scorecardresearch
Latest News

ഷ്രോഡിങ്ങറുടെ പൂച്ചകള്‍ – നോവലെറ്റ് ഒന്നാം ഭാഗം

“ഇടിമിന്നലിലെന്നവണ്ണം ഞെട്ടിപ്പോയി അവന്‍, എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ സ്തംഭിച്ചു. നിന്നിടത്തു നിന്നും അനങ്ങാതെ ചെവികള്‍കൂര്‍പ്പിച്ചു വെച്ചു.”അജിജേഷ് പച്ചാട്ട് എഴുതിയ നോവലെറ്റ് ഷ്രോഡിങ്ങറുടെ പൂച്ചകള്‍ഒന്നാം ഭാഗം

ajijesh pachat, story , iemalayalam
ചിത്രീകരണം: വിഷ്ണുറാം

‘ഓ സൈനബാ, അഴകുള്ള സൈനബാ…’

മേശപ്പുറത്തുള്ള പൊട്ടിക്കാത്ത നാലഞ്ച് ബിയര്‍കുപ്പികള്‍ക്കും, പാഴ്സലായി വാങ്ങിയ രണ്ട് ബീഫ് ഫ്രൈക്കും ഇടയിലുള്ള മുസ്തുവിന്റെ ഫോണ്‍, ഫര്‍സാനയുടെ ചിരിക്കുന്ന മുഖവുമായി മൂളിത്തിരിഞ്ഞുകൊണ്ടേയിരുന്നു.

അവര്‍ നാലാളുകളും അന്നേരം എല്ലാം മറന്ന് സ്വന്തമായി രൂപകല്‍പ്പന ചെയ്ത സാധനത്തിലേക്ക് വളരെ ആത്മസംതൃപ്തിയോടെ നോക്കിയിരിക്കുകയായിരുന്നു. രാവിലെ മുതലുള്ള മിനക്കേടാണ് വിജയശ്രീലാളിതമായി മുന്നില്‍മലര്‍ന്നുകിടക്കുന്നത്.

”അങ്ങനെ അണ്ണന്‍കോ-സംഘം ഇതും വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. അടിക്ക്, കൈയ്യിലടിക്ക്…” അവര്‍ നാലുപേരും പരസ്പരം നീട്ടിയ കൈകളിലടിച്ച് ആര്‍മാദിച്ചു.

”ഇതൊക്കെ എന്ത്? അല്ല പിന്നെ.” സുട്ടാപ്പി എല്ലാവരേയും നോക്കി നെവറാക്കി ചിരിച്ചുകൊണ്ട് മൊബെലില്‍ സാധനത്തിന്റെ ഒരു ചിമിടന്‍ഫോട്ടോയെടുത്തു.

”എന്നാലും എത്ര ദിവസങ്ങള്‍ മിനക്കെട്ടിട്ടാണ് വേണ്ട മുതലുകള്‍ഒപ്പിച്ചത് ഹൗ,” മുസ്തു തല കുടഞ്ഞു.

”അത് ശരിയാ…” അക്കാര്യം സുട്ടാപ്പിയും നോക്കുട്ടനും വേഗം സമ്മതിച്ചു.

കാപ്പു പക്ഷേ, ഈ വക വര്‍ത്തമാനങ്ങളിലൊന്നും ശ്രദ്ധിക്കാതെ കൈയ്യടിച്ചുകഴിഞ്ഞ ശേഷം പെട്ടെന്ന് എന്തോ ആലോചനയില്‍മുഴുകുകയാണ് ചെയ്തത്, മറ്റുള്ളവര്‍അത് ശ്രദ്ധിച്ചു.

”എന്തേ കാപ്പ്വോ?”

അവന്‍എല്ലാവരേയും നോക്കിക്കൊണ്ട് ഇടങ്കണ്ണ് തുലോം ചെറുതാക്കി ”അല്ല, ശരിക്ക് നമ്മളീ ഉണ്ടാക്കീത് ആരെങ്കിലും അറിഞ്ഞാ വല്യ പ്രശ്‌നാകൂലേ?”

കാപ്പുവിന്റെ ആ ഒരൊറ്റ ചോദ്യത്തില്‍പൊടുന്നനെ അവരുടെ മൂന്നുപേരുടേയും ‘കിളികള്‍’ ഒരുമിച്ചങ്ങോട്ട് പറന്നു. മുന്നില്‍വളരെ നിഷ്‌ക്കളങ്കമായി കിടക്കുന്ന സാധനത്തിലേക്ക് എല്ലാവരും ആദ്യമായിട്ടെന്നപോലെ തുറിച്ചുനോക്കി.

ശരിയാണല്ലോ.

”അതിന് നമ്മളിതൊരു ടൈംപാസായി…” കൂട്ടത്തില്‍സാമാന്യം പേടിയുള്ള മുസ്തു സ്വയം ആശ്വാസം കിട്ടാനെന്നവണ്ണം പറഞ്ഞുതുടങ്ങിയപ്പോഴേക്കും നോക്കുട്ടന്‍ഇടയ്ക്ക് കയറി.

”എന്ത് ടൈംപാസ്? ശരിക്കുണ്ടല്ലോ, പിടിച്ചാ ജാമ്യം കൂടി കിട്ടൂല.”

അത് കേട്ടതും കോവിഡ് കാലത്തെ ലോക്ക് ഡൗണ്‍ ബോറടി മാറ്റാന്‍ഏര്‍പ്പെട്ട സംഗതി വിജയിച്ചതിന്റെ അഹങ്കാരം, പതുക്കെ അവരില്‍നിന്നും ചാടിയിറങ്ങി കണ്ണും മുറുക്കി ചിമ്മി തിരിഞ്ഞുനോക്കാതെ ഒരൊറ്റ ഓട്ടമോടി.

നാല് മുഖങ്ങളും വല്ലാതെ മുറുകി, എല്ലാ ആവേശവും പൊടുന്നനെ ചോര്‍ന്നു. മുറി പെട്ടെന്ന് ഡാര്‍ക്കായി.

”അല്ല കോപ്പേ, നീയും കൂടി ചേര്‍ന്നല്ലേ ഇതുണ്ടാക്കീത്. എന്നാപിന്നെ ഉണ്ടാക്കണേന്റെ മുന്നെ ചെലച്ചൂടായിരുന്നോ?” മുസ്തു നോക്കുട്ടന് നേരെ മുരണ്ടു.

”അതിന് എന്റെ ഐഡിയ ആണോ ഇത്? അല്ലാലോ?”

”ആരുടെ ഐഡിയ ആണെങ്കിലും പറയാനുള്ളത് പറഞ്ഞൂടേ?”

അവര് തമ്മില്‍ കച്ചറയാകുമെന്ന് തോന്നിയപ്പോള്‍ സുട്ടാപ്പി ഇടപെട്ടു ”നിങ്ങളിങ്ങനെ തമ്മീത്തല്ലണതെന്തിനാ? അല്ലെങ്കിത്തന്നെ നമ്മളീ ഉണ്ടാക്കിയതൊക്കെ ഇപ്പോ ആരറിയാനാണ്?”

”ആരറിയാനാന്നോ?” കാപ്പു ഒന്ന് നിര്‍ത്തി, അവനിനി അടുത്തത് എന്ത് അല്‍ക്കുല്‍ത്താണ് എഴുന്നള്ളിക്കാന്‍പോകുന്നത് എന്ന ഒരാളല്‍ എല്ലാവരിലുമുണ്ടായി. അവരവനെ തുറിച്ചുനോക്കി. ”അഥവാ ഇതെങ്ങാനും പൊട്ടിപ്പോയാല്‍ എല്ലാരും അറിയൂലേ?”

വിറച്ചുപോയി മുസ്തു. നോക്കുട്ടനാണെങ്കില്‍വീഴാതിരിക്കാനായി തൊട്ടടുത്തുണ്ടായിരുന്ന ചാരുകസേരയില്‍ അമര്‍ത്തി പിടിച്ചു. നിന്നിടത്തു നിന്നും എല്ലാവരും തങ്ങള്‍ക്ക് നടുവില്‍ കിടന്നിരുന്ന ബോംബിനെ നോക്കി പതുക്കെ രണ്ടടി പിന്നോട്ട് വെച്ചു.

ajijesh pachat, story , iemalayalam
ചിത്രീകരണം : വിഷ്ണുറാം


”ഒരുമാരി പേടിപ്പിക്കണ വര്‍ത്തമാനം പറയല്ലട്ടാ,” സുട്ടാപ്പി കുടിനീരിറക്കി. ”അങ്ങനെയങ്ങ് പൊട്ടാന്‍ നമ്മളീ ഉണ്ടാക്കീത് ടൈംബോംബൊന്നുമല്ലല്ലോ. ആണോ?”

നോക്കുട്ടന്റെ മുഖത്തും ഭീതി നിറഞ്ഞു. ”കാരണമില്ലാതെ പൊട്ടാന്‍ ടൈംബോംബ് ആവണമെന്നൊന്നുമില്ല. കാപ്പു പറഞ്ഞേല് കാര്യമുണ്ട്.”

”എന്ത് കാര്യം? ഒരു വെറൈറ്റിക്ക് ബോംബുണ്ടാക്കണമെന്ന് തോന്നി, ഉണ്ടാക്കി. ഇനിയിപ്പോ എന്താ, അത് വേണ്ടേല്‍ വേണ്ട. ഊരിയൊഴിവാക്ക്യാ പ്പോരേ? പരിപാടി സിംപിളല്ലേ.” സുട്ടാപ്പി ലാഘവത്തോടെയാണ് ചോദിച്ചതെങ്കിലും അല്‍പ്പം ആശങ്കയുണ്ടായിരുന്നു ആ ചോദ്യത്തില്‍.

അത് ശരിയാണല്ലോ? എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നോക്കി അല്‍പ്പം സമാധാനം കിട്ടിയ പോലെ ചിരിച്ചു.

”സിംപിളോ? അതിന് ഉണ്ടാക്കിയ ബോംബ് ഊരി മാറ്റാന്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയോ?” കാപ്പുവിന്റെ അടുത്ത ചോദ്യമുയര്‍ന്നു.

അവര്‍വീണ്ടും പരസ്പരം നോക്കി. അതും ശരിയാണല്ലോ…

”നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി കൈയ്യും കാലും പോയി എന്നൊക്കെയുള്ള വാര്‍ത്ത നമ്മളെത്ര കാലങ്ങളായി പത്രത്തില്‍വായിക്കുന്നതാ.” കാപ്പു ആരോടെന്നില്ലാതെ പിറുപിറുത്തു.

കാപ്പുവിന്റെ ആ വര്‍ത്തമാനം കേട്ടതോടെ പരിപാടി കൈയ്യില്‍നിന്നും പിടിവിട്ട് പോകാന്‍തുടങ്ങുകയാണോന്ന് അവര്‍ക്ക് സംശയം തോന്നി.

”അതിന് സാധനം നിര്‍വ്വീര്യമാക്കിയാല്‍പോരേ? അപ്പോ പിന്നെ പ്രശ്‌നമില്ലാലോ?” മുസ്തു ചോദിച്ചു.

”മതി, അതുമതി. അതിന് അതറിയോ ആര്‍ക്കെങ്കിലും?”
”വെറുതെ ഓരോന്ന് പറഞ്ഞ് ആളെ ചുറ്റിക്കല്ലേ കാപ്പ്വോ. യൂട്യൂബ് നോക്കിയല്ലേ നമ്മള് സാധനം ഉണ്ടാക്കിയത്. അപ്പോള്‍ നിര്‍വ്വീര്യമാക്കാനും യൂട്യൂബ് പോരേ.” നോക്കുട്ടന്‍സുട്ടാപ്പിക്ക് നേരെ തിരിഞ്ഞു.

”സുട്ടാപ്പ്യേ നീയാ ലിങ്കില്‍ കയറി ഒന്ന് നോക്ക് വേഗം. പറഞ്ഞ് പറഞ്ഞ് മനുഷ്യന് ഈ സാധനത്തിലേക്ക് നോക്കുമ്പോള്‍ തന്നെ പേടിയാവണ്ണ്ട് ഇപ്പോള്‍.”

സുട്ടാപ്പി ഒന്നു പതറിയതുപോലെ അവരെ തുറിച്ചുനോക്കി. ആ നോട്ടത്തിലെ പന്തികേട് കാപ്പുവിന് പെട്ടെന്ന് മനസ്സിലായി.

”എന്താഡാ?”

”ആ ലിങ്കില്‍ ഉണ്ടാക്കുന്നത് മാത്രമേയുള്ളൂ.”

മൂന്നുപേരുടേയും നെറ്റി ചുളിഞ്ഞു.

”ഉണ്ടാക്കണത് മാത്രോ? നീ വല്ലാണ്ട് കളിക്കല്ലട്ടാ.”

”കളിക്കുകയല്ല, കാര്യായിട്ട് പറഞ്ഞതാ.”

എല്ലാവരും ഊരയ്ക്കും കൈ കൊടുത്ത് ബോംബിന് ചുറ്റും നിന്ന് അവനെ അത്യന്തം ദയനീയമായി നോക്കി.

”അതിനെനിക്കറിയോ, ഇതിങ്ങനെയൊക്കെ വരുമെന്ന്?” സുട്ടാപ്പി അതിലും ദയനീയമായി അവരെ തിരിച്ചുനോക്കി മുറുമുറുത്തു.

”എന്നാല്‍ എല്ലാംകൂടി പൊട്ടി പണ്ടാരമടങ്ങണേന് മുമ്പ് വേറെയേതേലും ലിങ്കില്‍ഉണ്ടോന്നൊന്ന് തപ്പി നോക്ക് കോപ്പേ വേഗം…”

കാപ്പു പല്ലു ഞെരിച്ചപ്പോള്‍ സുട്ടാപ്പി വേഗം ഫോണെടുത്ത് റേഞ്ച് കിട്ടുന്നിടത്തേക്ക് മാറിനിന്ന് യൂട്യൂബില്‍തിരക്കിട്ട് സെര്‍ച്ച് ചെയ്യാന്‍തുടങ്ങി.

”പണി പാള്വോ,” മുസ്തു ബേജാറോടെ എല്ലാവരേയും മാറിമാറി നോക്കി.

”അതിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.”

”അല്ലേലും ഒരാവശ്യവുമില്ലാത്ത മറ്റോടത്തെ പരിപാടിയായിപ്പോയി ഇത്. ആ നേരം കൊണ്ട് വല്ല സപ്പറും ഉണ്ടാക്കിയാല്‍മതിയാര്‍ന്ന്,” നോക്കുട്ടന്‍തല ചൊറിഞ്ഞുകൊണ്ട് കാപ്പുവിനെ നോക്കി.

”അതിന് സപ്പറും മാങ്ങാത്തൊലിയും ഉണ്ടാക്കി മടുത്തെന്ന് പറഞ്ഞോണ്ടാണല്ലോ ഇപ്പണിക്ക് നിന്നത്.”

”ഉണ്ടാക്കാഞ്ഞിട്ട് എന്തായിരുന്നു എല്ലാവരുടേയും തെരക്ക്. ഇപ്പോ എന്തായി?” മുസ്തു പല്ലു കടിച്ചു.

അപ്പോഴേക്കും സുട്ടാപ്പി അവര്‍ക്കരികിലേക്ക് തിരിച്ചെത്തി. മേശപ്പുറത്തുള്ള വെള്ളത്തിന്റെ ജഗ്ഗെടുത്ത് അപ്പാടെ വായിലേക്ക് കമിഴ്ത്തി. എല്ലാവരും ഒരാന്തലോടെ അവനെ നോക്കി. അവന്‍ മേശയില്‍ കൈകളൂന്നി കിതച്ചു.

”എന്താഡാ?”

സുട്ടാപ്പി ചുണ്ടുകള്‍ഇടത്തേ ചുമലുകൊണ്ടൊപ്പി. ”അങ്ങനെ നിര്‍വീര്യമാക്കുന്നൊരു ലിങ്ക് യൂട്യൂബിലെവിടെയുമില്ല.”

ബോംബ് പൊട്ടിയതുപോലെ എല്ലാവരിലും ഒരു തരിപ്പുണ്ടായി.

ajijesh pachat, story , iemalayalam
ചിത്രീകരണം : വിഷ്ണുറാം


”ഇല്ലാന്നോ?” കാപ്പു സുട്ടാപ്പിയില്‍നിന്നും ഫോണ്‍പിടിച്ചുവാങ്ങി യുട്യൂബിലേക്ക് പാഞ്ഞുകയറി.

”അങ്ങനെ പറഞ്ഞാല്‍ശരിയാവൂലല്ലോ.”

അപ്പോഴേക്കും ബാക്കിയുള്ള മൂന്നുപേരും ഫോണിന് ചുറ്റും വട്ടമിട്ടുകഴിഞ്ഞിരുന്നു. എങ്ങനെ തല കുത്തിമറിഞ്ഞ് തിരഞ്ഞിട്ടും അവരുണ്ടാക്കയതു പോലുള്ള ബോംബ് നിര്‍വ്വീര്യമാക്കുന്ന ലിങ്ക് പോയിട്ട് ടെക്സ്റ്റ് പോലും എവിടെ നിന്നും കിട്ടിയില്ല. നാലുപേരും വിയര്‍ത്ത് കുളിച്ചു, ചങ്കുകള്‍കിടന്ന് പടപടേന്നടിച്ചു.

”ഇനിയിപ്പോ എന്താ ചെയ്യാ,” കാപ്പു ഫോണ്‍തിരികെ നല്‍കി നെറ്റിയുഴിഞ്ഞു.

കുറേ നേരത്തിന് ആരും ഒന്നും മിണ്ടിയില്ല, ഏതോ ഗംഭീര യുഗ്മഗാനം കഴിഞ്ഞതുപോലുള്ള പരിപൂര്‍ണ്ണ നിശബ്ദതയായിരുന്നു മുറിയില്‍. അവര്‍മൂന്നുപേരും ബോംബിലേക്കും നോക്കിയിരുന്നു.

”അവനവന്‍കുരുക്കുന്ന കുരുക്കളില്‍കുരുങ്ങുന്ന ഗുലുമാല്‍…”

പെട്ടെന്ന് മുസ്തുവിന്റെ ഫോണ്‍ബെല്ലടിക്കാന്‍തുടങ്ങി. കാപ്പു രൂക്ഷമായി മുസ്തുവിന് നേരെ തിരിഞ്ഞു. മുസ്തു വേഗം ചെന്ന് മൊബേലെടുത്ത് സ്‌ക്രീനില്‍തെളിഞ്ഞ ബാപ്പയുടെ താടിക്കപ്പുറത്തെ ചുവപ്പുവട്ടം മുകളിലേക്ക് വലിച്ചു. അതോടെ മുറി പിന്നെയും കുറച്ച് സമയത്തേക്ക് ശോകമായി.

”ചുളുവില്‍ എവിടേലും കൊണ്ടിട്ടാലോ…” ഒടുവില്‍സുട്ടാപ്പി അല്‍പം വിറയലോടെ ചോദിച്ചു.

”ഇതെന്താ പൂച്ചക്കുട്ടിയാണോ എവിടേലും കൊണ്ടു പോയിടാന്‍? അതൊന്നും നടക്കൂല. പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്. ഇന്നും നാളെയും ട്രിപ്പിള്‍ ലോക്ഡൗണാണ്. സകല സ്ഥലത്തും പൊലീസ് ചെക്കിങ്ങാ. പൊക്കിയാ തീര്‍ന്ന്. ഇന്ത്യേല് നടന്ന സകല ഭീകരപ്രവര്‍ത്തനോം തലേലാകും.”

”പടച്ചോനേ.” ഭീകരപ്രവര്‍ത്തനം എന്നു കേട്ടതും മുസ്തു ഫോണും പിടിച്ച് അങ്ങേയറ്റം വേവലാതിയോടെ ചുമരിലേക്ക് ചാരി, അവന്റെ കണ്ണുകള്‍നിറഞ്ഞിരുന്നു.

കാപ്പു എഴുന്നേറ്റ് താടിയുഴിഞ്ഞ് ചിത്രകഥകളിലെ രാജാക്കന്മാരെ പോലെ മുറിയില്‍നിരന്തരം ഉലാത്തി.

”ഇതിനൊക്കെ ഇവനെയൊറ്റയൊരുത്തനെ പറഞ്ഞാമതി. വേറെയൊരു പണ്ടാരവും കിട്ടിയില്ലല്ലോ, ഒണ്ടാക്കാന്‍. ഒരു തേങ്ങേലെ ബോംബുണ്ടാക്കല്. എന്റെ പാര്‍ട്ടിയെങ്ങാനും അറിഞ്ഞാ തീര്‍ന്ന്.” നോക്കുട്ടന് അതായിരുന്നു ആധി.

”ഓ, പിന്നേ… ബോംബുണ്ടാക്കത്തൊരു പാര്‍ട്ടി. അവരെപ്പോലെ എറിയാനായി കല്‍പ്പിച്ചൂട്ടി ഉണ്ടാക്കിയതൊന്നുമല്ലല്ലോ, ഒരോളത്തിനങ്ങ് ഉണ്ടായതല്ലേ?”

”നീ കണ്ടിട്ടുണ്ടോ ബോംബുണ്ടാക്കുന്നത്? ഏതായാലും നിന്റെ പാര്‍ട്ടിയെ പോലെ ഊ** പരിപാടികളൊന്നും ഞങ്ങള്‍ചെയ്യാറില്ല. വെറുതെ പാര്‍ട്ടിയെ കുറ്റം പറയരുത്, പറഞ്ഞേക്കാം.”

”പിന്നെ ഐഡിയ പറഞ്ഞതിന് എന്നെ കുറ്റം പറയുന്നതെന്തിനാ? നിങ്ങളെല്ലാവരും കൂടി ഇത്തോതില് ഏറ്റെടുക്കുമെന്ന് ഞാന്‍ ഉറക്കത്തില്‍പോലും വിചാരിച്ചതല്ല.”

”ഐറ്റംസ് വരട്ടെ, ഐറ്റംസ് വരട്ടെ എന്ന് പറഞ്ഞിട്ട് അവനിപ്പോ ഏറ്റെടുത്തതിലാ കുറ്റം. ഒരുമാതിരി മറ്റോടത്തെ വര്‍ത്തമാനം പറഞ്ഞാല്‍ ഒരൊറ്റന്നങ്ങട്ട് തരും ഞാന്‍,” നോക്കുട്ടന്‍ കൈമുട്ട് മടക്കി അവന് നേരെ ഓങ്ങി.

”കൊത്താങ്കള്ളി കളിക്കുന്നതിന് പകരം ഇതെന്തേലുമൊന്ന് ചെയ്യണതിനെ കുറിച്ച് ആലോചിക്ക് മൈ**! കാപ്പു ഇരുവരേയും നോക്കി പല്ലു ഞെരിച്ചു. ”അവന്റെ അപ്പാപ്പന്റെ പാര്‍ട്ടീം കോപ്പും.”

അതോടെ എല്ലാവരും വിളറി പിടിച്ച് നടക്കുകയും ഇരിക്കുകയുമൊക്കെ ചെയ്തു. മുറി വിസ്താരം കുറഞ്ഞതുപോലെ തോന്നി അവര്‍ക്ക്.

”മുസ്തുവെവിടെ?” പെട്ടെന്ന് സുട്ടാപ്പി ചുറ്റുവട്ടവും നോക്കിക്കൊണ്ട് ചോദിച്ചു.

”പറയുമ്പോലെ, അവനെവിടെ?”

കാപ്പുവും മുറി മൊത്തം പരതി, മുസ്തുവിനെ കണ്ടില്ല.

”ചിലപ്പോള്‍പേടിച്ച് മൂത്രമൊഴിക്കാന്‍പോയിട്ടുണ്ടാകും.”

നോക്കുട്ടന്‍ മേശപ്പുറത്തേക്ക് നോക്കി. ”അവന്റെ മാസ്‌ക്ക് ഇവിടെ ഇല്ലാലോ.. ഫോണും കാണാനില്ല. മൂത്രമൊഴിക്കാനെന്തിനാണ് ഫോണും മാസ്‌കും. ഞാനൊന്ന് നോക്കീട്ട് വരാം.” അവനും പതുക്കെ പുറത്തേക്ക് നടന്നു.

മുറിയില്‍ കാപ്പുവും സുട്ടാപ്പിയും ഒറ്റയ്ക്കായി. അവര്‍ തമ്മാത്തമ്മില്‍നോക്കി.

”നമുക്ക് ആ വീഡിയോ ഒന്നൂടി കണ്ടിട്ട് സാധനം നേരെ റിവേഴ്‌സില്‍അഴിച്ചെടുത്തു നോക്ക്യാലോ,” സുട്ടാപ്പി മടിച്ചുമടിച്ചു ചോദിച്ചു.

”ആ, അതിനടുത്തേക്കങ്ങട്ട് ചെല്ല്. ഇതിപ്പോള്‍ നമ്മള്‍ സംഘടിപ്പിച്ചു കൊണ്ടുവന്ന പൈപ്പും ബാറ്ററിയും വയറും മറ്റു കുണ്ടാമണ്ടികളുമല്ല. ബോംബാണ്, ബോംബ്. വേണ്ടാത്തോടത്ത് പോയി അഴിക്കാന്‍ നോക്കിയാല്‍ എപ്പം പൊട്ടിയെന്ന് ചോദിച്ചാല്‍മതി.”

”അങ്ങനെയൊക്കെ പൊട്ടുമോ?”

”നിന്റെ അണ്ടറിലല്ലേ ഉണ്ടാക്കിയത്. എനിക്കത്രങ്ങട്ട് വിശ്വാസം പോര. എന്തോ ഭാഗ്യത്തിനാ ഉണ്ടാക്കുമ്പോള്‍പൊട്ടാതിരുന്നത്.”

”ഇപ്പോ അങ്ങനെയായോ?”

”പിന്നല്ലാണ്ട്.”

”വല്ലാത്തൊരു വണ്ടീം വലേം ആയിപ്പോയി. അച്ഛനും അമ്മയും മരിപ്പു പരിപാടി കഴിഞ്ഞ് അവിടെ നിന്നും എപ്പോഴോ ഇറങ്ങിയിട്ടുണ്ട്. അവരെ സഹിക്കാം, പക്ഷേ എന്റെ കാര്‍ന്നോരുണ്ടല്ലോ ആ ഊളന്‍ സുമേഷ്. അവനെ സഹിക്കാനാ പാട്. ജനിച്ചപ്പോള്‍തൊട്ടുള്ള ചോറിച്ചിലാ അവന് എന്നോട്. ഇതും കൂടി ആയാല്‍എല്ലാം പൂര്‍ത്തിയാവും.”

”അവന്‍ചൊറിയുന്നത് നിന്റെ കൈക്ക് എല്ലില്ലാഞ്ഞിട്ടാ. രണ്ടെണ്ണം പൊട്ടിച്ചാ തീരാവുന്ന പ്രശ്‌നമേയുള്ളൂ. ഞാനതല്ല ആലോചിക്കണത്.. അഞ്ചാറ് കൊല്ലം തിരഞ്ഞ് മടുത്തിട്ടാ ഒന്നിനെ സെറ്റായത്. ഇതെങ്ങാനും നാട്ട്വാര് മണത്തറിഞ്ഞാ പിന്നെ അതെപ്പോ തീരുമാനമായെന്ന് ചോദിച്ചാ മതി…” കാപ്പു താടിക്കും കൈ കൊടുത്ത് ഇരുന്നു.

”പൊക്കിയാ ജയിലീന്ന് പുറത്തിറങ്ങാന്‍പറ്റൂലല്ലോ എന്നോര്‍ക്കുമ്പോഴാ അവന്റെയൊരു കല്യാണപ്പൂതി. വീട്ടുകാര് വരുന്നതിന് മുമ്പ് എങ്ങനെയെങ്കിലുമൊന്ന് ഊരണമല്ലോ പടച്ചോനേ.” സുട്ടാപ്പി കരയുന്ന പോലെയായി.

”ഇതും കൊണ്ടെന്തായാലും പുറത്തിറങ്ങാന്‍ പറ്റൂല.”

”നമുക്കിത് വെള്ളത്തിലിട്ട് നോക്ക്യാലോ?”

”വെള്ളത്തിലല്ല, കൊണ്ടുപോയി വെളിച്ചെണ്ണയിലിട്, എന്നിട്ട് കുറച്ച് മസാലയും കൂടെയിട്ട് പൊരിച്ചെടുക്ക്!” കാപ്പു സുട്ടാപ്പിയെ ഉഗ്രരൂപത്തിലൊന്ന് നോക്കി.

”ഓരോന്ന് ഒപ്പിച്ചുവെച്ചിട്ട്. അല്ല, ഇവന്മാരിത് എവിടെ പോയി?” കാപ്പുവിന്റെ നോട്ടം വാതിലിന് നേരെയായി.

”എന്തേലുമൊന്ന് ചെയ്യാനുള്ളപ്പോള്‍ ഒന്നിനേം കാണൂല്ല. നീ നോക്കുട്ടനൊന്ന് വിളിച്ചു നോക്കിക്കേ.”

സുട്ടാപ്പി ഫോണെടുത്ത് നോക്കുട്ടന് വിളിച്ചു. അങ്ങേത്തലയ്ക്കല്‍ഫോണ്‍സ്വിച്ചോഫായതിന്റെ അറിയിപ്പ് കേട്ടു.

”അവന്‍ സ്വിച്ച്ഡ് ഓഫാണല്ലോ.”

”സ്വിച്ച്ഡ് ഓഫോ? ഇപ്പോഴോ, അതെന്താദ്?” കാപ്പുവിന്റെ നെറ്റിചുളിഞ്ഞു.

”മുസ്തുവോ?”

സുട്ടാപ്പി വേഗം മുസ്തുവിന്റെ നമ്പരമര്‍ത്തി ചെവിയില്‍വെച്ചു. അതും സ്വിച്ച്ഡ് ഓഫ്‌!
കാപ്പുവിന് കാര്യം മനസ്സിലായി, അവന്‍ സുട്ടാപ്പിക്ക് നേരെ നോക്കി.

”അവരെയങ്ങനെ ഒറ്റയ്ക്ക് മുങ്ങാന്‍ ഞാന്‍ സമ്മതിക്കില്ല.” സുട്ടാപ്പി ഒരു കുതിപ്പിന് ബാല്‍ക്കണിയിലേക്കുള്ള ഡോർ തുറന്നു.

ajijesh pachat, story , iemalayalam
ചിത്രീകരണം : വിഷ്ണുറാം

സത്യത്തില്‍ അപ്പോഴാണ് നേരം ഇരുട്ടിയതിന്റെ ഏകദേശ ധാരണ അവര്‍ക്ക് കിട്ടുന്നത്. ചുറ്റുവട്ടത്തുള്ള വീടുകളിലെല്ലാം ലൈറ്റ് തെളിഞ്ഞു തുടങ്ങിയിട്ടുണ്ട്. എപ്പോഴോ വന്നേക്കാവുന്ന മഴയെ കാത്ത് തണുത്ത കാറ്റ് മരങ്ങളില്‍ കിടന്ന് ട്രപ്പീസ് കളിക്കുന്നു. ബാല്‍ക്കണിയിലേക്ക് കടന്നപ്പോള്‍ റോഡിലൂടെ ഒരു പൊലീസ് ജീപ്പ് നിലവിളി ശബ്ദമില്ലാതെ അരിച്ചരിച്ച് നീങ്ങുന്നത് കണ്ടു. അവന്‍പെട്ടെന്ന് പിന്നോട്ട് വലിഞ്ഞ് ചുമരിന്റെ മറവില്‍കുറച്ചുനേരം റോഡിലേക്കും പരിസരത്തേക്കുമായി നോക്കി നിന്നു. പിന്നെ നിവൃത്തിയില്ലാതെ തിരിച്ച് മുറിയിലേക്ക് കയറി.

വാതില്‍കുറ്റിയിട്ട് ഒരു മുട്ടന്‍തെറി വായിലിട്ട് ചവച്ച് തിരിഞ്ഞു നോക്കിയപ്പോള്‍ മുറിയില്‍ കാപ്പുവിനെ കാണാനുണ്ടായിരുന്നില്ല.

”കാപ്പ്വോ..” സുട്ടാപ്പി പതിയെ വിളിച്ചുനോക്കി. ഒരനക്കവുമില്ല!

രണ്ടുമൂന്നാല് വിളികള്‍ക്കു ശേഷം അവന്‍വേഗം മുറിയില്‍നിന്നും പുറത്തേക്കിറങ്ങി. സ്റ്റയറിലൂടെ താഴെയത്തിയപ്പോള്‍ സിറ്റൗട്ടിലേക്കുള്ള വാതില്‍പാതി തുറന്നു കിടക്കുന്നുണ്ടായിരുന്നു. കാര്‍പോര്‍ച്ചില്‍ വണ്ടികളൊന്നും കാണാനില്ല. കാപ്പുവിന്റെ നമ്പരിലേക്ക് വിളിച്ചപ്പോള്‍ ഔട്ട് ഓഫ് കവറേജ്!

വീടും ചുറ്റവട്ടവും തലകീഴായി കറങ്ങുന്നതുപോലെ തോന്നിയപ്പോള്‍ അവന്‍ വിറച്ചുകൊണ്ട് സിറ്റൗട്ടിലെ തടിയുള്ള കരിങ്കല്‍ത്തൂണും പിടിച്ച് വീഴാതെ നിന്നു. ആ നിന്ന നില്‍പ്പില്‍ അണ്ണന്‍കോ സംഘത്തിന്റെ ഗ്രൂപ്പില്‍ കയറി നാല് പച്ചത്തെറി പറയാം എന്നു കരുതി വാട്ട്‌സാപ്പ് തുറന്നതായിരുന്നു, ഗ്രൂപ്പ് ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുന്ന വിവരം അപ്പോഴാണ് അറിയുന്നത്.

പൊടുന്നനെ ലോകത്തില്‍ ഒറ്റയ്ക്കായതുപോലെ തോന്നി അവന്.

മുന്‍വശത്തെ വാതില്‍ഭദ്രമായി അടച്ച് സുട്ടാപ്പി മുറിയിലേക്ക് ഒരുവിധത്തില്‍ തിരികെയെത്തി. എന്താണ് ചെയ്യേണ്ടതെന്ന് ഒരു രൂപവുമില്ല. ഭീതിയോടെ താഴെ കിടക്കുന്ന ബോംബിലേക്ക് നോക്കി, കൈയ്യും കാലും കുഴയുന്നതുപോലെ തോന്നി. വെള്ളമെടുത്ത് മടമടാന്ന് കുടിച്ചു തീര്‍ത്തു. എന്തായാലും ഇത്തരമൊരു സംഭവം വീട്ടിനുള്ളില്‍തന്നെ വെക്കുന്നത് അത്ര ബുദ്ധിയല്ലെന്ന് അവന്‍ ഉറപ്പിച്ചു. സാധനം പുറത്തെവിടെയെങ്കിലും കൊണ്ടു പോയി പൂഴ്ത്താം എന്നു വിചാരിച്ച് എഴുന്നേറ്റ നേരത്താണ് ഫോണ്‍റിങ്ങ് ചെയ്തത്.

നേരത്തെ രാകിവെച്ച കോ-സംഘത്തിനുള്ള തെറികള്‍ അണപ്പല്ലിലിട്ട് ഒന്നൂടി മൂര്‍ച്ചക്കൂട്ടിയാണ് ഫോണെടുത്തത്. സ്‌ക്രീനില്‍ ദൃശ്യയുടെ നമ്പര്‍തെളിഞ്ഞപ്പോള്‍ കുറച്ച് സമാധാനം തോന്നി, അവന്‍ ഫോണ്‍ ചെവിയിലേക്ക് ചേര്‍ത്ത് ദീര്‍ഘമായ ഒരു ശ്വാസമെടുത്ത് കട്ടിലിലേക്കിരുന്നു.

ഉണ്ടായ സംഭവങ്ങളെല്ലാം അക്കമിട്ട് നിരത്തിക്കഴിഞ്ഞപ്പോള്‍ അവള്‍ കുനുകുനെ ചിരിച്ചു. ”ഇതെന്താടാ സിനിമാക്കഥയാണോ? എന്ത് രസ്സമാണ്!”

എന്ത് രസം! മനുഷ്യനിവിടെ അണ്ടിയും മണിയും കുടുങ്ങിക്കിടക്കുമ്പോഴാണ് അവളുടെയൊരു രസം! സുട്ടാപ്പി പുറത്തേക്ക് ചാടാനോങ്ങിയ കലിയെ ഏറെ പണിപെട്ട് കടിച്ചുപിടിച്ചു.

”എന്റെ പൊന്നുദൃശ്യേ, സീരിയസായി പറഞ്ഞതാണ്. വേണമെങ്കില്‍സാധനം ഞാന്‍ ഫോട്ടോയെടുത്ത് വാട്ട്‌സാപ്പ് ചെയ്യാം. അപ്പോ നിനക്ക് വിശ്വാസമാവുമല്ലോ.”

”വേണ്ട, വേണ്ട,” അവള്‍ പിന്നെയും ചിരിച്ചു. ”ഒരു സാനം കണ്ട പേടി തന്നെ തീര്‍ന്നിട്ടില്ലിതുവരെ..”

”ഉള്ളത് പറയാലോ, നിന്റെ തമാശ ആസ്വദിക്കാനുള്ള അവസ്ഥയിലല്ല ഞാന്‍. ശരിക്കും പെട്ടിട്ടുണ്ട്. ആ കുണാപ്പന്മാര്‍ എല്ലാവരും മുങ്ങി. നീയെന്നെയൊന്ന് സമാധാനിപ്പിക്ക് ദൃശ്യേ, എന്നിട്ട് ദയവുചെയ്ത് ഇതീന്ന് ഊരാന്‍എന്തെങ്കി ലും ഒരൈഡിയ പറഞ്ഞ് താ.” സുട്ടാപ്പിക്ക് സങ്കടം കൊണ്ട് കരച്ചില്‍ വരുന്നുണ്ടായിരുന്നു ശരിക്കും.

അവള്‍പെട്ടെന്ന് ഒന്ന് നിശബ്ദമായി.

”അതേയ് ഇതിലേക്ക് അച്ഛന്റെ കോള് വരുന്നുണ്ട്. ഞാനിപ്പോ വിളിക്കാവേ. നീ ഒന്നുകൊണ്ടും ടെന്‍ഷനടിക്കണ്ട. എല്ലാറ്റിനും നമുക്ക് വഴിയുണ്ടാക്കാം. ഞാനില്ലേ നിന്റെയൊപ്പം.” ഫോണ്‍കട്ടായി.

അവന്‍വേഗം ഓടിനടന്ന് വീട്ടിനുള്ളിലെ ലൈറ്റുകളെല്ലാം അണച്ചു. തൊണ്ട വീണ്ടും വരളാന്‍തുടങ്ങി. കാലിയായ വെള്ളത്തിന്റെ ജഗ്ഗെടുത്ത് പരതി പരതി പതുക്കെ മുറിക്ക് പുറത്തേക്കിറങ്ങി. പെട്ടെന്നായിരുന്നു ഏതോ വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകള്‍ വീടിന്റെ കോമ്പൗണ്ടിനുള്ളിലേക്ക് വളഞ്ഞുകയറിയത്.

ഇടിമിന്നലിലെന്നവണ്ണം ഞെട്ടിപ്പോയി അവന്‍, എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ സ്തംഭിച്ചു.

നിന്നിടത്തു നിന്നും അനങ്ങാതെ ചെവികള്‍കൂര്‍പ്പിച്ചു വെച്ചു.

ഡോറുകള്‍തുറക്കുന്നതിന്റേയും അടയ്ക്കുന്നതിന്റേയും ശബ്ദം!

അവന്‍ ഒരാളലോടെ മുറിയിലെ ഇരുട്ടിലേക്ക് തുറിച്ചുനോക്കി.

തുടരും

Read More: ഷ്രോഡിങ്ങറുടെ പൂച്ചകള്‍-നോവലെറ്റ് രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

*ക്വാണ്ടം സിദ്ധാന്തം സംബന്ധിച്ച് ഓസ്ട്രിയന്‍ ശാസ്ത്രജ്ഞനായ എര്‍വിന്‍ ഷ്രോഡിങ്ങൾ മുന്നോട്ടു വെച്ച എക്‌സ്പിരിമെന്റാണ് ‘ഷ്രോഡിങ്ങേഴ്സ് ക്യാറ്റ്.’

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Ajijesh pachat novellete schrodingers cat part 1