പാറയുടെ മുകളില്‍ ഒരു പക്ഷി, ചുറ്റും വെള്ളം. അമ്മച്ചി കട്ടിലില്‍ കിടന്നു വിളിച്ചു, “എടാ ജോയിയേ… പുഴയിങ്ങു കേറിയാ?”

“പുഴ കേറി നമ്മളേം കൊണ്ടേ പോവോന്നാ തോന്നുന്നേ.”

“എണീച്ചു നടക്കാന്‍ പറ്റോരുന്നെങ്കില്‍ ഒന്നു പോയിക്കാണാരുന്നു.”

അമ്മച്ചി ഇരുട്ടത്ത് മഴയും കേട്ടു കിടന്നു. ആഗസ്തിലെ മഴ നിന്നൊഴിയാതെ പെയ്തു. കായലിലുള്ളതും ആറ്റിലുള്ളതും പറമ്പിലോട്ടു കേറി. തൊടിയില്‍ ചെളി വന്നടിഞ്ഞു.

“എക്കലാ… നല്ല വളമാണ്. വെള്ളമിറങ്ങുമ്പോ നാല് കപ്പവാഴ വെക്ക്.”

“എന്റെ അമ്മച്ചീ… ഈ മഴയൊന്ന് മാറട്ടെ നിങ്ങളൊന്നു മിണ്ടാതിരിക്ക്‌.”

എനിക്കാണെങ്കില്‍ മോനെ പറ്റി ആലോചിച്ചപ്പോൾ സമാധാനം കിട്ടുന്നില്ല. കുറച്ചുനേരം മിണ്ടാതിരുന്ന അമ്മച്ചി കരയാന്‍ തുടങ്ങി. ഞാൻ എണീറ്റു ചെന്നു.

“നിങ്ങളെന്തിനാ കരയുന്നെ? ഓരോന്ന് ഉണ്ടാക്കി വെക്കല്ലേ…”

അടുക്കളയിൽ നിന്ന് ചക്കയരിയുന്നതും നിറുത്തി അവള്‍ എഴുന്നേറ്റു വന്നു.

“നിങ്ങള അമ്മച്ചിക്ക് എന്നതിന്റെ കേടാ…?”  അരയിൽ കയ്യൂന്നി അവൾ പറഞ്ഞു “വെള്ളം കേറിവരാതിരിക്കാന്‍ പ്രാര്‍ത്ഥിക്ക്. കര്‍ത്താവ്‌ വിചാരിച്ച് ഒന്നും ഉണ്ടാവാതിരുന്നാല്‍ മതി. എല്ലാംകൂടി കെട്ടിപ്പെറുക്കി എങ്ങോട്ട് പോവാനാ?”

“നീയൊന്ന് അടങ്ങ്‌. പുഴ കേറി വന്നാ നമുക്കങ്ങു പോണം. അതിനിങ്ങനെ തുള്ളണ്ട…” എല്‍സി വിറച്ചുകൊണ്ട് അവിടെത്തന്നെ നിന്നു.

“എടാ… അമ്മച്ചിയെക്കൂടെ കൊണ്ടോണം. വെള്ളം കേറിയാല്‍ കളഞ്ഞേച്ചും പോവല്ലേ…’’

അതുകേട്ടപ്പോള്‍ എല്‍സിക്ക് നല്ലോണം ദേഷ്യംവന്നു. “കിടപ്പിലായിട്ട് ഒന്‍പതു കൊല്ലായി. ഇതുകേട്ടാല്‍ ചാവാന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന പോലാണ് നിങ്ങളുടെ അമ്മച്ചി പറേണത്. ഞാനെന്താ നിങ്ങളുടെ അമ്മച്ചിയെ നോക്കുന്നില്ലേ?”

അതുകേട്ടപ്പോള്‍ അമ്മച്ചീ വീണ്ടും കരയാന്‍ തുടങ്ങി. പട്ടി മുറ്റത്തുനിന്നു കുരച്ചു.

“വെള്ളം കേറിയാ ആരാ അമ്മച്ചിയെ ഇട്ടേച്ചു പോകുന്നത്? ചത്താല്‍ നമ്മള് മൂന്നും ചാവും. അല്ല പിന്നെ,” ഞാൻ അമ്മച്ചിയെ സമാധാനിപ്പിച്ചു.

