കോളജ് അവധിദിവസങ്ങളില്‍ ആദ്യമൊക്കെ പാര്‍ക്കിലോ മറൈന്‍ ഡ്രൈവിലോ പോകുമായിരുന്നു. ഹോസ്റ്റലിലെ ഒന്നുരണ്ടുപേര്‍ക്കൊപ്പമുള്ള ആ യാത്ര രണ്ടുദിവസംകൊണ്ട് മടുത്തു. ആരെയും കൂട്ടുവിളിക്കാതെ ഇറങ്ങിനടക്കുമ്പോള്‍ പബ്ലിക് ലൈബ്രറിയായി പിന്നീട് നിത്യ ആശ്രയം. എല്ലാ ദിവസവും കോളജ് വിട്ടശേഷം അവിടേയ്ക്ക് നടക്കും. നടത്തത്തിനിടെ ഞാന്‍ ആലോചിക്കും, അഭി കൂടിയുണ്ടായിരുന്നുവെങ്കില്‍ എന്തെല്ലാം രസങ്ങളുണ്ടാകുമായിരുന്നു.
ലൈബ്രറിയിലും റീഡിങ് റൂമിലും പതിവുകാരുണ്ട്. പലരോടും മുഖപരിചയമായി. എന്നാല്‍, അവിടെ ഒറ്റയ്ക്ക് ചെല്ലുകയും ഒറ്റയ്ക്കു മടങ്ങുകയും ചെയ്യുന്ന ഒരാള്‍ക്ക് ഉന്മേഷം പകരുന്ന അനുഭവങ്ങള്‍ കുറവായിരുന്നു. സമയം അവിടെ കനപ്പെട്ടുകിടന്നു. വായന പലപ്പോഴും വിരസമായി. പല പുസ്തകങ്ങളും വലിയ താല്‍പര്യത്തോടെ എടുത്തുവെങ്കിലും വായിച്ചുതീര്‍ക്കാതെ മടക്കിനല്‍കി. വായിച്ചുപൂര്‍ത്തിയാക്കിയതാകട്ടെ അകമേ സ്പര്‍ശിക്കാതെ കടന്നുപോയി.
എനിക്ക് മടുപ്പുണ്ടായിരുന്നു. ആ ദിവസങ്ങളും മാസങ്ങളും വിവരിക്കുക എളുപ്പമല്ല. പിന്നീട് ഞാന്‍ അതേപ്പറ്റി ഓര്‍ത്തപ്പോഴെല്ലാം കടുത്ത വേനലിന്റെ അനുഭവമാണു മനസ്സിലേയ്ക്ക് വന്നത്. ഉഷ്ണം തിങ്ങിയ അന്തരീഷം, വെയില്‍ കത്തുന്ന തെരുവുകള്‍, കയ്യില്‍ കരിപിടിക്കുന്ന ലൈബ്രറിയിലെ പുസ്തകഅടയാളങ്ങള്‍: വര്‍ഷങ്ങള്‍ക്കുശേഷവും നഗരത്തിലെ വെയില്‍ എനിക്ക് ആ കാലത്തിന്റെ ഒരു അടയാളം പോലെയാണ് തോന്നിയിട്ടുള്ളത്
അവധിദിവസം രാവിലെ തന്നെ ലൈബ്രറിയിലേയ്ക്ക് പോകും. അങ്ങനെയാണു റീഡിങ് റൂമിലെ റഫറന്‍സ് വിഭാഗത്തിലെ എന്‍സൈക്ലോ പീഡിയ പുസ്തകനിര എന്നെ ആകര്‍ഷിക്കാന്‍ തുടങ്ങിയത്. യഹൂദരുടെ പലായനവുമായി ബന്ധപ്പെട്ട ചില രചനകളാണ് ഞാന്‍ ആദ്യം വായിച്ചത്. ‘ഇയ്യോബിന്റെ പുസ്തകം’ വായിച്ചപ്പോള്‍ തോന്നിയ ഒരു ജിജ്ഞാസയ്ക്ക് ഞാന്‍ തിരഞ്ഞതാണ്. ദൈവത്തെപ്പോലും നിരീശ്വരനാകാന്‍ പ്രേരിപ്പിക്കു ന്നതാണ് ‘ഇയ്യോബിന്റെ പുസ്തകം’ എന്ന ജി.കെ. ചെസ്റ്റര്‍ട്ടന്റെ വാക്യം ഞാന്‍ അവിടെ ഒരിടത്തു കണ്ടു. അത് ആരോടെങ്കിലും സംസാരിക്കണമെന്ന് ഞാന്‍ കൊതിച്ചു. അഭിക്കെഴുതിയ കത്തുകളില്‍ ഞാന്‍ ഈ വാക്യം എഴുതി. അതിലൊന്ന് നാത്‌സി തടങ്കല്‍പ്പാളയത്തിലേയ്ക്ക് പോയ ഒരു പെണ്‍കുട്ടിയുടെ കവിതകളെക്കുറിച്ചുള്ള വിവരണമായിരുന്നു. അവളുടെ പതിനേഴാം വയസ്സിലാണ് പോളണ്ടിലെ കോണ്‍സ്ട്രേഷന്‍ ക്യാംപില്‍ അവള്‍ ഒടുങ്ങിയത്. അതിനുമുന്‍പേ അവളെഴുതിയ ചില കവിതകളുടെ നോട്ടുപുസ്തകം അവളുടെ കൂട്ടുകാരന് അയച്ചുകൊടുത്തിരുന്നു. അവന്റെ പലായനത്തില്‍ അവന്‍ ഈ നോട്ടുപുസ്തകവും കൊണ്ടുപോയി. 1960 കളില്‍ ആ കവിതകള്‍ ഒരു പുസ്തകമായി ഇറങ്ങി. എന്നെ ആകര്‍ഷിച്ച ഒരു വിവരം, അവള്‍ നാത്‌സി കൊലയറയിലേയ്ക്ക് പോകുമ്പോള്‍ അവളെടുത്ത പുസ്തകം ടഗോറിന്റെ ‘ഹോം ആന്‍ഡ് ദ് വേള്‍ഡ്’ എന്ന നോവലായിരുന്നു.
ഞാന്‍ അതുവരെ ടഗോറിന്റെ ഗീതാഞ്ജലിയും കുറേ കവിതകളും മാത്രമാണ് വായിച്ചിരുന്നത്. ടഗോര്‍ നോവലിസ്റ്റാണെന്ന് എനിക്കറിയില്ലായിരുന്നു. ‘ഹോം ആന്‍ഡ് ദ് വേള്‍ഡ്’ ഞാന്‍ ലൈബ്രറിയില്‍ പോയി തിരഞ്ഞു. 1916 ബംഗാളിയില്‍ പ്രസിദ്ധീകരിച്ച ആ നോവല്‍ രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ടഗോറിന്റെ സഹോദരന്‍ സുരേന്ദ്രനാഥ് ടഗോര്‍ ഇംഗ്ലിഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരുന്നു. തലമുടിയും താടിയും പറ്റേ നരച്ച ഒരാളാണ് ലൈബ്രറി അസിസ്റ്റന്റ്. റാക്കുകള്‍ക്കിടയിലേക്കു പോകുന്നതിന് മുന്‍പേ ഞാന്‍ അയാളോട് ‘ഹോം ആന്‍ഡ് ദ് വേള്‍ഡ്’ ഉണ്ടാകുമോ എന്നു ചോദിച്ചു. അയാള്‍ ലൈബ്രറി കാര്‍ഡുകള്‍ പരിശോധിച്ചു. എന്നിട്ട് എന്റെ പിന്നാലെ വരൂ എന്നു നിശബ്ദമായി പറഞ്ഞിട്ട് വേഗം മുന്നില്‍ നടന്നു. ഷെല്‍ഫിന്റെ മൂലയില്‍നിന്നു ബൈന്‍ഡ് ചെയ്ത ഒരു പുസ്തകമെടുത്തു. പൊടി അതില്‍ അട്ടിയിട്ടിരുന്നു. എന്റെ ഉള്ളില്‍നിന്ന് ഒരു തേങ്ങല്‍ പുറത്തേയ്ക്ക് വന്നു.
∙
ദേശീയതയെ സംബന്ധിച്ച ഭിന്നകാഴ്ചപ്പാടുകള്‍ ഏറ്റുമുട്ടുന്ന സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാളിലെ ഒരു അഭിജാത കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ‘ഹോം ആന്‍ഡ് ദ് വേള്‍ഡി’ന്റെ പ്രമേയം. ഭര്‍ത്താവിന്റെ സുഹൃത്തിനോട് ബിമലയ്ക്കു തോന്നുന്ന തീവ്രാഭിനിവേശം. ബിമലയെ പ്രലോഭിക്കുന്ന സന്ദീപ് തീവ്രഹിന്ദുദേശീയതയുടെ വക്താവാ ണ്. ജമീന്ദാരായ ബിമലയുടെ ഭര്‍ത്താവ് നിഖിലേഷ് ഗാന്ധിജിയുടെ രാഷ്ട്രീയ വീക്ഷണം പങ്കുകൊള്ളുന്ന ആളും. സുഹൃത്തുക്കള്‍ തമ്മിലുള്ള ആശയസമരത്തിനിടെ, സുഹൃത്തിന്റെ ഭാര്യയെ വശീകരിക്കാന്‍ നോക്കുകയാണ് സന്ദീപ്. സ്വത്വസംഘര്‍ഷത്തിലായ, കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലെ രാഷ്ട്രത്തിന്റെ പ്രതീകമായിട്ടാണ് ബിമലയെ ചിത്രീകരിച്ചിരി ക്കുന്നതെന്നു വായനക്കാരനു വിചാരിക്കാം. പ്രലോഭനങ്ങളുടെ തീവ്ര വികാരങ്ങളില്‍ കുടുങ്ങിയ ബിമലയും ഭാര്യയുടെ ചാഞ്ചല്യങ്ങളില്‍ ഖിന്നനായ നിഖിലേഷും എന്നെ സ്പര്‍ശിച്ചു. കവിതയേക്കാള്‍ കരുത്തേറിയ ഗദ്യമായിരുന്നു ടഗോറിന്റേത്.
‘പ്രണയം എന്നും ഒറ്റതിരിഞ്ഞുനില്‍ക്കും. അതാണ് അതിന്റെ പ്രകൃതം, വഴിയോരത്തെ പൊടിയില്‍, അശ്രദ്ധമായി നിര്‍ലോഭം പൂവിടും. ഇരിപ്പു മുറിയിലെ പൂപ്പാത്രത്തില്‍ പിടിച്ചുവച്ചാല്‍ എത്ര പരിചരിച്ചാലും അതു പൂവിടില്ല’ എന്ന് ബിമല പറയുന്നുണ്ട്. ഇത് നിഖിലേഷിന് അറിയാം. അയാള്‍ക്ക് രാഷ്ട്രീയ സംഘര്‍ഷമുണ്ട്. ദാമ്പത്യ സംഘര്‍ഷവുമുണ്ട്. എന്നാല്‍ എപ്പോഴും നീറുന്ന മനോവേദനയിലും അയാള്‍ സഹനത്തില്‍ വിശ്വസിക്കുന്നു. ‘ഉള്ളിന്റെയുള്ളിലെ ആ വേദനയിലും ഞാനെന്റെ ദൈനദിനകാര്യങ്ങള്‍ നടത്തുന്നു. പക്ഷേ, വേദന നീറിപ്പിടിക്കുന്നു. ഉറക്കത്തിലും വേദന എന്റെ നട്ടെല്ലുകളെ മാന്തുന്നു. പുലര്‍ച്ച ഉണര്‍ന്നെണീക്കുമ്പോള്‍, വെളിച്ചം പൊയ്മറഞ്ഞതായാണ് എനിക്ക് തോന്നുക. എന്താണ് സംഭവിച്ചത്? എന്താണ് ഇരുട്ട്? എവിടെനിന്നാണത് വന്ന് എന്റെ പൂര്‍ണചന്ദ്രനെ മറച്ചുകളഞ്ഞത്?’
അവളുടെ യഥാര്‍ഥവും സ്വതന്ത്രവുമായ സത്തയില്‍ നിങ്ങള്‍ അവളെ കാണുകയാണെങ്കില്‍ അവള്‍ക്കുമേല്‍ കൃത്യമായ ഒരു അവകാശവും ഉന്നയിക്കാന്‍ നിങ്ങള്‍ക്കാവില്ലെന്ന നിഖിലേഷിന്റെ വാക്യം ഞാന്‍ പിന്നെയും ഓര്‍ത്തുകൊണ്ടിരുന്നു. ഹോസ്റ്റല്‍ മുറിയില്‍നിന്ന് പുറത്തിറങ്ങാതെയുള്ള വായനയായിരുന്നു അത്. ബിമല, നിഖിലേഷ്, സന്ദീപ് എന്നിവര്‍ സദാനേരവും എന്നെ ചുറ്റിനിന്നു. ബിമലയുടെ പ്രകൃതം എന്നെ അസ്വസ്ഥനാക്കി. ഈ പുസ്തകത്തെപ്പറ്റി സൂസന്നയ്ക്ക് എഴുതണമെന്ന് ഞാന്‍ കരുതി. അതിനായുള്ള വാക്യങ്ങള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞുണ്ടാക്കി. പക്ഷേ എഴുതാനിരുന്നപ്പോള്‍ മനസ്സ് ഉലഞ്ഞു. അധൈര്യം എന്നെ തളര്‍ത്തി. അഭിക്ക് അയച്ച കത്തില്‍ ടഗോറിനെ പരാമര്‍ശിച്ചെങ്കിലും മറുപടിയില്‍ അവന്‍ അതേപ്പറ്റി ഒന്നും ചോദിച്ചില്ല. മാത്രമല്ല ഞങ്ങളുടെ കത്തുകള്‍ക്കിടയിലെ അകലം വര്‍ധിക്കുന്നതായും എനിക്കു തോന്നി.
ടഗോര്‍ എനിക്കു വലിയ ഉന്മേഷം പകര്‍ന്നു. കൊച്ചിയിലെ വെയിലിനും ദാഹങ്ങള്‍ക്കുമപ്പുറം സ്വച്ഛന്ദമായ ഒരു നാട്ടുവഴി തെളിയുന്നതു ഞാന്‍ കണ്ടു. അപ്പോഴായിരുന്നു അമുദ അവിടെ പ്രത്യക്ഷപ്പെട്ടത്.
ബോട്ട്ജെട്ടിയില്‍ വൈകിട്ടു കുറച്ചുസമയം ചെലവഴിക്കും. യാത്രക്കാര്‍ക്ക് ഇരിക്കാന്‍വേണ്ടി ജെട്ടിയില്‍ കുറേ കസേരകളുണ്ട്. പഴകിപ്പൊളിഞ്ഞത്. അവിടെയിരുന്നാല്‍ ബോട്ടുകള്‍ തീരത്തേയ്ക്ക് വരുന്നതും പോകുന്നതും കാണാം. ഇളകുന്ന കായല്‍പ്പരപ്പിനുമീതേ അസ്തമയ സൂര്യന്റെ വര്‍ണം പടര്‍ന്ന് ഇളകുന്നുണ്ടാകും. കടുവര്‍ണമുള്ള മേഘങ്ങള്‍ ചക്രവാളത്തില്‍ അനക്കമറ്റ് കിടപ്പുണ്ടാകും. അങ്ങനെ ഇരുള്‍ പരക്കുന്നതുവരെ, കൊതുകുകള്‍ വന്നെത്തും വരെ, അവിടെ ചുമ്മാതെ ഇരിക്കുക, വരുന്നതും പോകുന്നതുമായ മനുഷ്യരെ കാണുക. ഞാന്‍ ഇരിക്കുന്നതിന് അടുത്ത കസേരയുടെ അടിയില്‍ മിക്കവാറും എനിക്കു കൂട്ടായി ഒരു നായയും കിടപ്പുണ്ടാകും. ഉദാസീനനായി, തലയുയര്‍ത്താതെ എന്നാല്‍ കണ്ണുകള്‍ തുറന്നുപിടിച്ച് അത് അങ്ങനെ കിടപ്പുണ്ടാകും. പതിവായി അവിടെ കണ്ടപ്പോള്‍ ഞാന്‍ ആദ്യം വിചാരിച്ചത് അതു ചാവാന്‍ കിടക്കുകയാണെന്നാണ്.
ജെട്ടിയിലെ തിരക്കില്‍, തിടുക്കമില്ലാത്ത രണ്ടുപേര്‍ ഒരുപക്ഷേ ഞാനും ആ നായയും മാത്രം. എന്നാല്‍, ഏതു ബോട്ടുജെട്ടിയിലായാലും എല്ലാ തിരക്കു കള്‍ക്കും നടുവില്‍ നിങ്ങള്‍ കുറച്ചുനേരം തനിച്ച്, തിടുക്കമില്ലാതെ ശാന്തരായി ഇരുന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ അറിയാം ലോകത്തിലെ ഏറ്റവും പൂര്‍ണമായ, ഗൂഢാനന്ദഭരിതമായ ഏകാന്തതകളിലൊന്ന് സംഭവിക്കുന്നത് അപ്പോഴാണ്. ജി.കെ. ചെസ്റ്റര്‍ട്ടന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പോയിരി ക്കാന്‍ ഇഷ്ടപ്പെട്ടു. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പ്രാചീനമായ ഒരു നിശബ്ദത ഉണ്ടത്രേ. തിരക്കില്‍ വീര്‍പ്പുമുട്ടുന്ന ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ചെസ്റ്റര്‍ട്ടന്‍ പറഞ്ഞ നിശബ്ദത കണ്ടെത്താനാകുമോ? ചെസ്റ്റര്‍ട്ടന്‍ ബ്രിട്ടനിലെ ഏതോ സ്റ്റേഷന്‍ മനസില്‍വച്ചു പറയുന്നു, ഒരു കത്തീഡ്രല്‍ പോലെ ശാന്തമാണവിടം. വലിയ എടുപ്പുകളും ശൂന്യമായ ഇടങ്ങളും നിറമുള്ള വിളക്കുകളും ഉള്ള സ്റ്റേഷനില്‍ അലയാനും അവിടെത്തെ പുസ്തകക്കടയിലും കാപ്പിക്കടയിലും ചോക്കലേറ്റ് ഷോപ്പിലും കയറിനടക്കാനും തനിക്കിഷ്ടമാണെന്നും ചെസ്റ്റര്‍ട്ടന്‍ എഴുതി.
അത്തരം പ്രൗഢവിശാലമായ ഒരു യാത്രമുഖമല്ല എറണാകുളം ബോട്ട്ജെട്ടി. പൊട്ടിപ്പൊളിഞ്ഞ എടുപ്പുകളാണവിടെ. വൃത്തിഹീനമായ ഒരു ഓവുചാല്‍ അതിനടുത്തുണ്ട്. ടിക്കറ്റ് കൗണ്ടറില്‍ ഒരു മനുഷ്യന്‍ വീര്‍ത്തുകെട്ടിയ മുഖത്തോടെ ഇരിക്കുന്നുണ്ടാകും.
ഫോര്‍ട്ട് കൊച്ചിയിലേക്കോ വൈപ്പിനിലേക്കോ മുളവുകാട്ടേക്കോ ഒരു സന്ധ്യക്ക് ബോട്ടില്‍ പോകണമെന്ന് ആഗ്രഹിച്ചാണ് ഞാന്‍ ആദ്യം അവിടെച്ചെന്നതെങ്കിലും പിന്നീട് ആ ആഗ്രഹം എന്നെ വിട്ടുപോയി.
അങ്ങനെ ഒരുദിവസം ഒരു വൈകിട്ട് ജെട്ടിയിലിരിക്കവേ എനിക്കു പിന്നില്‍ വസ്ത്രമുലയുന്നതിന്റെ സ്വരം കേട്ടു. ഇളകുന്ന ഇരുള്‍നിറമുള്ള പാവാട ധരിച്ച്, തോളത്ത് തുണിസഞ്ചി തൂക്കി ഒരു പെണ്‍കുട്ടി. പേനയുണ്ടോ എന്നു ചോദിക്കുന്നു.
പരിഭ്രമത്തോടെ ഞാനെണീറ്റു പോക്കറ്റില്‍നിന്ന് പേന എടുത്തു കൊടുത്തു. അവള്‍ പേന വാങ്ങി ബാഗില്‍നിന്ന് ഒരു വെള്ളക്കവര്‍ എടുത്ത് അതിനു പുറത്തു തിടുക്കത്തില്‍ ഒരു വിലാസമെഴുതി. എന്നിട്ടു പേന മടക്കിത്തന്നു. ‘താങ്ക് യൂ’ എന്ന് ചിരിയോടെ പറഞ്ഞിട്ട് അതേ തിടുക്കത്തോടെ തപാല്‍പ്പെട്ടിക്ക് അടുത്തേയ്ക്ക് പോയി കത്ത് നിക്ഷേപിച്ചു. അതിനുശേഷം ആളുകള്‍ക്കിടയിലൂടെ പുറപ്പെടാ നൊരുങ്ങിനില്‍ക്കുന്ന ബോട്ടിലേയ്ക്ക് നടന്നുപോയി. കത്തില്‍ മേല്‍വിലാസം എഴുതുന്നതിനിടെ ‘എന്റെ പേന തെളിയുന്നില്ല. അതുകൊണ്ടാ’ എന്ന് എന്റെ മുഖത്തുനോക്കാതെ അവള്‍ പറഞ്ഞത് ബോട്ട് പുറപ്പെട്ടപ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ വീണ്ടും കേട്ടു. അത് ആനന്ദകരമായിരുന്നു. അന്നു രാത്രി ഞാന്‍ രണ്ടു കത്തുകള്‍ എഴുതി. ഒരു ചെറിയ കത്ത് സൂസന്നയ്ക്ക്. രണ്ടാമത്തെ കത്ത് അഭിക്ക്. രണ്ടിലും ഞാന്‍ ജെട്ടിയിലെ പെണ്‍ക്കുട്ടിയെയും ആ നായയെയും പറ്റി എഴുതി. സൂസന്നയ്ക്കുള്ള കത്ത് മാത്രം എനിക്കു രണ്ടുവട്ടം മാറ്റിയെഴുതേണ്ടി വന്നു. ആദ്യത്തെ കത്തില്‍ എനിക്കു വെട്ടിത്തിരുത്തേണ്ടിവന്നു. രണ്ടിടത്ത് അക്ഷരത്തെ റ്റുകളും വന്നു. അതുകൊണ്ട് രണ്ടാമതൊന്നു കൂടി എഴുതി.
∙
കൊച്ചിയിലെ മഴക്കാലം എനിക്ക് ഓര്‍മ വരാറില്ല. ഫോർട്ട് കൊച്ചിയില്‍ ഒരു പെരുമഴയത്ത് രാത്രിനേരം ഞാന്‍ ബസ്സിറങ്ങുമ്പോള്‍ വെള്ളം പൊങ്ങിയ ഓടയില്‍ വഴുതിവീണതൊഴിച്ചാല്‍ അക്കാലത്തെ ഓര്‍മകള്‍ക്കു മഴക്കാലവുമായല്ല വേനലുമായാണ് അടുപ്പം. ഓരോ ഓര്‍മയിലും ഉഷ്ണം നിറഞ്ഞുനിന്നു.
എല്ലാ കത്തുകള്‍ക്കും മറുപടി അയയ്ക്കുമെന്നാമെന്ന് സൂസന്ന എനിക്ക് ഒരുറപ്പു തന്നിരുന്നു. എന്നാല്‍ അതുണ്ടായില്ല. പറമ്പിലെയും വീട്ടിലെയും ജോലിത്തിര ക്കിനിടെ ഇരുന്നെഴുതാന്‍ കഴിയാറില്ലെന്ന് സൂസന്ന പറഞ്ഞിരുന്നുവെങ്കിലും പേരിനെങ്കിലും ഒരു കത്തെങ്കിലും എഴുതാമായിരുന്നല്ലോ എപ്പോഴും എനിക്ക് തോന്നാതിരുന്നില്ല. ഒരു ദിവസം ഉച്ച കഴിഞ്ഞ് ഞാന്‍ ക്ലാസില്‍ കയറാതെ നേരെ ലൈബ്രറിയിലേയ്ക്കാണ് പോയത്. തലേന്ന് അവിടെ റീഡിങ് റൂമില്‍ ഞാന്‍ ഫ്രോയിഡ് കഥാപാത്രമായി വരുന്ന സാര്‍ത്രെയുടെ ഒരു നാടകം കണ്ടെത്തിയിരു ന്നു. അത് റഫറന്‍സ് വിഭാഗത്തിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്.
റീഡിങ് റൂമില്‍ ഞാന്‍ ഒരു മൂലയിലെ മേശയോട് ചേര്‍ന്നാണ് ഇരുന്നത്. അര മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ മുഖമുയര്‍ത്തിനോക്കിയപ്പോള്‍, റീഡിങ് റൂമിന്റെ ചില്ലുവാതിലിന് പുറത്ത് ആ പെണ്‍കുട്ടിയെ കണ്ടു. അവള്‍ അവിടെനിന്ന് എന്നെത്തന്നെ നോക്കുകയാണെന്ന് എനിക്ക് മനസ്സിലായി. അമ്പരപ്പോടെ ഞാന്‍ നിവര്‍ത്തിവച്ച പുസ്തകത്തിനു മുന്നിലിരിക്കവേ, ചില്ലുവാതില്‍ മെല്ലെ തുറന്ന് അവള്‍ അകത്തുകയറി. വെള്ളയില്‍ കറുപ്പുപുള്ളികളുള്ള ഉടുപ്പായിരുന്നു അവള്‍ക്ക്. മറ്റു ചിലരും അവളെ തുറിച്ചുനോക്കുകയായിരുന്നു. എനിക്ക് ലജ്ജ തോന്നി. ഞാന്‍ മുഖം കുനിച്ചു. മേശകള്‍ക്കിടയിലൂടെ മെല്ലെ നടന്ന് എന്റെ അടുത്തുവന്നു. എനിക്ക് എന്റെ ചെവിക്കടുത്തേക്കു കുനിഞ്ഞു പറഞ്ഞു
“ഒന്നു പുറത്തേക്കു വരൂ. ഒരു കാര്യമുണ്ട്”
നാം ബോട്ട് ജെട്ടിയില്‍ വച്ച് കണ്ടത് ഓര്‍മയില്ലേ, വീണ്ടും കണ്ടപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടുപോയി എന്നെല്ലാം ഒറ്റശ്വാസത്തില്‍ പറഞ്ഞു. അന്ന് ബോട്ട് പോകാറായിരുന്നു, അതുകൊണ്ടാണ് ഓടിപ്പോയത് എന്നു പറഞ്ഞ് അവള്‍ കൈ നീട്ടി. ഞാന്‍ അമുദ.
ലൈബ്രറി വരാന്തയിലെ നിശബ്ദതയില്‍നിന്ന് ഞങ്ങള്‍ ഒച്ചതാഴ്ത്തി കുറച്ചുനേരം സംസാരിച്ചു. എന്നിട്ട് പുറത്തേയ്ക്കിറങ്ങി. അമുദ സിഎ വിദ്യാര്‍ഥിയാണ്. വീട് ഫോര്‍ട്ട് കൊച്ചിയില്‍. ആഴ്ചയില്‍ ഒരുദിവസം അവള്‍ പബ്ളിക് ലൈബ്രറിയില്‍ വരും. ഞങ്ങള്‍ അന്ന് ലൈബ്രറി റോഡിലെ കാപ്പിക്കടയില്‍ കയറി. അതുകഴിഞ്ഞ് ഹോസ്പിറ്റല്‍ റോഡ് വഴി ജെട്ടിയിലേയ്ക്ക് നടന്നു. നഗരത്തിലെ തിരക്കിനും ഒച്ചകള്‍ക്കും മറ്റൊരു അര്‍ത്ഥം ഉണ്ടെന്ന് അന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്. തിരക്കിലൂടെ മറ്റൊരാള്‍ക്കൊപ്പം നടക്കുമ്പോഴാണ് നമ്മുടെ സ്വകാര്യത എത്ര സുന്ദരമാണെ ന്ന് അറിയുക. ജെട്ടിയില്‍ പതിവായി ഞാന്‍ ഇരിക്കുന്ന സ്ഥലത്തുപോയി. ആ നായയെ അവിടെ കണ്ടില്ല. അവന്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ അമുദയെ അവന് പരിചയമായേനെ.
അവളുടെ മുഖത്തു നോക്കാന്‍ മടിച്ചാണ് ഞാന്‍ സംസാരിച്ചത് അത്രയും നേരം. അവളാകട്ടെ എന്റെ മുഖത്തുനിന്നു കണ്ണെടുക്കാതെയും. എന്റെ രഹസ്യങ്ങള്‍ ആണോ കള്ളങ്ങള്‍ ആണോ മുഖത്തുനോക്കി സംസാരിക്കാന്‍ തടസ്സം? അതോ ഞാന്‍ അമിതമായി ലജ്ജിക്കുന്നുണ്ടോ? അന്നത്തെ ദിവസം പിരിയും മുന്‍പേ അമുദ എന്നെ ഫോര്‍ട്ട് കൊച്ചിയി ലേക്ക് ക്ഷണിച്ചു. വരുന്ന ശനിയാഴ്ച രാവിലെ വരികയാണെങ്കില്‍ നമുക്ക് ചില സ്ഥലങ്ങള്‍ കാണാം. കുറച്ചുദൂരം നടക്കാന്‍ പോകാം. ഞാന്‍ മറ്റൊന്നും ആലോചിക്കാതെയാണ് സമ്മതിച്ച ത്. അമുദ എത്ര അനായാസമായാണ് എന്നെ ഓരോന്നിലേക്ക് പിടിച്ചു കൊണ്ടുപോയതെന്ന് പിന്നീട് ആലോചിച്ചിട്ടുണ്ട്. അവളുടെ വീട്ടുവിലാസവും പോക്കറ്റിലിട്ട് പിന്നീടു വന്ന ശനിയാഴ്ച രാവിലെ പത്തരയോടെ ഞാന്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് ബോട്ട് കയറി. ഞാനാദ്യമായി ബോട്ടില്‍ കയറിയതും അന്നായിരുന്നു –എന്റെ 21ആം വയസ്സില്‍. അഴിമുഖത്ത് ബോട്ട് ഉലഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ ഞെട്ടി ചുറ്റും നോക്കിയത്. അതുവരെ ഞാന്‍ എന്തോ ആലോചനയിലായിരുന്നു.
കുറേ തിരഞ്ഞു അമുദയുടെ വീടിരിക്കുന്ന തെരുവ് കണ്ടുപിടിക്കാന്‍. അടുത്ത ടുത്ത വീടുകളുള്ള, ചില മുറ്റങ്ങളില്‍ കോലങ്ങള്‍ വരച്ച തെരുവായിരുന്നു അത്. അമുദം എന്നു പേരെഴുതിയ വാതിലിനു മുന്നില്‍ ഞാന്‍ ശങ്കിച്ചുനിന്നു. അടുത്ത വീട്ടിലെ പാതിമാറ്റിയ ജനാലവിരിക്കിടയിലൂടെ രണ്ടു കണ്ണുകള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ബെല്ലമര്‍ത്തിയപ്പോഴേക്കും വാതിലിനു തൊട്ടുപിന്നില്‍ കാത്തു നിന്നിട്ടെന്ന പോലെ അവള്‍ വാതില്‍തുറന്നു. മുഷിഞ്ഞ വീട്ടുവേഷത്തില്‍ കൈകളും കഴുത്തും വിയര്‍ത്തൊലിച്ച് മുടി പാറിപ്പറന്ന രൂപത്തില്‍. തിരക്കിട്ട ജോലിയിലായിരുന്നിരിക്കണം. എന്നോടു കയറിയിരിക്കാന്‍ പറഞ്ഞിട്ട് കുടിക്കാന്‍ കൊണ്ടു വന്നു. പിന്നാലെ അവള്‍ എനിക്കൊരു നോട്ട് ബുക്കും തന്നു. അതിലെ ആദ്യ താളുകള്‍ വായിക്കണം എന്നു പറഞ്ഞു. കുളിച്ചു റെഡിയായി വരും വരെ കാത്തിരിക്കൂ എന്ന് പറഞ്ഞ് വേഗം അടുത്ത മുറിയിലേക്ക് പോയി.
വ്യത്തിയായി സൂക്ഷിച്ചിട്ടുള്ള ഇരിപ്പുമുറിയിലെ സോഫയില്‍ ഇരുന്നു ഞാന്‍ ചുറ്റും നോക്കി. വളരെ ചെറുതെന്നു പറയാവുന്ന ആ മുറിയില്‍നിന്ന് അകത്തേയ്ക്കുള്ള വാതിലിലെ വെള്ളവിരി, അപ്പോള്‍ വിരിച്ചിട്ടപ്പോലെ നല്ല അടക്കത്തില്‍ കിടന്നിരു ന്നു. ഇരിപ്പുമുറിയിലെ കുഞ്ഞലമാരയില്‍ മനോഹരമായ നാലഞ്ചു പട്ടിക്കുട്ടികള്‍ അതിഥിയെയും നോക്കിയിരിക്കു ന്നു. ഫാന്‍ കറങ്ങുമ്പോഴത്തെ അലകളില്‍ വാതില്‍ വിരി മെല്ലെ ഇളകുന്നു. മുറ്റത്ത് ആരോ നടക്കുന്നതിന്റെ ഒച്ചയും കേള്‍ക്കാം. വീടിന്റെ സൗമ്യത എന്നെ തൊട്ടുകൊണ്ടിരിക്കേ, എനിക്ക് മയക്കം വരുന്ന തായി തോന്നി. ആരാണ് ഈ പെണ്‍കുട്ടി? ഈ വീട്ടില്‍ വേറെയാരുമി ല്ലേ എന്നെല്ലാം ചോദ്യങ്ങള്‍ ഉയരുമ്പോള്‍, എന്റെ കയ്യില്‍ അവള്‍ തന്നേച്ചുപോയ കറുത്ത ചട്ടയുള്ള ഡയറിയിലേയ്ക്ക് ഞാന്‍ നോക്കി. എന്തായിരിക്കുമിത്? ഞാനതു തുറന്നു. നീലമഷിയില്‍, ഇങ്ങനെ:
പ്രിയപ്പെട്ട അജയ്,
രണ്ടു മാസമായി മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ നിന്നെ പലയിടത്തായി കാണാറുണ്ട്.ഒന്നുകില്‍ ജെട്ടിയിലെ ആ ബെഞ്ചില്‍. അല്ലെങ്കില്‍ ലൈബ്രറിയിലോ റീഡിങ് റൂമിലോ. ഈ നഗരത്തില്‍ നിഗൂഢവും എന്നാല്‍ സര്‍വാനന്ദദായകവുമായ ഏതോ സൗഹൃദത്തിന്റെ വലിയാല്‍ ഞാന്‍ നിനക്കുപിന്നാലെ നടന്നു. നിന്റെ പേരും നാടും നീ പഠിക്കുന്ന കോഴ്സും നിന്റെ ഹോസ്റ്റല്‍ മുറിയുടെ നമ്പര്‍ വരെ ഞാന്‍ അന്വേഷിച്ചു കണ്ടുപിടിച്ചു. നിന്നെക്കുറിച്ചുള്ള ഓരോ അറിവും എനിക്കു ധൈര്യം തന്നു. പക്ഷേ ഒരിക്കല്‍ പോലും നീയെന്നെ കണ്ടില്ല. ഒരിക്കല്‍ ലൈബ്രറി യുടെ മൂന്നാം നിലയില്‍നിന്ന് പടികള്‍ ഞാനിറങ്ങിവരുമ്പോള്‍, എതിരെ വന്ന നീയെന്നെ തലയുയര്‍ത്തി നോക്കി. അന്നു ഞാന്‍ സാരിയിലായിരുന്നു. ആ ഒരൊറ്റ നോട്ടം തീരും മുന്‍പേ അതു പിന്‍വലിച്ച് നീയെന്നെ കടന്നു പോയി.
എനിക്ക് എല്ലായിടത്തും ആളുകളുണ്ട്. നിനക്ക് പുസ്തകമെടുത്തുതരുന്ന ആ റാഫേലുചേട്ടന്‍ ഫോര്‍ട്ട്കൊച്ചിക്കാരനാണ്. പിന്നെ നീ സിഗരറ്റ് വാങ്ങുന്ന കടയിലെ പയ്യന് ഞാന്‍ ഇംഗ്ലിഷ് ട്യൂഷന്‍ എടുത്തിട്ടുണ്ട്. മഹാരാജാസില്‍ തൂണിലും തുരുമ്പിലും വരെ ഞാനുണ്ട്. ഞാനിപ്പോള്‍ അവിടെ വിദ്യാര്‍ഥിയല്ലെങ്കിലും. ഞാനൊരു കള്ളം പറഞ്ഞാണ് നിന്നെ സമീപിച്ചത്. പേന തെളിയുന്നില്ലെന്ന്. ഇത്ര പരിഭ്രമിക്കാന്‍ എന്തിരിക്കുന്നു ഒരു പെണ്‍കുട്ടി വന്നു പേന ചോദിച്ചാല്‍? നിന്നെ ഞാന്‍ ശരിക്കും കഷ്ടപ്പെട്ടാണ് ഇവിടം വരെ കൂട്ടിക്കൊണ്ടു വന്നത്. നീ അതോര്‍ക്കണം. നീ തനിച്ചു നടക്കുന്നു. തനിച്ചിരിക്കുന്നു. തനിച്ചു വായിക്കുന്നു. അതെല്ലാം ഞാന്‍ കണ്ടു. ഇങ്ങനെയുള്ളവര്‍ മുടിഞ്ഞ സ്വാര്‍ത്ഥരായിരിക്കും. പക്ഷേ നാം തമ്മിലുള്ള സൗഹൃദം നീ കരുതും പോലെ ഇപ്പോള്‍ ജനിച്ചതല്ല. അതുകൊണ്ട് അദ്ഭുതങ്ങള്‍ക്കായി നീ കാത്തിരിക്കുക.
സ്നേഹപൂര്‍വം
അമുദ
അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അമുദ എനിക്കെതിരെ വന്നിരുന്നു. ഇളം തവിട്ടുനിറത്തിലുള്ള ഒരു ചുരിദാറായിരുന്നു അവള്‍ ധരിച്ചിരുന്നത്. എന്റെ അമ്പരപ്പ് മാറിയിരുന്നില്ല.ആ ഡയറിയില്‍ അതല്ലാതെ മറ്റൊന്നും എഴുതിയിരു ന്നില്ല. അമുദയും അച്ഛനും മാത്രമാണ് ആ വീട്ടില്‍ താമസം. അമുദ എനിക്കൊരു ചായ കൊണ്ടുത്തന്നു. ഞാനതു കുടിച്ചുകൊണ്ടിരിക്കേ അവള്‍ പറഞ്ഞു: “നമുക്ക് നടക്കാന്‍ പോകാം”
എവിടെ?
“ഫോര്‍ട്ട് കൊച്ചിയില്‍ കുറേ സ്ഥലങ്ങളുണ്ട്. നടന്നുപോകാന്‍. ഒന്നു ചുറ്റിയിട്ടു നമുക്കു ഇക്ബാലിന്റെ വീട്ടില്‍ പോകാം. നമ്മള്‍ ചെല്ലുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.”
ഞാന്‍ സമ്മതിച്ചു. ഇക്ബാല്‍ ആരാണെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും ഇനി മേല്‍ അവള്‍ പറയുന്നതുപോലെ ചെയ്യുകയാണ് എന്റെ ജോലിയെന്ന് എനിക്ക പ്പോഴേയ്ക്കും മനസ്സിലായിരുന്നു.
∙
പകല്‍നേരം ഇടവഴികള്‍,നിഴലുകള്‍, വെയിലുകള്‍, കാറ്റുകള്‍, ഒച്ചകള്‍… പകല്‍നടത്തങ്ങളില്‍ തൊപ്പി വയ്ക്കണം, അമുദയാണ് എനിക്ക് തൊപ്പി തന്നത്. നഗരത്തില്‍ നടത്തം എങ്ങനെയാണെന്ന് എനിക്ക് പറഞ്ഞുതന്നു. രാവിലെ ഏതെങ്കിലും ബസിലോ ബോട്ടിലോ കയറി ചേരാനല്ലൂരോ ഇടപ്പള്ളിയോ ചെല്ലാനമോ വൈപ്പിനോ മുളവുകാടോ പോയിറങ്ങും. എന്നിട്ട് ആദ്യം കാണുന്ന വഴിയിലൂടെ നടക്കും. മെല്ലെ വേണം. വേലിയില്‍ ഒരു ചില്ല അടര്‍ന്നു കിടപ്പുണ്ടെ ങ്കില്‍ അതും ശ്രദ്ധിക്കണം. രാവിലെ ധാരാളം ശലഭങ്ങള്‍ ഉണ്ടാകും ഇടവഴികളി ലെല്ലാം. നടന്നുനടന്ന് ചിലപ്പോള്‍ അമ്പലപ്പറമ്പിലോ കുളക്കടവിലോ കനാല്‍വരമ്പിലോ ആകും ചെന്നെത്തുക. കുറേ നടക്കുമ്പോള്‍ കവല പോലെ എന്തെങ്കി ലും കാണും. നാലഞ്ചുകടകളുള്ള കവലകളില്ലേ,അത്. ചായക്കടയും സിഗരറ്റ് വില്‍ക്കുന്ന കടയും എന്തായാലും അവിടെ ഉണ്ടാകും. ചായ കുടിച്ചു കുറച്ചുനേരം കവലയില്‍ ചെലവഴിക്കാം. അല്ലെങ്കില്‍ അവിടെനിന്ന് അടുത്ത ബസില്‍ കയറി മറ്റേതെങ്കിലുമൊരിടത്ത് പോയിറങ്ങാം. ഒരു ദിവസം ഒരു ചായക്കടയില്‍ ഇരിക്കു മ്പോള്‍ ആ കടക്കാരന്‍ പഴയൊരുപാട്ടിന്റെ ആദ്യ വരികള്‍ പാടുന്നുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞാണ് ഒരു കാര്യം മനസ്സിലായത്. അയാള്‍ ആ നാലുവരികള്‍ മാത്രമേ പാടുന്നുള്ളു. എന്നിട്ടു നിര്‍ത്തും. എന്നിട്ട് ആളുകളോടു സംസാരിക്കും. പല പണികള്‍ ചെയ്യും. കുറച്ചുകഴിഞ്ഞ് വീണ്ടും അതേ നാലുവരികള്‍. അത് കൃത്യമായി,അച്ചടക്കത്തോടെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. വൈകിട്ട് വരെയും അങ്ങനെയാകുമോ? എല്ലാ ദിവസവും?
തീരെ വെയില്‍ വീഴാത്ത നീണ്ട വഴികള്‍ നാട്ടിന്‍പുറങ്ങളിലുണ്ട്. ഒരിക്കല്‍ ഒരു വഴി കയറി നടന്നു ചെന്നു മുട്ടിയതു ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിനു മുന്നിലാണ്. ധാന്യപ്പൊടി പുരണ്ട ദേഹത്തോടെ മുണ്ടും ബനിയനും ധരിച്ച ഒരു ചേട്ടന്‍ എന്നെ അന്തംവിട്ടു നോക്കി. മറ്റൊരിക്കല്‍ ഒരു നടവഴി ഒരു വീടിന്റെ മുന്നിലാണ് അവസാനിച്ചത്. അപ്പോള്‍ അടുത്തവീട്ടിലെ ഉമ്മറത്തുനിന്ന് ഒരു ചോദ്യമുയര്‍ന്നു–ആരാ?
ഞാന്‍ പറഞ്ഞു–വഴി തെറ്റി.
പ്രായമായ സ്ത്രീയാണ്. ഉമ്മറത്തെ അഴികളില്‍ പിടിച്ചു സാകൂതം എന്നെ നോക്കുന്നു. ഞാന്‍ അവരുടെ അടുത്തേക്കു ചെന്ന് ഒന്നുകൂടി പറഞ്ഞു, എനിക്കു വഴിതെറ്റി.
പൊതുവഴിയിലേക്ക് പോകാനുള്ള മാര്‍ഗം എനിക്ക് അവര്‍ പറഞ്ഞു. എനിക്ക് അതുവഴിയല്ലേ പോകേണ്ടതെന്ന് ചോദിച്ചു. ഞാന്‍ അതെ എന്നും. പ്രകാശമുള്ള ചെറിയ കണ്ണുകളും നേര്‍ത്ത ചുണ്ടുകളുമുള്ള അവര്‍, വീണ്ടും എന്തോ ചോദിക്കാനൊരുങ്ങി. പക്ഷേ, അതു വിട്ടിട്ടാകണം കുടിക്കാനെന്തെങ്കിലും വേണോ എന്ന് ആരാഞ്ഞു. ഞാന്‍ വേണ്ടെന്നു പറഞ്ഞ് നടവഴിയിലേക്ക് തിരിച്ചു കയറി. അപ്പോഴേയ്ക്കും അവരെന്റെ പേരു ചോദിച്ചു. ഞാന്‍ പേരു പറഞ്ഞു. ഒടുവിലായി അവര്‍ ചോദിച്ചു, ഉല്‍സവത്തിനു വരുമോ? വരുന്നെങ്കില്‍ ഇതുവഴിയും വരണം.
ഏത് ഉല്‍സവം? ഞാന്‍ ചോദിച്ചു. ഞങ്ങള്‍ നടക്കുകയായിരുന്നു. എന്റെ ചോദ്യം കേട്ട് അമുദ പൊട്ടിച്ചിരിച്ചു. –”എനിക്കുമറിയില്ല. അവിടെ അടുത്തുള്ള അമ്പലത്തിലേതാകും.”
ഫോര്‍ട്ട് കൊച്ചിയിലെ തെരുവുകള്‍; ഇരുവശവും മരങ്ങള്‍ വളര്‍ന്ന് ഇലകള്‍ വീണ വഴികള്‍. അവിടം വിട്ടുകഴിയുമ്പോള്‍ അഴുക്കു പുതഞ്ഞ കനാലുകള്‍,ഓടകള്‍ അവയുടെ കരകളിലായി ചേര്‍ന്നിരിക്കും ചെറു വീടുകള്‍, ഇടയിലൂടെ നീണ്ട നടവഴികള്‍. എത്ര തവണ പോയാലും ഇക്ബാലിന്റെ വീട്ടിലേയ്ക്ക് വഴി തെറ്റിക്കും ചില അടയാളങ്ങള്‍ എന്ന് അമുദ പറഞ്ഞത് ഞാന്‍ അപ്പോള്‍ ശ്രദ്ധിച്ചു. ശരിയാണ്, അലക്കാന്‍ കൂട്ടിയിട്ടിരിക്കുന്ന തുണികള്‍ പോലെയാണ് വീടുകള്‍; കൂടിക്കലര്‍ന്ന് പരസ്പരം വേര്‍തിരിക്കാനാവാത്തപോലെ. വെയിലിന് ചൂടു കൂടുന്നു ണ്ടായിരുന്നു. അമുദയുടെ കഴുത്തിലും നെറ്റിയിലും വിയര്‍പ്പുചാലുകള്‍. കയ്യിലെ തൂവാല കൊണ്ട് അവള്‍ ഇടയ്ക്കിടെ നെറ്റിയും കഴുത്തും തുടച്ചുകൊണ്ടിരുന്നു.
ഇക്ബാലിന്റെ വീടിന് മുന്നില്‍ പന്തലിച്ച മാവും പേരയും. ചെറിയ മുറ്റം, ചെറിയ വീട്. പൊടുന്നനെ എനിക്കു ‘റെസിഡന്‍സ് ഓണ്‍ എര്‍ത്തി’ലെ വരികള്‍ ഉയര്‍ന്നുവന്നു.
‘ഞാന്‍ ഒരു ദിവസം മാത്രം ഓര്‍ക്കുന്നു
ഒരുപക്ഷേ അത് എനിക്കുവേണ്ടി ഉദ്ദേശിച്ചതാവില്ല
അത് ശമിക്കാത്ത ഒരു ദിവസമായിരുന്നു,
തുടക്കങ്ങളില്ലാതെ, വ്യാഴാഴ്ച.’
∙
ഇക്ബാല്‍!
തന്റെ ഒരു കണ്ടുപിടിത്തം എന്ന നിലയിലാണ് അവള്‍ എനിക്ക് ഇക്ബാലിനെ പരിചയപ്പെടുത്തിയത്. അന്നേ ദിവസം കൊച്ചിയിലെ ചൂട് അസഹ്യമായിരുന്നു. ഒഴിവില്ലാതെ അവള്‍ വിയര്‍ത്തുകൊണ്ടിരുന്നു. നിരന്തരം വെയില്‍ കൊണ്ടിട്ടാകാം അമുദയുടെ കൈത്തലങ്ങളും മുഖവും കരുവാളിച്ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
ഇക്ബാലിന്റെ വീടിന്റെ ഗെയ്റ്റ് കടന്ന് വീട്ടിലേക്ക് കയറുമ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് അവിടെ ഒരു പക്ഷിയുടെ ജഡം വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ കിടന്നിരുന്നു. ഞാന്‍ അതു നോക്കി. അമുദയും അതു കണ്ടെന്ന് തോന്നി. എന്തോ പറയാനൊരുങ്ങിയപ്പോഴേക്കും ഇക്ബാല്‍ വീട്ടുവാതില്‍ തുറന്ന് വേഗം ഇറങ്ങിവന്നു. വെള്ളമുണ്ടും കറുത്തയുടുപ്പും ധരിച്ച നീണ്ട കൈകളും നല്ല ഉയരവുമുള്ള മനുഷ്യന്‍. തലമുടി കഴുത്തൊപ്പം പരന്നുകിടന്നു. നര തുടങ്ങിയ താടി വെട്ടിയൊതുക്കി നിര്‍ത്തിയിരുന്നു.
ഇക്ബാല്‍ എനിക്ക് കൈ തന്നു. മന്ത്രിക്കുംവിധം ഒച്ച താഴ്ത്തി എന്നോടു ക്ഷേമം തിരക്കി. ഞങ്ങളെയും വിളിച്ച് അകത്തേയ്ക്ക് പോയി. ആ വീടിന്റെ നടുത്തളം പ്രസന്നമായ പകല്‍വെളിച്ചത്തില്‍ ശൂന്യമായി കിടന്നു. ഭിത്തിയോട് ചേര്‍ത്ത് കുറച്ച് കസേരകള്‍ ഇട്ടിരുന്നു. നടുവിലായി വിരിച്ച പുല്‍പ്പായ. ഹാര്‍മോണിയം അതില്‍ ഒരു തട്ടിലായിവച്ചിരുന്നു. വലതുവശത്തെ ചുവരില്‍ സാമാന്യം വലിയ ഒരു പെയിന്റിങ്– നീലത്താമരകള്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു തടാകം. അതിനോട് വിവിധതരം പക്ഷികളുടെ ചിത്രങ്ങള്‍. ഭിത്തിയില്‍ ചാരി ഒരു വയലിൻ കെയ്സും. ആ പെയിന്റിങ് നോക്കി നിന്നപ്പോള്‍ ‘സെയ്ബാള്‍ഡിന്റെ ദി ഇയര്‍ ബിഫോര്‍ ലാസ്റ്റ്’ എന്ന കവിത ഓര്‍മ വന്നു. ഹൈന്‍റിച് ബേളിന്റെ യാത്രാ നോവലുകളെ ആധാരമാക്കിയ കവിതയാണ്. അതില്‍ യാത്രയ്ക്കിടെ, ഒരു റസ്റ്ററന്റില്‍ പൂത്തടാകത്തിന്റെ ഒരു പെയിന്റിങ്ങിന് കീഴെ ഇരുന്ന്പ്രഭാതഭക്ഷണം കഴിച്ചതിന്റെ വിവരണമുണ്ട്. നീ ആ വെയ്റ്ററെ ഓര്‍ക്കുന്നുണ്ടോ എന്നാണ് അവളോടു കവിയു ടെ ചോദ്യം. പറ്റെ വെട്ടിയ വെള്ളത്തലമുടിയുള്ള അയാള്‍ തന്റെ കൈ വിരലുകള്‍ കൊണ്ട് ഇടത് നെറ്റി തൊടുന്നത് ഓര്‍മയുണ്ടോ? അയാള്‍ എനിക്ക് കൊണ്ടുവന്ന ക്യൂബന്‍ സിഗരറ്റുകള്‍? അതില്‍നിന്നുളള നല്ല നീലപ്പുക ഒരു മെഴുതിരി നാളംപോലെ കുത്തനെ ഉയര്‍ന്നു. അതു നല്ലൊരു അടയാളമായിരുന്നു, ഉറപ്പായും.
ഇക്ബാലിന്റെ വീടിന്റെ പിന്നില്‍ ഒരു ചതുപ്പുണ്ട്. അവിടെ നിറയെ കുറ്റിമരങ്ങളും കുറ്റിക്കാടും. പിന്‍മുറ്റത്തായി കുറെ വാഴകളും. തുറന്ന ജാലകത്തിലൂടെ ആ ചതുപ്പില്‍ ചെറുമരങ്ങളുടെ ഇളക്കം കാണാമായിരുന്നു.
ഇക്ബാല്‍ നാടകപ്രവര്‍ത്തകനും ഗായകനുമാണ്. അയാള്‍ സംഗീതം പഠിപ്പിക്കുന്നു. കുട്ടികള്‍ക്കു നാടകപരിശീലനം നല്‍കുന്നു. അച്ഛനൊപ്പം അമുദ ആ വീട്ടില്‍ ആദ്യം വരുമ്പോള്‍ ഇക്ബാലിന്റെ ഭാര്യ സബീന ഉണ്ട്. അവര്‍ രോഗിയായി കിടപ്പിലായിരുന്നു. താമസിയാതെ അവര്‍ മരിച്ചു. ഒരിക്കല്‍ ഇക്ബാലിന്റെ വിദ്യാര്‍ഥിയായിരുന്നു സബീന. പിന്നീട് അവര്‍ ഒരുമിച്ചു ജീവിച്ചു. ഒരുമിച്ചു സംഗീതം പഠിപ്പിച്ചു. സംഗീതം സംസാരിച്ചു. സബീനയായിരുന്നു വീട്ടില്‍ കുട്ടികളെ സംഗീതം പഠിപ്പിച്ചിരുന്നത്. ഇക്ബാല്‍ കുറേക്കാലം കോഴിക്കോട് സംഗീതാധ്യാപകനായിരുന്നു. കൊച്ചിയിലേക്ക് തിരിച്ചെത്തിയശേഷം പലയിടത്തായി പഠിപ്പിക്കാന്‍ പോയി. ഭാര്യ കിടപ്പിലായപ്പോള്‍ ഇക്ബാല്‍ വീട്ടിലും സംഗീതഗുരുവായി.
അമുദ എന്നോടു പറഞ്ഞത്: നീ തനിച്ചുനടപ്പും ഇരിപ്പും അവസാനിപ്പിക്കണം. ഇവിടെ കൂട്ടുകൂടാനായി ഒരുപാടുപേരുണ്ട്. ഇനി നമുക്ക് ഒരുമിച്ച് പലയിടത്തും പോകാം.
ഇത് അവള്‍ ഇക്ബാലിന്റെ വീട്ടിലേയ്ക്ക് വെയിലത്തു നടക്കുമ്പോഴാണ് എന്നോട് പറഞ്ഞത്. അപ്പോള്‍ ഞാനവളെ നോക്കി. അവളുടെ കൂട്ടുപുരികങ്ങളും മൂക്കും മനോഹരമായിരുന്നു.
ഇക്ബാലിന്റെ വീടിന്റെ പേര് ബാഷോ എന്നായിരുന്നു. അത് ഒരു ജാപ്പനീസ് ഹൈക്കു കവിയുടെ പേരാണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ചോദിച്ചു ബാഷോയെ ആണോ ഏറ്റവും ഇഷ്ടം? ഇക്ബാല്‍ പറഞ്ഞു, അങ്ങനെയല്ല ബാഷോ ഇഷ്ടക്കാരിലൊരാളാണ്. പക്ഷേ, എന്റെ ഭാര്യ സ്ഥിരമായി ബാഷോ വായിച്ചിരുന്നു. ബാഷോയുടെ അര്‍ത്ഥം ഏത്തപ്പഴം എന്നാണെന്നും ഇക്ബാല്‍ പറഞ്ഞു. അമുദ പുഞ്ചിരിയോടെ എന്നെ നോക്കി. ഇക്ബാലും ഞാനും അതു പങ്കിട്ടു.
മഹാസഞ്ചാരിയും കവിയുമായ മട്സൂ ടോസെ എന്ന ബാഷോ മരിക്കുമ്പോള്‍ 51 വയസ്സായിരുന്നു.
ഇക്ബാല്‍ വലിയ ആഹ്ലാദത്തോടെ പറഞ്ഞു, കുറച്ചുകഴിയുമ്പോള്‍ കുറച്ചു സ്കൂള്‍ കുട്ടികള്‍ വരും. അവര്‍ നാടകപരിശീലനത്തിന് വരുന്നതാണ്. അവര്‍ സ്കൂള്‍ ഡ്രാമ ക്ലബിന്റെ പരിപാടിയായി ‘പാത്തുമ്മ യുടെ ആട്’ നാടകമായി അവതരിപ്പിക്കുന്നു. ‘പാത്തുമ്മയുടെ ആടി’ന് വേണ്ടി ഒരു കുഞ്ഞുപാട്ടും ഇക്ബാല്‍ ചിട്ടപ്പെടുത്തിയിരുന്നു. കുട്ടികള്‍ നാടകം കളിക്കുന്നതു കണ്ടിട്ടുപോകാം എന്നെന്നോടു പറഞ്ഞു.
അതൊരു മനോഹരദിവസമായിരുന്നു. കുട്ടികള്‍ വരും വരെ ഞങ്ങള്‍ സംസാരിച്ചിരുന്നു. ഇക്ബാല്‍ കുറച്ചു പാട്ടുകള്‍ പാടി. അമുദ വയലിന്‍ വായിക്കുന്നതും ഞാന്‍ കണ്ടു. ഞാന്‍ നെരൂദയുടെ ‘റെസിഡന്‍സ് ഓണ്‍ എര്‍ത്തി’ന്റെ കാര്യം പറഞ്ഞു. ഇക്ബാല്‍ കുറേനേരം ആലോചിച്ചിരുന്നു. പിന്നെ ചോദിച്ചു ‘കാന്റോ ജനറല്‍’ വായിച്ചില്ലേ? അതുവായിക്കാന്‍ പോകുന്നുവെന്നു ഞാന്‍ മറുപടി പറഞ്ഞു. അമുദ അപ്പോഴും പുഞ്ചിരി ക്കുന്നുണ്ടായിരുന്നു. ഇക്ബാല്‍ നാലുവരി ഇംഗ്ലിഷില്‍ പറഞ്ഞു. ‘കാന്റോ ജനറലില്‍നി’ന്നാണ്.
“Good bye to the minute speck of mountains
that gathered in eyes every afternoon
good bye to the green neon light that opened
every new night with its lightning.”
അപരാഹ്നത്തിന്റെ കണ്‍കളില്‍ ശേഖരിച്ച പര്‍വതങ്ങളുടെ ഓരോ തരിക്കും വിട. എനിക്കത് ഇഷ്ടമായി. ഞാന്‍ ഈ വരികള്‍ ഓര്‍ത്തു വയ്ക്കണമെന്ന് ഇക്ബാല്‍ പറയുകയും ചെയ്തു. കാരണം കാന്റോ ജനറല്‍ വായിക്കുമ്പോള്‍ ഈ ഭാഗത്തെത്തുമ്പോള്‍ നമ്മുടെ ഈ ദിവസം ഓര്‍മ വരണം.
എന്റെ ആദ്യ ഫോര്‍ട്ട് കൊച്ചി യാത്രയുടെ മടക്കം ബസ്സിലായിരുന്നു. ഇക്ബാലിന്റെ വീട്ടില്‍നിന്ന് ബസ് സ്റ്റോപ്പിലേക്കു ദൂരം കുറവായിരുന്നു. അമുദ എന്റെ കൂടെ വന്നു. നേരിയ ഇരുള്‍ പരന്ന ബസ് സ്റ്റോപ്പില്‍നിന്ന് ഞങ്ങള്‍ അധികമൊന്നും സംസാരിച്ചില്ല. പിറ്റേന്ന് വൈകിട്ട് ലൈബ്രറിയില്‍ കാണാമെന്ന് മാത്രം പറഞ്ഞു. അമുദ എന്തോ ആലോചിക്കുകയാണെന്ന് എനിക്കു തോന്നി. ബസ് വന്നപ്പോള്‍ അവള്‍ എന്റെ ചുമലില്‍ കൈവച്ചു. ആ നിമിഷത്തില്‍ ഞാന്‍ അഭിയെ ഓര്‍ത്തു. ആ ഓര്‍മ കൊണ്ടുവന്ന ഏകാന്തതയില്‍ ഞാന്‍ ബസിലിരുന്നു.