അയാള്‍ക്കിടയില്‍
ഞാനുണ്ടായിരുന്നു
ഞാന്‍ മാത്രം
അതെ ഞാന്‍ മാത്രം!
എന്താണിങ്ങനെ
ഒട്ടും വിശ്വാസമില്ലാതെ
മുഖം ചുളിക്കുന്നത്?
പലരും വന്ന്
ഞങ്ങള്‍ക്കിടയില്‍
എന്തൊക്കെയോ പറഞ്ഞു.
ഞാനും അയാളും
അതു കേള്‍ക്കാതിരിക്കാന്‍,
പരസ്പരം
പറഞ്ഞുകൊണ്ടേയിരുന്നു…
ഇടയ്‌ക്കെപ്പൊഴോ
ആകാശവും കാടും പുഴയും
നഗരവും ഗ്രാമങ്ങളും
ഞങ്ങളുടെ
ബെഞ്ചില്‍ ഇടംപിടിച്ചു.
ഓരോ വാക്കിലും
പലതരം വികാരങ്ങള്‍
ഇലകളായ് പറന്നുവീണു.

മലകള്‍ക്കിടയിലൂടെ
കടല്‍ തിരയിളക്കി,
പുഴ ഇതൊന്നുമറിയാതെ
മീനുകളെ തോളിലേറ്റി
നടന്നു,
പക്ഷികള്‍ അടുത്തിരുന്ന്
ഞങ്ങള്‍ പറയുന്നത്
അവരുടെ ഭാഷയിലേക്ക്
വിവര്‍ത്തനം ചെയ്തു.
അയാള്‍ ഞാനായി
ഞാന്‍ അയാളും.
ഷര്‍ട്ടുകളും പാന്റുകളും
അഴിച്ചുവച്ച്
കടലില്‍ കുളിച്ചു
പുഴയില്‍ നീന്തി,
പരസ്പരം
നിയന്ത്രണങ്ങളില്ലാതെ തൊട്ടു.
അയാളില്ല ഞാനും
ഞാനില്ല അയാളും.
കാട് പുഴയിലൂടെ
പൂക്കളൊഴുക്കുന്നു,
ഇലകള്‍ കൈകളാട്ടി
വിളിക്കുന്നു,
കടല്‍ തിരകളാല്‍
ആര്‍ത്തു ചിരിക്കുന്നു.
ഇതാ ഈ നേരം
ഒരാളുമില്ലാതെ,
ഞങ്ങള്‍ ഒറ്റയ്ക്കാവുന്നു.