The universe is a pretty big place.
If it’s just us, seems like an awful waste of space.
Carl Sagan
രാവിലെ,
വില്ലേജാപ്പീസില്‍ പോകാന്‍ വീട്ടില്‍ നിന്നുമിറങ്ങിയതാണ് സീഷന്‍. പുറത്തിറങ്ങിയാല്‍ ആദ്യം ചാടിഭാസ്ക്കൂന്‍റെ പീട്യേന്നൊരു പൊടിച്ചായ പതിവാണ്. അപ്പോഴാണ് ലാസറും ചെങ്ങായ്മാരും കൂടി ധൃതി പിടിച്ച് പോകുന്നത് കാണുന്നത്. അവനുടനെ ചായഗ്ലാസ്സും കൊണ്ട് ഇറയത്തേക്ക് തൂങ്ങി നിന്ന് ലാസറിനെ ചായക്ക് ക്ഷണിച്ചു.
“നേരല്ല മോനേ. മ്പളെ ഉമ്മര്‍നെവെച്ച് കുട്ടിമോന്‍ച്ചന്‍ സൈക്കിള് ചവിട്ടീണോലേ. ഞങ്ങളത് ചോദിക്കാന്‍ പോവ്വാണ്.” ലാസറ് നടത്തത്തിനിടയില്‍ തിരിഞ്ഞുനോക്കാതെ വിളിച്ചു പറഞ്ഞു.
നെറുന്തലയ്ക്ക് അടി കിട്ടിയ പോലെ സീഷന്‍ ആദ്യമൊന്ന് അന്തിച്ചു, പിന്നെ പരിസരബോധത്തിനായി തല കുടഞ്ഞു. “ആഹാ, സൈക്കിള് ചവിട്ട്വേ? മ്പളെ സംസ്കാരത്തിന് ചേര്‍ന്ന പണ്യാണോ അത്?” ബാക്കിയുള്ള ചൂടുചായ ഒറ്റമോന്തിന് തീര്‍ത്ത അവന്‍റെ വെപ്രാളം കണ്ടപ്പോള്‍ചാടിഭാസ്ക്കു സമോവറിനരികില്‍ നിന്നും തല നീട്ടി.
“ന്താണ്ടാ?”
“ചെറ്യോരു സൈക്കിള് കേസാ… പറ്റിലെഴുതിയേക്ക്.”
സീഷന്‍, ഗ്ലാസ് മേശപ്പുറത്ത് വെച്ച് ലാസറിന്‍റെ സംഘത്തിന് നേരെ മുറുക്കിയോടി.
“സൈക്കിള് കേസോ? പറ്റിലെഴുതാനോ? അയിനേത് സൈക്കിള്? ഡാ, നിക്കഡാ അവടെ…” എന്നും പറഞ്ഞ് ചാടിഭാസ്ക്കുവും പിന്നാലെ കൂടി. അവരുടെ നടത്തം കണ്ട് റോഡ് സൈഡീന്ന് പിന്നേം ഒന്നുരണ്ടാളുകള്‍ ചേര്‍ന്നതോടെ അവരഞ്ചെട്ടുപേരായി. സംഘം പഞ്ചായത്ത് പൈപ്പിന്‍റെ അടുത്തെത്തിയപ്പോള്‍ ആ ജഗപൊഗ നടത്തം കണ്ട് കുമ്മായം കുഴയ്ക്കാന്‍ വെള്ളത്തിന് വന്ന ഹെല്‍പ്പറ് ലീലാമ്മി ഏറ്റവും പിന്നില്‍ നടന്ന ചെക്കന്‍റെ കൈയ്യേല്‍ കയറിപ്പിടിച്ചു, ചെക്കന്‍ സംഗതി വിളമ്പി.
“ന്‍റെ മമ്പര്‍ത്തെ തങ്ങളേ? ന്നട്ടോ?” ലീലാമ്മിയുടെ തൊള്ളേന്ന് ആവി പറന്നു.
“ന്നട്ടെന്താ, ഞങ്ങളത് ചോദിക്കാന്‍ പോവ്വാണ്. ആള് സ്കൂള്‍ ഗ്രൗണ്ടിലുണ്ട്.”
ലീലാമ്മി പ്ലാസ്റ്റിക്കുടം മതിലിന്‍റെ മൂലയ്ക്കലേക്കിട്ട് തേപ്പുനടക്കുന്ന വീടിന് നേരെ നോക്കി തൊള്ള കാറി. “കിള്യാ… മ്പളെ കുട്ടിമോന്‍ച്ചന്‍ ഉമ്മറുചെക്കനെ സൈക്കിള് ചവിട്ട്യോലേ. ഇതങ്ങനെ വെറുതെ വിടാന്‍ പറ്റൂലല്ലോ, യ്യാ കൂട്ട്യ കുമ്മായം അടിച്ച് തീര്‍ക്കുമ്പളേക്കി ഞാനിപ്പം വരാട്ടാ.”
‘ഉമ്മറുചെക്കന്‍, കുട്ടിമോന്‍ച്ചന്‍, സൈക്കിള്ചവിട്ടല്‍’ ഇത്യാദി വാക്കുകളൊക്കെ കേട്ടതും കുഞ്ഞിക്കിള്യന്‍ ഒരസിപ്പലക* മാര്‍ത്താണ്ഡവര്‍മ്മ പരിച പിടിക്കും പോലെ പിടിച്ച് റോഡിലേക്ക് ചാടി ലീലാമ്മിക്ക് പിന്നാലെ പാഞ്ഞു. സ്കൂള്‍ ഗ്രൗണ്ടിലേക്ക് അവിടെ നിന്നും പിന്നെയും ദൂരം ഒരുപാടുണ്ടായിരുന്നു. പിന്നിടുന്ന വഴികളില്‍ നിന്നെല്ലാം ആളുകള്‍ ‘എന്താ? എങ്ങന്യാ?എപ്പളാ?’ എന്നൊക്കെ ചോദിച്ച് ചേര്‍ന്നതോടെ സംഘമങ്ങനെ വലുതായി സ്കൂള്‍ ഗ്രൗണ്ടിലെത്തുമ്പോഴേക്കും ഏകദേശം പത്തറുപത് പേരോളമായി.
ചെന്നപാടേ നൂറ്റിയിരുപതോളം കൃഷ്ണമണികള്‍ ഗ്രൗണ്ടിനെയൊന്നാകെ ഒരു ചുഴറ്റങ്ങ് ചുഴറ്റി.അപ്പോഴതാ, മൈതാനത്തിന്‍റെ തെക്കേയറ്റത്ത് സൈക്കിള് പിടിച്ച് വളരെ നിഷ്ക്കുവായി മ്പളെ കുട്ടിമോന്ച്ചന്!

ഉമ്മറുചെക്കന്‍ ബദ്ധപ്പെട്ട് സൈക്കിളില്‍ കയറി ഏന്തിവലിഞ്ഞ് പെഡലില്‍ ചവിട്ടി മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നു. ആദ്യം നിലത്തുനിന്ന് നിയന്ത്രിച്ച കുട്ടിമോന്‍ച്ചന്‍ സൈക്കിളൊന്ന് ചലിച്ചുതുടങ്ങിയപ്പോള്‍ഇരുകാലുകളും വകഞ്ഞ് ക്യാരിയറിലേക്ക് ചാടി ഒരൊറ്റയിരുത്തം.
“ആഹഹ എത്ര കാലായി ലേ, ഒരു സൈക്കിള് ചവിട്ടല് നേരിട്ട് കണ്ടിട്ട്!” കാട്ടെലി അതുംപറഞ്ഞ് ഗ്രൗണ്ടില്‍ താടിക്കും കൈകൊടുത്ത് കുത്തിയിരുന്നു.
അടുത്ത നിമിഷം കത്തിജ്വലിക്കുന്ന നൂറ്റിപ്പതിനെട്ട് കണ്ണുകളും കൂടി ഒരുമിച്ച് കറങ്ങിത്തിരിഞ്ഞ് ലാസറിലേക്കെത്തി. നിന്ന നില്‍പില്‍ വെന്തുപോകുമെന്ന് തോന്നിയതും അവന്‍ വിറച്ചുകൊണ്ട് പതുക്കെ കീശയിലേക്ക് കൈയ്യാഴ്ത്തി മൊബെല്‍ വലിച്ചെടുത്തു.
“സത്യായിട്ടും. ന്നോട് അണ്ണാക്കൊട്ടന്‍ വിളിച്ചുപറഞ്ഞതാ. ദക്കണ് ഓന്റെ നമ്പര്.”
സീഷന്‍ മുന്നോട്ടാഞ്ഞുവന്ന് മൊബെല്‍ അവന്‍റെ കൈയ്യില്‍ നിന്നും പറിച്ചെടുത്ത് സ്ക്രീനില്‍ തെളിഞ്ഞ നമ്പരില്‍കുത്തി ഫോണ്‍ ചെവിയിലേക്ക് ചേര്‍ത്തു. കുറേ നേരം കഴിഞ്ഞാണ് അപ്പുറത്ത് അനക്കമുണ്ടായത്. ഫോണെടുത്തതാണെങ്കില്‍ അണ്ണാങ്കൊട്ടന്‍റെ അച്ഛനും. ‘അണ്ണാങ്കൊട്ടനൊന്ന് ഫോണ്‍ കൊടുത്താണീ’ എന്നതിനുള്ള മറുപടിയായ് വന്നത് മൂപ്പരുടെ ഒരുമാതിരി ഇടറിയ ഒച്ചയായിരുന്നു.
“പറ്റൂല മോനേ. ഓന് മൂന്നാലീസായിട്ട് എന്തോ ബാധ കേറീണോന്നൊരു സംശയം.തൊള്ളേത്തോന്നണതൊക്കെ അങ്ങന്‍ത്തന്നെ വിളിച്ചുപറയാണ്. ഒഴിപ്പിക്കാന്‍ സാമി വന്നിട്ടുണ്ട്. ഇതുംകൂടി കൂട്ടീട്ടിപ്പോ പന്ത്രണ്ടാമത്തെ കോളാണ് അരമണിക്കൂറിന്‍റെടേല് വരണ്‍ത്. ഞാനിപ്പോ കേള്‍ക്കാത്തൊരു തെറിയും ബാക്കിയില്ല.”
കോള് കട്ടാക്കി, തനിക്കൊരു തെറി, പേരിനുപോലും പറയാനായില്ലല്ലോ എന്ന മൂത്തസങ്കടത്തോടെ സീഷന്‍ ഫോൺ ലാസറിന് നേരെ നീട്ടി. “ഓനെന്തോ ബാധ കേറ്യതാണ്ടാ, വെര്‍തെ ആളെ മെനക്കെടുത്താന്‍! സാമി വന്ന്ക്ണ് ബാധയൊഴിപ്പിക്കാന്‍.”
സൈക്കിള് കേസ് വിചാരിച്ച പോലെ ഹരമാവാത്തതിന്‍റെ മുറുമുറുപ്പായിരുന്നു അന്നേരം സംഘത്തില്‍ നിറയെ. നൊണ മൂത്ത് കൂടെക്കൂടിയ പലര്‍ക്കും അക്കിടി പറ്റിയതിന്‍റെ ജാള്യതയും ഉണ്ടായി. ‘വല്ലാത്തൊരു പറ്റിപ്പായിപ്പോയി’ എന്ന കോലത്തില്‍ സംഘംചുറ്റുപാടും നോക്കി വെളിച്ചെണ്ണച്ചിരിയും പാസാക്കി പതുക്കെ പിരിയാന്‍ തുടങ്ങി.
“ബാധ കേറീന്നോ? അതെന്തോ ഉഡായിപ്പാണല്ലോ.” ലാസറ് നെറ്റി ചുളിച്ചു.
ആ നെറ്റിച്ചുളിച്ചിലിലേക്ക് ലീലാമ്മിയും മറ്റൊരുചന്തുവും സീഷനും കൂടി ആവേശത്തിലങ്ങ് കയറിനിന്നു.
അവര് അണ്ണാങ്കൊട്ടന്‍റെ വീട്ടിലേക്ക്കയറിച്ചെല്ലുമ്പോള്‍ സംഗതി സത്യമായിരുന്നു. സാമി മണിയടിയും ചന്ദനത്തിരിയും അല്ലറചില്ലറ മന്ത്രങ്ങളുമൊക്കെയായി മുറ്റത്തെ ഹോമുകണ്ഡത്തിന് മുന്നില്‍ ചമ്രം പടിഞ്ഞിരിക്കുകയാണ്. ചുറ്റും കുറച്ചാളുകള്‍ മിടിക്കുന്ന ചങ്കുകളോടെകൂട്ടം കൂടി നില്‍ക്കുന്നുമുണ്ട്.
“എന്തായി? വല്ലോം നടക്ക്വോ?” സീഷന്‍, ചെന്നപാടെ പരിപാടി സൂത്രിച്ച് നോക്കി നിന്ന കൂട്ടത്തിലെ തല നരച്ച മനുഷ്യനോട് കാര്യം തിരക്കി.
“ഏതോ വലിയ ബാധയാന്നാ പറയണ്‍ത്. രണ്ടായിരത്തിന്‍റെ ഒറ്റനോട്ട് ദക്ഷിണ വെച്ച് കോഴിപ്പാലില്‍ പുഴുങ്ങിയ നെല്ലുഴിയണംന്ന്. ഈ നേരത്തിത് കോഴ്യേളെ എവടെ പോയി പിടിക്കാനാ?ഈശ്വരാ പടച്ചോനേ പാല് കിട്ട്യാ മതിയായിന്യേ.”
അന്നേരം,മുകളില്‍ ഒറ്റക്കൈയ്യില്‍ തൂങ്ങിയിരുന്ന് പുറം ചൊറിഞ്ഞോണ്ടിരുന്ന പടച്ചോനൊന്ന് ചുണ്ടു കോട്ടി. പ്രാര്‍ത്ഥന കേള്‍ക്കലാണല്ലോ മൂപ്പരെ പണി.ഉടനെആരോ കോഴിപ്പാലും കൊണ്ടെത്തി. സാമി ഇടതടവില്ലാതെ ശ്ലോകങ്ങള്‍ ചൊല്ലി അതെടുത്ത് അടുപ്പത്ത് വെച്ചു.
“ആരെടുത്തെങ്കിലും രണ്ടായിരത്തിന്‍റെ ഒറ്റനോട്ടുണ്ടോ?” സാമിയുടെ രണ്ടാം പരികര്‍മ്മി ഉറക്കെ വിളിച്ചുചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. ഒന്നുരണ്ടാളുകള്‍ തെക്കോട്ടും നാലഞ്ചുപേര്‍ വടക്കോട്ടും പാഞ്ഞു.
പാല് തിളയ്ക്കാനായിട്ടും മന്ത്രത്തിന്‍റെ സ്റ്റോക്ക് തീരാനായിട്ടും രണ്ടായിരത്തിന്‍റെ നോട്ട് മാത്രം വന്നില്ല.
കയറിന്മേല്‍ തൂങ്ങിക്കിടന്ന പടച്ചോന് പിന്നേം ചൊറിയാന്‍ മുട്ടി. മൂപ്പര് ചൊറിയുന്ന അതേ നിമിഷമായിരുന്നു ഒരു വേട്ടാളന്‍ ചെവിയിലേക്ക് പാഞ്ഞുകയറാന്‍ ശ്രമിച്ചത്. പടച്ചോന്‍ പടച്ചോനാണെന്ന് മറന്ന് ഒരൊറ്റ ആര്‍പ്പ്.

പെട്ടെന്ന് സീഷന് ചിരി വന്നു. സീഷന് പിന്നാലെ ലീലാമ്മിക്കും. അവര് ചിരിച്ചപ്പോഴേക്കും മറ്റൊരുചന്തുവും അയാളോട് ചേര്‍ന്നു നിന്ന താടിക്കാരനും ചിരിച്ചു. നടക്കുന്നത് നാടകത്തിന്‍റെ റിഹേഴ്സലാണെന്ന് എല്ലാവരുമങ്ങ് മറന്നു. അതോടെ ആശാനൊഴികെ സകലര്‍ക്കും ചിരി പൊട്ടി.
ചില്ലറ പ്പൈസ ജ്യൂസടിക്കണ പോലെ നാടകക്കളരിയില്‍ കിടന്ന് ചിരി കിലുങ്ങി.
കലി പൂണ്ട ആശാന്‍ അരയില്‍ നിന്നും ബീഡി തപ്പിയെടുത്ത് കടിച്ചുപിടിച്ച് എല്ലാവരേയും കട്ടക്കലിപ്പില്‍ നോക്കി തൊട്ടപ്പുറത്തേക്ക് നടന്നു.എന്നിട്ട് ഉച്ചമയക്കത്തിലമ്പിപ്പോയ പുഴയെ നോക്കി പഴയ സിനിമയിലെ സത്യനെപ്പോലെ ഊരയ്ക്ക് കൈയ്യും കൊടുത്ത് ബീഡിക്ക് തീ കൊളുത്തി. ചീഞ്ഞ ചേരിപ്പുക തുപ്പുന്ന ഹോമകുണ്ഡത്തെ മനസ്സിലിട്ട് പ്രാകി ബീഡി കുനുകുനെ വലിച്ചു.ബീഡിപ്പുക കണ്ടാണ് മണികണ്ഠന്‍ ആശാനരികിലെത്തിയത്.
“ഈ മറ്റോടത്തെ മണോം സഹിച്ച് നാടകം സംവിധാനം ചെയ്താലും പോര. ഇമ്മാരി സാനങ്ങളെ മേയ്ക്കേം വേണം.” ബീഡി മണികണ്ഠന് നേരെ നീട്ടിക്കൊണ്ട് ആശാന്‍ചിറഞ്ഞു.
“ആശാനേ ഒരുമാരി മണകുണാന്ന് പറേത്, പൊഴേ പൂഴ്ത്ത്യ ചേരി പൊക്കി ഒണക്ക്യേന്‍റെ പാട് എനിക്കേ അറിയൂ… കൊറേയായില്ലേ ഈ അടുപ്പ്‌ലെ ഹോമപ്പരിപാടി തൊടങ്ങീട്ട്. അല്ലേലും റിഹേഴ്സലി നെന്തിനാ പൊക? അതുണ്ടെന്നങ്ങട്ട് ഊഹിച്ചാ പോരേ? ചേരി തര്വോന്നും ചോദിച്ച് ബാപ്പ്വാക്കന്‍റെട്ത്തേക്ക് ഞ്ഞ്യന്തായാലും പോകാന്‍ പറ്റൂല. അല്ലെങ്കിത്തന്നെ എപ്പളാന്നറ്യൂല കൊടുക്കാന്‍ള്ള പൈസക്ക് മൂപ്പര് പൊട്ടി വീഴണ്‍ത്.”
“ഓരോ തയ്യാറെടുപ്പും ലോകത്തുണ്ടാകാന്‍ പോണ നാഴികക്കല്ലിന്‍റെ അടിത്തറയാണ്. അതോണ്ട് റിഹേഴ്സലിനെ അങ്ങനങ്ങട്ട് സിംപിളായി കാണാമ്പറ്റൂല.” വലിച്ചുതീര്‍ന്ന ബീഡി ചവിട്ടിക്കെടുത്തിയിട്ട് ആശാന്‍ ദീര്‍ഘമായൊന്ന് നിശ്വസിച്ചു. “നാടകൊന്ന് തട്ടേക്കേറട്രാ, ഒക്കെ ശര്യാക്കാം മ്പക്ക്.”
മണികണ്ഠന്‍ ഒരു കവിള്‍ പുക ഉള്ളിലേക്കെടുത്ത് എരി വലിച്ച് ഇടതുകാല് മുട്ടുമടക്കി സൈഡിലേക്കൊന്ന് അകറ്റിനീട്ടി. താഴൊച്ചയുടെ മുഴക്കം കേട്ട്ആശാനവനെ തുറിച്ചുനോക്കി.
“വെര്‍തേ ഞാന്‍ തന്ന ബീഡീം വലിച്ച്,ന്‍റെ മൗലികതേനെ അന്‍റെ ഗുദാഭിനയം കൊണ്ട് ചൊറ്യാന്‍ വരല്ലേ. ഇമ്മാരി ചലിക്കണ നാടകം ഈ ലോകത്തന്നെ വേറെവിടേലും കണ്ടിട്ട്ണ്ട്രാ യ്യ്?ഏ?”
“ന്‍റെ പൊന്നാശാനേ, നാടകം മാത്രം ചലിച്ചാ മത്യോ? മ്പളെയൊക്കെ കൊടല്‍ലും എന്തെങ്കിലുമൊക്കെ ചലിക്കണ്ടേ. അങ്ങനെ ചലിക്കാത്തേന്‍റെ മൊരള്‍ച്ച ചൊറിച്ചിലാണെന്ന് പറഞ്ഞ് ങ്കാണ്ട് ആമാശയത്തിന്‍റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിലേക്ക് കൈ കടത്താന്‍ നോക്കണ്ട ട്ടാ.”
ആശാന്‍ മണിയെ വളരെ ദയനീയമായൊന്നു നോക്കി.”യ്യ് നോക്കിക്കഡാ, ഈ നാടകംഇവടൊരു വിപ്ലവംണ്ടാക്കും, വിപ്ലവം!”
“ഒലക്കണ്ടാക്കും. ന്‍റെ പൊന്നാശാനേ, ഈ ഭൂമ്യന്നെ ഒരുഗ്രന്‍ തട്ടും അയ്‌ലള്ള സകലണ്ണോം കിടിലന്‍ അഭിനേതാക്കളും ആണ്. കെടന്ന് കറങ്ങണ ഭൂമില് നടക്കണ മെയിന്‍ നാടകത്തിനേക്കാളും ഉഷാറായിട്ട്ള്ള ചലനൊന്നും ഒരു കഷണം ഭൂമീലിട്ട് മ്പക്ക് ണ്ടാക്കാന്‍ പറ്റൂല.”
“നാടകത്തില് കള്ളത്തരം ണ്ടാവൂല മണ്യേ, അതോണ്ട് ഭൂമീലിപ്പോ നടക്കണ്‍ത് നാടകല്ല, കള്യാണ്. ഒരു പ്രത്യേകതരം കളി. വെറുതെ നാടകത്ത്നെ പറീപ്പിക്കല്ല യ്യ്.”
അപ്പോഴേക്കും സുകു അവര്‍ക്കരികിലെക്കോടിയെത്തി. “ആശാനേ ആ പടച്ചോന്‍ കീപ്പട്ടെറങ്ങിക്കോട്ടെ ലേ? കയറ് പിടിച്ചിട്ട് മൂപ്പരെ കൈ വേദനിക്കണ്ട്ന്ന്.”
“റിഹേഴ്സല് അലമ്പാക്കീങ്കാണ്ട് കൈ വേദനിക്കണ്ട്ന്നോ? കുത്ത്‌രിക്കട്ടെ അവടെ കൊറച്ചേരം, അല്ല പിന്നെ.” ആശാന്‍ കലിപ്പമര്‍ത്താന്‍ എട്ടുപത്ത് നിമിഷമെടുത്തു. “ഞ്ഞ്യങ്കിലും ആ മൈ*നോട്മര്യാദക്കൊന്ന് കളിക്കാന്‍ പറയ്. ഇല്ലേല്‍ ഹോമകുണ്ഡം ഓന്‍റെ അണ്ണാക്ക്ല് കുത്തികക്കേറ്റും ഞാന്‍. പടച്ചോനാന്നൊന്നും നോക്കൂല.പറഞ്ഞില്ലാന്ന് വേണ്ട.”
“ആശാനേ, സത്യത്ത്‌ല് പടച്ചോനല്ല ഇപ്പളത്തെ പ്രശ്നം..”
“പിന്നെയാരാ?” ആശാന്‍റെ നെറ്റി ചുളിഞ്ഞു.
“കുട്ടിമോന്‍ച്ചനാ… നാടകം തട്ടേ കേറുമ്പളേക്കും കുട്ടിമോന്‍ച്ചന്‍ന്ന്ള്ള പേര് മാറ്റി വീരാന്‍കുട്ടിന്നാക്കാണം ന്നാണ് മൂപ്പര് പറയണ്‍ത്.” സുകൂന്റെ ശബ്ദം തീരെ താഴ്ന്നു.
“ആ ***നെ ഞാനിന്ന്…” ആശാന്‍ മുണ്ട് മടക്കിക്കുത്തി ആഞ്ഞപ്പോഴേക്കും മണികണ്ഠന്‍ ഇടയ്ക്ക് കയറി. “ആശാനേ,തട്ടേല്‍ കേറാനായ സാനാണ്. ആരേലുമീ സമയത്ത് ഒടക്കിപ്പോയാൽ പകരം ആളെ കിട്ടാന്‍ മ്പള് പാടുപെടും” ആശാന്‍റെ കലിയടങ്ങിയില്ല, മൂപ്പര് മുന്നോട്ട് ആഞ്ഞുകൊണ്ടേയിരുന്നു. “ആശാനേ, മ്പള് കലാകാരന്മാര് ഒരുമാരി രാഷ്ട്രീയക്കാരെ പോലെ കളിക്കാന്‍ നിക്കര്ത് ട്ടാ.”
കലാകാരന്‍ എന്ന് കേട്ടതും ആശാന്‍റെ ലോലഹൃദയം ഒന്ന് കുളിര്‍ന്നു, ഒരു വല്ലാത്ത ആത്മസംതൃപ്തിയോടെ മൂപ്പര് ഒലച്ചില് നിര്‍ത്തി മണികണ്ഠനെ നോക്കി കോളറ് ശരിയാക്കിയും മുണ്ടു മടക്കിക്കുത്തിയും കിതപ്പ് രാകി. “നാടകത്തിന്‍റെ റിഹേഴ്സല് തൊടങ്ങ്യ അന്ന് കൂട്ടിപ്പിടിച്ച് നടക്കണ്ട് ആ മലരാപ്പന്‍ ഈ വീരാന്‍കുട്ടീനെ. ഈ വീരാന്‍കുട്ടിയാരാ ഓന്‍റെ അമ്മേന്‍റെ കെട്ട്യോനോ? അല്ല പിന്നെ. അതേയ്, ആശാന്‍ ഞാനാണ്. അപ്പോ പിന്നെ ഞാമ്പറയണ പോലെ കളിച്ചാ മതി നാടകം.”
“ശരിക്കും എന്താ മൂപ്പരെ പ്രശ്നം?” മണികണ്ഠന്‍ സുകൂന് നേരെ തിരിഞ്ഞു.
“അതീ സൈക്കിളും ഇവടത്തെ സംസ്കാരോം ആ പേര്വൊക്കെക്കൂടി ചേര്‍ത്താ പൊറത്തെറങ്ങി നടക്കാന്‍ പറ്റൂല്ലാന്നൊക്കെയാണ് ഓന്‍ പറയണ്‍ത്.”
“തേങ്ങാക്കൊലയാണ് ഇത് അതൊന്നുമല്ല. ഉള്ളിലൊറച്ച്പോയ മറ്റേതിന്‍റെ കുത്തിത്തിരിപ്പാ. ന്നട്ടിപ്പം സൈക്കിളിനും സംസ്കാരത്തിനും കുറ്റം. പ്ഫൂ.”
“കട്ട്…” വിപിന്‍ദാസ് ഒരൊറ്റയലര്‍ച്ചയായിരുന്നു.സെറ്റ് മൊത്തം നിശ്ചലമായി. ഇതെത്രാമത്തെ പ്രാവശ്യമാണ് ടേക്ക് പോകുന്നത്!
