ 98 കളിക്കാറുള്ളത്. അവനോടും കൂടി ചോദിക്ക്. ബാറ്റിസ്റ്റ്യൂട്ട. സ്ട്രൈക്കര്‍. അതറിയാം. പിന്നെ കനേരിയ. ക്രെസ്പോ. അല്ലേ, ജിത്തൂ.‘ കണ്ണന്‍ നിന്ന് പരുങ്ങി.

‘വല്ല റെഡ് സ്റ്റാർ ന്നും ആയിരുന്നെങ്കില്‍ കൊള്ളായിരുന്നു. ഒന്നുല്ലേലും പാര്‍ട്ടി സപ്പോര്‍ട്ട് എങ്കിലും കിട്ടും.’ ഉണ്ണിയുടെ അഭിപ്രായം.

‘അത് ശരിയാ. പഷേ റെഡ്സ്റ്റാർ കൊറെയുണ്ട്. ഇത് ഇതുവരെ ഇല്ലാത്ത ഒരു സ്റ്റാറാ. ബ്ലൂ സ്റ്റാർ. നമുക്ക് എല്ലാര്‍ക്കും നീല കുപ്പായം ഇട്ടു കളിക്കാം.’

‘അതുകൊണ്ട് പ്രത്യേകിച്ച് എന്തേലും കാര്യുണ്ടോ?.’ കുഞ്ചുവിന്റെ കൗണ്ടര്‍.

‘പ്രത്യേകിച്ച് കാര്യൊന്നൂല്ല, പക്ഷേ, ഒരു ടീം ആയാല്‍ ഏതേലും ഒരു കളര്‍ ജേഴ്‌സി വേണ്ടേ. ഇതിപ്പോ അര്‍ജന്റീനയുടെ കളര്‍ അല്ലെ.’

‘അതെ. നമ്മള്‍ ഈ കളറിട്ട് കളിക്കുമ്പോ ഫിഫ 98 ലെ പോലെ കാണികള്‍ എല്ലാം അര്‍ജന്റീന അര്‍ജന്റീന എന്നു പറയും.’ കണ്ണന്‍ ഏതോ സ്വപ്നം കണ്ട പോലെ ചിരിച്ചു. എല്ലാരും പതിയെ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.

‘റെഡ്സ്റ്റാറുകാർ ഓള്‍റെഡി അവര്‍ക്ക് വേണ്ടി കളിക്കാന്‍ വിളിച്ചിട്ടുണ്ട്. എന്നാലും നമ്മള്‍ ക്ലാസ്മേറ്റ്സ് അല്ലേ. ഞാന്‍ നിങ്ങള്‍ടെ കൂടെ കളിക്കാം.’ ഇല്ലക്കുളത്തെ പടിയിൽ ഇരുന്ന് പൂച്ച ഡിമാൻഡിട്ടു.

‘ഓ, അവന്റെ ഒരു ജാഡ.’ കുഞ്ചു പതുക്കെ എന്റെ ചെവിയില്‍ പറഞ്ഞു.

‘ഇവന്‍ ആയിരിക്കും നമ്മുടെ തുറുപ്പ് ചീട്ട്’. കണ്ണന്‍ പറഞ്ഞു

‘സത്യത്തില്‍ ബൊക്ക ജൂനിയേഴ്സിന്റെ ജൂനിയര്‍ ടീമിലേയ്ക്ക് എന്നെ വിളിച്ചിരുന്നു.’ പഞ്ചായത്ത് ഗ്രൗണ്ടിലെ ഫൈവ്സ് കഴിഞ്ഞിട്ട് വരാന്നു ഞാന്‍ അവരോടു പറഞ്ഞു. പൂച്ച വാ പൊളിക്കാന്‍ തുടങ്ങി.

‘വാ പോകാം.’ ഞാന്‍ എല്ലാരോടുമായി പറഞ്ഞു.

ഇനി അടുത്ത പണി ഗ്രൗണ്ട് ഫീസ്‌ അടയ്ക്കുക എന്നുള്ളതാണ്.

‘ഭണ്ഡാരം പൊട്ടിച്ചോ അച്ഛന്റെ പോക്കറ്റീന്നു കാശടിച്ച് മാറ്റിയോ എങ്ങനനേലും നമ്മളതൊപ്പിക്കണം. ബാക്കി പൈസയ്ക്ക് ജേഴ്‌സിയും റെഡി ആക്കണം.’

ഞാന്‍ ഒരല്‍പം ഗൗരവത്തില്‍ പറഞ്ഞു. ഇത് കേട്ട കുഞ്ചുവിന്റെ മുഖം വാടി.

‘ആമിർഖാന്റെ ഗജിനി കാണാന്‍ ഞാന്‍ കൂട്ടി വച്ച പൈസയാ.’

‘ആരാ ഗജിനി’ അപ്പുവിന് പിടികിട്ടിയില്ല.

‘അതെന്തേലും ആവട്ടെ. എനിക്ക് ആദ്യേ ഇതിനൊന്നും താല്‍പ്പര്യം ഇല്ലായിരു ന്നു. പിന്നെ, നിങ്ങള്‍ നിര്‍ബന്ധിച്ചോണ്ടാ. അപ്പൊ എന്റെ കാശും നിങ്ങള്‍ കൊടുക്കണം.’ കുഞ്ചു ഉപാധികള്‍ വച്ചു.

‘ ദേ കുഞ്ചു, ഓള്‍റെഡി പൂച്ചേടെ കാശ് നമ്മള്‍ തന്നെ ഇടണം. അവന്‍ വല്ല്യ ബൊക്ക ജൂനിയര്‍ പ്ലെയറാ. ഇടി വെട്ടിയവന്മാരുടെ തലയില്‍ ചക്ക പോലെ വന്നു വീഴല്ലേ.’ എനിക്ക് അരിശം വന്നു.

‘പൂച്ചേടെ കാശ് നമ്മളോ, അതെന്തിന്?’ അപ്പു എന്നെ സംശയത്തോടെ നോക്കി.

‘ ഓ. ഇനി അതൊന്നും ആലോചിക്കാന്‍ സമയം ഇല്ല. വാ, ഇവന്റെ മനസ്സ് മാറുന്നതിനു മുൻപ് ഭണ്ഡാരം പൊളിക്കാം.’

6.

കുഞ്ചുവിന്റെ ഭണ്ഡാരം പൊളിച്ച് കൊണ്ട് തന്നെ ഞങ്ങള്‍ തുടങ്ങി. ഭണ്ഡാരങ്ങള്‍ ഒന്നൊന്നായ് പൊളിയാന്‍ തുടങ്ങി. എനിക്ക് പൊളിക്കാന്‍ ഭണ്ഡാരം ഇല്ലാത്തതിനാല്‍ അച്ഛന്റെ പോക്കറ്റില്‍ നിന്നൊരല്‍പ്പം അടിച്ചു മാറ്റി.

നേരെ പോയി ഗ്രൗണ്ട് ഫീസ്‌ അടച്ചു. ഞങ്ങള്‍ക്കൊരു അഭിമാനമൊക്കെ തോന്നി. വേള്‍ഡ് കപ്പിനൊക്കെ സെലക്ഷന്‍ കിട്ടിയ ഒരു ഫീല്‍.

‘വിനുവേട്ടന്റെ മുഖത്ത് ഒരു പുച്ഛഭാവം ഇണ്ടായിരുന്നില്ലേ?’ കുഞ്ചുവിന്റെ ചോദ്യം.

‘എടാ. ആദ്യമായി സൗത്ത് കൊറിയയ്ക്ക് വേള്‍ഡ് കപ്പ്‌ സെലക്ഷന്‍ കിട്ടിയപ്പോഴും ഇത് പോലെ പുച്ഛിക്കാന്‍ ആള്‍ക്കാര്‍ ഇണ്ടായിരുന്നു. പിന്നീടവര് സെമി ഫൈനല്‍ വരെ കളിച്ചില്ലേ.’ ഞാന്‍ കുഞ്ചുവിനെ ആശ്വസിപ്പിച്ചു.

ഗ്രൗണ്ട് ഫീസ്‌ അടച്ച ശേഷം ഞങ്ങള്‍ അടുത്ത പരിപാടിയിലേക്ക് നീങ്ങി. ജേഴ്‌സി നിര്‍മാണം.