അവള്‍ മുറ്റത്തേക്കു നോക്കി എന്തൊക്കെയോ പിറുപിറുത്തു.
“ദാ ഇവനും നമ്മളോടൊപ്പം വരും. അല്ലേടാ…” കുര നിറുത്തി പട്ടി കേറി വന്നു.

വല്ലാത്ത മണം കൊണ്ടാണോ എന്തോ, അമ്മച്ചി അതിനെ ഓടിച്ചു കളയാന്‍ പറഞ്ഞു ഒച്ചവെച്ചു.akhil muraleedharan, story, iemalayalam
അവളോടി വന്ന് അവനെ വെളിയിലാക്കി. അത് മഴ കൊള്ളാതെ ചെരുവില്‍ കേറി നിന്നു. കുറച്ചു കഴിഞ്ഞ് മുറ്റത്തിറങ്ങി പൊന്തയ്ക്കു നേരെ കുരക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനും പുറത്തേക്കിറങ്ങി.

“നെടുമീനാണോടീ…”

“പോ, വല്ല പാമ്പുമാകും.”

ആ ദിവസം മുതല്‍ ഭിത്തികളിൽ ഒച്ചുകളെ കാണാന്‍ തുടങ്ങി. അടുക്കളയിലും വരാന്തയിലും കുളിമുറിയുടെ ഉള്ളിലും അവ യഥേഷ്ടം ഇഴഞ്ഞു നടന്നു.

“നിങ്ങളിതു കണ്ടോ,” അവള്‍ വിരൽ ചൂണ്ടി.

ചുറ്റും കാടായിരുന്നു- കൊക്കോയുടെ, കപ്പയുടെ കാട്. വെള്ളം താണ്‌പോയിട്ടും നനവു പടര്‍ന്ന മണ്ണ്. ദുരിതത്തിന്റെ തുള്ളികൾ ആകാശത്തു നിന്നും വന്നു വീണു കൊണ്ടിരുന്നു. വെള്ളം കയറി വീടെത്തിയില്ലെങ്കിലും തൊടി നനഞ്ഞു. വെറ്റിലക്കൊടികള്‍ അഴുകി, പൂച്ചകളെ കാണാതായി, ഒപ്പം മോനും കടന്നു കളഞ്ഞു. പക്ഷേ, പട്ടി എങ്ങും പോയില്ല. വാരിയെല്ലുകളില്‍ മൂന്നെണ്ണം തെളിഞ്ഞു കണ്ടു. മെലിഞ്ഞ ശരീരവുമായി അകത്തേക്കത് പ്രതീക്ഷയോടെ നോക്കി നിന്നു.

അമ്മച്ചി ഇടയ്ക്കിടക്ക് വെള്ളം എവിടം വരെ കേറിയെന്നുമാത്രം ചോദിച്ചു. രണ്ടു ദിവസം നല്ലവണ്ണം പനിച്ചു. കുറച്ചു പേടിച്ചു. പനി കുറഞ്ഞു.

“അവന്‍ മൂവാറ്റുപുഴ ചെന്നുകാണുമോ?” അവളിടയ്ക്ക് വന്നു ചോദിച്ചു.

“ഏതു കോപ്പിലോ പോട്ടെടീ… ഒരു നായിന്റെ മക്കളും ആവശ്യോന്നു പറഞ്ഞാ വീട്ടിക്കാണത്തില്ല. പോയിട്ടൊക്കെ വരട്ടെ.”

“എവിടെയോ പോട്ടെ. വെള്ളം കണ്ടാല്‍ പൊഴയിലായിരിക്കും. ഇതിപ്പോ അവിടെ വെള്ളം കേറിയിട്ടുണ്ടാവില്ലല്ലോ. ഒരു കണക്കിന് അതാ നല്ലത്.”

അവളങ്ങനെ സ്വയം പറഞ്ഞാശ്വസിച്ച് പിറകിൽ നിന്നും ചോദിച്ചു “നിങ്ങളീ മഴയത്ത് എങ്ങോട്ട് പോണ്?”

തൊടിയിലേക്ക്‌ ഇറങ്ങുമ്പോള്‍ പാമ്പുകള്‍ ഉണ്ടാകുമെന്ന് പറഞ്ഞ് അവള്‍ വിലക്കി. ഞങ്ങൾ മരത്തിനു ചുവട്ടില്‍ നിൽക്കുമ്പോൾ പട്ടി ഞങ്ങളുടെ അടുത്തുവന്നു ചൊതുങ്ങി. ഒരു ചേര പറമ്പിലൂടെ ഇഴഞ്ഞു വന്നപ്പോള്‍ അവള്‍, താന്‍ പറഞ്ഞത് ശരിയെന്ന മട്ടില്‍ എന്നെ നോക്കി. പട്ടി ആ ഭാഗത്തേക്കു നോക്കി ഉറക്കെ കുരച്ചു. കറിവേപ്പിന് മുകളില്‍ ഒച്ചുകള്‍ അവരുടെ സാമ്രാജ്യം ഉണ്ടാക്കാന്‍ തുടങ്ങി. പച്ചപ്പിനുമേല്‍ ചെറിയ സുഷിരങ്ങള്‍ വീണു. പതുക്കെയവയുടെ എണ്ണം പെരുകുകയാണ്. അകത്ത് അരിയടുപ്പത്തിടുമ്പോൾ പട്ടി അവളുടെ കൂടെ ചെന്ന്‌ തറയിൽ കിടപ്പായി.

“എടീ… ഊത്ത പിടിക്കാന്‍ തോന്നുന്നു. വെള്ളം കേറിയിടത്തൊക്കെകണ്ടമാനം മീന്‍ പൊന്തി.”

“നിങ്ങളൊന്നു അടങ്ങ്‌ ചെറുക്കന്‍ വരട്ടെ,”  അവള്‍ അടുത്തുവന്നിരുന്നു.

അമ്മച്ചി ഉള്ളിലിരുന്നു ഞരങ്ങി. “ജോയിയേ, നല്ല മീന്‍ കിട്ടുമെടാ… നീ ചെന്ന് നോക്ക്.”

“ആ, അമ്മച്ചി…”

രണ്ടുദിവസത്തിനുശേഷമാണ് കറണ്ട് വന്നത് .ടിവി ഓണ്‍ ചെയ്തപ്പോള്‍ ഒന്നും കാണുന്നില്ല. പുറത്തു വന്നിരുന്നു നേരം കൊല്ലി. വെള്ളം ഒഴുകിയ വഴിയില്‍ പട്ടി നിന്ന് കുരക്കുന്നതുകണ്ടപ്പോള്‍ ചെന്നു നോക്കി. അവളും ഇറങ്ങി വന്നു. രണ്ടു ചേരകള്‍ ചുറ്റി വരിയുന്നു. അതും നോക്കിക്കൊണ്ട്‌ അങ്ങനെ നിന്നു. ഞാന്‍ അവളെയൊന്നു തോണ്ടി.akhil muraleedharan, story, iemalayalam
‘ദേ… ഒന്ന് പോ ….’ എല്‍സി കണ്ണുരുട്ടി, പിന്നെ ചിരിച്ചു. പട്ടിയെ ഓടിച്ചേച്ചു അവിടെ അതിരില്‍ കയറി ഒരു ബീഡി കൊളുത്തി ചേരകളെ നോക്കിയിരുന്നു. അവള് എഴുന്നേറ്റ് പോയി. പട്ടി താഴെക്കിടന്നു കുരക്കുന്നു. ചേരത്തല പൊങ്ങിയും താണും കളിക്കുന്നു. മഴ ചാറിയപ്പോള്‍ ഉള്ളിലേക്ക് കയറിയിരുന്നു. വീണ്ടും മഴ. ടിവിയുടെ മുകളിലൂടെ ഒച്ച്‌ പതുക്കെ ഇഴയുന്നു.

“പാപ്പാ ഇത് അഫ്രിക്കനാണ് കൈകൊണ്ടു തൊട്ടേക്കല്ലേ… നല്ല എനമാ…എനം വേറെയാണ്. തോട് കാണുമ്പോള്‍ അറിയാം.”  അയലത്തെ പെണ്ണ് പറഞ്ഞപ്പോള്‍ ശരിക്കും അങ്ങനെ തോന്നി.

“മഴയത്ത് കേറിയതാടീ… ഉപ്പു വല്ലോം ഇട്ടു നോക്കാം…

“ചെറുക്കന്‍ വന്നില്ലേ ചേച്ചി?”

“ഈ മഴയത്ത് ചെറുക്കന് വീട്ടിലിരിക്കാന്‍ വയ്യ.”

എല്‍സി ഒന്നും പറഞ്ഞില്ല. വരുമായിരിക്കും എന്ന് ഞാന്‍ പറഞ്ഞത് അവള്‍ക്ക് സമാധാനമായോ എന്തോ.

“മൊബൈലിലുവല്ലോം വിളിക്ക് പാപ്പാ…”

“ഞാന്‍ കൊറേ വിളിച്ചു, കിട്ടണില്ല, ഇനിയിപ്പം ഞാനെന്തെയ്യാനാണ്.”

പുറുത്തിയുടെ മൂട്ടില്‍ നിന്നും പട്ടി വാരാന്തയില്‍ കേറിക്കിടന്നു. ഉള്ളതെല്ലാം പോയി. മഴ പുഴയെ കൊണ്ടുവന്നു കാണിച്ചു. കിടപ്പിലായ അമ്മച്ചി കിടന്നോണ്ടു പുഴ കണ്ടു. തന്നെ കാത്തുകിടക്കുന്ന രോഗിയെ കാണാനെന്നവണ്ണം അതു മുറ്റം വരെ വന്നോഴുകി.

“മൂത്തമ്മ മീനുകളെ കണ്ടോ എന്തോ?” എല്‍സി ഉള്ളിലോട്ടു നോക്കി ചോദിച്ചു.

ഉത്തരം നോക്കിക്കിടന്ന അമ്മച്ചി “ആ ഹാ, ഒത്തിരി ചേറുമീനുണ്ടല്ലോ… നന്നായി” എന്ന് പറഞ്ഞു ചിരിച്ചു.

അമ്മച്ചിക്ക് പുഴ കണ്ട സന്തോഷം. എനിക്ക് വീട് മുങ്ങോന്നുള്ള പേടി. രാത്രി പൊന്തകളില്‍ പന്നികള്‍ വന്നപ്പോള്‍ പട്ടി നന്നായി കുരച്ചു.

“ചെറുക്കന്‍ വന്നാടീ?”  ഞാന്‍ ടോര്‍ച്ച് അടിച്ചു നോക്കി. അവിടാരുമില്ല. അതുപന്നികളാണ്. അവന്‍ വന്നില്ല . പുഴ രാത്രി വീട്ടില്‍ വന്നു കേറുമെന്നു കരുതിയാണോ എന്തോ ഒച്ചുകള്‍ വീടിനെ പിടിച്ചെടുത്ത് ഭിത്തിയില്‍ ഇഴഞ്ഞു.

രാത്രിയില്‍ കാലിലൂടെ എന്തോ നനവ് ഇഴഞ്ഞപ്പോള്‍ തോന്നിയത് വെള്ളം വീട്ടിലെത്തിയെന്നാണ്. ഒച്ച്‌! ഞാന്‍ തോടോട് കൂടി വലിച്ചെടുത്ത്‌ ദൂരത്തേക്ക് എറിഞ്ഞു. അവളെ വിളിക്കാതെ ഒരു ബീഡി കത്തിച്ച് വാരാന്തയില്‍ ഇറങ്ങിയിരുന്നു.akhil muraleedharan, story, iemalayalam
തണുപ്പും ഈര്‍പ്പവും ഇരുളും നിറഞ്ഞ ഭാഗങ്ങളില്‍ നിന്നും തിരികെ പഴയ കാലത്തിലെ ഒരൊച്ചു മണ്ണിലേക്ക് ഇഴഞ്ഞു. അതെല്ലാം നിരാകരിച്ച് ഒന്നിനും ഉത്തരവാദിയല്ലെന്ന് അത് ബോധ്യപ്പെടുത്തി. അധിനിവേശം ചെയ്ത ഓരോന്നും ജലത്തിലും മണ്ണിലും കടന്നുകയറി. ജലം കയറി വരികയായിരുന്നു. പതുക്കെ വെള്ളം ചുറ്റി ഒരു തുരുത്തുണ്ടായി.

“അപ്പാ… അമ്മച്ചി…” ചെറുക്കന്‍ വിളിച്ചു. ആരും കേട്ടില്ല. വെളിച്ചമില്ല. ബാക്കി വന്ന തുരുത്തില്‍ ഒച്ചിന്‍ തോടുകള്‍ നിറഞ്ഞു. പുഴ പൊന്തി വന്നുകൊണ്ടിരുന്നു. എപ്പോഴോ പുഴയിലൂടെ പട്ടി  നീന്തി വന്നു. അതടുത്തു വന്നു കുടഞ്ഞു. ചെറിയ വള്ളത്തിന്റെ നിഴൽ കണ്ടുതുടങ്ങി. ഞാന്‍ കൂനിപ്പിടിച്ചിരുന്നു.
വെള്ളത്തിനുമേല്‍ നീല മഷി വേരാഴ്ത്തുന്നതു കണ്ടുകൊണ്ടിരുന്ന കുട്ടികള്‍ മറിച്ചൊരു ചോദ്യത്തിന് മുതിര്‍ന്നില്ല. മെല്ലെ മെല്ലെ മഷി ആഴത്തെ തൊടുന്നു. സാമ്പ്രാണിത്തിരി വായുവിലൂടെ പൊന്തി ആകാശത്തെ തൊടുന്നവിധം വെള്ളം താഴേക്ക് വലിക്കുമ്പോള്‍ വായു മുകളിലേക്ക് പൊന്തി.

“സാറേ…, പട്ടി!”

കുട്ടി പട്ടിയെ ചൂണ്ടിക്കാണിച്ചു. പൊട്ടിപ്പൊളിഞ്ഞ മതിനിലുള്ളിലൂടെ നൂണ്ടുകയറി വന്ന ചാര നിറത്തിലുള്ള പട്ടി. ക്ലാസ്സ്‌ പെട്ടന്ന് മെലിഞ്ഞ പട്ടിയിലേക്ക് മാറുന്നു. അതാ കെട്ടിടത്തെ ചുറ്റിയ ശേഷം പുറത്തേക്ക് ഇറങ്ങിയോടുന്നു. മഴയിലൂടെ പട്ടി ഓടുന്നു. പിന്നാലെ അവന്‍. പതുക്കെ കെട്ടിടങ്ങളും വെള്ളം നിറയുന്നു. ഭിത്തികളില്‍ നിന്നും ഒച്ചുകള്‍ ജലത്തിലെക്ക് ചാടുന്നു .

കട്ടിലിന്റെ കാലേ വരെ വെള്ളമെത്തി. അമ്മച്ചി നില വിളിച്ചതൊന്നുമില്ല. പക്ഷേ, സങ്കടം വന്നു. എല്ലാര്‍ക്കും ബുദ്ധിമുട്ടായി. വെള്ളം താഴ്ന്നപ്പോൾ‍ ഒരു ബോട്ടുവന്നു. അവരെ ഒരാള്‍ വള്ളത്തില്‍ കയറ്റി.

“നല്ല ഒഴുക്കല്ലേ? ജോയിയേ… വീണ്ടും ഈ വഴിയിലൊക്കെ പോവോന്നു കരുതിയോടാ?”

അവര്‍ ചിരിക്കുന്നു. ചുറ്റും വെള്ളമാണ് എന്നിട്ടും അവരെന്റെ മടിയില്‍ കിടന്ന് ആകാശം കാണുന്നു.

“മരിക്കാന്‍ പോണോര്‍ക്ക് യാത്ര ചെയ്താലും ചെയ്താലും മതി വരൂല.”

“അമ്മച്ചി ഒന്ന് മിണ്ടാതിരിക്ക്‌ . ഇടക്കൊരുത്തി കയറിപ്പറഞ്ഞു.”

ചെറുക്കനും പട്ടിയും കൂനിയിരുന്നു. എനിക്ക് സന്തോഷം തോന്നി. വീടെല്ലാം ഒച്ചുകള്‍ കയറിയിട്ടുണ്ടാകും. ഒരുപക്ഷേ, മേല്‍ക്കൂര വെള്ളത്തിനടിയില്‍ ആയിട്ടുണ്ടാകും. സാരമില്ല. അമ്മച്ചിക്ക് ഒരു യാത്ര തരപ്പെട്ടല്ലോ.

“അമ്മച്ചീ… മേഘം പോണത് കണ്ടോ?”

അമ്മച്ചിയുടെ കണ്ണുകൾ ആകാശത്ത് പരതി.

“മഴ മാറി നീ കൊറച്ച് കപ്പക്കന്നു മേടിക്കണം, ജോയീ…” അവർ മുകളിലേക്ക് നോക്കി ചിരിച്ചു.

വള്ളം കര പറ്റാന്‍ പതുക്കെ നീന്തിത്തുടങ്ങി.

“കര്‍ത്താവ് യേശു മിശിഹാ വിചാരിച്ച് ഞങ്ങളെ കര പറ്റിക്കണേ…” എല്‍ സി പ്രാര്‍ത്ഥിച്ചു. പട്ടി വള്ളത്തിന്റെ ഓരത്തുതന്നെ ഇരുന്നു. അന്നാദ്യമായി വെള്ളം കാണുമ്പോലെ…

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook