”തുടകളുടെ ഇടയിൽ ഒരു ഉഭയ ജീവിയെ കണ്ടതും അതുജലത്തിലേക്ക് ചാടിയതും പിന്നീട് കരച്ചിൽ അന്തമില്ലാതെ നിലനിന്നതും ഞാനോർത്തു…”
“എന്നിട്ട്?”
”എന്നിട്ടെന്താ രോമങ്ങളുടെ ഇടയിൽ മഞ്ഞ വെളിച്ചം വീണു. സൂക്ഷിച്ചു നോക്കിയാൽ ഓരോ ഇഴയിലും മഴവില്ലുകൾ കാണാം. കറുത്ത പാടുകളുടെ ചെരുവിൽ നിഴൽ കാണാം നിന്റെ ചുണ്ടുകളുടെ നനവിൽ പ്രപഞ്ചത്തിന്റെ പ്രതിഫലനം കാണാം.”
എന്റെ കൈകൾ പിന്നിലേക്ക് മടക്കി കഴുത്തിനു താഴേക്ക് വിരലുകൾ ഓടിച്ചു നോക്കി എന്തോ ഒരു രഹസ്യം അവിടെ ഒളിഞ്ഞിരിക്കുന്നുവെന്ന മട്ടിൽ കണ്ണുകൾ ആഴത്തിൽ അതിലേക്ക് തറച്ചിരുന്നു.
”എന്നിട്ട്?”
“അനന്തരം ഞങ്ങൾ ബന്ധപ്പെട്ടു.”
”അപ്പോൾ?”
”അങ്ങനെ പ്രപഞ്ചമുണ്ടായി രാഷ്ട്രവും സാമ്രാജ്യങ്ങളുമുണ്ടായി.”
ഷവറില്‍ നിന്നും വെള്ളം മുഖത്തേക്ക് വീഴുകയാണ്. മൊബൈലില്‍ സോവിയറ്റ് യൂണിയന്റെ ദേശീയ ഗാനം ആട്ടോ പ്ലേയാകുന്നു. അതിങ്ങനെ തുടരുന്നു.
“United forever in friendship and labour
Our mighty Republics will ever endure
The great Soviet Union will live through the ages
The dream of a people, their fortress secure.”
ഒറ്റപ്പെട്ട ഒരു മുറിയില്‍ നിശബ്ദതയില്‍ ഇങ്ങനെ ഒന്നുണ്ടാകുമ്പോള്‍ അതിനൊരു നിഗൂഢത കൈവരുന്നു.

1
ഇന്നുപകല്‍ സമയത്ത് ഞാന്‍ അല്‍പമൊന്നുമയങ്ങിയപ്പോള്‍ മരിച്ചുപോയ അപ്പൂപ്പനെ സ്വപ്നം കണ്ടു. പൊക്കിളിനു മുകളില്‍ അലക്ഷ്യമായി കുത്തിക്കയറ്റിയ മുണ്ടിന്റെ നടുവ് പൊന്തിയിരുന്നു.വാലറ്റം താഴേക്ക് നീണ്ടു കിടന്നു. ഏറിയും കുറഞ്ഞും അതങ്ങനെ നിന്നു. കറുത്ത ശരീരവും ദേഹത്തെ ചുരുണ്ട രോമങ്ങളും കഷണ്ടി കയറിയ മുഖവും നരച്ച കട്ട മീശയും കണ്ടപ്പോള്‍ എനിക്ക് “മൂന്നാം പക്ക”ത്തിലെ തിലകനെ ഓര്‍മ്മവന്നു. അതോ “ഈ മ യൗ” വിലെ അപ്പച്ചനെയോ!
തിലകനെയും കൈനങ്കരി തങ്കരാജിനെയും പോലെയായിരുന്നു അപ്പൂപ്പന്‍. ഒരുകാലത്ത് ഒറ്റക്ക് സെക്കൻഡ് ഷോ കണ്ട് കള്ളും കുടിച്ച് പറമ്പിലൂടെ പുതിയ വഴികളുണ്ടാക്കി വീട്ടിലേക്ക് കയറി വന്നു. തലങ്ങും വിലങ്ങും സ്വാഭാവിക പാതകള്‍ രൂപപ്പെട്ടു. ഒരു മനുഷ്യന്‍ മണ്ണിലൂടെ നിരന്തരം സഞ്ചരിക്കുമ്പോള്‍ സസ്യങ്ങള്‍ വഴി ഒഴിഞ്ഞു കൊടുക്കും. അവിടെ വഴികളുണ്ടാകും അപ്പൂപ്പന്‍ മരിച്ചതിനു ശേഷം സസ്യങ്ങള്‍ വഴികളെ മറച്ചു.
2
മുന്ന് തരം ശബ്ദങ്ങളെ ഞാന്‍ ഓര്‍ക്കുന്നു. ഒന്ന് ചീവിടീന്റേതാണ് മറ്റൊന്ന് ദൂരദര്‍ശനില്‍ വാര്‍ത്തകള്‍ക്ക് മുന്‍പുള്ള ശബ്ദം പിന്നെ ഒന്ന് നീല പൊന്മാനുകളുടെ ഉച്ച നേരത്തെ വിളിയാണ്. അശ്രീകരപ്പെട്ട ഒന്നായി അതിനെ കാണുന്നു അങ്ങനെ ഒരു പക്ഷി വിളിച്ചുകൊണ്ടിരുന്നപ്പോഴാണ് അപ്പൂപ്പന്‍ മരിച്ചത്. കൊക്കുകളുടെ ഒരു മരത്തിലേക്ക് കവണക്കല്ല് പായിച്ച് ഞങ്ങള്‍ അതിനെ പറത്തുമ്പോഴാണ് വീട്ടില്‍ നിന്നും ആളുവന്നു പറഞ്ഞത്.
3
മുന്‍പേ ഓടുന്ന ഒരു നായക്കൊപ്പം ഞങ്ങള്‍ ഓടുന്നു. ഉച്ചനേരത്തെ ഹിന്ദി വാര്‍ത്തയുടെ ചിലമ്പിച്ച ശബ്ദമുള്ള ഇടവഴിയിലൂടെ വീട്ടിലേക്ക് അതുനീണ്ടു. നായ ഇടയ്ക്ക് മറഞ്ഞു.
”അമ്മ പെട്ടന്ന് എന്നെ ചേര്‍ത്തു നിര്‍ത്തി അവര്‍ വിതുമ്പുന്നുണ്ടായിരുന്നു”
ആളുകള്‍ പതിയെ കൂട്ടം കൂടി, പ്ലാവില്‍ നിന്നും ഒരു ചക്ക ഊക്കോടെ പറമ്പില്‍ വന്നു പതിച്ചു. നടുഭാഗം ചിതറിയ അതിനെപ്പറ്റി ആളുകള്‍ സംസാരിക്കാന്‍ തുടങ്ങി.
പക്ഷേ, എന്നെ വീണ്ടും ഓര്‍മിപ്പിച്ചത് ഒരു രഹസ്യത്തെപ്പറ്റിയാണ് അപ്പൂപ്പന്‍ എന്നോട് പറയാതിരുന്ന ഒരു രഹസ്യത്തെപ്പറ്റി.

4
രാവിലെ കൃത്യം അഞ്ചരയ്ക്ക് കാര്‍ വന്നു. ഉച്ചത്തിലുള്ള ഹോണടി കേട്ട് കര്‍ട്ടന്‍ മാറ്റി ജനാല തുറന്ന് കുറച്ചു നേരം നില്‍ക്കാന്‍ ഞാന്‍ അയാളോട് മുകളില്‍ നിന്നും വിളിച്ചു പറഞ്ഞു. അതയാള്‍ കേട്ടോ ഇല്ലയോ എന്നറിയില്ല ഹോണടി നിര്‍ത്തി.
പതിനഞ്ചു മിനുട്ടിന് ശേഷം കാറില്‍ ഇരിക്കുമ്പോള്‍. മദ്യത്തിന്റെ മണം അനുഭവിക്കാന്‍ തുടങ്ങി. നല്ല കള്ളിന്റെ.
”കള്ളിന്റെ മണം ഇഷ്ടാണോ?” ഡ്രൈവര്‍ തിരിഞ്ഞു നോക്കി ചിരിച്ചു. അയാള്‍ കൈനങ്കരി തങ്കരാജിനെപ്പോലെയായിരുന്നു.
“നിങ്ങള്‍ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടോ?”
”ഇല്ല”
“നാടകം കാണാറുണ്ടോ?”
”പിന്നില്ലേ സാറേ ഒരുപാട് കണ്ടിട്ടുണ്ട്.” കള്ളിന്റെ മണം നേര്‍ത്തു വന്നു പിന്നെ തീരെ ഇല്ലാതായി.

5
”എന്റെ അച്ഛന്‍ ഞാന്‍ ജനിച്ചതിന്റെ രണ്ടുദിവസം മുന്‍പ് തന്റെ ഭാര്യയുടെ ചെവിയില്‍ ജനിക്കുന്നത് ആണ്‍കുട്ടി ആണെങ്കില്‍ പദ്മരാജന്‍ എന്നാണ് പേരിടാന്‍ പോകുന്നതെന്ന് പറയുമ്പോള്‍ അവര്‍ തിരിച്ചൊന്നും പറഞ്ഞില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
അന്നേ ദിവസം ഏതോ വീട്ടില്‍ നിന്നും വാങ്ങിയ പൂവന്‍ കോഴിയെ കറിവെച്ചു കഴിച്ചു സത്യമാണ്. പിന്നെ ആ പൂവന്‍ കോഴി എന്നെ വെറുതെ വിട്ടിട്ടില്ല. ഇത്തരം രഹസ്യങ്ങള്‍ക്ക് പ്രപഞ്ചത്തില്‍ പ്രസക്തിയില്ല എന്നാണ് അതു നിരന്തരം കാണിക്കുന്നത്. പൂവന്‍ കോഴി പറക്കുകയും ഇങ്ങനെ എഴുതിയ ഫലകത്തിന്മേല്‍ വന്നിരിക്കുകയും ചെയ്യും. ഞാന്‍ മനസ്സിലാക്കിക്കൊള്ളണം രഹസ്യങ്ങള്‍ക്ക് പ്രപഞ്ചത്തില്‍ രഹസ്യങ്ങള്‍ക്ക് പ്രസക്തിയില്ല എന്ന്.
എന്തായാലും അച്ഛന്‍ ഒരു യാത്ര പോയിട്ട് തിരിച്ചു വന്നില്ല.
അപ്പൂപ്പന്റെ പ്രപഞ്ചത്തില്‍ ഞാനും ഒരു ഭാഗമായി. നിറമുള്ള ചേമ്പുകള്‍ അലക്ഷ്യമായി വളര്‍ന്ന കാടിന്റെ തുരുത്തുകള്‍ മനുഷ്യര്‍ അങ്ങനെ ഭൂപടത്തില്‍ മറ്റൊരു ലോകം രഹസ്യമായി നിലനിന്നിരുന്നു എന്നുവേണം കരുതാന്‍.
“മൂന്നാംപക്ക”ത്തിലെ ജയറാമിനെ ടിവിയില്‍ കാണുമ്പോള്‍ അപ്പൂപ്പന്‍ പദ്മരാജനെപ്പറ്റി സൂചിപ്പിക്കും.
”എനിക്കയാളെ അറിയാരുന്നു…”
“ആരെ?”
”ജയറാമിനെയോ?”
”അല്ല പപ്പനെ.”
”സിനിമ പിടിക്കണ ആളില്ലേ? അയാളെ.”
അതും പറഞ്ഞ് വെറ്റില തയ്യാറാക്കി ചുരുട്ടി വച്ചിരുന്നത് എടുത്ത് വായിലേക്കിട്ടു.
“മൂന്നാംപക്കം” ആവര്‍ത്തിച്ച് ദൂരദര്‍ശനില്‍ വന്നുകൊണ്ടിരുന്നു. തിലകനും ശിവന്‍കുട്ടിപ്പിള്ളയും ഒരുപോലെ എന്ന് തോന്നിപ്പിക്കുന്നവണ്ണം അതാവര്‍ത്തിച്ചു.
എന്റെ പേര് ഞാന്‍ ഓര്‍ത്തു നോക്കി ”പദ്മരാജന്‍.”
അച്ഛനാണോ അപ്പൂപ്പനാണോ അതിന്റെ കാരണക്കാരനെന്ന് രഹസ്യമായി തുടര്‍ന്നു.
6
”പപ്പനും ഞാനും കോവളം കടപ്പുറത്തിരുന്ന് സംസാരിക്കുമായിരുന്നു. ഞങ്ങൾ രണ്ടും ഡ്രൈവ് ചെയ്ത് പോകാത്ത ഇടങ്ങളില്ല, അറിയാത്ത രഹസ്യങ്ങളില്ല.”
പിന്നെ അപ്പൂപ്പന്‍ ചിരിച്ചു.
”നീ ചെറുതാ.”
തടിച്ച കൃഷ്ണ ശലഭം തലക്ക് മുകളില്‍ വിയര്‍പ്പില്‍ വന്നു പറ്റിയപ്പോള്‍ അനങ്ങാതെ നില്‍ക്കാന്‍ സൂചന നല്‍കി. നരച്ച ആ തലയില്‍ നിന്നും അതു വിട്ടുപോയപ്പോള്‍ മാത്രമേ ഞങ്ങള്‍ നടക്കാന്‍ തുടങ്ങിയുള്ളൂ.
”നീ വലുതാകുമ്പോള്‍ ഞാന്‍ ഉണ്ടെങ്കില്‍ കുറേ പറഞ്ഞു തരും.”
പിന്നെയും ചിരിച്ചുകൊണ്ട് ഞങ്ങള്‍ നടന്നു.
“മൂന്നാംപക്ക”ത്തില്‍ കടലില്‍ നഷ്ടപ്പെട്ടു പോകുന്ന കുട്ടി ഞാനാണെന്ന് തോന്നിക്കും പോലെ ആ രാത്രികളില്‍ അപ്പൂപ്പന്‍ ഭയപ്പെട്ടിരുന്നുവത്രേ.
അതുകൊണ്ട് കടലിലേക്കുള്ള യാത്രകള്‍ വിലക്കപ്പെട്ടു.
പപ്പനും അപ്പൂപ്പനും നടത്തിയ യാത്രകള്‍ ഇടക്ക് വീണ്ടും വന്നുകൊണ്ടിരുന്നു.

7
1991 ജനുവരി 23
പദ്മരാജന്‍ കിടക്കുകയാണ് വലതു കൈ വയറില്‍ പൊക്കിളിന് കുറച്ചു മുകളി ല്‍ മടങ്ങി കിടക്കുന്നു. കാല്‍ പാദങ്ങള്‍ രണ്ടും കട്ടിലിന് വെളിയിലാണ്. അരയ്ക്ക് അടിവശം പൂക്കളുടെ ചിത്രമുള്ള വിരിപ്പ്. കുറച്ചകലെ ഭദ്രമായി വച്ചിരിക്കുന്ന സ്യുട്ട് കെയ്സ്. അൽപ്പം ചെരിച്ചു വെച്ച തലയിണയില്‍ അയാള്‍ കണ്ണുകളടച്ചു കിടക്കുന്നു. അപ്പുറത്തെ തലയണ നേരെ തന്നെ ഇരിക്കുന്നു. ആരും ഉപയോഗിച്ചിട്ടില്ലെന്ന മട്ടില്‍. ഡബിള്‍ ബെഡ്ഡിലെ ചിത്രപ്പണി ശ്രദ്ധിക്കണം ആറിതളുകളുള്ള മൂന്നു പൂവുകള്‍.
8
കാര്‍ ഓടിക്കൊണ്ടിരിക്കുന്നു. രാവിലെ സംഭവിച്ചത് ഒന്നുകൂടി ഓര്‍ത്തു നോക്കി.
പഴയൊരു മാസികയില്‍ വന്ന ഏതോ ലേഖനത്തിന്റെ ഒരു ഭാഗമാണത് ബാഗില്‍ അതും എടുത്തുവെച്ചു. വാട്ടര്‍ ബോട്ടിലില്‍ വെള്ളം നിറച്ചു. ബാഗിനുള്ളില്‍ കഴിഞ്ഞ യാത്രകളില്‍ പെട്ടുപോയ എന്തെങ്കിലും ഉണ്ടോയെന്ന് നോക്കാന്‍ ആഴത്തിലേക്ക് കയ്യിറക്കി. ഒന്നുമില്ല പുതിയതെല്ലാം നിക്ഷേപിച്ചു. പിന്നെ വീണ്ടും കസേരയില്‍ വന്നിരുന്നു. മൊബൈല്‍ സ്ക്രീനിലേക്ക് തുറിച്ചു നോക്കിയിരിക്കുമ്പോള്‍ വന്നെങ്കിലെന്ന് പ്രതീക്ഷിക്കുന്ന ചില മെസ്സേജുകള്‍ തലയ്ക്കു ചുറ്റും കറങ്ങി. പദ്മരാജനെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഷേര്‍ളി വാസുവിന്റെ ഓര്‍മ്മക്കുറിപ്പിലെ ചില ഭാഗങ്ങള്‍ വായിച്ചു നോക്കി. ശാന്തമായ ഉറക്കം.
ഞങ്ങള്‍ പ്രണയത്തിലായിരുന്ന കുറച്ചു കാലം അയാളുടെ വലിയ കണ്ണുകളെപ്പറ്റി അവള്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. നിറഞ്ഞു തിങ്ങിയ മുടി തലയിലും ശരീരത്തിലും. അയാള്‍ക്ക് ഏതുതരം ഗന്ധമാണ് എന്നുപോലും അവള്‍ അളന്നു പറഞ്ഞു.
വ്യത്യസ്ത ഗന്ധമുള്ള പുരുഷന്മാരുടെ കഥ പറയുമ്പോള്‍ ഞാന്‍ ഉറുമ്പുകളെ ഓര്‍ത്തു ഒന്നിനു പിറകില്‍ ഒന്നായി അതിങ്ങനെ സഞ്ചരിക്കുന്നു .
9
”പദ്മരാജന്‍…”
ഹാജര്‍ വിളിക്കുമ്പോള്‍ ചെറിയ ഉടലും വലിയ തലയുമുള്ള ഞാന്‍ എഴുന്നേറ്റു നിന്നു. എനിക്കും പദ്മരാജനും ഇടതിങ്ങിയ കാടുപോലെ വളര്‍ന്ന മുടി. പക്ഷേ, പുരുഷ മണം വന്നിട്ടില്ല. സുഷുപ്തിയിൽ ലയിച്ചു കിടക്കുന്ന ഹോര്‍മോണുകള്‍. ചുവന്നു തുടുക്കുകയും മഞ്ഞ കലര്‍ന്ന് നേര്‍ത്തു പോകുകയും ചെയ്യുന്ന ആകാശത്തിന് കീഴില്‍ പലതരം സംശയങ്ങളുമായി ഞാന്‍ കിടന്നു. ഒരു ഞണ്ട് ടിഫിന്‍ ബോക്സിനുള്ളില്‍ ഞെരിപിരി കൊള്ളുന്നു. ആരോ അതിനെ തുറന്നു വിടുന്നു. ക്ലാസ്സില്‍ ഉച്ചത്തിലുള്ള പൊട്ടിച്ചിരി. സ്വാതന്ത്ര്യം നേടിയ ഞണ്ട് കൗതകത്തോടെ കുസൃതിയോടെ ക്ലാസിനു വെളിയിലേക്ക് പോകുന്നു.
ഫോണില്‍ റിങ് കേട്ട ഉടനെ ഞെട്ടി ഉണരുമ്പോള്‍ വണ്ടി നിര്‍ത്തി അയാള്‍ എങ്ങോട്ടോ പോയെന്ന് തോന്നി.
നാഷണല്‍ ഹൈവേയില്‍ നിന്നും നാട്ടിലേക്ക് പോകാന്‍ ഒരിട റോഡുണ്ട്. അങ്ങനെ പറയാമോ എന്നെനിക്ക് അറിയില്ല. അതിന്റെ വീതി കൂടി വന്നിരിക്കുന്നു. നിശ്ചലവും വിരസവുമായിരുന്ന ഇടങ്ങളില്‍ ആളുകളുടെ എണ്ണം കൂടി.
”സാറ് നാട്ടില്‍ വന്നിട്ട് കൊറച്ചായിക്കാണും അല്ലേ?”
അയാള്‍ അതേയെന്ന് തലയാട്ടി.
”കഴുവേര്‍ട മക്കള്‍…”
”സാറ് നോക്കിയേ പോണ പോക്ക് കണ്ടില്ലേ എങ്ങനെ പറയാതിരിക്കും. ഇവനൊക്കെ വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് സ്വസ്ഥതക്കേടാണ്.”
കാറിനെ ഓവര്‍ടേക്ക് ചെയ്ത് ചീറിപ്പോയ ബൈക്കിലെ പിള്ളേരെ അയാള്‍ വീണ്ടും എന്തൊക്കെയോ പറഞ്ഞു.
പദ്മരാജന്‍ പുറത്തേക്ക് നോക്കിയിരുന്നു. കടല്‍ത്തിരയുടെ ശബ്ദമല്ല വന്യമായ ഒരു മലയുടെ നിത്യ മൗനത്തിലേക്ക് കാര്‍ പതുക്കെ നൂണ്ടു കയറി.

10
ഇരുട്ട് വീഴുന്നതിന് തൊട്ട് മുന്‍പ് മഞ്ഞ ചിത്രശലഭങ്ങള്‍ മാത്രമുള്ള ഒരു തുരുത്തിന്റെ ഭാഗത്ത് വണ്ടി നിര്‍ത്താന്‍ പറഞ്ഞു. വെളിച്ചത്തിന്‍ മേല്‍ ചിറകുകളുടെ ചലനം. ക്യാമറ എത്ര തവണയാണ് ശബ്ദിച്ചത്. ഇണ ചേരുന്ന പല്ലിയുടെ ശബ്ദംപോലെ.
മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക് ചാടുന്ന ഒരു കുരങ്ങ് ഉച്ചത്തില്‍ ശബ്ദിച്ചു മറഞ്ഞു.
തിരിഞ്ഞ് കാറിനടുത്ത് എത്തുമ്പോള്‍ ഡ്രൈവറെ കണ്ടില്ല. നിശ്ചലമായ പ്രകൃതി, ശബ്ദങ്ങള്‍, പൂമ്പാറ്റകള്‍.
11
ഇപ്പോള്‍ കാര്‍ ഓടിക്കൊണ്ടിരിക്കുന്നു. അനാഥമായ ഒരു ചെരിപ്പ് കട്ടിലിനടിയില്‍ കിടക്കുന്നു.
”സാറ് നന്നായി ഉറങ്ങിയല്ലേ?” ഡ്രൈവര്‍ ചിരിക്കുന്നു. അനാഥമായ സ്യൂട്ട് കെയ്സ്. ആറിതള്‍ വീതമുള്ള മൂന്നു പൂവുകള്‍. ആറെ ഗുണം മുന്ന് പതിനെട്ട്. അഥവാ പതിനെട്ട് ഇതളുകള്‍. പതിനെട്ട് വീണ്ടും അങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.
മരണത്തെ വീണ്ടും പഠിക്കാന്‍ ശ്രമിക്കാം. ഒരിക്കല്‍ക്കൂടി അയാള്‍ കട്ടിലില്‍ മലര്‍ന്നു കിടക്കുന്ന ചിത്രം പരിശോധിച്ചു. ഓബ്ജക്റ്റുകള്‍ ഓരോന്നായി ഇഴകീറി നോക്കി. ഒരു ഫോറന്‍സിക്ക് സര്‍ജന്‍ ചെയ്യുന്ന പോലെയല്ല. വെറുതെ ഒരു നിരീക്ഷകന്‍ ചെയ്യുന്ന പോലെ. എല്ലാ തിരക്കുകള്‍ക്കും അപ്പുറം മലയുടെ മുകളില്‍ കാര്‍ എത്തിയപ്പോള്‍ ഇരുട്ട് വീണു കഴിഞ്ഞിരുന്നു.
12
അപ്പൂപ്പന്‍ പറയാന്‍ വിട്ടിരുന്ന ഒരു രഹസ്യം ബാക്കിയാണ് എന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞു .
അയാള്‍ക്ക് ഒന്നും മനസ്സിലായില്ല. എന്റ അച്ഛനെപ്പറ്റി നിങ്ങള്‍ക്ക് അറിയാമോ? അതും അറിയില്ലെന്ന് അയാള്‍ തലയാട്ടി. ഇരുണ്ട് കയറിയ അന്തരീക്ഷം ക്ഷോഭിച്ച കടല്‍ പോലെയായിരുന്നു. നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടോ? വീണ്ടും ചോദ്യം അയാള്‍ ഇല്ലെന്ന് പറഞ്ഞു.
“കടലില്‍ പോയ ഒരാളെ ഓര്‍മ്മ വരുന്നുണ്ടോ?”
അതിനയാള്‍ ഉത്തരം പറഞ്ഞില്ല.
മൂന്നാം പക്കം കടല്‍ തിരിച്ചു തരുന്ന ശരീരങ്ങളെപ്പറ്റി അയാള്‍ക്ക് അറിയാമായിരുന്നു. കാറിന്റെ ഡോറിലേക്ക് ചേര്‍ത്ത് കഴുത്തില്‍ വലതുകൈ മുറുക്കിയപ്പോള്‍ അയാള്‍ എന്തൊക്കെയോ പറഞ്ഞു.
ഞാന്‍ അതൊന്നും കേട്ടില്ല.
പദ്മരാജനൊപ്പം ഫിയറ്റ് കാറില്‍ പച്ചപ്പിലൂടെ കടലിലേക്ക് പോകുന്ന അപ്പൂപ്പന്‍ മാത്രമായിരുന്നു മനസ്സില്‍. വേഗത കൂടി ആ കാര്‍ മറഞ്ഞു പോകുന്ന പോലെ.