കാനായിക്കുന്നിന്റെ ഒത്ത മുകളിലെ പൂമരത്തിനു കീഴെ ഞങ്ങളൊത്തുകൂടി.

‘ഗ്രൗണ്ട് ഫീസ്‌ അടച്ച ശേഷം നമ്മടെ കയ്യില്‍ അവശേഷിക്കുന്നത് ഇരുപത് രൂപയാണ്.’ ഞാന്‍ പ്രഖ്യാപനം നടത്തി.

‘ ഇരുപത് രൂപയ്ക്ക് ഒരു ലങ്കോട്ടി പോലും കിട്ടൂല.’ അപ്പു ഇടയ്ക്ക് കേറി പറഞ്ഞു.

‘ ലങ്കോട്ടി ഇട്ടിട്ടാണോ ഹേ ഫുട്ബോള്‍ കളിക്കുക.’ എനിക്ക് ദേഷ്യം വന്നു.

‘എന്റെ കയ്യില്‍ ഒരു ഐഡിയ ഉണ്ട്. നമ്മടെ ഓരോരുത്തരുടെയും വീട്ടില്‍ നിന്ന് ഓരോ നീല ബനിയന്‍ സംഘടിപ്പിക്കുക.’

‘നീല വിട്ടു ഒരു കളിയുമില്ല അല്ലേ’ – അപ്പു നിസംഗമായി ചിരിച്ചു.

‘ഷര്‍ട്ട്‌ ആയാ കൊഴപ്പൂണ്ടോ?’ ഉണ്ണി സംശയം ചോദിച്ചു.

‘ ഏയ്‌ ഷര്‍ട്ട്‌ വേണ്ട. എന്റെ വീട്ടില്‍ മൂന്നു നീല ബനിയന്‍ ഉണ്ട്. ഒന്നു നിനക്ക് തരാം. ഒന്ന് പൂച്ചയ്ക്ക് കൊടുക്കേണ്ടി വരും.‘ ഞാന്‍ എന്റെ ഉദാര മനസ്കത തുറന്നു കാട്ടി.

‘അവനെന്തിനാ. അവന്റെ കയ്യില്‍ ബൊക്ക ജൂനിയറിന്റെ ബനിയന്‍ കാണും.’ കുഞ്ചു കാര്യമായി തന്നെ പറഞ്ഞു.

‘അത് പോര. ഇത് ബ്ലൂ സ്റ്റാറിന്റെ ജേഴ്‌സിയാ. നമുക്ക് അഡ്ജസ്റ്റ് ചെയ്യാം.’

അങ്ങനെ അഞ്ചു നീല ബനിയനുകള്‍ സംഘടിപ്പിച്ച് ഞങ്ങൾ നേരെ കൃഷ്ണേട്ടന്റെ വീട്ടിലേയ്ക്ക് പോയി.

കൃഷ്ണേട്ടൻ. നാട്ടിലെ സ്റ്റൈലിസ്റ്റ്. നാട്ടിലെ ഫ്രീക്കന്‍മാര്‍ തുടങ്ങി നാൽപ്പതുകാരായ മാന്യന്മാര്‍ വരെ കൃഷ്ണേട്ടന്റെ ആരാധകരാ. കൃഷ്ണേട്ടൻ ആവുമ്പോ ഇരുപത് രൂപയ്ക്ക് ഒരു ഷര്‍ട്ട്‌ വരെ അടിച്ചു തരും.

കൃഷ്ണേട്ടന്റെ വെള്ളരിപ്രാവിന്റെ നിറമുള്ള താടിമീശകള്‍ ഞങ്ങളെ പുഞ്ചിരിയോടെ എതിരേറ്റു.

കിഴക്കന്‍ കുന്നുകളില്‍ നിന്നും വെള്ളി വെളിച്ചം പോലെ പ്രകാശം വന്നെത്തുന്ന ഉമ്മറത്തിരുന്ന് ആ വെള്ളരിപ്രാവ്‌ തുന്നല്‍ മഷീനിലും താടിയിലും മാറി മാറി തലോടിക്കൊണ്ട് പലവിധ മായകള്‍ സൃഷ്ടിക്കുകയാണ്. കൃഷ്ണേട്ടന്റെ കൂട്ടുകാരായ ആയിരം വര്‍ണങ്ങളിലുള്ള തുണി കഷ്ണങ്ങൾ നിലത്ത് വീണു ചിരിക്കുന്നുണ്ടായിരുന്നു.

‘ കൃഷ്ണേട്ടാ. ഈ നീല ബനിയന്റെ പിന്നില്‍ നമ്പറും ഞങ്ങടെ ഓരോരുത്തരുടെം പേരും മുന്നില്‍ ബ്ലൂ സ്റാര്‍ എന്നും തുന്നി പിടിപ്പിക്കണം.’

എന്തൊരു ബുദ്ധി എന്ന മട്ടില്‍ എല്ലാവരും ആശ്ചര്യത്തോടെ എന്നെ നോക്കി.

‘ അപ്പൊ എങ്ങനാ. ഞാന്‍ നമ്പര്‍ പത്ത്.‘ ഞാന്‍ പറഞ്ഞു.

‘ എനിക്കും പത്ത് വേണം.‘ കണ്ണന്‍ ചൊടിച്ചു.

‘ രണ്ടു പത്തോ. അത് നടപ്പില്ല. ഞാന്‍ പറഞ്ഞു. വേണെങ്കില്‍ നീ പത്തിന്റെ കൂടെ ഒരു പൂജ്യം കൂട്ടിയിട്ടോ.’

‘നൂറോ. ഞാനെന്തോ ആംബുലന്‍സോ.’ കണ്ണന്‍ ചൊടിച്ചു. ആംബുലന്‍സിന്റെ ശബ്ദം മുഴങ്ങും പോലെ എനിക്ക് തോന്നി.

‘അപ്പൊ ഒരു പൂജ്യം കുറച്ചിട്ടോ’ അതിലൊന്നും കണ്ണന്‍ അടങ്ങുന്നില്ല. പത്തിന് വേണ്ടിയുള്ള അടിപിടിയായി.

അവസാനം രണ്ടു പത്ത് എന്ന തീരുമാനത്തിലെത്തി.

‘മെസ്സിയും മറഡോണയും ആയിക്കോട്ടെ.’ ഞാന്‍ അഭിമാനത്തോടെ പറഞ്ഞു.

‘അതിനിരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ടോ?’ കുഞ്ചു ചോദിച്ചു.

‘ ദയവു ചെയ്ത് നീ മെസ്സിന്നൊന്നും ജേഴ്‌സിക്ക് പുറകില്‍ എഴുതരുതേ.’ അത് മതി കൂവലിന്റെ കനം കൂട്ടാന്‍. അപ്പു എന്നെ ഉപദേശിച്ചു.

‘ഞാന്‍ ബാറ്റിസ്റ്റ്യൂട്ട. ഏതാ നമ്പർ ന്ന് വച്ചാ അത് തുന്നിക്കോ.’ ഉണ്ണി ചാടിയെണീറ്റു.

‘ അതാരാന്നു നിനക്കറിയോടാ?’ – കുഞ്ചു അരിശം പൂണ്ടു.

‘കൃഷ്ണേട്ടാ. ബ്ലൂ സ്റ്റാര്‍ ന്നൊന്നും മുന്നില്‍ എഴുതണ്ടാട്ടാ. വല്ല എസി നന്നാക്കാന്‍ വന്നവരും ആണെന്ന് കാണുന്നോര്‍ വിചാരിക്കും. ഇവന് പ്രാന്താ.’ അപ്പുവിന്റെ വാക്കുകള്‍ കേട്ട ഞാന്‍ തകര്‍ന്നു പോയെങ്കിലും അത്രയ്ക്ക് ബില്‍ഡ് അപ്പ്‌ വേണ്ടെന്നു എനിക്കും തോന്നി.

അങ്ങനെ കൃഷ്ണേട്ടന്റെ കരവിരുതില്‍ ജേഴ്സി റെഡി ആയി. എന്റെ നിര്‍ബന്ധം കാരണം കണ്ണന്റെ ജേഴ്‌സിയിൽ പത്ത് എന്നത് ‘010’ എന്നെഴുതി.

‘ഈ ബുദ്ധി നമ്മക്ക് നേരത്തെ തോന്നിയില്ലല്ലോടാ.’ കണ്ണനും ഹാപ്പി ആയി.

