scorecardresearch
Latest News

ഷ്രോഡിങ്ങറുടെ പൂച്ച -നോവലെറ്റ് മൂന്നാം ഭാഗം

‘ഉദരത്തില്‍ ഇരുട്ടും പേറി കിടക്കുന്ന വീടിന് നേരെ എസ്.ഐ വല്ലാത്ത ഭീതിയോടെ തുറിച്ചുനോക്കി.’ അജിജേഷ് പച്ചാട്ട് എഴുതിയ ഷ്രോഡിങ്ങറുടെ പൂച്ച എന്ന നോവലെറ്റിന്റെ മൂന്നാം ഭാഗം

ajijesh pachat, story , iemalayalam
ചിത്രീകരണം: വിഷ്ണുറാം

”വേറെ ഒരു വഴിയും ഞാന്‍ നോക്കീട്ട് കാണാനില്ലഡാ. ഇതാവുമ്പോള്‍നീ രക്ഷപ്പെടും കൂടെ ഞങ്ങളുടെ പാര്‍ട്ടിയും. ഒരു പാലമിട്ടാല്‍അങ്ങോട്ടു മിങ്ങോട്ടും വേണമെന്നാണല്ലോ… എന്തു പറയുന്നു?”

‘പിടിച്ചതിനേക്കാള്‍ വലുത് മടയില്,’ എന്ന കോലത്തില്‍സുട്ടാപ്പി വായും പൊളിച്ചിരുന്നു.

കണവ തുടര്‍ന്നു.”നിനക്കറിയാലോ, കാര്യങ്ങള്‍. സ്റ്റേറ്റില്‍ ഇപ്പോള്‍ പ്രതിപക്ഷം ഉള്ളതും ഇല്ലാത്തതും ഏറെക്കുറെ കണക്കാ. പുതിയ ടീമിന് കയറിപ്പോകാന്‍ പറ്റിയ സമയമാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത് ഏറ്റവും പുതിയ തലമുറയെയാണ്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍നിയമനങ്ങള്‍ വൈകുന്നതിനെതിരെ സെക്രട്ടറിയേറ്റ് മാര്‍ച്ചൊക്കെ നടത്തിയിരുന്നു. അതുകൊണ്ടൊന്നും ഒരോളവും ഉണ്ടാക്കാനായിട്ടില്ലഡാ. പക്ഷേ ഇത് കയറിപ്പോകാന്‍ നല്ലൊരവസരമാണ്, നീ സഹകരിക്കുകയാ ണേല്‍…”

സുട്ടാപ്പിക്ക് ആകെ ഭ്രാന്ത് പിടിച്ചു. ”നിങ്ങളൊന്ന് മനസ്സിലാകുന്ന ഭാഷേല് പറയ്.” അല്ലെങ്കില്‍തന്നെ വീടിന് ചുറ്റും പറക്കുന്ന ഡ്രോണിന്റെ മൂളക്കത്തില്‍ അവന്‍ ഇടക്കിടെ അസ്വസ്ഥനാവുന്നുണ്ടായിരുന്നു.

”പറയാം. സര്‍ക്കാര്‍നിയമനങ്ങളിലെ അനാസ്ഥയ്‌ക്കെതിരെ അഭ്യസ്ത വിദ്യനായ ചെറുപ്പക്കാരന്റെ ജീവന്‍പണയപ്പെടുത്തിയുള്ള പ്രതിഷേധം- അതാണ് ലക്ഷ്യം. പുറത്തുനിന്നും ഞങ്ങളുടെ ചാനല്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ഇങ്ങനൊന്നുണ്ടായാല്‍ ചെറുപ്പക്കാരായ ആയിരങ്ങള്‍നിന്റെ പിന്നില്‍ അണിനിരക്കും. അതല്ല പൊലീസിന് പിടുത്തം കൊടുക്കുകയാണെങ്കില്‍ ഒറപ്പാണ് നീ മൂഞ്ചിപ്പോകത്തേയുള്ളൂ. അമ്മാതിരി വകുപ്പുകളായിരിക്കും അവര് തലയില്‍വെച്ച് കെട്ടിത്തരിക. നൈസായി പൊട്ടിക്കുകയാണേല്‍കൂളായി രക്ഷപ്പെടാം.”

”സ്വര്‍ഗ്ഗത്തിലേക്ക് ഉയിരോടെ രക്ഷപ്പെടുന്ന കാര്യമായിരിക്കും നിങ്ങള് പറഞ്ഞുവരുന്നത്, അല്ലേ,” സുട്ടാപ്പി പരിഹസിച്ചു.

”സുട്ട്വോ, കൈയ്യില്‍പിടിച്ച് പൊട്ടിക്കാനിത് ബീഡിപ്പടക്കമല്ലാന്ന് ഞങ്ങള്‍ക്കറിയാം. നീയതൊന്ന് പുറത്തിട്ട് നൈസായി പൊട്ടിച്ചു തന്നാല്‍മതി. പറഞ്ഞില്ലേ, ബാക്കി ഞങ്ങളേറ്റു.”

”അതിന് ഇതെങ്ങനെയാ പൊട്ടിക്കുന്നതെന്ന് അറിയണ്ടേ?”

കണവ അന്തംവിട്ടു. ”എന്ത് മനുഷ്യനാണ്ടാ? ഇത്ര വലുപ്പമുണ്ടായിട്ട് ഒരു ബോംബ് പൊട്ടിക്കാനറിയില്ലാന്ന് വെച്ചാല്‍…”

സുട്ടാപ്പിയൊന്ന് ചൂളി. ”ഒരു കാര്യം ചെയ്യ്, ഉണ്ടാക്കിയ സാധനത്തിന്റെ ചിത്രമെടുത്ത് ടെലിഗ്രാമിലൊന്ന യക്ക്, നടപടിയാക്കിത്തരാം.”

കോള് കട്ടായി. സുട്ടാപ്പി വേഗം നേരത്തെയെടുത്ത ഫോട്ടോ ടെലിഗ്രാമില്‍ കണവയ്ക്ക് മെസേജ് ചെയ്തു. എന്നിട്ട് മുന്നെ നിന്ന ജനലിനരികില്‍പോയി വീണ്ടും പാളി തുറന്ന് പുറത്തേക്ക് നോക്കി.

ഒരു ഉല്‍സവപ്പറമ്പിലെ വെളിച്ചമുണ്ട് താഴെ. ആള്‍ക്കൂട്ടമാണെങ്കില്‍ വളര്‍ന്നു വലുതായിക്കൊണ്ടേയിരിക്കുകയാണ്.

വെടിക്കെട്ട് കാണാന്‍നില്‍ക്കുന്നതുപോലെ വീടിനേയും നോക്കി നില്‍ക്കുകയാണ് മാസ്‌ക് വെച്ച മനുഷ്യതുരുത്തുകള്‍.

അകത്തുനിന്നും നോക്കിയിട്ട് പൊലീസിന്റെ അടുത്ത നീക്കം എങ്ങനെയായിരിക്കും എന്നതിനെപ്പറ്റി ഒരു ധാരണയും കിട്ടിയില്ല. പക്ഷേ ഏത് നിമിഷവും പൊലീസ് സംഘം ഗേറ്റിനുള്ളിലേക്ക് ഇരച്ചുകയറും എന്നവന് ഉറപ്പായിരുന്നു.

ajijesh pachat, story , iemalayalam
ചിത്രീകരണം: വിഷ്ണുറാം

ഡ്രോണിന്റെ മൂളക്കം അടുത്തടുത്ത് വന്നപ്പോള്‍ പതുക്കെ അവിടെ നിന്നും കട്ടിലില്‍ വന്നിരുന്നു.

അന്നേരം താഴെനിന്നും അറിയിപ്പ് വീണ്ടുമുണ്ടായി. ”അവസാനമായി താങ്കള്‍ക്ക് കീഴടങ്ങാന്‍ ഞങ്ങള്‍ മൂന്ന് മിനുട്ട് സമയം തരികയാണ്. സുട്ടാപ്പിയുടെ ശ്രദ്ധയ്ക്ക്, അല്ലാത്ത പക്ഷം കടുത്ത തീരുമാനമായിരിക്കും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവുക എന്ന് ഒരിക്കല്‍കൂടി ഓര്‍മപ്പെടുത്തുകയാണ്. ഉടനെ കീഴടങ്ങുക.”

മെഗാഫോണിലൂടെയുള്ള ശബ്ദം ചീര്‍ത്തു തടിച്ചു. ”ഉടനെ പൊലീസിന് കീഴടങ്ങുക.”

സുട്ടാപ്പിക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. അവന്‍ അസ്വസ്ഥതയോടെ കട്ടിലില്‍നിന്നും എഴുന്നേറ്റതും ഫോണ്‍ മിന്നാന്‍ തുടങ്ങി. നെറ്റ് നമ്പർ കണ്ടപ്പോള്‍ അല്‍പ്പം സംശയത്തോടെയാണ് ഫോണെടുത്തത്, പ്രതീക്ഷിച്ചതു പോലെ കണവ തന്നെയായിരുന്നു.

”അനവധി ബോംബുകള്‍ ഞാന്‍കണ്ടിട്ടുണ്ട്. പക്ഷേ ഇമ്മാതിരിയൊന്ന് ജീവിതത്തിലാദ്യായിട്ടാ.”

”എന്തേ ജോസേട്ടാ?”

”ദെന്ത് ബോംബാണ്ടാ ദ്,” കണവ അന്തംവിടലോടെ ചോദിച്ചു.

”നിങ്ങള് ഈ സമയത്ത് തള്ളിമറിക്കാന്‍ നില്‍ക്കാതെ ചെയ്യേണ്ടത് എന്താണെന്ന് വെച്ചാല്‍പറയ് ജോസേട്ടാ.”

”തിരിച്ചും മറിച്ചും നോക്കീട്ട് ഒരെത്തും പിടിയും കിട്ടിയില്ലഡേ… പിന്നെ നമ്മുടെ പിള്ളേര്‍ക്ക് തലങ്ങുംവിലങ്ങും അയച്ചുകൊടുത്ത് വിശദമായി അന്വേഷിച്ചിട്ടാ നടപടിയായത്.”

വിശദമായ അന്വേഷണമോ? അപ്പോള്‍ ശരിക്കും രാവിലെ മുതലുള്ള തങ്ങളുടെ അദ്ധ്വാനം ആര്‍ക്കും പിടി കിട്ടാത്ത മാരകമായ ഒന്നായിരുന്നോ! സുട്ടാപ്പി പഞ്ചസാരപ്പാത്രത്തിലേക്ക് പൂഴ്ത്തിയ ബോംബിനെ ആരാധനയോടെ ഓര്‍ത്തു.

”എടാ, അതിന്റെ പൈപ്പിന് കീഴെക്കൂടി പോകുന്ന മഞ്ഞവയറില്ലേ.. അത് പതുക്കെ വേര്‍പ്പെടുത്തി എറിഞ്ഞാല്‍ സംഗതി ഓക്കെയാണ്.”

”മൂന്ന് വയറുണ്ട് ജോസേട്ടാ അതില്‍. മഞ്ഞ തന്നെയാണെന്ന് വല്ല ഉറപ്പുമുണ്ടോ?”

”ചുവപ്പ് വേര്‍പ്പെടുത്തിയാല്‍ സാധനം ഒന്നിനും പറ്റാതെയാകും. പച്ചയാണെങ്കില്‍ താല്‍ക്കാലികമായി പൊട്ടാതിരിക്കത്തേയുള്ളൂ, എപ്പോള്‍ ജോയന്റ് ചെയ്താലും പഴയപോലെയാവും. പൊട്ടണമെങ്കില്‍മഞ്ഞ വേര്‍പ്പെടുത്തണം, എന്നിട്ട് ഊക്കിലെറിയണം.”

വേര്‍പ്പെടുത്തുക, എറിയുക എന്നെല്ലാം കേട്ടതോടെ സുട്ടാപ്പിയുടെ കൈയ്യും കാലും കുഴയാന്‍തുടങ്ങി. തൊണ്ട പിന്നെയും വരണ്ടു.

”ജോസേട്ടാ ഉള്ളത് പറയാലോ, എനിക്കതിന് കഴിയുമെന്ന് തോന്നുന്നില്ല. അവര് വിചാരിച്ച പോലെയല്ല ഞങ്ങളുണ്ടാക്കിയതെങ്കിലോ? കൈയ്യീന്ന് സാധനം പൊട്ടില്ലേ?” അവന്‍ നിന്ന് വിക്കി.

”നടക്കൂല ജോസേട്ടാ, ഞാന്‍ പൊലീസിന് കീഴടങ്ങാന്‍പോവാണ്.”

കണവ ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു. ”എന്നാപിന്നെ അങ്ങോട്ട് ചെല്ല്, എന്നിട്ട് അവര് തരുന്നത് മുഴുവന്‍ പെരടിയില്‍ വെക്ക്. എടാ, ഇപ്പോള്‍ തന്നെ നീ മാസങ്ങളോളമായിട്ട് ബോംബുണ്ടാക്കുകയാണെന്നും ക്വിന്റല്‍കണക്കിന് സ്‌ഫോടക വസ്തുക്കള്‍ വീട്ടിലുണ്ടെന്നുമൊക്കെയാണ് ഒട്ടുമിക്ക ചാനലുക ളും പാതിരാചര്‍ച്ചകളിലിട്ട് അലക്കുന്നത്.”

”സ്‌ഫോടക വസ്തുക്കളോ!” സുട്ടാപ്പിയുടെ കണ്ണുതള്ളി.

”പിന്നെ നീയെന്താ കരുതീത്? ഇത് ചില്ലറക്കളിയാന്നാ?”

”ഇതൊക്കെ എപ്പോള്‍?”

”അതാണ് പറഞ്ഞത്, പൊലീസിനെങ്ങാനും കീഴടങ്ങിയാല്‍ അടിയന്തിരാവസ്ഥ മുതലുള്ള സകല സ്‌ഫോടനങ്ങള്‍ക്കും നീ സമാധാനം പറയേണ്ടി വരുമെന്ന്.”

”അടിയന്തിരാവസ്ഥ കാലത്തൊന്നും ഞാന്‍ ജനിച്ചിട്ടില്ലല്ലോ അതിന്…”

പെട്ടെന്ന് കണവ പകുതി വെട്ടിയ ചിരി ചിരിച്ചു. ”പൊന്നു സുട്ട്വോ, ആരോടാ ഈ പറയണേ? പൗരത്വം തെളിയിക്കാന്‍ അപ്പന്റെ അപ്പന്റെ അപ്പന്റെ അപ്പന്റെ അപ്പനെ തിരഞ്ഞുനടക്കുന്ന ടീംസിനോടോ? നടപടിയാകുമോ വല്ലതും?”

”വേറെ വഴികളൊന്നുമില്ല അല്ലേ?”

”ഓപ്ഷന്‍ വെക്കാന്‍ ഇത് പി എസ് സി പരീക്ഷയൊന്നുമല്ലല്ലോ. എങ്ങനേലും രക്ഷപ്പെട്ടോട്ടേന്ന് വെച്ചിട്ടാണ് ഞാനീ പെടാപാട് പെടുന്നത്. പറഞ്ഞ പോലെ ചെയ്താല്‍ വലിയ പ്രശ്‌നങ്ങളില്ലാതെ പിടിച്ചുനില്‍ക്കാം. എനിക്കത്രയേ പറയാനുള്ളൂ.”

പുറത്തുനിന്നും പിന്നെയും പൊലീസ് വാഹനങ്ങളുടെ സൈറണ്‍ കേള്‍ക്കാന്‍ തുടങ്ങി. അവന്‍ ഒരാന്തലോടെ പുറത്തേക്ക് കണ്ണയച്ചു.

”എന്നാല്‍പിന്നെ ജോസേട്ടന്‍പറഞ്ഞോ, ഞാനെന്താണിപ്പോള്‍ ചെയ്യേണ്ടത്?”

താഴെ നിന്നും മെഗാഫോണ്‍ വീണ്ടും പരപര ശബ്ദമുണ്ടാക്കിത്തുടങ്ങി.

”ആദ്യം നീയൊരു ഷര്‍ട്ടെടുത്ത് അതിന്റെ കുറച്ച് ഭാഗങ്ങളങ്ങ് കത്തിക്കണം. എന്നിട്ട് വല്ല മൈദപ്പൊടിയോ അരിപ്പൊടിയോ ഒപ്പിച്ച് അതില് ഇച്ചിരി കറുത്ത മഷിയൊഴിച്ച് കൂട്ടിക്കുഴച്ച് ദേഹത്തൊന്നാകെയങ്ങ് തേച്ചുപിടിപ്പിക്കുക. അതിന് മുകളിലൂടെ ചോര വരാന്‍പാകത്തില്‍മൂര്‍ച്ചയുള്ള എന്തെങ്കിലുമെടു ത്ത് തലങ്ങും വിലങ്ങും അങ്ങ് വാര്‍ന്നേക്കുക. കാര്യമായി അത്രയും ചെയ്താല്‍മതി. എന്നിട്ട് നമ്മുടെ സാധനമുണ്ടല്ലോ, അത് നേരത്തെ പറഞ്ഞപോലെ വയറ് വലിച്ച് വീടിന്റെ പിന്നാമ്പുറത്തെ ഒഴിഞ്ഞ പറമ്പിലേക്ക് ഊക്കിലങ്ങ് എറിഞ്ഞേക്ക്. ശ്രദ്ധിക്കണം, ആ ഏറിലാണ് ഇനിയുള്ള നിന്റെ ജീവിതം. പൊട്ടിയെന്ന് കണ്ടാല്‍കത്തിച്ച ഷര്‍ട്ടെടുത്തിട്ട് ആ പരിസരത്തെവിടെയെ ങ്കിലും പോയി ചുമ്മാ ഒന്ന് കിടന്നാമതി. ബാക്കി ഞങ്ങളേറ്റു.”

2

ajijesh pachat, story , iemalayalam
ചിത്രീകരണം: വിഷ്ണുറാം

”ഇതിനൊന്നുമുള്ള സമയമില്ല ജോസേട്ടാ, മൂന്ന് മിനുട്ടാണ് എനിക്ക് കീഴടങ്ങാന്‍തന്ന സമയം.” സുട്ടാപ്പി ജന്നലക്കരികില്‍ചെന്ന് ആധിയോടെ പുറത്തേക്ക് നോക്കിക്കൊണ്ടു പറഞ്ഞു.

”അതൊക്കെ ട്രിക്കാണ് സുട്ട്വോ. അല്ലെങ്കില്‍ തന്നെ വീട് മുഴുവന്‍ പൊട്ടിത്തെറിക്കുമോ എന്ന പേടിയിലാണ് അവരെല്ലാവരും. എന്നിട്ടാണിപ്പോ അറ്റാക്ക്. പൊലീസിനെ നമ്മള്‍ക്ക് അറിയാത്തതൊന്നുമല്ലല്ലോ? അറ്റാക്കിനെ കുറിച്ചൊന്നും നീ പേടിക്കണ്ട. അതിനുള്ള പണി എനിക്ക് വിട്ടുതന്നേക്ക്. വര്‍ത്തമാനം പറഞ്ഞേതായാലും ഉള്ള സമയം കളയണ്ട.”

സുട്ടാപ്പി മുറിയില്‍നിന്നും പുറത്തേക്ക് കടന്നു, വേഗത്തില്‍ സ്റ്റെയര്‍കേയ്‌സിറങ്ങി ഇരുട്ടില്‍ തപ്പിത്തടഞ്ഞ് ആദ്യം സിറ്റൗട്ടിലെ വെളിച്ചം ഓഫ് ചെയ്തു. പിന്നെ അടുക്കളയിലെത്തി റാകിന് മുകളില്‍നിന്നും സ്റ്റൂളിട്ട് പഞ്ചസാര ടിൻ പുറത്തേക്കെടുത്തു. അവന്റെ കൈയ്യിലൊന്നാകെ നെയ്യുറു മ്പുകള്‍ പൊതിഞ്ഞു. ഉറുമ്പിന്റെ കടി സഹിച്ച് പാത്രം ഒരുവിധത്തില്‍ താഴെയെത്തിച്ച അവന്‍ മേശപ്പുറത്ത് ഒരു ന്യൂസ് പേപ്പര്‍വിരിച്ച് പഞ്ചസാര മൊത്തം അതിലേക്ക് ചൊരിഞ്ഞു. എന്നിട്ട് മൊബെലിന്റെ ലോക്ക് തുറന്ന് വെളിച്ചം മേശപ്പുറത്തേക്ക് നീട്ടിപ്പിടിച്ചു. ബോംബില്‍ മൊത്തം ഉറുമ്പുകള്‍!

അവന്‍വളരെ സൂക്ഷ്മതയോടെ ബോംബില്‍നിന്നും ഉറുമ്പുകളെ തട്ടിക്കുടഞ്ഞ് വെടിപ്പാക്കി മാറ്റിവെച്ചു.
പിന്നെ വേഗം ഇട്ടിരുന്ന ഷര്‍ട്ടഴിച്ച് സ്റ്റൗ കത്തിച്ചു. തുണി കരിയുന്ന മണം അടുക്കളയില്‍പരന്നു. അലമാരകളില്‍നിന്നും മൈദപ്പൊടി തപ്പിയെടുത്തു. മുറിയില്‍പോയി കറുത്ത പേനയെടുത്ത് നിബ്ബ് കടിച്ചൂരി മൈദയിലേക്കൊ ഴിച്ച് കുഴച്ച് ദേഹം മുഴുവന്‍വാരിത്തേച്ചു. അതിനുശേഷം കത്തിയെടുത്ത് മനസ്സില്ലാ മനസ്സോടെ തലങ്ങും വിലങ്ങും വരിഞ്ഞു.

മൊബെലിലെ ഫ്‌ളാഷ് ലൈറ്റ് ഓണ്‍ചെയ്ത് മേശപ്പുറത്ത് വെച്ച് കൈ വൃത്തിയാക്കി അവന്‍ബോംബിലെ മഞ്ഞവയര്‍കണ്ടുപിടിച്ച് ചൂണ്ടുവിരലുകൊണ്ട് കൊരുത്തു പിടിച്ചു. പതുക്കെ അടുക്കളയില്‍നിന്നും വര്‍ക്ക് ഏരിയയിലേക്കിറങ്ങി. എന്നിട്ട് പുറത്തേക്കുള്ള വാതില്‍ശബ്ദമുണ്ടാക്കാതെ പതിയെ തുറന്നുവെച്ചു.

പുറത്തെ ചുറ്റുപാടുകള്‍കുറച്ചുനേരം വീക്ഷിച്ചു. ഒടുവില്‍ കണ്ണുകള്‍ മുറുക്കി ചിമ്മി സകല ദൈവങ്ങളേയും ഒരുമിച്ച് വിളിച്ച് മഞ്ഞവയര്‍ ഒരൊറ്റ വലിയില്‍ വേര്‍പ്പെടുത്തി പുറത്തേക്ക് ചാടി വീടിന്റെ പിന്നാമ്പുറത്തെ തൊടിയിലേക്ക് ബോംബ് ഊക്കില്‍ഒരൊറ്റ ഏറെറിഞ്ഞു.

അവനെ ഞെട്ടിച്ചുകൊണ്ട് ആ അനക്കത്തിലേക്ക് രണ്ടുമൂന്നാല് വെടിയൊച്ചകള്‍എവിടുന്നൊക്കെയോ പാഞ്ഞുവന്നു വീണു. സുട്ടാപ്പി വേഗം ചെവികള്‍പൊത്തി വീട്ടിനുള്ളിലേക്ക് തിരിച്ചുകയറി വാതിലടച്ച് തറയിലേക്ക് കമിഴ്ന്നുകിടന്നു.

പിന്നെ കിതച്ചുകൊണ്ട് തലയുയര്‍ത്തി ഗ്രില്ലിനിടയിലൂടെ തൊടിയിലെ ഇരുട്ടിലേക്ക് തുറിച്ചുനോക്കി.
ഒന്ന്, രണ്ട്, മുന്ന്…

നിമിഷങ്ങള്‍നീങ്ങിക്കൊണ്ടിരുന്നു. അവന്റെ ചങ്കില്‍ കുതിരക്കുളമ്പടികളുണ്ടായി. ഇപ്പോള്‍പൊട്ടും, ഇപ്പോള്‍ പൊട്ടും എന്നു കരുതി കുറച്ചുനേരം കൂടി കാത്തുനിന്നു.

ajijesh pachat, story , iemalayalam
ചിത്രീകരണം: വിഷ്ണുറാം


ഒരു ചുക്കും സംഭവിച്ചില്ല! ഏറെ അവിശ്വസനീയതയോടെ സുട്ടാപ്പി പുറത്തേക്ക് നോക്കി. ബോംബെറിഞ്ഞ ഭാഗത്തു നിന്നും ഇണചേരാനായി രണ്ടു പൂച്ചകള്‍കടിപിടി കൂടുന്നു. അതോടെ അവന്‍പതുക്കെ എഴുന്നേറ്റ് അടുക്കളയിലേക്ക് കയറി വാതിലടച്ചു. മേശപ്പുറത്തുനിന്നും ഫോണെടുത്ത് അന്യഗ്രഹജീവിയെ പോലെ മുകളിലേക്കുള്ള സ്റ്റെപ്പുകള്‍ കയറി.

മുറിയിലെത്തിയ സുട്ടാപ്പി വളരെ നിസ്സഹായതയോടെ ചാരുകസേരയിലേക്ക് അമര്‍ന്നിരുന്നു. അന്നേരം കൈയ്യിലെ ഫോണ്‍ മിന്നാന്‍തുടങ്ങി. നോക്കിയപ്പോള്‍ നെറ്റ് നമ്പരാണ്. കണവയായിരിക്കുമെന്ന് അവൻ ഊഹിച്ചു. കോള്‍പതുക്കെ ബിസിയാക്കി. അവന് വല്ലാത്ത ക്ഷീണം തോന്നി.

കുറച്ചുനേരം കസേരയില്‍അങ്ങനേ മലര്‍ന്നു കിടന്നു. എന്താണ് ചെയ്യേണ്ടതെന്ന് ഒരു രൂപവുമില്ലായിരുന്നു. ശരീരം വിയര്‍ക്കാന്‍തുടങ്ങി.

ഡ്രോണിന്റെ ശല്യം നിന്നിട്ടുണ്ട്. പക്ഷേ, പുറത്തെ ബഹളങ്ങള്‍കൂടി കൂടി വരികയാണ്.
മലര്‍ന്നു കിടക്കുമ്പോള്‍ കണ്ട സീലിങ്ങിലെ ഫാന്‍ തൂക്കാത്ത ഹൂക്കിലേക്ക് സുട്ടാപ്പി ആഴത്തില്‍നോക്കി. പിന്നെ മടിയില്‍ കിടന്നിരുന്ന ഫോണെടുത്ത് നമ്പരമര്‍ത്തി ചെവിയിലേക്ക് ചേര്‍ത്തു.

”ഹലോ.. പോലീസ് സ്റ്റേഷനല്ലേ?”

”അതെ.”

”എസ് ഐ സാറിനെ ഒന്ന് കിട്ടണമല്ലോ.”

”എന്താണ് പരാതി? സാറിവിടെ ഇല്ല.”

”ഒന്ന് കോണ്‍ഫറന്‍സ് ചെയ്യാന്‍പറ്റുമോ? വളരെ അര്‍ജന്റാണ്.”

”എന്നാല്‍ വെയ്റ്റ് ചെയ്യൂ. നോക്കട്ടെ.”

കുറച്ച് കഴിഞ്ഞപ്പോള്‍ ലൈനില്‍ എസ് ഐ എത്തി.

”യെസ് പറയൂ..”

”സര്‍, ഞാന്‍സുട്ടാപ്പിയാണ്. നിങ്ങളിപ്പോള്‍ എന്‍കൗണ്ടര്‍ ചെയ്യാന്‍ നില്‍ക്കുന്ന വീടിന്റെ ഉള്‍ഭാഗം മൊത്തം ബോംബുകള്‍കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. വീടിന്റെ ഏത് ഭാഗത്തിലൂടെ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചാലും, ആ നിമിഷം വീട് ഒന്നാകെ പൊട്ടിത്തെറിക്കും. അതുകൊണ്ട് ബി കെയര്‍ ഫുള്‍.”

”സുട്ടാപ്പീ… നിങ്ങള്‍വലിയ അപകടത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ദയവുചെയ്ത് നിയമവശങ്ങളെ കുറിച്ച് കേള്‍ക്കൂ.” എസ് ഐ പറഞ്ഞുവന്നപ്പോഴേക്കും കോൾ കട്ടായി.

എസ് പിയുടെയും കലക്ടറുടേയും അടുത്തേക്ക് ധൃതിയില്‍നീങ്ങുന്നതിനിടെ കോൾ വന്ന നമ്പരിലേക്ക് എസ് ഐ തിരിച്ചുവിളിച്ചുനോക്കി.

ആ നമ്പര്‍പക്ഷേ അപ്പോഴേക്കും സ്വിച്ച്ഡ് ഓഫ് ആയി കഴിഞ്ഞിരുന്നു.

ഉദരത്തില്‍ ഇരുട്ടും പേറി കിടക്കുന്ന വീടിന് നേരെ എസ്.ഐ വല്ലാത്ത ഭീതിയോടെ തുറിച്ചുനോക്കി.
അന്നേരം സുട്ടാപ്പി, ബിയര്‍ കുപ്പികളിലൊന്ന് പൊട്ടിച്ച് ആദ്യ കവിള്‍കുടിച്ച ശേഷം പാര്‍സലില്‍നിന്നും ഒരു കഷ്ണം ബീഫെടുത്ത് വായിലിട്ട് ചവച്ച് വിരലുകളൂമ്പി. എന്നിട്ട് മനസ്സമാധാനത്തോടെ പതിയെ ചാരുകസേരയിലേക്ക് മലര്‍ന്നുകിടന്ന് ഇരുകാലുകളും അതിന്റെ നീളമുള്ള കൈകളിലേക്ക് ആയാസത്തില്‍ വിരിച്ചുവെച്ചു.

അവസാനിച്ചു

അജിജേഷ് പച്ചാട്ടിന്റെ മറ്റു എഴുത്തുകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Ajijesh pachat novellete schrodingers cat part 3