scorecardresearch

വാതില്‍-അജിജേഷ് പച്ചാട്ട് എഴുതിയ കഥ

"അയാളേയും കൊണ്ട് അവന്‍ പുറത്തേക്ക് നടന്നു. അവര്‍ ബസ്സ് സ്റ്റോപ്പിലെത്തുമ്പോള്‍ രണ്ടുമൂന്നുപേര് ബസ്സ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു." അജിജേഷ് പച്ചാട്ട് എഴുതിയ കഥ

"അയാളേയും കൊണ്ട് അവന്‍ പുറത്തേക്ക് നടന്നു. അവര്‍ ബസ്സ് സ്റ്റോപ്പിലെത്തുമ്പോള്‍ രണ്ടുമൂന്നുപേര് ബസ്സ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു." അജിജേഷ് പച്ചാട്ട് എഴുതിയ കഥ

author-image
Ajijesh Pachat
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ajijesh Pachat Vaathil

ചിത്രീകരണം: ജയകൃഷ്ണൻ

ഇവാന്‍ ആദ്യമായി മദ്യപിച്ചെത്തിയ രാത്രി നല്ല മഴയായിരുന്നു. നനഞ്ഞുകുതിര്‍ന്നു വന്ന അവനില്‍ നിന്നും മദ്യത്തിന്റെ മണമടിച്ചപ്പോഴേക്കും ആച്ചലിന് തല കറങ്ങി. അവള്‍ മുറിയിലേക്കോടി അലമാരയ്ക്കുള്ളിലെ അത്തറു കുപ്പികളില്‍ നിന്നും ഒരെണ്ണം പരതിയെടുത്ത് മൂക്കിനോട് ചേര്‍ത്തുമണത്തു. എന്നിട്ട് വലിയൊരു റോസാപ്പൂ തോട്ടത്തിനെ ഓര്‍ക്കുകയും അതിനുള്ളിലൂടെ ഓടുന്നതായി സങ്കല്‍പ്പിക്കുകയുമൊക്കെ ചെയ്തുകൊണ്ട് ചുമര് ചാരിനിന്ന് കിതച്ചു.

Advertisment

അപ്പുറത്ത് മുറിയുടെ വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദം. ഇവാന് കാര്യമായിട്ടെന്തോ പ്രശ്‌നമുണ്ടായിട്ടുണ്ടെന്ന് ഉറപ്പാണ്. ആച്ചലിന്റെ നെഞ്ച് പുകഞ്ഞു. അവള്‍ മുറി മുഴുവന്‍ ആധി പിടിച്ചു നടന്നു. അതും പോരാഞ്ഞിട്ട് ഇടയ്ക്കിടെ പുറത്തിറങ്ങി അവന്റെ വാതിലിന് നേരെ നോക്കുകയും കാതോര്‍ക്കുകയും ചെയ്തു. 

ഒടുവില്‍ ഒച്ചയും അനക്കങ്ങളും തീരെയില്ല എന്ന് ഉറപ്പായതോടെ പതിയെ ചെന്ന് മുറിയിലെ ചാരുകസേരയിലേക്ക് മലര്‍ന്നു. പിന്നീടെപ്പോഴോ, നിര്‍ത്താതെയുള്ള തേങ്ങല്‍ കേട്ട് കണ്ണുകള്‍ തുറക്കുമ്പോഴേക്കും നേരം വെളുത്തുകഴിഞ്ഞിരുന്നു. ധൃതിയില്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍ച്ചുവട്ടിലിരുന്ന് ഇവാന്‍ കരയുന്നു!

സങ്കടത്തോടെ അവനെ പിടിച്ചെഴുന്നേല്‍പ്പിച്ച് ആച്ചല്‍ നെഞ്ചിലേക്കണച്ചു. അവളുടെ ഇടതുനെഞ്ചില്‍ മുഖം ചേര്‍ത്ത് അവന്‍ നിര്‍ത്താതെ തേങ്ങി.

''കരയല്ലേ...'' അവള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.''എന്താണ് പറ്റിയത്?''

പൊടുന്നനെ അവന്‍, അവളില്‍ നിന്നും അടര്‍ന്നുമാറി ചെറിയ കുട്ടികളെപ്പോലെ പുറംകൈ കൊണ്ട് കണ്ണീര്‍ തുടച്ചു. ''ഞാനൊരു കാര്യം ചോദിച്ചാല്‍ മമ്മ സത്യം പറയുമോ?''

ആച്ചലിന്റെ നെഞ്ച് കിടുങ്ങി. പക്ഷേ, ഒട്ടും പുറത്തേക്ക് കാണിച്ചില്ല. ഒരു ആയുസ്സിന്റെ മുഴുവന്‍ ആകാംക്ഷയും ഉള്ളില്‍ നിറച്ച് അവള്‍ ഇവാന്റെ ചോദ്യത്തിനായി കാത്തു.

''ശരിക്കും എന്റെ പപ്പ മരിച്ചു പോയത് തന്നെയാണോ?''

തീക്കാറ്റേറ്റതുപോലെ ആച്ചലൊന്ന് വാടി. ഉമിനീര് വറ്റി അവളുടെ അണ്ണാക്കെരിഞ്ഞു.

''ഇന്നലെ ആരുഷ് പപ്പയെ കുറിച്ച് ചോദിച്ചു. പപ്പ മരിച്ചുപോയതാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അവരെല്ലാവരും കൂടി എന്നെ നോക്കി കളിയാക്കി ചിരിച്ചു.''

പൊടുന്നനെ ആ ചിരി ആച്ചലിന്റെ ചെവിയിലും വന്നലച്ചു. ചുട്ടുപഴുത്ത പൂഴിത്തരികള്‍ വാരിയിട്ടതുപോലെ ചെവിക്കകം നീറി. എന്താണ് പറയേണ്ടത്? ഒരു നിമിഷം സംശയിച്ചു. പിന്നെയാരോ ഉള്ളില്‍ നിന്നും തിക്കിവിട്ടതുപോലെ പെട്ടെന്ന് പറഞ്ഞു. ''അതെ. പപ്പ മരിച്ചുപോയതാണ്. നമ്മള്‍ ഒരുമിച്ചല്ലേ കല്ലറയില്‍ പോയി പ്രാര്‍ത്ഥിക്കാറുള്ളത്.. ഇപ്പോള്‍ എന്താണൊരു സംശയം!''

''നോ...'' ഒരൊറ്റ തള്ളായിരുന്നു അവന്‍.

അപ്രതീക്ഷിതമായ ആ തള്ളലില്‍ ആച്ചല്‍ കസേരയിലേക്ക് മലര്‍ന്നു. ഭാഗ്യത്തിനാണ് മറിഞ്ഞു വീഴാതെ രക്ഷപ്പെട്ടത്. തൊട്ടരികിലെ ടീപ്പോയിക്ക് മുകളിലെ ഫ്‌ളവര്‍ വെയ്‌സ് താഴെ വീണ് ചിതറി, അതിനുള്ളിലെ റോസാപ്പൂവുകള്‍ പരിപൂര്‍ണ്ണ നഗ്നരായി നിലത്ത് പടര്‍ന്നു.

''പച്ചക്കള്ളമാണ് മമ്മ പറയുന്നത്.'' കത്തുന്നൊരു നോട്ടമെറിഞ്ഞ് അവന്‍ ചവിട്ടിക്കുതിച്ച് ഇറങ്ങിപ്പോയി.

ആച്ചലിന് ഉടനെയൊന്നും ആ വീഴ്ചയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. നട്ടെല്ലിന് അല്ലെങ്കില്‍ തന്നെ ഈയിടെയായി എപ്പോഴും വേദനയാണ്. വാതില്‍ക്കലേക്ക് നോക്കി അവള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. കഴിയാതെ വന്നപ്പോള്‍ വീണ്ടും കസേരയിലേക്കമര്‍ന്നു.

അന്ന് ഇവാന്‍ കോളേജിലെത്തിയില്ല. രണ്ടുവര്‍ഷമായി അവനെ ഗാഢമായി പ്രണയിക്കുന്ന താര രവീന്ദ്രന്‍ ഇടതടവില്ലാതെ വിളിച്ചിട്ടും ഇന്‍സ്റ്റയില്‍ തുടര്‍ച്ചയായി മെസ്സേജിട്ടിട്ടും അവനെ കിട്ടിയതേയില്ല.

''ആന്റീ, ഇവാനിന്ന് ക്ലാസില്‍ വന്നില്ലല്ലോ. അവിടെയുണ്ടോ?'' താര ഒടുവില്‍ ആച്ചലിനെ വിളിച്ചു.

''ഇല്ല.'' ആച്ചല്‍ വിറച്ചുകൊണ്ട് മറുപടി പറഞ്ഞു.  

നാലു വയസ്സിന് താഴെയുള്ള കുട്ടികളുടെ ഉടുപ്പില്‍, നീല നിറമുള്ള തിളങ്ങുന്ന കല്ലുകള്‍ വച്ചുപിടിപ്പിക്കുന്ന തിരക്കിലായിരുന്നു അവള്‍ അപ്പോള്‍. പിറ്റേന്ന് കൊടുക്കാനുള്ള ഓര്‍ഡറാണ്.

അല്ലെങ്കിലേ ശ്വാസമെടുക്കാന്‍ പ്രയാസമുള്ള ആച്ചലിന് രാവിലെത്തെ പരിക്കിന് പുറമെ ആ ഫോണ്‍കോള്‍ കൂടിയായപ്പോള്‍ ശരീരം മരവിച്ചതുപോലെയായി. അവള്‍ കിതച്ചുകൊണ്ട് മേശക്ക് മുകളിലുള്ള ഇന്‍ഹേലറെടുത്ത് വായിലേക്കടിച്ചു. ആശ്വാസം തോന്നിയപ്പോള്‍ അവന്റെ നമ്പരിലേക്ക് വിളിച്ചു. ഒന്നല്ല, മൂന്നു തവണ. ഫോണ്‍ റിങ്ങ് ചെയ്യുന്നുണ്ട്, പക്ഷേ എടുക്കുന്നില്ല. ആരോടാണ് സഹായം അഭ്യര്‍ത്ഥിക്കേണ്ടത്?

Ajijesh Pachat Vaathil

ആകെ വിളിക്കാനുള്ളത് ഡോ. അനിലാലിനേയും റോയ് മാത്യു സാറിനെയുമാണ്. ഡോക്ടര്‍ എപ്പോഴും തിരക്കിലായിരിക്കും. റിട്ടയറായതിനാല്‍ റോയ്‌സാറിനെ വിളിച്ചാല്‍ കിട്ടുമായിരിക്കും. നമ്പര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ സെര്‍ച്ച് ചെയ്യുന്ന നിമിഷം അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് സാറിന്റെ പേര് ഫോണിന്റെ നെറ്റിത്തടത്തില്‍ മിന്നാന്‍ തുടങ്ങി. ആച്ചലിന് പെട്ടെന്ന് കരച്ചില്‍ വന്നു. അവള്‍ ഫോണെടുത്ത് ചെവിയിലേക്ക് ചേര്‍ത്തു.

''ഇവാന്‍ എത്തിയില്ലല്ലോ... ല്ലേ?'' സാറ് ചോദിച്ചത് കേട്ടപ്പോള്‍ അടക്കിപ്പിടിച്ച തേങ്ങല്‍ പുറത്തേക്ക് ചാടി. 

സാറ് ആശ്വസിപ്പിച്ചു, ''ടെന്‍ഷനടിക്കേണ്ട കാര്യമൊന്നുമില്ല. അവനിന്ന് കോളേജിലേതോ പയ്യനുമായി ചെറിയൊരു കശപിശയുണ്ടാക്കി. ഞാന്‍ സ്റ്റേഷനിലെത്തി സോള്‍വ് ചെയ്ത് വിട്ടിട്ടുണ്ട്. തല്‍ക്കാലം ആച്ചല്‍ ഇന്നിനി അവനോടൊന്നും ചോദിക്കാന്‍ നില്‍ക്കണ്ട. അതാ നല്ലത്.''

അത്രയും മതിയായിരുന്നു കാര്യങ്ങള്‍ മനസ്സിലാക്കാന്‍. രാവിലെ സൂചിപ്പിച്ച ആരുഷിനെ ഇവാന്‍ അക്രമിച്ചിരിക്കുന്നു!

അവളുടെ മനസ്സും ദേഹവും ഉരുകാന്‍ തുടങ്ങി. ടോയ്‌ലറ്റില്‍ പോയി കുറേ നേരം നിര്‍ത്താതെ മുഖം കഴുകി. ശരീരം മൊത്തം വേദനിക്കുന്നതുപോലെ. വേഗം മുറിയിലെത്തി സകല വെളിച്ചവും ഓണ്‍ ചെയ്തു. എന്നിട്ട് അലമാരയുടെ പൂട്ടിയിട്ട ഏറ്റവും വലത്തേ അറ്റത്തെ വാതില്‍ തുറന്നു. ആരോ തുറക്കാന്‍ കാത്തുനിന്നതുപോലെ അതില്‍ നിന്നും പല പ്രായത്തിലുള്ള പഴയ ഉടുപ്പുകള്‍ താഴേക്ക് ചാടിയിറങ്ങി.

അവ വാരിയെടുത്ത് ആച്ചല്‍ പതിയെ മുഖത്തോട് ചേര്‍ത്തു. ഇവാന്റെ വ്യത്യസ്തമായ മണങ്ങള്‍! മക്കള്‍ക്ക് ഓരോ പ്രായത്തിലും ഓരോ മണമായിരിക്കും. അവളുടെ കണ്ണുകള്‍ നിറഞ്ഞു.

പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങിയ ഇവാന്‍ നേരെ പോയത് മഠത്തിലേക്കായിരുന്നു. ടെറസ്സിലേക്ക് പറന്നിറങ്ങുന്ന പ്രാവുകള്‍ക്ക് ഗോതമ്പുമണികള്‍ വിതറിയിടുകയായിരുന്ന സ്റ്റീവാൻ്റിയെ നോക്കി അവന്‍ അക്ഷമനായി നിന്നു.

''നിന്റെ മമ്മയുടെ അനുഭവങ്ങള്‍... അത് നീ ഊഹിക്കുന്നതിനേക്കാള്‍ എത്രയോ അപ്പുറത്താണ് കുഞ്ഞേ. അതൊന്നും തിരക്കി പോകാന്‍ നില്‍ക്കരുത്.'' മുഖം പോലെ സൗമ്യമായിരുന്നില്ല സ്റ്റീവാന്റിയുടെ അപ്പോഴത്തെ സ്വരം.

''ആയിരിക്കാം, അതിനാണോ മമ്മ കഴിഞ്ഞ പത്തൊമ്പത് വര്‍ഷം എന്നെ പറ്റിച്ചു നടന്നത്? ഒരു ബന്ധവുമില്ലാത്ത ഒരാളുടെ പേരും പറഞ്ഞ്...''

''അങ്ങനൊന്നും പറയരുത്...'' സിസ്റ്ററുടെ സ്വരം പതിഞ്ഞു.

''എങ്കില്‍ സ്റ്റീവാന്റി പറ...'' സ്റ്റീവാൻ്റി എന്ത് എന്ന അര്‍ത്ഥത്തില്‍ അവനെ നോക്കി നെറ്റി ചുളിച്ചു.

''എന്റെ പപ്പയാരാണെന്ന് പറ.''

അവര്‍ക്ക് ഉത്തരം മുട്ടി. അത് മനസ്സിലായതോടെ പെട്ടെന്ന് അവന്‍ മുന്നോട്ടാഞ്ഞ് കൈയ്യിലെ മൊബെല്‍ സിസ്റ്റര്‍ക്ക് നേരെ നീട്ടിപ്പിടിച്ചു. പ്രാവുകള്‍ ഒന്നടങ്കം വല്ലാത്തൊരു ശബ്ദത്തോടെ ചിറകടിച്ചുയര്‍ന്നു. സിസ്റ്റര്‍ ഒരൊറ്റത്തവണയേ സ്‌ക്രീനിലേക്ക് നോക്കിയുള്ളൂ... ഞെട്ടലോടെ മുഖം തിരിച്ചുകളഞ്ഞു.

''എന്തായാലും ഇവരില്‍ ഒരാളായിരിക്കും. അല്ലേ?'' അതും ചോദിച്ച് മറുപടിക്ക് കാത്തുനില്‍ക്കാതെ ഇവാന്‍ ഓടി കോണിയിറങ്ങിപ്പോയി.

എങ്ങനെയാണ് അവന് അത്രയും പഴക്കമുള്ള പേപ്പര്‍ കട്ടിങ്ങ് കിട്ടിയത്!

ഞെട്ടിത്തരിച്ച് സ്റ്റീവാൻ്റി അവന്‍ പോയ വഴിയേ നോക്കി മരവിച്ചു നിന്നു. അപ്പോള്‍ത്തന്നെ അവര്‍ക്ക് അനിലാലിനെ വിളിക്കാന്‍ തോന്നി. പ്രാവുകള്‍ ഓരോന്നായി വീണ്ടും ടെറസിലേക്ക് പറന്നിറങ്ങാന്‍ തുടങ്ങി. അവ അനക്കമറ്റു നില്‍ക്കുന്ന സ്റ്റീവാൻ്റിയെ നോക്കി കുറുകി.

''എന്നോടവന്‍ മിണ്ടിയിട്ട് ഇന്നേക്ക് മൂന്നു ദിവസമായി...'' അതും പറഞ്ഞ് ആച്ചല്‍ കാപ്പിക്കപ്പും പിടിച്ച് പനിച്ചു വിറയ്ക്കുന്നതുപോലെ ഇരുന്നു.

