scorecardresearch

ഉടല്‍മാര്‍ഗം അഖിൽ എസ്. മുരളീധരൻ എഴുതിയ കഥ

”ബാക്കി വന്ന ഉടലും തിന്നാന്‍ തല തിന്നവന്‍ അര്‍ദ്ധരാത്രി കഴിഞ്ഞു വന്നു. അവന്‍ മീനുടലും എന്റുടലും രുചിച്ചു. പിന്നെ അവനൊരു മീനായി. പെരിയാറിലേക്ക് തല കൊണ്ടുപോയവനും പെരിയാറില്‍ പുളച്ചു പൊങ്ങി നടന്നു .” അഖിൽ എസ്. മുരളീധരൻ എഴുതിയ കഥ

akhil muraleedharan, story, iemalayalam
ചിത്രീകരണം: വിഷ്ണുറാം

ലൈബ്രറിയില്‍ എന്നെ എതിരേല്‍ക്കാന്‍ നിന്ന സ്ത്രീ രഹസ്യമായി ചെവിയില്‍ ഒരു കാര്യം പറഞ്ഞു.
“എന്നിട്ട് ?”
ഞാന്‍ അവരോട് അമ്പരപ്പോടെ ചോദിച്ചു.
നിലത്തു നിന്നും കണ്ണെടുത്ത് അവര്‍ എന്നെ മുറിയിലേക്ക് കൊണ്ടുപോയി.
അവര്‍ എല്ലായ്പ്പോഴും ധരിച്ചിരിക്കുന്ന ചെരുപ്പില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നതിനാല്‍ ഞാനവരുടെ കാലില്‍ നോക്കിയാണ് മുറിയിലേക്ക് കടന്നത്.
” അനുപമ കൃഷ്ണന്‍, വയസ്സ് ഇരുപത്തിയഞ്ച്. ”
”നിങ്ങള്‍ ആഗ്രഹിക്കുന്ന വ്യത്യസ്തമായ കഥകള്‍ പറയാന്‍ അവള്‍ക്ക് കഴിയും. ഫീസ്‌ മൂവായിരം മുതല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതാണ്.
ഹ്യൂമന്‍ ലൈബ്രറികള്‍ ഈ നഗരത്തില്‍ തുടങ്ങുന്നതേയുള്ളൂ, അതുകൊണ്ട് ഡിമാന്‍ഡ് നിയമം ഇവിടെ ബാധകമാണ്. ”
ഞാന്‍ ചിരിച്ചു. നേരത്തെ അവര്‍ പറഞ്ഞ രഹസ്യം ഞാന്‍ ശ്രദ്ധിച്ചു.
”Are you an introvert ? ”
അവള്‍ തല ഉയര്‍ത്തി നോക്കി. ഒരു ഭാഗത്തേക്ക് ഒതുക്കി ക്രോപ്പ് ചെയ്ത മുടി, നേര്‍ത്ത കണ്ണുകള്‍.
“Yes or No ?”
അവള്‍ ചിരിച്ചു .
”അതുചിലപ്പോള്‍ നിങ്ങള്‍ എന്നെ വായിക്കുന്നതു പോലെയിരിക്കും! ”
ഞാന്‍ അവരെ നോക്കി.
”സര്‍ നിങ്ങള്‍ പകുതി ഇപ്പോള്‍ പേ ചെയ്യണം.”
”പിന്നെ ഞങ്ങളുടെ പോളിസികള്‍ പാലിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്. നിയമത്തെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ലല്ലോ? ”
“ഏയ്‌ ഞാന്‍ സുരക്ഷിതമായി തിരിച്ചു തരും.”
അഞ്ചു ദിവസമാണ് എനിക്ക് വേണ്ടത്.സമയം അഞ്ചുമണി കഴിഞ്ഞിരുന്നു .

2
ഞങ്ങള്‍ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത് നഗരത്തിലൂടെ മുന്നോട്ടു നീങ്ങി. ഇടക്ക് അവള്‍ ഒരുകവിള്‍ വെള്ളം കുടിച്ചതിനു ശേഷം സീറ്റിലേക്ക് ചാഞ്ഞിരുന്നു. കണ്ണുകള്‍ അടച്ചു .
മുന്‍പേ ബുക്ക്‌ ചെയ്തിരുന്ന റിസോര്‍ട്ടില്‍ എത്തുമ്പോള്‍ രാത്രി പകുതിയായിരുന്നു. ഭക്ഷണം കഴിഞ്ഞു മുറിയിലേക്ക് നടക്കുമ്പോള്‍ അവള്‍ അതുവരെ തുടര്‍ന്നിരുന്ന മൗനം അവസാനിപ്പിച്ചു.
കരാറില്‍ ഞാന്‍ പറഞ്ഞിരുന്നത് കഥപറഞ്ഞ് അഞ്ചുദിവസം എന്നെ ഉറക്കത്തിലേക്ക് തള്ളി ഇടണമെന്നും ആ സമയം വരെ ഒരു കൈ എന്റെ കയ്യില്‍ കോര്‍ത്തു പിടിക്കണമെന്നും മാത്രമാണ്.
വര്‍ക്കിങ് മണിക്കൂറുകൾ കഴിഞ്ഞാല്‍ അനുപമ ഒന്നും സംസാരിക്കില്ല എന്ന്‍ നേരത്തെ പറഞ്ഞു വെച്ചിരുന്നു .
അമ്പുകുത്തി മലയുടെ താഴെ റിസോര്‍ട്ടില്‍ വയനാടിന്റെ തണുപ്പില്‍ അവള്‍ ആദ്യമായി സംസാരിക്കാന്‍ തുടങ്ങി.
”ആ രാത്രി അയാളൊരു മീനിനെ കൊണ്ടുവന്നു. അന്ന് ഡാം തുറന്ന ദിവസമായിരുന്നു. എനിക്ക് വയറ് വേദനയായിരുന്നിട്ടും അതിന്റെ തല ഞാന്‍ കറിവെച്ചു.”
കറിയും വാങ്ങി അയാള്‍ കാര്‍ എടുത്തു പുറത്തു പോയി. അയാള്‍ വന്നിട്ട് കഴിക്കാന്‍ ഞാന്‍ ഉടല്‍ പൊരിച്ചു വെച്ചിരുന്നു. കത്തികൊണ്ട് മീനിനെ വരയുമ്പോള്‍ ഒരു സുഖം തോന്നിയിരുന്നു. ഉടലിലെ പിളര്‍പ്പില്‍ എരിവ് വീഴുമ്പോള്‍ എന്‍റെ കയ്യും നീറി.
ഒന്‍പതു കഴിഞ്ഞിട്ടും അയാള്‍ വന്നില്ല. ഞാനും തിന്നില്ല. പുഴ നിറഞ്ഞത്‌, മീന്‍ നിറഞ്ഞത് എല്ലാം ഞാനറിഞ്ഞു കൊണ്ടിരുന്നു.

akhil muraleedharan, story, iemalayalam
ചിത്രീകരണം: വിഷ്ണുറാം

3
അര്‍ദ്ധ രാത്രി ഫോണ്‍ വന്നു. അയാളുടെ സുഹൃത്താണ്. മീന്‍ കറി നന്നായിട്ടുണ്ട് എന്നുപറഞ്ഞു .
”ആളെവിടെ ?”
പോന്നിട്ടുണ്ട് എന്നുപറഞ്ഞ് ആളൊന്നു ചിരിച്ചു.
ഇപ്പോള്‍ ഞാന്‍ ഉണര്‍ന്നതേയുള്ളൂ. അനുപമ പുറത്തിരിക്കുന്നുണ്ട്. ഞാന്‍ അവരോടു ക്ഷമാപണം നടത്തി. എപ്പോഴാണ് ഞാന്‍ ഉറങ്ങിയത്! ഒരെത്തും പിടിയും കിട്ടുന്നില്ല.
“എന്നിട്ട് ?”
അവളോട്‌ ഞാന്‍ അങ്ങനെ ചോദിക്കുമ്പോള്‍ അവള്‍ നിസ്സഹായതയോടെ എന്നെ നോക്കി.
”സര്‍ നിങ്ങള്‍ ഉറങ്ങിയതിനു ശേഷവും ഞാന്‍ കഥ പറഞ്ഞു കൊണ്ടിരിക്കും പുലരും വരെ. അഞ്ചു രാത്രികളില്‍ ഒന്ന്‍ കഴിഞ്ഞു. പറഞ്ഞ ഭാഗം വീണ്ടും ഞാന്‍ പറയില്ല. ഹ്യൂമന്‍ ലൈബ്രറികള്‍ വികാരത്തോടെ ഒന്നും ഏറ്റെടുക്കില്ല.”
ഞാന്‍ ശരിക്കും നിസ്സഹായനായി .
പിന്നെ എന്തുണ്ടായി? ഏതു ഭാഗമാണ് എനിക്ക് നഷ്ടമായത്! ഓര്‍ത്തപ്പോള്‍ ഭ്രാന്തു തോന്നി.
ലഞ്ചിന്റെ സമയം അനുപമയെ പ്രകോപിപ്പിക്കാന്‍ ഞാന്‍ പുഴ മീന്‍ ഓർഡര്‍ ചെയ്തു. എന്നാല്‍ അത്ഭുതമെന്നോണം, ഞാന്‍ നോക്കുമ്പോള്‍ അവള്‍ രുചിയോടെ അതു പൊളിച്ചു തിന്നു .

4
കൃത്യം പത്തുമണിക്ക് അവള്‍ അവളുടെ കൈ എന്‍റെ വിരലില്‍ കോർത്തു. മെലിഞ്ഞ വിരലുകളിലെ വരയലുകള്‍ എന്നെ അസ്വസ്ഥനാക്കി.
അനുപമ തുടര്‍ന്നു.
”അയാളെ ഞാന്‍ കാണുന്നത് ഒരു ബസ്സ്‌ യാത്രയിലാണ്. അയാളുടെ ഗന്ധം എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. ബാഗിലെ ലാപ്ടോപ്പ് എടുത്ത് പുറത്ത് വെച്ചെങ്കിലും അതില്‍ ശ്രദ്ധിക്കാതെ എന്നോട് സംസാരിക്കുകയായിരുന്നു.”
”ഞങ്ങള്‍ ഒരുമിച്ചുള്ള ആദ്യ രാത്രികളില്‍ അയാളുടെ ചലനങ്ങള്‍ ഞാന്‍ ആസ്വദിച്ചിരുന്നു. നെഞ്ചിന്റെ മധ്യത്തില്‍ വിയര്‍പ്പ് പൊടിയുന്നത് എന്റെ കവിളില്‍ പുരണ്ടു.”
പൊലീസ് വിളിക്കുമ്പോള്‍ ഞാന്‍ കാര്യം പറഞ്ഞു . അടുപ്പില്‍ നിന്നും വാങ്ങിയ മീനുടല്‍ വെന്തത് അപ്പോഴും അങ്ങനെ ഇരിക്കുന്നുണ്ടായിരുന്നു .
”പുള്ളി എപ്പോഴാണ് പോയത് ”
പൊലീസുകാരന്‍ ചോദിച്ചതിനു ഞാന്‍ മറുപടി പറഞ്ഞു.

5
കഴിഞ്ഞ ദിവസം രാത്രിയില്‍ ഞാനൊരു സ്വപ്നം കണ്ടു. വെള്ളത്തിലേക്ക് മറിഞ്ഞ ഒരു കാര്‍ മരത്തില്‍ തട്ടി നില്‍ക്കുന്നത്. ഒരു നായ നിന്നു കുരയ്ക്കുന്നത്. പുഴ പെരിയാറാണ്.
അപൂര്‍ണ്ണമായ ഒരു കഥ രണ്ടു രാത്രികളില്‍ കേട്ടതിന്റെ ഹാങ്ങ് ഓവര്‍ വിട്ടുമാറാതെ ഒരു ചായയുമായി അനുപമയുടെ അടുത്തേക്ക് എത്തിയപ്പോള്‍ അവള്‍ സംസാരിക്കാതെ ഒഴിഞ്ഞു.
കഥ പറയുമ്പോള്‍ ടിപ്പ് കൊടുക്കണം എന്ന്‍ എന്നെ ഓര്‍മിപ്പിക്കുകയും ചെയ്തു.
ഞാന്‍ അവരുടെ അക്കൗണ്ടിലേക്ക് ഒരു തുക അയച്ചു കൊടുത്തു.
റിസോര്‍ട്ടില്‍ ഉച്ച നേരം ഞാന്‍ ഈ കഥ തന്നെ എഴുതാന്‍ ശ്രമിക്കുകയും സാങ്കേതികമായി കുരുങ്ങുകയും ചെയ്തുകൊണ്ടിരുന്നു.
അവശേഷിക്കുന്ന മൂന്ന്‍ രാത്രികളില്‍ കാണാതായ അയാളെപ്പറ്റി മാത്രം കൂടുതല്‍ നിരീക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

6
മൂന്നാമത്തെ രാത്രി മഴ തുടങ്ങി. രണ്ടായിരത്തി പതിനെട്ടിലെ ശക്തമായ മഴ .
”ഞങ്ങള്‍ മഴക്കാലത്ത് ചൂണ്ടയിടാന്‍ പോകുമായിരുന്നു. മീനിന്റെ പള്ളയില്‍ മസാല നിറക്കുന്ന വിദ്യ അയാളാണ് എന്നെ പഠിപ്പിച്ചത്. ” ”അയാള്‍ മരിച്ചത് എങ്ങനെയാണ് എന്ന്‍ എനിക്ക് അറിയാമായിരുന്നു. ഈ ലോകത്ത് അത് മറ്റാര്‍ക്കും അറിയില്ല.”
പൊലീസുകാര്‍ക്ക് അന്വേഷിക്കാന്‍ തോന്നിയിരുന്നില്ല. അവര്‍ക്ക് ഞാന്‍ മീന്‍ കറി വെച്ചുകൊടുത്തിരുന്നു. ഒരുത്തനും കഴിക്കാത്ത അത്ര രുചിയോടെ.. അനുപമ ചിരിച്ചു .

akhil muraleedharan, story, iemalayalam
ചിത്രീകരണം: വിഷ്ണുറാം

7
കെട്ടുകഥയാണോ അനുഭവമാണോ? എന്നെ അതലട്ടിയിരുന്നു. പകലില്‍ ഒരിക്കല്‍പ്പോലും അവള്‍ എന്റെ അടുത്തിരുന്നില്ല. സംസാരിക്കാന്‍ കൂട്ടാക്കിയില്ല. മൂന്നാം ദിവസത്തെ കഥയുടെ ഭാഗവും ഞാന്‍ ഉറങ്ങിയതിനു ശേഷം അവള്‍ എന്താകും പറഞ്ഞത് എന്നും എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞില്ല.
തന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ഹ്യൂമന്‍ ലൈബ്രറി പോളിസി അനുവദിക്കില്ല എന്ന്‍ അവള്‍ ഭവ്യതയോടെ പറഞ്ഞു. ഒന്നുകില്‍ ഞാന്‍ ഉറങ്ങാതിരിക്കണം. പക്ഷേ റിസോര്‍ട്ടിലേക്ക് വന്നത് എന്തിനെന്ന് ഞാന്‍ ഓര്‍ത്തു. ഒരിക്കലും ഉറങ്ങാതിരിക്കാനല്ല ഉറങ്ങാന്‍ വേണ്ടി മാത്രമായിരുന്നു അത്.
പുഴയില്‍ ഒഴുകുന്ന ഒരു കാര്‍ വീണ്ടും ചിന്തയില്‍ വന്നു. ഗൂഗിളില്‍ അടുത്ത കാലത്ത് നടന്ന അപകടങ്ങള്‍ മുഴുവന്‍ ചികഞ്ഞു. സത്യമാണോ ഭാവനയാണോ! ഉച്ചവരെ അതോര്‍ത്ത് ഭ്രാന്തുപിടിച്ചുകൊണ്ടിരുന്നു.
കുറച്ച് മനസ്സമാധാനം കിട്ടാന്‍ എത്തിയത് മറ്റൊരു പ്രശ്നത്തിലേക്ക് ആണോയെന്ന് തോന്നിപ്പോയി.

8
അവള്‍ തുടര്‍ന്നു .
”വീണ്ടും എനിക്ക് ഒരു മീനിനെ കിട്ടി അതിനെ പിളര്‍ന്നപ്പോള്‍ ഒരു രഹസ്യം ഞാനറിഞ്ഞു ”
“എന്താണത് ?”
ആദ്യമായി ഞാന്‍ അവളോട്‌ അങ്ങനെ ചോദിച്ചു.
നിങ്ങള്‍ നിയമം തെറ്റിച്ചു. ചോദ്യങ്ങള്‍ പാടില്ല എന്നത് മറന്നോ ?
ഞാന്‍ അവളോട്‌ കയര്‍ത്തു. അങ്ങനെ ഒരു നിയമം എനിക്കറിയില്ല .
ദേഷ്യത്തോടെ അവള്‍ ഹ്യൂമന്‍ ലൈബ്രറി ഓണറെ വിളിച്ച് എനിക്കു തന്നു. അവര്‍ എന്നോട് കയർത്തു. ഒരുവിധം പ്രശ്നം അവസാനിപ്പിച്ചപ്പോള്‍ അവള്‍ തുടര്‍ന്നു.
”ഡാമില്‍ നിറയെ മീനുകളാണ്. ”
അയാള്‍ക്ക് ഇഷ്ടമുള്ളവ. അന്ന് ആ സുഹൃത്തുമുണ്ടായിരുന്നു. അയാള്‍ എന്നെ നിരീക്ഷിച്ചിരുന്നു. ഒരു മീന്‍ പോകുന്ന മാതിരി ഉടല്‍ തൊട്ടുകൊണ്ട് അത്ഭുതപ്പെടുത്താന്‍ അറിയുന്നവന്‍.
അനുപമ ചിരിച്ചു.
ഞാന്‍ കൂടുതല്‍ കുരുക്കിലേക്ക് വീണു.
അവള്‍ കഥ പിന്നെയും പറഞ്ഞിട്ടുണ്ടാകണം
അഞ്ചാമത്തെ രാത്രി കാറിലായിരുന്നു. വഴിയിലേക്ക് ചുരുണ്ട് കൂടിയ ഇരുട്ടിനെ മറികടന്ന് കാര്‍ താഴേക്ക് ഇറങ്ങുമ്പോള്‍ കഥയുടെ അവസാനം കേള്‍ക്കാന്‍ ഞാന്‍ അക്ഷമയോടെ ഇരുന്നു.

akhil muraleedharan, story, iemalayalam
ചിത്രീകരണം: വിഷ്ണുറാം


പൊന്തകള്‍ വളര്‍ന്നു പടര്‍ന്ന വഴിയില്‍ വണ്ടി ഒതുക്കിയപ്പോള്‍ അവള്‍ എന്റെ തുടയില്‍ സ്പര്‍ശിച്ചു. മടിയിലേക്ക് ചാഞ്ഞ് കിടന്ന് അവള്‍ പറയാന്‍ തുടങ്ങി.
”ബാക്കി വന്ന ഉടലും തിന്നാന്‍ തല തിന്നവന്‍ അര്‍ദ്ധരാത്രി കഴിഞ്ഞു വന്നു. അവന്‍ മീനുടലും എന്റുടലും രുചിച്ചു. പിന്നെ അവനൊരു മീനായി. പെരിയാറിലേക്ക് തല കൊണ്ടുപോയവനും പെരിയാറില്‍ പുളച്ചു പൊങ്ങി നടന്നു .”
ഞങ്ങളുടെ കാര്‍ അറബിക്കടലിലേക്ക് ഒഴുകുകയായിരുന്നു.

“അവന്‍ ബാക്കി വെച്ച മുള്ളുകളിൽ നാവുരസി രക്തം പൊടിച്ച് ഞാന്‍ സുഖപ്പെട്ടു. ”

പൊലീസുകാരന്‍ വീണ്ടും വീണ്ടും മീനിനാല്‍ വഴിപ്പെട്ടു. അതും പറഞ്ഞ് അവള്‍ എന്റെ നാഭിയില്‍ കടിച്ചു. അവിടെനിന്നും പുസ്തകമാര്‍ഗം നയിക്കപ്പെട്ടു.

Read More: അഖിൽ എസ്. മുരളീധരൻന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Akhil s muraleedharan short story udalmargam