ഇരുപത് രൂപയ്ക്ക് ആവേണ്ട സാധനം കൃഷ്ണേട്ടൻ പത്തു രൂപയ്ക്ക് റെഡി ആക്കിത്തന്നു. ബാക്കി പൈസയ്ക്ക് അപ്പുവിന്റെ കടയില്‍ പോയി സോഡ കുടിച്ചു.

അന്ന് രാത്രി ഞാന്‍ ആ ജേഴ്‌സി ഇട്ടാണ് ഉറങ്ങിയത്. അതിന്റെ നീലവര്‍ണം പടര്‍ന്നുപൊങ്ങി മാനത്തെത്തി ചന്ദ്രനെ പൊതിഞ്ഞു നിന്നു. ഇരുകൈകൾക്കും മേലെ പൂമ്പാറ്റയെ പോലുള്ള ചിറകുകളുമായി ഞാൻ മാനത്തേയ്ക്ക് ഉയർന്നുപറന്നു, കയ്യിലൊരു ഫുട്‍ബോളും.

ഇനി പതിനാലു ദിവസങ്ങള്‍. കണ്ണന്റെ നേതൃത്വത്തില്‍ വന്‍ പരിശീലനം ആയിരുന്നു. പൂച്ച ആയിരുന്നു പ്രധാന ആകര്‍ഷണം. പന്ത് ഉയര്‍ത്തി അട്ടത്തേയ്ക്ക് അടിക്കുന്നത് എന്തിനാണെന്ന് ഞാന്‍ ഒടുവില്‍ ചോദിച്ചു. ‘എതിര്‍ ടീമിന് കൺഫ്യൂഷൻ ഉണ്ടാക്കാന്‍‘ എന്ന് അവന്‍ ഓടുന്നതിനിടയില്‍ പറഞ്ഞു.

‘ഇതിപ്പോ നമ്മള്‍ക്കും ബോള്‍ എവിടെയാന്നു കാണാന്‍ പറ്റൂലല്ലോ. അപ്പൊ നമ്മക്കും കൺഫ്യൂഷൻ ആവൂലെ.’ ഞാന്‍ സംശയം ചോദിച്ചു.

‘ നീ പഞ്ചായത്ത് ഗ്രൗണ്ടില്‍ കളിക്കാത്തത്തിന്റെ കൊഴപ്പാ.’ അതും പറഞ്ഞു പൂച്ച എങ്ങോട്ടോ ഓടിപ്പോയി.

arjun raveendran, story, iemalayalam

7.

പതിനഞ്ചാം ദിവസം.

രാവിലെ കുളിച്ച് അമ്പലത്തില്‍ പോയി ആറ് പേരുടെയും പേരില്‍ പുഷ്പാഞ്ജലി കഴിച്ചു. അമ്പലത്തിന്റെ പടി ചവിട്ടാതിരുന്ന എന്നെ കണ്ട മാരാരും വാര്യരും നമ്പൂരിയും ഒക്കെ അന്ധാളിച്ചു നിന്നു. ഒരു കളിയെങ്കിലും ജയിച്ചാല്‍ ഒരു നിറമാല കഴിപ്പിക്കാമേ എന്ന് പ്രാര്‍ത്ഥിച്ചു. പിന്നെ തോന്നി വേണ്ടായിരുന്നു എന്ന്. ഒരുപാട് പണച്ചെലവാണ്. ഇനി പൊളിക്കാന്‍ അമ്പലത്തിന്റെ ഭണ്ഡാരം മാത്രേ ബാക്കിയുള്ളൂ.

രണ്ടു സൈക്കിളുകളില്‍ ഞങ്ങള്‍ അഞ്ചു പേര്‍ പഞ്ചായത്ത് ഗ്രൗണ്ടിലേയ്ക്ക് കുതിച്ചു. എന്റെ നെഞ്ച് പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു. അപ്പഴാണ് ശ്രദ്ധിച്ചത്. അതിനെക്കാളും ഒച്ചയില്‍ വേറെ ആരുടെയോ നെഞ്ചില്‍ ചെണ്ടയടിക്കുന്നു. ഞാന്‍ ചുറ്റും നോക്കി. വിയര്‍ത്ത് കുളിച്ച് നിക്കുന്ന കുഞ്ചുവിനെ കണ്ടു. തലേ ദിവസം വരെ ഒരു ടെന്‍ഷനും ഇല്ലാതിരുന്നവനാണ്.

ഞങ്ങള്‍ ഗ്രൗണ്ടില്‍ എത്തി. മതിലിനു മുകളിലും താഴെയും ആയി വമ്പന്‍ ആള്‍ക്കൂട്ടം. ഇത് കണ്ട കുഞ്ചുവിന് തല ചുറ്റുന്ന പോലെയായി. കുഞ്ചു മിണ്ടാതെ ആള്‍ക്കൂട്ടത്തിനകത്തേയ്ക്ക് കയറിയിരുന്നു.

ഞങ്ങള്‍ ജേഴ്‌സി മാറ്റി വരുമ്പോൾ ആളെ കാണുന്നില്ല.

ദൂരെ മതിലിനു മേലെ തല താഴ്ത്തി ഒളിച്ചിരുന്ന കുഞ്ചുവിനെ ഞാന്‍ ദൂരെ നിന്ന് തന്നെ കണ്ടു. ഓടിപ്പോയി അവന്റെ കാലു വലിച്ച് നിലത്തിടാന്‍ തോന്നി.

‘ഇതിവന്റെ സ്ഥിരം സ്വഭാവാ.’ സബ് കളിക്കാം എന്ന് വിചാരിച്ച് ആശ്വസിച്ചിരുന്ന ഉണ്ണി ബഹളമുണ്ടാക്കി.

ഞാന്‍ ആത്മസംയമനം പാലിച്ച് പതുക്കെ അവന്റെ അടുത്തേയ്ക്ക് പോയി ഒരു മനംമാറ്റത്തിന് ശ്രമിച്ചു.

‘ പേടിക്കണ്ടട. നമ്മളൊക്കെ ഇല്ലേ. തോറ്റാലും ജയിച്ചാലും ഒരുമിച്ച്.’

‘കളിക്കാന്‍ അഞ്ചു പേര് പോരെ. നിങ്ങ കളിച്ചോ. എനിക്ക് ഭയങ്കര ടെന്‍ഷന്‍. ഞാന്‍ കളിക്കളത്തില്‍ അറ്റാക്ക് വന്നു മരിക്കും. പ്ലീസ്.’ കുഞ്ചു കെഞ്ചി.

‘ഗജിനി കാണാന്‍ പൈസ കൂട്ടിവച്ച ഭണ്ഡാരം പൊളിച്ചു പത്തു രൂപ എടുത്ത് ഗ്രൗണ്ട് ഫീസ്‌ കൊടുത്തതല്ലെടാ. കളിക്കെടാ.’ ഞാന്‍ കാലു പിടിച്ചു.

ഒരു രക്ഷയുമില്ല. കളിക്കാന്‍ കുഞ്ചു തയ്യാറല്ല. ഉണ്ണി കുഞ്ചുവിനെ പ്രാകി. അഞ്ചാമത്തെ ആളായി ഉണ്ണി തന്നെ കളിക്കണമെന്ന ധാരണയില്‍ ഞങ്ങളെത്തി.

ആദ്യത്തെ മത്സരം തന്നെ ഞങ്ങള്‍ക്കായിരുന്നു. സ്പോര്‍ടിങ് പാറക്കടവിനെതിരെ.

പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ സഖാവ് വന്നു ഞങ്ങള്‍ക്ക് എല്ലാര്‍ക്കും കൈ തന്നു.

‘നന്നായി കളിക്ക് കേട്ടോ’ അദ്ദേഹം ഞങ്ങളോട് പറഞ്ഞു.

‘നമ്മടെ പിള്ളേരാ. ഉഷാറാ.’ കൂടെ വന്ന ആളോടായി അദ്ദേഹം പറയുന്നുണ്ടായിരുന്നു.

റഫറി വിനുവേട്ടന്‍ ആയിരുന്നു. മാധവേട്ടനെ കൂടാതെ ഞങ്ങളോട് കുറച്ചെങ്കിലും സ്നേഹമുള്ള ഒരാള്‍ ആ പരിസരത്ത് ഉണ്ടെങ്കില്‍ അത് അദ്ദേഹം മാത്രമായിരുന്നു.

