scorecardresearch
Latest News

ഇന്നലെയുടെ ഭൂതങ്ങൾ

വായനക്കാരനിൽ കാലം ഉറപ്പിച്ചു വെച്ച പരമ്പരാഗത വായനയുടെ വിരലടയാളങ്ങൾ മായ്ച്ചു കൊണ്ട് പുതിയ വായനയെ ശീലിക്കാൻ പ്രേരിപ്പിക്കുകയാണ് ‘പരിണാമത്തിന്റെ ഭൂത’ങ്ങളിൽ

ചില കാലങ്ങളിൽ ചില സാഹിത്യകൃതികൾ നടപ്പുരീതികളെ ലംഘിക്കുന്ന സ്ഥിതിവിശേഷം പൊതുവെ സംജാതമാകാറുണ്ട്. അത്തരം ചില അന്വേഷണങ്ങളെ രേഖപ്പെടുത്തുന്നത് എഴുത്തിന്റെയും വായനയുടെയും അപ്രഖ്യാപിത ലക്ഷ്യം തന്നെയാണ്. അത്തരം പല പരീക്ഷണങ്ങളും മലയാള സാഹിത്യമെഴുത്തിലുമുണ്ട്. പരീക്ഷണങ്ങൾ കാണാതിരിക്കാൻ പറ്റില്ല. ആനന്ദിന്റെ ‘പരിണാമത്തിന്റെ ഭൂതങ്ങൾ’ എന്ന കൃതി ഒരു പരീക്ഷണമാണ്. നോവൽ എന്ന വിഭാഗത്തിലാണ് ഇതുൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ നോവലിന്റെ വ്യവസ്ഥാപിത ചേരുവകളിൽ നിന്നും പല വിധത്തിൽ വ്യത്യസ്തമാണ് ഈ കൃതി. അതായത് നിർമ്മിതമായ സാഹിത്യത്തിന്റെ തച്ചുശാസ്ത്ര രൂപത്തെ ഉടച്ചുവാർക്കുന്നതാണ് ഈ പുസ്തകം.

ബോംബെ എന്ന നഗരത്തിലെ ആൾക്കൂട്ടത്തിന്റെ ആന്തരിക വ്യാപാരങ്ങളുടെ കഥയായ ‘ആൾക്കൂട്ടം’ എന്ന നോവലിന്റെ പരിസരഭൂമികയിലൂടെ ആനന്ദ് നടത്തുന്ന യാത്രയാണ് ‘പരിണാമത്തിന്റെ ഭൂതങ്ങൾ’ എന്ന സാഹിത്യപരീക്ഷണം. ഓർമകളുടെയും യാത്രകളുടെയും അവലോകനങ്ങളുടെയും എഴുത്തുരൂപമായ ‘വിഭജന’ങ്ങളിൽ ആനന്ദ് അവതരിപ്പിച്ച രൂപശില്പമാതൃകയിൽ നിന്നും ഒരു കാതം കൂടെ സഞ്ചരിച്ചു കൊണ്ട് ചിത്രങ്ങളും കാർട്ടൂൺ സ്ട്രിപ്പുകളും, ഭൂപടങ്ങളും മറ്റും സന്നിവേശിപ്പിച്ച ആഖ്യാനമാണ് ‘പരിണാമത്തിന്റെ ഭൂത’ങ്ങളുടേത്. നോൺ ഫിക്ഷന്റെ കെട്ടും മട്ടും ഫിക്ഷനിൽ എങ്ങനെ ആവിഷ്കരിക്കാമെന്ന അന്വേഷണത്തിന്റെ ഭാഗമായ ‘പരിണാമത്തിന്റെ ഭൂതങ്ങൾ’ സങ്കല്പങ്ങൾക്കും വസ്തുതകൾക്കുമിടയിലുള്ള എഴുത്തുകാരന്റെ സർഗ്ഗാത്മക സഞ്ചാരമാണ്. രചനാഘടനയെ അട്ടിമറിക്കുന്ന വിധത്തിൽ നഗരത്തെ കുറിച്ചുള്ള ചരിത്രശകലങ്ങളും എഴുത്തുകാരന്റെ വൈയക്തിക വിചാരങ്ങളും അടുക്കുകളായി രേഖപ്പെടുത്തി, യാഥാസ്ഥിതിക നോവലിന്റെ ഭൂതഘടനയെ പൊളിച്ചെഴുതുകയാണ് ആനന്ദ്. കഥ എന്ന ക്രിയാത്മകരൂപത്തിൽ നിന്നും പുറത്തു കടന്നു കൊണ്ട് മാനവിക വിഷയങ്ങളും, രാഷ്ട്രീയവും, ഭൂമിശാസ്ത്രവും, ചരിത്രവും ചർച്ച ചെയ്യാനാണ് ഈ കൃതിയിൽ ശ്രമിച്ചിരിക്കുന്നത്. വിജ്ഞാനീയ വിഷയങ്ങളും നോവലിന്റെ വിഷയം ആക്കാമെന്നും അതിനു മലയാളത്തിലും സാധ്യത ഉണ്ടെന്നും വിജയകരമായി ബോധ്യപ്പെടുത്തുന്ന പരിണാമത്തിന്റെ ഭൂതങ്ങൾ, അനുഭാവ്യചിത്രീകരണം സംബന്ധിച്ച എഴുത്തുരൂപം എന്ന സാമാന്യ നിർവചനത്തിൽ നിന്നും നോവലിനെ മാറ്റുന്നു. മറ്റൊരു പരീക്ഷണകൗതുകം കൂടി ഈ നോവലിൽ ആനന്ദ് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. നോവലിന്റെ ആഖ്യാതാവ് ആനന്ദ് തന്നെയാണോ അതോ സാങ്കൽപ്പിക കഥാപാത്രമാണോ എന്ന സംശയം ഇടയ്ക്ക് ജനിപ്പിക്കുന്നുണ്ട്. എന്നാൽ ‘ആൾക്കൂട്ട’മെന്ന കൃതിയെ സംബന്ധിച്ച കാര്യങ്ങൾ ആഖ്യാതാവ് പറയുന്നതിനാൽ ആഖ്യാനം ചെയ്യുന്നത് ആനന്ദ് തന്നെയാണെന്ന് ഉറപ്പിക്കാം.

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബോംബെ സന്ദർശിക്കുന്ന ആനന്ദ് ആധുനികതയുടെ കാലത്ത് താൻ എഴുതിയ ‘ആൾക്കൂട്ടത്തിന്റെ’ അന്തരീക്ഷത്തിൽ വന്ന പരിണാമത്തെ കുറിച്ചും വിശകലനം ചെയ്യുന്നു. വായ ഇല്ലായിരുന്ന മുംബൈ ദേവി അധിവസിക്കുന്ന പട്ടണത്തിൽ രണ്ടു തരത്തിലുള്ള സ്പീഷിസിനെ മാത്രമേ ഇപ്പോൾ കാണാനാവൂ എന്ന് ആനന്ദ് പറയുന്നുണ്ട്- ചലിക്കുന്ന വാഹനങ്ങളും മനുഷ്യരും. ചലനാത്മകമായ സമകാലിക സമൂഹത്തിൽ പരസ്യനഗരം ആയി മാറിയ ബോംബയിൽ, വിക്ടോറിയ ടെർമിനസ് റെയിൽവേ സ്റ്റേഷന് മുകളിൽ നിൽക്കുന്ന വിക്ടോറിയ റാണിയുടെ പ്രതിമ ദേശീയതയുടെ പേരിൽ ദേശസ്നേഹ ഭ്രാന്തമാർ തകർക്കാതിരിക്കട്ടെ എന്ന ആനന്ദിന്റെ പ്രത്യാശ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസക്തമാണ്. അന്ധേരിയിലുള്ള സുഹൃത്തിന്റെ വീട്ടിൽ ആണ് ഇത്തവണ എഴുത്തുകാരൻ താമസിക്കുന്നത്. ദിവസങ്ങളായി പൂട്ടിക്കിടന്ന വീട്ടിൽ നിന്നും പൊടിയും മാറാലയും വെടിപ്പാക്കുക എന്ന ജോലിയാണ് ആഖ്യാതാവിനു ചെയ്യേണ്ടിയിരുന്നത്. ശ്രമകരമായ ആ ജോലി ചെയ്തു തീർത്ത അയാൾ പിന്നീട് ഓർമകളെ മൂടിയ മാറാലകളെ വൃത്തിയാക്കാനുള്ള ഉദ്യമത്തിന് തുടക്കമിട്ടു.

ഓർമ്മക്കുറിപ്പുകൾ എന്നതിലുപരി ഭൂതകാലവഴികളിലൂടെയുള്ള അലച്ചിലാണ് ആഖ്യാതാവിന്റേത്. ആ പര്യടനത്തിൽ അയാൾക്കുണ്ടാകുന്ന ഇച്ഛാഭംഗങ്ങളെയും തെളിഞ്ഞു നിൽക്കുന്ന ഓർമ്മകളെയും വ്യക്തികളെയും വ്യാപാരസമുച്ചയങ്ങളെയും അധോലോകത്തെയും അയാൾ സ്പർശിച്ചറിയാൻ വ്യഗ്രത കാണിക്കുന്നു. അംബാനിയും, നുസ്ലി വാദിയയും, ദാവൂദ് ഇബ്രാഹിമും, ബോളിവുഡ് താരങ്ങളും ആ ഓർമക്കുരുക്കിൽ പെട്ട് വീർപ്പു മുട്ടുന്നു. വർഷങ്ങളുടെ ഇടവേള ബോംബയെ മുംബൈ ആക്കി തീർത്തപ്പോൾ സിനിമകളുടെ നഗരം പരസ്യങ്ങളുടെ നഗരം കൂടി ആയി മാറി. അതു പോലെ തുണിമില്ലുകളും മിൽ തൊഴിലാളികളും വംശനാശം വന്ന ബോംബെയാണ് നോവലിസ്റ്റ് കാണുന്നത്. ഫാക്ടറികളിൽ നിന്നും ജോലിസമയത്തെ സൂചിപ്പിച്ചിരുന്നു സൈറണുകൾക്ക് പകരം അധികാരത്തിന്റെ ഹിംസാത്മക സംഗീതം ആണ് ഇപ്പോൾ എവിടെയും അലയടിക്കുന്നത്. ഒരു പ്രത്യേക ജനതയേയോ സ്ഥലത്തേയോ ദേശത്തേയോ സംബന്ധിച്ച എൻഡെമിക് (Endemic) യുദ്ധങ്ങളാണ് ഇക്കാലത്തു നടന്നു കൊണ്ടിരിക്കുന്നതെന്നു അഭിപ്രായപ്പെടുന്ന ആനന്ദ് അധികാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും അവിഹിതബന്ധത്തെ ഉത്കണ്ഠയോടെയാണ് കാണുന്നത്.

ചിത്രം: വിഷ്ണു റാം

എഴുത്തുകാരന്റെ ചിന്തകൾ, വിചാരങ്ങൾ, ആലോചനകൾ, യാത്രകൾ, ഓർമകൾ, ഓർമകളുടെ പുനർനിർമാണം എന്നിവ ഉള്ളടക്കത്തിലുള്ള ‘പരിണാമത്തിന്റെ ഭൂതങ്ങൾ’ സാമ്പ്രാദായിക പരിവട്ടങ്ങളിൽ എഴുതപ്പെടുന്ന നോവലുകളിലുള്ള ആദിമധ്യാന്ത പൊരുത്തമെന്ന ഘടനയെ വെല്ലുവിളിക്കുന്നു. വസ്തുതകളും കഥകളും ചേർന്നുള്ള ആഖ്യായികയായ ഈ കൃതി പ്രശസ്ത ജർമൻ സാഹിത്യകാരനായ ഡബ്ലിയു ജി സെബാൾഡിന്റെ നോവലുകളുടെ ഘടനയിൽ സാമ്യം പുലർത്തുന്നു. ഹോളോകോസ്റ്റിന്റെ ഭീകരതയെ കോണ്സെന്ട്രേഷൻ ക്യാമ്പുകളുടെ ചിത്രങ്ങളിലൂടെയും വാസ്‌തുവിദ്യ മാതൃകകളിലൂടെയും ഒക്കെ പരിചയപ്പെടുത്തിയ Austerlitz, Rings of Saturn, Vertigo, The Emigrants എന്നീ നോവലുകളിൽ സെബാൾഡ് വായനക്കാരന്റെ ചിന്തയെ ദീപ്തമാക്കി.

കോണി ബാർലോ എന്ന ശാസ്ത്രജ്ഞ എഴുതിയ The Ghosts of Evolution എന്ന ഗ്രന്ഥത്തെ പറ്റി പരാമർശിക്കുകയും അതിന്റെ മുഖചിത്രം ആഖ്യാനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, വംശനാശം വന്ന മൃഗങ്ങളെപ്പോലെ ജൈവമനുഷ്യൻ എന്ന സങ്കൽപ്പനവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന ധാരണ സമർത്ഥിക്കുകായാണ് ആനന്ദ്. ബോംബയിൽ നിന്നുള്ള മടക്കയാത്രയിൽ തീവണ്ടിയിൽ വെച്ചാണ് ആഖ്യാതാവ് ഈ പുസ്തകം വായിക്കുന്നത്. നഗരങ്ങൾ പിന്നിട്ടു കൊണ്ടുള്ള ജന്നലോരക്കാഴ്ചയിൽ അസ്വസ്ഥത മാത്രമാണ് അയാൾക്കുണ്ടാവുന്നത്. ഇന്ത്യയിലെ എല്ലാ നഗരങ്ങളും നിരാശകളും അസ്വസ്ഥതകളും ആണ് സമ്മാനിക്കുന്നത് എന്ന് അയാൾ തിരിച്ചറിയുന്നു. “ആ അസ്വസ്ഥതയുടെ നാട്ടുവെളിച്ചത്തിലേക്ക് ഭൂതങ്ങൾ ഒന്നൊന്നായി കടന്നു വരാൻ തുടങ്ങി” എന്ന അനുഭവമായിരുന്നു ആഖ്യാതാവിന്റേത്.

വേറൊരു രീതിയിൽ പറഞ്ഞാൽ തന്റെ വ്യക്തിത്വത്തിനെ അസ്വസ്ഥമാക്കാൻ ആനന്ദിലെ എഴുത്തുകാരൻ നടത്തുന്ന പരീക്ഷണയാത്രയുടെ ഫലമായിട്ടുണ്ടായ സാഹിത്യകൃതിയാണ് ‘പരിണാമത്തിന്റെ ഭൂതങ്ങൾ’. പുറമെയുള്ള ഭൂപ്രകൃതിയുടെ ചരിത്രപശിമയിൽ നഷ്ടപെട്ട ഭൂതകാലസമൃതികൾ യാത്രക്കാരനിൽ ( എഴുത്തുകാരനിൽ) സൃഷ്ടിക്കുന്ന ഭാവഭേദങ്ങളാണ് ഇത്തരമൊരു രചനയ്ക്ക് ആധാരം. കല്പിതകഥകളും വാസ്തവങ്ങളും കൂടി ചേർന്ന ബോംബെയുടെ വംശാവലിച്ചരിതമാണ് ഇത്. നഗരത്തിന്റെ പുതിയ മുഖത്തെ പുതിയ വീക്ഷണത്തോടെ കാണുന്ന ആനന്ദ് , വായനക്കാരനിൽ കാലം ഉറപ്പിച്ചു വെച്ച പരമ്പരാഗത വായനയുടെ വിരലടയാളങ്ങൾ മായ്ച്ചു കൊണ്ട് പുതിയ വായനയെ ശീലിക്കാൻ പ്രേരിപ്പിക്കുകയാണ് ‘പരിണാമത്തിന്റെ ഭൂത’ങ്ങളിൽ.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Anand novel rahul radhakrishnan