വീട്ടിലേക്ക് ആവര്‍ത്തിച്ചുള്ള യാത്രകള്‍ തീരെയില്ലാതായിരുന്നു. തിരക്കില്‍ എപ്പോഴോ വീടും പതുക്കെ മറന്നു. പൂജയുടെ ഒഴിവ് വന്നപ്പോള്‍പോണമെന്നു തോന്നി. ഓഫീസിൽ നിന്നും നേരെ നാട്ടിലേക്ക് വണ്ടി കയറി.
ആരോടും പറഞ്ഞില്ല. അമ്മാവനോട് കഴിഞ്ഞ ആഴ്‌ച സൂചിപ്പിച്ചിരുന്നു വന്നേക്കു മെന്ന്. ഉച്ച കഴിഞ്ഞിരുന്നു. ബസ്സിൽ നല്ല തിരക്കും. തിരക്കിൽ മുഖങ്ങൾ വന്നും പോയുമിരുന്നു. ഒരു പക്ഷി ചുവന്ന ബസ്സിനെ വഴി കാണിക്കുമ്പോലെ ചുറ്റിത്തിരിഞ്ഞു. സവിശേഷമായ ഒരനുഭവം കൊണ്ട് ഞാൻ ഉറങ്ങിപ്പോയി.

എത്തിയപ്പോള്‍ രാത്രിയായി. ജംഗ്ഷനിൽ ആളുകളില്ല. ഇലക്ഷൻ കഴിഞ്ഞതിൽപ്പിന്നെ മരവിച്ച മട്ടാണ്. ഈയലുകൾ വെളിച്ചത്തിൽ പറന്നു പറ്റുന്നുണ്ട്. പക്ഷെ അവയുടെ കാലം ഇതായിരുന്നുവോ എന്ന് സംശയം തോന്നി.

ഇടവഴിയിൽ കയറിയപ്പോഴും ഒന്നും തോന്നിയില്ല. പ്രപഞ്ചത്തിന് നിങ്ങൾ ഒറ്റക്കാണെങ്കിൽ ഒരത്ഭുതം കാട്ടി വിറകൊള്ളിക്കാൻ സാധിക്കും. എല്ലാ നിഗൂഢതകൾക്ക് പിന്നിലും ഈ വികൃതി ഒളിഞ്ഞിരുന്നു.

നീല നിറത്തിലുള്ള ഷഡ്‌പദ വ്യൂഹം ‘വരൂ വരൂ’ എന്നു വിളിച്ചു.
“നിന്റെ വീടിതാ.”

ആളും ഒച്ചയുമില്ല. സ്വസ്ഥം. ഇടക്ക് ഒരു പെരുച്ചാഴി മുന്നിലൂടെ ഓടി വന്ന് അന്തിച്ചു നിന്നു. ഞാൻ ആതിഥേയൻ എന്നപോലെ അവനെ നോക്കി നിന്നു. അത്ഭുതം കൊണ്ട് ആ ചെറിയ ജീവി കമ്മ്യൂണിസ്റ്റ് പച്ചയുടെ പൊന്തയിലേക്ക് കയറി.

ഒന്നിനും ഒരു മാറ്റവുമില്ല. വിശാലമായ ആകാശത്തിലേക്ക് വളര്‍ന്നു പടര്‍ന്ന വൃക്ഷങ്ങള്‍. നേരിയ വെളിച്ചത്തിൽ നീല ഷഡ്‌പദങ്ങൾ ചുറ്റും പറന്നു കളിക്കുന്നു. ഗ്രീൻ മൈൽ എന്ന ഹോളിവുഡ് സിനിമയിൽ മാന്ത്രികനായ ആ കൊലയാളിയുടെ ഉദരത്തിൽ നിന്നും പ്രാണികൾ പറക്കുമ്പോലെ യുള്ള അനുഭവം.

മൊബൈല്‍ നോക്കി സമയം ഏറെയായി. നെറ്റ്‌വര്‍ക്ക് തീരെയില്ല. മൂന്നു ദിവസം ആരോടും സംസാരിക്കണ്ട. ഭൂഗോളത്തില്‍ വംശമറ്റ് പോകുന്ന ഒരു വന്‍കരയായി എന്‍റെ ഈ ഭൂമി മാറിയിരിക്കുന്നു. മറ്റെന്തിനെക്കാളും സന്തോഷം തരുന്ന ഒരവസ്ഥയായി ഈ നിശബ്ധത മാറിയേക്കും.

കഴിഞ്ഞ ഒരാഴ്ച മുതല്‍ തിരക്കായിരുന്നു. തയ്യാറാക്കേണ്ടുന്ന ഫീച്ചറുകള്‍ക്ക് പിന്നാലെയുള്ള നിര്‍ത്താത്ത ഓട്ടം. ഞായറാഴ്ച ഇറങ്ങേണ്ട സ്പെഷ്യല്‍ പതിപ്പും തയ്യാറാക്കി കൊടുത്തിട്ടാണ് വന്നത്.

അനുപമ ചോദിച്ചിരുന്നു ‘നാട്ടിലെക്കാണോ?’

പറ്റുമെങ്കില്‍ അവള്‍ക്കും വരണമെന്ന്. ഞാന്‍ അന്നേരം അതോര്‍ത്തില്ല. ഒരുപക്ഷെ വിളിക്കാമായിരുന്നു. വന്നാല്‍ അവള്‍ക്ക് ആനന്ദം കണ്ടെത്താന്‍ കഴിഞ്ഞാല്‍ എനിക്കെന്ത് നഷ്ടം. തിരിച്ചു ചെല്ലുമ്പോള്‍ അവള്‍ ആവര്‍ത്തിക്കും നിങ്ങളുടെ വീടും തൊടിയും അതിലൂടെയുള്ള പച്ച വഴിയും. ഞാനാരിലും പച്ച ഇത്രമേല്‍ ആവര്‍ത്തിക്കുന്നത് കേട്ടിട്ടില്ല. ഈ ഹരിത പദം എന്നെ വീണ്ടും വീണ്ടും അവളെ ഓര്‍മിപ്പിച്ചു.

ഒരുപാട് കൊല്ലം മുന്‍പ് ബംഗാളി കൃതികള്‍ ഒക്കെ വായിക്കുന്ന കാലത്ത് ബിഭൂതി ഭൂഷന്‍ ബന്ദോപാധ്യായ എഴുതിയതൊക്കെ അതേപടി മനപ്പാടമാക്കി പുഴയോ വനമോ കാണുമ്പോള്‍ വാഗ്ധാരയാക്കി അവള്‍ ഒഴുക്കുമായിരുന്നു.
സഹപ്രവര്‍ത്തകയുടെ ഈ സാഹിത്യ വട്ട് എനിക്ക് സന്തോഷമുണ്ടാക്കിയിരുന്നു. ഞാനവള്‍ക്ക് ആരണ്യക്ക്ന്‍റെ ആദ്യത്തെ മലയാളം വിവര്‍ത്തനം തന്നെ സമ്മാനിച്ചു.

akhil muraleedharan, story, iemalayalam

അടുത്ത തവണ അനുപമ ഒരുപക്ഷെ ഒപ്പമുണ്ടായിരിക്കും അപ്പോള്‍ അവള്‍ക്ക് അറിയാനും അനുഭവിക്കാനും ചിലതൊക്കെ ബാക്കി വയ്ക്കണം. പറമ്പ് തെളിക്കണം എന്നു കരുതി തന്നെയാണ് തിരിച്ചത്, അതില്‍ മാറ്റം വരുത്താന്‍ തോന്നിയില്ല. ഇറങ്ങി നടക്കാന്‍ തെളിച്ചം വേണം മണ്ണില്‍ എന്തെങ്കിലും കുത്തി കിളിര്‍പ്പിക്കണം, മണ്ണ് ശപിക്കാതിരിക്കുമല്ലോ. അല്ലെങ്കില്‍ മരിച്ചു പോയവര്‍ക്ക് അതുകൊണ്ടെങ്കിലും സമാധാനം കിട്ടിക്കോട്ടേ.

നടന്നു ചെന്നു കേറി. വീട് പൂട്ടി കിടക്കുകയാണ്. വിചാരിച്ച പോലെ കാടുതന്നെ. വരാന്തയില്‍ ഇലകള്‍ നിറഞ്ഞു കിടക്കുന്നു. രാത്രി കിടക്കാനുള്ള സൗകര്യം തീരെയില്ലെങ്കിലും അമ്മാവനെ രാത്രിയില്‍ ബുദ്ധിമുട്ടിക്കാന്‍ തോന്നിയില്ല.

താക്കോലെടുത്ത്‌ മുറി തുറന്നു. പൊടിയുണ്ട്. പഴയൊരു സെറ്റിയിൽ കടലാസു വിരിച്ചു കിടന്നു.
ഇരുട്ടിലും നേരിയ വെളിച്ചത്തിലും ചിറകുള്ളവ വീണ്ടും പറന്നു. ശൽക്ക മഴ പെയ്തു. പല നിറങ്ങൾ .ഭൗതിക ശാസ്ത്രത്തിന്റെ പ്രകാശ സിദ്ധാന്തങ്ങൾ കാണിക്കുന്ന മാന്ത്രികത.

ദൈവമേ ഈ വീട് മരിച്ചു പോയോ? അതെന്തൊരു ദീര്‍ഘ മൗനത്തിലാണ് എത്തിപ്പെട്ടു കിടക്കുന്നത്.

ഏതോ ഒരു കഥയില്‍ ഞാന്‍ തന്നെ എഴുതിയ ഒരു ഭാഗം എന്‍റെയീ വീടിനെ പറ്റി തന്നെയായിരുന്നിരിക്കണം. ഓരോ വീടും യാത്ര ചെയ്യുന്നു. നിങ്ങള്‍ക്ക് തോന്നും വീട് നിശ്ചലമായിപ്പോയ ഒരു ജഡ വസ്തുവാണെന്ന് പക്ഷെ അതൊരു നുണ മാത്രമാണ്. കാലത്തോടൊപ്പം ചുറ്റും സജീവമായ പ്രകൃതിക്കൊപ്പം അതങ്ങനെ ഓടുകയാണ്.

ഈ വീടിന്‍റെ ഉത്തരത്തില്‍ സൂചിമുഖികള്‍ കൂടുണ്ടാക്കിയിരുന്നു
അവസാനത്തെ തവണ വന്നപ്പോള്‍ ഞാനതിനെ നോക്കി കുറച്ചു സമയമിരുന്നിരുന്നു. ആണും പെണ്ണും കൂടൊരുക്കാനുള്ള തത്രപ്പാടില്‍ അങ്ങനെ പുറത്തേക്കും അകത്തേക്കും പറക്കുകയായിരുന്നു.

ഞാന്‍ അന്നേ ശ്രദ്ധിച്ച ഒരസാധാരണ കാര്യമുണ്ട്. സാധാരണ സൂചിമുഖികള്‍ പുറത്ത് വാരാന്തയിലോ ചെമ്പരത്തികളിലോ മാത്രമാണ് കൂടൊരുക്കി താമസിക്കുന്നത്.  ഇവിടെ പതിവ് തെറ്റിയപോലെ.

വീട് എല്ലാത്തിനെയും ഉള്ളിലേക്ക് വലിച്ചെടുക്കും പോലെ. ഒരുപക്ഷെ കണക്കു തീര്‍ക്കുന്നതായിരിക്കാം. ഒറ്റപ്പെടുത്തിയ അവസ്ഥയെ മറികടക്കാന്‍ അതെല്ലാറ്റിനും വാതില്‍ തുറന്നിട്ടതാകാം. മുറിയില്‍ ഇരുട്ടാണ്‌ സൂചിമുഖികളും ഞാന്‍ അറിയാത്ത അജ്ഞാത വാസികളും ഉറങ്ങുകയായിരിക്കും.

akhil muraleedharan, story, iemalayalam

എനിക്ക് ഉറക്കം വന്നില്ല. മരിച്ചുപോയവരെ മനപ്പൂര്‍വം വിട്ടു കളയുന്നു. അടുക്കള വാതില്‍ എക്കാലത്തേക്കുമായി പൂട്ടിപ്പോയിരിക്കുന്നുവല്ലോ. അതില്‍ നിന്നും അമ്മിയുടെ ശബ്ധമെങ്ങാന്‍ കേട്ടാല്‍ ഒരുപക്ഷെ ഞാന്‍ വിതുംമ്പിപ്പോകുമെന്ന് എനിക്ക് തോന്നി. അത്തരം യാഥാര്‍ത്ഥ്യങ്ങളെ പ്രകൃതികൊണ്ട് മറികടക്കാന്‍ അഞ്ചെട്ടു വര്‍ഷമായി ഞാന്‍ പഠിക്കുന്നു.

അനുപമ അവളുടെ രണ്ടാമത്തെ കുട്ടിക്ക് ഭക്ഷണം കൊടുക്കുവാന്‍ നഗരത്തിലെ ഏതെങ്കിലും ഒരു പക്ഷിയെ കേണു വിളിക്കുന്നത് ഞാന്‍ കാണാറുണ്ട്‌… നഗരത്തില്‍ പക്ഷികള്‍ എവിടെ?

എങ്കിലും പലദിവസങ്ങളിലും കഴുത്തിലെ തൂവലുകള്‍ നഷ്ടപ്പെട്ട ഒരു വയസ്സന്‍ കാക്ക കുഞ്ഞിനുവേണ്ടി മതിലിന് മുകളില്‍ പ്രത്യേക്ഷപ്പെടാറുണ്ട്.
യൗവന തീഷ്ണമായ പറക്കലുകള്‍ എല്ലാം ഒടുക്കിയ ആ പക്ഷി അത്യന്തം വിനയാന്വിതനായി കുഞ്ഞിനെ രസിപ്പിക്കുന്നു.

അതു തന്‍റെ നിയോഗമെന്ന മട്ടില്‍ അങ്ങനെ തന്നെ കുഞ്ഞിനോടൊപ്പം ആഘോഷിക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവള്‍ ഒരല്‍പം വലുതാകുമ്പോഴേക്കും ഈ പക്ഷി മരിച്ചിരിക്കും എന്നു തീര്‍ച്ച.
മുതിരുമ്പോള്‍ അവള്‍ എല്ലാം മറക്കുന്നു. അതും പ്രകൃതിയുടെ ന്യായം തന്നെ.

