scorecardresearch
Latest News

Onam 2021: അൺടൈറ്റിൽഡ് – അമലു എഴുതിയ കവിത

“അടുപ്പിൻപാതകത്തെ ചൂടുനഷ്ടപ്പെട്ടൊരു പൂച്ചയാകട്ടെ അമ്മിണിയമ്മ ചൂലുകൊണ്ട് തിരവരച്ചിട്ടൊരു മുറ്റത്തുകൂടി നാടുവിട്ടുപോകുന്നു” അമലു എഴുതിയ കവിത

amalu, poem, iemalayalam

അടുക്കള,
നല്ലൊരു സ്റ്റുഡിയോയാണെന്ന്
കണ്ടെത്തിയത് അമ്മിണിയമ്മയാണ്

അടുക്കളച്ചുവരിൽ
കരി കൊണ്ട്
ആനമയിൽഒട്ടകങ്ങളെ വരച്ച്
കലാജീവിതം പൊലിപ്പിച്ചു അമ്മിണിയമ്മ

അടുക്കളപ്പാത്രങ്ങളുടെ കലമ്പലുകൾക്കിടയിൽ
അടുപ്പിൻപാതകത്ത് ചൂടുപറ്റി
ഒരു കുഞ്ഞുപൂച്ച
അമ്മിണിയമ്മയുടെ ചിത്രമെഴുത്തിനെ
വീക്ഷിച്ചു പോന്നു

കരിക്കട്ട കൊണ്ട് കോറിയിട്ട ചുവർചിത്രങ്ങളിൽ
ഗജേന്ദ്രമോക്ഷമോ അനന്തശയനമോ കണ്ടില്ല
ഗുഹയുടെ കൽച്ചുവരിലെ
വേട്ടയാടലും കണ്ടില്ല

amalu, poem, iemalayalam

കൊട്ടനെയ്യലും കയറു പിരിക്കലും
ഉടുപ്പ്തുന്നലും മുറ്റമടിക്കലും
ചിറ്റീന്ത്‌ ചീകലും ചൂലുകെട്ടലും
പുല്ലുചെത്തലും ആടിനെ കറക്കലും
അങ്ങനെ അങ്ങനെ അടുക്കളച്ചുവർ നിറയെ
ചലനം നിറച്ചു അമ്മിണിയമ്മ.

അമ്മിണിയമ്മയുടെ മരണശേഷം
അടുക്കളയെ അപ്പാടെ അടർത്തിയെടുത്ത്
കാഴ്ചക്കുവച്ചു ഗാലറിയിൽ
‘Untitled, Charcoal on Kitchen wall’

ആളുകൾ നിശബ്ദരായി
നടന്നു കണ്ടു ചിത്രങ്ങൾ

amalu, poem, iemalayalam

പ്രദർശനഹാളിന്റെ ഒത്ത നടുക്ക്
അമ്മിണിയമ്മയുടെ കരിമ്പൻ തല്ലിയ
തോർത്തൊരു ഇൻസ്റ്റല്ലേഷനാകുന്നു

പ്രദർശനശാലയിലാകെ
ഒരു ദേവാലയത്തിന്റെ നിശബ്ദത
അടുപ്പിൻപാതകത്തെ ചൂടു നഷ്ടപ്പെട്ടൊരു പൂച്ചയാകട്ടെ
അമ്മിണിയമ്മ ചൂലുകൊണ്ട്
തിരവരച്ചിട്ടൊരു മുറ്റത്തു കൂടി
നാടു വിട്ടു പോകുന്നു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Amalu poem untitled