scorecardresearch

കെഴക്കുദേശം വേലകമ്മിറ്റി-അജിജേഷ് പച്ചാട്ട് എഴുതിയ കഥ

"അവര്‍ക്ക് അപ്പോള്‍ തന്നെ ചൈനയില്‍ പോയി കല്യാണം കഴിക്കാന്‍ പൂതിയായി. പലര്‍ക്കും അറിയേണ്ടത് അവിടെ ജാതകപ്രശ്‌നം ഉണ്ടോന്നായിരുന്നു. മറ്റു ചിലര്‍ക്ക് സ്ത്രീധനം കിട്ടുമോന്നും ബ്രോക്കര്‍മാര്‍ക്ക് എത്ര കമ്മീഷന്‍ കൊടുക്കേണ്ടി വരും എന്നൊക്കെ അറിയണമായിരുന്നു." അജിജേഷ് പച്ചാട്ട് എഴുതിയ കഥ വായിക്കാം

"അവര്‍ക്ക് അപ്പോള്‍ തന്നെ ചൈനയില്‍ പോയി കല്യാണം കഴിക്കാന്‍ പൂതിയായി. പലര്‍ക്കും അറിയേണ്ടത് അവിടെ ജാതകപ്രശ്‌നം ഉണ്ടോന്നായിരുന്നു. മറ്റു ചിലര്‍ക്ക് സ്ത്രീധനം കിട്ടുമോന്നും ബ്രോക്കര്‍മാര്‍ക്ക് എത്ര കമ്മീഷന്‍ കൊടുക്കേണ്ടി വരും എന്നൊക്കെ അറിയണമായിരുന്നു." അജിജേഷ് പച്ചാട്ട് എഴുതിയ കഥ വായിക്കാം

author-image
Ajijesh Pachat
New Update
Ajijesh Pachat | Short Story

ചിത്രീകരണം : വിഷ്ണു റാം

രണ്ടായിരത്തി ഇരുപത്തിനാലിലെ പള്ളിക്കാവ് ഉത്സവത്തിന് മൂന്നുമാസം മുമ്പ്...

Advertisment

റെഡ് ക്രസന്റ് ഹോസ്പിറ്റലിലെ മുപ്പത്തിരണ്ടാം വാര്‍ഡിലേക്ക് മിന്നല്‍ പോലെ അടര്‍ന്നുവീണ ചെത്തിക്കുഞ്ഞന്‍, പാഞ്ഞുചെന്ന് വാരിയെല്ല് പൊട്ടിക്കിടന്ന ലാണ്ടന്‍ റിജേഷിന്റെ കുത്തിന് പിടിച്ചുയര്‍ത്തി.

''ഏത് മറ്റോനാണ്ടാ അന്നെ കുത്തി എല്ലുപൊടിച്ചത്?''

വേദനയാല്‍ ഞെളിപിരി കൊണ്ട ലാണ്ടന് ശ്വാസം മുട്ടി, അപ്പോഴേക്കും സുമ്പോലനും അര്‍ജ്ജുവും കൂടി പിടിച്ചുമാറ്റി.

''വെറുതെ അലമ്പാക്കാന്‍ നിക്കല്ല ചെത്ത്യേ യ്യ്...'' സുമ്പോലന്‍ ഒച്ച താഴ്ത്തി ചുറ്റുപാടും നോക്കി. ''ഇത് ഹോസ്പിറ്റലാ, അന്റൊരു അടുപ്പ്‌ലെ വര്‍ഗ്ഗസ്‌നേഹം.''

ശ്വാസം തിരിച്ചുകിട്ടിയ മേനിയില്‍ ലാണ്ടന്‍ ചുമലു വളച്ച് കുരച്ചു.

Advertisment

''വിടില്ല ഞാന്‍ ഒരുത്തനേം.'' കലിപ്പ് വിടാതെ ചെത്തിക്കുഞ്ഞന്‍ മുറിയില്‍ നാലഞ്ചു ചാല് നടന്നു. ''കൂട്ടത്തിലുള്ള ആര്‍ക്ക് കിട്ടിയാലും, കിട്ടിയതിന്റെ എരട്ടി കൊടുത്ത ചരിത്രേ മ്പക്കൊള്ള്...''

''എരട്ടി കൊടുക്കല്! കാര്യം നോക്കാതെള്ള അന്റെയീ മറ്റോടത്തെ ആവേശംകൊണ്ടാ കോട്ടേലെ വെടിക്കെട്ടിന്റന്ന് പള്ള നെറച്ചും വാങ്ങിപ്പോന്ന് ജീവിതം തന്നെ ഇക്കോലത്തിലായത്. ന്നെക്കൊണ്ട് പറയിപ്പിക്കണ്ട യ്യ്...''

നിവര്‍ന്നുനടന്നുകൊണ്ടിരുന്ന ചെത്തിക്കുഞ്ഞന്‍, സുമ്പോലന്റെ ആ വര്‍ത്തമാനം കേട്ടതോടെ പെട്ടെന്നൊന്ന് കൂമ്പി.

''അതെന്താ സുമ്പ്വോ, അണക്ക് പ്പം അങ്ങനെത്തൊരു ടോക്ക്?'' വാടിയ മുഖത്തോടെ അവന്‍ പതിയെ തൊട്ടടുത്തുള്ള കട്ടിലിലേക്കിരുന്നു.

''സത്യല്ലേ?'' സുമ്പോലന്‍ ചോദിച്ചു.

സത്യമായിരുന്നു. അതുവരെയുള്ള അവരുടെ നാലുപേരുടേയും ജീവിതത്തിന്റെ മൈല്‍സ്റ്റോണ്‍ ആയിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ സംഭവം. കൃത്യമായി പറഞ്ഞാല്‍, 2007 മാര്‍ച്ച് മാസത്തിലെ ആദ്യ വെള്ളി.

നിറങ്കൈതക്കോട്ട ഉത്സവദിവസം പാതിര.

ഈ പറഞ്ഞ ചെത്തിക്കുഞ്ഞനും സംഘവും അന്ന് ഉത്സവപറമ്പുകളില്‍ ചില്ലറ തോണ്ടിക്കളിയും തല്ലുമ്പിടിയുമൊക്കെ ഉണ്ടാക്കുമെങ്കിലും ഇന്നത്തെ പോലെ 'കെഴക്കുദേശം വേലകമ്മിറ്റി' എന്ന പേരില്‍ അത്രയ്ക്കങ്ങട്ട് ഹിറ്റായിട്ടൊന്നുമില്ല.

നട്ടപ്പാതിരാ നേരത്ത് പള്ളിക്കലില്‍ നിന്നും ഒരു ടാറ്റ സുമോയില്‍ നാലുപേരുമായി ഉത്സവത്തിനിറങ്ങിയ സാധാരണ ചെറുപ്പക്കാരുടെ ചെറിയൊരു സംഘം മാത്രമായിരുന്നു അവര്‍.

അക്കാലത്ത് ഒലിപ്രംകടവ് പാലമെത്തുന്നതിന് മുമ്പ് ഒരു ടോളുണ്ടായിരുന്നു. സാധാരണ രാത്രി പന്ത്രണ്ടുമണിവരെയേ ടോള്‍ പിരിക്കാറുള്ളൂ. അന്ന് ഉത്സവമായതിനാല്‍ ടോളുകാരും പിരിവ് ആഘോഷിക്കാന്‍ തീരുമാനിച്ചു. സുമോക്ക് മുന്നില്‍ ഗേറ്റ് വീണതും, പന്ത്രണ്ടുമണി കഴിഞ്ഞതുകൊണ്ട് ടോള്‍ തരില്ലെന്നും പറഞ്ഞ് ചെത്തിക്കുഞ്ഞന്‍ വിലങ്ങടിച്ചു. ടോളുകാരും വിട്ടില്ല. പന്ത്രണ്ടല്ല, പുലര്‍ച്ചെ മൂന്നാണെങ്കിലും ടോള് വാങ്ങിയിട്ടേ വിടൂ എന്ന് അവരും വാശി പിടിച്ചു. പിന്നിലുള്ള വണ്ടികള്‍ തുരുതുരാ ഹോണടിച്ചു. വെടിക്കെട്ടിന് കാത്തുനില്‍ക്കാതെ നാടകവും കലാപരിപാടികളും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരെല്ലാം നടത്തം നിര്‍ത്തി ടോളിന് ചുറ്റും കൂടി. വര്‍ത്തമാനം മുറുകി. വണ്ടിക്ക് പുറത്തുള്ള ടോളുകാര്‍ വണ്ടിക്കുള്ളിലുള്ളവരുടേയും ഉള്ളിലുള്ള പള്ളിക്കലുകാര്‍ പുറത്തുള്ള ടോളുകാരുടേയും മാറിനു പിടിച്ചുലച്ചു. അതിനിടയില്‍ ഡ്രൈവിങ് സീറ്റിലുള്ള ചെത്തിക്കുഞ്ഞന്‍ സുമോ സ്റ്റാര്‍ട്ട് ചെയ്ത് ചീറിച്ച് മുന്നോട്ടെടുത്ത് അവരെയൊന്ന് പേടിപ്പിക്കാന്‍ ശ്രമിച്ചു. അതാണ് പിഴച്ചത്. അതുമാത്രമാണ് പിഴച്ചത്.

''വണ്ടി കേറ്റി കൊല്ലാന്‍ നോക്കുന്നേ...'' എന്നും പറഞ്ഞ് കൂട്ടത്തിലുള്ള ആരോ ഉറക്കെ നിലവിളിച്ചു. അതോടെ വെറുതെ നിന്നവര്‍ പോലും ഇരച്ചുവന്ന് സുമോയില്‍ നിന്നും നാലുപേരെയുംകൂടി മുല്ലപ്പൂക്കള്‍ പെറുക്കിയിടുന്ന ലാഘവത്തോടെയെടുത്ത് പുറത്തേക്കിട്ടു. എന്നിട്ട് ഒന്നു തിരിയാനും മറിയാനും അവസരം കൊടുക്കാതെ മേല് കേറിയങ്ങട്ട് മേഞ്ഞു.

അങ്ങനെ ഹാജ്യാരുടെ വെടിക്കെട്ട് കാണാന്‍ കൊതി മൂത്തിറങ്ങിയ ചെത്തിക്കുഞ്ഞനും സംഘവും ഒടുവില്‍ നെഞ്ചത്തും പുറത്തും തലയിലും വന്നുവീണ കിലോക്കണക്കിന് ഭാരമുള്ള തല്ലിന്റെ വേദനയാല്‍ പിറ്റേന്ന് കാവുങ്ങല്‍ മലയില്‍, മേല് മുഴുവന്‍ കര്‍പ്പൂരാദി തൈലമിട്ട് മാനം നോക്കി മോങ്ങി. ചുണ്ടുപൊട്ടിയവരും, പല്ലിളകിയവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു.

മോങ്ങലുകള്‍ക്കൊടുവില്‍ മലയ്ക്ക് താഴെയുള്ള എന്‍. പിയുടെ കുളത്തിലേക്ക് കുളിക്കാനായി കൊക്കിച്ചാടി നടക്കുമ്പോള്‍ ചെത്തിക്കുഞ്ഞന്‍ ദേഷ്യം കൊണ്ട് വിറച്ചു. ''ആര്‍ക്കെങ്കിലും അടിച്ചോലെ മൊഖം ഓര്‍മണ്ട്രാ...?''

ചവിട്ടിയരക്കപ്പെട്ട ചേരട്ടയെപ്പോലെ നിരങ്ങി നീങ്ങുന്ന ആ വരിയില്‍ നിന്നും യാതൊരു മറുപടിയും ഉണ്ടായില്ല. ഒടുവില്‍ കുളത്തിലെത്തുന്നതിന് തൊട്ടുമുമ്പ് ലാണ്ടനാണ് അനുശോചന കുറിപ്പിന്റേതുപോലുള്ള അവരുടെ മൂകത ഇല്ലാതാക്കിയത്.

''കാവുപ്പടിക്കല് സ്‌ക്കൂള്‌ല് ചോറ് വെക്കണ സാവിത്രേയ്‌ടത്തീന്റെ രണ്ടാമത്തെ മര്വോന്‍ കൂട്ടത്തിലുണ്ടേനി...''

പെട്ടെന്ന് ചെത്തിക്കുഞ്ഞന്‍ നിന്ന നില്‍പില്‍ പിന്നിലേക്ക് തിരിഞ്ഞു. ''ഏത്? ആ സെന്‍ട്രിങ്ങിന്റെ പണിക്കോണ ചെങ്ങായ്യോ?''

''ആ...''

''അത് കലക്ക്യല്ലോ. അപ്പം ഞ്ഞ്യവട്യാ അടുത്ത ഉത്സവം?''

''തെരൂല്...''

അര്‍ജുന്റെ ഉത്തരം കേട്ട് തലയിലെ നീരൊലിച്ച മുറിവില്‍ വിരലോടിച്ച് ചെത്തിക്കുഞ്ഞന്‍ വലംകണ്ണ് ചെറുതാക്കി ചിരിച്ചു.

പരിക്ക് ഭേദമായി പൂര്‍വ്വാധികം ശക്തിയോടെ അവര്‍ പള്ളിക്കല്‍തെരൂലെ ഉത്സവത്തിനിറങ്ങി. നാളിതുവരെ കാണാത്ത വിധത്തിലുള്ള അടിയായിരുന്നു പള്ളിക്കപ്പാടത്തെന്ന് കണ്ടവര്‍ മുഴുവന്‍ അടക്കം പറഞ്ഞു. വൈകാതെ ഒരു വണ്ടിക്ക് പോലീസ് സംഭവസ്ഥലത്തെത്തി. നാടുമുഴുവന്‍ കണ്ട തല്ലായിട്ടും ആരും സാക്ഷി പറഞ്ഞില്ല. കേസായതുമില്ല. സാവിത്രേയ്‌ടത്തീന്റെ മരുമകന്‍ പിന്നെ കിടക്ക വിട്ട് എഴുന്നേറ്റിട്ടില്ല എന്നതാണ് ആ ഉത്സവത്തിന്റെ ബാക്കിപത്രം.

Ajijesh Pachat | Short Story

അന്നത്തെ അടിക്കുശേഷം ചെത്തിക്കുഞ്ഞനും സംഘവും പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. എവിടെ ഉല്‍സവമുണ്ടാവുമ്പോഴും അവിടെ പോയി ആരോടൊക്കെയോ ഉള്ള ദേഷ്യം തീര്‍ക്കാനെന്നപോലെ അടി പതിവാക്കി. ഹാന്‍സ് ചോദിച്ചിട്ട് കൊടുക്കാത്തതിനും, ലാണ്ടന്റെ തോണ്ടല്‍ സ്വഭാവത്തിന് പ്രതികരിച്ചതിനും, ടച്ചപ്പിന് ഓംലൈറ്റ് പൊതിഞ്ഞുകൊടുക്കാത്തതിനും തല്ല് പൊട്ടി. ഓരോ പരിപാടി കഴിയുന്നതിനനുസരിച്ച് മനുഷ്യര് മാത്രമല്ല, ആ കൂട്ടത്തിനെ ഉത്സവപറമ്പുകള്‍ വരെ പേടിക്കാന്‍ തുടങ്ങി. പേടി മൂത്ത് ആരും അവര്‍ക്കെതിരെ സ്വകാര്യമായി പോലും പരാതി പറയാന്‍ നിന്നില്ല. പുള്ളിവെട്ടുകാരും കുലുക്കിക്കുത്തുകാരും, എന്തിന് ജിലേബിക്കാരും വളക്കച്ചോടക്കാരും വരെ പാട്ടപ്പൈസ കൊടുക്കാതെ കച്ചോടം നടത്തില്ല എന്ന സ്ഥിതിയിലെത്തി കാര്യങ്ങള്‍. പതിയെ പതിയെ പള്ളിക്കലിന്റെ കിഴക്കുഭാഗത്ത് നിന്നും വന്ന് ഉത്സവപറമ്പുകളില്‍ ഒരുകാര്യവുമില്ലാതെ വേലത്തരം ഒപ്പിക്കുന്നവരായതുകൊണ്ട് ചെത്തിക്കുഞ്ഞനും സംഘത്തിനും 'കെഴക്കുദേശം വേലകമ്മിറ്റി' എന്ന ഇരട്ടപ്പേരും വീണു. അതില്‍ പെട്ട ഒരുത്തനാണ് ഇപ്പോള്‍ വാരിയെല്ലിന് കുത്ത് കിട്ടി എരിപൊരി സഞ്ചാരമെടുത്ത് കിടക്കുന്നത്.

അപ്പോഴേക്കും ഡ്യൂട്ടിയിലുള്ള ഡോക്ടറും നേഴ്‌സും കൂടി ലാണ്ടനെ പരിശോധിക്കാന്‍ ധൃതിയില്‍ ഉള്ളിലേക്ക് വന്നു. അതോടെ 'യ്യൊന്ന് വന്നാ...' എന്നും പറഞ്ഞ് സുമ്പോലന്‍ ചെത്തിക്കുഞ്ഞനേയും കൊണ്ട് പതുക്കെ പുറത്തേക്കിറങ്ങി.

''എടുത്തുചാടി ഓരോന്ന് ചെയ്യാന്‍ നിക്കണ്ട. ലാണ്ടന്റെ സ്വഭാവം അറ്യാലോ... ഓനിത് വെറുതെ കിട്ടീതൊന്നുമല്ല. രാത്രീല് ആ ചൈനരമേശന്റെ മതില് ചാടാന്‍ പോയതാ...''

ചൈനരമേശന്‍!

ആ പേര് കേട്ടപ്പോള്‍ തന്നെ ചെത്തിക്കുഞ്ഞന്റെ ഉള്ളില്‍ ഒരു ജ്വല്ലറിയുടെ വാതില്‍ തുറന്ന ഫീലുണ്ടായി. കഴുത്തില്‍ തടിച്ച സച്ചിന്‍ചെയിന്‍. ഇടതു കൈയ്യില്‍ ബ്രേസ്‌ലെറ്റ്, വലതുകൈയ്യില്‍ കനത്ത വിഷ്ണുലോകം വള, ഒറ്റക്കാതില്‍ തിളങ്ങുന്ന കമ്മല്‍, വിരലുകളില്‍ നിറയെ വിവിധതരം കല്ലുകള്‍ പതിപ്പിച്ച മോതിരങ്ങള്‍. സര്‍വ്വം സ്വര്‍ണ്ണം.

''ഓനെ കെട്ടണോളെ ഭാഗ്യാ...'' കല്യാണം കഴിക്കാനായ പെണ്‍കുട്ടികളുടെ വീടിന്റെ ഉമ്മറത്തിരുന്ന് ചായ കുടിച്ചുകൊണ്ട് ബ്രോക്കറ് സഫിയാത്ത ചൈനരമേശന് വേണ്ടി ഇടതടവില്ലാതെ സ്‌ക്രൂ തിരിക്കും.

''അതെന്താ?'' അത് കേള്‍ക്കുമ്പോള്‍ ചിലപ്പോ പെണ്‍കുട്ടികളും അല്ലാത്തപ്പോള്‍ പെണ്‍കുട്ടികളുടെ അച്ഛനമ്മമാരും നെറ്റി ചുളിക്കും.