കുപ്പിയില്‍ ബാക്കിവന്ന വെള്ളം കുടിച്ചു വല്ലാത്ത ദാഹം.
പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി. എഴുന്നേല്‍ക്കുമ്പോള്‍ വെളിച്ചം ഉള്ളിലേക്ക് തുറന്നിട്ട ജനാലയിലൂടെ ഉള്ളിലെ ചുവന്ന തറയില്‍ വീഴുന്നുണ്ടായിരുന്നു.
തറ പൊടി പിടിച്ചിരുന്നു. എങ്കിലും വിട്ടുമാറാത്ത തണുപ്പ്. എഴുന്നേറ്റ് പുറത്തേക്കിറങ്ങി.

ചുറ്റും കാടുപിടിച്ചിരുന്നു. അമ്മയും അച്ഛനും നട്ട ചെടികള്‍ അതിന്‍റെ വംശാനന്തര തലമുറകളില്‍ക്കൂടി പൂത്തും കായ്ച്ചും മറിഞ്ഞു കിടക്കുന്നു.
വീടിനുള്ളില്‍ കയറിയപ്പോള്‍ സൂചിമുഖികളെ കണ്ടില്ല. ഒഴിഞ്ഞ കൂടുമില്ല.
പഴയ അതിരിന്‍റെ മുകളിലൂടെ ഒരു ചേര ഇഴഞ്ഞു പോകുന്നു.

‘ദാ നോക്ക്, അധികാരി തിരിച്ചു വന്നു,’ ഞാനതിനെ നോക്കി തമാശ പറഞ്ഞു.
ചുറ്റും മനുഷ്യ ജീവികളില്ല. വല്ലപ്പോഴും പോകുന്ന മോട്ടോര്‍ ബൈക്കിന്‍റെശബ്ദം മാത്രം.

കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മാവന്‍ വന്നു. ചുണ്ടിലെ ചിരി കുറച്ചുകൂടി ചെറുപ്പമായത് പോലെ.

“ഇന്നലെ വന്നിട്ട് നിനക്ക് വിളിക്കാന്‍ വയ്യായിരുന്നു അല്ലെ?”

ഞാന്‍ ഒന്നും മിണ്ടിയില്ല.

“പാമ്പിന്‍റെ ശല്യം കൂടുതലാണ്. എന്തെങ്കിലും പറ്റിയാല്‍ ആരറിയാന്‍,”
ആരോടെന്നില്ലാതെ പറഞ്ഞ് ആകാശത്തിലേക്ക് നോക്കി.

“മഴ കാണും. വാ വല്ലതും കഴിക്ക്” കൊണ്ടുവന്ന പൊതി അഴിച്ചു.

കുളിക്കാനും കക്കൂസില്‍ പോകാനും തോട്ടിലേക്ക് ഇറങ്ങി പിന്നെ കയറിവന്നു കഴിച്ചു. ദോശയും കടലയും.

“എഴുത്തൊക്കെ എങ്ങനെ?”

“അങ്ങനെ പോകുന്നു,” ഞാന്‍ ചിരിച്ചു.
അമ്മാവനും.

akhil muraleedharan, story, iemalayalam

ഇപ്പോഴും വിട്ടുമാറിയിട്ടില്ലാത്ത പാമ്പുകളോടുള്ള ഭയം കൊണ്ടാവണം ഒരു വടികൊണ്ട് തറയില്‍ കിടന്നതൊക്കെ മാറ്റി നോക്കുകയാണ് അദ്ദേഹം.
വളരെ മുന്‍പ്‌ ഓരോ രാത്രികളിലും പാമ്പ് വേട്ടകളുടെ അനേകം കഥകള്‍ ഞാന്‍ അമ്മാവനില്‍ നിന്നും കേട്ടു. അനേകം പാമ്പുകള്‍ അദ്ദേഹത്തിനാല്‍ കൊല്ലപ്പെടുകയും ചെയ്തു.

ഓരോ രാത്രിയിലും വൃദ്ധനായ തന്നെ പാമ്പുകളുടെ അനന്തര തലമുറ വെറുതെ വിടില്ലെന്ന് അദ്ദേഹം കരുതിക്കാണണം. സന്ധ്യ കഴിഞ്ഞാല്‍ അമ്മാവന്‍ പുറത്തേക്കിറങ്ങി നടക്കാഞ്ഞിട്ട്‌ കാലം കുറെയായി.

ചുറ്റും കൈതപ്പൊന്ത വളര്‍ന്നു നിറഞ്ഞിരിക്കുന്നു.

“ഇതൊക്കെ വെട്ടിക്കളയണം. പണിക്ക് ആരെങ്കിലും കിട്ടുമോ?”

“നമുക്ക് ഏര്‍പ്പാടാക്കാം.”

സന്തോഷാധിക്യത്താല്‍ അമ്മാവന്‍റെ മുഖം ചുവന്നു. അന്നു തന്നെ
കൈതയുടെ പൊന്ത വെട്ടി മാറ്റാന്‍ ഒരാളെ ഏര്‍പ്പാടാക്കി.

(2)

സത്യേട്ടന്‍ വന്നു. ഒരൊഴിഞ്ഞ സമയത്ത് പന്നിയും കുട്ടീം ആയിട്ട് കൊറേ ഉണ്ടാര്‍ന്നു …കണ്ടിട്ടുണ്ട്. സത്യേട്ടന്‍ ബീഡി കത്തിച്ച് തലയില്‍ കെട്ടിയ തോര്‍ത്ത് അഴിച്ചു മടിയില്‍ വെച്ചു.

“നീ ഇനി പോണില്ലേ? ഇവിടെ താമസിക്കാന്‍ വല്ല പരിപാടിയുമുണ്ടോ?”

സത്യേട്ടന്‍ ചോദിക്കുന്നതിന് ‘നോക്കാം ചിലപ്പോള്‍’ എന്നല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല.

പെട്ടെന്ന്‍ വീടിന് പുറകില്‍ ഉച്ചത്തിലുള്ള ശബ്ദംകേട്ട് അങ്ങോട്ടോടി.
ഒരു തടിച്ച പന്നി ഞങ്ങളെ നോക്കി ദേഷ്യത്തോടെ അതിരിലൂടെ താഴേക്ക് ചാടി
കൂടെ വന്ന സത്യേട്ടന്‍ കുറച്ചു ദൂരം അതിനു പിന്നലെയോടി എവിടെ കിട്ടാന്‍.

“പലതരം ജീവികളുടെ വലിയൊരു കാഴ്ച ബംഗ്ലാവ് ആയി അല്ലേ ഇവിടം?”

സത്യേട്ടന്‍ ചിരിച്ചു. “നിനക്ക് അതല്ലേ ഇഷ്ടം.”

“ഇഷ്ടാരുന്നു. ഇപ്പോള്‍ എനിക്കറിയില്ല. ചിലപ്പോ വിട്ടിട്ടു പോകേണ്ടിവരും
പ്ലോട്ട് ആക്കിയിട്ടാല്‍ നല്ല വിലകിട്ടും എന്നാണു കേള്‍ക്കുന്നത്.”

സത്യേട്ടന്‍ കേട്ടിട്ട് ഒന്നും മിണ്ടിയില്ല. കൊടുവാള്‍ കയ്യിലെടുത്ത് പൊന്തയുടെ അരികിലേക്ക് നടന്നു.

ഞാന്‍ അങ്ങനെയിരിക്കുമ്പോള്‍ സൂചിമുഖികളുടെ ഒച്ച കേട്ടു. രണ്ടെണ്ണം ചുവന്ന ചെമ്പരത്തിയുടെ മുകളില്‍ പറന്നു ചിലക്കുന്നു. പൂത്താങ്കീരികളുടെ നിര്‍ത്താതെയുള്ള ഒച്ച കേട്ടപ്പോള്‍ തോന്നി പാമ്പ് വന്നെന്ന്. എഴുന്നേറ്റ് പോയി നോക്കുമ്പോള്‍ തെങ്ങിന്‍റെ ചുവട്ടില്‍ പ്രായം കൊണ്ട് നിറം മങ്ങിയ ഒരു വലിയ ചേര വെയിലിലേക്ക് ഇറങ്ങിക്കിടക്കുന്നു. അതിന്‍റെ തല ഭൂമിയോട് ചേര്‍ത്തു വച്ചിരിക്കുന്നു.

“സത്യേട്ടോ, ഒരു വലിയ ചേര…”

സത്യേട്ടന്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട് പൊന്ത വെട്ടാന്‍ തുടങ്ങി
ഓരോ ചില്ലകളും ഭൂമി തൊട്ടു. മുരിങ്ങ, കാട്ടു നാരകം, അത്തി ഓരോന്നും കോതിയൊതുക്കി. പ്രകാശം അണ തുറന്നതുപോലെ താഴേക്ക് പതിച്ചു.

akhil muraleedharan, story, iemalayalam

(3)

ഉച്ചക്ക് ഒരു കാര്‍ വന്നു നിന്നപ്പോള്‍ ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല അത് അനുപയാകുമെന്ന്…

“എങ്ങനെ കണ്ടു പിടിച്ചു?”

ഞാന്‍ അവളോട്‌ ആദ്യം ചോദിച്ചത് അതാണ്‌. അവള്‍ ചിരിച്ചു.

“ഞാന്‍ എത്ര തവണ പറഞ്ഞു എന്നെയും കൂട്ടണമെന്ന്. എനിക്ക് തോന്നി നിങ്ങള്‍ ഇങ്ങോട്ട്‌ തന്നെയെന്ന്. പിന്നെ എന്നെ ഇങ്ങോട്ട് കൊണ്ടുവരുമെന്ന പ്രതീക്ഷ ഒട്ടുമില്ല. അതുകൊണ്ട് തനിയെ വന്നു.”