എന്താണ് പറയേണ്ടതെന്നറിയാതെ ഡോ. അനിലാല്‍ കുറച്ചുനേരം ആച്ചലിനെ തന്നെ നോക്കിയിരുന്നു. സ്റ്റീവാൻ്റി കാര്യങ്ങള്‍ അറിയിച്ച ഉടനെ ഇവാനുമായി സംസാരിച്ചതാണ്. അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള അവന്റെ വാദം കേട്ടപ്പോള്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഡിസംബര്‍ മാസത്തിലെ തണുത്ത രാത്രിയായിരുന്നു ഡോക്ടര്‍ ഓര്‍ത്തത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍, മാഞ്ചസ്റ്ററും ചെല്‍സിയും ഏറ്റുമുട്ടുന്ന തീ പാറും പോരാട്ടം. ഹോസ്പിറ്റലിലെ ഡ്യൂട്ടി തീര്‍ത്ത് വീട്ടില്‍ വന്ന് ടി.വി തുറന്ന് പത്തുമിനിറ്റേ ആയിട്ടുണ്ടായിരുന്നുള്ളൂ. മാഞ്ചസ്റ്റര്‍ ഒരു ഗോള്‍ നേടി കളി മുറുകി വരികയായിരുന്നു. അപ്പോഴേക്കും അര്‍ജന്റ് കോള്‍ എത്തി.

തിരികെ ഹോസ്പിറ്റലിലെത്തുമ്പോള്‍ ചുറ്റുപാട് നിറയെ പോലീസും ആള്‍ക്കൂട്ടവുമായിരുന്നു. അപ്പോള്‍ തന്നെ കേസിന്റെ ഗൗരവം മനസ്സിലായി. തെല്ല് ആശങ്കയോടെയാണ് ഐ.സി.യുവിലേക്ക് കയറിയത്. ടേബിളില്‍ ചോര പുതഞ്ഞ പെണ്‍കുട്ടിയെ തിരക്കിട്ട് ക്ലീന്‍ ചെയ്യുകയാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘം. ഏറിപ്പോയാല്‍ ഇരുപതോ ഇരുപത്തിരണ്ടോ വയസ് പ്രായം വരുമായിരിക്കും.

''ഒന്നിലധികം പേരുണ്ട് സാര്‍, കോംപ്ലിക്കേറ്റഡ് ആണ്. തിരിച്ചുകിട്ടാന്‍ അല്‍പം ബുദ്ധിമുട്ടായിരിക്കുമെന്ന് തോന്നുന്നു.''

''തിരിച്ചുകിട്ടണം.'' അലറുകയായിരുന്നു..

ആ ദൃഢതയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മുന്നില്‍ ഇരിക്കുന്നത്. വളരെ ബോള്‍ഡായി ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്ന് എല്ലാ വിവരങ്ങളും കൈമാറിയ അന്നത്തെ ചങ്കൂറ്റമുള്ള പെണ്‍കുട്ടിയേ അല്ലാതായിത്തീര്‍ന്നിരിക്കുന്നു ഇപ്പോള്‍ ആച്ചല്‍.

''ഇങ്ങനെയൊക്കെ വരാനുള്ള സാധ്യത അന്നേ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്. ഓര്‍മയില്ലേ ആച്ചലിന്? അച്ഛനാരാണെന്ന് അറിയാനുള്ള റൈറ്റ്‌സ് അവനുണ്ട്. നമ്മുടെ നിയമം അത് അനുവദിക്കുന്നുമുണ്ട്.''

ആച്ചല്‍ പാതിയായ കാപ്പിക്കപ്പ് മേശപ്പുറത്തേക്ക് വച്ചു. പിന്നെ നനഞ്ഞൊരു ചിരി ചിരിച്ചു. ''അറിയാം ഡോക്ടര്‍.'' അവള്‍ പതിയെ എഴുന്നേറ്റു. 

Ajijesh Pachat Vaathil

''എന്നാല്‍ പിന്നെ ഞാനിറങ്ങുകയാണ്. പറ്റുകയാണെങ്കില്‍ അവനോട് മദ്യപിച്ച് വരരുതെന്ന് ഒന്ന് പറയണം. ആ മണമെന്നെ വല്ലാതെ ബാധിക്കുന്നുണ്ട്. ഡോക്ടര്‍ക്കറിയാലോ...''

''തീര്‍ച്ചയായും ഞാന്‍ അവനോട് സംസാരിക്കുന്നുണ്ട്'' ഡോക്ടറും എഴുന്നേറ്റു. ''ആച്ചല്‍ ഏതായാലും ഒറ്റയ്ക്ക് പോകണ്ട. ഞാന്‍ ഹോസ്പിറ്റലിലേക്ക് ഇറങ്ങാനൊരുങ്ങുകയായിരുന്നു. ഡ്രോപ്പ് ചെയ്യാം''

കാറ് ഡ്രൈവ് ചെയ്യുമ്പോള്‍ ഡോക്ടര്‍ കാര്യമായി ഒന്നും സംസാരിച്ചിരുന്നില്ല. അരികില്‍ അത്രയും വേണ്ടപ്പെട്ട ഒരാള്‍ ഉണ്ടെന്ന സുരക്ഷിതത്വത്തില്‍ ആച്ചല്‍ കണ്ണുകളടച്ച് ചാരിക്കിടന്നു. മൂന്ന് ദിവസമായി ഉറക്കം നഷ്ടപ്പെട്ടിട്ട്. ഒരു കുലുക്കമുണ്ടായപ്പോഴാണ് പിന്നെ കണ്ണുകള്‍ തുറക്കുന്നത്. ഡോക്ടറുടെ ഇംഗ്ലീഷിലുള്ള കനത്ത തെറിവിളി. റെയില്‍വേ ഗേറ്റിനടുത്ത് വച്ച് ഒരു ഓട്ടോറിക്ഷ സിഗ്നല്‍ കാണിക്കാതെ വിലങ്ങനെ കയറിയപ്പോള്‍ ഡോക്ടറില്‍ നിന്നും കാറ് ഓഫായിപ്പോയതിനാണ്. യാതൊന്നും സംഭവിക്കാത്തതുപോലെ കൂളായിട്ട് ഓട്ടോറിക്ഷക്കാരന്‍ അവരെ കടന്നുപോയി.

ഓട്ടോറിക്ഷയെ കണ്ടതും ആച്ചലിൻ്റെ ഇരുചെന്നിക്കരികില്‍ നിന്നും കുത്തിപ്പറിക്കുന്ന വേദനയുണ്ടാവാന്‍ തുടങ്ങി. അവള്‍ കൈകൊണ്ട് ഇരുവശവും അമര്‍ത്തി തടവി കുറച്ചുനേരം കണ്ണടച്ചിരുന്നു.

അന്ന് ആ ഓട്ടോയില്‍ കയറാന്‍ തോന്നിയത് എന്തിനാണ്?! കഴിഞ്ഞ ഇരുപത് വര്‍ഷമായി നിരന്തരം ആലോചിച്ച് ഉത്തരം കിട്ടാത്ത ചോദ്യം അവള്‍ വീണ്ടും ഓര്‍ത്തു...

സ്‌കൂള്‍ വെക്കേഷന്‍ തീരുന്ന സമയമായതുകൊണ്ട് ഷോപ്പില്‍ നിന്നും ഇറങ്ങാന്‍ നേരം വൈകിയിരുന്നു. കുഞ്ഞുകുട്ടികളുടെ ഉടുപ്പ് ഡിസൈന്‍ ചെയ്യാനിരുന്നാല്‍ നേരം പോവുന്നത് അറിയുകയേയില്ല.

ഇറങ്ങാന്‍ നേരമാണെങ്കില്‍ കാലം തെറ്റിവന്ന മഴയും. തോരാന്‍ കാത്തുനിന്നതോടെ നേരം പിന്നെയും വൈകി. അതുകൊണ്ടുതന്നെ വീട്ടിലെത്താനുള്ള തിടുക്കത്തില്‍ മുന്നില്‍ വന്നു നിന്ന ഓട്ടോറിക്ഷ ടാക്‌സിയാണോന്നു പോലും നോക്കിയില്ല. അതിന്റെ അരവാതില്‍ തുറക്കുന്നതിന് മുമ്പ് ഡ്രൈവറല്ലാത്ത ആരെങ്കിലും ഉണ്ടോ എന്നും ശ്രദ്ധിച്ചില്ല. 

തോട്ടുങ്ങല്‍ പാലം കഴിഞ്ഞയുടനെയുള്ള അമ്മൂമ്മമരത്തിന് ചുവട്ടിലേക്ക് ഓട്ടോ കയറ്റിനിര്‍ത്തിയപ്പോള്‍ ഒരമ്പരപ്പുണ്ടായി. എന്തിനാണ് ഇവിടെ നിര്‍ത്തിയതെന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഡ്രൈവര്‍ വെട്ടിത്തിരിഞ്ഞ് കൈയ്യിലുള്ളത് മുഖത്തേക്ക് ഒരൊറ്റ അമര്‍ത്തലായിരുന്നു.

മൂക്ക് തകര്‍ന്നു തരിപ്പണമാവുന്നതുപോലെയാണ് തോന്നിയത്. അന്നേരം കടന്നുപോയ ഏതോ വാഹനത്തിന്റെ വെളിച്ചത്തില്‍, ബോധം മറയുന്നതിന് മുമ്പ് ഡ്രൈവിങ്ങ് സീറ്റില്‍ രണ്ട് പൂച്ചക്കണ്ണുകള്‍ തിളങ്ങുന്നത് മാത്രം കണ്ടു.

''ഇറങ്ങുന്നില്ലേ?'' വീട്ടിലേക്കുള്ള വഴിയരികിലെത്തിയപ്പോള്‍ ഡോക്ടര്‍ കാറ് നിര്‍ത്തി.

ഞെട്ടിപ്പോയ ആച്ചല്‍ കണ്ണുകള്‍ തുറന്ന് പേടിയോടെ ചുറ്റുപാടും നോക്കി. പിന്നെ യാത്ര പോലും പറയാതെ വേഗം ഇറങ്ങി നടന്നു. കുനിഞ്ഞ ശിരസ്സുമായി അവള്‍ ബുദ്ധിമുട്ടി നടക്കുന്നതും നോക്കി ഡോക്ടര്‍ ഫോണ്‍ കൈയ്യിലെടുത്തു. റോയ്‌സാറിൻ്റെ നമ്പര്‍ ഡയല്‍ ചെയ്ത് ചെവിയിലേക്ക് ചേര്‍ത്തു.

''അത്യാവശ്യമായി ഒന്ന് കാണണമായിരുന്നല്ലോ സാറേ...''

പുഴയോരത്തെ കോഫീപാര്‍ക്കില്‍ ആളുകള്‍ കുറവായിരുന്നു. നേരിയ ശബ്ദത്തില്‍ മുഹമ്മദ് റഫിയുടെ പാട്ട് ഒഴുകി വരുന്നുണ്ട്. കളര്‍ ലൈറ്റുകളും പുകച്ചുവച്ച ചന്ദനച്ചീളുകളുമായി വൈകുന്നേരത്തില്‍ വല്ലാത്തൊരു വൈബുണ്ടാവും കോഫീപാര്‍ക്കില്‍.

കാപ്പി നുണഞ്ഞുകൊണ്ടാണ് റോയ്‌സാര്‍ തുടങ്ങിയത്. ''കൈയ്യും കാലും പിടിച്ച് പറഞ്ഞതായിരുന്നു അന്ന്.'' അദ്ദേഹം ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു. ''ഇനിയിപ്പോ അത് പറഞ്ഞിട്ട് കാര്യമില്ല. എന്താണ് അവരുടെ കറന്റ് സ്റ്റാറ്റസ്?''

''ഓരോ ദിവസം കഴിയുന്നതിനനുസരിച്ച് ക്ഷീണിച്ച് വരികയാണ് സര്‍. വല്ലാത്തൊരു സങ്കടം, അത് കാണുമ്പോള്‍...''

കുറച്ചുനേരം ഇരുവരും ഒന്നും മിണ്ടിയില്ല. മുറ്റത്തെ പൂഴിയില്‍ ഓടിക്കളിക്കുന്ന രണ്ടു കുഞ്ഞുകുട്ടികളുടെ കുസൃതിത്തരങ്ങള്‍ നോക്കി അവര്‍ വെറുതെ ഇരുന്നു.

''ആച്ചല്‍ എന്നത് കേവലം പവര്‍ഫുള്ളായിട്ടുള്ള ഒരു വ്യക്തി മാത്രമല്ല. ഡോക്ടറും ഞാനും സ്‌നേഹമുള്ള കുറേ മനുഷ്യരും ചേര്‍ന്ന ടോട്ടാലിറ്റിയും കൂടിയാണ്. അറിയാലോ, എത്ര റിസ്‌ക്കെടുത്താണ് നമ്മള്‍ അവരെ ജീവിതത്തിന്റെ ഈയൊരു മൂവ്‌മെന്റ് വരെ എത്തിച്ചതെന്ന്...'' റോയ് സാറിൻ്റെ കണ്ണുകള്‍ പെട്ടെന്ന് നിറഞ്ഞു.

ഡോക്ടര്‍ക്കും സങ്കടം വന്നു. സത്യമാണ്, നിഴലുകള്‍ പോലെ എന്തിനും ഏതിനും കുറച്ചുപേര്‍ അവള്‍ക്കൊപ്പം എന്നും ഉണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മെഡിക്കല്‍ കോളേജിലെ തന്റെ മുറിയിലിരിക്കുന്ന റോയ്‌സാറിനെയാണ് ഡോക്ടര്‍ക്ക് പെട്ടെന്ന് ഓര്‍മ വന്നത്. അന്ന് പ്രശ്‌നം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമാണ്.

അന്വേഷണം വൈകുന്നുവെന്നും പറഞ്ഞ് നാട്ടിലെങ്ങും തിളച്ചുമറിയുന്ന കനത്ത പ്രക്ഷോഭങ്ങള്‍... പ്രതികളെ മുഴുവന്‍ പിടിച്ചു കഴിഞ്ഞിട്ടുണ്ട്. കുറ്റപത്രം തയ്യാറാക്കുന്ന തിരിക്കിനിടയിലേക്കാണ് അവള്‍ ഗര്‍ഭിണിയാണെന്ന ഞെട്ടിക്കുന്ന വിവരവും കൂടി സാറിനെ അറിയിക്കേണ്ടി വന്നത്. അവളത് അബോര്‍ട്ട് ചെയ്യാന്‍ സമ്മതിക്കുന്നില്ല എന്നു കൂടി പറഞ്ഞതോടെ റോയ്‌സാര്‍ പകച്ചുനോക്കി.

''എന്താണ് ഡോക്ടര്‍ ഇത്? ആ കുട്ടിയെ ഒന്ന് പറഞ്ഞ് മനസ്സിലാക്കാമായിരുന്നില്ലേ?''

''ഞങ്ങള്‍ ഇന്നലെ വിശദമായി സംസാരിച്ചതാണ് സാര്‍.''

''കഷ്ടം. അവര്‍ക്കിതിന്റെ സീരിയസ്‌നസ്സ് മനസ്സിലാവാഞ്ഞിട്ടാണ്. ഞാനൊന്ന് ട്രൈ ചെയ്തു നോക്കിയാലോ? ആള്‍ എവിടെയാണുള്ളത്?'' റോയ്‌സാര്‍ എഴുന്നേറ്റു.

പക്ഷേ, അദ്ദേഹം വിചാരിച്ചതുപോലെ അത്ര എളുപ്പമുള്ള ഒരാളായിരുന്നില്ല ആച്ചല്‍. കാര്യങ്ങള്‍ കേട്ടതും അവള്‍ യാതൊരു സൗന്ദര്യവുമില്ലാത്ത ഒരു ചിരി മുഖത്ത് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത് മുകളിലേക്ക് നോക്കി കിടന്നു.

''വിചാരിക്കുന്നതുപോലെ അത്ര സിംപിളല്ല കാര്യങ്ങള്‍... ഈ തീരുമാനം ഒരുപക്ഷേ ഭാവിയില്‍ നിങ്ങള്‍ക്ക് പല വിധത്തില്‍ ദോഷങ്ങള്‍ ഉണ്ടാക്കിയേക്കും'' റോയ്‌സാര്‍ നല്ല ഗൗരവത്തിലാണ് കാര്യം അവതരിപ്പിച്ചത്. അവള്‍ ഒന്നും മിണ്ടിയില്ല.

''ജീവിതം ഈ വിധം കീറിയെറിഞ്ഞ ഒരാളുടെ കുഞ്ഞിനെ എപ്പോഴെങ്കിലും നിങ്ങള്‍ക്ക് അത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ ആച്ചല്‍?'' പൊടുന്നനെ അവള്‍ കണ്ണുകളടച്ചു.

റോയ്‌സാര്‍ തുടര്‍ന്നു, ''മാത്രവുമല്ല, ആച്ചലിൻ്റെ ഇത്തരത്തിലുള്ള സമീപനം ഉറപ്പായിട്ടും വലിയൊരു സാമൂഹികാഘാതം സൃഷ്ടിക്കും. അറിയാലോ, നിങ്ങളുടെ ജീവന് വേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചവരാണ് ഇവിടെയുള്ള ഓരോരുത്തരും. അന്വേഷണം വൈകുന്നെന്നും പറഞ്ഞ് തെരുവുകള്‍ തോറും കൈയ്യും മെയ്യും മറന്ന് പ്രക്ഷോഭമുണ്ടാക്കിയവരാണ് അവര്‍. അത് മാത്രമോ, രാപ്പകലില്ലാതെ കേസിന് പിന്നാലെ ഓടിയ പൊലീസുകാര്‍, കൃത്യമായ റിപ്പോര്‍ട്ട് നല്‍കിയ മാധ്യമങ്ങൾ, നിയമപാലകര്‍... ഇവര്‍ക്കൊക്കെ ഇത് ഉള്‍ക്കൊള്ളാനാവുമെന്ന് തോന്നുന്നുണ്ടോ? അതുകൊണ്ട് ആച്ചല്‍ ഒന്നൂടി ആലോചിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.''

''ഞാന്‍ ശരിക്കും ആലോചിച്ചതാണ്.'' നിറഞ്ഞ കണ്ണുകളോടെ അവള്‍ പതിയെ റോയ്‌സാറിന് നേരെ തിരിഞ്ഞു. 

''കൂടെ നിന്ന എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട് സാര്‍. എന്നെ ഇങ്ങനെയൊക്കെ ആക്കിത്തീര്‍ത്ത ആ നാലുപേരോടും ജീവിതത്തിലൊരിക്കല്‍ പോലും ഞാന്‍ ക്ഷമിക്കാനും പോകുന്നില്ല. പക്ഷേ...'' അവളൊന്ന് നിര്‍ത്തി, നിറഞ്ഞ കണ്ണുകള്‍ അടച്ചുതുറന്നു. ''എൻ്റെയുള്ളില്‍ മുള പൊട്ടിയ ജീവന്, അവരുണ്ടാക്കിയ ആ സംഭവത്തില്‍ എന്ത് പങ്കാണുള്ളത്?''

റോയ്‌സാര്‍ അന്തംവിട്ടു. എന്താണ് പറയേണ്ടതെന്നറിയാതെ കുഴങ്ങി.

''തെറ്റുകളൊന്നും ചെയ്യാത്തൊരു ജീവന്‍...! ഞാനെന്തിന്റെ പേരിലാണ് ഭൂമിയില്‍ പിറന്ന് വളരാനുള്ള അതിന്റെ അവകാശത്തെ നിഷേധിക്കേണ്ടത് സര്‍?''

അതൊരു വല്ലാത്ത ചോദ്യമായിരുന്നു. ആ ചോദ്യത്തിലാണ് റോയ്‌സാര്‍ വീണതും. ആച്ചലിന്റെ മുറിയില്‍ നിന്നും ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞിരുന്നു.

''വിചാരിച്ചതുപോലെയല്ല, ഷി ഈസ് വെരി ബോള്‍ഡ്. ഉറച്ച തീരുമാനമാണത്. ഡോക്ടര്‍ അവളുടെ ഇപ്പോഴത്തെ ആരോഗ്യം എങ്ങനെയാണ്? ഒരു പ്രഗ്നന്‍സിയും ഡെലിവറിയുമെല്ലാം സാധ്യമാണോ?''

''ഇന്റേണല്‍ ഇന്‍ഫക്ഷന്‍സില്‍ നല്ല മാറ്റങ്ങളുണ്ട്. പക്ഷേ ഷോക്കില്‍ നിന്നും പൂര്‍ണമായും റിക്കവര്‍ ആയി എന്ന് പറയാന്‍ പറ്റില്ല. സംഭവിച്ചുകഴിഞ്ഞതിനെ കുറിച്ച് കൃത്യമായ ധാരണയുണ്ട്. ചില മണങ്ങള്‍, വസ്ത്രങ്ങള്‍, ഇരുട്ട്... ഇവയൊക്കെ വലിയ പ്രശ്‌നങ്ങള്‍ തന്നെയാണ്. അതൊരു പക്ഷേ ജീവിതകാലം മുഴുവന്‍ ട്രോമ പോലെ കൂടെ ഉണ്ടായെന്നുമിരിക്കും.''

''എല്ലാം ഓക്കെയാണെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ അവളുടെ കൂടെ നില്‍ക്കുക തന്നെ വേണം. അതിനി എത്ര റിസ്‌ക്കെടുത്തിട്ടാണെങ്കിലും ശരി. പക്ഷേ, മാധ്യമങ്ങള്‍ക്ക് ഒരു തരത്തിലും പിടി കൊടുക്കരുത്.''

''പത്രക്കാരെക്കാളും പ്രശ്‌നമാണ് സര്‍ അവളുടെ വീട്ടുകാര്‍. ഈ സംഭവം അറിയുന്നതോടെ അവര്‍ അവളെ കൈയ്യൊഴിയും എന്നുമാത്രമല്ല മാനഹാനി വരാതിരിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. നമ്മുടെ നാടാണ് എന്തും സംഭവിക്കാം...'' തനിക്ക് അന്ന് അങ്ങനെ പറയാനാണ് തോന്നിയത്.

''ശാസ്ത്രവും നിയമവും കൂടെ നിന്നാല്‍ അവളെ ആര്‍ക്കും ഒരുചുക്കും ചെയ്യാന്‍ കഴിയില്ല.'' റോയ്‌സാര്‍ തന്റെ കൈയ്യില്‍ അമര്‍ത്തിപ്പിടിച്ചു. ''ഒന്നും സംഭവിക്കില്ല.'' വല്ലാത്ത ഉറപ്പായിരുന്നു ആ വാക്കുകള്‍ക്ക്. ആ ഉറപ്പു പോലെത്തന്നെയായി കാര്യങ്ങള്‍.

അബോര്‍ഷന് സമ്മതിക്കാത്തതിനാല്‍ വീട്ടുകാര്‍ ഉപേക്ഷിച്ചു എന്നതൊഴിച്ചുനിര്‍ത്തിയാല്‍ അവള്‍ക്ക് മറ്റൊന്നും സംഭവിച്ചില്ല. കഥകള്‍ മെനഞ്ഞ് തട്ടിക്കളിക്കാനാവാത്ത വിധത്തില്‍ നാട്ടില്‍ നിന്നും താനും റോയ്‌സാറും ചേര്‍ന്ന് അവളെ മറ്റൊരിടത്തേക്ക് മാറ്റി. ഡിസൈനിങ്ങില്‍ വിദഗ്ധയായ അവള്‍ നല്ലൊരു ഗാര്‍മെന്റ് ഡിസൈനറായി. അവളിലുണ്ടായ ആണ്‍കുഞ്ഞ് ഭൂമി തൊട്ടു. കനത്ത നിയമപോരാട്ടത്തിനൊടുവില്‍ നാലു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയും കിട്ടി. കേസിന്റെ ക്രൂരത കൊണ്ട് ഇതുവരെ പരോള്‍ പോലും കിട്ടിയിട്ടുമില്ല.

''ആ ചെറുക്കനെങ്ങനെയാണ് ഇത് കുത്തിപ്പൊക്കിയതെന്നാണ് ഞാന്‍ ചിന്തിക്കുന്നത്.'' ഡോക്ടര്‍ക്ക് അതായിരുന്നു അത്ഭുതം.

''ഇവാനുമായി പ്രശ്‌നമുണ്ടാക്കിയ ആരുഷിന്റെ അമ്മാവന്‍ പണ്ട് കോഴിക്കോടു നിന്നും ഇറങ്ങുന്ന മഞ്ഞപ്പത്രത്തിന്റെ എഡിറ്ററായിരുന്നു. അങ്ങേരുടെ ലൈബ്രറിയില്‍ നിന്നും കിട്ടിയതാണെന്നാണ് അന്വേഷിച്ചപ്പോള്‍ പറഞ്ഞത്. ഇവാനോടുള്ള ഏതോ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ അവനത് കോളേജ് ഗ്രൂപ്പുകളിട്ട് അലക്കിയതാണ്.'' റോയ്‌സാര്‍ കാപ്പിക്കപ്പ് കൊണ്ട് ടേബിളില്‍ വൃത്തം വരച്ചുകൊണ്ടിരുന്നു.

Ajijesh Pachat Vaathil

കോഫീപാര്‍ക്കില്‍ നിന്നും പിരിഞ്ഞ് ഒരുമാസം കഴിഞ്ഞപ്പോഴാണ് ഇവാന്‍ ലീഗലായി ഡി.എന്‍.എ ടെസ്റ്റിന് അപേക്ഷിച്ചതിനെ കുറിച്ച്  ഡോ.അനിലാല്‍ അറിയുന്നത്. അവരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്‍ചര്‍ച്ചയായിരുന്നു ആ വിഷയം. മനസ്സില്‍ മറ്റെന്തൊക്കെയോ ദുരൂഹതകള്‍ അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഉടന്‍ തന്നെ ഡോക്ടര്‍, റോയ്‌സാറുമായി ബന്ധപ്പെട്ടു.

''സത്യത്തില്‍ അച്ഛനാരാണെന്ന് അറിയുക എന്നത് മാത്രമാണോ സാര്‍ അവന്റെ ഉദ്ദേശം? ആ കാര്യത്തില്‍ എനിക്ക് സംശയമുണ്ട്.''

''നിലവില്‍ അങ്ങനെ വിശ്വസിക്കാം. സ്വന്തം അവകാശങ്ങളെ കുറിച്ചുള്ള ബോധ്യത്തിന് മുന്നില്‍ ഏതോ ഒരു കാലത്ത് തന്റെ അമ്മ അനുഭവിച്ച കഷ്ടപ്പാടുകളോ വേദനകളോ അതിജീവനമോ ഒന്നും അവനൊരു പ്രശ്‌നമല്ലഡോ...'' ഡോക്ടര്‍ വേദനയോടെ മൂളി.