‘ടോസിടണം. ക്യാപ്റ്റൻ കടന്നു വരൂ.’ വിനുവേട്ടൻ ക്യാപ്റ്റനെ വിളിച്ചു

ഞാന്‍ മുന്നോട്ട് കടന്നു ചെന്നു. അപ്പൊ അതാ മറ്റൊരാള് കൂടി വരുന്നു. കണ്ണന്‍.

ആദ്യ കൂവല്‍ തന്നെ അതിനായിരുന്നു.

ഞാന്‍ അവന്റെ മുഖത്ത് നോക്കി പല്ല് കടിച്ചു.

കണ്ണന്‍ ചോദിച്ചു. ‘ഞാന്‍ അല്ലേ ക്യാപ്റ്റന്‍?’

വിനുവേട്ടൻ ചൂടായി. ‘ആരെങ്കിലും ഒരാൾ വരൂ.’

ഒടുവില്‍ ഞാന്‍ തന്നെ പോയി ടോസിട്ടു. നമ്മള്‍ക്കായിരുന്നു ടോസ്.

വിനുവേട്ടന്‍ വിസില്‍ ഊതി. ഗോളി അപ്പു രണ്ടു ഗ്ലൗസും ഇട്ട് ഒരുക്കം തുടങ്ങി.

ഞാന്‍ ബോള്‍ തട്ടി. പൂച്ചയ്ക്ക് പാസ്‌ ചെയ്യാന്‍ വിനുവേട്ടൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. പൂച്ചയോട് അത്രമേല്‍ വിശ്വാസം ഉണ്ടായിരുന്നു വിനുവേട്ടന്. എനിക്ക് ഒരൽപ്പം അസൂയ തോന്നി.

ഫോര്‍വേഡ് ആയി ഞാനും പൂച്ചയും. ഡിഫന്‍സില്‍ കണ്ണനും ഉണ്ണിയും. ഇതായിരുന്നു ടീമിന്റെ ക്രമം.

കളി മുറുകി.

സ്പോര്‍ടിങ് പാറക്കടവിന്റെ കളിക്കാര്‍ കൊള്ളിമീന്‍ പായുന്ന പോലെ പാഞ്ഞു കളിച്ചു.

പലപ്പോഴും ഞങ്ങള്‍ക്ക് ബോള്‍ കാണാനേ കഴിഞ്ഞില്ല. കണ്ണന്‍ ഇടയ്ക്കിടെ വന്നു എന്നോട് ചോദിച്ചു.

‘ബോള്‍ എവിടെയാടാ’

പൂച്ച പന്തിനു പിന്നാലെ തലങ്ങും വിലങ്ങും ഓടി എന്നല്ലാതെ കാലുകൊണ്ട് ആ സാധനം തൊടാനായില്ല.

‘ബ്ലൂ സ്റ്റാര്‍ ബ്ലൂ സ്റ്റാര്‍’ എന്ന് ഗ്യാലറി ആര്‍ക്കുന്നുണ്ടായിരുന്നെങ്കിലും ആ ആര്‍പ്പുവിളിയുടെ ആത്മാര്‍ഥതയിൽ എനിക്ക് സംശയമുണ്ടായിരുന്നു. എഴോം രാജ്യത്തിന്റെ രണ്ടാമത്തെ ടീമെന്നുള്ള പരിഗണന എങ്കിലും തന്നുകൂടെ എന്നവരോട് അഭ്യര്‍ഥിക്കണം എന്ന് തോന്നി.

കണ്ണന്‍ അടുത്ത് വന്ന് പറഞ്ഞു. ‘നമുക്ക് നല്ല സപ്പോര്‍ട്ട് ഉണ്ടെടാ.’

അവനു കാര്യം മനസ്സിലായില്ലെന്ന് തോന്നുന്നു.

സ്പോർട്ടിങ് പാറക്കടവിന്റെ കളിക്കാരില്‍ പ്രധാനി ഇര്‍ഷാദ് ആണ്. വെളുപ്പും കറുപ്പും കുപ്പായമിട്ട് ഒരു കടുവയെ പോലെ അവന്‍ കുതിച്ചു പാഞ്ഞു. അവന്റെ വേഗം കാണുമ്പോള്‍ അവന്റെ മുന്നില്‍ നില്‍ക്കാന്‍ ഭയം തോന്നും.

മറ്റൊരാള്‍ ഫയാസ് ആണ്. നല്ല പൊക്കവും വണ്ണവുമുള്ള അവൻ പറന്നു വരുമ്പോ അപ്പുവിന്റെ മുട്ടിടിക്കുന്ന ശബ്ദം എനിക്ക് വ്യക്തമായി കേള്‍ക്കാമായിരുന്നു.

അവരുടെ ഡിഫൻസിനേയും ഗോളിയെയും പറ്റി ഞങ്ങള്‍ക്കൊന്നുമറിയില്ല. കാരണം ബോള്‍ അങ്ങോട്ട്‌ പോവാറേയില്ലായിരുന്നല്ലോ.

ഇര്‍ഷാദിന്റെയും ഫയാസിന്റെയും പിന്നാലെ ഓടിയോടി ഞങ്ങള്‍ അല്പമൊന്നു തളരുമ്പോഴേയ്ക്കും ആദ്യ ഗോള്‍ വീണു.

ഇര്‍ഷാദിന്റെ ഒരു തകര്‍പ്പന്‍ ഷോട്ട് ഗോള്‍ വല തുളച്ചു കയറി കണ്ണന്റെ പറമ്പിലേയ്ക്ക് പാഞ്ഞു ചെന്ന് വീട്ടിലെ ഒരു ഗ്ലാസ് പൊളിച്ചു.

arjun raveendran, story, iemalayalam

ആരാടാ അത്? കണ്ണന്റെ അമ്മയുടെ ശബ്ദം. അമ്മ ബോള്‍ വിട്ടു തന്നില്ല. പറമ്പിലേക്ക് കയറി ബോള്‍ എടുക്കാന്‍ നടത്തിപ്പുകാര്‍ പോലും തയ്യാറില്ല.

പാവം കണ്ണന്‍ ഗോള്‍ വീണ സങ്കടത്തിനിടയിലും വീട്ടിലേക്ക് ചെന്ന് കരഞ്ഞു കാലു പിടിച്ച് ബോളുമായി തിരിച്ചെത്തി.

ഗോളും വഴങ്ങി അമ്മയുടെ ചീത്തയും കേട്ടു.

‘ഗോള്‍ വരുമ്പോ നീ എന്തിനാടാ മാറിയത്?’ ഞാന്‍ അപ്പുവിനോട് ചോദിച്ചു.

അപ്പു ഒരു വീരനായകനന്റെ പരിവേഷത്തോടെ ഗ്ലൗസ് ഊരിമാറ്റി വലിച്ചെറിഞ്ഞു.

‘ഇതിനെ കൊണ്ട് പിടുത്തം നടക്കൂല. ഇനി ഇതില്ലാതെ നോക്കാം.’

ഞാന്‍ തലയില്‍ കൈ വച്ചിരുന്നു.

ആദ്യ പതിനഞ്ചു മിനിറ്റ് കഴിഞ്ഞു.

ഞങ്ങള്‍ ഒത്തു കൂടിയിരുന്നു.

ഞാന്‍ പ്രചോദനപരമായ ഒരു പ്രസംഗം അങ്ങ് നടത്തി.

‘നമ്മള്‍ വിചാരിച്ചാല്‍ ഈ മാച്ച് ജയിക്കാന്‍ പറ്റും. ഒരു ഗോള്‍ അല്ലെ അവന്മാര്‍ക്ക് അടിക്കാന്‍ കഴിഞ്ഞുള്ളൂ.’

‘അത് എല്ലാരും ഡിഫന്‍സില്‍ കളിക്കുന്നോണ്ടാ. ഡിഫന്‍സ് ഞങ്ങള്‍ അല്ലെ. നിങ്ങള്‍ എന്താ കേറിക്കളിക്കാത്തെ?’ കണ്ണന്‍ ചോദിച്ചു.

‘ഞാന്‍ കളിക്കുന്നുണ്ടല്ലോ’ പൂച്ച പറഞ്ഞു.