തല പെരുത്ത വിപിന്‍, ഡയറക്ടറുടെ ചെയറില്‍ പോയിരുന്ന് മുഖം അമര്‍ത്തിയുഴിഞ്ഞു. അയാള്‍ വിയര്‍ത്തുപോയിരുന്നു. അപ്പോഴേക്കും അസോസിയേറ്റ് സുഹൈല്‍ അരികിലേക്കോടിയെത്തി. വിപിന്‍ ദൂരെയുള്ള ആശാന്‍ കഥാപാത്രത്തെ അങ്ങേയറ്റം ദേഷ്യത്തോടെ നോക്കി.
“എവ്ട്ന്ന് കിട്ട്യഡോ ഈ മൊയന്ത് ചെങ്ങായിനെ. എത്ര പ്രാവശ്യാന്ന് വെച്ചാ ഒരു ഡയലോഗ് പറഞ്ഞുകൊടുക്ക്വാ?മൂപ്പര് മ്പളെ പൊട്ടന്‍ കളിപ്പിക്ക്യാണോന്നാണ് എന്‍റെ ഇപ്പള്‍ത്തെ സംശയം.”
“ഏയ് അത് സാറിന് തോന്നണ്‍താവും.എത്രയോ കാലത്തെ എക്സ്പീരിയന്‍സ്ള്ള തിയേറ്റര്‍ ആര്‍ട്ടിസ്റ്റല്ലേ സര്‍. അങ്ങനൊന്നും ചെയ്യൂല. മ്പക്ക് ഒന്നൂടി ട്രൈ ചെയ്ത് നോക്ക്യാലോ.”
വിപിന്‍ ഒന്നാലോചിച്ചു.”യ്യൊരു കാര്യം ചെയ്യ്. അടുത്ത ടേക്ക് പോണേന് മുമ്പ് അയാളെ ഒന്നിങ്ങോട്ട് പറഞ്ഞുവിട്. ഞാനൊന്ന് സംസാരിച്ചുനോക്കട്ടെ.”
കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും ആശാന്‍ എത്തി. നല്ല പിരിമുറുക്കമുണ്ടായിരുന്നു മുഖത്ത്. വിപിന്‍ പരമാവധി ശാന്തനായിക്കൊണ്ട് ഇരിക്കാന്‍ പറഞ്ഞു.
“ശരിക്കും മ്പളെ ആശാന്‍റെ ഡയലോഗല്ല ങ്ങള് പ്രസന്‍റ് ചെയ്യണ്‍ത്. എത്ര പ്രാവശ്യമായി ഞാന്‍ പറയണ്. സുകൂന്‍റെ ഡയലോഗ് കഴിഞ്ഞിട്ട് ‘എന്നാപ്പിന്നെ കുട്ടിമോന്‍ച്ചന് അത്ര നിര്‍ബന്ധമാണെങ്കി ആ പേര് മാറ്റാം ലേ?’ എന്നാണ് ചോദിക്കേണ്ടത്. അതങ്ങന്‍ത്തന്നെ ചോദിക്കണം.”
ആശാന്‍ ഉടനെ കസേരയില്‍ നിന്നെഴുന്നേറ്റു.”നടക്കൂല സാറേ, അങ്ങനെ തോന്നുമ്പോ തോന്നുമ്പോ പേര് മാറ്റല് നാടകത്തില് നടപടിയാവൂല.”
“അല്ല, അതിനിത് നാടകമല്ല. സിന്‍മയാണ്. മാത്രവുമല്ല ങ്ങള് പറഞ്ഞ ഡയലോഗ് വെച്ചിട്ട് റിലീസിങ്ങിന് തിയ്യേറ്ററും കിട്ടൂല.”
“തിയേറ്ററില്ലെങ്കി വേണ്ട. ഒ ടി ടി യില്‍ ചാമ്പാലോ. എന്തായാലും ന്‍റെ നാടകത്ത്‌ല് കുട്ടിമോന്‍ച്ചന്ന്ള്ളത് അങ്ങനെത്തന്നെയേ പറ്റൂ. കുട്ടിമോന്‍ച്ചന്‍ ചെയ്തത് പിന്നെ വീരാന്‍ കുട്ടീന്‍റെ തലേല്ടണ്ട ഒരാവശ്യൂല്ല്യ.”
“ങ്ങളെന്തൊക്കയാ പറയണ്‍ദ്? ങ്ങളെ നാടകോ? ദ് എന്‍റെ സിന്‍മേല്‍ള്ള നാടകല്ലേ. അപ്പോള്‍ ഞാനല്ലേ തീരുമാനിക്കേണ്ടത്?”
“ന്‍റെ നാടകം ങ്ങള് സിന്‍മേല് എടുത്ത്ന്ന്‌ള്ളത് നേരാ.എന്ന് വിചാരിച്ച് നാടകത്തിന്‍റെ ആശാന്‍ ഞാന്‍ തന്നാ. പേര് പോയിട്ട് ഒരക്ഷരം മാറ്റാമ്പറ്റൂല.”
“അങ്ങന്യാണെങ്കി എനിക്ക് പ്രൊഡ്യൂസറോടൊന്ന് സംസാരിക്കേണ്ടി വരും.”
“ആയിക്കോട്ടെ.സംസാരിച്ചോളി. ഞങ്ങള് നാടകക്കാര്‍ക്ക് വെറുമൊരു തെരുവ് മതി, അത് മറക്കണ്ട.” ആശാന്‍ പോയി.
പ്രൊഡ്യൂസര്‍ ലൊക്കേഷനില്‍ തന്നെയുണ്ടായിരുന്നു. ഷൂട്ടിങ്ങ് അപ്പോള്‍ തന്നെ പായ്ക്കപ്പ് പറഞ്ഞ് വിപിന്‍ ഉടനെ മീറ്റിങ്ങിന് വിളിച്ചു.
ആശാനെ ആരുംവിളിച്ചതുമില്ല, ആശാന്‍ മീറ്റിങ്ങിന് പോയതുമില്ല.
ലൈറ്റ്ബോയ് അടക്കം പത്തറുപത് പേരുണ്ടായിരുന്നു യോഗത്തിന്. തല്‍ക്കാലം ആശാന്‍കഥാപാത്രം മറ്റാര്‍ക്കെങ്കിലും കൊടുക്കാം എന്നുള്ള അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നത്. ബജറ്റിന്‍റെ കാരണം പറഞ്ഞ് അതിനെ പ്രൊഡ്യൂസര്‍ ശക്തമായി എതിര്‍ത്തു. ചര്‍ച്ച എവിടെയുമെത്താതെ പിരിഞ്ഞു.
“ഞ്ഞിപ്പോ എന്താ ചെയ്യാ? ഷെഡ്യൂള് തീര്‍ക്കണ്ടേ?” സംഗതി കൈയ്യീന്ന് പോണ പോലെ തോന്നി വിപിക്ക്.
“ഡബ്ബിങ്ങിന്‍റെ സമയത്ത് എന്തേലും ചെയ്താലോ?” സുഹൈല്‍ ചോദിച്ചു.
”അത് പണിയാ. ഇയാള് വല്ല ചാനലുകാരേം വിളിച്ച് സംഗതി പറഞ്ഞാ സാധനം പെട്ടീക്കിടക്കും.”
അവര്‍ തല പുകഞ്ഞാലോചിച്ചു.
“ചുളുവില്‍ പൊക്കീട്ട് രണ്ടെണ്ണം പൊട്ടിച്ചാലോ.. ചെലപ്പോ ക്ലിയറാവും.” പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എബിന്‍ കണ്ണാമലയാണ് ആ വഴിക്ക് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
വിപിനും സുഹൈലും എബിനിനെ നോക്കി.
ആശാനന്നേരം പുഴവക്കില്‍, മിഥുനത്തിലെ ഇന്നസെന്‍റിനെ പോലെ കൈയ്യും കെട്ടി വെള്ളത്തില്‍ വീണുകിടക്കുന്ന ചന്ദ്രനെ നോക്കി കനത്തു നില്‍ക്കുകയായിരുന്നു.
പെട്ടെന്ന് വെള്ളത്തിലെ ചന്ദ്രന് ഇടത്തും വലത്തുമായി രണ്ടുനിഴലുകള്‍ പ്രത്യക്ഷപ്പെട്ടത് ആശാന്‍ കണ്ടു. ആകാശത്തിലേതാ മനുഷ്യര്‍ എന്ന ആശ്ചര്യത്തില്‍ മൂപ്പര് മുകളിലേക്ക് നോക്കി. പൊടുന്നനെ മുഖത്ത് കൈത്തലമമര്‍ന്ന് ആശാന് ശ്വാസം മുട്ടി. മൂപ്പര് രണ്ടും കല്‍പിച്ച് സര്‍വ്വ ശക്തിയുമെടുത്ത് ഒരൊറ്റ കുതറലായിരുന്നു. അതോടെ വട്ടംപിടിച്ച രണ്ടുപേരും തെറിച്ചുവീണു. തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു, ചെറിയൊരാള്‍ക്കൂട്ടം തന്നെ പിന്നിലുണ്ട്. ആശാന്‍ പുഴയിലേക്ക് ചാടി, ചന്ദ്രനും നക്ഷത്രങ്ങളും ചളുങ്ങിത്തെറിച്ചു. കൈകള്‍ ആയത്തിലാഴ്ത്തി ചളിയുടെ മണവും ഊരിയെടുത്ത് ആശാന്‍ നീന്തി, പിന്നാലെ ആളുകളും.