''കഴുത്തില് അഞ്ചാണെങ്കി അരേല് ഏറ്റവും ചുരുങ്ങിയത് പത്തെങ്കിലും കാണൂലേ.. ആണിന്റെ അരഞ്ഞാണോം കടിഞ്ഞാണും ആര്‍ക്കാ? പറയ്, ആര്‍ക്കാ?''

ഒന്നുകില്‍ സഫിയാത്ത ഏറ്റവും പുതിയ തലമുറയെ അറിയണം. അതല്ലെങ്കില്‍ പുതിയ തലമുറ സഫിയാത്തയോട് ക്ഷമിക്കണം. ഇതു രണ്ടും പൊടിക്ക് നടക്കാത്തതുകൊണ്ട് ചൈനയില്‍ നിന്നും രണ്ടാമതും ലീവിന് വന്ന് പെണ്ണ് കിട്ടാത്ത രമേശന്‍ ലീവ് കഴിയാനായതിന്റെ സകല വിഷണ്ണതകളും പേറി സ്വന്തം വീട്ടുതിണ്ണയിലിരുന്നു.

''പഴേ പോലല്ല രമേശാ.. പെണ്ണുങ്ങളൊന്നും ഇപ്പം പൈസേം പണ്ടോം കണ്ട് മയങ്ങൂല...''

''എന്ത് വര്‍ത്തമാനമാണിത് സഫിയാത്താ? കഴിഞ്ഞ തവണ ലീവിന് വന്നപ്പോ കുറച്ച് പൈസയുണ്ടാക്കി വന്നാ പെണ്ണ് ശരിയാക്കിത്തരാമെന്നല്ലേ നിങ്ങള് പറഞ്ഞത്. അതിനു വേണ്ടി ചൈനേല് ഞാനെടുക്കാത്ത പണികളില്ല. അറിയാമോ? എന്നിട്ടിപ്പോള്‍ പറയുന്നു പൈസേം പണ്ടോം ഉണ്ടായാല്‍ പോരാന്ന്...''

''ഞാനെന്ത് കാട്ടാനാണ് മോനേ.., പെങ്കുട്ട്യേളെ ചങ്ക് ന്റെ താടേന്റോട്ടിലല്ലല്ലോ. സകലെണ്ണത്തിനും ഇപ്പോ ഗവണ്‍മെന്റ് ജോലിക്കാരെ മതി.''

അത് കേട്ടതും രമേശന് തല പെരുക്കുന്നതുപോലെ തോന്നി. 'മച്ചുണ്‍ച്ചിയെ പ്രേമിച്ച് പ്രേമിച്ച് ഒടുക്കം ഗവണ്‍മെന്റ് ജോലിയുണ്ടെങ്കിലേ അവളെ കല്യാണം കഴിച്ചു തരൂ എന്ന് മാമന്‍ കട്ടായം പറഞ്ഞപ്പോഴാണ് എല്ലാം ഇട്ടെറിഞ്ഞ് ചൈനയിലേക്ക് കയറിയത്. കമ്മ്യൂണിസ്റ്റുകാരനായ മാമനോടുള്ള പകരംവീട്ടല്‍ കൂടിയായിരുന്നു സത്യത്തില്‍ ആ ചൈനാപ്രവേശം. അവിടെയെത്തി എങ്ങനെയൊക്കെയോ ആണ് ഭേദപ്പെട്ട ഒരു കമ്പനിയിൽ ജോലി തരപ്പെടുത്തിയത്. മോശമല്ലാത്ത രീതിയില്‍ രാപ്പകല്‍ അദ്ധ്വാനിച്ച് കുറച്ച് പൈസയുണ്ടാക്കി വന്നപ്പോള്‍ അതേ കാരണത്താല്‍, ദ കെടക്കണ് ചട്ടീം കലോം!

സഫിയാത്തയുടെ ഗവണ്‍മെന്റ് ജോലി ഡിമാന്റ് കേട്ടതുപ്രകാരം കൈയ്യിലുള്ള പൈസ വച്ച് രമേശന്‍ ഉള്ള സമയം കൊണ്ട് പിന്‍വാതില്‍ നിയമനങ്ങളില്‍ പോയി പാളി നോക്കി. പക്ഷേ എവിടെ കിട്ടാന്‍! അങ്ങനെ മേല് നിറയെ സ്വര്‍ണവും പെട്ടി നിറയെ പൈസയും ഉണ്ടായിട്ട് പെണ്ണ് കിട്ടാത്ത ചൈനരമേശന്‍ ഏറെ വൈകാതെ പള്ളിക്കലുള്ളവര്‍ക്ക് അസ്സല് പരിഹാസ്യ കഥാപാത്രമായി മാറി.

Ajijesh Pachat | Short Story

'ചൈന രമേശനെപ്പോലെ പെണ്ണ് കിട്ടാതാവണ്ട,' 'ചൈന രമേശനെപ്പോലെ പെണ്ണ് തിരഞ്ഞു മാനം കെടാന്‍ നിക്കണ്ട,' 'ചൈന രമേശനെപ്പോലെ മുണ്ണീശരനാവണ്ട' എന്നൊക്കെ അവന്‍ കേട്ടും കേള്‍ക്കാതെയും ജനം പറയാന്‍ തുടങ്ങി.

നാടു മുഴുവന്‍ തന്നെ കാര്യമില്ലാതെ പരിഹസിക്കുന്നത് കണ്ട് മനംനൊന്ത് ഒരു ദിവസം ഉള്ളതെല്ലാം കോഴിക്കോടുള്ള ഒരു അനാഥാലയത്തിന് എഴുതിവച്ച് നാല്‍പ്പത് തികഞ്ഞ രമേശന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയതായിരുന്നു. തുരുമ്പിച്ചു നിന്ന ഫാനിന്റെ ഹുക്ക് പൊട്ടി മെഡിക്കല്‍ കോളേജില്‍ ഒന്നരമാസം കിടന്നു. അവസാനം ലീവ് എക്‌സ്റ്റന്റ് ചെയ്ത് വട്ടികൃഷ്‌ണേട്ടനോട് വിമാനടിക്കറ്റിനുള്ള പണം പലിശയ്ക്ക് വാങ്ങി ചൈനയിലേക്ക് തിരിച്ചുപോവുമ്പോള്‍ രമേശന്‍ കുറുന്തല ശിവക്ഷേത്രത്തിനടുത്തുവച്ച് കാറ് നിറുത്തിച്ചു.  

കാറില്‍ നിന്നിറങ്ങി ഒരുപിടി അമ്പലമണ്ണ് വാരിയെടുത്ത് നെഞ്ചില്‍ ചേര്‍ത്ത് രമേശന്‍ ക്ഷേത്രത്തിനെ നോക്കി വേദനയോടെ പല്ലിറുമ്മി. പിന്നെ ഒരലര്‍ച്ചയായിരുന്നു. ''നിങ്ങള് നോക്കിക്കോ പടച്ചോനേ, ഇനി രമേശന്‍ കേരളമണ്ണില്‍ ചവിട്ടുന്നത് ഒരുഗ്രന്‍ ചൈനക്കാരിയെ കല്യാണം കഴിച്ചിട്ടായിരിക്കും. ബ്ലഡി കേരളപ്പെണ്ണുങ്ങളെ ഞാന്‍ നാണിപ്പിക്കും. ഒറപ്പ്...'' അവന്‍ കൈയ്യിലെ മണ്ണ് മൂര്‍ദ്ധാവില്‍ മൂന്നുവട്ടമുഴിഞ്ഞ് ഷര്‍ട്ടിന്റെ കീശയിലേക്കിട്ട് കൊടുങ്കാറ്റ് കണക്കെ കാറിലേക്ക് തിരിച്ചുകയറി.

ആ മണ്ണുവാരലും അമ്പലത്തിനെ നോക്കിയുള്ള വെല്ലുവിളിയും ശപഥം ചെയ്യലും വീഡിയോ ആക്കി ഇന്‍സ്റ്റയില്‍ റീലിട്ടത് നേക്കുട്ടനായിരുന്നു. അവന്‍ അമ്പലത്തിനടുത്തുള്ള കേശവേട്ടന്റെ മുരിക്കിന് മുകളിലുള്ള കുരുമുളക് നുള്ളുകയായിരുന്നു അന്നേരം.

കല്യാണം നടക്കാത്ത പലരും ആ വീഡിയോ പ്രാര്‍ത്ഥന പോലെ ആഴ്ചയില്‍ രണ്ടുംമൂന്നും ദിവസം സ്റ്റാറ്റസാക്കിയിട്ട് വൈറലാക്കി. നാട്ടില്‍ മാത്രമല്ല അങ്ങ് ചൈനയില്‍ വരെയെത്തി റീലിന്റെ റീച്ച്. അതോടെ ആകെയുള്ള അമ്മ മരിച്ചിട്ടുകൂടി നാട്ടിലേക്കുള്ള രമേശന്റെ വരവ് അവതാളത്തിലായി. ചൈനക്കാരിയെ കിട്ടാതെ എങ്ങനെ നാട്ടില്‍ വരാന്‍!

ആള്‍ക്കാരുടെ കളിയാക്കലുകള്‍ സഹിക്കാന്‍ വയ്യാതെ കെട്ടിത്തൂങ്ങി ചാവാന്‍ ശ്രമിച്ച, അതല്ലെങ്കില്‍ ഏതോ കുരുത്തംകെട്ട നേരത്തെടുത്ത ശപഥം പേടിച്ച് വര്‍ഷങ്ങളോളം ചൈനയില്‍ തമ്പടിച്ച ആ രമേശന്‍ കുത്തിയിട്ട് കാരിരുമ്പ് പോലുള്ള ലാണ്ടന്റെ എല്ലു പൊടിച്ചെന്ന് വിശ്വസിക്കാനേ തോന്നിയില്ല ചെത്തിക്കുഞ്ഞന്.

''ഞാന്‍ വിശ്വസിക്കൂല...'' ചെത്തിക്കുഞ്ഞന്‍ നിഷേധാര്‍ത്ഥത്തില്‍ തല ചലിപ്പിച്ചുകൊണ്ടിരുന്നു.

''അതിന് കുത്തീത് രമേശനല്ല.''

''പിന്നേ?''

''ഓന്റെ കെട്ട്യോളാ. ആ ചൈനക്കാരി.''

ചെത്തിക്കുഞ്ഞന്റെ അണ്ണാക്കിലെ വെള്ളം വറ്റി. പറഞ്ഞത് വിശ്വസിക്കാനാവാതെ അവന്‍ സുമ്പോലനെ തുറിച്ചുനോക്കി.

''ആ കാലത്തി കുങ്ങ്ഫൂ ആണ്ടാ.. കുത്ത് കിട്ട്യേന്റേഷാണ് ലാണ്ടന് കാര്യം മനസ്സിലായത്. പാഞ്ഞ് കയ്ച്ചിലായതോണ്ട് ബാക്കി തടി പോവാതെ കിട്ടി. യെനി പന്ത്രണ്ടാനേം അതിനുള്ള തോട്ടീം കിട്ടുംന്ന് പറഞ്ഞാലും ലാണ്ടനാരേം തോണ്ടാന്‍ പോവൂല. പകുതി സമാധാനം.'' സുമ്പോലന്‍ ആശ്വാസം പോലെ പറഞ്ഞുനിര്‍ത്തി.

''ആര്, മ്പളെ ലാണ്ടനോ? പന്ത്രണ്ടാനേനെ കിട്ടുംന്ന് പറഞ്ഞാ ചെലപ്പോ പോവൂല. വല്യ രണ്ട് മൊലണ്ടെന്ന് പറഞ്ഞാ ഓന്‍ പത്തു പ്രാവശ്യം പോവും. അതുവിട്. ന്താണ് ആ കാലത്തീന്റെ പേര്?'' ചെത്തിക്കുഞ്ഞന്റെ കണ്ണുകള്‍ പന്തം പോലെ കത്തി.

''ചൂഹു വാ.''

ആ പേര് ചെത്തിക്കുഞ്ഞന്‍ മറന്നതുപോലെ നാട്ടുകാര്‍ക്കാര്‍ക്കും മറക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. കാരണം, പള്ളിക്കലില്‍ രണ്ടായിരത്തി ഇരുപത്തിമൂന്നിലെ ഫെബ്രുവരി മാസം പിറന്നുവീണത് വലിയൊരു സംഭവവികാസത്തിലേക്കായിരുന്നു. അന്നാണ് ശപഥമെടുത്ത് പോയ രമേശന്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തിയത്.

രമേശന്‍ മാത്രമായിരുന്നില്ല, കൂടെ അവന്‍ പറഞ്ഞതുപ്രകാരമുള്ള അസ്സല് ചൈനക്കാരിയും ഉണ്ടായിരുന്നു! വരുന്ന വഴിക്ക് പള്ളിക്കലിലെ ഫെയ്മസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നൂഡില്‍സ് വാങ്ങാന്‍ കയറിയതായിരുന്നു രണ്ടുപേരും.

വാര്‍ത്ത അവിടെ നിന്നും ലീക്കായി.

അങ്ങനെ നൂഡില്‍സ് പായ്ക്കറ്റ് സെലക്ട് ചെയ്ത് ബില്ലടയ്ക്കുമ്പോഴേക്കും ചാനലുകളില്‍ അവരുടെ ഫോട്ടോയടക്കം വാര്‍ത്ത വരാന്‍ തുടങ്ങി. വാക്കു പാലിച്ച രമേശന്റെ നിശ്ചയദാര്‍ഢ്യമായിരുന്നു പലരും ചര്‍ച്ച ചെയ്തത്. അതിനിടയില്‍ ചൈനക്കാരിയെ അനധികൃതമായി കടത്തിക്കൊണ്ടുവന്നതാണെന്നും അതിന്റെ പുറത്ത് അന്വേഷണം വേണമെന്നും ആരൊക്കെയോ വാശിപിടിച്ചു.

പലരും രമേശന്റെ വരവ് തന്നെ വിശ്വസിച്ചില്ല. അരത്തൂങ്ങിയായ അവന് ചൈനയില്‍ ആര് പെണ്ണ് കൊടുക്കാനാണ്, അത് വല്ല നേപ്പാളിപ്പെണ്ണും ആയിരിക്കും എന്നു പറഞ്ഞ് ആളുകള്‍ കളിയാക്കി.

''എമ്മാരി ഫിഗറാണ്... ചെലപ്പോ ചൈനേലെ സീരിയല് നട്യെറ്റെ ആവും.''

ആരൊക്കെയോ പറഞ്ഞത് കേട്ട് രമേശന്റെ വീട്ടിലും ചുറ്റുവട്ടത്തുമായി ചുളുവില്‍ ആളുകള്‍ തമ്പടിക്കാന്‍ തുടങ്ങി. എല്ലാവര്‍ക്കും പുത്യണ്ണിനെ കാണണമായിരുന്നു. രമേശന്‍ കാലിന്മേല്‍ കാല്‍ കയറ്റിവച്ച് അഭിമാനപ്പെട്ട് സിറ്റൗട്ടില്‍ ഇരുന്നു. കേരള മോഡലില്‍ സാരിയുടുത്ത് വന്ന് ചൂഹുവാ എല്ലാവരേയും അഭിവാദ്യം ചെയ്തു. ഹൃദ്യമായി പുഞ്ചിരിച്ചു. ചൈനയില്‍ അതിഥികള്‍ക്ക് കൊടുക്കുന്ന രീതിയിലുള്ള പാനീയങ്ങള്‍ തയ്യാറാക്കി എല്ലാവര്‍ക്കും നല്‍കി.

വെള്ളിക്കിണ്ണത്തില്‍ ഞാവല്‍പ്പഴം പോലുള്ള കണ്ണുകളായിരുന്നു ചൂഹുവാക്ക്. ലിപ്സ്റ്റിക്കിട്ടതുപോലുള്ള തടിച്ച ചുണ്ടുകളും തുടുത്ത കവിളുകളും. കീഴ്‌ചുണ്ടിന്റെ ഇടത്തേ ഓരത്ത് വായിലേക്ക് എപ്പോള്‍ വേണമെങ്കിലും എടുത്തുചാടുമെന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട് ഒരു കറുത്ത മറുക്. ആ മറുകിന്റെ ഒത്ത നടുവില്‍ നീളമുള്ള ഒരു കറുകറുത്ത രോമം. മുഖം അത്രയും ഭംഗിയാക്കുന്നത് ആ മറുകാണെന്ന് വരെ തോന്നിപ്പോകും കണ്ടാല്‍.

ശരീരത്തിന്റെ ഓരോ അരികിനും, മനുഷ്യനിര്‍മിതമായ ഏതോ മെഷിനിലിട്ട് മോള്‍ഡ് ചെയ്തതുപോലുള്ള കൃത്യതയുണ്ടായിരുന്നു. നിറഞ്ഞ മാറിടങ്ങള്‍ക്ക് മുകളിലേക്ക് ഞാന്നുകിടിക്കുന്ന അങ്കവാലു പോലുള്ള മുടിയിഴകള്‍. കൗതുകം മൂത്ത് അവളെ ഒന്നു തൊടാന്‍ കുട്ടികളും, ആ തൊടല്‍ നോക്കി വെള്ളമിറക്കാന്‍ മുതിര്‍ന്നവരും തിരക്കു കൂട്ടി.

ചുരുക്കം പറഞ്ഞാല്‍ ചൂഹുവാ വന്നതോടെ പള്ളിക്കലുകാരുടെ ഉറക്കം പോയി എന്നു വേണമെങ്കില്‍ പറയാം. പ്രത്യേകിച്ച് കല്യാണം ശരിയാകാത്തവരുടെ. അവര്‍ക്ക് അപ്പോള്‍ തന്നെ ചൈനയില്‍ പോയി കല്യാണം കഴിക്കാന്‍ പൂതിയായി. പലര്‍ക്കും അറിയേണ്ടത് അവിടെ ജാതകപ്രശ്‌നം ഉണ്ടോന്നായിരുന്നു. മറ്റു ചിലര്‍ക്ക് സ്ത്രീധനം കിട്ടുമോന്നും ബ്രോക്കര്‍മാര്‍ക്ക് എത്ര കമ്മീഷന്‍ കൊടുക്കേണ്ടി വരും എന്നൊക്കെ അറിയണമായിരുന്നു.

ചൂഹുവായെ കൂടെ കൂട്ടിയതോടെ രമേശനും പിടിപ്പത് പണിയുണ്ടായി. പലനിറത്തിലും ഡിസൈനിലുമുള്ള സാരികള്‍ ഉടുപ്പിച്ച് അവന്‍ പോകുന്നിടത്തേക്കെല്ലാം ഒപ്പം അവളേയും കൂട്ടി. ചൂഹുവായുടെ സൗന്ദര്യം ആസ്വദിക്കുന്ന പെണ്ണുങ്ങളെ നോക്കി രമേശന്‍ ഉള്ളില്‍ അര്‍മാദിച്ചു. അവളുടെ ഇന്‍സ്റ്റയില്‍ മലയാളി മാമന്മാരെ കൊണ്ട് നിറഞ്ഞു. പത്തുമണിക്കും പുലര്‍ച്ചെക്കും നട്ടപ്പാതിരായ്ക്കും മെസ്സേജോട് മെസേജ്. അതിനിടയില്‍ നിയമപരമല്ലാതെയാണ് അവരെ കടത്തിക്കൊണ്ടുവന്നതെന്നും പറഞ്ഞ് ചിലര്‍ രമേശനെ പൊലീസ് സ്റ്റേഷനില്‍ കയറ്റിച്ചു. ഒരിക്കല്‍ മാത്രമേ രമേശന്‍ സ്റ്റേഷനില്‍ കയറിയുള്ളൂ. പിന്നെ പരാതി പറയാന്‍ പോയവരെയെല്ലാം പൊലീസുകാര്‍, അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നതെന്തിനാണെന്നും ചോദിച്ച് ഓടിച്ചുവിട്ടു.

ചൂഹുവാ വളരെ മാന്യയായിരുന്നു. ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് സെക്‌സ് പറയുന്നവരോട് പോലും അവള്‍ ചിരിക്കുന്ന സ്‌മൈലിയോടെയേ പ്രതികരിച്ചിരുന്നുള്ളൂ. അങ്ങനെയുള്ളൊരു പെണ്ണാണ് കൈ കൊണ്ട് കുത്തി എല്ലൊടിച്ചെന്നൊക്കെ പറയുന്നത്. 

Ajijesh Pachat | Short Story

''ഇതിലെന്തോ ചീഞ്ഞു നാറുന്നുണ്ട് സുമ്പ്വോ... മ്പക്ക് ഓനോട് കാര്യങ്ങള്‍ ഡീറ്റെയിലായി ചോദിക്കണം.''

അപ്പോഴേക്കും ഡോക്ടര്‍ മുറിയുടെ പുറത്തേക്കിറങ്ങി അവരുടെ നേരെ നടന്നു വന്നു.

''നിങ്ങളല്ലേ റിജേഷിന്റെ ബൈ സ്റ്റാന്റേഴ്‌സ്?''

''അതെ.''

''ഒരെല്ലിന് തന്നെ മൂന്നാല് പൊട്ടലുകളുണ്ട്. ആരോ കൈ കൊണ്ട് പഞ്ച് ചെയ്‌തെന്നാണ് അയാള്‍ പറയുന്നത്. പക്ഷേ എല്ല് പൊട്ടിയതു കണ്ടിട്ട് എന്തായാലും മനുഷ്യരാരെങ്കിലും കുത്തി പൊട്ടിച്ചതാണെന്ന് തോന്നുന്നില്ല. ഉറപ്പുള്ള എന്തുകൊണ്ടോ, അതും നല്ല ശക്തിയില്‍ ഇടിച്ചതാണ്. സംതിങ്ങ് റോങ്ങ്. നിങ്ങള്‍ എത്രയും പെട്ടെന്ന് അയാളോട് കാര്യങ്ങള്‍ ചോദിച്ചറിയണം.''

ഡോക്ടര്‍ പോയതും ചെത്തിക്കുഞ്ഞന്‍ സുമ്പോലനെ നോക്കി പതുക്കെ മുറിക്ക് നേരെ നടന്നു. അവര്‍ ഉള്ളിലെത്തുമ്പോള്‍ ലാണ്ടന്‍ മുകളിലേക്കും നോക്കി അനങ്ങാതെ കിടക്കുകയായിരുന്നു. അവന്റെ രണ്ടു കണ്ണുകളില്‍ നിന്നും കണ്ണീര്‍ ഒലിച്ചിറങ്ങുന്നുണ്ട്. അത് എല്ലു പൊട്ടിയ വേദനയുടേതാണോ അതോ തല്ലു കിട്ടിയ അപമാനത്തിന്റേതാണോ എന്ന് ചെത്തിക്കുഞ്ഞന് പെട്ടെന്ന് മനസ്സിലായില്ല.

''വേദനണ്ട്രാ?'' ചെത്തിക്കുഞ്ഞന്‍ പോയി അവന്റെ ചുമലില്‍ സ്‌നേഹത്തോടെ പിടിച്ചു.

ലാണ്ടന്റെ സങ്കടം ഇരട്ടിച്ചു. '' ചെത്ത്യേ, എനിക്ക് എട്ടിന്റൊരു പണി ഓള്‍ക്ക് തിരിച്ചുകൊടുക്കണം... അതിനെന്താ ചെയ്യാന്‍ പറ്റ്വാ?''

''അത് കൊടുക്കാം. ആദ്യം യ്യ് ശരിക്കുണ്ടായതെന്താണെന്നിങ്ങട്ട് പറയ്.''

''ഓള് കുത്തീത് തന്ന്യാ...''

''എന്തോണ്ട്?''

ചോദ്യം കേട്ടതും ലാണ്ടന്‍ ഓര്‍മകളില്‍ പരതി. ''വെറുംകൈയ്യോണ്ട്...''

''അന്റെ വാരിയെല്ല് പൊടിഞ്ഞുപോയിട്ടുണ്ട് . ചെലപ്പോ സര്‍ജറി വേണ്ടിവരും. വെറുമൊരു പെണ്ണ് കൈയ്യോണ്ട് ഇടിച്ച് ഇത്തോതിലാക്കീന്ന്  പറഞ്ഞാ വിശ്വസിക്കാന്‍ ഞങ്ങളെന്താ പൊട്ടന്മാരാ?''

''ഞാനെന്തിനാ കള്ളത്തരം പറയണ്‍ത്?'' ലാണ്ടന്‍ നിസ്സഹായനായി.

''എന്താ ഒണ്ടായതെന്ന് വെടിപ്പായിട്ട് ഇങ്ങാട്ട് പറയ്..'' ചെത്തിക്കുഞ്ഞന്റെ ക്ഷമയറ്റു തുടങ്ങിയിരുന്നു.

''കഴിഞ്ഞ ബുധനാഴ്ച മ്പളെല്ലാരും കൂടി സിനിമ കാണാന്‍ മല്ലികേല് പോയില്യേന്യോ? അപ്പളാ രമേശേട്ടന്റെ കൂടെ ഞാനോലെ കണ്ടത്. മൊലച്ചാല് കണ്ടപ്പോ ഒടുക്കത്തെ ക്രഷ്! കാണാന്‍ പൂതി.''

''അന്നേരം കണ്ടില്ലേ... പിന്നെന്താ?''

''അങ്ങനല്ല.'' ലാണ്ടന്‍ തല താഴ്ത്തി. ''മുഴുവനായിട്ട്.''

''ഓ അങ്ങനെ. ന്നട്ട്?''

''രമേശേട്ടനില്ലാത്ത നേരം നോക്കി ഞാന്‍ ഓലെ പൊരേല്‍ കേറി ബാത്‌റൂമില്‍ ക്യാമറ വച്ചു.''

''ന്നട്ട് ഞങ്ങക്ക് കാണിച്ചുതന്ന്‌ലല്ലോ യ്യ്.'' പൊടുന്നനെ അര്‍ജ്ജു വന്ന് അവന്റെ ചേളയില്‍ അമര്‍ത്തിപ്പിടിച്ചു. ''ഒറ്റയ്ക്കങ്ങട്ട് നക്കി ലേ?''

''എനിക്ക് കിട്ടീത് തരാം. വിട്. തരാംന്ന്...''

ലാണ്ടന്‍ അവന്റെ പിടിത്തത്തില്‍ നിന്നും ഊര്‍ന്നുമാറി വേഗം മൊബെലെടുത്ത് ഗ്യാലറിയിലെ വീഡിയോ ഫയല്‍ ഓപ്പണ്‍ ചെയ്ത് അവര്‍ക്ക് നേരെ നീട്ടി.

ചെത്തിക്കുഞ്ഞന്‍ മൊബെല്‍ വാങ്ങിയപ്പോഴേക്കും സുമ്പോലനും അര്‍ജ്ജുവും വട്ടം കൂടി.

വിദേശനിര്‍മിത ടൈലുകളൊട്ടിച്ച ബാത്‌റൂമിന്റെ ഉള്‍വശമാണ് ആദ്യം കാണുന്നത്. അവിടേക്ക് കരിഞ്ഞ നീലനിറത്തിലുള്ള മുഴുനീളന്‍ നൈറ്റിയിട്ട് ചൂഹുവ കടന്നുവരുന്നു. മൂന്നുപേരും ഒന്ന് കുടിനീരിറക്കി. അവള്‍ ഡ്രസ്സ് അഴിക്കുന്നതിന് തൊട്ടുമുമ്പ് ബാത്‌റൂമില്‍ ഉടനീളം നോക്കുന്നു. പിന്നെ ക്യാമറക്ക് അഭിമുഖമായി നിന്നുകൊണ്ട് ക്യാമറയിലേക്ക് മുഖം നീട്ടുന്നു. അതിനുശേഷം പൈപ്പിന് ചുവട്ടിലുള്ള ബക്കറ്റിലെ വെള്ളം ഒഴിവാക്കി കമിഴ്ത്തിയിട്ട് അതിനുമുകളില്‍ കയറി നിന്ന് ക്യാമറ കൈയ്യിലെടുക്കുന്നു. പിന്നെ കുറച്ചുനേരത്തിന് ബ്ലാങ്കാണ്. അതു കഴിഞ്ഞ് കാണുന്നത് ക്ലോസറ്റ് ആണ്. പിന്നെ അതിലേക്ക് വന്ന് വീഴുന്ന തീട്ടവും..

കണ്ടയുടനെ മൂക്ക് ചുളിച്ച് ചെത്തിക്കുഞ്ഞന്‍ ഫോണ്‍ തിരിച്ച് ലാണ്ടന് നേരെ നീട്ടി. അര്‍ജ്ജുവും സുമ്പോലനും ക്ലോസറ്റില്‍ വീണത് മുഖത്തായതുപോലെ 'ഛെ എന്നും പറഞ്ഞ് മുറി മൊത്തം നടന്നു.

''ഫീലായിലേ? എനിക്കും ഫീലായി... അതോണ്ടാ ഞാന്‍ നേരിട്ട് പണി കൊടുക്കാന്ന് വച്ച് മതില് ചാടീത്.'' ലാണ്ടന്‍ പല്ലു ഞെരിച്ചു. ''പക്ഷേ പാളിപ്പോയി! എല്ലൊടിച്ചത് പോരാഞ്ഞിട്ട് ആ പുന്നാരമോള് ക്ലോസറ്റിലെ വെള്ളം മുക്കി എന്നെ കുടിപ്പിക്കേം ചെയ്തു.''

അതു കേട്ട് ചെത്തിക്കുഞ്ഞനും സുമ്പോലനും അര്‍ജ്ജുവും ഞെട്ടി.

''ഉളുപ്പുണ്ട്രാ അണക്ക്? ഒരു പെണ്ണിന്റെട്ത്ത്ന്ന് പള്ള നെറച്ച് വാങ്ങി വന്ന് ങ്ങനെ കെടക്കാന്‍ '' ചെത്തിക്കുഞ്ഞന് നിയന്ത്രണം വിട്ടു.

''അത് വിഡ്രാ യ്യ്...'' അര്‍ജ്ജു സമാധാനിപ്പിച്ചു.''എന്തായാലും ഇതിന് പണി കൊടുക്കാഞ്ഞാല്‍ പറ്റൂല.''

ലാണ്ടന്‍ നിസ്സഹായനായി അര്‍ജ്ജുവിനെ നോക്കി. ''ഒടുക്കത്തെ പവറാണ് ഓള്‍ക്ക്, ഒന്നും നടക്കൂല.''

''ആര് പറഞ്ഞ് നടക്കൂലാന്ന്...'' ചെത്തിക്കുഞ്ഞന്‍ പുരികം വളച്ചു.

''അണക്കവളെ ചെയ്യണാ?'' അര്‍ജ്ജു ലാണ്ടനരികിലേക്ക് ഇരച്ചെത്തി. ''ചെയ്യണോന്ന്?'' അവന്‍ ചൂണ്ടുവിരല്‍ വിറപ്പിച്ചു.

''പറയെടാ...'' ചെത്തിക്കുഞ്ഞനും ഏറ്റുപിടിച്ചു.

പൊടുന്നനെ ലാണ്ടന് വാരിയെല്ലില്‍ നിന്നും സൂചി കുത്തുന്ന വേദനയുണ്ടായി. ആ വേദന തലച്ചോറില്‍ പോയി കെട്ടിപ്പിണഞ്ഞു. അവന്‍ അണപ്പല്ലുകള്‍ ഞെരിച്ചു.

''ചെയ്യണം.''

''എങ്കി എല്ല് കൂടുന്നതുവരെ ഒന്ന് ക്ഷമി. വഴിയുണ്ടാക്കാം.'' ചെത്തിക്കുഞ്ഞന്‍ അപ്പോഴേക്കും എന്തൊക്കെയോ പ്ലാന്‍ ചെയ്തുകഴിഞ്ഞിരുന്നു.

മൂന്നു മാസം കഴിഞ്ഞുള്ള പള്ളിക്കാവിലെ ഉത്സവം.

പാടത്ത് നിരത്തിവച്ച വെടിക്കെട്ടിന് തീ പിടിച്ചു. ഏകദേശം അരമണിക്കൂറോളം നിന്നുപൊട്ടി. ആകാശത്ത് തുടരെത്തുടരെ വര്‍ണ്ണപ്പൂക്കള്‍ വിരിഞ്ഞു. താലപ്പൊലി ചൊരിഞ്ഞതിന് ശേഷമുള്ള വെടിക്കെട്ട് കഴിഞ്ഞിട്ടാണ് ഓട്ടന്‍തുള്ളല്‍. തുള്ളല് കാണാന്‍ സ്ഥലം പിടിക്കാന്‍ പെടാപാട് പെടുന്നവര്‍ക്കിടയിലൂടെ അര്‍ജ്ജു നടന്നു. അവൻ ആരെയോ തിരയുകയായിരുന്നു. ആള്‍ക്കൂട്ടത്തില്‍ രമേശനെ കണ്ടതും അവന്‍ അമ്പലത്തില്‍ നിന്നുമിറങ്ങി വണ്ടിയെടുത്ത് നേരെ പള്ളിക്കുളത്തിനടുത്തുള്ള പാറപ്പുറത്തെത്തി. അപ്പോഴേക്കും എല്ലാവരും ചുട്ട കുളക്കോഴിയേയും നിരത്തിയൊഴിച്ച മദ്യ ഗ്ലാസ്സുകളേയും വട്ടമിട്ടു കഴിഞ്ഞിരുന്നു.

''പരിപാടി വേം നോക്കണം. വിചാരിച്ച പോലത്തന്നെ ഓള് ഉത്സവപറമ്പിലേക്കൊന്നും വന്നിട്ടില്ല.'' അര്‍ജ്ജു കിതച്ചുകൊണ്ട് മദ്യഗ്ലാസ് കൈയ്യിലെടുത്തു.

''അല്ലേലും ചൈനക്കെന്ത് ഓട്ടന്‍തുള്ളല്‍!'' സുമ്പോലന്‍ മസാല പുരണ്ട വിരലൂമ്പി കളിയാക്കി.

''ഓള്‍ക്കുള്ള നല്ല ഉഷാറ് തുള്ളല് മ്പള് നടത്ത്വല്ലോ ഇന്ന്.''

കണ്ണിറുക്കിക്കൊണ്ടുള്ള ലാണ്ടന്റെ പറച്ചില് കേട്ട് എല്ലാവരും ഉറക്കെ ചിരിച്ചു. പിന്നെ ചിയേഴ്‌സ് പറഞ്ഞ് മദ്യം വായിലേക്ക് കമിഴ്ത്തി കുളക്കോഴിയെ തൊട്ടുകൂട്ടി.

''ലാണ്ടാ, അണക്ക് ഓളെ എങ്ങനെ ചെയ്യാനാ ഇഷ്ടം?'' ചെത്തിക്കുഞ്ഞന്‍ ചോദിച്ചത് കേട്ടപ്പോള്‍ ലാണ്ടന് നാണം വന്നു.

''പറയെടാ മ്പക്ക് വഴിയൊണ്ടാക്കാം..'' സുമ്പോലന്‍ നിര്‍ബന്ധിച്ചു.

''വിദേശിയല്ലേ, എങ്ങനെ ചെയ്താലും ഞാന്‍ ഹാപ്പിയാ'' ലാണ്ടന്‍ ഒന്നു നിര്‍ത്തി. പെട്ടെന്ന് അവന്റെ ഭാവം മാറി. ''പക്ഷേ. കഴിഞ്ഞ് പോരുമ്പോ ക്ലോസറ്റിലെ വെള്ളമെടുത്ത് എനിക്കോളെ അണ്ണാക്കിലല്ല, സാമാനത്തിന്റുള്ളിലൊഴിക്കണം.'' അവന്റെ കണ്ണുകള്‍ രണ്ടും വെടിപ്പുര പോലെ കത്തി.

''അത് സെറ്റ്. അപ്പോ അണക്കോ അര്‍ജ്ജ്വോ?'' ചെത്തിക്കുഞ്ഞന്‍ അര്‍ജ്ജുവിന് നേരെ തിരിഞ്ഞു.

അത് കേട്ടതും സുമ്പോലന്‍ ഉറക്കെ ചിരിച്ചു. ''ഇടീം മിന്നലും ഉണ്ടാവുമ്പോ കൈയ്യിപിടിക്കാന്‍ പേടിള്ള ഇവനോ?''

ചെത്തിക്കുഞ്ഞന് കാര്യം മനസ്സിലായില്ല.

''കൈയ്യില്‍ പിടിക്കണ സമയത്ത് മിന്നല് പറ്റിയാല്‍, പിറ്റേന്ന് വാതില് പൊളിച്ച് നോക്കണോല് സാനം കൊലപ്പിച്ച് കൈയ്യില്‍ പിടിച്ച് കെടക്കണതല്ലേ കാണ്വാന്നും പറഞ്ഞ് പേടിച്ചു നടക്കണ ഇവനോടാണോ യ്യ് ഐറ്റം ചോദിക്കണ്‍ത്!''

അതുകേട്ടതും ആര്‍ക്കും ചിരി നിര്‍ത്താനായില്ല. അതിനിടയില്‍ പള്ളിക്കാവില്‍ ഓട്ടന്‍തുള്ളല്‍ തുടങ്ങുന്നതിന്റെ അനൗണ്‍സ്‌മെന്റ് പാറപ്പുറത്തേക്ക് നേര്‍ത്തുകേട്ടു. നാലുപേരും എഴുന്നേറ്റു. ചൈന രമേശന്റെ വീട്ടിലേക്ക് പാടവരമ്പിലൂടെ നടക്കുമ്പോഴും അവര്‍ മിന്നല്‍ക്കഥ പറഞ്ഞുകൊണ്ട് അര്‍ജ്ജുവിനെ കളിയാക്കി ആര്‍ത്തുചിരിച്ചു.

''ഒന്ന് പോടവടന്ന്., ഞാനൊക്കെ കൈയ്യീപ്പിടിച്ച വെള്ളണ്ടെങ്കില് യ്യൊക്കെ എപ്പളോ ഒലിച്ചുപോയിണ്ടാവും...'' അര്‍ജ്ജുവും തിരിച്ചടിച്ചു.

അങ്ങനെ കളിയാക്കിയും കൗണ്ടറടിച്ചും പാടവരമ്പില്‍ നിന്ന് താഴേക്ക് വീണും എഴുന്നേറ്റ് വരമ്പിലേക്ക് കയറിയും അവര്‍ ഒരു വിധത്തില്‍ ചൈന രമേശന്റെ വീടെത്തി. വീടെത്തിയതും പൊടുന്നനെ നാലുപേരും ജാഗരൂകരായി.

ലാണ്ടന്‍ മെയിന്‍ ഗെയ്റ്റിലൂടെയും ബാക്കിയുള്ള മൂന്നുപേര് മൂന്ന് ദിക്കിലൂടെയും കോമ്പൗണ്ടിനുള്ളിലെത്തി. പിറകുവശത്തെ ഗ്രില്‍ ലാണ്ടന്‍ നിമിഷ നേരം കൊണ്ട് പൊളിച്ചു. രമേശന്‍ വരാനുള്ളതുകൊണ്ടായിരിക്കണം ഉള്ളിലുള്ള വാതിലുകളെല്ലാം തുറന്ന് കിടക്കുകയായിരുന്നു. കിച്ചണും ഡൈനിങ്ങും കടന്ന് ഇടതുവശത്തെ മുറിയിലേക്ക് നോക്കിയപ്പോള്‍ നേര്‍ത്ത വെളിച്ചത്തില്‍ ഷോ-കെയ്‌സിലെ അലങ്കാര മത്സ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ചൂഹുവായെ അവര്‍ കണ്ടു.

ഫിഷ് ടാങ്കിനുള്ളില്‍ പടര്‍ന്ന ചുവന്ന വെളിച്ചം തട്ടി അവളുടെ നെഞ്ചിലെ മുന്തിരി മൊട്ടുകള്‍ പഴുത്തു തുടുത്തു. പതിഞ്ഞ ശബ്ദത്തില്‍ ഒഴുകിവരുന്ന ചൈനീസ് ഗാനത്തിനനുസരിച്ച് ചുമരില്‍ ചേര്‍ത്ത അവളുടെ വിരലുകള്‍ താളം പിടിച്ചു. നേര്‍ത്ത വെളുത്ത നൈറ്റിക്കുള്ളിലൂടെ കണ്ട ആകാരവടിവുകളിലൂടെ തലങ്ങുംവിലങ്ങും കയറിയിറങ്ങി നാലുപേരുടയും കണ്ണുകള്‍ ക്ഷീണിച്ചുകിതച്ചു.

Ajijesh Pachat | Short Story

അവര്‍ മുറിയിലേക്ക് കയറി ഒച്ചയുണ്ടാക്കാതെ പതിയെ വാതിലടച്ചു.

പൊടുന്നനെ ചൂഹുവാ ഞെട്ടിത്തിരിഞ്ഞു. ക്രിസ്റ്റല്‍ ക്ലിയറുള്ള അവളുടെ കണ്ണുകള്‍ അപരിചതരെ കണ്ട് വല്ലാതെ പിടഞ്ഞു. ''ആരാ?''

ചൂഹുവായുടെ വടിവൊത്ത മലയാളം കേട്ട് ചെത്തിക്കുഞ്ഞനും സംഘവും തമ്മിൽത്തമ്മില്‍ നോക്കി.

''വാട്ട് യൂ വാണ്ട്?'' അവള്‍ അപകടം മണത്ത പോലെ ചുറ്റുപാടും നോക്കി.

പെട്ടെന്ന് ഉള്ള ദേഷ്യമെല്ലാം കൂടി തീര്‍ക്കാനെന്നപോലെ ലാണ്ടന്‍ ഓടിച്ചെന്ന് അവളുടെ മുഖമടച്ച് ഒറ്റയടിയായിരുന്നു.

പാട്ട് ഓഫായി.

അവന്‍ അത്രയും ഊക്കില്‍ അടിച്ച അടി പക്ഷേ ചൂഹുവായെ ബാധിച്ചതേയില്ല. പൊള്ളിപ്പോയ കൈ നിര്‍ത്താതെ കുടഞ്ഞുകൊണ്ട് ലാണ്ടന്‍ പതിയെ പിന്നോട്ടും അടികിട്ടിയതിന്റെ യാതൊരു ഭാവപ്പകര്‍ച്ചയും കാണിക്കാതെ ചൂഹുവാ മുന്നോട്ടും ചുവടുകള്‍ വച്ചു.

സംഗതി പന്തിയല്ലെന്ന് ഉറപ്പായതോടെ ചെത്തിക്കുഞ്ഞന്‍ കഴുത്തില്‍ കൈകൊണ്ട് ലോക്കിടാന്‍ ഒരു കുതിപ്പിന് ചൂഹുവായുടെ അരികിലെത്തി. ചൂഹുവാ വലതുകാല്‍ മുന്നോട്ട് വച്ച് ഇടതുകൈകൊണ്ട് ഒരു പുഷിങ്ങായിരുന്നു. ചെത്തിക്കുഞ്ഞന്‍ പട്ടം പോലെ ചുമിരിലടിച്ച് താഴെ വീണു. അതോടെ ബാക്കി മൂന്നുപേരും മൂന്നുഭാഗത്തേക്കായി പിടഞ്ഞുമാറി. ചെത്തിക്കുഞ്ഞന്‍ എഴുന്നേറ്റതും ചൂഹുവാ അടുത്ത സ്റ്റെപ്പിനായി നാലു പേരെയും മാറിമാറി നോക്കി ചാടിച്ചാടി നിന്നു. പെട്ടെന്ന് സുമ്പോലന്‍ തല കുനിച്ചുപിടിച്ച് അവളുടെ വയറു കണക്കാക്കി ഓടി. അതേ സമയം ബാക്കിയുള്ള മൂന്നുപേരും മൂന്നു ഭാഗത്തുനിന്നായി മുന്നോട്ട് കുതിച്ചു.

ചൂഹുവാ നിന്നിടത്ത് നിന്ന് ഒന്ന് മേലോട്ടുയര്‍ന്ന് വലതുകാല്‍ മടക്കി ഇടതുകാലിന്റെ മുട്ടില്‍ ചേര്‍ത്ത് ഒന്ന് വട്ടം കറങ്ങി. ആ കിക്കില്‍ സുമ്പോലന്‍ ചെന്നു വീണത് കട്ടിലില്‍! അര്‍ജ്ജു ഡോറിന് മുകളിലേക്കും ചെത്തിക്കുഞ്ഞന്‍ ടീപ്പോയിക്ക് മുകളിലേക്കും വീണു. ജഗ്ഗ് താഴെ വീണുടഞ്ഞ് മാര്‍ബിളില്‍ വെള്ളം പരന്നു. വീണിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ അവര്‍ക്ക് ഒരുപാട് സമയം വേണ്ടിവന്നു. അപ്പോഴേക്കും ചൂഹുവാ ഇടതുകൈ കുറുക്കിപ്പിടിച്ച് വലതുകൈ മുന്നോട്ട് നീട്ടിക്കഴിഞ്ഞിരുന്നു. പെട്ടെന്ന് ചെത്തിക്കുഞ്ഞന്‍ നിലത്ത് പരന്ന വെള്ളത്തിലേക്ക് സ്ലൈഡ് ചെയ്ത് ചൂഹുവായുടെ കാലില്‍ പോയി ഒറ്റചവിട്ട് കൊടുത്തു.. തീരെ പ്രതീക്ഷിക്കാത്ത ഒരു പ്രഹരമായതിനാല്‍ അവള്‍ താഴേക്ക് വീണു. വീഴേണ്ട താമസം സുമ്പോലനും ലാണ്ടനും ഓടിച്ചെന്ന് അവളുടെ കൈകള്‍ രണ്ടും പിന്നോട്ടാക്കി അനങ്ങാന്‍ പറ്റാത്ത വിധത്തില്‍ പിടിച്ചു.

അപ്പോഴേക്കും വീണിടത്തുനിന്നും എഴുന്നേറ്റ അര്‍ജ്ജു കിടക്കയിലുണ്ടായിരുന്ന പുതപ്പെടുത്ത് കൊണ്ടുവന്ന് ഒരറ്റം കൊണ്ട് അവളുടെ കൈകളും മറ്റേ അറ്റം കൊണ്ട് കാലുകളും കൂട്ടിക്കെട്ടി കിടക്കയിലേക്ക് വലിച്ചിട്ടു.

ചൂഹുവാ കിടക്കയില്‍ കിടന്ന് കെട്ടഴിക്കാന്‍ തലകുത്തി മറിഞ്ഞു. അതിനിടയില്‍ അവള്‍ ഇംഗ്ലീഷിലും ചൈനീസിലും മലയാളത്തിലും എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ടായിരുന്നു. പെട്ടെന്ന് അവള്‍ ഒന്ന് നിശ്ചലമായി.

''അണക്ക് ആണുങ്ങളെ ക്ലോസറ്റുവെള്ളം കുടിപ്പിക്കണം അല്ലേ?'' ചെത്തിക്കുഞ്ഞന്‍ അവളുടെ മാറിലൂടെ കൈയ്യിട്ട് നൈറ്റി ഒരൊറ്റ വലി വലിച്ചു.

രണ്ടായി പിളര്‍ന്ന നൈറ്റിയില്‍ നിന്നും തുടിച്ചുനിന്ന ചൂഹുവായുടെ ശരീരം പുറത്തേക്ക് കുതിച്ചുചാടി. നഗ്നമായ അവളുടെ ആകാരവടിവുകള്‍ കണ്ട് നാലുപേരുടേയും കണ്ണുതള്ളി.
നിശ്ചലമായ അവള്‍ പതിയെ ഒന്നനങ്ങി. എന്നിട്ട് വളരെ ബുദ്ധിമുട്ടി അവര്‍ക്ക് നേരെ കാര്‍ക്കിച്ചു തുപ്പി.

മുഖത്തായ തുപ്പല്‍ കൈ കൊണ്ട് വടിച്ചെടുത്ത് ബെഡ്ഡില്‍ കിടന്ന് ശക്തി ക്ഷയിച്ചതുപോലെ കെട്ടഴിക്കാന്‍ ഉഴലുന്ന ചുഹൂവായെ നോക്കി
ചെത്തിക്കുഞ്ഞന്‍ ചിരിച്ചു. ''ലാണ്ടാ, യ്യ് പറഞ്ഞ ആ വെള്ളം ഞങ്ങളും കൂടി കേറീട്ട് ഒഴിച്ചാ മതിട്ടാ...''

ലാണ്ടന്‍ ഷര്‍ട്ടൂരി ജീന്‍സ് അഴിക്കാന്‍ തുടങ്ങുമ്പോഴേക്കും ചെത്തിക്കുഞ്ഞനും സുമ്പോലനും അര്‍ജ്ജുവും മനസ്സില്ലാ മനസ്സോടെ മുറിയുടെ പുറത്തേക്കിറങ്ങി.

വാതിലടഞ്ഞു.

ചെത്തിക്കുഞ്ഞന്‍ മൊബൈലെടുത്ത് യുട്യൂബ് ഓപ്പണ്‍ ചെയ്ത് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ തായമ്പക ഉച്ചത്തിലിട്ടു. ഡൈനിങ്ങിലെ ചുമരുകളില്‍ പതിച്ചുവച്ച ചൈന രമേശന്റെയും ചൂഹുവായുടേയും ഫോട്ടോകള്‍ നോക്കി അവര്‍ ചെണ്ടയുടെ താളത്തിനനുസരിച്ച് വലതുകൈ ഉയര്‍ത്തി പിടിച്ച് മേലോട്ടും താഴോട്ടും ചാടാന്‍ തുടങ്ങി. പതിയെ പതിയെ മട്ടന്നൂര്‍ ശങ്കരന്റെ കൊട്ട് മുറുകി.

പള്ളിക്കാവില്‍ തുള്ളലും...

'അതിശയമുള്ളവള്‍
ഞാനെന്നുണ്ടൊരു ഭാവം
എങ്കിലതൊട്ടു ശമിപ്പിക്കാഞ്ഞാല്‍
എങ്കില ന്യൂനത വരുമെനി മേലില്‍'

പൊടുന്നനെ ഉള്ളില്‍ നിന്നും ലാണ്ടന്റെ നിലവിളിയുയര്‍ന്നു.

ആദ്യത്തേത് അവര്‍ കേട്ടില്ല. കൊട്ടിനൊപ്പം താളം പിടിക്കുന്നതിനിടയില്‍ സുമ്പോലന് ചെറിയൊരു സംശയം തോന്നി. പിന്നെ ഉള്ളിലുള്ളത് ലാണ്ടനല്ലേ എന്ന ചിന്തയില്‍ ഊറിച്ചിരിച്ചുകൊണ്ട് അവന്‍ ഒന്നൂടി ഊക്കില്‍ ചുവടുകള്‍ വെയ്ക്കുമ്പോഴേക്കും അല്‍പം കൂടി ഉച്ചത്തില്‍ അടുത്ത നിലവിളിയുണ്ടായി.

അതോടെ സുമ്പോലന്‍ ചാട്ടം നിര്‍ത്തി വേഗം ചെന്ന് വാതില്‍ തുറക്കാന്‍ നോക്കി. വാതിലിന് മുകളിലുള്ള അവന്റെ പരാക്രമം കണ്ടതും മൊബെല്‍ ഓഫാക്കി ചെത്തിക്കുഞ്ഞനും അര്‍ജ്ജുവും ഓടിയെത്തി. വിയര്‍ത്തുകുളിച്ച അവര്‍ വാതിലിന്റെ ഹാന്റലില്‍ പിടിച്ച് തള്ളി.

''ലാണ്ടാ...'' മൂന്നുപേരും മാറി മാറി വിളിച്ചു.

കരച്ചില്‍ മാത്രമായിരുന്നു ഉള്ളില്‍ നിന്നുള്ള മറുപടി. അപ്പോഴേക്കും സുമ്പോലന്‍ എവിടെ നിന്നോ ചെറിയൊരു ഇരുമ്പിന്റെ പൈപ്പ് കഷണം സംഘടിപ്പിച്ചു കൊണ്ടുവന്നു. ലോക്ക് അടിച്ചുപൊളിച്ച് അത്യധികം ജാഗ്രതയോടെ അവര്‍ ഓരോരുത്തരായി ഉള്ളിലേക്ക് കയറി. ബെഡ്ഡില്‍, ചൂഹുവായുടെ മുകളില്‍ നാഭിയമര്‍ത്തി സീലിങ്ങും നോക്കി കരയുകയാണ് ലാണ്ടന്‍. മൂന്നുപേരും അവന് ചുറ്റും വട്ടമിട്ടു.

''ന്താണ്ടാ...''

ലാണ്ടന്‍ അരക്കെട്ടിലേക്ക് നോക്കി പട്ടിയെ പോലെ മോങ്ങി.

''കാര്യം പറയ് സുവറേ...'' സുമ്പോലന് ദേഷ്യം പിടിച്ചു.

''ന്റെ സാനം കുടുങ്ങി.''

''സാനം കുടുങ്ങ്വേ?'' അതും ചോദിച്ച് ചെത്തിക്കുഞ്ഞന്‍  രണ്ടുപേരുടേയും അരക്കെട്ടുകള്‍ക്കിടയിലേക്ക് സുക്ഷിച്ചു നോക്കി.  

''അങ്ങനെ വരാന്‍ വഴിയില്ലല്ലോ.'' അവന്‍ രണ്ടും വെവ്വേറെയാക്കാന്‍ ശ്രമിച്ചതും വേദന മൂത്ത് ലാണ്ടന്‍ അലറി.

''ദെന്താണിദ്?'' അര്‍ജ്ജു അരുതാത്തതെന്തോ കണ്ടതുപോലെ നിന്നുവിറച്ചു.

''ഇതവളെ മറ്റോടത്തെ അടവാ. ചെള്ളയ്ക്ക് രണ്ടെണ്ണം കിട്ട്യാ താനെ ശരിയാകും.'' ചെത്തിക്കുഞ്ഞന്‍ ചൂഹുവായുടെ കൊരവള്ളി പിടിച്ചുയര്‍ത്തി മുഖത്ത് രണ്ടുമൂന്നെണ്ണം പൊട്ടിച്ചു.

അടി കിട്ടിയിട്ടും അവള്‍ കണ്ണുതുറന്ന് അനക്കമില്ലാതെ കിടക്കുകയാണ്.

സുമ്പോലന്റെ നെറ്റി ചുളിഞ്ഞു. അവന്‍ പതുക്കെ ചൂഹുവായുടെ മൂക്കിനറ്റത്ത് വിരല്‍ വച്ചുനോക്കി. ''എന്ത് മറ്റോടത്തെ ചെയ്ത്താണ്ടാ യ്യ് ചെയ്തത്...'' നിലവിളിക്കുംപോലെ സുമ്പോലന്‍ ലാണ്ടനെ നോക്കി പല്ലു ഞെരിച്ചു.

ചെത്തിക്കുഞ്ഞനും അര്‍ജ്ജുവും നിശ്ചലരായി. അവര്‍ വല്ലാത്ത പേടിയോടെ അവളുടെ കൈത്തണ്ടയില്‍ അമര്‍ത്തിപ്പിടിച്ചു.

മിടിപ്പുകളില്ല! ലാണ്ടന്റെ കരച്ചില്‍ തൊണ്ടയില്‍ കെട്ടി.

പെട്ടെന്ന്, ചൂഹുവായുടെ ശരീരത്തിലുടനീളം ചുവന്ന വെളിച്ചം മിന്നിപ്പായാന്‍ തുടങ്ങി. 

സ്വിച്ച് കേടായ കളിപ്പാട്ടം കണക്കെ മിന്നിത്തിളങ്ങുന്ന അവളില്‍ നിന്നും പേടിച്ചലറി ചെത്തിക്കുഞ്ഞന്‍ പിന്നോട്ട് മലര്‍ന്നു.

എവിടുന്നൊക്കെയോ ഇംഗ്ലീഷിലുള്ള ചില അറിയിപ്പുകള്‍!

നാലുപേരും ഞെട്ടിത്തരിച്ചു.

അവര്‍ നെഞ്ചിടിപ്പോടെ വാതില്‍ക്കലേക്കും മിന്നിത്തിളങ്ങുന്ന ചൂഹുവായേയും മാറി മാറി നോക്കി..

പള്ളിക്കാവില്‍ അപ്പോഴേക്കും ഓട്ടന്‍തുള്ളല്‍ അവസാനത്തിലേക്കെത്തിക്കഴിഞ്ഞിരുന്നു...

'ഇത്തരമുള്ളൊരു മാരുതിവചനം
ചിത്തരസത്തൊട് കേട്ടതാഗരുഡന്‍...
സത്വരമങ്ങ് പറന്നുതിരിച്ചു
ഉത്തരമൊന്നവനുരിയാടാതെ...'

Read More: അജിജേഷ് പച്ചാട്ട് എഴുതിയ മറ്റു കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Literature Short Story

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: