scorecardresearch

മരതകം- അജേഷ് വേലായുധൻ എഴുതിയ കഥ

“അവന്റെ പെങ്ങളൊന്നുമല്ലല്ലോ ഇത്ര ദെണ്ണപ്പെടാൻ. ഇതതൊന്നുമല്ല കാര്യം. അവനതിനെ വെച്ചോണ്ടിരിക്കുവായിരുന്നു. അപ്പോഴാണ് ഞാനെടേ കേറീത്. എന്നാലും അവനാ കാര്യം പറഞ്ഞാ മതി. ഞാൻ മാറിക്കൊടുക്കില്ലേ.” ഗ്ലാസ്സിലുള്ളത് തീർക്കാനും അടുത്തതൊഴിക്കാനും അവനൊന്ന് നിർത്തി. പിന്നെ തുടലയഞ്ഞതു പോലെ മയപ്പെട്ടു കൊണ്ട് തുടർന്നു.” അജേഷ് വേലായുധൻ എഴുതിയ കഥ

ajesh velayudhan, story ,iemalayalam
ചിത്രീകരണം : വിഷ്ണു റാം

ശനിയാഴ്ച, സന്ധ്യാസമയം. എനിക്കെന്തെന്നില്ലാത്തൊരാവേശം തോന്നി. ഒരു പാട്ടും പാടിക്കൊണ്ടുള്ള കുളിക്കിടെ സോപ്പ് നന്നായി പതച്ച്, പത കയ്യിൽ നിറച്ചു വെച്ച് ഭിത്തിയിലേക്ക് ഊതിപ്പറപ്പിച്ചു. പാതിഭിത്തി വിണ്ടുകീറി ലാലേട്ടനെപ്പോലെ ഒരു വശത്തേക്ക് ചരിഞ്ഞാണ് കുളിമുറിയുടെ നിൽപ്പ്. വിള്ളലിൽ നിന്നൊരു കുഞ്ഞുചെടി വളർന്ന് പുറത്തേയ്‌ക്കെത്തി നോക്കുന്നു. കുളി കഴിഞ്ഞു ചെന്നപ്പോൾ ‘വേറെ കറിയൊന്നുമില്ലെ’ന്നും പറഞ്ഞ് അത്താഴവും വിളമ്പിയുള്ള തള്ളേടെ നിൽപ് കണ്ടെനിക്ക് ചൊറിഞ്ഞു കേറി വന്നതാണ്. പോട്ടെ, മൂഡ് കളയണ്ടെന്ന് വിചാരിച്ച് ഞാനൊന്നും മിണ്ടിയില്ല. ഒരു മുളകും കടിച്ചു കൂട്ടി ചോറ് വാരിത്തിന്ന് സിഗരറ്റും കത്തിച്ച് ഞാനിറങ്ങി നടന്നു.

നേരെ കവലയിലേക്കുള്ള റോഡ് പിടിച്ചു നടന്ന് ജോണിച്ചേട്ടന്റെ റബ്ബർതോട്ടം വട്ടം കടന്നാൽ തറവാട്ടിലേക്ക് പെട്ടന്നെത്താം. എന്നാലും അത് വേണ്ട, സാലിയുടെ വീടിന്റെ വഴി പോകാമെന്ന് ഞാൻ തീരുമാനിച്ചു. മിക്കവാറും അവൾ കുളിക്കാനിറങ്ങുന്ന നേരമായിരിക്കും. ഞാനോടിക്കുന്ന സ്കൂൾ ബസിലെ കുഞ്ഞുങ്ങളുടെ ആയയാണ് സാലി. അവളൊരുത്തിയെക്കണ്ടിട്ടാണ് (അല്ല, വേറെ ചിലരെയും കണ്ടിട്ടാണ്) ഞാൻ ജോണിച്ചേട്ടന്റെ ഡ്രൈവർ പണി കളഞ്ഞ് പള്ളിയിലെ മാത്യൂസച്ചന്റെ കയ്യും കാലും പിടിച്ച് സ്കൂളിൽ കയറിയത്.

മാസമൊന്ന് കഴിഞ്ഞിട്ടും സാലി ട്രാക്കിൽ വീഴുന്ന ലക്ഷണമില്ല. അവൾക്ക് കെട്ട്യോനറിയാതെ, തൊട്ടപ്പുറത്തെ വീട്ടിലെ ജോജോയുമായി എടപാടൊണ്ട്. ഞാനൊരിക്കൽ നേരിട്ട് കണ്ടതാണ്. അന്നവളെ കയ്യോടെ പിടിച്ചൊന്ന് വിരട്ടിയിരുന്നെങ്കിൽ എനിക്കും കിട്ടിയേനെ. പക്ഷേ, അതിലൊരു രസമില്ല. പെണ്ണിനെ വളച്ചൊടിച്ച് മയക്കിയെടുക്കുമ്പോഴേ അതിന്റെ സുഖം കിട്ടൂ. സാലിയുടെ വീടിനു മുന്നിലൊരു കാർ നിർത്തിയിട്ടുണ്ട്. പുറത്താരെയും കാണാനില്ല. ഇരുട്ടിലൊന്നു പതുങ്ങിയാൽ കാര്യമെന്തെന്നറിയാം. ഇനി അവൾക്ക് വേറെ വല്ല കൊളുത്തുകളുമുണ്ടോ. നാശം പിടിക്കാനായിട്ട് വെളുത്ത ഷർട്ടുമിട്ടാണ് ഞാനിറങ്ങിയത്. ഒന്നിനും മുതിരാതെ ഞാൻ നേരെ തറവാട്ടിലേക്ക് വച്ച് പിടിച്ചു

തറവാടെന്ന് പറഞ്ഞാൽ സ്നേഹം കൊണ്ട് പൊതിയുന്ന മുത്തശ്ശിയും മുത്തശ്ശനും അമ്മാവനും അമ്മായിയും കുരുന്നുകളുമെല്ലാമുള്ള ആ സ്വർഗ്ഗമൊന്നുമല്ല. ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്നൊരു വീട്. ഞങ്ങൾ കൂട്ടുകാരെല്ലാം ചെന്ന് ചേരുന്നിടമായതു കൊണ്ട് അതിന് തറവാടെന്ന് പേരിട്ടതാണ്. സുധിയാണെന്ന് തോന്നുന്നു ആ പേരിട്ടത്. ഇതുപോലെ എന്തിനും ഏതിനും വട്ടപ്പേരിടാൻ അവൻ മിടുക്കനാ. ചില പേരുകൾക്ക് അതിന്‍റെ ഉടമകളുമായി യാതൊരു ബന്ധവുമില്ലെങ്കിലും ആ പേര് തന്നെയാണ് അവർക്കേറ്റവും ഇണങ്ങുകയെന്ന് ആദ്യം കേട്ടുകഴിയുമ്പോൾ തന്നെ നമുക്ക് തോന്നും. മഹേഷിന്, ഏതോ ഹിന്ദി സിനിമയിലെ അന്യഗ്രഹജീവിയുടെ ജാദു എന്ന പേരിട്ടതും സുധിയാണ്. എന്തായാലും ആ വികൃതരൂപത്തിന്‍റെ മുറിച്ച മുറിയാണ് മഹേഷെന്ന് പിന്നെ ഞങ്ങൾക്ക് തോന്നി. മഹേഷും അത് സമ്മതിച്ചുവെന്നതാണ് സത്യം. ഞങ്ങളെന്നാൽ ഞാൻ, മഹേഷ് (ജാദു), സുധീഷ് (സുധി), ബിനു ആന്‍റണി (ആന്റപ്പൻ).

ajesh velayudhan, story ,iemalayalam

ഞങ്ങൾ കുട്ടിക്കാലം മുതലേ കൂട്ടുകാരാണ്. സുധിയും ജാദുവുമാണ് ഈ സംഘത്തിന് തുടക്കം കുറിച്ചത്. അതിലേക്ക് ഞാൻ ചെന്ന് ചേർന്നു. ഒടുവിലെത്തിയ ആന്റപ്പനെ ആദ്യമൊക്കെ ഞങ്ങൾക്ക് തീരെ താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ കൗമാരത്തിളപ്പിൽ സുധിക്ക് ഒരു നാറിയ പെണ്ണ് കേസുണ്ടായപ്പോൾ സഹായിച്ചത് ഈ ആന്റപ്പനാണ്. അതോടെ ഞങ്ങൾ ഒരൊറ്റ വള്ളത്തിലായി. അന്ന് മുതലിന്നു വരെ പെണ്ണ് എന്ന ഒഴുക്കിലാണ് ഞങ്ങളുടെ അശ്രാന്തമായ തുഴച്ചിൽ. ഏതൊരു സൗഹൃദകൂട്ടത്തെയും കൊരുന്നു പോകുന്നൊരു ചരട് കാണുമല്ലോ. ഞങ്ങൾക്കത് പെണ്ണാണ്. പെണ്ണിനെ ഞങ്ങൾ പൊതുവെ ഐറ്റം, ചരക്ക്, സാധനം, മൊതല്, കുതിര എന്നൊക്കെയാണ് ശരീരഘടനയും സ്വഭാവവുമനുസരിച്ച് വിശേഷിപ്പിക്കാറ്.

ഞാൻ, ഉടുത്തിരുന്ന മുണ്ടഴിച്ച് തറവാടിന്റെ വരാന്തയിൽ വിരിച്ച് നീണ്ടു നിവർന്നു കിടന്നു. ഒരുത്തനെയും കാണുന്നില്ലല്ലോ, അതോ ഞാൻ നേരത്തെ വന്നതാണോ എന്നോർത്തുകൊണ്ട് പോക്കറ്റിൽ നിന്ന് കുറച്ച് ഹാൻസ് കുടഞ്ഞെടുത്ത് തിരുമ്മി ചുണ്ടിനടിയിൽ വച്ചു. ഈ സ്ത്രീവിഷയം അത്ര നിസ്സാരമായൊരു കാര്യമല്ല. ഏത് നാട്ടിലും പകൽവെളിച്ചത്തിൽ സാമാന്യബുദ്ധിക്ക് വിശദീകരിക്കാനാവാത്ത, കൺഫ്യൂഷനടിപ്പിക്കുന്ന എല്ലാ സംഭവങ്ങൾക്കും, ആളുകളുടെ പ്രവൃത്തികൾക്കും സ്ത്രീവിഷയവുമായി എന്തെങ്കിലുമൊരു ബന്ധം കാണും. ഇത് ജാദുവിന്റെ വാക്കുകളാണ്. ഇത് മാത്രമല്ല, കേട്ടാൽ കണ്ണുതള്ളുന്ന മറ്റുചില തിയറികൾ കൂടി ജാദുവിന്റേതായിട്ടുണ്ട്. ഒരു പെണ്ണിനെ കണ്ടാൽ, ഉടനടി, ഏറിപ്പോയാൽ ഒരു പത്തുമിനിട്ടിനകം, കന്യകയാണോ അല്ലയോ, ചുറ്റിക്കളി വല്ലതുമുണ്ടോ, എത്ര നാൾ എങ്ങനെയൊക്കെ മെനക്കെട്ടാൽ അവളെ തങ്ങളുടെ വഴിയിൽ വരുത്താം, ഭോഗസമയത്തുള്ള താൽപ്പര്യങ്ങളെന്തൊക്കെ, ഏത് രീതികളിൽ എത്ര കുതിപ്പ് കാണിക്കും എന്നുതുടങ്ങി അവളുടെ ആഴം വരെ അവനളക്കുമെന്നാണ് ഞങ്ങൾ പറയാറ്. ഇങ്ങനെ ഓരോന്ന് പറഞ്ഞു പുകഴ്ത്തുമ്പോൾ, ഒരു പുരസ്‌കാരജേതാവ് പ്രകീർത്തിക്കപ്പെടുമ്പോഴെന്നപ്പോലൊരു ചിരി അവന്റെ മുഖത്ത് തെളിയും, അത്, കാണാനെനിക്കിഷ്ടമാണ്.

ജാദുവിന്റെ തിയറികളെ ഞങ്ങളാദ്യമൊന്നും വിശ്വസിച്ചിരുന്നില്ല. അത് തെളിയാനിടയായ സംഭവമാണ് ഞങ്ങളുടെ രാത്രിപരാക്രമങ്ങൾക്ക് തുടക്കം കുറിച്ചതെന്നു പറയാം. തെങ്ങുകയറ്റക്കാരൻ വർക്കി ഓട്ടോക്കാരൻ രമണന്റെ വീടിനടുത്ത് മൂന്നോ നാലോ ദിവസം കൂടുമ്പോഴെങ്കിലും കള്ളുകുടിച്ച് ഓഫായിക്കിടക്കാറുണ്ട്. എന്ന് വച്ചാൽ ഷാപ്പിൽ നിന്ന് കുടി കഴിഞ്ഞിറങ്ങുന്ന വർക്കി രമണന്റെ വീട്ടുപരിസരത്തെത്തുമ്പോൾ ലഹരി മൂത്ത് കുഴഞ്ഞുവീണുറക്കമാവും. എപ്പോഴാണ് അയാളെഴുന്നേറ്റു പോകുന്നുവെന്നാർക്കുമറിയില്ല. ഇതിന് പിന്നിലൊരു രഹസ്യം കാണുമെന്ന് ജാദു പറഞ്ഞപ്പോൾ ഞങ്ങൾ വിശ്വസിച്ചില്ല.

ഒരു ദിവസം സന്ധ്യാസമയത്തോടെ ഞങ്ങൾ നാലുപേരും രമണന്റെ വീടിനോട് ചേർന്നുള്ള റബ്ബർതോട്ടത്തിനെ റോഡിൽ നിന്ന് വേർതിരിക്കുന്ന ചെറിയ ഈട്ടയുടെ പിറകിൽ മറഞ്ഞുകിടന്നു. ആടിക്കുഴഞ്ഞു വന്ന വർക്കി പതിവ് സ്പോട്ടിൽ വീണുറക്കമായി. മണിക്കൂറുകൾ കഴിഞ്ഞുപോയി. രാത്രി ഒരു പന്ത്രണ്ടുമണിയോടെ ഞെട്ടിപ്പിടഞ്ഞെണീറ്റ വർക്കി പതിയെ റോഡും മുറ്റവും കടന്ന് രമണന്റെ കക്കൂസിലേയ്ക്ക് കയറി. സൂക്ഷ്മതയോടെയാണവന്റെ കാൽവയ്പ്. ഞങ്ങൾക്കൊന്നും മനസ്സിലായില്ല. ഒരഞ്ചുമിനിറ്റ് കഴിഞ്ഞില്ല. ദാ ഇറങ്ങി വരുന്നു രമണന്റെ പെണ്ണുംപിള്ള. പിന്നെ പറയണോ പൂരം. അത് തന്നെ. ഞങ്ങൾ കൊറേക്കൂടി മുന്നോട്ടു ചെന്ന് കക്കൂസിന്റെ ഭിത്തിയോട് ചേർന്നുനിന്ന് എല്ലാം ആസ്വദിച്ചു. പിറ്റേന്ന് ഷാപ്പിലന്വേഷിച്ചപ്പോഴല്ലേ അറിയുന്നത്, വഴീകിടക്കുന്ന കുടിയൻ വർക്കി ഒരു കുപ്പി കള്ളുപോലും തികച്ചു കുടിക്കാറില്ല. അന്ന് തുടങ്ങിയതാണ് ഞങ്ങളുടെ “രതി”യന്വേഷണ പരീക്ഷണങ്ങൾ.

ajesh velayudhan, story ,iemalayalam

ലക്ഷ്യം വച്ച് തന്ത്രങ്ങൾ മെനഞ്ഞ്, പണി പോലും കളഞ്ഞ് കരുക്കൾനീക്കി. കുടിയന്മാരുടെ ഭാര്യമാരാണ് ലിസ്റ്റിൽ ഫസ്റ്റ്. പിന്നെ പാവപ്പെട്ട വീട്ടിലെ പെണ്ണുങ്ങൾ, അങ്ങനെയങ്ങനെ. ഒത്തുകിട്ടിയാൽ ഒന്നിനേം വിടരുതെന്നൊരു അലിഖിത നിയമം എല്ലാവരുടെയും മനസ്സിലുമുണ്ട്. ഇടയ്ക്കൊക്കെ കള്ള് മൂക്കുമ്പോൾ ഓരോരുത്തരുടെയും അവയവപുഷ്ടിവ്യത്യാസങ്ങളും അവരിൽ പ്രയോഗിച്ച വ്യത്യസ്ത രീതികളും പറഞ്ഞ് ഞങ്ങൾ ചിരിച്ചു മറിയും. വർഷങ്ങൾ കടന്നു പോയപ്പോൾ ഞങ്ങൾ സ്ഥിരം കാണാതായി. ആന്റപ്പന്റെ കല്യാണം കഴിഞ്ഞു. സുധിയുടെ കല്യാണം മുടങ്ങി. ജാദു നല്ലൊരു കുടിയനായി. അങ്ങനെ ഞങ്ങളുടെ കൂടിക്കാഴ്ച ഇപ്പോ ശനിയാഴ്ച മാത്രമായി ചുരുങ്ങി. ഞാനും കുറച്ചൊക്കെ മാറിപ്പോയെങ്കിലും എല്ലാവരും അവനവാനാവും വിധം ഇപ്പോഴും കർമ്മനിരതരാണ്.

“ഡാ ജോർജ്ജേ” വന്നു വില്ലന്മാര്. വിളിച്ചത് ജാദുവാണ്. എല്ലാവരും എന്നെ ലാക്കാക്കി വട്ടം കൂടിയിരുന്നു. ആന്റപ്പൻ എളിയിൽ നിന്ന് കുപ്പിയെടുത്ത് തുറന്ന് ഗ്ലാസ്സുകളിലൊഴിച്ചു. മിക്സ്ചർ പാക്കറ്റ് പൊട്ടിച്ചുവച്ചു. ഞങ്ങളടി തുടങ്ങി, പിന്നാലെ കഥകളും. ഞാൻ വെറുതെ കേട്ടിരുന്നു. കഴിഞ്ഞ ഒരു മാസമായിട്ട് ഞാൻ കന്യകനാണ്. ഫേസ്ബുക്കിൽ വരുന്ന, ‘നടിക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും’ ലിങ്കുകളൊക്കെ തുറന്നു മടുത്തിരിക്കുകയാണ് ഞാൻ. സുധി ഏതോ ഒരുത്തിയെ ബസിലിട്ട് പിടിച്ചുവത്രെ. അത് കഴിഞ്ഞപ്പോൾ ആന്‍റപ്പൻ തന്‍റെ ഭാര്യയുടെ അടുത്ത് പ്രയോഗിച്ച പുതിയൊരു മുറയെടുത്തിട്ടതും എന്റെ അരക്കെട്ടിലൊരു കമ്പിത്തിരി വീണുപൊട്ടൻ തുടങ്ങി. ജാദു ഒന്നും മിണ്ടുന്നില്ല. വലിയ വെടി പൊട്ടിക്കാനുള്ള കാത്തിരിപ്പാണ്. എനിക്കറിയാമവനെ. ദാ, അവൻ സംസാരിച്ചു തുടങ്ങി.

“ഞാനൊരു പുതിയ സാധനത്തിനെ കൈ വച്ചു.” അനുഭവിച്ചു കഴിഞ്ഞ അനുഭൂതി ഞങ്ങളിലേക്ക് പകരാൻ സംഭവം മനസ്സിൽ മിനുക്കിയെടുക്കുന്നതുപൊലെ നിർത്തിനിർത്തി ശബ്ദം വല്ലാതെ താഴ്ത്തിയാണ് അവൻ സംസാരിക്കാൻ തുടങ്ങിയത്.

“നിങ്ങളാരും പ്രതീക്ഷിക്കാത്ത ഐറ്റം,” അവൻ പറഞ്ഞു.

“ആരാ…” ആന്റപ്പൻ ആകാംക്ഷപ്പെട്ടു.

“പവിത്രേട്ടന്‍റെ മോള്,” അവൻ ചെറുചിരിയോടെ പറഞ്ഞു.

“കിങ്ങിണിയിവിടില്ലല്ലോ കെട്ടിയോന്റെ വീട്ടിലല്ലേ?” ഞാൻ ചോദിച്ചു. അവനൊന്നും മിണ്ടുന്നില്ല.

“അപ്പൊ വാവ” സുധി ഉറപ്പിച്ചു. അല്ലെന്ന് അവൻ കണ്ണിറുക്കി.

“പിന്നാര്, മുത്തോ?” ഞാനാണ് ചോദിച്ചത്. എന്റെ ശബ്ദമാകെ മാറിയിരുന്നു.

“അതെ മുത്ത് തന്നെ, അവൾ മുത്തല്ലാ മുത്തുമണിയാണ് മോനെ” ജാദു സ്വയം നിയന്ത്രിക്കാനെന്നവണ്ണം പിന്നിലേക്ക് ചാഞ്ഞു.

“ഇതെങ്ങനെ സാധിച്ചളിയാ?” ആന്റപ്പൻ മുണ്ടൊന്ന് നേരെയിട്ടു.

“മിനിയാന്ന് സന്തോഷിന്റെ തറപണിക്കെടയ്ക്ക് കൂടമെടുക്കാൻ വേണ്ടിയിട്ടാ ഞാൻ പവിത്രേട്ടന്‍റെ വീട്ടിൽ ചെന്നത്,” അവൻ പറയാൻ തുടങ്ങി: “അതിന് മുൻപൊരു ദിവസം അയാളുടെ കൂടെ കള്ളുകുടിക്കാൻ പോയപ്പോളവിടെ വച്ചുമറന്നതായിരുന്നു. ഞാൻ ചെല്ലുമ്പോൾ വാതിലെല്ലാം അടഞ്ഞു കിടക്കുവാ. കൂടമെടുക്കാനായിട്ട് നേരെ പൊറകിലെ തണ്ടികയിലേക്ക് നടന്നതും ഈ മുത്ത് ധൃതിപിടിച്ച് മുറിയിലൂടെ പായുന്നത് ഞാൻ ജനലിലൂടെ കണ്ടു. കയ്യിലെന്തോ ഉണ്ട്. എന്നെ അവൾക്ക് പണ്ടുമുതലേ ചെറിയ പേടിയുണ്ട്. നിനക്കറിയാലോ അത്.”

അവനെന്റെ നേരെ നോക്കിക്കൊണ്ട് തുടർന്നു.

“ഞാൻ നേരെ ജനലിനോട്‌ ചേർന്ന് നിന്ന് കലിപ്പിച്ചങ്ങ് ചോദിച്ചു. എന്താടി അത്? അവൾ ഞെട്ടിപ്പോയി. ‘ഒന്നൂല്ല ചേട്ടാ ഒന്നൂല്ലാ’ന്നൊക്കെയുള്ള അവളുടെ കാറലൊന്നും ശ്രദ്ധിക്കാതെ ഞാനങ്ങ് തള്ളിക്കേറിച്ചെന്നു. പിന്നെ രണ്ടു ചീത്തവിളി. കണ്ണ് നിറഞ്ഞപ്പോൾ ആശ്വസിപ്പിക്കാനൊരു കെട്ടിപ്പിടുത്തം. ഒന്നും ആരോടും പറയില്ല. ഞാൻ പറയുന്നത് അനുസരിക്കാമോ. എനിക്കൊരുപാടിഷ്ടമാണ്. അങ്ങനെയങ്ങനെ നമ്മടെ സ്ഥിരം നമ്പറുകൾ.”

“അപ്പൊ പരിപാടി നടന്നോ?” ആന്റപ്പൻ ഇടിച്ചുകയറുന്നു.

“ഹേയ്, ഒറ്റയടിക്ക് അവിടം വരെ കൊണ്ടെത്തിച്ചാ പേടിച്ചു പോയാലൊന്നെനിക്കൊരു സംശയം. നല്ല രീതിയിൽ കൈക്രിയകളൊക്കെ നടത്തിനിർത്തി.”

എനിക്ക് ആകെ തണുത്ത്മരവിച്ചതുപോലെ തോന്നി. കേട്ടതൊക്കെ ഒരു ദുഃസ്വപ്നമായിരിക്കണേയെന്നു നൊടിയിടയിൽ പ്രാർത്ഥിച്ചുകൊണ്ടും മനസ്സിലുരുവിട്ടതൊരു പ്രാർത്ഥനയാണെന്ന ഞെട്ടലോടെയും ഞാൻ ചോദിച്ചു “അതിനവളൊരു കുഞ്ഞുകൊച്ചല്ലേ?”

“അത് പൊറമെന്ന് നോക്കുമ്പോഴല്ലേ. കൊച്ച് സ്കൂളിലും ബാക്കിയൊക്കെ കോളേജിലുമാണ് മോനെ” ജാദു ഉള്ളംകൈകൾ കൂട്ടിത്തിരുമ്മി.

“അതിലേറ്റവും വലിയ കോമഡിയെന്താന്ന്വച്ചാ അവളെന്താണൊളിപ്പിക്കാൻ ശ്രമിച്ചേന്നൊള്ളത് ഞാൻ കണ്ടിട്ടേയില്ല.” അവൻ പൊട്ടിപൊട്ടിചിരിച്ചു.

എല്ലാവരും പോകാനൊരുങ്ങിയപ്പോൾ ഞാനുമെഴുന്നേറ്റു നടന്നു. പവിത്രേട്ടനും മൂന്നു മക്കളും എന്റെ അയൽക്കാരാണ്. മുത്തിന്റെ ജനനത്തോടെ അയാളുടെ ഭാര്യ മരിച്ചു. അതിന് ശേഷം ആ മൂന്നു മക്കളാണ് അയാൾക്കെല്ലാം. മൂത്തവളായ കിങ്ങിണിയുടെ കല്യാണത്തിന് ശേഷം കോളേജിൽ പഠിക്കുന്ന വാവയാണ് വീട്ടിലെ കാര്യങ്ങളൊക്കെ നോക്കുന്നത്. എന്താവശ്യത്തിനും അവരോടി വരുന്നതെന്റ വീട്ടിലേക്കാണ്. എന്റെ അമ്മ, ഒരേയൊരു മകനായ എന്നെക്കാളും സ്നേഹിക്കുന്നത് ആ മൂന്നു കുഞ്ഞുങ്ങളെയാണ്. വിഴുങ്ങാൻ കഴിയാത്തതെന്തോ ഒന്ന് തൊണ്ണക്കുഴിയിലേയ്ക്ക് തിക്കിക്കയറി വരുന്നത് ഞാനറിഞ്ഞു.

പിറ്റേന്ന് മുഴുവൻ ഞാൻ പുറത്തിറങ്ങാതെ മുറിയിൽ തന്നെ അടച്ചിരുന്ന് കഴിച്ചു കൂട്ടി. ചെറിയൊരു പനിയും കൂട്ടിനെത്തി. മുത്തിന് തലവേദനയാണെന്നും പറഞ്ഞ് വാവ ഇടയ്ക്കൊന്ന് വന്നുപോയെന്ന് അമ്മ പറഞ്ഞു. വൈകുന്നേരം ആന്റപ്പന്റെ ഫോൺ വന്നെങ്കിലും ഞാനെടുത്തില്ല. ഇനിയെന്താണ് വേണ്ടതെന്നെനിക്കൊരു രൂപവും കിട്ടുന്നില്ല. എല്ലാത്തിലുമുപരി എന്നെ കുഴയ്ക്കുന്നത് പിണഞ്ഞുകെട്ടുന്ന എന്റെ ചിന്തകളാണ്. ആർക്കു വേണ്ടിയും ഒന്നിന് വേണ്ടിയും ഞാനെന്റെ കൂട്ടുകാർക്കെതിര് നിൽക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല.

മുത്തിനോട് എനിക്കുള്ള വികാരമെന്താണ്? പെങ്ങളോ അതോ മകളോ. എനിക്കറിയില്ല. മുത്തിനെ സംരക്ഷിക്കണമെന്നൊരു ചിന്ത എന്നിലിതുവരെ ഇല്ലായിരുന്നുവെന്നെനിക്കുറപ്പാണ്. ഒരു നിമിഷാർദ്ധം കൊണ്ട് ഇതെവിടെ നിന്ന് വന്നു വീണു, മുളച്ചു പൊന്തി, വേരാഴ്ത്തി പടർന്നു പന്തലിച്ചു. അതിനായി എനിക്കെന്തു ചെയ്യാൻ കഴിയും. ഞങ്ങളുടെ ഇതുവരെയുള്ള വേട്ടകളിൽ ആരും ഒരു കുഞ്ഞിനെ തൊട്ടിട്ടില്ല. എന്നിട്ടും ആന്റപ്പനും സുധിയും ഒന്നും മിണ്ടിയില്ല. അവർക്കും അങ്ങനെയൊരു ചിന്ത ഉണ്ടെന്നാണോ.

ajesh velayudhan, story ,iemalayalam

തിങ്കളാഴ്ച രാവിലെ ഓട്ടം കഴിഞ്ഞ് സ്കൂളിൽ നിൽക്കുമ്പോ മുത്തിന്റെ ക്ലാസ് ടീച്ചർ വരാന്തയിലൂടെ നടന്നു വരുന്നത് ഞാൻ കണ്ടു. ഞാനോടിച്ചെന്ന് അവളെപ്പറ്റി അന്വേഷിച്ചു.

“അവൾക്ക് കൊഴപ്പോന്നൂല്യ, ജോർജിന്റെ ആരാ ആ കുട്ടി?” ടീച്ചർ ചോദിച്ചു.

ഞാനൊന്നും മിണ്ടിയില്ല. കാര്യം പറഞ്ഞാലോ. എന്റെ നാവിൻതുമ്പ് തരിച്ചു. പക്ഷെ എങ്ങാനും പൊലീസ് കേസായൽ എന്താകും ജാദുവിന്റെ അവസ്ഥ. ഇമ്മാതിരി കേസിൽ പെട്ടന്ന് വിധിയാകുമെന്നും അകത്തുകിടക്കേണ്ടി വരുമെന്നും ചായക്കടയിലൊരു സംസാരമുണ്ടായത് ഞാനോർത്തു. എന്റെ പേരെങ്ങാനും അവൻ പറഞ്ഞാലോ? പറഞ്ഞാലും ഇല്ലെങ്കിലും ഇതിൽ എനിക്കുമൊരു പങ്കുണ്ടെന്ന് എന്തോ ഒരു തോന്നൽ ദാ,ഇപ്പൊ, മനസ്സിൽ. ഞങ്ങളെല്ലാം ഇത്രയും നാളും ചെയ്തതിന്റെ മറ്റൊരു വശമാണല്ലോ ഇതും. അപ്പൊ പെട്ടന്ന് ഇടയ്ക്കുകയറി ഇതിൽ മാത്രം അവനെയെങ്ങനെ കുറ്റപ്പെടു ത്തും. കിങ്ങിണീനേം വാവേനേം ജാദു എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്ന് എനിക്കിപ്പോ സംശയമുണ്ട്. അവർക്ക് അവനെ കാണുന്നതേ കലിയാണ്. പക്ഷെ അവരെപ്പറ്റി ഞങ്ങളോടൊന്നും അവൻ പറഞ്ഞിട്ടില്ല. പിന്നെ ഇത് മാത്രമെന്തിന് പറഞ്ഞു. എനിക്കാകെ പെരുത്ത് കയറുന്നു.

ദിവസങ്ങളിങ്ങനെ കൊഴിഞ്ഞു പോകവേ ജാദുവിനെ സ്ഥിരമായി പവിത്രേട്ടന്റെ കൂടെ കാണാൻ തുടങ്ങിയത് എന്റെ ഉറക്കം കെടുത്തി. വന്നെത്തിയ രണ്ട് ശനിയാഴ്ചകളിലും സുഖമില്ലെന്ന് പറഞ്ഞ് ഞാൻ തറവാട്ടിലേക്കുള്ള പോക്കൊഴി വാക്കി. മുത്തിനെയിപ്പോൾ സ്കൂളിലല്ലാതെ കാണാറേയില്ല. അവളെപ്പറ്റി പവിത്രേട്ടനോടോ വാവയോടോ തിരക്കാൻ എനിക്ക് ധൈര്യം വന്നില്ല. മുത്ത് സ്കൂളിൽ വന്നിട്ടില്ലെന്നറിഞ്ഞ ഒരു ദിവസം ഉച്ചയ്ക്കുണ്ണാനായി ഞാൻ ബൈക്കിൽ വീട്ടിലേക്കു വരികയായിരുന്നു. പവിത്രേട്ടന്റെ വീട്ടിലേയ്ക്ക് തിരിയുന്ന ഇടവഴിയിലെ വേലിച്ചെടികളോട് ചേർന്ന് ജാദുവിന്റെ ബൈക്ക് പതുങ്ങിയിരിക്കുന്നത് പെട്ടെന്നെന്റെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ വണ്ടി നിർത്തി മൊബൈലെടുത്ത് അവനെ വിളിച്ചു നോക്കി. എടുക്കുന്നില്ല. എനിക്ക് ശ്വാസം മുട്ടൻ തുടങ്ങി. പവിത്രേട്ടനും വാവയും വീട്ടിലില്ലെന്നുറപ്പാണ്. ഞാൻ വീട്ടിൽ ചെന്ന് അമ്മയെ അങ്ങോട്ടയച്ചെങ്കിലും വിളിച്ചിട്ടാരും തുറക്കുന്നില്ലെന്നും പറഞ്ഞ് അമ്മ തിരിച്ചു വന്നു. അടഞ്ഞു കിടക്കുന്ന വാതിലുകൾക്കും ജനലുകൾക്കും പിന്നിൽ നടക്കുന്നതെന്തെന്നോർത്ത് എന്റെ നശിച്ച ഭാവന വിടരവെ വൈകിട്ടത്തെ ഓട്ടത്തിന് സ്കൂളിലേയ്ക്ക് പോവാനാകാതെ ഞാൻ മുറിയിൽ കിടന്നു വെന്തുരുകി.

കത്തിപ്പടർന്ന ആലോചനയ്ക്ക് ശേഷം ചെയ്യുന്നതെന്തെന്നൊരു വ്യക്തതയില്ലെങ്കിലും പവിത്രേട്ടന് ഇതിനെപ്പറ്റിയൊരു സൂചനയെങ്കിലും കൊടുക്കാനുറച്ച് സന്ധ്യക്ക് ഞാൻ ആ വീട്ടിലേക്ക് ചെന്നു. മുത്ത് ഒരു പുസ്തകവും മടിയിൽ വച്ച് ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്നുണ്ട്. അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നതല്ലാതെ വായിക്കുന്നില്ല. എന്നെക്കണ്ടതും ഞെട്ടിയെഴുന്നേറ്റ് അകത്തേയ്ക്ക് പോയി. ഞാൻ മുറ്റത്ത് തന്നെ നിന്ന് പവിത്രേട്ടനെയും വിളിച്ച്, റോഡിലേക്കിറങ്ങി. ആള് നല്ല വെള്ളത്തിലാണ്.

“ചേട്ടനിങ്ങനെ കുടിക്കരുത്, പിള്ളേരൊള്ള വീടല്ലേ…” മുഖവുരയൊന്നും കൂടാതെ ഞാൻ എടുത്തടിച്ചു പറഞ്ഞു. അയാളെന്നെ ആക്കിയൊന്ന് ചിരിച്ചു. ഒന്ന് പതറിയെങ്കിലും ഞാൻ തുടർന്നു.

“കുടിച്ചാലും വേണ്ടില്ല, ഇതിനായിട്ട് ആരേം വീട്ടിലേയ്ക്ക് വിളിച്ചോണ്ട് വരരുത്.” എന്റെ തല കുനിഞ്ഞു കിടന്നു. പവിത്രേട്ടന്റെ മട്ടു മാറി.

“എടാ, നീയുദ്ദേശിച്ചതെനിക്ക് മനസ്സിലായി.” വഴങ്ങാത്ത നാവിൽ അയാൾ തുടർന്നു.

“ഞാൻ ജനിച്ചു വളർന്ന നാടായിത്. നിങ്ങളെയൊക്കെ ഞാനെന്റെ മക്കളെപ്പോലെയാ കാണണേ. അതുകൊണ്ട് തന്നെ ഏതവനും, ഏത് പാതിരാത്രീലും ഈ വീട്ടിൽ കേറി വരാം. ആരും, ഒരുത്തനും ഈ പവിത്രനെ ചൊറിയൂല്ല. ആ ഒറപ്പെനിക്കൊണ്ട്.” എനിക്ക് നല്ല ദേഷ്യം വന്നു.

“അതല്ല ചേട്ടാ ഇന്നത്തെക്കാലത്ത് ആരേം വിശ്വസിക്കാൻ പറ്റില്ല.”

“ഓഹോ അങ്ങനെയാണോ മഹേഷേ…”

അയാൾ വീട്ടിലേക്ക് നോക്കിക്കൊണ്ടാണത് പറഞ്ഞത്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എല്ലാം കേട്ടുകൊണ്ടെന്ന പോലെ ജാദു പവിത്രേട്ടന്റെ വീട്ടിൽ നിന്നിറങ്ങി വരുന്നു. നൊടിയിട കൊണ്ട് തിരിഞ്ഞുനോക്കാതെ ഞാനോടുമ്പോൾ പവിത്രേട്ടന്റെ നീട്ടിയുള്ള വിളികൾ കേൾക്കാമായിരുന്നു. എന്നെത്തിരഞ്ഞവർ വീട്ടിൽ വന്നപ്പോൾ ഇവിടില്ലെന്ന് കട്ടിലിനടിയിലിരുന്ന് അമ്മയെക്കൊണ്ട് ഞാൻ കള്ളം പറയിപ്പിച്ചു.

കാര്യമെന്തെന്ന അമ്മയുടെ ചോദ്യത്തിന് ഞാനൊരു പൊട്ടച്ചിരി ചിരിച്ചു. അവനെന്നെ ഉപദ്രവിക്കുമോയെന്നെനിക്ക് പേടി തോന്നിയോ? ആളൊരു കാളക്കൂറ്റനാണ്. ബലിഷ്ഠമായ കൈത്തണ്ടകൾ, ചാഞ്ഞുകയറുന്ന കഷണ്ടിക്കിണങ്ങും വിധം പിരിച്ചു വച്ച മീശ, മുന്നോട്ട് തുറിച്ചതെങ്കിലും നിഗൂഢമാം വിധം പാതിയടഞ്ഞ കണ്ണുകൾ, സമൃദ്ധമായ കുടവയർ, ദേഹമാകെ നിറഞ്ഞു നിൽക്കുന്ന ചുരുണ്ട രോമക്കാട്. മുണ്ടു മടക്കിക്കുത്തി നിന്നാൽ അസ്സലൊരു വിത്തുകാള. എന്റെ മൊബൈലിലേക്ക് സുധിയും ആന്റപ്പനും മാറിമാറി വിളിക്കുന്നുണ്ട്. ഞാനെടുത്തില്ല. ഇതിനോടകം അവരും കാര്യമറിഞ്ഞു കാണും. ഒടുവിൽ രണ്ടും കൽപ്പിച്ച് ഞാൻ ആന്റപ്പന്റെ കോളെടുത്തു. എന്നാൽ ദേഷ്യമില്ലാതെ മയത്തിൽ തെളിമയോടെ എന്നോട് സംസാരിച്ചത് ജാദുവാണ്.

ajesh velayudhan, story ,iemalayalam

“നീയെന്തിനാടാ പവിത്രേട്ടനോട് ഓരോന്ന് പറയാൻ പോയത്?” ഞാനൊന്നും മിണ്ടിയില്ല.

“നിനക്കതിനെ നോട്ടമുണ്ടായിരുന്നെങ്കി പറഞ്ഞാ പോരെ. ഇപ്പോഴാണേലും ഞാനൊന്നും ചെയ്തിട്ടില്ല. നീ ആയിക്കോ. അതിനിങ്ങനെ വളഞ്ഞു മൂക്ക് പിടിക്കണോ മോനെ”

“എനിക്ക് വേണ്ട…” ഞാൻ പെട്ടന്ന് പറഞ്ഞു.”അതല്ല കാര്യം. ഇതൊന്നും ശരിയല്ല.”

“ഇത്രനാളും കൂടെ നിന്നിട്ടിപ്പോ വല്യ പുണ്യാളൻ ചമയനാണോ മൈ*** നിന്റെ ഭാവം?” ജാദുവിന്റെ ഒച്ചയുയർന്നു.

“നീയതിനെ കൊറേ കാലം മടിയിൽ പിടിച്ചിരുത്തിയിട്ടുള്ള കഥയൊക്കെ എനിക്കറിയാം കേട്ടോടാ നാറി…” അവൻ ചിരിച്ചു. അവൻ പറഞ്ഞതെന്താണെന്ന് തിരിച്ചറിഞ്ഞ നിമിഷം എന്റെ തലയിലേക്ക് എന്തെല്ലാമോ ഇരച്ചു കയറി. എന്റെ മുഷ്ടിക്കുള്ളിലവനെന്ന പോലെ ഞെരിച്ചുകൊണ്ട് മൊബൈൽ ഞാൻ നിലത്തേക്ക് ആഞ്ഞെറിഞ്ഞു. ഒരായിരം കഷ്ണങ്ങളായി അത് ചിതറുന്ന കാഴ്ച ഒരു ഉച്ചാടനം പോലെ എന്റെ പേടിയെ പായിച്ചു. ഈ നിമിഷം തന്നെ ജാദുവിനെ വലിച്ചു കീറി കടിച്ചു പറിക്കണമെന്ന മോഹം എന്റെയുള്ളിൽ തിളച്ചു. ഞാൻ ചാടിയിറങ്ങി നേരെ പവിത്രേട്ടന്റെ വീട്ടിലേക്ക് ചെന്നു. അയാളവിടില്ല.

“മുത്തെവിടെ?” ഞാൻ വാവയോട് ചോദിച്ചു.

“അവൾക്ക് നല്ല സുഖമില്ല ചേട്ടാ, കെടക്കുവാ.”

വാവയുടെ മറുപടി കേൾക്കാൻ നിൽക്കാതെ ഞാൻ പടിക്കെട്ടുകൾ ചാടിക്കയറി അകത്തേയ്ക്കു ചെന്നു. മുഖമാകെ വിളറി ആകെ തളർന്നൊരു അസുഖക്കാരിയെപ്പോലെയവൾ ദിവാനിൽ ടിവിയും കണ്ട് ചാഞ്ഞുകിടപ്പാണ്. ഞാൻ നിലത്തേക്ക് മുട്ടുകുത്തിക്കൊണ്ട് എനിക്ക് തന്നെ കേൾക്കത്തക്കവിധം ഉച്ചത്തിൽ പറഞ്ഞു.

“മുത്തേ, നിനക്കെന്ത്‌ പ്രശ്നമുണ്ടേലും ഈ ജോർജ്ജേട്ടനോട് പറയണം. ഒരു മറ്റവനെയും പേടിക്കണ്ട. നിങ്ങടെ തന്തയൊരു പാഴാ. അത് നോക്കണ്ട. ഒരുത്തനേം പേടിച്ച് വേണ്ടാത്തതൊന്നും മോള് ചെയ്യണ്ട.”

ഇരിന്നിടത്തു തന്നെ പിന്നോട്ട് നിരങ്ങി നീങ്ങാൻ ശ്രമിച്ചു കൊണ്ട് എന്നെ തുറിച്ചു നോക്കിയതല്ലാതെ അവളൊന്നും മിണ്ടിയില്ല. വാവയും ആകെ പകച്ചു നിൽപ്പാണ്. ഞാൻ ചാടിയെഴുന്നേറ്റിറങ്ങി നടന്നു. എങ്ങനെയോ കറങ്ങിത്തിരിഞ്ഞ് ഷാപ്പിലെത്തിയപ്പോഴേക്കും പണിക്കാരൻ വർക്കി ആകെ അടിച്ചു കഴുകി പൂട്ടാനുള്ള തിടുക്കത്തിലായിരുന്നു.

“കള്ള് തീർന്നല്ലോ ജോർജേ. ഇനി കന്നാസില് അടിമട്ടു കൊറച്ചുകാണും. അത് മുഴുവൻ പൊടിയാ. വേണോ?” അയാൾ ചോദിച്ചു.

പച്ച നിറമുള്ള വിദേശമദ്യക്കുപ്പിയിലൊഴിച്ചു കിട്ടിയത് പരവേശം തീരുവോളം കുടിച്ചു കൊണ്ട് ഞാൻ തറവാട്ടിലേക്ക് നടന്നു. എല്ലാം ഈ നിമിഷം കൊണ്ടവസാനിപ്പിക്കണമെന്നൊരു തോന്നൽ എന്നിലാവേശിച്ചു. തറവാട്ടിലിന്നൊരു കൂടലുറപ്പാണ്. കൂട്ടത്തിലാർക്കേലും എന്തെങ്കിലും തട്ടുകേട് വന്നാൽ മറുവഴിയാലോചിക്കാൻ ഇത് പതിവാണ്. ആരെയും കാണാത്തതുകൊണ്ട് ഞാൻ വരാന്തയും കടന്ന് പൊളിഞ്ഞ വാതിലിളക്കി അകത്തു കയറിയിരുന്നു. അവരിൽ നിന്നൊളിക്കാനാണോ അതോ അവരെ ഒളിച്ചു കേക്കാനാണോ ഞാനിങ്ങനെ ചെയ്യുന്നതെനിക്കറിയില്ല.

അധികം താമസിയാതെ ആന്റപ്പനും സുധിയും വന്നു. പിന്നാലെ ജാദുവും. കുപ്പി പൊട്ടിച്ച് അടി തുടങ്ങി, ചർച്ചയും. മുത്താണ് വിഷയം. അല്ല ഞാനാണ് വിഷയം.

“ഇത്ര നാൾ കൂടെ നിന്നിട്ട് ആ മൈ** ” ജാദു അരിശം കൊണ്ടു.

“അവന്റെ പെങ്ങളൊന്നുമല്ലല്ലോ ഇത്ര ദെണ്ണപ്പെടാൻ. ഇതതൊന്നുമല്ല കാര്യം. അവനതിനെ വെച്ചോണ്ടിരിക്കുവായിരുന്നു. അപ്പോഴാണ് ഞാനെടേ കേറീത്. എന്നാലും അവനാ കാര്യം പറഞ്ഞാ മതി. ഞാൻ മാറിക്കൊടുക്കില്ലേ?” ഗ്ലാസ്സിലുള്ളത് തീർക്കാനും അടുത്തതൊഴിക്കാനും അവനൊന്ന് നിർത്തി. പിന്നെ തുടലയഞ്ഞതു പോലെ മയപ്പെട്ടു കൊണ്ട് തുടർന്നു.

“എന്നാലും എന്റെ ആന്റപ്പാ, എന്‍റെ സുധീ, ഈ ഒരു സെക്ഷൻ നമ്മളിത്ര നാളും കൈ വെക്കാതെ പോയല്ലോടാ”

“അത്ര സൂപ്പറാ?” സുധി ചോദിച്ചു. ആന്റപ്പൻ മുണ്ട് നേരെയിട്ടു.

“ആണോന്നോ, തളിരില നുള്ളിയതുപോലെ…” ജാദു ചിരിച്ചു. ഇനിയും കേട്ടുകൊണ്ട് നിക്കാനെനിക്ക് കഴിയില്ല. ഒന്നുമാലോചിക്കാതെ അവർക്കു നടുവിലേക്ക് ചാടി വീണ് കയ്യിലിരുന്ന കുപ്പി കൊണ്ട് ജാദുവിന്റെ തലക്കാഞ്ഞടിച്ചു. കുപ്പിച്ചില്ലു കൊണ്ടിട്ടായിരിക്കാം നിലത്തിരിക്കുകയായിരുന്ന ആന്റപ്പൻ മുഖവും പൊത്തിക്കൊണ്ട് പിന്നിലേക്ക് മറിഞ്ഞു. ഇതെല്ലാം പ്രതീക്ഷിച്ചിരുന്നെന്ന പോലെ ഒഴിഞ്ഞു മാറിയ സുധി എന്നെ പിന്നിൽ നിന്ന് വട്ടം പിടിച്ചു. ഞാൻ കയ്യിൽ ബാക്കിയിരുന്ന കുപ്പിയുടെ കഴുത്ത് അവന്റെ തുടയിൽ കുത്തിയിറക്കി.

സുധിയൊരു നിലവിളിയോടെ പിന്നോക്കം മാറി. ഞാൻ വെട്ടിത്തിരിഞ്ഞു. ആന്റപ്പന്റെ കണ്ണ് പോയെന്നെനിക്ക് തോന്നി. അവനെ ശ്രദ്ധിച്ച ആ ഒരു നിമിഷം കുതിച്ചുവന്നൊരു ഭാരം എന്‍റെ തലയിൽ പതിച്ചു. ഇരിക്കാനായി ഞങ്ങൾ തന്നെ എടുത്തുവച്ചൊരു വെട്ടുകല്ലുകൊണ്ട് ജാദു എന്നെ അടിച്ചതായിരുന്നു. ചുടുചോര പിടഞ്ഞിറങ്ങുന്നത് ഞാനറിഞ്ഞു. ആകെയൊരു കലങ്ങിമറിയിൽ. നിലയ്ക്ക് നിക്കാൻ ഞാൻ വെറുതെയൊന്ന് ശ്രമിച്ചു. അവനൊന്ന് വട്ടം കറങ്ങി എന്റെ തലയിൽ വീണ്ടും ആഞ്ഞിടിച്ചു. ഇരുട്ടിന് കനം കൂടിയോ.

സുധിയും ജാദുവും എന്നെ നോക്കുന്നുണ്ട്. ഞാൻ വീണു കിടക്കുകയാണോ? ജാദുവിന് അന്യഗ്രഹജീവിയുടെ രൂപമല്ലെന്ന് പെട്ടെന്നെനിക്ക് തോന്നി. അവന്റെ പാതിയടഞ്ഞ കണ്ണുകൾ ഒരു പെരുമ്പാമ്പിന്റേതാണ്. രോമാവൃതമെങ്കിലും ഇരയുടെ ഉടലാകെ അമർന്നു ചേരാൻ വെമ്പുന്ന തിളങ്ങുന്ന ദേഹം. പിളർന്ന് പുളയ്ക്കുന്ന നാവുമായി വിഴുങ്ങാനൊരുങ്ങുന്ന വായ മുത്തിനായ് തുറക്കവേ എന്റെ കണ്ണിൽ കറുപ്പ് തിങ്ങിനിറഞ്ഞു. അവസാനമായൊരു പിടുത്തത്തിനായി പരതിയ എന്റെ കയ്യിൽ സുധി തുടയിൽ നിന്നിളക്കിയിട്ട കുപ്പിച്ചില്ല് തടഞ്ഞു. വേറെയൊന്നും ചെയ്യാനില്ലെന്നുറപ്പുണ്ടായിരുന്നതിനാലും ഇനി ചെയ്യേണ്ടതിതു മാത്രമാണെന്ന റിയാമായിരുന്നതിനാലും ആ കൂർത്ത കുപ്പിക്കഴുത്ത് ഞാനെന്റെ തന്നെ അരക്കെട്ടിലേക്ക് ആയത്തിൽ കുത്തിയിറക്കി. ഒരു തവണയല്ല. രണ്ടു തവണയല്ല. മൂന്നോ നാലോ തവണയുമല്ല.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Ajesh velayudhans short story marathakam