''എന്തായാലും ഡി എന്‍ എ ടെസ്റ്റിന് മുമ്പ് ഇവാന് ചെറിയൊരു എക്‌സ്പ്ലനേഷന്‍ പിരീയഡ് കൊടുത്തിട്ടുണ്ട്. മനപൂര്‍വ്വം ഞാന്‍ ക്രിയേറ്റ് ചെയ്തതാ... എന്നിട്ടെങ്കിലും അവന്‍ ഇതില്‍ നിന്നൊന്ന് പിന്മാറിക്കോട്ടെ എന്നു കരുതി.''

പക്ഷേ, റോയ്‌സാര്‍ വിചാരിച്ചതുപോലെ എക്‌സ്പ്ലനേഷന്‍ പിരീയഡിനെ കുറിച്ചറിഞ്ഞിട്ടും ഇവാന് കുലുക്കമൊന്നുമുണ്ടായില്ല. പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ വച്ച് അദ്ദേഹം നിര്‍ദ്ദേശിച്ചത് പ്രകാരമാണ് അത്തരത്തിലൊരു അലിഖിത പരിസരം പൊലീസ് സംഘം നിര്‍മിച്ചെടുത്തത്.

പ്രതികളായ ഒ.പി കുട്ടിമോന്‍ (36), പി. സുനി (24), മുത്തപ്പന്‍കാവില്‍ ഉണ്ണി (39), ഗോപാലകൃഷ്ണന്‍ വടക്കേപ്പുര (48) തുടങ്ങിയവര്‍ 2004 ഡിസംബര്‍ 16ന് രാത്രി, മലപ്പുറം ജില്ലയിലെ ഇടിമുഴിക്കല്‍ എന്നു പറയുന്ന സ്ഥലത്ത് ജപ്പാന്‍കുടിവെള്ള പദ്ധതിക്കായി ഇറക്കിയ വലിയ പൈപ്പിനുള്ളിലിട്ട് ആച്ചല്‍ എന്ന ഇരുപത്തിരണ്ടുകാരിയോട് കാണിച്ച എല്ലാം ക്രൂരതകളും ഇവാന്‍ വളരെ ക്ഷമയോടെ കേട്ടു. 

ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട വിശദീകരണ വേളയില്‍ പലപ്പോഴും അവന്‍ അസ്വസ്ഥനായി. അന്നേരം റോയ്‌സാറില്‍ ചെറിയ പ്രതീക്ഷയുണ്ടായി. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ഒടുവില്‍ ഈ നാലുപേരേയും നേരില്‍ കാണണമെന്ന ആവശ്യം ഉന്നയിച്ചതോടെ ചെയ്ത കാര്യങ്ങളെല്ലാം വെറുതെയായെന്ന് അദ്ദേഹം ഉറപ്പിക്കുകയും ചെയ്തു.

ടെസ്റ്റിന്റെ റിസല്‍റ്റ് വരുന്ന തലേദിവസം സ്റ്റീവാന്റി ആച്ചലിനെ കാണാന്‍ വന്നു. അവരെ കണ്ടയുടനെ ആച്ചല്‍ ആ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു.

''ഇതിലും വലിയ ദുരിതങ്ങള്‍ നീ അഭിമുഖീകരിച്ച് കഴിഞ്ഞില്ലേ കുഞ്ഞേ... തളരരുത്. കര്‍ത്താവ് എല്ലാറ്റിനും വഴിയുണ്ടാക്കും'' സ്റ്റീവാന്റി സമാധാനിപ്പിച്ചു.

രാത്രിയില്‍ ആച്ചലിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. കണ്ണടയ്ക്കുമ്പോഴേക്കും ഒടിഞ്ഞുനുറുങ്ങിപ്പോയ ആ പാതിരാത്രിയാണ് മനസ്സില്‍... അതെടുത്ത് മാറ്റാന്‍ സ്റ്റീവാന്റി പറഞ്ഞതുപോലെ ഒരു കര്‍ത്താവും വന്നില്ല, ഒരു വഴിയും കാണിച്ചുകൊടുത്തതുമില്ല. അവള്‍ ഉറക്കമില്ലാതെ മരവിച്ചിരുന്നു.

"കന്നിക്കരിമ്പാണ് സുനിയേ... ഒന്നും നോക്കാനില്ല." അന്ന് ബോധം വരുമ്പോള്‍ ആദ്യമായി കേട്ട ശബ്ദം അവള്‍ ഓര്‍ത്തു.

ഒറ്റനോട്ടത്തില്‍ ഏതോ ഗുഹയ്ക്കുള്ളിലാണെന്നേ തോന്നിയിരുന്നുള്ളൂ. ചുറ്റുവട്ടത്തും ചീഞ്ഞ മണം! പാതിയെഴുന്നേറ്റപ്പോഴേക്കും ശരീരം നുറുങ്ങുന്നതുപോലെ. അല്‍പം അകലെയായി ഒരു മെഴുകുതിരി വെട്ടത്തിന് ചുറ്റുമിരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും കുനുകുനെ ചിരിക്കുകയും ചെയ്യുന്ന നാലുപേര്‍.

അപ്പോഴേക്കും കൂട്ടത്തിലുള്ള ഒരാള്‍ ഇരുന്നിടത്തുനിന്നും എഴുന്നേറ്റ് ആടിയാടി വന്ന് കുനിഞ്ഞ് ഗുഹയ്ക്കുള്ളിലേക്ക് കയറി അവള്‍ക്കരികിലിരുന്നു. പൂച്ചക്കണ്ണുകള്‍! മദ്യത്തിന്റെ രൂക്ഷ ഗന്ധം.

"ഡാ... രണ്ടാളുകള്‍ കൂടിയുണ്ടേ..." അവരിലൊരാള്‍ പതിയെ വിളിച്ചുപറയുന്നു.

അവന്‍ ചിരിച്ചുകൊണ്ട് പാതിയെഴുന്നേറ്റ് പാന്റിന്റെ ബട്ടണഴിച്ച് താഴേക്കൂര്‍ത്തി. ആച്ചല്‍ സകല ശക്തിയുമെടുത്ത് എഴുന്നേറ്റ് ഓടാന്‍ തുടങ്ങി. എത്ര ഓടിയിട്ടും കിതച്ചിട്ടും എവിടെയും എത്താത്തതുപോലെ. ഓട്ടത്തിനിടയില്‍ നാഭിയിലേക്ക് മൂര്‍ച്ചയുള്ള എന്തോ ആഴത്തില്‍ ഇറങ്ങിപ്പോകുന്നു. 

അന്നേരമാണ് മനസ്സിലായത്, എഴുന്നേറ്റ് ഓടുന്നു എന്നത് വെറും തോന്നല്‍ മാത്രമാണെന്ന്. ചെയ്യുന്നതെല്ലാം അവനാണ്! അരക്കെട്ടുകൊണ്ട് ഏതോ പാറയടിച്ച് പൊട്ടിക്കുന്നതുപോലെ അവന്‍ വാശി പൂണ്ടു. വേദന കൊണ്ട് ഉറക്കെ കരഞ്ഞു. പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ല. കുതറിനോക്കി, മെലിഞ്ഞ കൈകള്‍ കൊണ്ട് കയറിട്ട് വരിയുന്നതുപോലെ അവന്‍ ഒറ്റ പിടിത്തത്തില്‍ മുറുക്കിക്കളഞ്ഞു.

അവരുടെ കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന മനുഷ്യന് ആ സ്ഥലം മതിയായിരുന്നില്ല. അയാളാണ് വലിച്ചിഴച്ച് പുറത്തേക്കെത്തിച്ചത്. അപ്പോള്‍ മാത്രമാണ് അത്രയും നേരം താന്‍ കിടന്നത് അട്ടിയിട്ടു വച്ച വലിയ പൈപ്പുകളിലൊന്നിന്റെ ഉള്ളിലായിരുന്നുവെന്ന് മനസ്സിലായത്. 

കാല് രണ്ടും വകച്ച് ഒന്നാകെ നാഭിക്ക് മുകളിലേക്ക് നിരക്കിക്കയറ്റി അയാള്‍ ഭ്രാന്ത് പിടിച്ച കുതിരയെപ്പോലെ തൊട്ടടുത്തുള്ള അക്കേഷ്യാകാടു മുഴുവന്‍ ചാടി നടന്നു. ഓരോ ചാട്ടത്തിലും ഉള്ള് മുറിഞ്ഞു, നടുവ് കഷണങ്ങളായി പിളര്‍ന്നു. കരയാന്‍ കഴിയാതെ കൂവാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തൊട്ടപ്പുറത്തു നിന്നും ചെറിയൊരു പച്ചിലക്കൊമ്പൊടിച്ച് വായിലേക്ക് കുത്തിക്കയറ്റി. ശീമക്കൊന്നയുടെ മണം!

