‘വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വലൗകികമാക്കുന്ന തീക്ഷ്ണ സൗന്ദര്യമുള്ള സ്പഷ്ടമായ കാവ്യാത്മക ശബ്ദത്തിന്,’ എന്നു പറഞ്ഞുകൊണ്ടാണ് അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന് 2020ലെ നോബേല്‍ സമ്മാനം സ്വീഡിഷ് അക്കാദമി പ്രഖ്യാപിച്ചിരിക്കുന്നത്. ഭാഷയിലും വിവരണത്തിലും ചെറുപ്പം മുതലേ ആഴത്തില്‍ ആകൃഷ്ടയായ ഗ്ലക്ക് കൗമാരത്തില്‍ തന്നെ സ്വന്തം കവിതകള്‍ മാസികകള്‍ക്കും പ്രസാധകര്‍ക്കും അയച്ചിരുന്നു.
മാനസിക സംഘര്‍ഷങ്ങളും ആസക്തിയും ഒറ്റപ്പെടലും പ്രകൃതിയനുഭവങ്ങളും ചേര്‍ന്നതാണ് ഗ്ലക്കിന്റെ കാവ്യലോകമെന്നാണു നിരൂപകരുടെ വിലയിരുത്തല്‍. അസ്വസ്ഥതയുള്ള കൗമാരക്കാരിയായിരുന്ന ലൂയിസിന് ഭക്ഷണം കഴിക്കുന്നതു സംബന്ധിച്ച വൈകല്യമായ അനോറെക്‌സിയ നെര്‍വോസ ഉണ്ടായിരുന്നു. ഈ പ്രതിസന്ധികളെ മനശാസ്ത്ര വിശകലനത്തിലൂടെയാണ് ലൂയിസ് മറികടന്നത്.
‘എന്റെ ജീവിതത്തിലെ മികച്ച അനുഭവങ്ങളിലൊന്നാണ് ഇത്. ഇത് ജീവിക്കാന്‍ എന്നെ സഹായിക്കുന്നു, ചിന്തിക്കാന്‍ എന്നെ പഠിപ്പിച്ചു,’ എന്നാണ് ഈ പ്രക്രിയയെക്കുറിച്ച് ലൂയിസ് വിശേഷിപ്പിച്ചത്.
1943 ഏപ്രിൽ 22 ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനിച്ച് ലോങ് ഐലന്‍ഡിലാണ് ലൂയിസ് ഗ്ലക്ക് വളര്‍ന്നത്. 1961 ല്‍ ന്യൂയോര്‍ക്ക് ഹ്യൂലറ്റിലുള്ള ഹൈസ്‌കൂളില്‍നിന്നാണു ലൂയിസ് ഗ്ലക്ക് ബിരുദം നേടിയത്. സാറാ ലോറന്‍സ് കോളേജിലും കൊളംബിയ സര്‍വകലാശാലയിലും ലൂയിസ് പഠിച്ചെങ്കിലും ബിരുദമെടുക്കാന്‍ കഴിയാതെ പുറത്തുപോകേണ്ടി വന്നു. കവികളായ ലിയോണി ആഡംസ്, സ്റ്റാന്‍ലി കുനിറ്റ്‌സ് എന്നിവര്‍ക്കൊപ്പം കൊളംബിയയിലെ സ്‌കൂള്‍ ഓഫ് ജനറല്‍ സ്റ്റഡീസില്‍ രാത്രി ക്ലാസുകള്‍ നടത്തി. സ്വന്തം ശബ്ദം കണ്ടെത്താന്‍ അധ്യാപകര്‍ സഹായിച്ചതായി ലൂയിസ് വിശ്വസിക്കുന്നു.
Also Read: സാഹിത്യത്തിനുള്ള നൊബേൽ അമേരിക്കൻ കവയത്രി ലൂയിസ് ഗ്ലക്കിന്
1968ല്‍ പുറത്തിറങ്ങിയ ‘ഫസ്റ്റ്ബോണ്‍’ ആണ് എഴുപത്തിയേഴുകാരിയായ ലൂയിസിന്റെ പ്രസിദ്ധീകരിച്ച ആദ്യ കവിതാ സമാഹാരം. ‘ദി ട്രയംഫ് ഓഫ് അകിലസ്’ (1985), ‘അരരാത്’ (1990), ‘ദി വൈല്‍ഡ് ഐറിസ്’ (1992) തുടങ്ങിയവ പ്രധാന കൃതികളാണ്.
രചനകളിലെ പരുഷമായ സ്വരത്തില്‍ ചില വിമര്‍ശകരും വായനക്കാരും അസ്വസ്ഥരായിരുന്നുവെങ്കിലും കാവ്യാത്മക പ്രയോഗങ്ങളുടെ അവരുടെ മൗലികതയും നൈപുണ്യവും കൂടുതല്‍ ആകര്‍ഷിച്ചു. ഗ്ലക്കിന്റെ കവിതകളുടെ ഭാഷ, അന്നും ഇന്നും പ്രത്യക്ഷവും വാമൊഴി മാതൃകയിലുള്ളതുമാണെങ്കിലു പ്രാസം, വൃത്തം എന്നിവയുടെ പരമ്പരാഗത ഉപകരണങ്ങള്‍ അവര്‍ നന്നായി ഉപയോഗിച്ചു.
1990കള്‍ ഗ്ലക്കിന്റെ കരിയറിലെ ഏറ്റവും മികച്ചതും സൃഷ്ടിപരവരവുമായ ദശകങ്ങളിലൊന്നാണ്. 1992-ല്‍ അവരുടെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നായ ‘ദി വൈല്‍ഡ് ഐറിസ്’ പ്രസിദ്ധീകരിച്ചു. പുസ്തകത്തിലെ 54 കവിതകള്‍ പത്ത് ആഴ്ചയ്ക്കുള്ളിലാണ് എഴുതിയത്. ‘വൈല്‍ഡ് ഐറിസി’ന് 1993ല്‍ കവിതയ്ക്കുള്ള പുലിറ്റ്സര്‍ പുരസ്‌കാരവും പോയട്രി സൊസൈറ്റി ഓഫ് അമേരിക്കയുടെ പുരസ്‌കാരവും ലഭിച്ചു. നാഷണല്‍ ബുക്ക് അവാര്‍ഡ് (2014) തുടങ്ങിയ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളും ലൂയിസിനു ലഭിച്ചിട്ടുണ്ട്.
1994-ല്‍ ‘പ്രൂഫ്‌സ് ആന്‍ഡ് തിയറീസ്: എസ്സേസ് ഓണ്‍ പോയട്രി’ എന്ന ഗദ്യസമാഹാരം പ്രസിദ്ധീകരിച്ചു. ‘ദി വൈല്‍ഡ് ഐറിസി’ന്റെ വിജയം ഗ്ലൂക്കിന്റെ മുന്‍കാല കൃതികള്‍ക്കുള്ള ആവശ്യം വര്‍ധിപ്പിച്ചു. 1995 ല്‍ ‘ദ ഫസ്റ്റ് ഫോര്‍ ബുക്‌സ് ഓഫ് പോയംസ്’ എന്ന പതിപ്പ് പുറത്തിറങ്ങി. ‘മെഡോലാന്‍ഡ്‌സ്’ എന്ന പേരില്‍ 1997-ല്‍ പുറത്തിറങ്ങിയ പുസ്തകം ഗ്ലക്കിന്റെ സ്വകാര്യജീവിതവുമായി ബന്ധപ്പെടുത്തിയാണു വായനാക്കാര്‍ സമീപിച്ചത്.
2003, ഗ്ലക്കിനെ സംബന്ധിച്ച് സുപ്രധാന വര്‍ഷമായിരുന്നു. മസാച്യുസെറ്റ്‌സിലെ വില്യംസ്റ്റൗണിലുള്ള വില്യംസ് കോളേജിലെ 20 വര്‍ഷത്തെ ലക്ചര്‍ഷിപ്പിനുശേഷം അവര്‍ യേല്‍ സര്‍വകലാശാലയില്‍ റോസെന്‍ക്രാന്‍സ് റൈറ്റര്‍-ഇന്‍-റെസിഡന്‍സായി നിയമനം സ്വീകരിച്ചു. ഇതേ വര്‍ഷം ഓഗസ്റ്റില്‍ ഗ്ലക്കിനെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോയറ്റ് ലോറേററ്റ് ആയി ലൈബ്രറി ഓഫ് കോണ്‍ഗ്രസ് തിരഞ്ഞെടുത്തു.
കേംബ്രിഡ്ജില്‍ താമസിക്കുന്ന ലൂയിസ് ഗ്ലക്ക് യേല്‍ സര്‍വകലാശാലയില്‍ പഠിപ്പിക്കുകയാണ്. പ്രഭാഷകയെന്ന എന്ന നിലയില്‍ നിരവധി ആരാധകരുള്ള ലൂയിസ് ഗ്ലക്കിനു കൃതികള്‍ അമേരിക്കയില്‍ വലിയതോതില്‍ സ്വീകരിക്കപ്പെടുകയും ചെയ്യുന്നു.