പുഴവെള്ളമൊന്നാകെ വിറച്ചുകുളിര്‍ന്നു.

നിമിഷങ്ങള്‍ക്കുള്ളില്‍ ആളുകളെ പിന്നിലാക്കിക്കൊണ്ട് ആശാന്‍ തൊട്ടടുത്ത് കണ്ട കണ്ടലിലേക്ക് വലിഞ്ഞുകയറി. കണ്ടലില്‍ നിന്നും എരണ്ടകളും കൊക്കുകളുംപറന്നുയര്‍ന്നു. പറമ്പത്തയ്യന്മാരുടെ നീട്ടിയുള്ള നിലവിളികളിലൂടെ കണ്ടല്‍ക്കുണ്ട ചവിട്ടി ആശാന്‍ നൂണ്ട് നൂണ്ട് ചേറുമണമണിഞ്ഞ് മുന്നോട്ട് നീങ്ങി. ഒടുവില്‍ കണ്ടലില്‍ നിന്നും പുഴവക്കിലെ തെങ്ങിന്‍തോട്ടത്തിലേക്ക് ചാടിയ ആശാന്‍ ഒരിക്കല്‍ക്കൂടി പുഴയിലേക്ക് തിരിഞ്ഞുനോക്കി. നിലാവിനെയുടച്ച് വെള്ളത്തിലൂടെ ഒരുപറ്റം ആളുകള്‍ നീന്തലോട് നീന്തല് തന്നെയാണ്. ആശാന്‍ പിന്നെ ഒന്നും നോക്കിയില്ല, തെങ്ങിന്‍തോപ്പിലൂടെ മുറുക്കി യോടി. പൊടുന്നനെ നിലാവ് മങ്ങി. അതോടെ ഓട്ടം നിര്‍ത്തിയ ആശാന്‍ പുഴയെ ചുംബിക്കാനാഞ്ഞു നില്‍ക്കുന്ന തെങ്ങിലേക്ക് വലിഞ്ഞു കയറാന്‍ തുടങ്ങി. പുഴ കഴിഞ്ഞ് പിന്നാലെ വന്ന ആള്‍ക്കൂട്ടം തെങ്ങിന്‍ചോട്ടിലെത്തിയപ്പോഴേക്കും ആശാന്‍ തെങ്ങിന്‍മണ്ടയിലെത്തിക്കഴിഞ്ഞിരുന്നു. അവര്‍ തെങ്ങിന്‍തോപ്പില്‍ കയറി നാലുപാടും തെറിച്ച് പാഞ്ഞ് ആശാനെ തിരഞ്ഞു.
തെങ്ങിന്‍മണ്ടയില്‍ വെച്ചാണ് ആശാന്‍ പിടിക്കപ്പെടേണ്ടത്. ആരു പിടിക്കും?
അത്തരമൊരു ചിന്തയില്‍, പനയങ്കണ്ടി ഉത്തമന്‍ അല്‍പം ആശ്വാസം കിട്ടാനായി എഴുത്തിനിടയില്‍ കസേരയിലേക്കൊന്ന് മലര്‍ന്നു. നോവലിലെ പ്രധാനപ്പെട്ട ഭാഗമാണ്, ചിന്തിച്ച് എഴുതേണ്ടതായിട്ടുള്ള ഒന്ന്. ആശാനെ കുട്ടിമോന്‍ച്ചന്‍ പിടിച്ചാലും ലാസറ് പിടിച്ചാലും പ്രശ്നമാവും.
പൊടുന്നനെ “ങ്ങളെന്ത് ഒലക്കപ്പിണ്ണാക്കാണ് ഇവടെ കുത്തിര്ന്ന്ണ്ടാക്കണ്‍ത്?” എന്ന് ചോദിച്ച് വാസന്തി മുറിയിലേക്ക് ഇരച്ചൊരു വരവ് വന്നു. എന്നിട്ട് മേശപ്പുറത്തെഴുതിവെച്ച കടലാസ് മൊത്തം ചവല വാരും പോലെയങ്ങ് വാരിയെടുത്തു.
ഇവളിതെവിടെ നിന്നാണ് പൊട്ടിവീണതെന്നോര്‍ത്ത് പനയങ്കണ്ടി ഒറക്കത്തില്‍ കണ്ടപോലെ ചാടിയെഴുന്നേറ്റു.
എഴുത്തില്‍ ശല്യമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് പവിത്രന്‍റെ കൈയ്യും കാലും പിടിച്ച് അവന്‍റെ ബാര്‍ബര്‍ഷോപ്പിന് മുകളില്‍ വേവുന്ന ചൂടുള്ള മുറി തരപ്പെടുത്തിയത്. നോവലിന് വല്ല അവാര്‍ഡും കിട്ടീട്ട് തരാം വാടക എന്നതാണ് കണ്ടീഷന്‍.
കൊരവള്ളിക്ക് പിടുത്തം കിട്ടിയ നോവല്‍ അദ്ധ്യായം അവളുടെ കൈയ്യില്‍ കിടന്ന് ശ്വാസം കിട്ടാതെ പിടയ്ക്കുന്നത് കണ്ടതും അവന്‍റെ ചങ്ക് കലങ്ങിപ്പോയി. “ദോക്ക്യാ, യ്യ് നോവല് വെച്ച് കളിക്കല്ലട്ടാ..”
അവന്‍ ചാടിയെഴുന്നേറ്റ് കെട്ട്യോളെ വട്ടം പിടിച്ചു. ഒരു ലൈസന്‍സുമില്ലാത്ത പെണ്ണാണ്. ചിലപ്പോള്‍ കൊണ്ടുപോയി കത്തിച്ചുകളയും. വാസന്തി കടലാസ് മൊത്തം പിന്നിലേക്കാക്കി അവന് പിടിക്കാതി രിക്കാന്‍ പാകത്തിലാക്കി മാറ്റി.
“മര്യാദക്ക് പറഞ്ഞോ, ന്ത് വാഴപ്പിണ്ട്യാണ് എഴുതിണ്ടാക്കണേന്ന്. ആ അനൂപും കൂട്ടരും വന്ന് പൊരേല്ള്ള ചട്ടീം പാത്രോം എറിഞ്ഞുടച്ച് ഇപ്പങ്ങട്ട് പോയതൊള്ള്..”
“ന്ത്ത്ത്ന്?” ഉത്തമന്‍ വട്ടംപിടിക്കല് നിര്‍ത്തി തൊള്ള പൊളിച്ചു.
“ന്‍ക്ക്യാ അറ്യാ? ങ്ങളെ നോവല് പ്രസിദ്ധീകരണം നിര്‍ത്താന്‍ പറഞ്ഞ്ണ് ഓല്. ബാക്ക്യെറ്റെ വീക്കിലീല് വന്നാ അപ്പോ കാണാന്ന്.”
“യ്യോ,” ഞെട്ടിപ്പോയി ഉത്തമന്‍.
“എന്ന് ങ്ങള് നോവലെഴുത്ത് തൊടങ്ങ്യോ. അന്ന് തൊടങ്ങി ന്‍റേം മക്കളേം കഷ്ടകാലം.ഒരു നൂറായിരം വട്ടം പറഞ്ഞതാ ഈ അട്പ്പ്‌ലെ നോവലെഴുത്ത് നിര്‍ത്തീട്ട് വല്ല കവിതേം എഴുതി നടക്കാന്‍. ഇവടള്ള നേതാക്കന്മാര്‍ക്ക് കവിത വായിച്ച് തെരഞ്ഞ് വരാന്‍ള്ള ബുദ്ധ്യൊന്നും ല്ല്യ. അതാവുമ്പോ ഇത്തിരി മനഃസമാധനേങ്കിലും കിട്ടീനി.”
ഉത്തമന്‍ അവളെ ദയനീയമായി നോക്കി. “അങ്ങനെ തോന്നുമ്പോ തോന്നുമ്പോ ബെല്‍റ്റ് മാറ്റിയങ്ങട്ട് ഒണ്ടാക്കാന്‍ ന്‍റെ തല അന്‍റെ തന്തേന്റെ അരിമില്ലു പോലത്തെ യന്ത്രമല്ല.”
“ആ തന്ത ആരാന്‍റേന്ന് ഊറ്റിക്കൊണ്ടോന്ന പൊടികൊണ്ടുള്ള പുട്ട് രാവിലെത്തന്നെ പപ്പടോം കൂട്ടി കേറ്റീട്ട് ഒരുമാരി വര്‍ത്താനം പറയല്ല ട്ടാ. ങ്ങളെ നോവലൊക്കെക്കൂടി ഒരിക്കെ ഞാനാ മില്ലിലിട്ട് പൊടിക്കും.നോക്കിക്കോ.” വാസന്തി കടലാസെല്ലാം കൂടി ഉത്തമന്‍റെ മുഖത്തേക്കൊരേറിഞ്ഞ് ഇറങ്ങിപ്പോയി. നീലംമുക്കി ഏറുകിട്ടിയ ദേശാടനക്കിളി പറക്കുമ്പോലെ അവ മുറിയില്‍ ലാഞ്ചിപ്പറന്നു.

നോവല് പൊടിക്കണത് പനയങ്കണ്ടി ആദ്യമായി കേള്‍ക്കുകയായിരുന്നു. നോവലുകള്‍ പൊടിച്ച് പുട്ടുണ്ടാക്ക്യാ പിന്നെ ഇവടള്ള സകലെണ്ണത്തിന്‍റേം ജാതീം മതോം തൂറിപ്പോവും, ഒറപ്പാ.
പെട്ടെന്ന് മേശപ്പുറത്ത് കിടന്ന് ഫോണ്‍ മുരണ്ടു. ചെന്ന് നോക്കിയപ്പോള്‍ അറിയാത്ത നമ്പരാണ്. അവന്‍ ഫോണെടുത്ത് ചെവിയിലേക്ക് ചേര്‍ത്തു.
“ഉത്തമനല്ലേ. എന്താണുത്തമാ ദ്, ഒരു നോവലെഴുതി വെറുതെ കൊര്‍ച്ചാള്വേളെ വൈരാഗ്യം ണ്ടാക്കീട്ട് അണക്കെന്ത് കിട്ടാനാണ്. യ്യ് ആള്‍ക്കാര്‍ക്ക് വേണ്ടതങ്ങട്ട് എഴുതി വിഡ്രോ. അനുവാചകര് സന്തോഷിക്കണ്‍തല്ലേ ശരിക്ക്ള്ള ആര്‍ട്ട്.
അനുവാചകര് സന്തോഷിക്കാത്തതാണ് ശരിക്ക്ള്ള ആര്‍ട്ട് എന്ന് പറയണമെന്നുണ്ടായിരുന്നു പനയങ്കണ്ടിക്ക്. പക്ഷേ പറച്ചില് വേറൊരു വിധത്തിലായി. “അദ്ന് ഞാനൊന്നും ചെയ്തില്ലല്ലോ.”
“അദ്ദാണ്. ങ്ങളെപ്പോലുള്ള ആള്‍ക്കാര് ഒന്നും ചെയ്യരുത്. അതാണ് ഞങ്ങക്ക് വേണ്ടത്.ആ പിന്നേയ്, മ്പളെ ചെക്കന്മാര് അന്‍റെ പൊരേ പോയി എന്തൊക്കെയോ തല്ലിപ്പൊട്ടിച്ചെന്നൊക്കെപറയണത് കേട്ടു. അറ്റ്യേള് ആവേശപ്പുറത്ത് ചെയ്തതാ ട്ടോ… പരിഹാരണ്ടാക്കാം.”
“ഓ വേണ്ട ഗോവിന്ദേട്ടാ. ചട്ടീം കലോം ആവുമ്പോ തട്ടീം മുട്ടീം ഒക്കെ ഇരിക്ക്വല്ലോ. ഏതേലും ഒരവാര്‍ഡ് കിട്ടീട്ടോ അതല്ലേല്‍ റോയല്‍റ്റി കിട്ടീട്ടോ അതൊക്കെ ഞാന്‍ തന്നെയങ്ങട്ട് വാങ്ങിക്കോണ്ട്.”
തെങ്ങിന്‍മണ്ടയിലെ ആശാനെ യാതൊരുകാരണവശാലും താഴേക്കിറക്കുന്ന പ്രശ്നമില്ലെന്ന് പനയങ്കണ്ടി അപ്പോള്‍ തന്നെ തീരുമാനിച്ചു.
“അല്ല, അണക്ക് ഏതേലും അവാര്‍ഡിന് മോഹണ്ട്രാ?” അവാര്‍ഡ് എന്ന് കേട്ടതും ഗോവിന്ദേട്ടന്‍ നെറ്റി ചുളിച്ചു.
“അങ്ങനെ ചോയ്ച്ചാ… പള്ളേക്കണ്ണീന്‍റെ കാര്യല്ലേ ഗോവിന്ദേട്ടാ. ഇപ്പോത്തന്നെ വാസന്തി പറയണ്‍ത് ഞ്ഞി കവിതയെഴുത്യാ മതീന്നാ. ഓള്‍ക്കെന്താ അറ്യാ?”
“അവാര്‍ഡൊക്കെ മ്പക്ക് ശര്യാക്കാ. യ്യ് എഴുത്തൊക്കെ കണ്ടര്‍ഞ്ഞ് ചെയ്യ് ട്ടോ…”
“ഓ.” പനയങ്കണ്ടി വളരെ വിനിയാന്വിതനായി.
ഗോവിന്ദേട്ടന്‍ ഫോണ്‍ കട്ട് ചെയ്തതോടെ ചുറ്റുവട്ടത്ത് അവിടേം ഇവിടേം മാന്തിക്കൊണ്ടിരുന്ന നേതാക്കന്മാര്‍ ഒന്നടങ്കം ഇരുന്ന് ചിരിച്ചു. അവര്‍ പനയങ്കണ്ടിയുടെ സംഭാഷണം സ്പീക്കറിലിട്ട് കേള്‍ക്കുകയായിരുന്നു.
“പാവം എഴുത്തുകാരന്‍.” കൂട്ടത്തിലൊരാള്‍ വിലപിച്ചു.
“അല്ലെങ്കിലും ഈ എഴുത്തുകാരൊക്കെ അടിസ്ഥാനപരമായി വലിയ പാവത്തുങ്ങളാ. ഒന്ന് വെരട്ടിയാ തീര്‍ന്ന്. അത് പോട്ടെ.ഇനിയെന്താ നമ്മുടെ അടുത്തപ്ലാന്‍? അതുപറ.” ജില്ലാ സെക്രട്ടറി സുഗുണേട്ടന് തിടുക്കമായി.
“എന്തായാലും പനയങ്കണ്ടി വിചാരിക്കുന്ന രീതിയിലായ സ്ഥിതിക്ക് ഇനി കളി വലിയ വിഷയമല്ല. ആശാനെ തെങ്ങിന്‍റെ മണ്ടേന്ന് നമ്മള് വിചാരിക്കുന്ന രീതിയില്‍ ഇറക്കിക്കൊള്ളും. അത് മതിയല്ലോ. ബാക്കിയൊക്കെ ജനങ്ങള്‍ ചെയ്തോളും.” ഗോവിന്ദേട്ടന്‍ വിശദീകരിച്ചു.
“അപ്പോള്‍ അവാര്‍ഡ്?” മധു നെറ്റി ചുളിച്ചു.
“ഏറ്റവും ലേറ്റസ്റ്റായി ഏത് അവാര്‍ഡാണ് പ്രഖ്യാപിക്കാനുള്ളതെന്ന് നോക്ക്. എന്നിട്ട് അതിനനുസരിച്ച് മുന്നോട്ട് നീങ്ങിയാ മതി. പനയങ്കണ്ടിക്കുള്ളത് പനയങ്കണ്ടിക്ക്, ആശാനുള്ളത് ആശാന്, ജനത്തിനുള്ളത് ജനത്തിന്.” ഗോവിന്ദേട്ടന്‍ ഉറക്കെ ചിരിച്ചു, കൂടെയുള്ളവരും.
ചിരി പെട്ടെന്ന് നിശ്ചലമായി.
അഭിനന്ദും റാസിലും കൂടിയുണ്ടാക്കിയെടുത്ത ഗോവിന്ദേട്ടനും കൂട്ടരും അന്നേരം അതേ ചിരിയോടെ ഗെയിമില്‍ സ്റ്റില്ലായി നില്‍ക്കുകയാണ്. അവാര്‍ഡ് സെര്‍മണി സെറ്റ് ചെയ്യാന്‍ പന്ത്രണ്ട് മിനുട്ടാണ് അവര്‍ക്ക് കമ്പനി അനുവദിച്ച സമയം.അതിനുള്ളില്‍ സെറ്റാക്കണം. സെറ്റാക്കി കഴിഞ്ഞിട്ടാണ് അടുത്ത മൂവ്മെന്‍റ് തുടങ്ങുക. അഭിനന്ദ് സ്റ്റോറിലേക്ക് പാഞ്ഞുകയറി.
”ക്യാരക്ടര്‍ മെയ്ക്കിങ്ങിനിടെ ഞാന്‍ പറഞ്ഞതാ, ആ പനയങ്കണ്ടിക്ക് കുറച്ചൂടി കറേജ് കൊടുക്കാന്‍. ആര് കേള്‍ക്കാന്‍!” അഭിനന്ദ് പിറുപിറുത്തു.
“എന്‍റെ പൊന്നഭീ, കമ്പനിയുടെ നിയമ പ്രകാരമേ മെയ്ക്കിങ്ങ് നടക്കൂ. ഇത് ഇന്ത്യയിലെ ആപ്ലിക്കേഷനാണ്. നമ്മള് കൊടുത്ത കറേജ് മാക്സിമമാണ്. നീയത് വിട്, എന്നിട്ട് വേഗം ബാനറും അവാര്‍ഡിന്‍റെ പേരും സ്റ്റേജിലേക്ക് വേണ്ട സകല സാനോം സെലക്ട് ചെയ്യ്. എല്ലാംകൂടെ സെറ്റ് ചെയ്യേണ്ട കാര്യം ഞാനേറ്റ്.” റാസില്‍ കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുത്തു.
“അവാര്‍ഡിന് എന്ത് പേരിടണം?” അഭിനന്ദിന് സംശയമായി.
“ആ ഏരിയായില്‍ സമീപകാലത്ത് മരിച്ചുപോയ ഏതേലും ഒരു നോവലിസ്റ്റിന്‍റെ പേരെടുത്തിടടേയ്. ഇതൊക്കെ എന്ത് ചോദിക്കാനാണ്!”
അഭിനന്ദ് വേഗം സ്റ്റോറില്‍ കയറി ഗെയിമിലെ ലിറ്ററേച്ചര്‍ ഡയറക്ടറിയുടെ ഷെല്‍ഫില്‍ നിന്നും പേര് സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി. ഏറ്റവും ലേറ്റസ്റ്റായി മരിച്ചുപോയ ആളെത്തന്നെ അവന്‍ കണ്ടുപിടിച്ചു. ഏഴ് കഥാസമാഹാരവും ആറ് നോവലും ഒരു ആത്മകഥയും പ്രസിദ്ധീകരിച്ച എഴുത്തുകാരന്‍റെ ഫോട്ടോയും പനയങ്കണ്ടിയുടെ ഫോട്ടോയും ബാനറില്‍ കൂട്ടിച്ചേര്‍ത്തു.പിന്നെ മികച്ച ഒരു വേദിയും മൈക്ക് സെറ്റും ചെയറുകളും എന്നുവേണ്ട എല്ലാ ജംഗമവസ്തുക്കളും തയ്യാറാക്കിവെച്ചു. പങ്കെടുക്കേണ്ട ആളുകളുടെ ലിസ്റ്റും ഇട്ടു. അപ്പോഴേക്കും ആറു മിനുട്ട് കഴിഞ്ഞിരുന്നു.
“രണ്ടിടാം ലേ.”എമൗണ്ട് ഫിക്സ് ചെയ്യാന്‍ സമയമായപ്പോള്‍ അഭിനന്ദ് അന്വേഷിച്ചു.
“രണ്ടിട്ടാല്‍ ആളെ കിട്ടൂല. മൂന്നില്‍ പിടിച്ചോ.”
അര്‍ദ്ധമനസ്സോടെയാണെങ്കിലും അഭിനന്ദ് മൂളിക്കൊണ്ട് തുക എഴുതിച്ചേര്‍ത്തു. അതോടെചടങ്ങിന്‍റെ എല്ലാ മൂഡുകളും ഗംഭീരമായി ഒരുക്കാന്‍ അവര്‍ക്കിരുവര്‍ക്കും കഴിഞ്ഞു. മൂന്നുലക്ഷത്തിന്‍റെ കളിയാണെന്നറിഞ്ഞതോടെ മറ്റു പ്ലയേഴ്സ് ആളുകളെ പ്രോഗ്രാമിലേക്ക് ഇറക്കാന്‍ തുടങ്ങി. വേദിയില്‍ നിന്നും കവിതയുടെ ശകലങ്ങള്‍ മുഴങ്ങി.
സ്ക്രീനില്‍ ഗെയിമിലേക്ക് ജോയിന്‍ ചെയ്യുന്ന സകലയാളുകളുടെ ഡീറ്റെയില്‍സും അഭിനന്ദ് അപ്പപ്പോള്‍ ചെക്ക് ചെയ്യുന്നുണ്ടായിരുന്നു.
“റാസീ, കഴിഞ്ഞയാഴ്ച നമ്മളെ വല്ലാതെ കഷ്ടപ്പെടുത്തിയ ആകാശ് ജോയിന്‍ ചെയ്തിട്ടുണ്ട് ട്ടാ. ഒരുപണി കൊടുക്കണം.”
“ആര് ജോയിന്‍ ചെയ്താലും തല്‍കാലം പനയങ്കണ്ടിയെ നോക്കിയാല്‍ മതി നമ്മള്. ചില്ലറ അറ്റാക്കിങ്ങല്ല ഉണ്ടാകാന്‍ പോകുന്നത്. ഒരു നിലയ്ക്കും വിട്ടുകൊടുക്കരുത്.ഡിപ്പോസിറ്റ് മൂഞ്ചിയിട്ട് പിന്നെ കിടന്ന് മോങ്ങിയിട്ട് കാര്യമുണ്ടാവില്ല.ആയുധങ്ങള്‍ നന്നായി കരുതണം.” റാസില്‍ മുന്നറിയിപ്പ് കൊടുത്തു.
“അങ്ങനെയാണേൽ ഫോഴ്സ് കൊണ്ടൊരു കളി കളിച്ചാലോ?”
“അത് വേണ്ട. ലിറ്റററി അവാര്‍ഡിന് അത്ര വലിയ ഫോഴ്സൊന്നും എവിടെയും കാണത്തില്ല. മാത്രവുമല്ല, അങ്ങനെയുള്ള ഒരുക്കം കണ്ടാല്‍ പ്ലയേഴ്സിനത് പെട്ടെന്ന് മനസ്സിലാക്കുകയും ചെയ്യും. വൈറ്റ് ടൈഗേഴ്സ് എന്ന പുതിയ ഫങ്ഷന്‍ വന്നിട്ടുണ്ട്.അതാവുമ്പോള്‍ ഇവന്മാരുടെ കൂടെ അറിയാതെ മിക്സ് ചെയ്തിട്ടാല്‍ മതി. പകുതി പേരെ നീയും പകുതി പേരെ ഞാനും നിയന്ത്രിക്കും. ഓക്കെ?”
“വോക്കെ.” അഭിനന്ദ് വെപ്പണ്‍സ് സ്റ്റോറിലേക്ക് പാഞ്ഞുകയറി.
റാസില്‍ അത്യാവശ്യം നല്ല അനുപാതത്തില്‍ നീളവും തൂക്കവും കണക്കുകൂട്ടി ടൈഗേഴ്സിനെ മെയ്ക്ക് ചെയ്യാന്‍ തുടങ്ങി.അഭിനന്ദ് സെലക്ട് ചെയ്തയക്കുന്ന വെപ്പണ്‍സ് അപ്പപ്പോള്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കുമായി റാസില്‍വീതിച്ചുനല്‍കി. അഭിനന്ദിന് പകുതി ടൈഗര്‍മാരെ നല്‍കിയ ശേഷം പാസ് വേഡ് ഫിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം കൊടുത്ത് റാസിലിന്‍റെ ടൈഗര്‍മാരെ അവന്‍ പരിപാടി നടക്കുന്ന വേദിയുടെ പല ഭാഗങ്ങളിലായി ഒരുക്കിനിര്‍ത്തുകയും ചെയ്തു.
ഏത് നിമിഷവും എവിടെനിന്നും അക്രമണം ഉണ്ടാകാമെന്ന പ്രതീക്ഷയില്‍ അഭിനന്ദും റാസിലും സ്ക്രീനിലേക്ക് ശ്വാസം പിടിച്ച് നോക്കിയിരുന്നു.
പ്രാര്‍ത്ഥനാഗീതവും അതിനു പിന്നാലെ അദ്ധ്യക്ഷപ്രസംഗവും ആരംഭിച്ചു.
അവര്‍ ഇരുവരും സൂക്ഷ്മമായ കാഴ്ചകള്‍ പാകി ആസ്വാദകര്‍ക്കിടയിലൂടെ നടന്നു. അസ്വഭാവികത കാണുന്നയിടങ്ങളിലെല്ലാം സമയമെടുത്ത് നിരീക്ഷിക്കുക തന്നെ ചെയ്തു.അവാര്‍ഡ് കിട്ടിയ പുസ്തകത്തിനെ കുറിച്ചുള്ള ആസ്വാദനത്തിനിടയില്‍ ഒന്നുരണ്ടാളുകള്‍ മുറുമുറുത്തപ്പോഴേക്കും ടൈഗേഴ്സ് സന്ദര്‍ഭോചിതമായി ഇടപെട്ടു.
അഭിനന്ദും റാസിലും തമ്മില്‍ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല എന്നേയുള്ളൂ. ഇരുവരും ചേര്‍ന്നുള്ള രസതന്ത്രം മറ്റുള്ള എല്ലാം ഗെയിം പ്ലയേഴ്സിനും സുപരിചിതമാണ്. പലരുടേയും റോള്‍മാഡല്‍സാണ് അഭിനന്ദും റാസിലും. വിന്നിങ്ങ് ചാന്‍സ് ഏറ്റവും കൂടുതല്‍ കാണിക്കുന്ന ജോഡിയായിട്ടും എമൗണ്ടിന്‍റെ വലുപ്പം കണ്ടാണ് പലരും കളിയില്‍ ചേര്‍ന്നത്.
പൊടുന്നനെ റാസില്‍ തലയില്‍ അമര്‍ത്തിപ്പിടിക്കുന്നതും ഹെഡ് സെറ്റ് ഊരിമാറ്റുന്നതും അഭിനന്ദ് ശ്രദ്ധിച്ചു.
“റാസീ, വാട്ട് ഹാപ്പൻഡ് റാസീ?” അഭിനന്ദ് നിരീക്ഷണങ്ങള്‍ക്കിടയിലൂടെ ഉറക്കെ വിളിച്ചുചോദിച്ചുകൊണ്ടിരുന്നു. “റാസീ?”
