scorecardresearch
Latest News

വാക്കുകള്‍ മാത്രം-വായനക്കാരനെ എഴുത്തുകാരൻ വായിക്കുമ്പോൾ

“സരാമാഗോയുടെ മരണവാര്‍ത്തയറിഞ്ഞയന്ന് റിക്കാര്‍ഡോ റെയ്സ് മറിച്ചു നോക്കുന്ന അജയ് ‘Who can tell us who is reading us we sit reading oblivious of ourselves‘ എന്ന വരികളില്‍ ഉടക്കി നില്‍ക്കുന്നു” അജയ് പി മങ്ങാട്ടിന്റെ വായനയുടെ എഴുത്തിനെ കുറിച്ച് കഥാകൃത്തായ ലേഖകൻ

വായന ഒരു സര്‍ഗാത്മക പ്രവൃത്തിയാക്കിയ ചിലരോട് വല്ലാത്ത അടുപ്പം തോന്നാറുണ്ട്. ലോകത്തുളള സകല പുസ്തകങ്ങളും വായിക്കുകയും വരണ്ട ഭാഷയില്‍ അവയുടെ ഉളളടക്കം സംഗ്രഹിക്കുകയും, X എന്ന എഴുത്തുകാരന്റെ Y എന്ന നോവല്‍ വായിക്കാത്തതിനും Z എന്ന എഴുത്തുകാരനെക്കുറിച്ച് കേള്‍ക്കാത്തതിനും വായനക്കാരനെ പുച്ഛിക്കുകയും, ലോകത്തിലെ ഏറ്റവും മികച്ച പുസ്തകങ്ങള്‍, മികച്ച എഴുത്തുകാര്‍ എന്നീ വിഷയങ്ങളില്‍ സ്വേച്ഛാധിപതികളെ പോലെ പെരുമാറുകയും ചെയ്യുന്നവരെക്കുറിച്ചല്ല. മറിച്ച്, സ്വന്തം ജീവിതവും, വായനയും, ഭാഷയും ഒന്നു ചേര്‍ത്ത് ഒരു സവിശേഷാനുഭവമാക്കി തീര്‍ക്കുന്ന വായനക്കാര്‍/എഴുത്തുകാര്‍ ഉണ്ട്. അവരിലൊരാളാണ് അജയ്.

ജീവിതത്തില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാത്തപ്പോഴും (The best you can expect is to avoid the worst) വായനയില്‍ പ്രത്യാശയുണ്ടെന്ന് കാല്‍‌വിനായുടെ ഒരു കഥാപാത്രം ചിന്തിക്കുന്നുണ്ട്. എന്തിനാണ് വായിക്കുന്നത്? 1. ലോകത്തെ പുറത്താക്കി വാതിലടക്കാന്‍  2. പുസ്തകങ്ങള്‍ പകരുന്ന സ്വപ്നങ്ങളില്‍ മയക്കുമരുന്നിലെന്ന പോലെ ലയിക്കാന്‍  3. ഈ ലോകത്തെ നിങ്ങള്‍ക്ക് അത്രയേറെ ഇഷ്ടമായതിനാല്‍ ആ ഇഷ്ടം സജീവമായി നിലനിര്‍ത്താന്‍.

വായന ഒരു തരം പ്രാര്‍ത്ഥനയും ധ്യാനവും ആണെന്നും അത് താന്‍ മറ്റാരോ ആണെന്ന തോന്നലിലേയ്ക്ക് നയിക്കുകയും, അങ്ങനെ ഈ പ്രപഞ്ചത്തിന്റെ കേന്ദ്രം താനാണെന്ന മിഥ്യാധാരണയെ തകര്‍ത്ത്, (തന്നെ രക്ഷിച്ച്‌) വീണ്ടും മറ്റ് മനുഷ്യരെ സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്നു എന്ന് ജോര്‍ജ് സോണ്ടേഴ്സും എഴുതുന്നു. വായനയുടെ നന്മയിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രസ്താവനയാണത്. വായന മനുഷ്യന്‍ മാത്രം ചെയ്യുന്ന പ്രക്രിയയാണ്. ഏകാന്തതയും അമ്പരപ്പും അവനെ വായനക്കാരനും എഴുത്തുകാരനുമാക്കുന്നു. ലോകത്തിന്റെ കണിശതയില്‍ നിന്ന് രക്ഷപ്പെടാന്‍ സാഹിത്യത്തിലേയ്ക്ക് പോകുന്നു. അതു വഴി തന്റെ ആന്തരിക ജിജ്ഞാസകളേയും ആധികളേയും അഭിമുഖീകരിക്കുന്നു. അങ്ങനെ, ലോകം അവസാനിക്കാത്തതു കൊണ്ട് വായനയും അവസാനിക്കുന്നില്ല എന്നാണ് അജയ് പി മങ്ങാട്ട് തന്റെ പുസ്തകത്തില്‍ പറഞ്ഞു വെക്കുന്നത്.reading,ajay p mangattu, k v praveen

വായനയുടെ ഉന്നതമായ ഈ നിയോഗത്തെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ടായിട്ടും, ഈ പുസ്തകത്തിൽ പലയിടത്തും തന്റേതടക്കമുളള വായനയെ (പ്രത്യേകിച്ചും സാഹിത്യവായനയെ) ന്യായീകരിക്കാന്‍ ഈ എഴുത്തുകാരന്‍ നിര്‍ബന്ധിതനാകുന്നത് കാണാം. പുതിയ ലോകക്രമത്തില്‍, മനുഷ്യര്‍ ഒരു ഫാക്ടറിയില്‍ നിന്ന് കൂട്ടമായി പടച്ചു വിടുന്ന ഒരേ സ്വഭാവമുളള ഉത്പന്നങ്ങൾ പോലെയായി പോകുന്ന ദുരന്തത്തില്‍ നിന്ന് നിന്ന് സ്വന്തം ഐഡന്റിറ്റി സംരക്ഷിച്ചു നിര്‍ത്താനുളള യത്നമാണത്. കെ ടി മുഹമ്മദിന്റെ നാടകത്തില്‍ നായക കഥാപാത്രത്തിന് ബലം കൊടുത്തിരുന്നത് അയാളുടെ കൈയിലെ പുസ്തകമായിരുന്നെങ്കില്‍ ഇന്നത് ചെയ്യുന്നത് മൊബൈല്‍ ഫോണാണെന്ന് അജയ് ഓര്‍ക്കുന്നു. ഇന്നു പക്ഷെ, ഒരാള്‍ പുസ്തകത്തില്‍ കണ്ണും നട്ടിരിക്കുമ്പോള്‍ ക്ലാസ്സ് കയറ്റത്തിനോ പ്രൊമോഷനോ വേണ്ടി പഠിക്കുകയാണെന്നേ നാം കരുതൂ.

കേവലാനന്ദത്തിന് (entertaintment) വേണ്ടിയുളള വായന അന്യം നിന്നു പോയിട്ട് നാളുകളേറെയായി; പുസ്തകവിൽപ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത് മറിച്ചാണെങ്കിലും. ദുബായ് പുസ്തകമേളകളിലൊക്കെ ആയിരക്കണക്കിന് മലയാള പുസ്തകങ്ങള്‍ മണിക്കൂറുകളില്‍ ചെലവാകുന്ന അത്ഭുത പ്രവൃത്തി കാണാം. ആളുകള്‍ പുസ്തകങ്ങള്‍ വാങ്ങുന്നു, മറിച്ചു നോക്കുന്നു. അതെക്കുറിച്ച് എഴുതുന്നു. പക്ഷെ വായിക്കുന്നില്ല എന്ന് ആരോ ഈയിടെ പറഞ്ഞല്ലോ. ഒരു പുസ്ത്കത്തെകുറിച്ച് ഏറ്റവും നന്നായി എഴുതാന്‍ അതു വായിക്കാത്തൊരാള്‍ക്കാണ് കഴിയുക എന്ന് ‘വായിച്ച പുസ്തകം എന്ന നുണ’ എന്ന ലേഖനത്തില്‍ പുസ്തകപ്പെരുക്കത്തെ കുറിച്ചുളള നല്ല വായനക്കാരുടെ ഉത്ക്കണ്ഠയെ കുറിച്ചും അജയ്‌ സൂചിപ്പിക്കുന്നു.

“എന്നോട് ക്ഷമിക്കണം” എന്നു പറയുമ്പോള്‍ ‘ക്ഷമിക്കുക’ എന്നതൊരു വാക്കു മാത്രമല്ലേ എന്ന് മറുപടി വരും. ‘നമുക്കാകെ വാക്കുകള്‍ മാത്രമാണുളളതെന്ന് നാം അപ്പോള്‍ പറഞ്ഞു പോകുന്നു. ഒരിക്കല്‍ ഉച്ചരിച്ചാല്‍ വാക്കുകള്‍ തുറന്നിട്ട വാതിലുകള്‍ പോലെയാണെന്ന് മറ്റൊരു കഥാപാത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്. എപ്പോഴും കയറാവുന്ന വിധം തുറന്നിട്ട വാതില്‍. എന്നിട്ടും നാം ചിലപ്പോള്‍ ആ വാതില്‍ക്കല്‍ ശങ്കിച്ചു നില്‍ക്കാറുണ്ട്. വേറെ വാതിലുകള്‍ തുറക്കാനും വേറെ വാക്കുകള്‍ കേള്‍ക്കാനും അഗ്രഹിച്ച്.” (‘നമുക്ക് വാക്കുകള്‍ മാത്രം’)

സരമാഗോവിനെക്കുറിച്ചാണ് അജയ് എഴുതുന്നത്. ‘ഉളളതിലേറെ ദുഃഖവും ദുരിതവും എപ്പോഴും വിചാരിക്കണം സ്വപനങ്ങളുടെ ലോകത്തിലേയ്ക്കുളള കയറ്റം എളുപ്പമാക്കുന്ന ഏണി പോലെയാണത് എന്നെഴുതിയ പെസോവയുടെ സാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന ‘The year of the death of Ricardo Reis’ എന്ന നോവലിനെക്കുറിച്ചുളള ഈ ലേഖനമാണ് ഈ സമാഹാരത്തിലെ ഏറ്റവും ഇജ്ജ്വലമായ എഴുത്തായി എനിക്ക് അനുഭവപ്പെട്ടത്. രക്തബന്ധമുളള എഴുത്തുകാരന്‍ എന്ന് അജയ് സരമാഗോവിനെ വിശേഷിപ്പിക്കുന്നു. ഒരു കാര്‍ മെക്കനിക്കായി ജീവിതം ആരംഭിക്കുകയും, അന്‍പതാം വയസ്സിന് ശേഷം മാത്രം ഗൗരവപൂര്‍ണമായ എഴുത്തു ജീവിതം ആരംഭിക്കുകയും, ചരിത്രത്തില്‍ രേഖപ്പെടുത്താത്ത സാധാരണ മനുഷ്യരാണ് ഏറ്റവും വലിയ യാഥാര്‍ത്ഥ്യമെന്നും അവരായിരിക്കണം തന്റെ കഥാപാത്രങ്ങള്‍ എന്ന് തീരുമാനിക്കുകയും, സ്ത്രീ ഇല്ലെങ്കില്‍ പുരുഷന്‍ ഒരിക്കലും ഭാവനാ സമ്പന്നനാകില്ലെന്നും, ഏറ്റവും ഫിക്ഷണല്‍ ആയത് സ്ത്രീയുടെ അനുരാഗം ആണെന്നും, ആ സാന്നിധ്യമില്ലാതെ എഴുത്തു സാധ്യമാകില്ലെന്നും വിശ്വസിച്ച സരാമാഗോയുടെ നോവലുകളിലെ ദര്‍ശനം ഈ ലേഖനത്തില്‍ അജയ് വിശദമായി പരിശോധിക്കുന്നു. സരാമാഗോവിനെ മറ്റ് നോവലിസ്റ്റുകളുമായി താരതമ്യം ചെയ്യാനോ അയാളുടെ ഏറ്റവും നല്ല നോവല്‍ ഏതാണെന്ന് പ്രഖ്യാപിക്കാനോ അജയ് മുതിരുന്നില്ല. അത്തരം ക്ഷുദ്രവേലകളില്‍ നിന്നകന്ന് നിന്നുകൊണ്ട് സരമാഗോവിന്റെ സാഹിത്യലോകത്തിന്റെ വായനാനുഭൂതി സര്‍ഗാത്മക മായി അവതരിപ്പിക്കുന്നു. സുവിശേഷഷത്തിലെ മൗനങ്ങള്‍ പൂരിപ്പിച്ചു കൊണ്ട് സരമാഗോ എഴുതിയ നോവലില്‍ നിന്ന് കസാന്‍‌ദ്‌സാക്കീസിന്റെ ക്രിസ്തുവില്‍ നിന്ന് ‘ഗോസ്പല്‍ അക്കോഡിങ് ടു ജീസസ് ക്രൈസ്റ്റ് ‘എന്ന സരാമാഗോവിന്റെ ക്രിസ്തുവിലേയ്ക്കുളള ദൂരം വായിച്ചു തീര്‍ക്കുന്നു. സരാമാഗോയുടെ മരണവാര്‍ത്തയറിഞ്ഞയന്ന് റിക്കാര്‍ഡോ റെയ്സ് മറിച്ചു നോക്കുന്ന അജയ് ‘Who can tell us who is reading us we sit reading oblivious of ourselves‘ എന്ന വരികളില്‍ ഉടക്കി നില്‍ക്കുന്നു.

ലോകത്തിന്റെ മുഴുവന്‍ കമ്പോള ശക്തിയെ ഒറ്റയ്ക്ക് നിയന്ത്രിക്കാന്‍ മാത്രം ഭാവനാശേഷിയുണ്ടായിരുന്ന സ്റ്റീവ് ജോബ്സിനെക്കുറിച്ച് അജയ് ഒന്നിലധികം തവണ ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പുതുതായി എന്തെങ്കിലും സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ പരാജയങ്ങളെ വിസ്മരിക്കുക; ഭാവിയെ ഭാവന ചെയ്യുക എന്നായിരുന്നു ജോബ്സിന്റെ മതം. ഭാവിയിലേയ്ക്ക് ഉണരുന്ന ഭാവനയില്ലാതെ ജീവിത വിജയം നേടാനാവില്ലെന്ന് ജോബ്സ് പറഞ്ഞു കൊണ്ടിരുന്നു. വലിയ പണക്കാരനായിരുന്നു. എങ്കിലും ആനന്ദം കിട്ടുന്ന വാക്കുകള്‍ കിട്ടുമെങ്കില്‍ തനിക്കുളളതെല്ലാം വിറ്റഴിച്ചേക്കാമെന്ന് പ്രസ്താവിച്ചു. (‘മരണാനന്തര ജീവിതത്തേക്കാള്‍ വലിയ വാഗ്ദാനം’)book, k v praveen, ajay p mangattu

ഈ പുസ്കത്തില്‍ ആവര്‍ത്തിച്ച് വരുന്ന മറ്റൊരു പ്രമേയം സ്ത്രീയും പ്രണയവുമാണ്. ‘I will love you eternally and even after’ എന്ന ജര്‍മന്‍ കവിതയിലെ വരികള്‍ കാവ്യകലയുടെ ഉദാഹരണമായി ആദ്യ ലേഖനത്തില്‍ അജയ് ഉദ്ധരിക്കുന്നുണ്ട്. ഭാവനയ്ക്ക് പ്രണയത്തേക്കാള്‍ വലിയ ഒരു മൂല്യത്തിലും വിശ്വസിക്കാനാവില്ലെന്ന് എഴുതുന്നു. സ്വയം സ്നേഹിക്കാന്‍ പഠിക്കണം; അല്ലാതെ സ്നേഹം തേടി അലയരുത് എന്ന് നീത്ഷെ ഉപദേശിച്ചതിന് പിന്നില്‍ ജീവിതത്തിലെ പ്രണയഭംഗങ്ങളായി രുന്നെന്ന് അജയ് ഓര്‍മിപ്പിക്കുന്നു. പ്രണയമാണ് ഏകാന്തതയെ സ്നേഹിക്കാന്‍ ഒരാള്‍ക്ക് ബലം നല്‍കുന്നത്. ഓരോരുത്തരിലും ശ്രേഷ്ഠനായ മറ്റൊരാള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന ആശയം, അങ്ങനെ സൂപ്പര്‍മാന്‍ ആയിത്തീരാനുളള ശക്തിയെക്കുറിച്ചുളള നീത്ഷെയുടെ ആശയം അങ്ങനെയാണ് വികസിക്കുന്നത്. സ്ത്രീ ഇല്ലെങ്കില്‍ പുരുഷന്‍ ഒരിക്കലും ഭാവനാസമ്പനാകില്ലെന്നും, ഏറ്റവും ഫിക്ഷണല്‍ ആയത് സ്ത്രീയുടെ അനുരാഗം ആണെന്നും, ആ സാന്നിധ്യമില്ലാതെ എഴുത്തു സാധ്യമാകില്ലെന്നും വിശ്വസിച്ച സരാ‍മാഗോവിന്റെ കഥാപാത്രങ്ങളും എപ്പോഴും പ്രണയത്താല്‍ മോചനം നേടുന്നവരാണ്. അതിസാധാരണക്കാര്‍ക്കും സമൂഹത്തിന് യാതൊരു താൽപ്പര്യവും ഇല്ലാത്തവര്‍ക്കും കിട്ടവുന്ന ഏറ്റവും നല്ല വരം സ്നേഹമാണെന്ന് അജയ് എഴുതുന്നു. ഒന്നിലധികം ലേഖനങ്ങളില്‍. ‘കുടഞ്ഞെറിഞ്ഞിട്ടും പോകാത്ത തീക്കട്ടയായി അവള്‍ കൈവെളളയിലിരിക്കുന്നു’ എന്ന് പ്രണയനൈരാശ്യത്താല്‍ ആത്മഹത്യയുടെ വക്കോളമെത്തിയ ബോര്‍ഹെസിനെയും, പ്രണയത്തിന്റെ മഹാകവിയായ ആശാന്റെ ദുരന്തനായികമാരെയും ഓര്‍ക്കുന്നു. (‘പ്രണയ ഭൂഖണ്ഡങ്ങള്‍‘; ‘ഹിംസയും പ്രണയവും) ഒപ്പം പ്രണയത്തിന്റെ മറുപുറം എന്ന പോലെ ടോള്‍‌സ്റ്റോയിയെ പോലുളള ഒരു മഹാപ്രതിഭയുടെടെ അസുഖകരമായ ദാമ്പത്യത്തിന്റെ ചിത്രങ്ങള്‍ കോറിയിട്ട സോഫിയ ടോള്‍സ്റ്റോയിയുടെ ഡയറിക്കുറിപ്പുകള്‍ വായിക്കുന്നു. A man of genius is always better in his works than in his life. (‘സ്ത്രീ’)

പലപ്പോഴായി (ചിലപ്പോള്‍ പല പേരുകളില്‍) എഴുതിയ കുറിപ്പുകളാണ് ഈ പുസ്തകത്തിലെ ലേഖനങ്ങള്‍. ആ randomness ഒരേ സമയം ഒരു നവ്യതയും പരിമിതിയും ആകുന്നുണ്ട്. അതു പോലെ തന്നെ രാഷ്ട്രീയ വിചാര ങ്ങളുടെ വലിയൊരളവോളമുളള അഭാവവും ചില വായനക്കാരെ നിരാശപ്പെടുത്തിയേക്കാം. പക്ഷേ, സൂക്ഷ്മമായ സാഹിത്യ വായനയിലേയ്ക്ക് വായനക്കാരെ വീണ്ടും വീണ്ടും പ്രലോഭിപ്പിക്കുന്ന പുസ്തകമാണിതെന്ന് നിസ്സംശയം പറയാം. ‘ഞാനുണ്ടോ എന്ന കാര്യത്തില്‍ വാസ്തവത്തില്‍ എനിക്ക് വിശ്വാസമില്ല. ഞാന്‍ വായിച്ച പുസ്തകങ്ങളും കണ്ടു മുടിയ മനുഷ്യരും സന്ദര്‍ശിച്ച നഗരങ്ങളും, പ്രണയിച്ച പെണ്ണുങ്ങളും എന്റെ എല്ലാ പൂര്‍വ്വികരും ചേര്‍ന്നതാണ് ഞാന്‍‘ എന്ന് ബോര്‍ഹെസ്.

ഒരു സാഹിത്യ രൂപത്തിനുണ്ടാകുന്ന ഏറ്റവും വലിയ നാശം ന്നിരോധനമോ കത്തിക്കലോ എതിര്‍പ്പോ അല്ല, അത് അവഗണനയാണെന്ന് ബ്രോഡ്ക്സി എഴുതിയിട്ടുണ്ട്. വായനക്കാരാല്‍ തമസ്കരിക്കപ്പെടുന്നതിനേക്കാള്‍ വലിയ ഒരു ശിക്ഷയില്ല എഴുത്തുകാരന് കിട്ടാന്‍. പക്ഷെ വായനയുടെ ചരിത്രത്തിൽ അനിവാര്യമായത് തന്നെയാണ് അതും എന്ന് അജയ് തിരിച്ചറിയുന്നുണ്ട്. വായനയുടെയും പുസ്തകങ്ങളുടെയും അനശ്വരതയില്‍ തുടങ്ങിയ വിചാരങ്ങള്‍ അജയ് ഇങ്ങനെ അവസാനിപ്പിക്കുന്നു. ‘ചിലപ്പോള്‍ വായനക്കാരന്റെ വിധിയെഴുത്തും പാളിപ്പോകാം.നല്ല പുസ്തകങ്ങളും ചീത്ത പുസ്തകങ്ങള്‍ക്കൊപ്പം അപ്രത്യക്ഷമാകാം. ഉന്മൂലനം ചെയ്യപ്പെട്ട നിരായുധരായ ജനതയുടെ നിലവിളി പോലെ തമസ്കരിക്കപ്പെട്ട പുസ്തകങ്ങളും സമൂഹ മനസ്സില്‍ നിന്ന് മെല്ലെ മാഞ്ഞു പോകും.’ എങ്കിലും ‘In ruined libraries they would outlive man‘ എന്ന സാര്‍ത്രിന്റെ ശുഭാപ്തി വിശ്വാസം തന്നെയാണ് അജയ് മങ്ങാട്ടിന്റെ ‘ലോകം അവസാനിക്കുന്നില്ല’ എന്ന പുസ്തകത്തിന്റെ വായന നമ്മിലവശേഷിപ്പിക്കുന്നത്

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Ajai p mangattu lokam avasanikkunilla kv praveen