‘പൂച്ചേ നീ എന്താണീ കാണിക്കുന്നത്. നിന്നെ വിശ്വസിച്ചല്ലേ ഈ ടീം തന്നെ ഉണ്ടാക്കിയെ.‘ ഞാന്‍ പരിഭവം പറഞ്ഞു.

‘എടാ ഞാന്‍ ഫോമില്‍ അല്ലടാ.‘ പൂച്ച സങ്കടപ്പെട്ടു.

‘നീ ഒന്നുല്ലേലും ആ ബോള്‍ ഉയര്‍ത്തി അടിക്കുന്ന പരിപാടി എങ്കിലും കാണിക്ക്. എതിരാളികള്‍ക്ക് കൺഫ്യൂഷൻ ഉണ്ടാകട്ടെ.’ ഞാന്‍ പറഞ്ഞു.

അടുത്ത പകുതി തുടങ്ങി.

വര്‍ദ്ധിത വീര്യത്തോടെ ഞങ്ങള്‍ ആഞ്ഞു കളിച്ചെങ്കിലും അധികം വൈകും മുൻപ് ഞങ്ങളുടെ ഡിഫന്‍സ് ഫോഴ്സായ കണ്ണനുണ്ണികള്‍ക്കും അപ്പുവിന്റെ കൈകള്‍ക്കുമിടയിലൂടെ രണ്ടു ഗോളുകള്‍ കൂടി ഗോള്‍ വല പുല്‍കി.

നാലാമത്തെ ഗോളിലേയ്ക്കുള്ള ബോളുമായി ഫയാസ് പറന്നു വന്നപ്പോള്‍ അപ്പു തിരിഞ്ഞോടി. ബോൾ അപ്പുവിന്റെ പുറത്ത് തട്ടി ഗോള്‍ സേവ് ആയി. ഗ്യാലറിയില്‍ നിന്ന് വന്‍ കരഘോഷം.

അപ്പു പുറം തടവി ചുറ്റും നോക്കി ഒരു ഇളിഭ്യന്‍ ചിരി അങ്ങ് ചിരിച്ചു.

അവസാന ശ്രമം എന്ന നിലയില്‍ പൂച്ച ഉയർത്തിയടിച്ച പന്ത് കൊണ്ട് കണ്ണന്റെ വീട്ടിലെ രണ്ടാമത്തെ ഗ്ലാസ്സും പൊളിഞ്ഞു.

ഫൈനല്‍ വിസില്‍ മുഴങ്ങി. ഞങ്ങള്‍ 3-0 നു തോറ്റു.

‘ബ്ലൂ ബ്ലും ബ്ലൂ ബ്ലും’ എന്ന് ഗ്യാലറിയില്‍ ഇരുന്ന പത്തു വയസ്സ് തികയാത്ത വാല്‍ മാക്രികള്‍ ആര്‍ക്കുന്നുണ്ടായിരുന്നു.

ഞങ്ങളെ ഉറ്റുനോക്കി കോക്കിരി കാണിക്കുന്ന അവർക്ക് നടുവിൽ കരയാതെ പിടിച്ചുനിന്നത് ഭാഗ്യം. വല്ലാത്തൊരു അപമാനഭാരത്തോടെ കളം വിട്ടൊഴിയാന്‍ തുടങ്ങിയപ്പോ മതിലിനു പിറകിലെ വാഴത്തോപ്പില്‍ ഒളിച്ചിരുന്ന കുഞ്ചു അടുത്ത് വന്നു പറഞ്ഞു.

‘കളി അര മണിക്കൂറായത് നന്നായി അല്ലെ. ഇല്ലേല്‍ 3*3 ഒരു ഒമ്പത് ഗോള്‍ എങ്കിലും വീണേനെ അല്ലെ.’

ഞാന്‍ അവനെ നോക്കി പല്ല് കടിച്ചു.

കണ്ണന് ഒരു സംശയം. ‘എടാ. ഇവന്‍ കളിച്ചില്ലെന്നും പറഞ്ഞു ഗ്രൗണ്ട് ഫീസിനു കൊടുത്ത പൈസ തിരിച്ചു ചോദിക്കുമോ? അവന്‍ എന്റെ കാതില്‍ പറഞ്ഞു.

ഒരു വലിയ സ്വപ്നം പൊലിഞ്ഞതിന്റെ നിരാശ എനിക്കും കണ്ണനും ഉണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് എത്രത്തോളം ഉണ്ടായിരുന്നു എന്നറിയില്ല. ഒരുപക്ഷേ, മാനഹാനിയും അപമാനഭാരവും ഉണ്ടായിരുന്നിരിക്കാം.

എങ്കിലും എന്നെ സംബന്ധിച്ച് ഒരു വലിയ മോഹം വളര്‍ച്ചയെത്താതെ വീരമൃത്യു അടഞ്ഞ ഒരു ഫീലിങ് ആയിരുന്നു.

ആർത്തലച്ച് ഞങ്ങളെ പള്ള് പറയുന്ന ഗ്യാലറി നോക്കി ഞാന്‍ നിന്നു. വല്ലാത്തൊരു വേദന തോന്നി.

അപ്പു എന്റെ കൈ പിടിച്ച് അമര്‍ത്തിപ്പറഞ്ഞു. ‘നീ വിട്ടുകള. നമുക്ക് ഇനി നാളെ മുതല്‍ പഴയ പോലെ ക്രിക്കറ്റ്‌ കളിക്കാം.’

അവന്‍ എന്റെ മുഖത്ത് നോക്കി മെല്ലെ പുഞ്ചിരിച്ചു.

എല്ലാവരും വീട്ടിലേക്ക് മടങ്ങിയ ശേഷം ഞാന്‍ പാര്‍ട്ടി ഓഫീസില്‍ പോയി കൊറേ നേരം ഒറ്റയ്ക്കിരുന്നു.

ടൂര്‍ണമെന്റ് തീരും വരെ വായിച്ച പത്രങ്ങള്‍ വീണ്ടും വീണ്ടും വായിച്ച് ഞാന്‍ അവിടിരുന്നു. സമ്മാനദാനത്തിനു ശേഷം മാധവേട്ടൻ അങ്ങോട്ടേയ്ക്ക് വന്നു. നേരം ഇരുട്ടിത്തുടങ്ങിയിട്ടുണ്ടായിരുന്നു. അദ്ദേഹം എന്റെ അടുത്ത് വന്നിരുന്നു. ദേശാഭിമാനി പത്രം നിവര്‍ത്തി വായിക്കുന്നതിനിടയിലായി എന്നോട് പറഞ്ഞു.

‘തോറ്റതില്‍ വെഷമിക്കണ്ട കേട്ടോ. നിങ്ങടെ ധൈര്യം എനിക്കിഷ്ടപ്പെട്ടു. നിങ്ങളെക്കാളും മുതിര്‍ന്നവരോടല്ലേ കളിച്ചു തോറ്റത്. ശ്രമിച്ച് തോറ്റാല്‍ അങ്ങ് പോട്ടെന്നു വയ്ക്കണം. ശ്രമമാണ് മുഖ്യം. എന്നെങ്കിലും ഒരിക്കല്‍ ആ ശ്രമത്തിനു ഫലം കിട്ടാതിരിക്കയില്ല.’

‘സഖാവേ ഞങ്ങള്‍ക്ക് കളിക്കാന്‍ ഒന്നും അറിയില്ല. വെറുതെ ഒരു ഇഷ്ടത്തിന്റെ പുറത്താണ് ഇതൊക്കെ കാട്ടിക്കൂട്ടിയത്. അവസാനം നാണക്കേടായ പോലെ’

ഞാന്‍ മാതൃഭൂമി പത്രത്തിനുള്ളിലേയ്ക്ക് തല താഴ്ത്തി.

‘ഇതൊക്കെ ഒരു തമാശയായി കാണ്. ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്യുക. ദാ ഇവിടിരുന്നു ഞാന്‍ ഈ നേരത്ത് പത്രം വായിക്കുന്നത് വരെ അത്തരത്തിലുള്ള ഒരു ഇഷ്ടത്തിന്റെ പുറത്താണ്. അത്തരം ചെറിയ ചെറിയ ഇഷ്ടങ്ങളല്ലേ നമ്മളെ ഓരോ ദിവസവും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്’

ആ വാക്കുകള്‍ എനിക്ക് തന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. അന്ന് യാത്ര പറഞ്ഞു പിരിഞ്ഞ് സമാധാനമായിക്കിടന്നുറങ്ങി.

മാധവേട്ടന്റെ അവസാനത്തെ പത്രം വായനയായിരുന്നു അന്ന് നടന്നത്. അദ്ദേഹത്തെ നാട് വിപ്ലവാഭിവാദ്യങ്ങളോടെ യാത്രയാക്കി.

എങ്കിലും പാര്‍ട്ടി ഓഫീസില്‍ വച്ച് രാത്രിനേരത്ത് ഞങ്ങളുടെ കണ്ടുമുട്ടലുകള്‍ ഉണ്ടാവാറുണ്ട്.

ഞങ്ങള്‍ ഫുട്ബാള്‍ പൂര്‍ണമായും വിട്ടു എന്ന് തന്നെ പറയാം. കാനായി വയലില്‍ ക്രിക്കറ്റിന്റെ ആധിപത്യം തിരിച്ചെത്തി. അങ്ങനെ വീണ്ടുമേറെ കാലം ക്രിക്കറ്റ്‌ വസന്തം തുടര്‍ന്നു.

ഞങ്ങള്‍ ഒരുമിച്ച് വളര്‍ന്നു. പല വഴിക്കായി പോയെങ്കിലും ഞങ്ങളുടെ സൗഹൃദം തഴച്ചു വളര്‍ന്നു കൊണ്ടിരുന്നു. അതിനു കാനായി വയലിലെ ചളി മണ്ണ് തന്നെ വളമായി.

8.

പതിനാല് കൊല്ലം പുറകിലേക്ക് പോയ ഞാൻ കോവിഡാനന്തരകാലത്തിൽ തിരിച്ചെത്തി.

ഗ്രൗണ്ടില്‍ മത്സരങ്ങള്‍ കനത്തു കൊണ്ടിരുന്നു. ആദ്യ ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചു.

അന്ന് രാത്രി കളി കഴിഞ്ഞ് നേരെ മാടായിപ്പാറയില്‍ പോയി.

ഞങ്ങള്‍ എല്ലാവരും കൂടി പാറപ്പുറത്ത് ഇരുന്ന് ദൂരെ മാനത്തൂടെ ഉരുളുന്ന ചന്ദ്രേട്ടനെ നോക്കി.

‘ആ കാണുന്ന ചന്ദ്രന്‍ ഒരു വെള്ള ഫുട്ബോള്‍ പോലെയില്ലേ. മാനം നമ്മടെ കാനായി വയലും.’

ഞാന്‍ എല്ലാരോടുമായി പറഞ്ഞു.

‘എന്താണ് നിന്റെ ഉദേശം? ‘

അപ്പു ചോദിച്ചു.

‘ഒന്നൂല്ല’ ഞാന്‍ കൈലി മുറുക്കിയുടുത്തു.

‘ഇവന് വീണ്ടും ഫൈവ്സ് കളിക്കാന്‍ ഒരു ആശ. അല്ലേടാ.’ കുഞ്ചു ചോദിച്ചു.

‘മിണ്ടിപ്പോകരുത്.’ അപ്പുവിന്റെ ശാസന.

‘ഇപ്പോഴും ഞാന്‍ നടന്നു പോവുമ്പോ ആ വഴിക്കണ്ടത്തിലെ പിള്ളേര് ബ്ലൂ ബ്ലും ന്നു പറയും. ആ ബോള്‍ വന്നു ഇടിച്ചതിന്റെ പാട് ഇപ്പഴും പുറത്തുണ്ട്.’

അപ്പു പുറം തടവി.

‘ബോള്‍ അറിഞ്ഞോണ്ട്‌ വന്നു ഇടിച്ചതല്ലല്ലോ മിസ്റ്റര്‍ അപ്പൂ. താന്‍ പുറം തിരിഞ്ഞു ഓടിയപ്പോ വന്നു കൊണ്ടതല്ലേ.’ എനിക്ക് അരിശം വന്നു.

‘അതുകൊണ്ടെന്താ. ഞാന്‍ അന്ന് അങ്ങനെ ഓടിയില്ലായിരുന്നെങ്കില്‍ ഒരു 4 – 0 ന് നമ്മള്‍ തോറ്റേനെ.’

പാറയില്‍ നല്ല തണുത്ത കാറ്റ് വീശിത്തുടങ്ങി. കള്ള് കുടിയൻമാരെ റാഞ്ചാന്‍ ഹെഡ്ലൈറ്റ് ഓഫ് ചെയ്ത് കറങ്ങുന്ന പൊലീസ് വണ്ടി ഞങ്ങള്‍ ദൂരെ കണ്ടു.

അപ്പഴേയ്ക്കും ‘എന്തിനാണ് വെറുതെ ഒരു സംശയത്തിന് ഇടവരുത്തുന്നത്’ എന്നും പറഞ്ഞ് ഉണ്ണി ബൈക്കുമെടുത്ത് എരിപുരം കുന്നിറങ്ങാൻ തുടങ്ങിയിട്ടുണ്ടായിരുന്നു.

പിറ്റേ ദിവസം വൈകുന്നേരം വീണ്ടും ഞങ്ങള്‍ ഗ്രൗണ്ടിലെത്തി.

ഞങ്ങളെ പണ്ട് കളിയാക്കിയ വാല്‍മാക്രികള്‍ ആരെങ്കിലും ഉണ്ടോ എന്ന് ഞാന്‍ ചുറ്റും നോക്കി. മതിലിനു മുകളില്‍ എല്ലാം ഇരിപ്പുണ്ട്. മിക്കതിനും മീശ പൊടിഞ്ഞിരിക്കുന്നു. വാല്‍ മാക്രികളില്‍ നിന്നവര്‍ തവളകളായി പരിണമിച്ചു കഴിഞ്ഞു.

അവസാന ദിവസമാണ്. ഞങ്ങളുടെ നാട്ടിലെ റെഡ് സ്റ്റാറും സ്പോര്‍ടിങ് പാറക്കടവും സെമിയില്‍ എത്തിയിരുന്നു.

തീ പാറുന്ന പോരാട്ടങ്ങളാണ്. റെഡ് സ്റ്റാര്‍ എഴോം, ബ്രദേഴ്സ് കുഞ്ഞിമംഗലത്തെ 2 – 0 നു തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയിരിക്കുന്നു.

അതെ സമയം സ്പോര്‍ടിങ് പാറക്കടവ് ഫ്രണ്ട്സ് ചെറുതാഴത്തെ 1 – 0 നു തോല്‍പ്പിച്ചു കൊണ്ട് ഫൈനലില്‍ കടന്നു.

ഇനിയാണ് ശരിക്കുള്ള പോരാട്ടം.

അവസാന മത്സരത്തിനു വിസില്‍ മുഴങ്ങി.

ഞങ്ങളുടെ രോമാഞ്ചമായ നവിയേട്ടനും സംഘവും ബൂട്ട് കെട്ടി മഞ്ഞ ജേഴ്‌സിയണിഞ്ഞു കളത്തിലേക്ക് ഇറങ്ങി.

‘ഇവര്‍ എന്തിനാ മഞ്ഞ ജേഴ്‌സി ഇടുന്നെ. ഒരു നീലയോ വെള്ളയോ അല്ലേല്‍ നീലയില്‍ വെള്ള വരയുള്ള ജേഴ്‌സിയോ ഇട്ടൂടെ?.’ ഞാന്‍ അപ്പുവിനോട് പറഞ്ഞു.

ഏറെ വൈകാതെ തന്നെ ഞങ്ങളേവരെയും ആവേശത്തിമിര്‍പ്പിലാക്കിക്കൊണ്ട് നവിയേട്ടന്റെ ഒരു കിടിലന്‍ ഹെഡ്ഡര്‍ പാറക്കടവിന്റെ ഗോള്‍ വല തുളച്ചു കയറി.

arjun raveendran, story, iemalayalam

1 – 0

അങ്ങനെ ആദ്യ പകുതി ശുഭമായി അവസാനിച്ചു.

രണ്ടാം പകുതി തുടങ്ങിയതും ഇര്‍ഷാദിന്റെ ഒരു മിന്നല്‍ മുന്നേറ്റത്തിന്റെ ഒടുവിൽ ഒരു അക്രോബാറ്റിക്ക് ഷോട്ട്. 1-1. ഞാൻ വായ്ക്ക് കൈ കൊടുത്ത് പൂച്ചയെ നോക്കി. ഇതൊന്നും വലിയ കാര്യമല്ല എന്ന അർത്ഥത്തിൽ അവൻ തലയാട്ടി.

രണ്ടു ടീമും വിട്ടു കൊടുക്കാതെ കളിക്കുകയാണ്.

ഞാന്‍ പൂച്ചയോട് ചോദിച്ചു.

‘പൂച്ചേ. നീ ഇപ്പൊ ഫുട്ബോള്‍ ഒക്കെ കളിക്കാറുണ്ടോടാ. ‘

‘പിന്നില്ലാണ്ട്, ഞാന്‍ ബ്രദേഴ്സ് കുവൈറ്റ്‌ സിറ്റിക്ക് വേണ്ടി കളിക്കാറുണ്ട്.’

പൂച്ച മൊബൈലില്‍ കൊറേ ഫോട്ടോസ് കാണിച്ചു.

‘ബ്രദേഴ്സ് കുവൈറ്റ്‌ സിറ്റിയോ. അങ്ങനൊക്കെ ടീം ഉണ്ടോ. ഗള്‍ഫില്‍ പോയിട്ടും ഈ ബഡായിക്ക് ഒരു കൊറവും ഇല്ല.’ കുഞ്ചു പറഞ്ഞു.

‘മലയാളികളുടെ ടീം ആടാ. നിനക്ക് എന്തറിയാം. നീ ഗള്‍ഫ്‌ കണ്ടിട്ടുണ്ടോ.’ പൂച്ച ചൊടിച്ചു.

പൂച്ചയുടേയും കുഞ്ചുവിന്റെയും വാഗ്വാദം മുറുകുന്നതിനിടെ ഇര്‍ഷാദിന്റെ രണ്ടാമത്തെ ഗോള്‍ ഗ്യാലറിയെ പ്രകമ്പനം കൊള്ളിച്ചു. പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്നും ഒരു തകര്‍പ്പന്‍ ഹാഫ് വോളി. ഗോള്‍ വീണ ശേഷം ഒരു ഗോളിനായി നവിയേട്ടൻ പരമാവധി ശ്രമിച്ചെങ്കിലും ഡിഫൻഡർ അരുൺ ഒരു മതില് പോലെ നിന്നു. ഫൈനല്‍ വിസില്‍ മുഴങ്ങി. തലതാഴ്ത്തിക്കൊണ്ട് ഞങ്ങളുടെ ടീം കളം വിട്ടൊഴിഞ്ഞു.

ടൂര്‍ണമെന്റ് സ്പോർട്ടിങ് പാറക്കടവ് ജയിച്ചു. കളി അവര്‍ ജയിച്ചെങ്കിലും ഗ്യാലറിയില്‍ നിന്നും ഉയര്‍ന്നു വന്നത് കൂവലുകളായിരുന്നു.

ആവേശത്തിമിര്‍പ്പില്‍ ഇര്‍ഷാദ് ഉറക്കെ വിളിച്ചു ചോദിച്ചു.

‘ഇനി ഈ നാട്ടില്‍ ഏതെങ്കിലും ആണ്‍പിള്ളേര്‍ ഇണ്ടോടാ. ’

‘ഞങ്ങള്‍ ഇണ്ടെടാ ’

ആരോ ഉറക്കെ വിളിച്ചു പറഞ്ഞു. ഗ്യാലറി നിശബ്ദമായി.

ഞങ്ങള്‍ ആ ശബ്ദത്തിന്റെ ഉടമയെ ചുറ്റും തിരഞ്ഞു.

‘എഴുന്നേറ്റ് നിന്ന് കൊണ്ട് പൂച്ച വീണ്ടും ഉറക്കെ പറഞ്ഞു.

‘ഞങ്ങള്‍ ഇണ്ടെടാ.’

ഞങ്ങള്‍ ഞെട്ടിത്തരിച്ചു നിന്നു. കുഞ്ചു പിറകിലേയ്ക്ക് ഇഴഞ്ഞു മുങ്ങാന്‍ ശ്രമിച്ചു. ഞാന്‍ കുഞ്ചുവിന്റെ കോളറിന് പിടിച്ചു വലിച്ചു. അപ്പുവിന്റെ കൈകാലുകള്‍ വിറയ്ക്കാന്‍ തുടങ്ങി.

ഉണ്ണിയും ഞാനും അന്തം വിട്ടു പൂച്ചയെ നോക്കിനിന്നു.

‘എന്താടാ നോക്കി നിക്കുന്നത്. ഗ്രൗണ്ടിലേയ്ക്ക് ഇറങ്ങ്. വാ കളിക്കാം.’

പൂച്ച കല്‍പ്പിച്ചു.

‘പൂച്ചേ, നീ എന്തൊക്കെയാ ഈ പറയുന്നത്.’

ഞാന്‍ അന്ധാളിച്ചു നിന്നു.

‘ഓൻ പറയുന്നത് കേക്കല്ലേ, ഓന് പ്രാന്താണ് .’ കുഞ്ഞു പൂച്ചയുടെ ഈ ഭാവമാറ്റത്തെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ പരതി.

പൂച്ചയുടെ തീരുമാനം ഗ്യാലറി കയ്യടിച്ചു പാസ്സാക്കി.

“നീ ആരോട് ചോദിച്ചിട്ടാടാ അങ്ങനെ പറഞ്ഞത്’ ഞാൻ പൂച്ചയെ പിടിച്ചുകുലുക്കി. ബോധം വന്ന പൂച്ച ചുറ്റുമുള്ള എല്ലാവരേയും നോക്കി.

അപ്പഴേയ്ക്കും ജനക്കൂട്ടം ആർപ്പുവിളിക്കാൻ തുടങ്ങിയിരുന്നു. വിനുവേട്ടൻ ഞങ്ങളെ ഗ്രൗണ്ടിലേയ്ക്ക് തള്ളിവിട്ടു. “പോയി കളിച്ചിട്ട് വാടാ, നിങ്ങൾ തോറ്റാലും ആരും ഒന്നും പറയൂല”

ഒരു നിമിഷത്തേയ്ക്ക് എനിക്കൊന്നും കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ആരവങ്ങൾ നിലച്ച ഗ്യാലറിക്ക് മുന്നിൽ ഒരു സ്വപ്നത്തിലെന്നോണം പോലെ ഞാൻ നിന്നു. ഞങ്ങളോരോരുത്തരുടേയും പുറകിൽ വെള്ളയും നീലയും വരകളിൽ പത്താം നമ്പർ ജേഴ്‌സി കണ്ടു. പത്ത് പതിനാല് കൊല്ലം മുൻപ് അപമാനിതരായി ഗ്രൗണ്ട് വിട്ട ആ നിമിഷത്തെ ഓർത്തു. ഒരു പതിനഞ്ച് മിനിറ്റ് കൂടി കളി ഉണ്ടായിരുന്നെങ്കിൽ എന്ന് അന്നെന്നിലെ ഫീനിക്സ് പക്ഷി പറഞ്ഞുകൊണ്ടിരിപ്പുണ്ടായിരുന്നു. ആ നിമിഷത്തിന്റെ തുടർച്ചയാണിതെന്ന് എനിക്ക് മനസിലായി. പതിനാല് കൊല്ലത്തെ ദീർഘമായ ഇടവേളയ്ക്ക് ശേഷം അതേ പൊസിഷനിൽ കാലം ഞങ്ങളെ വീണ്ടും പ്ലേസ് ചെയ്തിരിക്കുകയാണ്. അന്ന് ഞാൻ ആഗ്രഹിച്ച ആ അധികസമയം കാലങ്ങൾക്കിപ്പുറം ഞങ്ങളെ കാത്തിരുന്ന പോലെ. അപമാന ഭാരം താങ്ങാനാവാതെ ഒരു മൂലയിൽ തളർന്നിരിപ്പുണ്ടായിരുന്ന പൂച്ച വിജേഷിനെ ഞാനന്നും പ്രതീക്ഷയോടെ നോക്കിയിരുന്നു. അവന്റെ മുഖത്ത് വീണ്ടും ഒരു തീ ആളിക്കത്തുന്നത് പോലെ എനിക്ക് തോന്നി. ഉണ്ണിയും കുഞ്ചുവും അപ്പുവും എല്ലാവരും കച്ച മുറുക്കി നിൽക്കുന്ന പോലെ എനിക്ക് തോന്നി. ചുറ്റും ആർത്തിരമ്പുന്ന സ്റ്റേഡിയം നോക്കി ഞാൻ അറിയാതെ പറഞ്ഞു പോയി.

“സപ്പോർട്ട്! സപ്പോർട്ടാണെല്ലാം”

“ഇത് നമ്മടെ ഹോം ഗ്രൗണ്ടല്ലേ. വാടാ” പൂച്ച ഗ്രൗണ്ടിലേക്ക് ഞങ്ങളെ നയിച്ചുകൊണ്ടുപോയി.

വിനുവേട്ടന്റെ വിസിൽ മുഴങ്ങി.

ഇതുപോലൊരു മറുപടി സ്പോർട്ടിങ് പാറക്കടവ് പ്രതീക്ഷിച്ചിരുന്നില്ല. ഫയാസടക്കമുള്ളവർ ദേഷ്യത്തോടെ ഇർഷാദിനെ നോക്കുന്നുണ്ടായിരുന്നു. അവർ ക്ഷീണിതരാണെന്ന് തുടക്കത്തിൽ ഞങ്ങൾക്ക് തോന്നിയെങ്കിലും എന്നത്തേയും പോലെ നന്നായി തന്നെ അവർ കളിച്ചു. പൂച്ച ഒന്ന് രണ്ട് മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതി കഴിയുന്നതിന് മുൻപ് തന്നെ രണ്ട് ഗോളുകൾ ഞങ്ങളുടെ വലയിൽ വീണു.

ഞങ്ങളെല്ലാവരും പൂച്ചയെ ദയനീയമായി നോക്കി. ഇന്നും കൂടി തോറ്റാൽ നാടുവിടേണ്ടി വരുമെന്ന സങ്കടം ഞങ്ങൾ പങ്കുവച്ചു.

“നീ ബാംഗ്ലൂരിലും ഓൻ കുവൈറ്റിലും പോകും. നമ്മൾ എങ്ങോട്ട് പോകും?” ഉണ്ണിയും കുഞ്ചുവും എന്നെ നോക്കി പറഞ്ഞ പോലെ എനിക്ക് തോന്നി.

കുഞ്ചുവും ഉണ്ണിയും ഡിഫൻസിൽ ആഞ്ഞ് ശ്രമിച്ചെങ്കിലും പാറക്കടവിന്റെ ഫോർവേഡുകളുടെ അടുത്ത് ഓടിയെത്താൻ പറ്റിയില്ല. രണ്ടാം പകുതി കഴിഞ്ഞ ഉടനെ പാഞ്ഞ് വന്ന ഒരു പന്ത് നമ്മുടെ ഗോളി അപ്പു തട്ടിത്തെറിപ്പിച്ചപ്പോൾ ഗ്യാലറിയിൽ നിന്ന് വൻ കരഘോഷം തന്നെയുയർന്നു.

ഞാൻ പരമാവധി നേരം പൂച്ചയ്ക്ക് ബോൾ എത്തിച്ചുകൊടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

“മോനെ, വിജേഷേ നിന്നെക്കൊണ്ടാവും” നവിയേട്ടൻ കൂവി വിളിച്ച് പൂച്ചയ്ക്ക് ആവേശം നൽകി.

സെന്റർ ലൈനിന്റെ അടുത്ത് വച്ച് കാലുകളിൽ ബോള് കുരുക്കി രണ്ട് ഡിഫൻഡർമാരെയും കടന്ന് പെനാൽറ്റി ഏരിയ വരെ പൂച്ച ഓടിയെത്തിയത് ഞാൻ പോലും കണ്ടിരുന്നില്ല.

“മറഡോണാ” ഗ്യാലറിയിൽ നിന്ന് ആരോ ഒച്ചയിട്ടപ്പോഴേയ്ക്കും ഗോൾ വലയിൽ വീണിരുന്നു. ഫൈനൽ വിസിൽ മുഴങ്ങി.

ഗ്യാലറി ഇരമ്പിയാർത്തു. നവിയേട്ടൻ ഓടിവന്ന് പൂച്ചയെ എടുത്തുപൊക്കി. ഞങ്ങളേവരും അവനെ പൊതിഞ്ഞുനിന്നു. അപ്പു കരഞ്ഞോന്ന് ഒരു സംശയം. അവൻ മാത്രമല്ല ഞങ്ങൾക്കെല്ലാവർക്കും കണ്ണിൽ കനത്ത് നിൽപ്പുണ്ടായിരുന്നു.

“നിന്നെ ഞങ്ങൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു പൂച്ചേ” കുഞ്ചു അവന്റെ കൈകളിൽ മുറുക്കിപ്പിടിച്ചു. പൂച്ച ആദ്യം ഞങ്ങളെ നോക്കിയും പിന്നെ ഗ്യാലറി നോക്കിയും നെയ്മർ സ്റ്റൈലിൽ ഓരോ മുത്തം കൊടുത്തു.

കളി തീരാൻ ഏതാനും നിമിഷങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. 2-1 എങ്കിൽ 2-1 എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി പന്ത് കാലിൽ കിട്ടിയത്. പൂച്ചയുടെ കിറുകൃത്യം പാസ് ഞാൻ കാലുകളിൽ വാങ്ങിയെങ്കിലും എന്ത് ചെയ്യണമെന്ന് ആലോചിച്ച് പകച്ചു നിന്നു.

“ഷൂട്ട് ചെയ്യെടാ” പൂച്ചയുടെ അലർച്ച കേട്ടു. ഉള്ള ശക്തിയെല്ലാമെടുത്ത് ആദ്യമായി ഞാൻ ഒരു പന്ത് നിലം തൊടാതെ അടിച്ചു.

പെനാൽറ്റി ആർക്കിനടുത്ത് വച്ച് ഞാൻ ഗോൾ പോസ്റ്റിന് പുറത്തേയ്ക്ക് അടിച്ച ആ പന്ത് ഒരാവശ്യവുമില്ലാതെ തല കൊണ്ട് തടയാൻ ശ്രമിച്ച് സ്‌പോട്ടിങ് പാറക്കടവ് ഡിഫൻഡർ അരുൺ സെൽഫ് ഗോൾ ഇട്ടപ്പോൾ ഫൈനൽ വിസിൽ മുഴങ്ങി. നാട്ടുകാർ ബാരിക്കേഡ് പൊട്ടിച്ച് ഗ്രൗണ്ടിലേക്ക് ഒഴുകി, ഗ്രൗണ്ട് ഗ്യാലറിയായി.

പാറക്കടവുകാരുടെ ഗോൾ പോസ്റ്റിന്റെ മൂലയ്ക്ക് വച്ചിട്ടുണ്ടായിരുന്ന ട്രോഫിയുമെടുത്ത് നാട്ടുകാരുടെ ഇടയിലൂടെ പൂച്ച പുറത്തേയ്ക്ക് ഓടിയപ്പോൾ ഞങ്ങളും പിന്നാലെ ഓടി. ഓട്ടം നിന്നത് പഞ്ചായത്ത് ബസ് സ്റ്റോപ്പിന്റെ അകത്താണ്. ഞങ്ങൾ അഞ്ചുപേരും തളർന്നുറങ്ങിപ്പോയി.

“കണ്ണനെ വിളിയെടാ” അപ്പുവിന്റെ ഒച്ച കേട്ടാണ് ഞാൻ എഴുന്നേറ്റത്. മൊബൈൽ സ്‌ക്രീനിൽ ആനന്ദക്കണ്ണീരൊഴുക്കുന്ന കണ്ണന് “ബ്ലൂസ്റ്റാർ ഈസ് ബാക്ക്” എന്നും പറഞ്ഞ് ഞാനൊരു ഫ്ലയിങ് കിസ് കൊടുത്തു.

ട്രോഫി തോളത്തൊതുക്കി വിജയേട്ടന്റെ കടയിൽ നിന്ന് രണ്ട് കട്ടനും വാങ്ങി പാർട്ടി ഓഫീസിലേക്ക് നടന്നു. ആ നടത്തത്തിൽ രണ്ട് കൈകൾക്കും മേലെ ചിറകുകളുള്ളത് പോലെ എനിക്ക് തോന്നി.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Arjun raveendran short story fives