അവള്‍ ചുറ്റും നോക്കുകകയാണ്, സ്വാതന്ത്ര്യം കണ്ടെത്തിയ പക്ഷിയെപ്പോലെ.

“കുട്ടിയെ എവിടെയാക്കി?”

“അവളെ അമ്മ നോക്കും. പിന്നെ ഒറ്റക്ക് നിക്കാന്‍ അവള്‍ക്കിപ്പോള്‍ പ്രശ്നമില്ല…അല്ല സിദ്ധാര്‍ത്
നിങ്ങള്‍ ഇതൊക്കെ വെട്ടി വെളിപ്പിക്കുകയാണോ?”

അവള്‍ എന്‍റെ കണ്ണില്‍ തന്നെ സൂക്ഷിച്ചു നോക്കി. ഞാന്‍ ഒന്നും മിണ്ടിയില്ല.

അനുപമ ഭര്‍ത്താവിന്‍റെ മരണ ശേഷമാണ് ഓഫീസ്സില്‍ ജോയിന്‍ ചെയ്യാന്‍ വന്നത്. അതിനും എത്രയോ മുന്പ് അവളെയും കൂട്ടി നടത്തിയ യാത്രകള്‍ ഞാനോര്‍ത്തു. അവള്‍ ഒരിക്കലും മാറിയിട്ടില്ല മാറിയതൊക്കെയും ഞാനാണ്.

സത്യേട്ടന്‍ പൊട്ടിച്ചുകൊണ്ടുവന്ന തൊടലിപ്പഴം കൊറിച്ചു, തെറ്റിയും ചെമ്പരത്തിയും പൂത്തു മറിഞ്ഞതിനെപ്പറ്റി അനുപമ എന്തൊക്കെയോ പറഞ്ഞു.

ഉച്ചക്ക് അമ്മാവനും മെലിഞ്ഞ ഒരു പയ്യനും കൂടി ഊണ് കൊണ്ടുവന്നു. അനുപമയെ അമ്മാവന് അറിയില്ല അമ്മാവനെപ്പറ്റി ഞാന്‍ പറഞ്ഞിട്ടുണ്ട് എന്നവള്‍ പറഞ്ഞു.

ചേരയുടെ കാര്യം പറഞ്ഞപ്പോള്‍ അമ്മാവന്‍ അസാധാരണമായി ഭയപ്പെട്ട പോലെ തോന്നി.
“പോട്ടെ എല്ലാം മാറും,”  നെറ്റിയില്‍ പടര്‍ന്ന വിയര്‍പ്പ് തോര്‍ത്തു കൊണ്ട് തുടച്ച് അമ്മാവന്‍ തൊടിയിലേക്ക്‌ ഇറങ്ങി.

“രാത്രി ഇവിടെ നിക്കണ്ട വീട്ടിലേക്ക് പോരാന്‍ നോക്ക്.”

ഞാന്‍ വരിലെന്ന് പറഞ്ഞതിന്‍റെ വിഷമം കാരണം അമ്മാവന്‍ പെട്ടന്ന് പോയി…
സത്യേട്ടന്‍ പറമ്പില്‍ തന്നെ നിന്നു.

akhil muraleedharan, story, iemalayalam

അതിര് തിരിക്കുമ്പോള്‍ കൈതക്കാട് തെളിച്ച് വേലി വയ്ക്കണം. വില്‍ക്കുമ്പോള്‍ വാങ്ങിക്കുന്നയാളിന് ഉണ്ടാകുന്ന അസ്വാരസ്യങ്ങള്‍ പരമാവധി ഒഴിവാക്കണം. അയല്‍ക്കാര്‍ക്ക് ശങ്കയുണ്ടാകുന്ന വിധത്തില്‍ അളവില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാന്‍ പാടില്ല.

“അപ്പോള്‍ വില്‍ക്കാന്‍ പോകുകയാണോ,” അനുപമ അത്ഭുതത്തോടെ നോക്കി.

ഞാന്‍ അതേയെന്നു തലയാട്ടി.

“സിദ്ധാര്‍ത്, ഭ്രാന്തുണ്ടോ എത്ര നല്ല സ്ഥലമാണ് വെറുതെ കളയണോ?”

“എന്താ നീ വാങ്ങുന്നോ?” ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി. അവള്‍ എന്തോ ചിന്തിച്ച് എഴുന്നേറ്റു പോയി.

സത്യേട്ടന്‍ വന്ന് നിലത്തിരുന്നു. സൂര്യന്‍ അസ്തമിക്കാന്‍ പോകുന്നു. വെളിച്ചം മാറുന്നു.

വസ്തു വില്‍ക്കുമ്പോള്‍ ഒരുപക്ഷെ ജീവിതത്തിന്‍റെ ഓര്‍മയുടെ ഒരുഭാഗം മുറിച്ചു കൊടുക്കും പോലെയാണ്
സത്യേട്ടന്‍ പറഞ്ഞത് ശരിയാണ്.

“അനുപമാ… നീ മടങ്ങുന്നില്ലേ?”

“ഞാന്‍ ഇന്നു മടങ്ങുന്നില്ല. ഒരു ദിവസം ഞാനിതൊക്കെ അനുഭവിക്കട്ടെ. ഇനി പറ്റിയില്ലെങ്കിലോ?”

“ഭൂമി, എന്‍റെയോ നിന്‍റെയോ ഒന്നുമല്ല. ഭൂമി വെറും ഓര്‍മ മാത്രമാണ്, ” ഞാന്‍ വെറുതെ പറഞ്ഞു.

സത്യേട്ടന്‍ എഴുന്നേറ്റു പോയി. അനുപമയും ഞാനും മാത്രം ബാക്കിയായി. അവള്‍ മൊബൈലില്‍ ഏതൊക്കെയോ പാട്ടുകള്‍ തിരയുന്നു.

ബാബുരാജ് , യേശുദാസ് നിര്‍ത്താതെ പാടുന്നു…

മുറിഞ്ഞുവീണ ചെടിത്തണ്ടുകള്‍, വാടിയ ഇലകള്‍ ഗന്ധം പോയ പൂവുകള്‍ വെയില്‍ കാഞ്ഞു മടങ്ങിയ ചേര…. വീടങ്ങനെ ഞങ്ങളെ നോക്കി നിന്നു. രാത്രി കാട്ടു പന്നി തിരിച്ചു വന്നു. അത് വീടിനു പിന്നില്‍ എന്തൊക്കെയോ തോണ്ടി നോക്കി.

സൂചിമുഖിയുടെ ഒഴിഞ്ഞ കൂടിനു താഴെ ഞാന്‍ അവളുമായി കെട്ടു പിണഞ്ഞു കിടന്നു.

“നിനക്ക് എന്തൊരു ഗന്ധമാണ്… കാട്ടു പൂവിന്‍റെ പോലെ.”

അവള്‍ ചിരിച്ചു. ഇരുട്ടില്‍ അവള്‍ എന്‍റെ നെഞ്ചിലെ രോമാങ്ങളിലൂടെ വിരല്‍ വലിച്ചു
അമര്‍ത്തി ഉമ്മ വെച്ചു. ഞാന്‍ അവളുടെ മുലകളെ ഞെരിക്കുകയായിരുന്നു.  അടിവയറ്റിലൂടെ ആ വയസ്സന്‍ ചേര ഇഴഞ്ഞു പോയി.

രാത്രി വിയര്‍പ്പില്‍ ഒട്ടി ചേര്‍ന്നു പോകും വിധം അങ്ങനെ കിടന്നു.
അവളുടെ മൊബൈല്‍ ‘ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ’യെന്ന് ഉണ്ണി മേനോനെക്കൊണ്ട് പാടിച്ചു …

ഞങ്ങള്‍ രണ്ടുതവണ ബന്ധപ്പെട്ടു.  മുലഞെട്ടുകള്‍ വിറച്ചുകൊണ്ട് ചുരുങ്ങി രോമങ്ങള്‍ എഴുന്നേറ്റു നിന്നപ്പോള്‍ എനിക്ക് തോന്നി ഓര്‍ഗാസം സംഭവിച്ചെന്ന്. അവള്‍ ചിരിച്ചു.

രാവിലെ ഒന്നും മിണ്ടാതെ അനുപമ പോയി. കാടും പടലവും പൂക്കളും ഒന്നും വേണ്ട. ഒന്നും മിണ്ടിയില്ല.
വേഗത്തില്‍ മുഖത്ത് ഒന്നു നോക്കുക കൂടി ചെയ്യാതെ പോയി.

“ഈ ഭൂമി വാങ്ങുന്നോ”?

“ഇല്ല!”

കാര്‍ പതുക്കെ അകന്നു പോയി.

akhil muraleedharan, story, iemalayalam

ഓരോ സെന്റിനും എഴുപത്തി അഞ്ച് കിട്ടുമെന്നാണ് ബ്രോക്കര്‍ പറഞ്ഞത്… ഒരുപക്ഷെ മരങ്ങളുടെയും മറ്റാദായങ്ങളുടെയും തീര്‍ത്തു നോക്കിയാല്‍ ഒരു എന്പതിനു മുകളില്‍ കിട്ടുമെന്നാണ് കരുതിയത്‌
ഒരുപക്ഷെ ഒന്ന് നീട്ടിവെച്ചാല്‍ അത്രതന്നെ കിട്ടും. പക്ഷെ ബ്രോക്കര്‍ സൂത്രശാലിയാണ് അയാള്‍ നിരന്തരം ഓരോന്ന് ഒപ്പിച്ചെടുക്കുന്നു.

ഒരു മരുന്നുപോലെ മനസ്സിനെ അസ്വസ്ഥമാക്കി കാര്യം നേടുന്നു. ഓര്‍മയുടെ ഒരുപങ്ക് നീ കൊണ്ടുപോയി തിന്നോ നായിന്‍റെ മോനെ. പക്ഷെ അയാളെ തെറി വിളിച്ചതില്‍ കാര്യമില്ല. എനിക്കാണ് ആവശ്യം. അത് നന്നായറിയാം. സ്വന്തം കുറ്റം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ മനുഷ്യര്‍ മിടുക്കരാണ്.

ഓരോന്ന് ചിന്തിച്ചിരുന്നു ഉച്ചയായി. സത്യേട്ടന്‍ വന്നില്ല.  പൊന്ത തെളിക്കാന്‍ കുറച്ചു പണിക്കാര്‍ വന്നിരുന്നു.
പൊന്ത തെളിച്ച് അവര്‍ പോയി.

ഉച്ചക്കൊന്നും കഴിച്ചില്ല.  ഞാന്‍ മാത്രമായി. എഴുമണി ആകുമ്പോഴേക്കും വീട്ടിലെത്തിയാല്‍ മതി
നഗരത്തിലേക്കുള്ള വഴി ബഹളങ്ങളുടെതാണ്.

ഞാന്‍ വെട്ടിക്കളഞ്ഞ ചെടികളുടെ അരികിലിരുന്നു. വെറുതെ മണ്ണില്‍ വിരലുകൊണ്ട് വരച്ചുകൊണ്ടിരുന്നു
ഭൂമി എന്റെയോ നിന്റെയോ ഒന്നുമല്ല. ഭൂമി ഓര്‍മകളുടെതാണ്. വില്‍ക്കാനും വാങ്ങാനും ഭൂമി ഒരിക്കലും നിന്റെതായിരുന്നില്ലല്ലോ.

ആരോ പറഞ്ഞോ? അതോ അങ്ങനെ തോന്നിയോ ….
പണിക്കാര്‍ തല്ലിക്കൊന്ന ഒരു ചേരയുടെ ശരീരം കണ്ട് എനിക്ക് ഞെട്ടല്‍ തോന്നി.
ഞാന്‍ അറിഞ്ഞിരുന്നില്ല. വന്നതുമുതല്‍ അതൊപ്പം ഉണ്ടായിരുന്നതാണ്. നെഞ്ചില്‍ തീ കോരിയിട്ടപോലെ തോന്നി.

അവര്‍ അങ്ങനെ ചെയ്തോ? ഞാന്‍ ചുണ്ടുകള്‍ പൊത്തി.

ഇടിച്ചു കളഞ്ഞ പൊത്തുകളില്‍ ജീവന്‍ പിടയും പോലെ. ഓരോ വൃക്ഷങ്ങളും മനസ്സറിഞ്ഞു പ്രാകും പോലെ
ഞാന്‍ ഒരിക്കലും ഇത്ര അസ്വസ്ഥനായിരുന്നില്ലല്ലോ ദൈവമേ.

ഞാന്‍ ഫോണ്‍ ഓണ്‍ ചെയ്തു. മാസങ്ങള്‍ക്ക് ശേഷം ഭാര്യയെ വിളിച്ചു. കുട്ടികള്‍ എത്തിയോ എന്നുതിരക്കി.

അവള്‍ ദേഷ്യത്തോടെ ഫോണ്‍ വയ്ക്കും മുന്പ് വക്കീല്‍ എല്ലാം പറയും എന്നുമാത്രം പറഞ്ഞു. എനിക്ക് വിഷമം തോന്നിയില്ല. ഭയം തോന്നി.

ശാപം പോലെ വാക്കുകളുടെ ഘോഷയാത്ര. ചേരയുടെ തുറന്ന കണ്ണുകള്‍. ചോര പുരണ്ട വായ
കുടിയൊഴിപ്പിക്കുകയാണോ? അതിന്‍റെ കുട്ടികള്‍ നിലവിളിച്ചു ചോദിക്കും പോലെ.
കാടുകയറിയ വീടും പറമ്പും വിട്ട് പ്രാണികളും ഷഡ്പദങ്ങളും ആകാശത്തേക്ക് പറക്കും പോലെ
ഭൂമി നിന്റെതല്ല ഒരിക്കലും നിന്റെതായിരുന്നില്ല…

എനിക്ക് ശ്വാസം മുട്ടി.

ഉണര്‍ന്നപ്പോള്‍ അമ്മാവന്‍ അടുത്തുണ്ട് .”വിളിച്ചിട്ട് ഫോണ്‍ എടുക്കില്ല.”  അദ്ദേഹത്തിന്റെ മുഖം ചുവന്നിരുന്നു. “ഇപ്പോള്‍ നിന്നെ തിരക്കി ഇറങ്ങാന്‍ തോന്നിയത് ഭാഗ്യം.”

“എണീക്ക്…”

ഞാന്‍ എഴുന്നേറ്റു.

എന്‍റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പാന്‍ തുടങ്ങി.

ആരും ഒന്നും ചോദിച്ചില്ല. ഞാന്‍ ഒന്നും പറഞ്ഞതുമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook