മഷി തേച്ച വെറ്റിലയിലേക്കെന്നപോലെ ഞാന്‍ യൂ ട്യൂബിലേക്ക് നോക്കിയിരുന്നു. വെറ്റിലയില്‍ ഒരു കാട് തെളിഞ്ഞു; കാട്ടില്‍ ഒരു ആനത്താരയും. ആനത്താരയിലൂടെ പത്തൊമ്പതു വയസ്സു വരുന്ന ഒരു ആദിവാസിപ്പയ്യന്‍ തോളിലൊരു ബക്കറ്റും ചുമന്ന് നടന്നുവരുന്നു. ബക്കറ്റില്‍ നിറയെ പൊട്ടിച്ചിട്ട തേനടകള്‍. അവയില്‍നിന്ന് രണ്ടുമൂന്നു തേനീച്ചകള്‍ പുറത്തുവന്ന് വട്ടമിട്ടു പറന്നിട്ട് ഒരു തേങ്ങിക്കരച്ചിലോടെ അകന്നുപോയി. തൊട്ടടുത്തുനിന്ന് ചൂരടിച്ചപ്പോള്‍ പയ്യന്‍ നിന്നു. ഒന്നു തിരിയാന്‍ നോക്കിയതാണ്. അപ്പൊഴേക്കും മുഖമടിച്ച് വീണുകഴിഞ്ഞിരുന്നു. എഴുന്നേറ്റോടിയ അവനെ തുമ്പിക്കൈയില്‍ ചുറ്റിയെടുത്ത് മരത്തിലൊരടിയടിച്ച് നിലത്തോട്ട് കിടത്തി. അവന്റെ നെഞ്ചില്‍ കാട്ടുകൊമ്പന്റെ മൂര്‍ച്ച കുത്തിയിറങ്ങുന്നതാണ് പിന്നെ കാണുന്നത്. തലയിലും തറയില്‍ ചിതറിയ തേനടകളിലും ചവിട്ടി ഒറ്റയാന്‍ ഇല്ലിക്കാട്ടിലേക്കു കേറുമ്പോള്‍ ഫോണിന്റെ സ്‌ക്രീനില്‍ ചോരയും തേനും ഒഴുകുന്നു. വായില്‍ വിരലിട്ട് ഞാന്‍ വിസിലടിച്ചു.

അടുത്ത വെറ്റിലയില്‍ മഷി തേച്ചു തുടങ്ങിയപ്പോഴാണ് പുകിലന്റെ ഫോണ്‍: ”മച്ചാനേ നമ്മക്കൊരു പോക്കങ്ങ് പോയാലോ?”

” എങ്ങോട്ട്? ”

” എങ്ങോട്ടെങ്കിലും.”

അത് എനിക്കങ്ങ് സുഖിച്ചു. ചാടിയെഴുന്നേറ്റ് തലയിലൂടെ രണ്ടു ബക്കറ്റ് വെള്ളം കമഴ്ത്തി, നീല ജീന്‍സും കാന്താരി പഴുത്ത പോലെ തുടുത്തു നില്‍ക്കുന്ന ടീഷര്‍ട്ടും എടുത്തിട്ട് മുറി പൂട്ടിയിറങ്ങാന്‍ ഒരുത്തന്റെ പള്ളയില്‍ കത്തി കേറ്റാനെടുക്കുന്ന നേരം പോലും വേണ്ടിവന്നില്ല.

ബസ്‌സ്‌റ്റോപ്പില്‍ വരുമെന്നാണ് പുകിലന്‍ പറഞ്ഞത്. കലുങ്കു കയറിയിറങ്ങി, ‘കൃഷ്ണന്‍കുട്ടി കൊച്ചാട്ടോ രണ്ടു പായ്ക്കറ്റ് വില്‍സ്’ എന്ന് പറഞ്ഞുതീര്‍ന്നതും പുകിലന്റെ ജാവാ സ്‌കൂട്ടര്‍ മുന്നില്‍ വന്നുനിന്നു.

ദൈവത്തെ വിചാരിച്ചോണ്ട് വണ്ടിയുടെ പുറകില്‍ കയറിയപ്പോഴേക്കും ‘രണ്ടാളുംകൂടി എങ്ങോട്ടാ’ന്ന് കൃഷ്ണന്‍കുട്ടി കൊച്ചാട്ടന് അറിഞ്ഞേ പറ്റൂ. അതിനുള്ള ഉത്തരം ഞങ്ങടെ കൈയില്‍ ഇല്ലെന്ന് പറയാന്‍ ഞാന്‍ നാക്കെടുത്തതാ. അതിനുമുമ്പ് പുകിലന്‍ പറഞ്ഞുകളഞ്ഞു:

”തവള പിടിക്കാന്‍ പോവാ കൊച്ചാട്ടാ.”

തവളയോ! എന്ന് ആശ്ചര്യപ്പെടാനുള്ള നേരം പോലും തരാതെ പുകിലന്‍ വണ്ടിയെടുത്തു. ഞാന്‍ പിന്നോട്ടാഞ്ഞുപോയി. കൊച്ചാട്ടന്റെ മാടക്കടയില്‍നിന്ന് ഒന്നിനു പുറകെ ഒന്നായി ചോദ്യങ്ങളുടെ തവളകള്‍ ചാടിച്ചാടി വരുന്നത് ഞാന്‍ കേട്ടു. അപ്പോഴേക്കും ഞങ്ങള്‍ അടുത്ത കവലയിലെത്തി.

vishunram, animal planet, vishnu ram,

റബ്ബര്‍തോട്ടങ്ങള്‍ക്കിടയിലൂടെ വഴി പാഞ്ഞു. മുക്കൂര്‍, നെടുങ്ങാടപ്പള്ളി, കൊച്ചുപറമ്പ് വഴി കറുകച്ചാലെത്തിയപ്പോള്‍ വണ്ടിയൊന്നു നിന്നു. റോഡ് നാലായി പിരിയുകയാണ്. ഇടത്തോട്ടു പോയാല്‍ ചങ്ങനാശ്ശേരി, നേരെ പോയാല്‍ പാമ്പാടി. ഗിയര്‍ മാറി വലത്തോട്ടു കുതിച്ചു.

”മണിമലയ്ക്കാണോടാ?”-ആകാംക്ഷയോടെ ഞാന്‍ തിരക്കി.

”ആര്‍ക്കറിയാം”-തോളുവെട്ടിച്ച് പുകിലന്‍ സ്‌കൂട്ടറിനെ തേഡിലിട്ടു.

അരമണിക്കൂറെടുത്തില്ല, വണ്ടി മണിമലയെത്തി. പക്ഷേ, അവിടെങ്ങും നില്‍ക്കുന്ന ലക്ഷണമില്ല. പൊന്തന്‍പുഴയ്ക്കുള്ള വഴിയേ തിരിഞ്ഞ് ഇറക്കമിറങ്ങി പാഞ്ഞ സ്‌കൂട്ടര്‍, ബിവറേജസിന്റെ മുന്നിലെ ആള്‍ക്കൂട്ടത്തിന്റെ വാല്‍ കണ്ടതും സൈഡിലൊതുങ്ങി.
പുകിലന്‍ ക്യൂവില്‍ കയറി. ഞാനൊരു സിഗററ്റ് കത്തിച്ചു. മുക്കാല്‍ മണിക്കൂറെങ്കിലും കഴിയും സാധനം കിട്ടാന്‍. പക്ഷേ, അഞ്ചാമത്തെ പുക ഞാന്‍ അന്തരീക്ഷത്തിലേക്ക് വിട്ടിട്ട് തിരിഞ്ഞതും ഒരു പൂവന്‍താറാവിനെ കഴുത്തില്‍ തൂക്കിപ്പിടിച്ച് എടുത്തോണ്ടു വരുന്നതുപോലെ കൈയിലൊരു സെലിബ്രേഷന്‍ ഫുള്ളുമായി പുകിലനുണ്ട് ദേ മുന്നില്‍!
മണര്‍കാട് പള്ളിയില്‍ മാതാവിന്റെ തിരുരൂപം ദര്‍ശിക്കാന്‍ കാത്തുനില്‍ക്കുന്ന വിശ്വാസിയെ പോലെ ക്യൂവിന്റെ അറ്റത്ത് പുകിലനെ ഞാനിപ്പോള്‍ കണ്ടതേയുള്ളല്ലോ!
പൊന്തന്‍പുഴക്കാട് കേറുമെന്ന് ഞാന്‍ കരുതിയ വണ്ടി, ഇടം തിരിഞ്ഞ് എരുമേലിക്ക് കുതിച്ചു. എന്റെയുള്ളിലൊരു ശരണംവിളി പൊങ്ങി. കാര്യം പിടികിട്ടിയ ഞാന്‍ ചോദിച്ചു:” മലയ്ക്കു പോവാണോ? ”

”മിണ്ടാതിരിക്കെടാ പട്ടീടെ മോനെ.”

പാറ പൊട്ടിത്തെറിക്കുന്നതുപോലത്തെ പുകിലന്റെ ഒച്ച കേട്ട് ഞാന്‍ നടുങ്ങി.

”മച്ചാനേ…!” എന്റെ ശബ്ദം വിറച്ചു.

പുകിലനൊന്നു തിരിഞ്ഞുനോക്കി. രാവിലെ യൂട്യൂബില്‍ ആദിവാസിപ്പയ്യനെ കൊമ്പില്‍ കോര്‍ത്ത ഒറ്റയാന്റെ ചിന്നംവിളി ഞാന്‍ വീണ്ടും കേട്ടു.

ഞാന്‍ വായ പൂട്ടിയിരുന്നു. അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നു. എന്തുപറ്റി എന്റെ പുകിലന്? ഇത്ര കലി വരാന്‍മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ. എന്തെങ്കിലും വേണ്ടാതീനം ഞാന്‍ കാണിച്ചോ? ഇല്ല. ഒന്നും ഓര്‍മ്മ വരുന്നില്ല. പത്തുപതിനെട്ടു വര്‍ഷമായി ഞങ്ങള്‍ ഒന്നിച്ചാണ്. എന്തിനും ഏതിനും എനിക്ക് പുകിലനും പുകിലന് ഞാനും വേണം. ഈ നിമിഷം വരെ ഞങ്ങള്‍ക്കിടയില്‍ ഒരു കെറുവും ഉണ്ടായിട്ടില്ല. മൂന്നുനാള്‍ മുമ്പ് കുന്നുകോട്ടയ്ക്കലെ മോളിക്കുട്ടിയുടെ മുറിയിലേക്ക് പാതിരാത്രിയില്‍ ഞാന്‍ നുഴഞ്ഞുകയറിയപ്പോള്‍ പോലും പുറത്ത് കാവല്‍ നിന്നത് പുകിലനാണ്. അവനാണിപ്പോള്‍…

വണ്ടി കുത്തനെ കയറുകയാണ്. കയറ്റത്തിന്റെ പാതി പിന്നിട്ടപ്പോള്‍ സ്‌കൂട്ടര്‍ മൂന്നുവട്ടം തുമ്മി. ഉള്ളിലുള്ളത് പുറത്തുകളയാന്‍ ഞാനുമൊന്ന് തുമ്മി. അതു കഴിഞ്ഞതും മെല്ലെ ഞാന്‍ വിളിച്ചു:” പുകിലാ.”

”മിണ്ടരുതെന്ന് നിന്നോടല്ലേടാ പറഞ്ഞത്. ഇനി നിന്റെയീ ചീഞ്ഞ ഒച്ച പൊന്തിയാ പെടലി ഞാന്‍ കണ്ടിച്ച് താഴെയിടും. ”

ഞാന്‍ തകര്‍ന്നു. ജീന്‍സിനുള്ളിലൂടെ അട്ടകള്‍ ചോര മണത്തുമണത്ത് ഇഴഞ്ഞു. മുള്ളുള്ള വരിക്കച്ചക്കകള്‍ ഉച്ചിയില്‍ വീണ് പിളര്‍ന്നു. അറിയാതെങ്ങാനും നാക്കെന്നെ ചതിച്ചാലോന്ന് പേടിച്ച് ചുണ്ടുകള്‍ താഴിട്ടുപൂട്ടി, താക്കോല്‍ കീശയിലൊളിപ്പിച്ച് അടുത്തടുത്തുവരുന്ന കാടിന്റെ കറുപ്പിലേക്ക് തുറിച്ചുനോക്കി ഞാനിരുന്നു.
കാടിനു നടുക്ക് വണ്ടി നിന്നു.

”ഇറങ്ങ്. ”- പുകിലന്‍.

ഞാന്‍ ഇറങ്ങി.

malayalam short story, sudeep t george, animal planet,

കുപ്പിയും രണ്ടു ഗ്ലാസുകളുമായി പുകിലന്‍ തൊട്ടടുത്തു കണ്ട തോട്ടിലേക്ക് നടന്നു.

”വാ”

ഞാന്‍ ചെന്നു.

കാടും മിണ്ടാതെ പേടിച്ചുനില്‍ക്കുകയാണ്. ഞങ്ങള്‍ തോടിന്റെ കരയിലെത്തിയതും വെള്ളം കുടിച്ചുകൊണ്ടുനിന്ന കാട്ടുനായ തുറിച്ച കണ്ണും കൂര്‍ത്ത മുഖവുമായി തല പൊക്കി നോക്കി. രണ്ടേരണ്ടു നിമിഷം. കയ്യാല ചാടിക്കേറി അവന്‍ പൊന്തയില്‍ മറഞ്ഞു. തോടിനുമേലേക്ക് ചരിഞ്ഞുവിടര്‍ന്നുനിന്ന കാട്ടാലിന്റെ കൊമ്പില്‍നിന്ന് ഒരു മലമുഴക്കി വേഴാമ്പല്‍ പറന്നു പോയി.

”ഇരി”-പുകിലന്‍.

ഞാന്‍ ഇരുന്നു.

കുപ്പിയും ഗ്ലാസുകളും തോട്ടിറമ്പത്തെ കല്ലില്‍ വച്ച് പുകിലന്‍ എന്റെ നേരെ ആ പഴയ നോട്ടം നോക്കി.

”ഒഴി”

ഞാന്‍ ഒഴിച്ചു.

പാതി നിറഞ്ഞ ഗ്ലാസുകള്‍ തോട്ടില്‍ മുക്കി നിറച്ച് ഒരെണ്ണം അവന്‍ എനിക്കു നീട്ടി. കൈകള്‍ വിറയ്ക്കുന്ന കാര്യം ഞാനറിഞ്ഞത് ഗ്ലാസ് വാങ്ങുമ്പോഴാണ്.

”എവിടെവരെയായെടാ നിന്റെ ആനക്കളി?”

”ആനക്കളിയോ? ”

”ങാ. കൊലപാതകം എത്തറെണ്ണം കണ്ടു?”

ദൈവമെ! ഞാന്‍ ഞെട്ടി. യൂട്യൂബും ഞാനും തമ്മിലുള്ള രഹസ്യം പുകിലനെങ്ങനെയറിഞ്ഞു?

”അതൊക്കെ ഞാന്‍ അറിയുമെടാ.”

ഒരു വിറയലെന്നെ വട്ടം പിടിച്ചു.

”ആ കൊച്ചനെ കാട്ടുകൊമ്പന്‍ കുത്തിക്കീറിയപ്പോള്‍ എന്തൊരാനന്ദമായിരുന്നു…! അന്നേരം എന്നതാടാ നീ വിളിച്ചുപറഞ്ഞത്? അതൊന്ന് നേരിട്ടു കാണാന്‍ പറ്റിയില്ലല്ലോന്ന്. അല്ലേ? കാണിച്ചു തരാമെടാ. ഇപ്പോ. ”

ഒരു മരം എനിക്കു പിന്നില്‍ കടപുഴകി വീണു. ചില്ലകള്‍ നീട്ടി അതെന്റെ ഉച്ചിയില്‍ അത്ര ചെറുതല്ലാത്ത ഒരു മുറിവുണ്ടാക്കി.

”പുകിലാ…”-നീറ്റലോടെ ഞാന്‍ വിളിച്ചു. ഇങ്ങനെയൊക്കെ പറയാന്‍മാത്രം ഞാന്‍ നിന്നോട് ചെയ്തതെന്ത്?

ഗ്ലാസിലെ ഒന്നര പെഗ്ഗ് ഒറ്റവലിക്ക് വിഴുങ്ങി, പുകിലന്‍ എന്റെ കണ്ണിലേക്കുനോക്കി :
”നിനക്കെന്നെ കൊല്ലണം, അല്ലേടാ? ”

”മച്ചാനേ….”

”കൊച്ചാനേ! ”

പുകിലന്‍ എന്റെ ചെകിട്ടത്തൊന്ന് പൊട്ടിച്ചു.

അടികൊണ്ട വിവരം തലച്ചോറിലെത്തുന്നതിനുമുമ്പേ ഞാന്‍ നിലതെറ്റി വീണു. കൈയില്‍നിന്ന് ഗ്ലാസ് തെറിച്ചുപോയി. ഒരു തേള്‍ എന്റെ വയറിനകത്തേക്ക് ഇഴഞ്ഞുകയറി ആമാശയത്തിന്റെ അറ്റത്ത് അമര്‍ത്തിക്കടിച്ചു. ഞാന്‍ പുളഞ്ഞുപോയി. നമ്മുടെ രഹസ്യങ്ങള്‍ മറ്റൊരാള്‍ക്കു മുന്നില്‍ വെളിപ്പെട്ടുപോവുന്നതിലും വലിയ ദുരന്തമുണ്ടോ?
ഒരുവിധത്തില്‍ ഞാന്‍ എഴുന്നേറ്റിരുന്നു. ചുണ്ടിന്റെ കന്യാകോണ്‍ പൊട്ടി കവിളിലൂടെ ചോരയൊഴുകുന്നത് ഞാനറിഞ്ഞു.

നിന്നെ ഞാന്‍ കൊന്നില്ലല്ലോ? കൊല്ലാന്‍ ആലോചിച്ചതല്ലേയുള്ളൂ- ഞാന്‍ മനസ്സില്‍ പറഞ്ഞു.

”രണ്ടും ഒരുപോലാണെടാ.” പുകിലനൊന്നു മുരണ്ടു.

എന്നാലും ഇവനിതെങ്ങനെ അറിഞ്ഞു? ഞാന്‍ വിചാരിച്ചതും പുകിലന്റെ മറുപടി വന്നു:

”നിന്റെയുള്ളിലൊരു പൂഴിയിളകിയാല്‍ ഞാനറിയും. കൊറേ നാളായി നീ ആലോചിച്ചു കൂട്ടിയതെല്ലാം എനിക്കറിയാം. ”

”അതെങ്ങനെ?”

ഉത്തരം പറയാതെ പുകിലന്‍ രണ്ട് ഒന്നര കൂടി ഒഴിച്ചിട്ട് ഹൃദയത്തിനു മുകളില്‍ മൂന്നുവട്ടം ഇടിച്ചു. അതുകേട്ട് ഒരു കാട്ടുകോഴി നാലുവട്ടം കൂകി. വെളളം ചേര്‍ക്കാതെ ഒരു അറുപതുകൂടി പിടിപ്പിച്ചിട്ടും ഞാന്‍ ആവിയായി പൊങ്ങി കാടിനുമുകളിലൊന്നു വട്ടമിട്ടിട്ട് പോയപോലെ തിരിച്ചുവന്നു.

വിക്‌സിന്റെ മുട്ടായി കടിച്ചുപൊട്ടിച്ച് പാതിയവന്‍ എനിക്കു തന്നു. നീറുന്ന വായിലേക്കിട്ട് ഞാനത് ചോരചേര്‍ത്ത് നുണഞ്ഞു.

ചില്ലറ കൂലിത്തല്ലും വല്ലപ്പോഴും ഒരു വെട്ടുകേസും ഒക്കെയായി സമാധാനത്തോടെ കഴിഞ്ഞുകൂടുകയായിരുന്നു പുകിലനും ഞാനും. കഴിഞ്ഞ ഇലക്ഷന് നല്ല കോളായിരുന്നു. പക്ഷേ, ഇലക്ഷന്‍ കഴിഞ്ഞതോടെ പണിയൊന്നും ഇല്ലാതായി. ബോറടിച്ച് ചാകുമെന്നായപ്പോഴാണ്, കൈക്കൂലി വാങ്ങിയതിന് പണി പോയ പി.ഡബ്‌ള്യു.ഡി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രുദ്രാക്ഷന്‍പിളള സാര്‍ വിളിച്ചൊരു കൊട്ടേഷന്‍ തന്നത്. അങ്ങേരെ കുടുക്കിയ മാത്തന്‍ ദേവസിയെ വെട്ടണം. വെട്ടി. വീടുകയറി വെട്ടി.(ഈ മാത്തന്‍ ദേവസിയും ഞങ്ങള്‍ക്ക് പല കൊട്ടേഷനും തന്നിട്ടുള്ള കക്ഷിയാണ് കേട്ടോ.) ആറുമാസം കഴിഞ്ഞാ പുളളിക്കാരന്‍ ആശുപത്രിയില്‍നിന്ന് ഇറങ്ങിയത്. ചെയ്ത ജോലിക്ക് രുദ്രാക്ഷന്‍പിളള നല്ല കൂലി തന്നു. കൂട്ടത്തില്‍, ഒരു സന്തോഷത്തിന് ഇത് ഇരിക്കട്ടെടാന്നു പറഞ്ഞ് ആപ്പിളിന്റെ ഓരോ ഐ ഫോണും. അതില്‍പ്പിന്നാ ഞാനീ യൂ ട്യൂബിലെ മഷിനോട്ടം തുടങ്ങിയത്. ഇവന്‍ ആള് ഭയങ്കര പുളളിയാണു കേട്ടോ! വിരലൊന്നു മുട്ടിയാല്‍ പൊട്ടിത്തെറിക്കുവല്ലേ….. പോണ്‍ ഹബ്, യൂ പോണ്‍, എക്‌സ് ഹാംസ്റ്റര്‍, ഡെര്‍ട്ടി ഓണ്‍ലൈന്‍….ഹോ! എന്നാല്‍ കുഴപ്പം പറ്റിയതെന്താന്നു വെച്ചാ, കൊറേ കണ്ടുകഴിഞ്ഞപ്പോ കമ്പിസൈറ്റുകളോടുള്ള കമ്പമങ്ങു പോയി. കൊട്ടേഷനാണേല്‍ പുതിയതായിട്ടൊന്നും കിട്ടിയിട്ടുമില്ല. ആകെയൊരു മടുപ്പ്. അങ്ങനെയാണ് ഞാന്‍, കൊല്ലുന്ന വീഡിയോകളിലേയ്ക്ക് തിരിഞ്ഞത്.

വള്ളോക്കുന്നുപളളിയിലേയ്ക്കുള്ള കയറ്റത്തിലെ കൊക്കോച്ചെടിയുടെ ചോട്ടിലാണ് മിക്കവാറും രാത്രികളില്‍ ഞാനും പുകിലനും കൂടാറുള്ളത്. കുറിയാക്കോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിന്റന്നു രാത്രി പളളിയും പളളിപ്പറമ്പും തനിച്ചായപ്പോള്‍ പുകിലനും ഞാനും വെങ്കോട്ട ഷാപ്പിലെ തവളയൊലത്തും കൊക്കോച്ചോട്ടിലിരുന്ന് കളളുകുടിക്കുകയായിരുന്നു. അപ്പോള്‍ പുല്‍മേട്ടില്‍നിന്ന് പാപ്പിയുടെ പാട്ട് കേട്ടു.

ഞങ്ങടെ നാട്ടിലെ ഒരേയൊരു വെടിക്കാരനാണ് പാപ്പി. വള്ളോക്കുന്നു കേറുമ്പോള്‍ പതിന്നാലാമത്തെ കയ്യാല കഴിഞ്ഞാല്‍ ഇടത്തോട്ടൊരു നടപ്പുവഴിയുണ്ട്. അത് ചെന്നു മുട്ടുന്നത് ശവക്കോട്ടയുടെ മതിലിലാണ്. മതില്‍ ചാടിക്കയറി അപ്പുറത്തെ മതില്‍ ചാടിയിറങ്ങിയാല്‍ പിന്നെ കുന്നിന്‍ചരിവിലേക്ക് താണിറങ്ങിപ്പോകുന്ന പുല്‍മേടാണ്. രണ്ടാമത്തെ ചരിവില്‍ നാലുചുറ്റും കമുകിന്റെ അലകു നാട്ടി പനമ്പട്ട കെട്ടി മറച്ച കൂരയിലാണ് പാപ്പിയും പടക്കങ്ങളും ഒറ്റയ്ക്കു താമസിക്കുന്നത്. പാമ്പിനെ പിടിക്കാന്‍ വരുന്ന കീരികളും കീരിക്കുഞ്ഞുങ്ങളെ റാഞ്ചാന്‍ വരുന്ന പരുന്തുകളുമല്ലാതെ വേറാരും അങ്ങോട്ടു ചെല്ലാറില്ല. ചെന്നാല്‍ മുളളുങ്കാട്ടില്‍ പെറ്റുകിടക്കുന്ന ചെന്നായയാവും പാപ്പി. അമിട്ടും ഗുണ്ടും ഓലപ്പടക്കവുമൊക്കെ വേണമെന്നുളളവര്‍ കുന്നിന്റെ താഴെനിന്ന് കൂവും. അപ്പോള്‍ പാപ്പി വള്ളോക്കുന്നിന്റെ ഒള്ളേലും മോളില്‍ പ്രതൃക്ഷപ്പെട്ട് ബീഡിപ്പടക്കം മാതിരിയുള്ള വിരലുയര്‍ത്തി, കേറി വരാന്‍ അടയാളം കാണിക്കും. എന്നിട്ടേചെല്ലാവൂ. അവിടെ നിന്നോണ്ടാണ് ഇടപാടുകള്‍.

പകലെല്ലാം പാപ്പി പടക്കമുണ്ടാക്കുകയോ പുല്‍മേട്ടിലൂടെ വെറുതെ ചുറ്റി നടക്കുകയോ ചെയ്യും. ഇരുട്ടിയാല്‍ പടിഞ്ഞാറേ ചരുവിലൂടെ താഴോട്ട് കത്തിച്ചുവിട്ട എലിവാണം പോലെ മിന്നിമറയും. അവിടെ മുഴുവന്‍ തവള പിടിത്തക്കാരുടെ വീടുകളാണ്. രാത്രിയാവുന്നതും ചാക്കെടുത്ത് തോളിലിട്ട് ടോര്‍ച്ചും കത്തിച്ച് ആണുങ്ങളെല്ലാം കൂടി കണ്ടത്തിലോട്ടിറങ്ങും. ആ നേരം നോക്കിയാണ്, കൊളുത്തിടാതെ ചേര്‍ത്തു ചാരിയിരിക്കുന്ന ഏതെങ്കിലുമൊരു അടുക്കളവാതില്‍ തള്ളിത്തുറന്ന് ഒച്ചയുണ്ടാക്കാതെ പാപ്പി അകത്തുകേറുന്നത്. വള്ളോക്കുന്നു പെരുന്നാളിന് പളളിമുറ്റത്തു കെട്ടിത്തൂക്കുന്ന മാലപ്പടക്കങ്ങള്‍ പൊട്ടിത്തീരാനുള്ളത്രയും നേരം കഴിഞ്ഞാല്‍ കതകുചാരി പാപ്പി തിരിച്ചിറങ്ങും. അപ്പോള്‍ അടക്കിപ്പിടിച്ച ഒരു അണപ്പ് അകത്തുനിന്ന് അടുക്കളവാതിലിന്റെ സാക്ഷയിടും. തോട്ടിലെ മുങ്ങിക്കുളി കൂടി കഴിഞ്ഞാല്‍ എലിവാണം തിരിച്ച് കുന്നുകയറുകയായി. അന്നേരം പാപ്പിയുടെ കണ്ണുകളിലെ നീല കൃഷ്ണമണികള്‍ കൂടുതല്‍ നീലിച്ചിട്ടുണ്ടാവും.

പിന്നെ പുല്‍മേട്ടില്‍ മലര്‍ന്നുകിടന്ന് പാപ്പി പാടാന്‍ തുടങ്ങും. കുന്നിന്‍മുകളില്‍നിന്നുള്ള പെയ്ത്തുവെളളം പോലെ നാലുചുറ്റിലെയും താഴ്‌വരകളിലേക്ക് പാതിരാവോളം പാട്ടുകള്‍ ഒലിച്ചിറങ്ങും. അത് നിലയ്ക്കുന്നതാണ് കണക്ക്. അപ്പോള്‍ തവളപിടുത്തക്കാര്‍ ടോര്‍ച്ചു കെടുത്തി, തുറിച്ച കണ്ണുകളുമായി ചാക്കും തൂക്കി കണ്ടത്തില്‍നിന്ന് കേറിപ്പോരും.

പാപ്പിയന്ന് ഒരുപാട് നേരത്തെയാണ് പാട്ട് തുടങ്ങിയിരിക്കുന്നത്. തവളപിടിത്തക്കാര്‍ കണ്ടത്തിലോട്ടിറങ്ങിയിട്ടേയുള്ളൂ. പതിവില്ലാത്തൊരു വിഷാദം പാട്ടുകളില്‍ കരിമരുന്നുപോലെ പുരണ്ടുകിടന്നു. ശവമടക്കിനു പാടുന്ന പാട്ടുകള്‍ ഒന്നിനുപുറകെ ഒന്നായി താഴ്‌വരയിലെ സാക്ഷയിട്ട വാതിലുകളില്‍ ചെന്നുമുട്ടി കരഞ്ഞുകൊണ്ടു മടങ്ങിവന്നു. ഇങ്ങേരടെ ആരേലും ചത്തോ എന്നു ചോദിച്ച്, പുകിലനൊരു മുഴുത്ത തവളത്തുട പല്ലുകള്‍ക്കിടയില്‍ കടിച്ചുപിടിച്ചു വലിച്ചു. കളളും പാട്ടും ഒന്നിച്ചാണ് തീര്‍ന്നത്. വാഴയിലയില്‍ പറ്റിയിരിക്കുന്ന മസാലക്കൂട്ട് ഞാന്‍ വടിച്ചെടുത്തോണ്ടിരിക്കുമ്പോള്‍ കൈലിയുടെ അറ്റം പൊക്കി ചിറി തുടച്ച് കൊക്കോച്ചോട്ടില്‍നിന്ന് പുകിലന്‍ എഴുന്നേറ്റു : മതിയെടാ നക്കിയത്. വന്നേ.

പുകിലന്റെ പരിപാടിയെന്താണെന്നു പിടികിട്ടിയില്ലെങ്കിലും അവന്റെ പുറകേ ഞാനും സെമിത്തേരിയുടെ മതിലു ചാടി. കിഴക്കേ മൂലയ്ക്കത്തെ വലിയ കല്ലറയില്‍ കയറി നിന്നാല്‍ പാപ്പിയുടെ കൂര കാണാം. പുകിലന്‍ കേറി നിന്നു നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് കല്ലറയില്‍ കൊത്തിവെച്ചിരിക്കുന്ന പേര് ഞാന്‍ വായിച്ചത്…കുന്നുകോട്ടയ്ക്കല്‍ മത്തായിക്കുഞ്ഞ്! എന്റെയുള്ളിലൊരിക്കിളി തറച്ചക്രം പോലെ കത്തി വട്ടത്തില്‍ കറങ്ങാന്‍ തുടങ്ങി…
വള്ളോക്കുന്നിന്റെ തെക്കേച്ചരുവില്‍ കുന്നുകോട്ടയ്ക്കലുകാര്‍ക്ക് വലിയൊരു കുരുമുളകുതോട്ടമുണ്ട്. തോട്ടത്തിനു നടുക്കുള്ള ഓലക്കുളത്തില്‍ ചൂണ്ടയിട്ടാല്‍ നല്ല അസ്സല്‍ വരാലും പളളത്തീം കിട്ടും. കൊടിച്ചോട്ടിലെ നനമണ്ണ് കമ്പിനു കുത്തിയിളക്കി ചൂണ്ടയില്‍ കോര്‍ക്കാനുള്ള മണ്ണിരയെ പിടിക്കുന്നതിനിടയിലാണ് തൊടലിമുളളിന്റെ ഇടയിലൊരനക്കം. രാത്രിയില്‍ കൂട്ടില്‍ കേറാന്‍ മടിച്ച് വല്ല കൊക്കോയുടെയോ അമ്പഴത്തിന്റെയോ മോളില്‍ കേറിയിരുന്ന് ഉറക്കംതൂങ്ങുന്ന കോഴികളെ തേടി വള്ളോക്കുന്നിനപ്പുറത്തുള്ള കാട്ടില്‍നിന്ന് ഇടയ്‌ക്കൊക്കെ കുറുക്കന്‍മാരിറങ്ങാറുണ്ട്. മരച്ചോട്ടില്‍ വന്നുനിന്ന് കോഴികളുടെ കൃഷ്ണമണിയില്‍ത്തന്നെ നോക്കി അവറ്റകള്‍ വട്ടത്തില്‍ കണ്ണിട്ടു കറക്കും. പിടി വിടാതിരിക്കാന്‍ കോഴികള്‍ ആവതു നോക്കും. പക്ഷേ, രക്ഷയില്ല. കുറച്ചുനേരത്തെ കറക്കല്‍ കഴിയുമ്പോള്‍ കോഴികള്‍ തലചുറ്റി കുറുക്കന്‍മാരുടെ വായിലോട്ടു വീഴും.

vishnu ram, sudeep t george, malayalam short story,

തൊടലിക്കാട്ടില്‍ കുറുക്കനാണെന്നു വിചാരിച്ച് പുകിലനും ഞാനും കല്ലെടുത്ത് ഏറോടേറ്! മുള്ളിനിടയില്‍നിന്നൊരു മുരള്‍ച്ച പൊങ്ങി. ‘പുലിയാടാ…’ന്നു വിളിച്ചുകാറി പുകിലന്‍ ഒരോട്ടം. പിന്നാലെ ഞാനും ഓടി. പറമ്പിന്റെ മുകളറ്റത്തെ കല്ലുവെട്ടാംകുഴിയില്‍ കയറി ഞങ്ങളൊളിച്ചു. അവിടെയിരുന്നാല്‍ തൊടലിക്കാട് കാണാം. അങ്ങനെ നോക്കിരിക്കുമ്പോഴുണ്ട് ഉടുപ്പിന്റെ ബട്ടണുകള്‍ ഇട്ടോണ്ട് കുന്നുകോട്ടയ്ക്കലെ മോളിക്കുട്ടി തൊടലിമുളളിന്റെ ഇടയില്‍നിന്ന് ഇറങ്ങിവരുന്നു! ഏഴീന്നു ജയിച്ച് ഞാന്‍ എട്ടിലെത്തിയപ്പോഴും എട്ടീന്നു ജയിച്ച് ഒന്‍പതിലെത്തിയപ്പോഴും എട്ടാം ക്ലാസ്സിലെ ഒടുക്കത്തെ ബെഞ്ചിന്റെ ഇടത്തേ കോണില്‍ത്തന്നെ ഉറച്ചിരുന്ന മോളിക്കുട്ടി. നാലുമണിക്ക് സ്‌കൂളു വിട്ട് തൊണ്ടിലൂടെ നടന്നുവരുമ്പോള്‍ മൊലേല്‍ പിടിച്ചതിന് അവളുടെ അപ്പനായ മത്തായിക്കുഞ്ഞിനോട് പറഞ്ഞ് തല്ലു മേടിച്ചുതന്ന അതേ മോളിക്കുട്ടി!
കല്ലുവെട്ടാംകുഴിയില്‍ ഞങ്ങള്‍ പാത്തിരുന്നു. ഒതുക്കുകല്ലു കേറി അവള്‍ മുകളിലെത്തിയതും മുന്നിലേക്കെടുത്തൊരൊറ്റച്ചാട്ടം. മോളിക്കുട്ടി പേടിച്ച് തുള്ളിപ്പോയി.

”ആരാരുന്നെടീ കൂടെ?”

”ആരുമില്ല.”

”പിന്നെ നീയവിടെ എന്നാ കള പറിക്കുവാരുന്നു?”

”ഞാന്‍ പയ്യിനെ കെട്ടാന്‍ കേറിയതാ.”

”പിന്നേ…! പുലി കേറുന്ന മുള്ളുങ്കാട്ടിലല്ലേ പശൂനെ കെട്ടുന്നത്! ഞാന്‍ കണ്ടുപിടിച്ചോളാമെടീ.”
മുണ്ട് കേറ്റിക്കുത്തി പുകിലന്‍ തൊടലിക്കാട്ടിനുനേര്‍ക്ക് പാഞ്ഞുപോയപ്പോള്‍ മോളിക്കുട്ടിയുടെ ഉടുപ്പില്‍ തറച്ചിരുന്ന മുള്ള് ഞാന്‍ വലിച്ചൂരിയെടുത്തു.

”ഞാങ്കണ്ടു.”

”ആരോടും പറയല്ല്.”

”പറയും. പണ്ട് അമ്മിഞ്ഞേലൊന്നു പിടിച്ചതിന് മത്തായിച്ചേട്ടനോടു പറഞ്ഞ് നീയെനിക്കു തല്ലു മേടിച്ചു തന്നതല്ലേ.”

തിക്കും പൊക്കും നോക്കിയിട്ട് ഇച്ചിരി മുമ്പിട്ട ബട്ടണൊക്കെ മോളിക്കുട്ടി വീണ്ടും അഴിക്കാന്‍ തുടങ്ങി…
(ഞാന്‍ പിന്നെ മത്തായിച്ചേട്ടനോടൊന്നും പറയാന്‍ പോയില്ല.)
മൂട്ടില്‍ പറ്റിയ ചെളി, വട്ടയില പറിച്ച് തുടച്ചുകൊണ്ട് മോളിക്കുട്ടിയും ഞാനും കല്ലുവെട്ടാങ്കുഴിയില്‍നിന്ന് ഉയര്‍ത്തെണീറ്റുവരുമ്പോള്‍ പുകിലന്‍ കാറി വിളിക്കുന്നതു കേട്ടു. ഓടിച്ചെന്ന ഞാന്‍ കാണുന്നത്, തൊടലിക്കാട്ടില്‍ തുണിയില്ലാതെ വീണു കിടക്കുന്ന പുകിലനെയും കൂര്‍ത്ത മുള്ളുള്ള മുരിക്കുംപത്തലിന് അവന്റെ ചന്തിക്കും തുടയിലും മാറിമാറിയടിക്കുന്ന വെടിപ്പാപ്പിയെയുമാണ്.

ഉടുമ്പിന്റെ തൊലി പൊളിച്ച് എല്ലും ഇറച്ചിയും പച്ചയ്ക്ക് ഉരലിലിട്ടിടിച്ചു പതം വരുത്തി ചെറു തീയില്‍ നല്ലോണം വേവിച്ച് വറ്റിച്ചെടുത്തതില്‍ തൊട്ടാവാടിയുടെ ഇലയും മുട്ടയുടെ വെള്ളയും പച്ചമഞ്ഞളും ചെന്നിനായകവും കുറുന്തോട്ടിയും ചേര്‍ത്തരച്ച് ഉരുട്ടിയെടുത്തത് മൂന്നാഴ്ച വിഴുങ്ങിയതില്‍പ്പിന്നാ പുകിലനൊന്നെണീറ്റു നിന്നത്.

മത്തായിച്ചേട്ടന്റെ കല്ലറയില്‍ നിന്ന് പുകിലന്‍ മതിലിനു മുകളിലേക്കും അവിടെനിന്ന് പുല്‍മേട്ടിലേക്കും ചാടി.

”നീയിതെങ്ങോട്ടു പോവാ?”

കല്ലറയില്‍ കയറി ഞാന്‍ എത്തിക്കുത്തി നോക്കി.

”ഒന്നു വെളിക്കെറങ്ങിയേച്ചു വരാമെടാ.”

വെളിക്കിറങ്ങണേല്‍ ഇവനെന്തിനാ വെടിപ്പാപ്പിയുടെ കൂരയുടെ നേര്‍ക്കു നടക്കുന്നത്!
കൂരയുടെ മുറ്റത്തെ അമ്പഴത്തിന്റെ ചോട്ടില്‍ പാപ്പി നീണ്ടുകിടക്കുന്നതും പുകിലന്‍ കൂരയ്ക്കകത്തേക്കു കയറുന്നതും ഞാന്‍ കണ്ടു. തിരിച്ചിറങ്ങി വന്നപ്പോള്‍ അവന്റെ കൈയില്‍ നാലഞ്ച് അമിട്ടുകളുണ്ട്. ഞാന്‍ ശ്വാസം പിടിച്ചു നില്‍ക്കുകയാണ്. ഉറങ്ങുന്ന പാപ്പിയുടെ മുഖത്തേക്ക് കത്തിച്ച അമിട്ടുകള്‍ അവന്‍ തുരുതുരാ എറിയുന്നു. അലറിക്കൊണ്ടെഴുന്നേറ്റ വെടിപ്പാപ്പി പുല്‍മേട്ടിലൂടെ കത്തുന്ന മാലപ്പടക്കം പോലെ ഓടി. പള്ളിമുറ്റത്തൂടെ ഞങ്ങള്‍ താഴോട്ടു പായുമ്പോള്‍ പാപ്പിയുടെ കൂരയിലും വെടിക്കെട്ടു തുടങ്ങിയിരുന്നു. പാപ്പി ഒരു എലിവാണം പോലെ ആകാശത്തേക്ക് പൊങ്ങി പോകുന്നതും കണ്ടു.

പിന്നത്തെ രാത്രികളിലൊന്നും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പുകിലനും പുല്‍മേട്ടിലെ വെടിക്കെട്ടും മാത്രമായിരുന്നു മനസ്സില്‍. പുകിലനോടുള്ള ആരാധന മൂത്തുപതഞ്ഞുപൊങ്ങിയപ്പോള്‍ ഞാന്‍ തീരുമാനിച്ചു. എനിക്കും കൊല്ലണം! പല മുഖങ്ങളും മനസ്സില്‍ മുന്നോട്ടും പിന്നോട്ടും ഓടിച്ചുനോക്കി. പറ്റിയയാളെ കണ്ടുകിട്ടിയില്ല. നാലഞ്ചുനാളുകള്‍ക്കു ശേഷം ഇടവപ്പാതി തകര്‍ത്തുപെയ്യുന്ന ഉച്ചനേരത്ത് പരുമലയിലെ ഒരു കൊട്ടേഷന്‍ കഴിഞ്ഞ് മടങ്ങിവരുന്നവഴി പൊടിയാടി ഷാപ്പില്‍ വച്ചാണ് എനിക്കൊരു വെളിപാടുണ്ടാവുന്നത്. കുടിച്ചു കുന്തംമറിഞ്ഞ്, ഡെസ്‌കില്‍ താളമടിച്ച്, അര്‍ജുനന്‍ മാസ്റ്ററുടെ ‘തളിര്‍വലയോ താമരവലയോ…’ ഉച്ചത്തില്‍ പാടിക്കൊണ്ടിരിക്കുകയായിരുന്നു ഞാനും പുകിലനും. പെട്ടെന്ന് തലയ്ക്കകത്ത് ആരോ കൊടുവാള്‍ വീശിയപോലൊരു മിന്നല്‍. ദൈവമേ, ഞാന്‍ തേടി നടന്നവനല്ലേ ഈ ഇരിക്കുന്നത്. ആര്? പുകിലന്‍ തന്നെ. കൊല്ലുവാണെങ്കില്‍ എന്റെ പുകിലനെത്തന്നെ കൊല്ലണം. ആ നിമിഷം എനിക്കുണ്ടായ ഒരാനന്ദം!

കള്ളുകുപ്പി വായിലേക്ക് കമഴ്ത്തി മടുമടാന്ന് കുടിക്കുകയായിരുന്ന പുകിലനെ കെട്ടിപ്പിടിച്ച് ഞാനൊരുമ്മ കൊടുത്തു. കുപ്പി താഴെവീണുപൊട്ടി, മൂത്ത തെങ്ങിന്‍കള്ള് പതഞ്ഞൊഴുകി.

”നിനക്കെന്നാ പ്രാന്ത് പിടിച്ചോ?”

sudeep t george, vishnu ram, animal planet,

പുകിലന്റെ സന്ദേഹം മാറ്റാന്‍ മെനക്കെടാതെ ആര്‍ത്തുവിളിച്ച് ഞാന്‍ അവന് ഒരുമ്മകൂടി കൊടുത്തു. എന്നിട്ട് അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരുതരം ലഹരിയില്‍ ‘ നീ എന്‍ സര്‍ഗ സൗന്ദര്യമേ ‘ എന്ന പാട്ട് കള്ളുകുപ്പിയില്‍ കറിപ്പാത്രംകൊണ്ട് കൊട്ടി ഒരുതുള്ളി വെള്ളി വീഴാതെ പാടി.

പക്ഷേ പറഞ്ഞിട്ടെന്താ? എല്ലാം പോയില്ലെ? ഈ കള്ളപ്പന്നി തന്നെ എല്ലാം തുലച്ചില്ലേ? ഈ കാട്ടിലിട്ട് ഇവനെന്നെ കൊല്ലും. എന്നിട്ടതിന്റെ വീഡിയോ വാട്ട്‌സാപ്പിലിടും. തെണ്ടികളായ തെണ്ടികളൊക്കെ അത് ഷെയര്‍ ചെയ്യും. വെറുമൊരു വാട്‌സാപ്പിരയായി ഒടുങ്ങാനാണല്ലോ ദൈവമേ എന്റെ വിധി! എന്റെ കണ്ണു നിറഞ്ഞു. കണ്ണില്‍നിന്ന് കാട് മാഞ്ഞു. കാല്‍മുട്ടുകളില്‍ മുഖം പൂഴ്ത്തി ഇത്തിരിനേരം ഇരുന്നപ്പോള്‍ ഉള്ളിലെ പുകച്ചില്‍ ലേശം ശമിച്ചു. തലപൊക്കി നോക്കുമ്പോഴുണ്ട്, ഒരു കാട്ടുനായയെ പോലെ കുനിഞ്ഞിരുന്ന് പുകിലന്‍ തോട്ടിലെ വെള്ളം നക്കിനക്കി കുടിക്കുന്നു. അപ്പോള്‍…അപ്പോള്‍…ഇരുണ്ട മരങ്ങള്‍ക്കിടയിലൂടെ വെയിലിന്റെ ഒരു കീറ് അവന്റെ തലയ്ക്കു പിന്നിലും തോട്ടുവക്കത്തെ വലിയ പാറക്കല്ലിലും വീണുകിടന്ന് വിളിക്കുന്നത് ഞാന്‍ വ്യക്തമായി കണ്ടു. എന്റെയുളളില്‍ ഒരു ഉടുമ്പിഴഞ്ഞു.
ഒന്നും ആലോചിക്കരുത്. ആലോചിച്ചാല്‍ പുകിലനറിയും. ഞൊടിനേരത്തിനുള്ളില്‍ പാറക്കല്ലിനു നേര്‍ക്ക് ഞാന്‍ തെറിച്ചു. പക്ഷേ, അതിനുമുമ്പുതന്നെ പുകിലന്‍ വെട്ടിത്തിരിഞ്ഞ് ഇടംകാലുകൊണ്ട് എന്റെ നെഞ്ചില്‍ ആഞ്ഞുതൊഴിച്ചു. മുള്‍പ്പടര്‍പ്പിലേക്ക് ഞാന്‍ മലര്‍ന്നു. കാടൊന്ന് വട്ടംചുറ്റി.

”നിനക്കെന്റെ തല തകര്‍ക്കണം. അല്ലേടാ? ”
കല്ലും പൊക്കിയെടുത്ത് പുകിലന്‍ എന്റെ തലയ്ക്കു മുകളില്‍ വന്നുനിന്നു. ഞാന്‍ കണ്ടു-പുകിലന്റെ വായില്‍നിന്ന് അറ്റം കൂര്‍ത്ത രണ്ട് വെള്ളക്കൊമ്പുകള്‍ പുറത്തേക്ക് നീളുന്നു. നെറ്റിയുടെ ചോട്ടില്‍നിന്നൊരു തുമ്പിക്കൈ ചുരുളഴിഞ്ഞ് വീഴുന്നു. കറുത്തിരുണ്ട കാലുയര്‍ത്തി അവന്‍ ചിന്നം വിളിക്കുന്നു. സ്വന്തം തല ചിതറുന്ന ഒച്ച കേള്‍ക്കാന്‍ ഞാന്‍ കണ്ണടച്ചു കിടന്നു. പക്ഷേ, കേട്ടത് ഈറ്റക്കാടൊടിയുന്ന ശബ്ദമാണ്. കണ്ണ് പാതി തുറന്ന് ഞാന്‍ നോക്കി. പുകിലനും ഈറ്റക്കാടിനു നേര്‍ക്ക് നോക്കിനില്‍ക്കുന്നു. അവന്‍ ഒരു വൃത്തികെട്ട ചിരി ചിരിച്ചു.

”അവര് വന്നെടാ.”

ആര്?

”യൂ ട്യൂബിലെ മദയാനകള്‍! ഇനിയെല്ലാം അവരായിക്കോളും.”
ഞാന്‍ എഴുന്നേറ്റോടാതിരിക്കാന്‍ പുകിലന്‍ എന്റെ നെഞ്ചില്‍ ചവിട്ടിനിന്നു. എന്നാല്‍ വന്നത് ആനകളായിരുന്നില്ല. പടപടേന്ന് ഇല്ലിയൊടിയുന്നതിനിടയില്‍ പൊന്തയില്‍നിന്ന് ആദ്യം ഒരു കുര കേട്ടു; പിന്നാലെ കുരകളുടെ എണ്ണം കൂടിക്കൂടി വന്നു. അകലെയുള്ള പുല്‍മേട്ടില്‍ മേഞ്ഞുനടന്ന മാനുകള്‍ പകച്ചുപാഞ്ഞ് ചിതറി. മയിലുകള്‍ മരങ്ങള്‍ക്കിടയിലൂടെ നിലവിളിയോടെ പറന്നു. തോട്ടുവക്കത്തുനിന്ന് കുറച്ചുമുമ്പ് ഓടിപ്പോയ കാട്ടുനായ പൊന്തക്കാട് തുളച്ചുകൊണ്ട് തോടിനിക്കരേക്ക് തെറിച്ചുവന്നു; പുറകെ അവന്റെ കൂട്ടുകാരും. കല്ല് താഴെയിട്ട് പുകിലന്‍ ഓടി; ഞാന്‍ പിന്നാലെയും. ഞാന്‍ ചെല്ലുന്നതിനു മുമ്പേ സ്‌കൂട്ടര്‍ പുറപ്പെട്ടു.

”പുകിലാ…എന്നേക്കൂടി കൊണ്ടുപോടാ.”

malayalam short story, sudeep t george,, vishnu ram

കാട്ടുവഴിയിലൂടെ അകന്നകന്നു പോകുന്ന സ്‌കൂട്ടറിനും അടുത്തടുത്തു വരുന്ന നായ്ക്കള്‍ക്കും ഇടയില്‍ ഞാന്‍ ഓടിക്കൊണ്ടിരുന്നു. പട്ടികളുടെ കൂട്ടക്കുരകള്‍ക്കിടയിലും സ്‌കൂട്ടറിന്റെ നീട്ടിയുള്ള ഹോണടിയും പുകിലന്റെ പൊട്ടിച്ചിരിയും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
കല്ലില്‍ത്തട്ടി ഞാന്‍ വീണു. പട്ടികളില്‍ ഒന്നാമന്‍ എന്റെ ഉപ്പൂറ്റിയില്‍ പല്ലിറക്കി. അവരെന്നെ വളഞ്ഞിട്ട് കടിച്ചുപറിച്ചു. പട്ടികളെ തൊഴിച്ചെറിഞ്ഞ് ഞാന്‍ കുതിച്ചു, മരങ്ങള്‍ക്കിടയിലൂടെ…മുള്‍പ്പടര്‍പ്പിനടിയിലൂടെ…പൊന്തകള്‍ക്കു മുകളിലൂടെ…… ഒടുവില്‍ ഞാനൊരു കാട്ടുചെമ്പകത്തില്‍ വലിഞ്ഞുകയറി. കിതച്ചുചാടിയ പട്ടികളിലൊന്ന് എന്റെ ഉപ്പൂറ്റിയില്‍ തൂങ്ങിക്കിടന്ന ഇറച്ചിക്കഷണം ചീന്തിയെടുത്ത് ചവച്ചു. പേടിച്ചു വിറച്ച് ഞാന്‍ മരത്തില്‍ കെട്ടിപ്പിടിച്ചിരുന്നു. ഉറങ്ങിപ്പോവാതിരിക്കാന്‍ കണ്‍പോളകള്‍ തുറന്നുപിടിച്ചു.
എന്നിട്ടും ഇടയ്ക്കിടയ്ക്ക് ഞാന്‍ ഉറങ്ങിപ്പോയി. കാലില്‍നിന്ന് ഇറ്റുവീഴുന്ന ചോര നൊട്ടിനുണഞ്ഞ് പട്ടികള്‍ അപ്പോഴും മരച്ചുവട്ടിലുണ്ടായിരുന്നു. രാത്രി ഒരുപാടായി. പട്ടികള്‍ക്ക് മടുത്തുകാണും. മറ്റൊരിരയെ തിരഞ്ഞ് കാടിന്റെ വേറൊരു കോണിലേക്ക് അവ നിശ്ശബ്ദം പുറപ്പെട്ടു. ദൂരെയെവിടെയോ പേടിപ്പെടുത്തുന്ന ഒരൊച്ച കേട്ടാണ് പിന്നീട് ഞാന്‍ ഉണര്‍ന്നത്. മേലാസകലം നീറ്റലും നോവും. പാദത്തിലും നെഞ്ചിലും തുടയിലും ചോര കട്ടപിടിച്ചിരിക്കുന്നു. മരത്തില്‍നിന്ന് ഊര്‍ന്നിറങ്ങിയ ഞാന്‍ മറിഞ്ഞുവീണുമലരാന്‍ കൊതിക്കുന്ന എന്റെ ശരീരവും താങ്ങിപ്പിടിച്ച് എങ്ങോട്ടെന്നില്ലാതെ ഓടി. രാത്രിയുടെ നാലാം യാമത്തില്‍ എങ്ങനെ കാടിനുപുറത്ത് കടന്നെന്ന് സത്യമായും എനിക്കറിയില്ല. അട്ടിവളവിനു താഴെ പമ്പാതീരത്തെ മണല്‍പ്പരപ്പില്‍ കണ്ട മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിലേക്ക് ഞാന്‍ നടന്നടുത്തു. അവിടെ എന്നെ കാത്ത് ഒരുപാട്ട ചാരായവും മുക്കാലും എഴുതിത്തീര്‍ത്ത കഥയുമായി രങ്കന്‍ പൊന്തന്‍പുഴ ഇരിപ്പുണ്ടായിരുന്നു.

വള്ളോക്കുന്നു മുതല്‍ പമ്പയാറു വരെ നീണ്ടു കിടക്കുന്ന ഈ നാടിന്റെ ഒരേയൊരു കഥാകാരനാണ് രങ്കന്‍ പൊന്തന്‍പുഴ. ഞങ്ങള്‍ തിന്നാലും കൊന്നാലും മുള്ളിയാലും ഭോഗിച്ചാലും രങ്കനറിയും. രങ്കനില്‍നിന്നു മറഞ്ഞിരിക്കുന്ന ഒരു ചിതല്‍പ്പുറ്റു പോലും ഞങ്ങള്‍ക്കുള്ളിലില്ല.

പേനയടച്ചുവച്ച് പിന്നിലെ ഇരുട്ടിലേക്ക് തല ചരിച്ച് രങ്കന്‍ വിളിച്ചു: ” വാ.”

ചോരയിറ്റുന്ന ദേഹവുമായി ഒത്തിയൊത്തി ഇരുട്ടില്‍നിന്ന് ഞാന്‍ വെളിപ്പെട്ടു. അപ്പോഴാണ് ആറ്റില്‍മുങ്ങി പുകിലന്‍ കയറിവരുന്നതു കണ്ടത്. ഒരു കോപ്പ ചാരായം അണ്ണാക്കിലേക്ക് ഒറ്റയൊഴി ഒഴിച്ച് എന്നെ തറപ്പിച്ചുനോക്കി, വായില്‍ കുടുങ്ങിയ ചത്ത ഈച്ചയെ അവന്‍ തുപ്പിക്കളഞ്ഞു. മറ്റൊരു കോപ്പയില്‍ ചാരായം എനിക്ക് പകര്‍ന്നുതന്ന് രങ്കന്‍ മുരണ്ടു: ” ഒറ്റവലി.” ഞാന്‍ അതുപോലെ ചെയ്തു.

രങ്കന്‍ നീട്ടിയ ചുട്ട നങ്കിന്റെ കഷ്ണം വായിലിട്ട് ഞാന്‍ ഉപ്പൂറ്റിയില്‍ തൊട്ടുനോക്കി. ചോര ഇപ്പോഴും ഒലിക്കുന്നുണ്ട്. അതുകണ്ട രങ്കന്‍, പറങ്കിപ്പഴമിട്ടു വാറ്റിയ ചാരായം കുറച്ചെടുത്ത് മുറിവില്‍ തേച്ചുതന്നു. കാലിലൂടൊരു നീറ്റല്‍ ഓടിക്കയറി.
നനഞ്ഞ തോര്‍ത്തിന്റെ അറ്റംകൊണ്ട് ചെവിയിലെ അഴുക്ക് തോണ്ടിയെടുക്കുകയാണ് പുകിലന്‍. അതിനിടയില്‍ ഉച്ചത്തില്‍ മൂളിക്കൊണ്ട് വെറുതെ തലയാട്ടുന്നുമുണ്ട്. ആറ്റുതീരത്തേക്ക് മാറ്റിനിര്‍ത്തി രങ്കന്‍ എന്റെ ചെവിയില്‍ പറഞ്ഞു : ”പുകിലന്‍ ചിലതെല്ലാം കുത്തിക്കുറിച്ചു തുടങ്ങിയിട്ടുണ്ട്. എന്നെ വായിച്ചു കേള്‍പ്പിച്ചു. തരക്കേടില്ല…”
എനിക്ക് ചിരിവന്നു. ഉണക്കമീന്‍ ചവച്ചരച്ചുകൊണ്ട് ഞാന്‍ ചിരിക്കുകതന്നെ ചെയ്തു.

”ചിരിക്കണ്ടെടാ. ചിരിച്ചാ അവനറിയും. അവനെഴുതുന്നത് നിന്റെ കഥയാ. നീയിപ്പോ അവന്റെ കഥാപാത്രമാ.”

അണ്ണാക്കിലൂടെ അല്പം മുമ്പ് താഴേക്കിറങ്ങിയ ചാരായം, പോയ വഴിയത്രയും തിരിച്ചുവന്ന് മൂക്കിലൂടെയും കണ്ണിലൂടെയും പുറത്തേക്ക് ചാടി.

രങ്കനൊന്ന് ചൂളം കുത്തി. ആറ്റിലേക്കു നീണ്ടുകിടക്കുന്ന കയറിന്റെ അറ്റത്തുപിടിച്ച് പുകിലന്‍ വലിച്ചു. പുഴയുടെ നടുക്കുനിന്ന് ഇടയാറന്മുള പള്ളിയോടം ഒഴുകിവന്നു. ഞങ്ങള്‍ മൂന്നുപേരും കയറിയതും രണ്ടു ഫര്‍ലോങ് താഴെയുള്ള തുരുത്തിലേക്ക് പള്ളിയോടം ഒഴുകി.
തുരുത്തില്‍ ആകെയുള്ളത് ഒരു ഓലപ്പുരയാണ്. അവിടെയിരുന്നാണ് രങ്കന്‍ എഴുതാറുള്ളത്. എഴുതിയ കഥകള്‍ സൂക്ഷിച്ചുവയ്ക്കുന്നതും അവിടെത്തന്നെ. പള്ളിയോടം തുരുത്തിലടുത്തപ്പോള്‍ ഞാന്‍ കണ്ടു- പെട്രോമാക്‌സിന്റെ വെട്ടത്തില്‍ ഉടുമുണ്ട് തലയില്‍ കെട്ടി ചിറയിലിരുന്നൊരാള്‍ ചൂണ്ടയിടുന്നു. വാറ്റുകാരന്‍ സെബാന്‍. രങ്കന്റെ എല്ലാ കഥകളുടെയും ആദ്യ വായനക്കാരന്‍.

തുരുത്തിലിറങ്ങിയതും രങ്കന്‍ വിളിച്ചു:” സെബാനേ…”

സെബാന്‍ ചൂണ്ട വലിച്ചു. ചൂണ്ടക്കൊളുത്തില്‍ ഒരു ചെമ്പല്ലി കിടന്ന് പിടച്ചു. ”കഥ തീര്‍ന്നില്ലെടാ. നേരമൊള്ളപ്പോ നീയിതൊന്നു തീര്‍ത്തുവെക്ക്.” ചുരുട്ടിപ്പിടിച്ചിരുന്ന കഥയുടെ കൈയെഴുത്തുപ്രതി രങ്കന്‍ നിവര്‍ത്തി.

ചെമ്പല്ലിയും ചൂണ്ടയും ചിറയിലിട്ട് സെബാന്‍ കൈ നീട്ടി: ”താ.”

animal planet,malayalam short story, sudeep t george,

കഥയും വാങ്ങി പെട്രോമാക്‌സുമെടുത്ത് സെബാന്‍ പുരയിലെ ഇരുട്ടിലേക്ക് കയറി. ചില്ലുപൊട്ടിയ പെട്രോമാക്‌സ് കെട്ടുപോയപ്പോള്‍ അവന്‍ കുത്തിയിരുന്ന് അത് കത്തിച്ചു. പൊടിപിടിച്ചും അരികുകള്‍ പൊടിഞ്ഞും തറയിലാകെ കഥകള്‍ ചിതറിക്കിടക്കുന്നു.
രണ്ടാമത്തെ കൊള്ളിയാന്‍ എഴുത്തുപുരയ്ക്കു മുകളില്‍ വെട്ടിയപ്പോള്‍ തുരുത്തിലാകെ കാട്ടുനായ്ക്കളുടെ മുരള്‍ച്ച മുഴങ്ങി. വെളിച്ചത്തിന്റെ മങ്ങിയ കറ പുരണ്ട ഇരുട്ടില്‍ ഇറച്ചിമണം പടര്‍ന്നു. ചെളിയില്‍ കുളിച്ച ഒരു കാട്ടുനായ, പൊട്ടിത്തെറിച്ച വാക്കുപോലെ സെബാന്റെ തലയ്ക്കു മുകളിലൂടെ പറന്ന് എഴുത്തുപുരയുടെ മുറ്റത്തു ചെന്നു വീണു. കഥയുടെ കൈയെഴുത്തുപ്രതി തുറന്ന് ആയുധത്തിനായി സെബാന്‍ പരതി. അതിന്റെ മൂന്നാമത്തെ പേജില്‍, സ്വന്തം അപ്പന്റെ കഴുത്തരിയാന്‍ തിമോത്തിയോസ് എന്ന കഥാപാത്രം തലയ്ക്കു മുകളില്‍ ഉയര്‍ത്തിയ തുരുമ്പിച്ച വെട്ടരിവാള്‍ സെബാന്‍ പിടിച്ചുവാങ്ങി. എതിര്‍ക്കാന്‍ വന്ന തിമോത്തിയോസിനിട്ട് സെബാന്‍ ഒരു തൊഴിയും വച്ചുകൊടുത്തു. തൊഴിയുടെ ശക്തിയില്‍ പുറത്തേക്കു തെറിച്ച തിമോത്തിയോസ്, പതിന്നാലാമത്തെ പേജില്‍ നാലാം പാരഗ്രാഫില്‍ അഞ്ചാം വരിയിലാണ് ചെന്നു തലകുത്തി വീണത്. തിമോത്തിയോസിന്റെ അപ്പനാകട്ടെ ഒന്നും പിടികിട്ടാതെ മൂന്നാമത്തെ പേജില്‍ത്തന്നെയിരുന്ന് കുരിശു വരച്ച് കൗമാ ചൊല്ലാന്‍ തുടങ്ങി. പെട്രോമാക്‌സ് തട്ടിമറിഞ്ഞുവീണ് കെട്ടുപോയിരുന്നു. ഇരുട്ട് തുരുത്തിനെ ഒന്നൂടെ മുറുക്കി കെട്ടിപ്പിടിച്ചു.
സെബാന്‍ കഥയില്‍ പണിതു തുടങ്ങിയെന്ന് രങ്കന്‍ പിറുപിറുത്തു. ഒച്ചയില്ലാതൊരെഴുന്നെള്ളത്ത് ചിറയിലൂടെ എഴുത്തുപുരയിലേയ്ക്ക് ഉടന്‍ വന്നുതുടങ്ങുമെന്നും അപ്പോള്‍ നിങ്ങളിവിടെ ഉണ്ടാവാന്‍ പാടില്ലെന്നും കൂടി രങ്കന്‍ പറഞ്ഞപ്പോള്‍ പുകിലനും ഞാനും പള്ളിയോടത്തില്‍ കയറി അക്കരയ്ക്കു തുഴഞ്ഞു. അക്കരയെത്തി പള്ളിയോടം മരത്തില്‍ കെട്ടിയിട്ട് പുകിലന്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി. രക്ഷപ്പെടാന്‍ പുഴയോരത്തൂടെ നടന്നുതുടങ്ങിയ എന്റെ പിന്നാലെ വന്ന് അവന്‍ സ്‌കൂട്ടര്‍ ഇരപ്പിച്ചു.

”കേറടാ.”

animal planet,sudeep t george, vishnu ram

 

കേറാതിരിക്കാന്‍ കഴിഞ്ഞില്ല. മണല്‍പ്പരപ്പ് പിന്നിട്ടതും ഞാനൊന്നു തിരിഞ്ഞുനോക്കി. പുഴ നീന്തിക്കയറി മണലും തെറിപ്പിച്ച് കാട്ടുനായ്ക്കള്‍ കുതിച്ചുവരുന്നു. പുകിലന്‍ സ്‌കൂട്ടര്‍ അനത്തിവിട്ടു. വന്ന വഴികളെല്ലാം തിരിച്ചുപായുമ്പോഴും പട്ടികള്‍ തൊട്ടുതൊട്ടുണ്ടായിരുന്നു. കാലുകള്‍ മുന്നോട്ടു നീട്ടി കണ്ണുകള്‍ ഇറുക്കിയടച്ച് ഞാന്‍ പുകിലനെ കെട്ടിപ്പിടിച്ചിരുന്നു. അവനോ ഉച്ചത്തില്‍ ഓരിയിടാന്‍ തുടങ്ങി. വള്ളോക്കുന്നിന്റെ മുകളിലെത്തിയതും ഓഫാക്കാന്‍ പോലും നില്‍ക്കാതെ സ്‌കൂട്ടര്‍ നിലത്തേക്കു മറിച്ചിട്ടിട്ട് ഞങ്ങള്‍ ശവക്കോട്ടയുടെ മതില്‍ ചാടി, കല്ലറയില്‍ ചവിട്ടി പുല്‍മേട്ടിലേക്കു മറിഞ്ഞ്, ഒരു അമ്പഴത്തില്‍ അള്ളിപ്പിടിച്ചു കയറി. കലിയടങ്ങാതെ മതിലില്‍ മൂക്കുരച്ചും മാന്തിയും കുറേനേരം കുരച്ചിട്ട് പട്ടികള്‍ ഇറക്കമിറങ്ങി ഓടിപ്പോയി. മരച്ചില്ലയില്‍ ചവിട്ടിനിന്ന് പുകിലന്‍ മേട്ടിലേക്ക് മുള്ളി. അപ്പോള്‍ പുല്‍പ്പരപ്പില്‍നിന്ന് കുറുക്കന്റേതു പോലൊരു കൂവല്‍ കേട്ടു. നീണ്ടു മെലിഞ്ഞ ഒരു രൂപം പുല്ലിലൂടെ പതുക്കെ നടന്ന് ഞങ്ങളിരിക്കുന്ന അമ്പഴത്തിന്റെ താഴെ വന്നുനിന്ന് മേലോട്ട് തലയുയര്‍ത്തി ഓലിയാന്‍ കൂവി. ആകാശത്തിലെ മേഘങ്ങള്‍ ഭൂമിയുടെ പുല്‍പ്പരപ്പിലേക്കു വിട്ട ഒരു എലിവാണത്തിന്റെ മിന്നലില്‍ ഞാന്‍ കണ്ടു. ഞങ്ങളെത്തന്നെ നോക്കിനില്‍ക്കുന്ന രണ്ടു കണ്ണുകള്‍. ദൈവമേ…! തൊട്ടടുത്തൊരു അമിട്ടു പൊട്ടി. അപ്പോള്‍, ആ നീലിച്ച കൃഷ്ണമണികള്‍ ഞങ്ങളുടെ കണ്ണില്‍ത്തന്നെ തറപ്പിച്ചുനോക്കി വട്ടത്തില്‍ കറങ്ങാന്‍ തുടങ്ങി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook