കോഴികൾ
പൊരുന്തിയിരിക്കുന്ന
നിറം കെട്ട
ഇറയത്തിൽ
മുറ്റത്തു തഴച്ച
ലില്ലിത്തണ്ടുകളിലെ
കരിം പച്ചയെടുത്ത്
നേർപ്പിച്ചൊഴിച്ചു.
കുഴഞ്ഞു വീഴുന്ന
പഴച്ചക്കയുടെ
മണം നിറഞ്ഞ
എതയിൽ
മണിയീച്ചകളുടെ
ഇരമ്പം
കുനുകുനാ ചേർത്ത്
മഞ്ഞയൊഴിച്ചു.
ദൂരേന്ന് നോക്കിയാൽ
വീടൊരു കച്ചിക്കൂന.
ഉമ്മറത്തുണ്ട് ചിറകിട്ടടിക്കുന്ന
കറുത്ത ഓണത്തുമ്പി;
അരയ്ക്ക് കയ്യും കുത്തി
ബ്രാണ്ടി മണക്കുന്ന
വല്യപ്പച്ചൻ.
ശോഷിച്ചു വിറയ്ക്കും
കാലുകളിൽ
കറുപ്പും മഞ്ഞയും
കൂട്ടിയിണക്കി
വല്യപ്പച്ചനെ പറത്തി.
കെട്ടിപ്പൊക്കാത്ത
കിണറിനരികിൽ
ഇളകിക്കിടക്കുന്ന
കല്ലിലൊന്നായി
കുന്തുകാലിലിരുന്ന്
മൺകലം മോറുന്ന
സങ്കടച്ചുണ്ടുകളെയും
ചുരുണ്ടുകൂടിയ
തേരട്ടകളെയും ചോപ്പിച്ചു.
മേലേ കുരിശു വരച്ചിട്ട
വിണ്ട കട്ടിളപ്പടി ചവിട്ടിയാൽ
അകത്തേക്കിരുട്ട്…
പായയിൽ
നരച്ചുകിടക്കുന്ന
വെളിച്ചത്തെ
വരക്കാനാവാതെ
എന്റെ
വെളള നിറം കരഞ്ഞു.