“അടുക്കള”

പാകമൊത്ത സാമ്പാറിന്‍റെ മണം !
പിന്നെ അടുക്കളയ്ക്ക് ഇരിക്കപ്പൊറുതി ഇല്ല.
കേട്ടോ കേട്ടോ എന്നും പറഞ്ഞു
ചിരിച്ചു കുലുങ്ങി,
വീട്ടിലുള്ളവരുടെ നാവിലേക്ക് ഓടി നടന്നെത്തിക്കും.

അവിയലിനു നുറുക്കുമ്പോഴേ തുടങ്ങും.
വേവ് ശ്രദ്ധിച്ചോണം,
പുളിക്ക് തൈര് മതി.
ഒടുവിലെ വെളിച്ചെണ്ണയും
കറിവേപ്പിലയും മറക്കണ്ട.

എത്ര വഴക്ക് പറഞ്ഞാലും
തല്ലിയാലും കണ്ട പല്ലിയെയും
പാറ്റയേയുമൊക്കെ ഞാനറിയാതെ
വളർത്തും.
പകൽ അവയെ ഒക്കെ എവിടെയാണോ ഒളിപ്പിക്കുന്നത്?
പാവത്തുങ്ങൾ, ജീവിച്ചു പൊക്കോട്ടെ എന്ന് പറയും.

geetha janaki ,poem ,

മീൻ വെട്ടുമ്പോൾ പൂച്ചയെപ്പോലെ,
കൊതിനോക്കി നിൽക്കും.
അതെന്താ ഇതെന്താ എന്നൊക്കെ,
തീരാത്ത സംശയങ്ങളാണ്.
കറിക്ക് തിള വന്നാൽ,
തീയ് താഴ്ത്ത് ഇല്ലേലൊക്കെ കടലീ
തിരികെപ്പോവും എന്ന് കളിയാക്കും.

എന്തേലും വറുക്കുമ്പോ ഒന്ന് കരിഞ്ഞുപോയാൽ,
മൂക്കും നെറ്റിയും ചുളിച്ച്,
വീട്ടുകാരെ എല്ലാം വിളിച്ചു വരുത്തി,
ചീത്ത പറയിക്കും.
“ഒക്കെ നശിപ്പിച്ചു.”

എങ്കിലും രാവിലെ
വാതിൽ തുറന്നകത്തേക്ക് കയറുമ്പോ,
മഞ്ഞൾക്കുറിയും, കരിച്ചാന്തും കുങ്കുമോം തൊട്ട്
അമ്പലവിശുദ്ധിയോടെ,
കാപ്പിയോ? ചായയോ?
എന്ന് ചോദിക്കുമ്പോഴുള്ള സന്തോഷം ഒന്ന് വേറെ തന്നെ.
ലോകത്തിലെ എല്ലാ അടുക്കളകൾക്കും,
അമ്മമാരുടെ ആത്മാവാണ്!

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