ബാലന്‍സ് തകരാറിലാകുന്നതുപോലെയാണ് റാസിലിന് ആദ്യം തോന്നിയത്. കേള്‍വി കിട്ടുന്നില്ല.അവന്‍റെ കണ്ണുകളില്‍ ഇരുട്ടു കയറി. കാഴ്ച മൊത്തം പരക്കുന്നതുപോലെ. അവന്‍ ഇരുന്നിടത്തുനിന്നും പതുക്കെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. അഭിനന്ദ്, റാസിലിനെ ഉറക്കെ വിളിച്ചുകൊണ്ടേയിരുന്നു.

റാസില്‍ നിയന്ത്രിച്ചുകൊണ്ടിരുന്ന ടൈഗേഴ്സിന്‍റെ ശ്രദ്ധ പതറിയതോടെ തക്കം പാര്‍ത്തിരുന്ന മറ്റ് പ്ലയേഴ്സ് ആളുകളെ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. അവര്‍ പനയങ്കണ്ടിക്ക് നേരെ തിരിയുന്നുണ്ടെന്ന് തോന്നിയപ്പോള്‍ അഭിനന്ദിന് പിന്നെ രക്ഷയില്ലാതായി. തുടരെത്തുടരെ ഷൂട്ട് ചെയ്യാന്‍ തുടങ്ങി. വെടിയൊച്ചകളും ആര്‍ത്തനാദങ്ങളും മുഴങ്ങി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ആരാണ് വെടിയുതിര്‍ക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല.വേദിയില്‍ നിന്നും അതിഥികള്‍ ഇരുവശത്തേക്കും ഓടിയിറങ്ങി. സദസ്സില്‍ ചോര ചിന്തി. ചെയറുകളും മറ്റും തുടരെത്തുടരെ പൊട്ടിച്ചിതറി. നിലവിളികളോടെ ആളുകള്‍ പരക്കം പാഞ്ഞു.
അപ്പോഴേക്കും റാസില്‍ കസേരയില്‍ നിന്നും പൂര്‍ണമായും താഴേക്ക് വീണുകഴിഞ്ഞിരുന്നു. ഒന്നുരണ്ടുപിടച്ചിലുകള്‍ക്ക് ശേഷം ആ ശരീരം പതുക്കെ നിശ്ചലമായി.
പൊടുന്നനെ ഒരാരവം ഉയര്‍ന്നു.
മുന്നിലെ നീല നിറമുള്ള പഴത്തില്‍ നിന്നും കണ്ണെടുത്ത ആരോസ് ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു. തൊട്ടപ്പുറത്ത് ഈരോസും കൂട്ടരും വിജയാഘോഷം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അവര്‍ പരസ്പരം ചുണ്ടുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുകയും വായുവിലേക്കുയര്‍ന്ന് കാലുകള്‍ തമ്മില്‍ കൂട്ടിപ്പിണച്ച് അന്തരീക്ഷത്തില്‍ ഒഴുകി നടക്കുകയും ചെയ്യുന്നു.
ചുറ്റും നിറംമാറുന്ന നക്ഷത്രപ്പൂവുകള്‍.
ആരോസ് നീലപ്പഴത്തിന്‍റെ കാഴ്ചയെ കണ്ണുകളാല്‍ ഒന്ന് ഔട്ട് ഓഫ് ഫോക്കസ് ചെയ്തു, അത് കറങ്ങിക്കൊണ്ടേയിരിക്കുകയാണ്. പിന്നെ കാഴ്ച വീണ്ടും അതിനുള്ളിലെ റാസിലിന്‍റെ അടുത്തേക്ക് തന്നെ ഫോക്കസ് ചെയ്തു.
നിശ്ചലമായി കിടന്ന അവന്‍റെ നെറ്റിക്ക് നേരെ കുറേ നേരം കൈയ്യില്‍ ആകെയുണ്ടായിരുന്ന രണ്ടുവിരല്‍ കൂര്‍പ്പിച്ചുപിടിച്ചു. എട്ടുപത്തുനിമിഷങ്ങളേ വേണ്ടിവന്നുള്ളൂ, റാസിലിന്‍റെ ശരീരം കിടന്നിടത്തുനിന്നും പതുക്കെ അനങ്ങി. ആരോസ് ത്രികോണാകൃതിയുള്ള ഉള്ളംകൈയ്യാല്‍ റാസിലിനെ പതുക്കെ തേവി.
ചെയറിലേക്കെത്തിയ റാസില്‍ ഒന്ന് തല കുടഞ്ഞ് സ്ക്രീനിലേക്ക് സൂക്ഷ്മതയോടെ നോക്കി.
പൊടുന്നനെ ഈരോസിന്‍റെയും കൂട്ടരുടേയും ആഹ്ലാദം നിന്നു. നക്ഷത്രപ്പൂവുകള്‍ മാഞ്ഞു.അവര്‍ ഭീതിപ്പെടുത്തുന്ന ശ്വാസം ഒരുമിച്ച് ഉള്ളിലേക്കെടുത്ത് ആരോസിന്‍റെ പ്രവൃത്തിയിലേക്ക് തുറിച്ചുനോക്കി.
അന്നേരം ആരോസ് പ്രത്യേക താളത്തില്‍ തന്‍റെ കൈകള്‍ ചലിപ്പിച്ചു. അതിനനുസരിച്ച് ഏറ്റുമുട്ടാന്‍ നിന്നവരെ മുഴുവന്‍ റാസില്‍ ഷൂട്ട് ചെയ്യാന്‍ തുടങ്ങി. ഇടതടവില്ലാതെ ഒച്ച മുഴങ്ങി. ശത്രുപക്ഷം ഇല്ലാതായി എന്നുകണ്ടതോടെ പുകയുയര്‍ന്നുകൊണ്ടിരുന്ന പരിസരത്തില്‍ നിന്നുകൊണ്ട് റാസിലിന്‍റെ ടൈഗറുകള്‍ പതുക്കെ അഭിനന്ദിന്‍റെ ടൈഗറുകള്‍ക്ക് നേരെ തിരിഞ്ഞു.
അപ്പോള്‍ ഞെട്ടിയത് ഈരോസായിരുന്നു.
ഉടനെ അവനും കൈ നീട്ടി പ്രതിരോധിക്കാനുള്ള സകല അടവുകളും അഭിനന്ദിനെ കൊണ്ട് ചെയ്യിപ്പിച്ചുനോക്കി. പക്ഷേ ആരോസിന്‍റെ കൈവഴക്കത്തിന് മുന്നില്‍ യാതൊരു രക്ഷയുമില്ലായിരുന്നു. ഈരോസിന്‍റെ അവസാന ടൈഗറിനേയും ഷൂട്ട് ചെയ്തശേഷം പനയങ്കണ്ടിയേയും തോളിലിട്ട് റാസിലിന്‍റെ ടൈഗേഴ്സ് പുറത്തേക്ക് നടന്നു. എന്നിട്ട് സദസ്സിന് തൊട്ടപ്പുറത്തുള്ള കാറിലേക്കിട്ടു.
ത്രികോണക്കൈകള്‍ ചുഴറ്റി കാറിനെ നിയന്ത്രിച്ചുകൊണ്ട് ആരോസും കൂട്ടരും രസംപിടിച്ചു.
പൊടുന്നനെ ആരോസ് നിയന്ത്രിച്ചുകൊണ്ടിരുന്ന കാറിന് പിന്നില്‍, ഉഗ്രന്‍ ആയുധങ്ങളുമേന്തി നിരനിരയായി വേറെ വാഹനങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഹരം മൂത്ത ആരോസും കൂട്ടരും കാറിന്‍റെ വേഗം കൂട്ടി. തൊട്ടുപിന്നിലെത്തിയ വാഹനങ്ങളെക്കൊണ്ട് ഈരോസ് നിരന്തരം കാറിനെയുരുമ്മാൻ ശ്രമിച്ചുകൊണ്ടിരുന്നു. റോഡില്‍ തീപ്പൊരി ചിതറി. വഴിയരികിലെ ഒട്ടുമിക്ക പീടികകളും പോകുന്ന പോക്കില്‍ ഈരോസ് വാഹനങ്ങളാല്‍ തകര്‍ത്തു. നിയന്ത്രണം നഷ്ടപ്പെട്ട ആരോസിന്‍റെ കാറ് മറ്റുള്ള വാഹനങ്ങളുമായികൂട്ടിമുട്ടി. പലപ്പോഴും അത് കീഴ്മേല്‍ മറിഞ്ഞു. വണ്ടിനെപ്പോലെ മലര്‍ന്നുപോയ കാറിനെ കമിഴ്ത്തിയിട്ട് ആരോസ് വീണ്ടും മുന്നോട്ട് കുതിപ്പിച്ചു.
രണ്ടുപേരുടേയും ത്രികോണ കൈകള്‍ അതിവേഗം ചലിച്ചുകൊണ്ടേയിരുന്നു.
അതേ സമയം നീലപ്പഴത്തിലെ ഹരം മൂത്ത ആ കളി കാണാനായി അതേ രൂപങ്ങളിലുള്ള അനവധി പേര്‍ എവിടെ നിന്നൊക്കെയോ അവിടേക്ക് ആവേശത്തോടെ ഒഴുകിയെത്താന്‍ തുടങ്ങി…