വേലിക്കലെ വീട്ടിൽ നിന്ന് ഏതു സമയവും പുക ഉയരുന്നത് കാണാം
എന്നാൽ അവിടെ ആരുമൊന്നും കഴിക്കാറില്ലെന്നും കേൾക്കാം.
അവർ ഞങ്ങളെ പോലെ അല്ല,
കഞ്ഞിക്കരിയിടും മുന്നേ പ്ലാവില കൊണ്ട് കുമ്പിൾ കുത്തും.
പലക ഇട്ട് സ്ഥാനം പിടിക്കും
കോലയിലിരുന്നാൽ എല്ലാരുടേം മുഖം കാണാം.
വെയിൽ കൊള്ളാതെ തന്നെ വാടിയ പകലിലിത്തിരി കൂടുതൽ ഉറങ്ങിയാൽ,
പതിവിലും കുറച്ച് കഴിച്ചാ മതിയെന്നും ആ തള്ളയും കരുതും.
കൊയ്തതിൽ കുറച്ചരി ബാക്കി വന്നപ്പോൾ
അത് വേലിക്കലേക്കെന്നും പറഞ്ഞ് മാറ്റി വച്ചു.

ആ പകൽ അവരുടെ അടുക്കള പുകഞ്ഞില്ല.
തെക്കുന്നും വടക്കുന്നും ആളോടി കൂടി,
വെന്ത വയറോടെ അവർ മൂവരും കാലിക്കലത്തിനരികെ കിടന്നു.
വിറകില്ലാതെ അടുപ്പു വാവിട്ടു കരഞ്ഞു.
മാറ്റിവച്ച അരി പൂത്തു കളയും വരെ
കലത്തിലിടാതെ തന്നെ
അതിന് വെന്ത മണമായിരുന്നു.
വേലിപൊളിച്ച് വീട് പോയെങ്കിലും
വേലിക്കലെത്തുമ്പോൾ,
പ്ലാവ് കുമ്പിൾ കുത്തിയ ഇല അടർത്തി ഇടും
വെയിൽ ഉച്ച വരെ മയങ്ങി,
ഓർമ്മകൾക്ക് പിന്നേം ചായം തേക്കും