വൈകുന്നേരം കഴിച്ച പഴംപൊരിയും ചായയും തികട്ടി വന്ന് ഇരുകടവായക്കരികിലൂടെയും പുറത്തേക്ക് ചാടി. പിന്നെ വന്നയാളാണ്, കരഞ്ഞപ്പോള്‍ ചുണ്ടിന് ഒരു കല്ലെടുത്ത് കുത്തിയത്. പല്ലടര്‍ന്ന് ചീറ്റിയ ചോരയുടെ ചുവപ്പിലേക്ക് അയാള്‍ ആര്‍ത്തിയോടെ നാവമര്‍ത്തി രുചിക്കുന്ന ശബ്ദം ചെവിയില്‍ അറപ്പോടെ ഇപ്പോഴുമുണ്ട്.  

ഓര്‍മയില്‍ നിന്നും ഊര്‍ന്നിറങ്ങിയ ആച്ചല്‍, മേല്‍വരിയിലെ രണ്ട് പല്ലുകള്‍ പതുക്കെ വലിച്ചെടുത്ത് മുറുകെ പിടിച്ചു. അവളുടെ കൈവെള്ളയില്‍ കിടന്ന് പല്ലുകള്‍ക്കൊപ്പം ഓര്‍മകളും ഞെരിഞ്ഞു. അപ്പോഴേക്കും നടുവ് വേദനിച്ച് ശരീരം വിറയ്ക്കാന്‍ തുടങ്ങി, തല പെരുത്തു. ചുറ്റും മദ്യത്തിന്റേതുപോലുള്ള മണം! പെട്ടെന്നവള്‍ അലമാരയ്ക്കരികിലേക്കോടി അത്തറുകുപ്പിയിയെടുത്ത് മൂക്കിനോട് ചേര്‍ത്ത് കിതച്ചു.

റിസല്‍ട്ട് വന്നതിന്റെ പിറ്റേന്ന് രാത്രി, ഇവാന്‍ ആച്ചലിന്റെ മുറിയിലെത്തി. ആ ദിവസം മുഴുവന്‍ അവള്‍ ഛര്‍ദ്ദിച്ചു കിടക്കുകയായിരുന്നു. രണ്ടുപേരും മുഖത്തോട് മുഖം നോക്കിയിട്ട് തന്നെ മാസങ്ങളായിക്കഴിഞ്ഞിരുന്നു. കുറേ നേരത്തിന് ഇരുവരും ഒന്നും സംസാരിച്ചില്ല.

''മമ്മയ്‌ക്കെന്നോട് ദേഷ്യമുണ്ടോ?'' ഒടുവില്‍ അവന്‍ ചോദിച്ചു.

''ഇല്ല.'' ആച്ചല്‍ ചിരിക്കാന്‍ ശ്രമിച്ചു. ''നീ ഹാപ്പിയല്ലേ...?'' അവളുടെ തൊണ്ടയിടറി.

ഇവാന്‍ മൂളി. അവനൊന്ന് മുറിയില്‍ നിന്നും ഇറങ്ങിപ്പോവാനും അതിനുശേഷം വാതില്‍ വലിച്ചടയ്ക്കാനും ആച്ചല്‍ അതിയായി ആഗ്രഹിച്ചു.

''ഞാനിപ്പോള്‍ വേറൊരു കാര്യം പറയാനാണ് വന്നത്.'' അവന്‍ ശിരസ്സുയര്‍ത്താതെ പറഞ്ഞു.

''എന്താണ്?''

''അയാള്‍ക്കിപ്പോള്‍ പത്തെഴുപത് വയസ്സായിട്ടുണ്ട്.. പ്രഷറും ഷുഗറും സോഡിയം പ്രശ്‌നവും എല്ലാമുണ്ട്. കണ്ണിനാണെങ്കില്‍ തീരെ കാഴ്ചയുമില്ല.''

ആച്ചലിന്റെ വയറ്റിനകത്ത് ഉരുണ്ടുമറിയാന്‍ തുടങ്ങി.

''വീട്ടുകാരെല്ലാവരും ചേര്‍ന്ന് കുടുംബത്തില്‍ നിന്നും പുറത്താക്കി. ഇനിയൊരിക്കലും കണ്‍വെട്ടത്ത് പോലും വരരുതെന്ന് മക്കളും പറഞ്ഞു കഴിഞ്ഞു.''

പെട്ടെന്ന് ആച്ചല്‍ ഓക്കാനിച്ചു. അവള്‍ എഴുന്നേറ്റ് വേച്ച് വേച്ച് വാഷ്‌ബേസിന് മുന്നിലെത്തി ഒരുകുടം മഞ്ഞവെള്ളം പുറത്തേക്ക് ഛര്‍ദ്ദിച്ചു. കുറേ പ്രാവശ്യം വായും മുഖവും കഴുകിയിട്ടും അവള്‍ക്ക് തൃപ്തി തോന്നിയില്ല. പ്രേതരൂപം പോലെ ഒരു വിധത്തില്‍ തിരിച്ച് കട്ടിലില്‍ വന്നിരുന്നു.

''പരോള് കിട്ടാന്‍ സാധ്യതയുണ്ട്. ഞാനയാളെ ഇങ്ങോട്ട് കൊണ്ടുവന്നാലോ എന്നാലോചിക്കുകയാണ്.'' അവന്‍ പറഞ്ഞുനിര്‍ത്തി.

നെഞ്ചിനുള്ളില്‍ ഒരു വലിയ ബോംബ് പൊട്ടിയതുപോലെ തോന്നി ആച്ചലിന്.

Ajijesh Pachat Vaathil

അവള്‍, ജീവിതത്തിലാദ്യമായി ഇവാന്റെ സ്ഥാനത്ത് ഒരു പെണ്‍കുട്ടിയെ വെറുതേ സങ്കല്‍പ്പിച്ചു നോക്കി. ശരീരം കുഴയുന്നതുപോലെ തോന്നിയപ്പോള്‍ കട്ടിലിന്റെ അഴിയില്‍ മുറുകെ പിടിച്ചു.

ആച്ചല്‍ തിരിച്ചെന്തെങ്കിലും പറയുമെന്ന് കരുതി ഇവാന്‍ കുറച്ചുനേരം കൂടി കാത്തുനിന്നു. ഒടുവില്‍, മരംപോലെയായ അവളില്‍ നിന്നും മറുപടിയൊന്നും കിട്ടാന്‍ പോകുന്നില്ല എന്ന് കണ്ടതോടെ പതിയെ പുറത്തേക്കിറങ്ങി.

അവനിറങ്ങിയതും ആച്ചല്‍ കിടക്കയിലേക്ക് തകര്‍ന്നുവീണു. മുഖം പൊത്തി ഉറക്കെ കരഞ്ഞു. മുറിയില്‍ അവള്‍ തയ്ച്ചുതൂക്കിയ കുഞ്ഞുടുപ്പുകള്‍ സങ്കടം കൊണ്ട് വിറച്ചു.

പിന്നീടുള്ള ദിവസങ്ങളില്‍ അവള്‍ വെട്ടിയിടുന്ന സകല അളവുകളും തെറ്റി, ഷോള്‍ഡറിന്റെ അളവില്‍ ചെസ്റ്റ് കട്ട് ചെയ്തു. നെക്ക് റൗണ്ടുകളും നെക്ക് ഡെപ്തുകളും പരസ്പരം മാറി. രണ്ടു വയസ്സുകാര്‍ക്ക് വെക്കാനുള്ള മഞ്ഞമുത്തുകള്‍ എട്ടുവയസ്സുകാരുടെ ഉടുപ്പില്‍ കൊണ്ടുപോയി വച്ചു. കൊടുത്തുവിട്ടവയെല്ലാം ഇരട്ടി വേഗത്തില്‍ തിരിച്ചുവന്നു. അസ്വഭാവികതകളുടെ ഞൊറികളുമായി മുറിയുടെ മൂലയില്‍ ഉടുപ്പുകള്‍ കുന്നുകൂടാന്‍ തുടങ്ങി.

ഒടുവില്‍ അയാള്‍ക്ക് പരോള്‍ കിട്ടുന്ന ദിവസം വന്നെത്തി. പുലര്‍ച്ചെ, കോടയുടെ തൊങ്ങലിനുള്ളിലൂടെ ജയില്‍ ലക്ഷ്യം വച്ച് നടന്നുപോകുന്ന ഇവാനെ നോക്കി ജന്നല്‍കര്‍ട്ടന് പിന്നില്‍ ആച്ചല്‍ ഭീതിയോടെ നിന്നു. അവള്‍ രാത്രിയില്‍ തീരെ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.

ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ടാക്‌സിയില്‍ നടുവൊടിഞ്ഞിരിക്കുമ്പോള്‍ അയാള്‍ വല്ലാതെ അസ്വസ്ഥനായിരുന്നു. പോരാത്തതിന് എന്തൊക്കെയോ പിച്ചും പേയും പറഞ്ഞുകൊണ്ട് ഇടയ്ക്കിടെ കരഞ്ഞ് മൂക്ക് പിഴിയുന്നുമുണ്ടായിരുന്നു. ഇവാന്‍ പക്ഷേ അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.

ഇടിമുഴിക്കലിനരികിലെത്തിയപ്പോള്‍ ഇവാന്‍ ഡ്രൈവറുടെ ചുമലില്‍ പതിയെ തട്ടി. കാറ് നിന്നു, അവന്‍ പിന്നിലേക്ക് തിരിഞ്ഞു.

''ഈ സ്ഥലം ഓര്‍മയുണ്ടോ?''

അയാള്‍ പാതി ചത്ത കണ്ണുകള്‍ കൊണ്ട് പുറത്തെ ഇരുട്ടിലേക്ക് കുറേനേരം പരതി നോക്കി. ''ഇല്ല.'' മറുപടി കേട്ടതും ഇവാന്റെ നെഞ്ചെരിഞ്ഞു.

അവര്‍ വീട്ടിലെത്തുമ്പോഴേക്കും നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. രാത്രികളില്‍ തെളിഞ്ഞുകത്താറുള്ള മുന്‍വശത്തെ ബള്‍ബ് അണഞ്ഞുകിടക്കുന്നു. ഇത്രയും വിഷാദം പൂണ്ട വീട്ടിലായിരുന്നോ കഴിഞ്ഞ 19 വര്‍ഷത്തോളം താനും മമ്മയും താമസിച്ചിരുന്നത് എന്നോര്‍ത്ത് ഇവാന് പേടി തോന്നി. തീര്‍ത്തും അപരിചിതമായി തോന്നിയ വീടിന്റെ ചാരിയിട്ട മുന്‍വാതില്‍ അവന്‍ പതിയെ തള്ളി. അത് പൂട്ടിയിരുന്നില്ല. ഉള്ളില്‍ കനത്ത ഇരുട്ട്!

''മമ്മാ...'' ഇവാന്‍ പതിയെ വിളിച്ചു. മറുപടിയുണ്ടായില്ല.

വൃദ്ധന്റെ കൈ പിടിച്ച് അവന്‍ പതുക്കെ ഇരുട്ടിലേക്ക് കയറി.. പൊടുന്നനെ വൃദ്ധന്‍ നിന്നു. അയാളുടെ കൈയ്യിലേക്ക് പടര്‍ന്നിറങ്ങുന്ന നേരിയ തണുപ്പ് ഇവാന്‍ അറിഞ്ഞു.
 
''മോനേ..'' അയാളുടെ ഒച്ച ചിലമ്പി.

ഇവാന്‍ ഇരുട്ടില്‍ അയാള്‍ക്ക് നേരെ നോക്കി.

''ശരിക്കും നീ എന്നെ കൊല്ലാന്‍ കൊണ്ടുവന്നതാണോ?''

മറുത്തൊന്നും പറയാതെ അവന്‍, അയാളെ കൊണ്ടുപോയി പതുക്കെ ഡൈനിങ്ങ് ഹാളിലെ സോഫയിലേക്ക് ഇരുത്തി. കൈ നീട്ടി ലൈറ്റിട്ടതും, കണ്ണഞ്ചി ദുര്‍ലഭമായൊരു നിലവിളിയോടെ അയാള്‍ പിന്നിലേക്ക് ചുരുണ്ടു.

''മമ്മാ...'' അവന്‍ വീണ്ടും ഉറക്കെ വിളിച്ചു. യാതൊരനക്കവുമില്ല.

വീട് മുഴുവന്‍ തിരഞ്ഞു. ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച്ഡ് ഓഫ്! ടെറസ്സിന് മുകളിലും തൊടിയിലും പോയി നോക്കി. എവിടെയും കാണാനുണ്ടായിരുന്നില്ല. തൊട്ടപ്പുറത്തുള്ള വീട്ടുകാരോട് ചോദിച്ചപ്പോള്‍ അവനെ ആദ്യമായി കാണുന്നതുപോലെ അവര്‍ മിഴിച്ചു നോക്കി. പൊടുന്നനെ എന്തോ ഓര്‍മ കിട്ടിയതുപോലെ ഇവാന്‍ വേഗം വീട്ടിലേക്ക് തിരിച്ചെത്തി മമ്മയുടെ അലമാര തുറന്നു. പല കാലങ്ങളിലായി താന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ക്കരികില്‍ ഉണ്ടായിരുന്ന ആ വലിയ ബാഗ്, അത് കാണാനില്ല!

അവന്‍ ധൃതിയില്‍ അയാള്‍ക്കരികിലെത്തി. ''മമ്മ ഇവിടെ നിന്നും എങ്ങോട്ടോ പോയിട്ടുണ്ട്. നമുക്ക് കണ്ടുപിടിക്കണം.''

അയാളേയും കൊണ്ട് അവന്‍ പുറത്തേക്ക് നടന്നു. അവര്‍ ബസ്സ് സ്റ്റോപ്പിലെത്തുമ്പോള്‍ രണ്ടുമൂന്നുപേര് ബസ്സ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇവാന്‍ മൊബെലെടുത്ത് ആച്ചലിന്റെ ഫോട്ടോ അതിലൊരാള്‍ക്ക് കാണിച്ചുകൊടുത്തു.

''ഇവരെ ഇവിടെയെങ്ങാനും കണ്ടോ?''

യാത്രക്കാരന്‍ ആ ഫോട്ടോയിലേക്ക് കുറച്ചുനേരം സൂക്ഷിച്ചുനോക്കി. ''ഇതുപോലുള്ള ഒരു സ്ത്രീ കുറച്ചുനേരത്തെ ബസ്സ് കയറി പോകുന്നത് കണ്ടല്ലോ.''

അതോടെ അപ്പോള്‍ വന്നുനിന്ന ബസ്സില്‍ കയറി അയാളും അവനും ബസ്സ് സ്റ്റാന്റിലേക്ക് ടിക്കറ്റെടുത്തു. സ്റ്റാന്റിലുള്ള കുറേ പേരോട് ചോദിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. ഒടുവില്‍ തിരച്ചില്‍ നിര്‍ത്തി ചെയറിലിരിക്കുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന മധ്യവയസ്‌കന്‍ കാര്യം തിരക്കി. ഇവാന്‍ മൊബൈല്‍ അയാളെ കാണിച്ചു.

''ഈ ലേഡി എന്റെ തൊട്ടുമുന്നിലൂടെയാണല്ലോ ടാക്‌സി സ്റ്റാന്റിലേക്ക് നടന്നുപോയത്. എന്താ കാര്യം?''

ആ മനുഷ്യന്റെ ഉത്തരം മാത്രമേ ഇവാന്‍ കേട്ടുള്ളൂ, ചോദ്യം കേട്ടില്ല. അവര്‍ ഇരുവരും കൂടി ധൃതിയില്‍ ടാക്‌സി സ്റ്റാന്റിലെത്തി. ഓട്ടോറിക്ഷയില്‍ മമ്മ കയറാറില്ലെന്ന് അവനറിയാമായിരുന്നു. അതുകൊണ്ടുതന്നെ കാറുകാരോടാണ് കാര്യം തിരക്കിയത്.

''ഇവര്‍ കുറച്ച് മുമ്പ്, റെയില്‍വേസ്റ്റേഷനിലേക്ക് എത്ര രൂപയാവുമെന്ന് ചോദിച്ചിരുന്നു.''

ഉടന്‍ തന്നെ അവരിരുവരും ഒരു ടാക്‌സി വിളിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. കാറിലിരിക്കുമ്പോള്‍ അയാള്‍  ഇവാന് നേരെ ദയനീയമായി നോക്കി.

''എന്നെ ഇവിടെയെങ്ങാനും വിട്ടേക്ക് മോനേ... ഞാന്‍ എങ്ങോട്ടെങ്കിലും പോയ്‌ക്കൊള്ളാം'' അയാള്‍ ആരോടെന്നില്ലാതെ പുലമ്പി.

റെയില്‍വെസ്റ്റേഷനിലെ പ്ലാറ്റ് ഫോമിലെത്തി സകല മനുഷ്യരോടും ഇവാന്‍ അന്വേഷിച്ചു. ചോദിക്കുന്ന മനുഷ്യരെല്ലാം പറഞ്ഞു. ''ഇപ്പോ ഇതിലൂടെ പോയല്ലോ..''

''ദാ, ഞാനിപ്പോള്‍ കണ്ടതേയുള്ളൂ ആ റോഡിലേക്കിറങ്ങുന്നത്...''

''ഇവരോ, ഇവരല്ലേ തൊട്ടുമുമ്പ് കിഴക്കോട്ടുള്ള ബസ്സ് കയറിപ്പോയത്!''

ഇവാനും അയാളും ആച്ചലിനെ അന്വേഷിക്കാന്‍ തുടങ്ങി. ബസ് സ്റ്റാന്റുകള്‍... ഹോട്ടലുകള്‍... ടാക്‌സി സ്റ്റാൻഡുകള്‍... റെയില്‍വേ സ്റ്റേഷനുകള്‍.

 അജിജേഷ് പച്ചാട്ട് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

Literature Malayalam Writer Short Story

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: