scorecardresearch
Latest News

ഉയിരടയാളങ്ങളുടെ സൂക്ഷിപ്പുകാരൻ

ശബ്ദായമാനമായ അന്തരീക്ഷത്തിൽ മൗനം പാലിക്കേണ്ടി വരുന്ന ,ആന്തരിക സംഘർഷങ്ങളുടെ അനുഭവകോശങ്ങൾ സൃഷ്ടിക്കുന്ന ആകാശമൗനത്തിന്റെ പരിണതഫലമാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. ചരിത്രത്തിൽ നിന്നും ബഹിഷ്കൃതരാവുന്നവരെ കുറിച്ചുളള നിലപാടുകൾ കൂടിയാണ് അമിതാവ് ഘോഷിന്റെ എഴുത്ത് ജീവിതം. ജ്ഞാനപീഠ പുരസ്ക്കാര ജേതാവായ അമിതാവ് ഘോഷിന്റെ എഴുത്തിനെ കുറിച്ച് യുവനിരൂകപകനായ രാഹുൽ രാധാകൃഷ്ണൻ എഴുതുന്നു

ഉയിരടയാളങ്ങളുടെ സൂക്ഷിപ്പുകാരൻ

അന്പതിനാലാമാത് ജ്ഞാനപീഠം അമിതാവ് ഘോഷിന് സമ്മാനിക്കുക വഴി ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തിന് അർഹിക്കുന്ന പരിഗണന കൈവരികയാണ്. പരമ്പരാഗത എഴുത്തിന്റെ മൂശയിൽ നിന്നും വഴുതി മാറി, എന്നാൽ ഉത്തരാധുനിക പരീക്ഷണങ്ങളുടെ ആലയിൽ തളയ്ക്കപ്പെടാതെയുള്ള ഗൗരവപൂർവ്വമായ വിഷയങ്ങളാണ് അമിതാവ് ഘോഷ് എപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത്. ഭൂമിയിൽ ഉറച്ചു നിന്നു കൊണ്ട് ചുറ്റുമുള്ള വിശാലമായ ലോകത്തെ ഉറ്റുനോക്കാനാണ് അദ്ദേഹം എഴുതുന്നത്. ഭൂപടങ്ങളെയും അതിരുകളെയും വിസ്‌തൃതമാക്കിക്കൊണ്ട് പലായന ങ്ങളുടെയും കാലാവസ്ഥാവ്യതിയാനങ്ങളുടെയും അതിജീവനത്തിന്റെയും ബലതന്ത്രങ്ങളെയാണ് ഘോഷ് അവതരിപ്പിക്കുന്നത്. ശരിയായ ചരിത്രം മായ്ച് പുതിയതെഴുതുന്ന സമകാലത്ത് മനുഷ്യൻ പ്രകൃതിയോട് കൂടുതൽ സമരസപ്പെടേണ്ടതിന്റെ പ്രാധാന്യം എത്ര മാത്രമാണെന്ന് അദ്ദേഹം ഉറക്കെ പറയുന്നു. കോളനിവാഴ്ചയുടെ ക്ഷതങ്ങളെയും അധികാരവ്യവസ്ഥയുടെ പ്രത്യാഘാതങ്ങളെയും പല ഭാവങ്ങളിലും രൂപങ്ങളിലും നേരിടേണ്ടി വരുന്ന കഥാപാത്രങ്ങളുടെ ബഹുസ്വരതയുടെ പ്രതിനിധാനമാണ് അമിതാവ് ഘോഷിന്റെ സാഹിത്യജീവിതം. ആന്തരിക സംഘർഷങ്ങളുടെ അനുഭവകോശങ്ങൾ സൃഷ്ടിക്കുന്ന ആകാശമൗനത്തിന്റെ പരിണതഫലമാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ.

കുടിയേറ്റങ്ങളുടെ താളപ്പകർച്ചകൾ മനുഷ്യജീവിതത്തിന്റെ അസ്തിത്വത്തെ ഏതെല്ലാം വിധത്തിലാണ് ബാധിക്കുന്നതെന്ന ചിന്ത ആണ് അമിതാവ് ഘോഷ് ഉയർത്തുന്ന പ്രധാനപ്പെട്ട ഒരു വ്യവഹാരം. സ്വത്വവ്യതിയാനം തന്നെ ഇത്തരം അലച്ചിലിലൂടെ സംഭവിച്ചേക്കാം. തീവ്രവാദി ആയി മുദ്ര കുത്തിയതിനെ തുടർന്ന് ബംഗാളിലെ തന്റെ ഗ്രാമം വിട്ടു പോകേണ്ടി വന്ന ആലുവിന്റെ കഥ ഇതിന്റെ ഉദാഹരണമാണ്. ഘോഷിന്റെ ആദ്യ നോവലാ യ ‘The Circle of Reason’ലെ കഥാപാത്രമാണ് ആലു . ബംഗാളിൽ നിന്നും ബോംബ വഴി ആഫ്രിക്കയിൽ എത്തപ്പെട്ട ആലുവിന്റെ ചരിത്രത്തിലൂടെ രാഷ്ട്രത്തിന്റെ ചരിതത്തെയാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. പലായനം മുറിവുകൾ നിറഞ്ഞ ‘അവസാനമില്ലാത്ത യാത്ര’ യാണെന്ന് അദ്ദേഹം പറയാതെ പറയുന്നുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സൂക്ഷ്മവിവേചന ത്തെ പറ്റി വിവരിക്കുമ്പോളും അതിനൊരു പാൻ ഏഷ്യൻ വീക്ഷണം കൊടുക്കുന്നതിൽ ഘോഷ് ശ്രദ്ധാലുവാണ്. നോവലുകളിലും ‘In an Antique Land, Great Derangement’ തുടങ്ങിയ നോൺ ഫിക്ഷനുകളിലും ലഭ്യമായ ചരിത്ര/ പുരാവസ്തു രേഖകളുടെ സഹായത്തോടെയല്ല അദ്ദേഹം ആശയങ്ങളുടെ അച്ചു നിരത്തിയിട്ടുള്ളതെന്ന് വ്യക്തമാണ്. അറിയപ്പെടാ ത്ത വസ്തുതകളെ കുഴിച്ചെടുക്കുന്ന തരത്തിലുള്ള ഗവേഷണമാണ് അദ്ദേഹത്തിന്റെ ഓരോ പുസ്തകത്തിനു പിന്നിലും മറഞ്ഞിരിക്കുന്നത്. അപപ്രദേശവൽക്കരണം, പലായനം, ഒരു ജനതയുടെ മറ്റു പ്രദേശങ്ങളിലേക്കുള്ള ചിതറിപ്പോകൽ എന്നീ ഘടകങ്ങളുടെ അന്തർധാര അദ്ദേഹത്തിന്റെ കൃതികളിൽ പ്രത്യക്ഷമായോ പരോക്ഷമായോ കാണാം.

എഴുത്തിന്റെ ലോകത്ത് ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിനുള്ള സ്ഥാനം ലോകമമ്പാടെ ഉറപ്പിക്കുന്നതിൽ അമിതാവ് ഘോഷിനുള്ള സ്ഥാനം വളരെ വലുതാണ്‌. 2015ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തിനു ള്ള ചുരുക്കപ്പട്ടികയിൽ അമിതാവ് ഘോഷും ഉണ്ടായിരുന്നു. നരവംശ ശാസ്ത്രവും ചരിത്രവും വൈദ്യശാസ്ത്രവും എല്ലാം നേരിട്ടും അല്ലാതെയും ബന്ധിപ്പിക്കുന്ന തരത്തിൽ അമിതാവ് ഘോഷിന്റെ നോവലുകൾ വായനയെ പൊളിച്ചെഴുതുകയായിരുന്നു.amitav ghosh , njanapeed award

എഴുത്തുകാർ സമകാലിക കാഴ്ച്ചകളെക്കാൾ പ്രാധാന്യമുള്ള വിഷയങ്ങ ളെ അഭിമുഖീകരിക്കണമെന്ന പക്ഷക്കാരനായ ഘോഷിന് ലോകത്തെ അതിന്റെ എല്ലാ ചുറ്റുപാടുകളിലൂടെയും കൂടെ കാണുന്നതിലായിരുന്നു താൽപ്പര്യം. ഒരു ദേശത്ത് ജീവിച്ചിരുന്ന വംശത്തിന്റെ പലായനവും ചിതറിപ്പോകലും അമിതാവ് ഘോഷിനെ എന്നും ആകർഷിച്ചിരുന്ന വിഷയമായിരുന്നു. ഇൻഡോ-ബർമീസ് വംശങ്ങളുടെ ശിഥിലാവസ്ഥയെ കുറിച്ച് വിശദീകരിക്കുന്ന ‘ഗ്ലാസ് പാലസി’ലും കൂലിത്തൊഴിൽ സ്വീകരിച്ചു കൊണ്ട് ബ്രിട്ടിഷുകാരുടെ അധീനതയിലുള്ള തോട്ടങ്ങളിലേക്ക് ജീവിതം പറിച്ചു നടുന്ന ഇന്ത്യക്കാരെ അവതരിപ്പിക്കുന്ന ‘സീ ഓഫ് പോപ്പീസ്’ ലും കുടിയേറിപ്പാര്‍പ്പ് എന്ന അവസ്ഥാവിശേഷത്തിന്റെ നിറം കെട്ട ചിത്രങ്ങൾ ഘോഷ് വരച്ചു കാണിക്കുന്നു. പോസ്റ്റ്‌കൊളോണിയൽ ബോധം പ്രകടമാ ക്കുന്ന കൃതികൾ, ഘോഷിന്റെ എഴുത്ത് ജീവിതത്തിൽ കൊൽക്കത്തയിൽ ചെലവഴിച്ച ബാല്യകാലം വലിയ ഒരു സ്വാധീനമായിരുന്നു എന്ന് വ്യക്തമാക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ഉള്ളറകളിലൂടെ ബർമയിലും ഇന്ത്യയിലും മലയയിലുമായുള്ള യാത്രയാണ് ‘ദി ഗ്ലാസ്‌പാലസ്’ ( The Glass Palace) . സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ക്രൂരതകൾ ബർമയിലെ ജനങ്ങളെ കീഴ്പ്പെടുത്തുകയും രാജവംശത്തെ നിഷ്കാസനം ചെയ്തു കൊണ്ട് അവരെ ഇന്ത്യയിലേക്ക് നാട് കടത്തുന്നതിന്റെയും ദശാസന്ധികൾ ഈ നോവലി ലൂടെ ഘോഷ് അവതരിപ്പിക്കുന്നു. പത്തൊന്പതാം നൂറ്റാണ്ടിന്റെ ഒടുവിൽ ബർമയിൽ ബ്രിട്ടിഷ്കാരുടെ കുടിലതയിൽ നടമാടിയ നാടകീയ സംഭവങ്ങൾ ക്ക് അന്ത്യം കുറിച്ച് കൊണ്ട് രാജാവിനെയും പരിവാരങ്ങളെയും ഇന്ത്യയി ലേക്ക് നാട് കടത്തുകയാണ്. ‘ഗ്ലാസ് പാലസ്’ എന്ന് കേൾവി കേട്ട കൊട്ടാര വും ഉപേക്ഷിച്ച് കൊണ്ട് അവർ യാത്രയാവുകയാണ്. രാജ്കുമാർ എന്ന ബർമീസ് ബാലന്റെ ഓർമയിൽ ഈ ആഭ്യന്തര കലാപത്തിന്റെ വർഷങ്ങൾ കഴിഞ്ഞിട്ടും മായാതെ നിൽക്കുന്നു. ഈ അനിശ്ചിതങ്ങൾക്കിടയിൽ കൊട്ടാരത്തിലേക്ക് ദേശവാസികൾ അതിക്രമിച്ചു കടക്കുകയും അവിടെ വെച്ച രാജ്കുമാർ രാജകുമാരിയുടെ തോഴിയായ ഡോളിയെ കാണുകയും ചെയ്യുന്നു. വർഷങ്ങൾക്കിപ്പുറം ബർമയിലെ പേര് കേട്ട വ്യവസായിയായി മാറിയ രാജ്കുമാർ ഡോളി ഇന്ത്യയിൽ ഉണ്ടെന്നറിഞ്ഞ് നാടുകടത്തപ്പെട്ട രാജകുടുംബം വസിക്കുന്ന രത്നഗിരി സന്ദർശിക്കുകയും അധികം വൈകാതെ അവളെ ജീവിത സഖിയാക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തിൽ വളരെ ലളിതമായി തോന്നാവുന്ന ഒരു കഥാഗതിയിലേക്ക് ചരിത്രത്തിന്റെ രാഷ്ട്രീയമാനങ്ങളും ഭാവനയുടെ അപാരതയും ചേര്ത്ത് വെച്ച് അവതരി പ്പിക്കുന്നതിനുള്ള അസാമാന്യ പാടവം ‘ഗ്ലാസ്‌പാലസി’നെ ക്ലാസ്സിക്‌ തലത്തിലേക്ക് വളർത്തുകയാണ്. രണ്ടാം ലോകയുദ്ധവും ഇന്ത്യൻ നാഷണൽ ആർമിയുടെ ഉദയവും ഇന്ത്യൻ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളുമെ ല്ലാം പശ്ചാത്തലമായി വരുന്ന നോവൽ പത്തൊൻപതാം നൂറ്റാണ്ടോടെ പ്രചാരത്തിലായ റബ്ബർ വ്യവസായത്തെ പറ്റിയും വിശദീകരിക്കുന്നുണ്ട്. രണ്ടാം ലോക യുദ്ധത്തോടനുബന്ധിച്ച് ജപ്പാൻ സൈന്യം ബർമയെ ആക്രമിക്കുകയും വൻതോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ബ്രിട്ടിഷ്കാർക്ക് ഈ മുന്നേറ്റത്തെ തടയാൻ പറ്റാതാവുകയും ബർമയിൽ ജീവിച്ചിരുന്ന ഇന്ത്യക്കാർക്കടക്കം കൂട്ട പലായനം ചെയ്യേണ്ടി വരികയും ചെയ്യുന്നു. അശാന്തിയുടെ വിത്തുകൾ മുളച്ചു കൊണ്ടിരുന്ന കലുഷിതമായ ഈ സാഹചര്യത്തിലാണ് ഘോഷിന്റെ നോവൽ വികാസം പ്രാപിക്കുന്നത്. മൂന്നു തലമുറകളിൽ പെട്ട ബംഗാളി കുടുംബത്തിലൂടെ വിഭജനത്തിന്റെയും വർഗീയലഹളയുടെയും രണ്ടാം ലോകയുദ്ധത്തിന്റെ യും അനുഭവങ്ങളെ അവഹരിപ്പിക്കുന്ന നോവലാണ് ‘The Shadow Lines’. തൃദീപ് എന്ന കഥാപാത്രത്തിന്റെ നീട്ടിയെഴുത്തായി കണക്കാക്കാവു ന്നതാണ് ‘The Glass Palace’ലെ രാജ്കുമാറിന്റെ കഥാപാത്രനിർമിതി.amitav ghosh

കാലാവസ്ഥാപ്രതിസന്ധിയെ തീർത്തും വ്യത്യസ്തമായ തലത്തിലാണ് അമിതാവ് ഘോഷ് അഭിസംബോധന ചെയ്യുന്നത്. അതൊരു ശാസ്ത്രവിഷയമല്ലെന്നും സംസ്കാരവുമായി ബന്ധപ്പെട്ട വിഷമഘട്ടം ആണെന്നുമുള്ള അദ്ദേഹത്തിന്റെ നിഗമനം ശ്രദ്ധിക്കേണ്ടതാണ്. . ഇതിനെ ഒരുദാഹരണം കൊണ്ടാണ് അദ്ദേഹം ന്യായീകരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലുള്ളവർ വീടിന്റെ മുറ്റത്ത് പുൽത്തകിടി വെച്ചു പിടിപ്പിക്കുന്നത് പതിവാണ്. കടലിലെ ഉപ്പുവെള്ളം ശുദ്ധീകരിച്ചെടുത്ത വെള്ളം കൊണ്ടാണ് അവർ ഇതൊരുക്കുന്നത്.ചെലവ് കൂടുതലുള്ള ഈ പ്രവൃത്തി പ്രകൃതിയെ സന്തുലിതമാക്കുമെന്നുള്ള അറിവ് ശാസ്ത്രപുസ്തകത്തിൽ നിന്നാവില്ല അവർക്ക് ലഭിച്ചിട്ടുള്ളത്. ജെയിൻ ഓസ്റ്റിനും മറ്റും എഴുതിയ നോവലുക ളിലെ ചുറ്റുപാടുകളിൽ കൂടിയാണ് ഈ അന്തരീക്ഷം അവരിലേക്ക് എത്തി യിട്ടുണ്ടാകുക എന്നാണ് അമിതാവ് ഘോഷിന്റെ വാദം. കാലാവസ്ഥയെ യും പ്രകൃതിയെയും കുറിച്ചുള്ള ശാസ്ത്ര നിഗമനങ്ങളെക്കാളും പൊതു സമൂഹം ഇങ്ങനെയുള്ള ചില യുക്തിവിചാരങ്ങളിൽ അഭിരമി ക്കുന്നതായി കാണാം. നമ്മുടെ ചുറ്റുവട്ടത്തുള്ള ഇത്തരം പ്രവണതകളെ, പാരിസ്ഥിതിക പ്രശ്നങ്ങളെ അലസമായി നോക്കിക്കാണുന്നു. സ്വാഭാവികമായും സമൂഹത്തിന്റെ സാംസ്കാരികസ്വത്വത്തിൽ കാലാവസ്ഥാവ്യതിയാനവും ഒരു ‘വിഷയം’ പോലെ ആയി പരിണമിച്ചു. ഇത്തരം ഒരു സാഹചര്യത്തെ മറികടക്കാൻ സാഹിത്യത്തിന് എന്ത് ചെയ്യാൻ സാധിക്കും എന്നാരായുക യാണ് എഴുത്തുകാരനായ അമിതാവ് ഘോഷ്. ‘The Great Derangement: Climate Change and the Unthinkable’ എന്ന പുസ്തകത്തിൽ ഘോഷ് പ്രകൃതിയും സംസ്കാരവും തമ്മിലുള്ള അന്തരം വ്യാപിക്കുന്നതിനെ കുറിച്ചു പരാമർശിക്കുന്നുണ്ട്. പ്രകൃതിയുടെ പ്രശ്നനങ്ങളെ മനസിലാക്കി അതിനുള്ള പോംവഴികൾ പറ്റി ആലോചിക്കുന്ന ഘോഷിനെയാണ് ഈ പുസ്തകത്തിൽ കാണുന്നത്. ‘The Hungry Tide’ എന്ന നോവലിലും ജൈവ വ്യവസ്ഥയെ തന്നെയാണ് അദ്ദേഹം ചർച്ച ചെയ്യുന്നത് മുമ്പ് വായിച്ചിട്ടില്ലാ ത്തതും കേട്ടറിവില്ലാത്തതും ആയ സംഭവങ്ങളെ ഫിക്ഷന്റെ ചട്ടക്കൂടിൽ അനാദൃശ്യമായ മനോഹരിതയോടെ ഘോഷ് എഴുതുമ്പോൾ അതൊരി ക്കലും കൃത്രിമ ലോകത്തെ നിർമ്മിക്കുന്ന അജൈവിക പ്രക്രിയ ആവുന്നി ല്ല, ബംഗാളിലെ സുന്ദർബാൻ കണ്ടൽക്കാടുകൽക്കിടയിലൂടെ ഒഴുകുന്ന പുഴയിൽ ഡോൾഫിനുകളെ കുറിച്ച് പഠിക്കാൻ വരുന്ന പിയാലി റോയിയു ടെ കഥയാണ് ഘോഷ് നോവലിൽ പ്രതിപാദിക്കുന്നത്. സുന്ദർബനിന്റെ തീരത്തുള്ള ലൂസിബാരി എന്ന കൊച്ചു ദ്വീപും പിയാലിയെ സഹായിക്കാ നെത്തുന്ന ഫോക്കീർ എന്ന നിരക്ഷരനായ വള്ളക്കാരനും ഗംഗാനദിയുടെ അടിത്തട്ടിലെവിടെയോ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഡോൾഫിനും എല്ലാമായി ഭാവനയുടെയും മാനുഷികബന്ധങ്ങളുടെയും വേലിയേറ്റത്തി ന്റെ ആഖ്യായികയാണ് ‘ഹംഗ്രി റ്റൈഡ്’. സ്ത്രീ പുരുഷ ബന്ധത്തിന്റെ സങ്കീർണതയോടൊപ്പം നരഭോജികളായ കടുവകളുടെ ഇരകളായി മാറുന്ന സാധാരണക്കാരെ കൊണ്ട് നിറഞ്ഞ പ്രദേശത്തെ ചേർത്ത് വെക്കുന്നതിലൂടെ കനായി എന്ന കഥാപാത്രത്തിന്റെ സ്ത്രീകളോടുള്ള മനോഭാവത്തെയും പുരുഷ മേധാവിത്വത്തെയും ചോദ്യം ചെയ്യാനാണ് ഘോഷ് ശ്രമിച്ചിരിക്കുന്നതെന്ന് വ്യക്തം. ആധുനികതയുടെ (Modernity) നിയതക്രമം തെറ്റിക്കുന്ന പ്രതിഭാസമായി കാലാവസ്ഥാ മാറ്റാതെ അമിതാവ് ഘോഷ് നിരീക്ഷിക്കുന്നുണ്ട്. തീർത്തും പ്രസക്തമായ ഈ കാഴ്ചപ്പാടിന്റെ പ്രകരണങ്ങൾ സുന്ദർബനിലുണ്ട്. ഇതോടൊപ്പം ചില പുരാവൃത്തങ്ങളെ അദ്ദേഹം ആഖ്യാനത്തിൽ കൊണ്ടു വരുന്നുണ്ട് സുന്ദർബനിൽ പ്രചരിക്കുന്ന ഒരു കെട്ടുകഥയുണ്ട്. ബോൺബിബി എന്ന വനദേവതയാണിതിലെ നായിക വനം അടക്കി വാണ രാക്ഷസരാജാവായ ഡോകിൻറായി എന്ന നീചനിൽ നിന്നും വനഭൂമിയുടെ പകുതി മനുഷ്യർ ക്കായി വീതിച്ചത് ബോൺബിബി ആയിരുന്നു. പിന്നീട് ദേവത അവിടെ യുള്ളവരെ സംരക്ഷിച്ചു . എന്നാൽ പ്രേതഭൂതങ്ങളെയും തിന്മകളുടെയും വിളനിലമായി മറ്റേ പകുതി മാറി . മനുഷ്യരക്തത്തിനായി ആർത്തി പൂണ്ടിരിക്കുന്ന രാക്ഷസരാജാവിന്റെ കയ്യിൽപ്പെട്ടാൽ ജീവൻ തിരിച്ചു കിട്ടുകയില്ലെന്നും ആളുകൾ വിശ്വസിച്ചു. ഈ കെട്ടുകഥയുടെ അടരുകൾ നോവലിലുമുണ്ട്. ആഗോളവൽക്കരണത്തിന്റെ അശനിപാതങ്ങളെ മിത്തുകളിലൂടെയും പഴംകഥകളിലൂടെയും അഭിമുഖീകരിക്കുന്ന ജനതയെയാണ് അമിതാവ് ഘോഷ് അവതരിപ്പിച്ചതെന്ന് കരുതുന്നതിൽ തെറ്റില്ല.

ഐബിസ് ത്രയമെന്ന പേരില് എഴുതിയ നോവലുകളായിരുന്നു സീ ഓഫ് പോപ്പിസും ( Sea of Poppies) റിവർ ഓഫ് സ്മോക്കും (River of Smoke) ഫ്ലഡ് ഓഫ് ഫയറും (Flood of Fire) . ബ്രിട്ടനും ചൈനയുമായുള്ള ഒന്നാം കറുപ്പ് യുദ്ധം (1839-42)നടക്കുന്നതിനും മുന്പ് ആയിട്ടായിരുന്നു സീ ഓഫ് പോപ്പിസിലെ കഥ നടക്കുന്ന സന്ദർഭം. ഗംഗയുടെ തീരത്തെ അവീൻ പൂക്കളിൽ കണ്ണുടക്കിക്കൊണ്ട് കറുപ്പ് വ്യാപാരത്തിലൂടെ ധനികരാവാനാ യിരുന്നു വെള്ളക്കാരുടെ ഉദ്ദേശ്യം. ചൈനയുമായുള്ള വ്യാപാരബന്ധത്തി ന് ഇടർച്ച സംഭവിക്കുന്നുവെന്ന് സൂചന കിട്ടുമ്പോഴേക്കും അവർ അടിമക്കച്ചവടത്തിന്റെ സാധ്യതകൾ കണ്ടെത്തുകയായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പാവപ്പെട്ടവരുടെ മാംസവും ചോരയും വിറ്റഴിക്കാൻ തന്നെയായിരുന്നു കച്ചവടത്തിന്റെ കാടൻ കണ്ണുകളുള്ള ഇംഗ്ലിഷുകാർ പ്രാഥമികമായി ശ്രമിച്ചിരുന്നത്. മനുഷ്യക്കടത്തിന്റെ കൊതിപ്പിക്കുന്ന ലാഭവിഹിതം ഒന്ന് മാത്രമാണ് മൗറിഷ്യസിലേക്ക് ഇന്ത്യക്കാരെ കൊണ്ട് പോകുന്നതിൽ ബർണ്‍ഹാമിനെ പോലെയുള്ളവരെ പ്രേരിപ്പിച്ചത്. കഞ്ചാവിന് അടിമയായിരുന്ന ഹുക്കുംസിങ്ങിന്റെ വിധവ ദിതിയും മറ്റൊരു ജീവിതം കാംക്ഷിച്ചുകൊണ്ട് ഐബിസിൽ യാത്രക്കാരിയായുണ്ട്.ദാമ്പത്യ ജീവിതത്തിലെ വഞ്ചനയുടെ ഇരയായിരുന്ന ദിതിയോടൊപ്പം കാലുവ എന്ന അവളെ സ്നേഹിച്ചിരുന്ന കാള വണ്ടിക്കാരനും ഉണ്ടായിരുന്നു. കറുപ്പ് കൊടുത്ത് ബോധാരഹിതയാക്കി വിവാഹദിവസം തന്നെ ഹുക്കും സിങ്ങിന്റെ സഹോദരൻ ദിതിയെ പ്രാപിച്ചിരുന്നു. കറുപ്പിന് അടിമയാ യിരുന്ന ഹുക്കും സിങ്ങിന്റെ മരണശേഷം അയാളുടെ സഹോദരനിൽ നിന്നും രക്ഷപ്പെടാനായി സതി അനുഷ്ടിക്കാൻ തുനിയുന്ന ദിതിയെ കാലുവയാണ് രക്ഷപ്പെടുത്തുന്നത്. ദിതിയോടൊപ്പം ആ കപ്പലിലേക്ക് വെള്ളക്കാരിയും ബർണ്‍ഹാമിന്റെ വളർത്തുപുത്രിയുമായ പൗലെറ്റും അവളുടെ ബാല്യകാല സുഹൃത്ത് ജോഡുവും നാട്ടുരാജ്യാധികാരം നഷ്ടപ്പെട്ട നീൽ രത്തനും ചേരുന്നു. സ്വപ്നങ്ങളും ദുഃഖങ്ങളും ആകാംക്ഷക ളും ആയി ആ കപ്പൽ യാത്ര ആരംഭിക്കുമ്പോൾ ഘോഷിന്റെ ഭാവനാ ഭൂപടത്തിന്റെ വിസ്തൃതിയിൽ നാം വിസ്മയിച്ചു പോകുന്നു.amitav ghosh

ബഹുസ്വരതയുടെ പാഠഭേദങ്ങൾ സീ ഓഫ് പോപ്പിസിലൂടെ അന്വേഷി ക്കുന്ന ഘോഷ് വിവിധ സംസ്കാരങ്ങളും ഭാഷകളും പൈതൃകങ്ങളും സമഞ്ജസമായി അവതരിപ്പിക്കുന്നതുവഴി നോവൽ എന്ന സാഹിത്യ രൂപത്തിന്റെ മാനം വലിയൊരളവിൽ വർദ്ധിപ്പിക്കുവാൻ അയത്നലളിത മായി ശ്രമിക്കുകയാണ്. ഭോജ്പുരിയും ഹിന്ദിയും അടക്കമുള്ള ഭാഷകൾ ആഖ്യാനത്തിൽ ഉപയോഗിക്കുന്നതിലൂടെ വൈവിധ്യവും സങ്കരവുമായ സംസ്കൃതിയുടെ പ്രതിഫലനമാണ് ഘോഷ് ലക്ഷ്യമിടുന്നത്. സമൂഹത്തി ന്റെ പല തട്ടിൽ നിന്നും വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും വരുന്നവ രുടെ മാനസിക വിനിമയങ്ങളെയും സ്വഭാവ സവിശേഷതകളെയും വിശദമാക്കുവാൻ ഘോഷിന് ഇത്തരമൊരു സങ്കേതത്തിലൂടെ സാധിക്കുക യും ചെയ്തു.

സർഗാത്മക ധിഷണയുടെ ദൃഷ്ടാന്തങ്ങളായ നോവലുകൾക്കൊപ്പം തന്നെ ചേർത്തു വെക്കാവുന്നതാണ് ‘ In an antique land’ എന്ന നോൺ ഫിക്ഷൻ. നരവംശശാസ്ത്രത്തിന്റെ അടരുകൾ അനാവൃതമാവുന്ന ആഖ്യാന രീതിയി ൽ മനുഷ്യാസ്തിത്വത്തിന്റെ സ്വരഭേദങ്ങൾ. ഏതെല്ലാം വിധത്തിൽ കെട്ടു പിണഞ്ഞിരിക്കുന്നെന്നു സ്ഥാപിക്കുന്നു. ഫിക്ഷന്റെയും നോൺ ഫിക്ഷന്റെ യും അതിർവരമ്പുകൾ കുറയ്ക്കുന്ന തരത്തിൽ എഴുതിയിട്ടുള്ള ബ്രൂസ് ചാറ്റ് വിൻ ഘോഷിന്റെ പ്രിയപ്പെട്ട എഴുത്തുകാരിൽ ഒരാളാണ്. ഏതാണ്ട് അത്തരമൊരു genreൽ ആണ് In an antique land രൂപപ്പെടുത്തിയിട്ടുള്ളത്. യാത്രികന്റെ കഥപറച്ചിലായി വായിക്കാവുന്ന ചരിത്രാഖ്യായിക യാണ് ഇത്. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ജൂതവ്യാപരിയുടെയും അയാളുടെ അടിമക ളുടെയും ജീവിതത്തിലൂടെ അന്നത്തെ ചരിത്ര വാതിലുകൾ വേറിട്ട താക്കോലുകൾ ഉപയോഗിച്ച തുറക്കുകയാണ് ഘോഷ് ഈ പുസ്തക ത്തിൽ.

അറിയപ്പെടാത്ത സ്ഥല/കാല രാശിയെ സംബന്ധിച്ച വലിയ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് സൂക്ഷ്മ ചരിത്രത്തിന്റെ വകഭേദങ്ങൾ നിർമിക്കാനാണ് ഘോഷിലെ എഴുത്തുകാരൻ താൽപ്പര്യപ്പെട്ടത്. അങ്ങനെ ഖനനം ചെയ്തെടുത്ത അറിവുകളിലേക്ക് ഭാവന സമന്വയിപ്പിച്ചു കൊണ്ട് അദ്ദേഹം ആവിഷ്കരിച്ച ലോകത്തിന്റെ ഉയിരടയാളങ്ങൾ അനന്യമാണ്‌. പ്രാദേശിക ചരിത്രത്തിനെ വിശാലമായ തുറസ്സിലേക്ക് വ്യാപിപ്പിക്കുന്ന ശൈലിയിലൂടെ ഭാവനോന്മുഖമായ ഭൂമികയുടെ സൂക്ഷിപ്പുകാരനാവു കയാണ് അമിതാവ് ഘോഷ്. ശബ്ദായമാനമായ അന്തരീക്ഷത്തിൽ മൗനം പാലിക്കേണ്ടി വരുന്ന കഥാപാത്രങ്ങൾ ചരിത്രത്തിൽ നിന്നും ബഹിഷ്കൃതരാ വുന്നതിനെ കുറിച്ചുള്ള നിലപാടുകൾ കൂടിയാണ് അദ്ദേഹത്തിന്റെ എഴുത്തു ജീവിതം. അതാകട്ടെ ഭൂമിയിൽ ചെവി ചേർത്തു പിടിച്ചു കൊണ്ട് ജീവജാലങ്ങളുടെ അസ്തിത്വത്തിന്റെ ചരിത്രവും രാഷ്ട്രീയവും കേൾക്കുക യും അവയെ ഉച്ചത്തിൽ വിളിച്ചു പറയുന്നത് പോലെയാണ്.

Read More: രാഹുൽ രാധാകൃഷ്ണൻ എഴുതിയ മറ്റ് രചനകൾ ഇവിടെ വായിക്കാം 

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Amitav ghosh first writer in english to win jnanpith award