scorecardresearch
Latest News

പന്തയസൂത്ര-അഖിൽ എസ് മുരളീധരൻ എഴുതിയ കഥ

ബോധം വരുമ്പോള്‍ രവി നിലത്തു കിടക്കുകയായിരുന്നു , വിജയന്‍ മറഞ്ഞു പോയിരുന്നു .പറങ്കി മാവിന്‍റെ താഴെ രാജാവ് വീണു കിടക്കുന്നു .ചുറ്റും നിശബ്ദ്ത .ജോര്‍ജ്ജിന്‍റെ വിളി കാത്തു കിടന്ന മൊബൈല്‍ ഫോണില്‍ വെളിച്ചം മിന്നുന്നുണ്ട്

akhil muraleedharan, story, iemalayalam
 1

ഭട്ടതിരിയുടെ കരിങ്കോഴിയെ പിടിച്ച് പന്തയം വെക്കുമ്പോള്‍ വിജയനും ജോര്‍ജ്ജും രവിയെത്തന്നെനോക്കിയിരുന്നു.
കരിങ്കോഴികള്‍ പറങ്കി മാവുകളുടെ ഇടയിലൂടെ പതുക്കെ നടന്നു നീങ്ങുകയായിരുന്നു അപ്പോള്‍ .ചീട്ടുകളിക്കാര്‍ക്ക് കോഴികളെ കണ്ട് രസം പിടിച്ചു. രവി എറിഞ്ഞകല്ല്‌ ചെന്നു വീണതും കോഴി പിടഞ്ഞുകൊണ്ട് താഴേക്കോടി പറങ്കി മാവ് എന്ന മഹാ പ്രസ്ഥാനവും പിന്നിട്ട് കരിയിലകളെ പറത്തി അവറ്റകള്‍ ഭട്ടതിരിയില്‍ ഒളിച്ചു .
ഭട്ടതിരി തൊടിയിലേക്ക്‌ ഇറങ്ങി നില്‍ക്കുകയായിരുന്നു.അയാളുടെ വീടിന്റെ കഴുക്കോലില്‍ നിന്നും ഒരു ചേര ഭൂമിയിലേക്ക് ഇറങ്ങി പരന്നതും കൈതയുടെ പച്ചയില്‍ നേര്‍ത്തു പോയതും കണ്ട് കോഴികള്‍ വീണ്ടും കരഞ്ഞു .
” പോട്ടെ പോട്ടെ പേടിക്കണ്ട ”
ഭട്ടതിരി അടക്കം പറഞ്ഞു .
കരിങ്കോഴികള്‍ അയാളില്‍ ചേര്‍ന്നു തന്നെ നിന്നു .
‘അല്ലെങ്കിലും അവറ്റകള്‍ അങ്ങനെയാണ് എന്തൊരു ഭയമാണ് ‘
നേര്‍ത്ത വെളിച്ചം വാഴത്തോട്ടത്തിലേക്ക് വീണപ്പോള്‍ ഭട്ടതിരിയും കോഴികളും താഴേക്ക് ഇറങ്ങി .
എന്നാല്‍ അവര്‍ മൂന്നുപേരും അവിടെത്തന്നെയിരുന്നു . കോഴികള്‍ പിന്നെ പുറത്തേക്ക് വന്നില്ല .എന്നിട്ടും മരം മറഞ്ഞ് മരം മാറി ഭട്ടതിരിയുടെ തൊടിയില്‍ വൃത്താകാരത്തില്‍ സഞ്ചരിച്ചു കൊണ്ടിരുന്നു .

akhil muraleedharan, story, iemalayalam

പിന്നീട് രവി നിലത്ത് കമ്പുകൊണ്ട് വരച്ചു കാണിച്ചു
”ഇത് നടുക്ക് അവന്‍റെ വീട് , ഇത് പേഴു മരം , ഇത് പറങ്കി ,ഇത് പെരുമരം.ഞാനിവിടെ വിജയന്‍ അതിന്‍റെ മൂട്ടില്‍ ജോര്‍ജ്ജ് അപ്പുറത്ത് ”
സമയമേറെ കഴിഞ്ഞിട്ടും ഭട്ടതിരി തോട്ടത്തില്‍ നിന്നും കയറി വന്നില്ല .

 2

ഏറണാകുളത്തെ ഫ്ലാറ്റില്‍ മറ്റെന്നാള്‍ ബോസിന് കൊടുക്കാമേന്നേറ്റ പാര്‍ട്ടിക്ക് ജോര്‍ജ്ജിന് ചില കണക്കുകൂട്ടലുകള്‍ ഒക്കെ ഉണ്ടായിരുന്നു .അങ്ങനെയാണ് നാട്ടിലേക്ക് വെച്ചു പിടിച്ചതും കളിക്കാനിരുന്നതും. കളി ജയിച്ചപ്പോള്‍ തന്നെ ജോര്‍ജ്ജ് രവിയോട് ആവശ്യപ്പെട്ടത് ഭട്ടതിരിയുടെ കോഴിയെയാണ്‌. ”വെറും കോഴിയല്ല അതയാളുടെ ചങ്ക് ആണെടാ” ജോര്‍ജ്ജ് ചിരിച്ചുകൊണ്ട് അലറി .
അവര്‍ക്ക് മുന്നില്‍ പച്ചയിലെ പറങ്കി മാവുകള്‍ ചെരിഞ്ഞു കിടന്നു . നിഗൂഡമായ ഒരാനന്ദം കൊണ്ട് ഭട്ടതിരി കോഴികളെ തെളിച്ച് തൊടി കയറി വന്നു .
”ഇത്തവണ അവനെ കുടുക്കണം ”

പറങ്കി മാവില്‍ ചാരിവെച്ചിരുന്ന വെട്ടുകത്തി കയ്യിലെടുത്ത് രവി പറങ്കിയുടെ വേരറുത്തു.
അവരുടെ മുന്നിലൂടെ രാജാവും രാജ്ഞിയും നടന്നു. പറങ്കി മാവിന്റെ ചില്ലകളില്‍ നിന്നും വെളിച്ചം നിലത്തു വിരിച്ച പത്രക്കടലാസ്സിലേക്ക് വീണു. അസാമാന്യ കയ്യടക്കത്തില്‍ രവി ചീട്ടുകള്‍ ചുഴറ്റി വീഴുത്തുന്നു. ആ ലോകത്തിനുമുകളില്‍ പക്ഷികളും മേഘങ്ങളും പറക്കുന്നു .ജോര്‍ജ്ജിന്റെ രവിയുടെ വിജയന്റെ ചുണ്ടില്‍ നിന്നും പുക മരങ്ങള്‍ക്കിടയില്‍ ചുറ്റിത്തിരിയുന്നു.
അവര്‍ വീണ്ടും കളിച്ചു.
ഭട്ടതിരിയുടെ കോഴി ജോര്‍ജ്ജിനു വീണു,
”നീ കളി തോറ്റ്”
വിജയന്‍ ചിരിച്ചു .
രവി ചീട്ട് നിലത്തെറിഞ്ഞു.നീലപിടിച്ച ആകാശത്തിലേക്ക് അയാള്‍ ഉയര്‍ന്നു നിന്ന് തോര്‍ത്ത് തോളിലേക്കിട്ട് ഭട്ടതിരിയുടെ പറമ്പിലേക്ക് നോക്കി .
”നീ പോണേനു മുന്നേ വാങ്ങിത്തരാം”
അതും പറഞ്ഞ് അയാള്‍ താഴേക്കിറങ്ങി.

ചുവന്ന ചെമ്പരത്തി മേല്‍ തേന്‍ കുടിയന്മാരുടെ ശബ്ദം. ഭട്ടതിരി കുനിഞ്ഞിരുന്ന് ചൂട്ടു കത്തിച്ച് വെള്ളം ചൂടാക്കുകയായിരുന്നു.
”കാര്യം പറഞ്ഞോ ”
രവി കാര്യം പറഞ്ഞു
”നടക്കില്ല ”
അയാള്‍ ഉറപ്പിച്ചു. അറയില്‍ തോര്‍ത്ത് ചുറ്റി ചൂടുവെള്ളം പൊക്കി കുളിക്കാന്‍ തയ്യാറായി.
‘കല്യാണം കഴിക്കാത്ത ശുദ്ധ വെജിറ്റേറിയനായ തനിക്ക് കോഴിയെക്കൊണ്ട് മറ്റു ചില പരിപാടികള്‍ ഒക്കെയുണ്ടെന്ന് തനിക്ക് അറിയാമെന്ന് രവി പറഞ്ഞതും ഭട്ടതിരി ഒന്നും മിണ്ടാതെ ഉള്ളിലേക്ക് പോയി കതകടച്ചു.’
”പോ പോ നിക്കണ്ട”
അയാള്‍ ആവര്‍ത്തിച്ചു.
പറങ്കി മാവുകളുടെ ചില്ലകളില്‍ രാജാവും രാജ്ഞിയും ജോക്കറും രവിയെത്തന്നെ നോക്കിയിരുന്നു ..
” തന്നില്ലെങ്കില്‍ കക്കണം”

akhil muraleedharan, story, iemalayalam


3
സംഗതി അലമ്പായപ്പോള്‍ രവി വീട്ടിലേക്ക് പോന്നു. പുലര്‍ച്ചെ താഴേക്കുള്ള ബസ്സ് വരുമ്പോഴേക്ക് കോഴിയെ തരുമെന്ന് ജോര്‍ജ്ജിന് വാക്ക് കൊടുത്തു.
നിശ്ചലമായ ആകാശത്തിലേക്ക് വാഴത്തോട്ടങ്ങളുടെ പച്ച പടര്‍ന്നു പിടിക്കുന്നതും നോക്കി ആതിര അടുക്കള വാതിലില്‍ ഇരുപ്പുണ്ട്‌.രവി ആ തൊടിയിലൂടെ മേല്‍പ്പോട്ടു കയറി വരുമ്പോള്‍ ചീവിടുകള്‍ പോലും ഒച്ചയനക്കി .
”കളി തോറ്റു”
നിങ്ങള്‍ക്കൊന്നു ശ്രദ്ധിച്ചു കളിച്ചു കൂടെ ആതിര അയാളുടെ തോളില്‍ കുത്തി.
”ഭട്ടതിരി കോഴിയെ വിക്കൂല ”
” ഞാനതിനെ കക്കും ”
”കട്ടോ ” ആതിര കൂസലില്ലാതെ പറഞ്ഞു .

 4

രാത്രി ഭട്ടതിരിയുടെ കോഴിയേയും ചാക്കിലാക്കി അയാള്‍ വീടിന്റെ
വാരാന്തയില്‍ കേറിയിരുന്നു ”.
” ആ നാറി കാശ് കൊടുത്താല്‍ തരികേല ” അതോണ്ട് കക്കുന്നേല്‍ തെറ്റില്ല ”.
കോഴിയേം പുറത്തുവെച്ചിട്ട് രവി ഉള്ളിലേക്ക് കയറി പരമ്പിലിരുന്ന് ചീട്ടുകളിച്ചു . ആതിരക്ക് കഴുത കളിക്കാനേ അറിയൂ .രവിക്ക് താനൊരു കഴുതയാകാന്‍ ഒട്ടും മടിയുണ്ടായിരുന്നില്ല . അവളുടെ വയറിന്‍റെ മടക്കുകളില്‍ മണം പിടിച്ച് മുകളിലോട്ടു കയറുന്ന ഒരു കഴുത. വീണ്ടും കളി തോറ്റപ്പോള്‍ അയാളൊരു കഴുതയായി അവളിലേക്ക് ഒതുങ്ങി അവളെ താങ്ങി രവി കുന്നുകയറി. വിമാനങ്ങള്‍ പറക്കുന്ന വഴിയില്‍ അവര്‍ മലര്‍ന്നു കിടന്നു .
കരിങ്കോഴി കൂവാന്‍ തുടങ്ങിയപ്പോള്‍ ചാക്കും കൊണ്ട് രവി ജോര്‍ജ്ജിന്‍റെ വീട്ടുപടിക്കല്‍ ചെന്നു .ചാക്കും വാങ്ങി ചിരിച്ച് ജോര്‍ജ്ജ് താഴേക്കിറങ്ങി.


5
പുലര്‍ച്ചെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ടു കെ എസ് ആര്‍ ടി സി ബസ്സിന്റെ മുന്നിലെ സീറ്റില്‍ നിന്നും ജോര്‍ജ്ജ് പിന്നിലേക്ക് ഇടക്കിടക്ക് നോക്കിക്കൊണ്ടിരുന്നു. ഭട്ടതിരി!
അയാള്‍ തന്നെ പിന്തുടരുന്നുവോ എന്ന് തോന്നിപ്പോകാന്‍ കാരണമുണ്ടായിരുന്നു. രണ്ടു സീറ്റുകള്‍ക്ക് പിന്നില്‍ ഭട്ടതിരി ശാന്തനായി ഇരിക്കുന്നുണ്ട്‌ .വിശാലമായ പ്രകൃതിയിലൂടെ ഇറക്കമിറങ്ങുന്ന ബസ്സിന്‍റെ മുകളിലേക്ക് ഇരുട്ട് മാറി വെളിച്ചം വീഴാന്‍ തുടങ്ങിയിരുന്നു . ചാക്കിലിരിക്കുന്ന കോഴി ഇടക്കിടെ അനങ്ങുന്നുണ്ട്. ഹൈ റേഞ്ചിലെ ഓരോ സ്റ്റോപ്പില്‍ എത്തുമ്പോഴും അതിന്‍റെ ചിറകുകള്‍ അനങ്ങി. കാലുകള്‍ കൂട്ടി കെട്ടിയിട്ടുണ്ടെങ്കിലും ചിറകുകള്‍ സ്വതന്ത്രമാണ്. ഭട്ടതിരി എങ്ങോട്ടാണ് യാത്രയെന്ന് ജോര്‍ജ്ജ് ചിന്തിക്കുന്നുണ്ട് പക്ഷെ ഒന്നും മനസ്സിലാകുന്നില്ല . ഒന്നറിയാം ചാക്കിലെ കോഴിയെ രവി കട്ടതാണ്

akhil muraleedharan, story, iemalayalam

.
6
` ടൗണിൽ ബസ്സിറങ്ങാന്‍ നേരം ഭട്ടതിരി ചാക്കിലേക്ക് സൂക്ഷിച്ചു നോക്കിയെങ്കിലും ജോര്‍ജ്ജ് അങ്ങോട്ടു നോക്കിയില്ല. അയാളുടെ മനസ്സ് പറങ്കി മാവുകളുടെ തണലില്‍ ചാഞ്ഞു കിടന്നു കളിക്കുന്ന ഒരു ചില്ലയില്‍ ഉടക്കി നിന്നു . ചീട്ടുകളില്‍ നിന്നും രൂപങ്ങള്‍ ഉയര്‍ന്നു പൊന്തുന്നതും രാജാവും രാജ്ഞിയും ജോക്കറും മരങ്ങളെ വട്ടം ചുറ്റുന്നതും. ഭട്ടതിരിയുടെ കറുത്ത കോഴികള്‍ പറക്കുന്നതും മൂന്നുപേര്‍ ഭട്ടതിരിയെ പന്തയം വയ്ക്കുന്നതും അയാളുടെ മനസ്സില്‍ വന്നു നിറഞ്ഞു. ബസ്സ്‌ താഴേക്ക് സമതലങ്ങളിലെ പച്ചപ്പിലേക്ക് ഇറങ്ങി.


7
ഭട്ടതിരിയെ പക്ഷെ പന്തയം വച്ചത് ആതിരയും രവിയുമായിരുന്നു .അവരുടെ കഴുതകളിയില്‍ ഭട്ടതിരി വീണു. കോഴിച്ചൂരു പടര്‍ന്ന അയാളുടെ ദേഹത്തെപ്പറ്റി ആതിര പറഞ്ഞപ്പോള്‍ രവി ചിരിച്ചു . അയാളുടെ പല്ലുകള്‍ വെറുതെ വായിലേക്ക് എറിഞ്ഞ കുരുമുളകിനെ ഞെരിച്ചു. എരിവ് പടര്‍ന്നു. ഭട്ടതിരിയെ പന്തയംവെച്ച കളിയും രവി തോറ്റു.
ജീപ്പെടുത്തു വിജയനേയും കൂടി അയാള്‍ ടൗണിലേക്ക് വിട്ടു .അതിനും മുന്നേ ജോര്‍ജ്ജ് സൂചന കൊടുത്തിരുന്നു.
‘ഭട്ടതിരി താഴെയുണ്ട് ‘
പലചരക്കും വാങ്ങി തിരിക്കാനിരുന്ന ഭട്ടതിരി രവിയെ കണ്ടതും കരിങ്കോഴിയെ ചോദിച്ചു .
രവി തല ചൊറിഞ്ഞു
”അതുപിന്നെ ” അയാള്‍ രഹസ്യച്ചിരി ചിരിച്ചു .
”ആതിര പറഞ്ഞായിരുന്നു”
കണ്ണുകള്‍ ഇടയുമ്പോഴും ഭട്ടതിരി കുലുങ്ങിയില്ല .
കൂടെയുള്ളവര്‍ക്കൊപ്പം രവി അയാളെയും കൂട്ടി കോഴിയെ വാങ്ങി, ചന്ത നിറച്ചും കോഴികള്‍ ഒന്നിച്ചു പോകാമെന്നും പറഞ്ഞ് വിശ്രമിക്കാന്‍ മുറിയെടുത്തു.
ജോര്‍ജ്ജിനെ വിളിച്ച്
രവി സംസാരിച്ചുകൊണ്ടിരുന്നു.

 8

ബാത്ത് ടബ്ബില്‍ ഇട്ടു കൊല്ലാമെന്നു കരുതിയ കോഴി ജോര്‍ജ്ജിന്‍റെ കയ്യില്‍ നിന്നും കുതറി .അതാകെട്ടിടത്തെ പ്രകമ്പനം കൊള്ളിച്ചു താഴേക്ക് പറന്നു. അടുത്ത മുറിയിലുള്ളവരും പുറത്തേക്കിറങ്ങി .
ജോര്‍ജ്ജിന്‍റെ മുറിയില്‍ നിന്നും കരിങ്കോഴി താഴേക്ക് പറന്നു ഇടുങ്ങിയ പടികളിലൂടെ അത് നിലവിളിച്ചുകൊണ്ട് സെക്യൂരിറ്റിയേയും കടന്ന് നഗരത്തിന്‍റെ തിരക്കുകളിലേക്ക് പറന്നു.
ജോര്‍ജ്ജ് പിന്നാലെ ഓടി” കരിങ്കോഴിയുമായി കണ്ണാടിയുടെ മുന്നില്‍ ബ്രഷ് ചെയ്യുമ്പോള്‍ ഓര്‍ക്കണമായിരുന്നു. കൊല്ലാന്‍ നിന്നാല്‍ കൊല്ലണം ഒരേസമയം രണ്ടു പണി ചെയ്യാന്‍ നിക്കരുത്‌ ”
രവി കയര്‍ത്തു
”സാരമില്ല കാത്തിരിക്ക്”
കോഴി പോട്ടെ ഭട്ടതിരിയെ പകരം തരാം
ജോര്‍ജ്ജ് ചിരിച്ചു

 9

ചീട്ടു കളിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ ലോഡ്ജിലെ മുറിയില്‍ ഫോണ്‍ വന്നത് . കോഴി പോയെന്ന് ജോര്‍ജ്ജ് പറയുമ്പോള്‍ രവിയും സംഘവും ചിരിച്ചു .
ഭട്ടതിരി പല്ലിറുമി.
അടിമാലിയിലെ ലോഡ്ജില്‍ മുറിയില്‍ രവിയും ഭട്ടതിരിയും മുഖാമുഖമിരുന്നു . ”നിങ്ങളാ രഹസ്യം പറ മനുഷ്യാ”
അയാള്‍ ഒന്നും മിണ്ടിയില്ല .
ചന്തയില്‍ നിന്നും വാങ്ങിയതൊക്കെ ചാക്കിലാക്കി വിജയന്‍ വന്നു.ചാക്കില്‍ എന്താണ് ഒരനക്കം എന്ന് ചോദിച്ച ലോഡ്ജ് ഉടമയോട് ഒരു പൂവനാണെന്ന് മാത്രം പറഞ്ഞു .
” അതൊന്നും ശരിയാകത്തില്ല റൂമില്‍ ഇതിനെ ഒന്നും കേറ്റാന്‍ പറ്റത്തില്ല ”
കാശ് കൊടുത്തപ്പോള്‍ അയാള്‍ അടങ്ങി
കുളിച്ചു വരുമ്പോള്‍ഭട്ടതിരി രവിയോട് ഒരുപാക്കറ്റ് സിഗരറ്റ് ചോദിച്ചു .
ആ രാത്രി രവിയും വിജയനും ഭട്ടതിരിയെ ചാക്കിലാക്കി. ജീപ്പ് മോളിലേക്ക് വിട്ടു
രവി ജോര്‍ജ്ജിനെ വിളിച്ച് പന്തയ സാധനം റെഡിയായി എന്നു പറഞ്ഞു
ജോര്‍ജ്ജ് ഫ്ലാറ്റിലെ ജനലും വാതിലും ഭദ്രമായി അടച്ചുവെച്ചു .
ഇന്ന് രാത്രി മുഴുവന്‍ ഭട്ടതിരിയുടെ ചെലവാണ്‌ രവി ജോര്‍ജ്ജിനോട്‌ പറഞ്ഞു .
” നീയും വാ ”
”കളി നടക്കട്ടെ ”
ജോര്‍ജ്ജ് ഉറങ്ങാന്‍ കിടന്നു .
ഭട്ടതിരി തിരക്ക് കൂട്ടി അലറി വിളിക്കാന്‍ തുടങ്ങി
” ഉടന്‍ എത്തും ”
രവിയും വിജയനും അയാളുടെ തോളില്‍ ഞെക്കിപ്പറഞ്ഞു .
പിന്നെ ചിരിച്ചു.

akhil muraleedharan, story, iemalayalam

അതേ സമയം വാഴത്തോട്ടത്തില്‍ ആതിര മലര്‍ന്നു കിടന്നു .
വയലറ്റു നിറമുള്ള കൂമ്പുകള്‍ വിടര്‍ന്നു പൂത്തത്തിലേക്ക് വാവലുകള്‍ വരുന്നത് അവള്‍ നോക്കി .
ഭട്ടതിരിയുടെ കോഴിക്കൂട്ടിലേക്ക് മഞ്ഞ വെയില്‍ പടര്‍ന്ന പൊന്തയില്‍ നിന്നും ഒരു ചേര കടന്നു കയറി
കുന്നുകളിലേക്ക് വെളിച്ചം കയറി
മുഴുത്ത ചേരയുടെ വായില്‍ കോഴിയുടെ കാൽ.

 10

ആതിര ആകാശത്തേക്ക് നോക്കി .
അവര്‍ക്ക് മുകളിലൂടെ കുട്ടുറുവാന്മാര്‍ പറന്നു.അത് പേരക്കയുടെ കാലമായിരുന്നു. ഭട്ടതിരിയെ പിടിച്ചു കൊണ്ടുവന്ന് മൂന്നുപേര്‍ക്ക് ഒപ്പമിരുന്ന്
അയാളുടെ രഹസ്യങ്ങള്‍ കേള്‍ക്കാന്‍ അവള്‍ക്കും കൊതി തോന്നാന്‍ തുടങ്ങിയിരുന്നു .
അടിവയറ്റില്‍ നിന്നും ആ ചേര വീണ്ടും പുറത്തിറങ്ങി പൊന്തയില്‍ ചുറ്റുന്നത് ആതിര അറിഞ്ഞു .ഭട്ടതിരിയുടെ കോഴികളുടെ ജീവിതത്തില്‍ നിന്നും മുന്നേ പോയവന്‍ പുറത്തേക്ക് ഇഴഞ്ഞു തുടങ്ങി .
അതവളുടെ അടിവയറ്റിലേക്ക് ഇരച്ചു കയറി പുറപ്പെട്ടു പോയവനും തിരിച്ചെത്തി . അവള്‍ നിലത്തു കിടന്നുരുണ്ടു .
കരിങ്കോഴികളും അയാളും തമ്മിലുള്ള നിഗൂഡമായ ആ ആനന്ദത്തെ അറിയാന്‍ അവള്‍ക്ക് തിടുക്കമായിരുന്നു.അത്രത്തോളം പാമ്പുകള്‍ അവളെ ഇക്കിളി കൂട്ടി . കൂവയുടെ തണ്ട് പൊട്ടിച്ചു മണത്തുകൊണ്ട് ആതിര കണ്ണുകള്‍ അടച്ചു പിടിച്ചു .

11

ബോധം വരുമ്പോള്‍ രവി നിലത്തു കിടക്കുകയായിരുന്നു , വിജയന്‍ മറഞ്ഞു പോയിരുന്നു .പറങ്കി മാവിന്‍റെ താഴെ രാജാവ് വീണു കിടക്കുന്നു .ചുറ്റും നിശബ്ദ്ത .ജോര്‍ജ്ജിന്‍റെ വിളി കാത്തു കിടന്ന മൊബൈല്‍ ഫോണില്‍ വെളിച്ചം മിന്നുന്നുണ്ട് .
ചതിച്ചത് ആരാണെന്ന് ഓര്‍ക്കാന്‍ രവി ശ്രമിച്ചു
ജോര്‍ജ്ജോ വിജയനോ ?
രവി കണ്ണുകള്‍ ഇറുക്കിയടച്ചു .
ഭട്ടതിരി വാഴത്തോട്ടത്തിലെ നിശബ്ദതയില്‍ തറയില്‍ കുനിഞ്ഞിരുന്നു. നിശ്ചലവും ശബ്ദ സമാധിതവുമായ ആ നിമിഷം അയാള്‍ മണ്ണില്‍ നീണ്ടു നിവര്‍ന്നു കിടന്നു .
ഇങ്ങനെയാണോ ഞാന്‍ മരിക്കാന്‍ പോകുന്നത് എന്ന് അയാള്‍ ചിന്തിച്ചു ശരീരത്തില്‍ മുറിവുകള്‍ തിട്ടപ്പെടുത്തുന്ന സമയത്ത് കണ്ണിലേക്ക് വെളിച്ചം വന്നുതറയുന്നതും
ഒരു കൂവല്‍ കേള്‍ക്കുന്നതും മാത്രം അയാളറിഞ്ഞു. ഒരു കറുത്ത പൂവന്‍ കോഴി ഭട്ടതിരിയുടെ കണ്ണിനു മുകളിലൂടെ പറന്നു.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Akhil muraleedharan short story panthayasutra