പിറന്നൊരൂരില്‍ പോകേണം നീ
വളര്‍ന്നൊരാളായാല്‍
(പിതൃഗമനം – ആറ്റൂര്‍ രവിവര്‍മ്മ)
1.
ഉളളാട്ടുകാലയിലെത്തിയപ്പോള് തീവണ്ടി ശ്വാസമെടുക്കാനെന്നോണം ഒന്നു നിര്‍ത്തി, ഉടന്‍തന്നെ പുറപ്പെട്ടു പോവുകയും ചെയ്തു. അകന്നകന്നു പോകുന്ന അതിന്റെ ഇരമ്പങ്ങള്‍ അവശേഷിച്ചു. തീവണ്ടികള്‍ക്കു കൊടിവീശുന്നവന് പച്ചയും ചുവപ്പും നിറമുള്ള തുണികള്‍
ചുരുട്ടി പതുക്കെ അടുത്തേക്കു നടന്നുവന്നു.
എന്താ മാറാപ്പില്‍? അയാള്‍ ചോദിച്ചു
തുറന്നു കാണിച്ചു. അസ്ഥിയാണ്.
പൊകയ്ണ്ണ്ടല്ലോ… കൊടിവീശുന്നവന് പറഞ്ഞു. നോക്കട്ടെ. ഇങ്ങോട്ട് മാറി നില്ക്ക്. പൊട്ട്വോ?
ഏയ്. നിഷേധിച്ചു തലയാട്ടി.
ഇദെന്താ പൊകയണേ?
ശരിതന്നെ, പുകയുന്നുണ്ട്. കുറേശ്ശെ പൊള്ളുന്നുമുണ്ട്. കരാഞ്ചിറയിലെ വല്ല്യച്ചന്റെ അസ്ഥിയാണ്. മൂപ്പര് മരിച്ചിട്ട് അധികമായിട്ടില്ല. പുറപ്പെടാന്‍ നേരത്ത് പട്ടടയില്‍ നിന്ന് എടുത്തിട്ടേ ഉള്ളൂ. അതാവും. പക്ഷേ, എല്ലാം എങ്ങനെ പറഞ്ഞു മനസ്സിലാക്കും?
എന്തിനാ ഇദ്?
നദികളില്‍ ഒഴുക്കാന്‍. കിഴക്ക്, വനങ്ങളുടെ ദിശയിലേക്കു ചൂണ്ടിക്കാട്ടി.
ങേ? എന്താ, എന്താ?
പക്ഷേ, കാടുകളെ എങ്ങനെ കൈകളില്‍ വിവരിക്കും? മലങ്കാറ്റുകളുടെ മുഴക്കത്തിനു ചെവിയോര്‍ത്തു വെറുതെ നിന്നു.
2.
കരാഞ്ചിറയില്‍ നിന്നും പുലര്‍ച്ചെ പുറപ്പെട്ടതാണ്. ബസ്സിലും തീവണ്ടിയിലുമായി പകല്‍ മുഴുവന്‍ സഞ്ചരിച്ചു. ഇരുട്ടു പരന്നു തുടങ്ങിയ സമയത്ത് മറ്റാരും ഇറങ്ങാനില്ലാത്ത ഉളളാട്ടുകാല എന്ന ഈ സ്റ്റേഷനില്‍ ഇറങ്ങി. യാത്രക്കാരിലാരോ പറഞ്ഞിട്ടാണ് ഉളളാട്ടുകാലയിലെത്തി എന്നു മനസ്സിലായത്. സ്റ്റേഷനില്‍ ബോര്‍ഡൊന്നും കണ്ടില്ല. അവിടെ ഒരാള്‍ക്കു വേണ്ടി മാത്രമായി വണ്ടി നിര്ത്തിയതുപോലുണ്ടായിരുന്നു. നിലത്തു കാല്ചവിട്ടിയതേയുള്ളൂ, മുമ്പത്തേക്കാളും വേഗത്തില്‍ വണ്ടി കുതികുതിച്ചു. അതിന്റെ ശക്തിയില്‍ വീണുപോകും എന്നു പേടിച്ചു. സ്റ്റേഷനില്‍ അപ്പോള്‍ കൊടിവീശുന്ന ഈ ഒരുത്തന് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അവന് ഏതാണ്ട് പത്തിരുപതു വയസ്സു പ്രായം കാണും. വണ്ടിതട്ടി മരിച്ച ഏതെങ്കിലും കാവല്‍ക്കാരന്റെ മകനാവും, പകരം ജോലിക്കു വന്നിട്ടുള്ളതാവും എന്നൊക്കെ ഊഹിച്ചു. ഇരുട്ടായിത്തുടങ്ങിയതുകൊണ്ടാവാം – അപരിചിതനായ ഒരാളെ കണ്ടതുകൊണ്ടുമാവും – അവന് ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. നിങ്ങടെ കൈയ്യിലെന്താ ഈ മാറാപ്പ് എന്ന് എടുത്തെടുത്തു ചോദിച്ചു. മാറാപ്പ് എന്നു പറയാനും മറ്റുമില്ല, സാമാന്യം വലിയ ഒരു കിഴി. അതേയുള്ളൂ. ആംഗ്യം കാണിച്ചു മറുപടി പറഞ്ഞു തോറ്റു. പിന്നേയും ചോദിക്കുന്നു. കണ്ടിട്ടും വിശ്വാസം വരാത്തതു പോലെ. അവന്റെ കുറ്റമല്ല. ഇക്കാലത്ത് മൂപ്പെത്തി മരിച്ചവരെപ്പോലും ദഹിപ്പിക്കുന്ന പതിവില്ലല്ലോ. ഒന്നുകില്‍ മണ്ണില്‍ കുഴിച്ചിടും. മണ്ണില്ലാത്ത പട്ടണപ്രദേശങ്ങളിലാണെങ്കില് കറന്റടിപ്പിച്ചു ഭസ്മമാക്കുന്ന ഒരു പരിപാടിയും ഉണ്ടെന്നു കേള്‍ക്കുന്നുണ്ട്. തലയോട്ടിവരെ തകര്‍ന്നു തരിപ്പണമാകില്ലേ! പിന്നെ ആരെന്ത് അസ്ഥി കാണാനാണ്? കുട്ടികളല്ലേ, എന്തെങ്കിലും ചോദിക്കട്ടെ. ഏതായാലും ഒരു രാത്രി കഴിച്ചുകൂട്ടണം. രാവിലെ മലകളില്‍ പോയി അവിടെ നിന്നും ഉറവെടുക്കുന്ന നദികളിലൊന്നില്‍ അസ്ഥികള്‍ ഒഴുക്കണം. ആത്മാക്കള്‍ക്കു ബലിയിടുകയും വേണം. അങ്ങനെയല്ലേ വല്ല്യച്ചന് ആവശ്യപ്പെട്ടത്? ശരി, കുഴപ്പക്കാരനൊന്നുമല്ല എന്നുറപ്പായപ്പോള്‍ അവന് ചോദ്യം ചെയ്യുന്ന പരിപാടി നിര്‍ത്തി. പരിസരത്തെങ്ങും ആരുമുണ്ടായിരുന്നില്ല. രാത്രി ഇവിടെ നിര്‍ത്തുന്ന വണ്ടികള്‍ ഒന്നുമില്ല, അതുകൊണ്ട് തീവണ്ടിയാപ്പീസ് പൂട്ടി ആളുകളെല്ലാം അവരുടെ പാട്ടിനുപോയി എന്ന് അവന് പറഞ്ഞു. ഇനി നാളെ കാലത്തേ വരൂ. ഇന്നുരാത്രിയിലും അവനു തന്നെയാണ് ചുമതല. കൊടി വീശുന്നതു നിര്‍ത്തി ഇനി വിളക്കെടുക്കും. ആ വഴി പോകുന്ന രാത്രിവണ്ടികള്ക്കെല്ലാം പച്ച നിറമുള്ള വെളിച്ചം പകരും. അതേയുള്ളൂ അവന്റെ പണി.
എവിടെയാണ് ഒന്നു തലചായ്ക്കുക എന്നു കാണിച്ചപ്പോള്‍ നിങ്ങള്‍ എവിടെ നിന്നാ വരുന്നത് എന്ന് അവന് വീണ്ടും തിരക്കി. കരാഞ്ചിറ, പിറകിലേക്കു ചൂണ്ടിക്കാണിച്ചു. അവനു മനസ്സിലായില്ല, അല്ലെങ്കില്‍ ആ സ്ഥലപ്പേര് അവന് കേട്ടിട്ടുണ്ടായിരുന്നില്ല. ഇക്കാലത്തെ പിള്ളാരുടെ ലോകവിവരവും കഷ്ടമാണ്. കരാഞ്ചിറയെക്കുറിച്ചു കേള്‍ക്കാത്ത ആളുകളുണ്ടോ! വേറെ ഒരു നിലയ്ക്കാലോചിച്ചാല്‍ എന്റെ കാര്യവും അങ്ങനെത്തന്നെ. ഉളളാട്ടുകാല എന്ന പേരില്‍ ഒരു സ്ഥലമുണ്ടെന്ന് കഴിഞ്ഞയാഴ്ച വല്ല്യച്ചന് പറയുന്നതുവരെ എനിക്കറിയാമായിരുന്നോ? വല്ല്യച്ചന്റെ വീട്ടുപേരാണെന്നേ ഞാന്‍ കരുതിയുള്ളൂ! അതിന് ഞാനും കരാഞ്ചിറ വിട്ട് അധികദൂരമൊന്നും പോയിട്ടില്ല എന്നുമുണ്ട്. സ്ഥലപ്പേരു മനസ്സിലാക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവന് ഒന്നു സൂക്ഷിച്ചു നോക്കി. പിന്നെ എന്തോ ആലോചിച്ചുകൊണ്ട് കുറച്ചുനേരം നിന്നു. ആപ്പീസിന്റെ ഇടനാഴി ചൂണ്ടിക്കാണിച്ചുകൊണ്ട് അവിടെ വേണമെങ്കില്‍ കിടന്നോ എന്ന് ഔദാര്യം കാണിച്ചു. രാത്രി മഴപെയ്താല്‍ നനയും. പക്ഷേ, നാട്ടില്‍ മഴയൊന്നുമില്ലാത്തതുകൊണ്ട് പേടിക്കാനില്ല. പോയ മഴക്കാലത്തെ വെള്ളം മോക്ഷം കിട്ടാതെ കാനയില്‍ കെട്ടിക്കിടന്നതു കാരണം കൊതുകിന്റെ നല്ല ശല്യമുണ്ട്. പരദേശികളുടെ ചോരയോട് ആര്‍ത്തിയുള്ള കൊതുകുകളാണ്; രക്ഷ വേണമെങ്കില്‍ തലമൂടിപ്പുതച്ചു കിടക്കേണ്ടി വരും. എന്നാലും ഇവിടെ കുഴപ്പമില്ല. ശബ്ദം കുറച്ചുകൊണ്ട് അവന് തുടര്‍ന്നു. ഇടയ്ക്കിടെ തീവണ്ടികള്‍ കടന്നുപോകുന്നതുകൊണ്ട് ഏതായാലും പ്രേതശല്യമുണ്ടാവില്ല. ഭാഗ്യം തന്നെ.
അപ്പോഴേക്കും മറ്റൊരു വണ്ടി വരുന്നതിനുള്ള സമയമായി. അതിനു ചൂട്ടുകാണിക്കാനായി അവന് പോയി. കിഴി ഒരു മൂലയിലായി അടുക്കിവച്ച ശേഷം തീവണ്ടിയാപ്പീസിന്റെ ഇടനാഴിയില്‍ ചുമരും ചാരിയിരുന്നു. ഇത്രയേറെ യാത്ര ചെയ്തിട്ടും, ജന്മനാട്ടില് തിരിച്ചെത്തിയിട്ടും വല്ല്യച്ചന് അപ്പോഴും പുകഞ്ഞുകൊണ്ടേയിരുന്നു. പാവം, ജീവിച്ചിരിക്കുന്ന കാലത്തെപ്പോലെത്തന്നെ ഒരു സമാധാനവും കിട്ടിയിട്ടുണ്ടാവില്ല. ഓരോന്ന് ഓര്ത്തുകൊണ്ടിരിക്കേ, എതിര്‍ദിശയിലേക്കുള്ള ഒരു തീവണ്ടി ഉളളാട്ടുകാലയെ കടന്നുപോയി. ഒരു പട്ടണത്തെത്തന്നെ ചില പെട്ടികളിലാക്കി മറ്റൊരു പട്ടണത്തിലേക്കു ചുമന്നുകൊണ്ടുപോകുന്ന പണിയല്ലേ ഈ തീവണ്ടികള്ക്കുള്ളത്? അത്ഭുതം തന്നെ, അതെല്ലാം.
തീവണ്ടി പോയ്ക്കഴിഞ്ഞപ്പോള്‍ വണ്ടിക്കു വെളിച്ചം കാണിക്കാന്‍ പോയവന് എന്റെയടുത്തേക്കു മടങ്ങിവന്നു. നിങ്ങളുടെ കൈവശം പട്ടണം മാര്‍ക്ക് മൂക്കുപൊടിയുണ്ടോ എന്ന് അവന് തിരക്കി. ഇല്ല, മുറുക്കാന്‍ വേണമെങ്കില്‍ കുറച്ചു കൊടുക്കാം എന്നു കരുതി ഞാന്‍ പൊതിയഴിച്ചു. അവന് പുകയില മാത്രം വാങ്ങി. എന്തു ചെയ്യാന്‍! പട്ടണം മാര്‍ക്ക് ഇവിടെ കിട്ടുന്നേയില്ല. അവന് പിറുപിറുത്തു. എന്തെങ്കിലും ലഹരിയുടെ സഹായമില്ലാതെ രാത്രി എങ്ങനെ ഉറക്കമൊഴിക്കും? ഒരിക്കല്‍ അങ്ങനെ അറിയാതെ ഉറങ്ങിപ്പോയപ്പോള്‍ വെളിച്ചം കിട്ടാതെ കുറെ തീവണ്ടികള്‍ ആ സ്റ്റേഷനില്‍ രാത്രി മുഴുവന്‍ നിര്‍ത്തിയിട്ടു എന്ന് അവന് പറഞ്ഞു. ഒരു രാത്രി മുഴുവന്‍! ഇതു ഭാരിച്ച ഉത്തരവാദിത്തമുള്ള ഒരു ജോലിയാണ്, ഹോ എന്തു ചെയ്യും! അവന്റെ വാക്കുകളില്‍ പേടി കലര്‍ന്ന ഒരഭിമാനമുണ്ടായിരുന്നു.
ഉള്ളാട്ടുകാലയിലെ കാടുകള്‍ എവിടെയാണ്, അവനോടു ആംഗ്യം കാണിച്ചു തഞ്ചത്തില്‍ ഒന്നുകൂടി തിരക്കി. കാടോ? ഉള്ളാട്ടുകാലയില് കാടും മലയുമൊന്നുമില്ല;
അങ്ങനെയാണെങ്കില്‍ നിങ്ങള്‍ തെറ്റായ സ്ഥലത്താണ് വണ്ടിയിറങ്ങിയിരിക്കുന്നത് എന്ന് അവന് ശഠിച്ചു. ഏതായാലും ഈ രാവു കഴിയട്ടെ. കരാഞ്ചിറയില്‍ നിന്നും പുലര്‍ച്ചെ പുറപ്പെട്ടതാണ്. കൊടുംദാഹമുണ്ട്. ഒടുങ്ങാത്ത ക്ഷീണവും.
പക്ഷേ, വല്ല്യച്ചന് ഓര്‍മ്മ പിശകില്ലെന്നുള്ളത് അവനെ എങ്ങനെ പറഞ്ഞുമനസ്സിലാക്കും?
3.
ഉറക്കത്തില്‍ സ്വപ്നം കണ്ടു. സ്വപ്നത്തില്‍ കരാഞ്ചിറ തെളിഞ്ഞുവന്നു. അതിന് പച്ചനിറമായിരുന്നു.
4.
കരാഞ്ചിറയിലെ വല്ല്യച്ചന്, പ്രമാണങ്ങളിലും രേഖകളിലും ഉളളാട്ടുകാല ചോയി അച്ചുതന്, മരിക്കുന്നതിനും രണ്ടുദിവസം മുമ്പ് എനിക്ക് ആളയച്ചു. പറമ്പിലെ പണിക്കാരിലാരോ ആയിരുന്നു. സന്ധ്യാസമയമായതുകൊണ്ട് ഞാന്‍ പോയില്ല, നീ പൊയ്ക്കോ, വെളുപ്പിനേ അങ്ങെത്തിയേക്കാം. ഞാന്‍ ആംഗ്യം കാണിച്ചു. അപ്പോള്‍ത്തന്നെ സന്ധ്യ കഴിഞ്ഞിരുന്നു. ഇനി അവനോടൊപ്പം പോയാല്‍ മടങ്ങി വരുമ്പോള്‍ നല്ല ഇരുട്ടുണ്ടാവും. രാത്രിയെ എനിക്കു വലിയ പേടിയായിരുന്നു. ഇരുട്ടിന് ആംഗ്യഭാഷ ഒട്ടും മനസ്സിലാവുകയില്ല.
വല്ല്യച്ചന്റെ തോട്ടത്തിന്റെ അതിര്‍ത്തിയില്‍ ഒരു കുന്നിന്‍പ്രദേശത്തായിരുന്നു എന്റെ വീട്. വല്ല്യച്ചന് തന്നെ കെട്ടിത്തന്നതായിരുന്നു അത്. ഉള്ളുതട്ടി വിളിച്ചാല്‍ വിളിപ്പുറത്താണ് വല്ല്യച്ചന്. ഒന്നിനും ഒരു മുട്ടുവരുത്തില്ല. കുന്നിന്മുകളിലെ വീട്ടില്‍നിന്നും നോക്കിയാല്‍ കരാഞ്ചിറയിലെ കായ്ഫലമുള്ള മാവുകള്‍ കാറ്റിനോടൊപ്പം തലയാട്ടിരസിക്കുന്നതു കാണാം. ദൂരെ, കാടുകളില്‍ നിന്നു പുറപ്പെടുന്ന അരുവികള്‍ കൂടണയുന്നതു കാണാം. ഒട്ടനേകം കിളികളുടെ ഒച്ച കേള്‍ക്കാം.
പിറ്റേന്നു കാലത്ത് പക്ഷേ, ചെറിയ ചില പണികളില്‍ മുഴുകി നേരം പോയതറിഞ്ഞില്ല. ഉച്ചയായപ്പോഴുണ്ട് തലേന്നു വന്നവന് വീണ്ടും വരുന്നു. ഇപ്പോള്‍ത്തന്നെ അവന്റെ കൂടെ തറവാട്ടിലേക്കു ചെല്ലണം, കൂട്ടിയേ ചെല്ലാവൂ എന്ന് വല്ല്യച്ചന് പറഞ്ഞൂ പോലും. എന്താ സംഗതി എന്നു തിരക്കിയപ്പോള്‍ അവന് കൈമലര്‍ത്തി. അല്ലെങ്കിലും അവനോടൊക്കെ ആരെങ്കിലും കാര്യം പറയുമോ? ഗൗരവമുള്ള എന്തെങ്കിലും കാണും, മറ്റാരേയും വിശ്വാസമില്ലാഞ്ഞിട്ട് എന്നെ വിളിക്കുന്നതാവും – അത്രയും ഊഹിച്ചു.
കരാഞ്ചിറയിലെത്തിയപ്പോള് വീട്ടുമുറ്റത്ത് നാലു വലിയ കാറുകള്‍ നിരന്നു നിൽക്കുന്നതു കണ്ടു. തറവാട്ടിലെ പഴഞ്ചന്‍ വാഹനവും കൂടി കൂട്ടിയാല്‍ ആനകളെപ്പോലെ അഞ്ചെണ്ണം. ഇതെന്തുപറ്റി എന്നു സംശയിച്ചപ്പോള്‍ വല്ല്യച്ചന്റെ മക്കളെല്ലാവരും ഉമ്മറത്തിരുന്നു ചായ കുടിച്ചു കായ വറുത്തതു കൊറിച്ച് വര്‍ത്തമാനം പറയുന്നതു കണ്ടു. ആശ്വാസമായി. കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. അല്ലെങ്കിലും എന്തുണ്ടാവാന്‍! വല്ല്യച്ചന് ഇക്കഴിഞ്ഞയാഴ്ചയല്ലേ എന്റെ പറമ്പില്‍ വന്നത്, കാന്താരിമുളകിന്റെ രണ്ടു തൈക്കള്‍ പറിച്ചുകൊണ്ടുപോയത്?
എന്താ കുഞ്ഞാ, നിന്റെ അസുഖമൊക്കെ ഭേദമായോടാ എന്ന് മക്കളിലൊരാള്‍, ആരാണെന്ന് ഓര്‍ക്കുന്നില്ല, കുശലം ചോദിച്ചു. എനിക്കു മനസ്സിലായില്ല. എന്തസുഖം? ഓര്‍മ്മ വച്ച കാലംതൊട്ട് വലിയ അസുഖമൊന്നും ഉണ്ടായതായി എനിക്കോര്‍മ്മയില്ല.
ഹഹഹ, കുഞ്ഞനെ ഒന്നു സുഖിപ്പിക്കാന്‍ ചോദിച്ചതാ. ഉത്തരത്തില്‍ തൂക്കിയിട്ട ഇരുമ്പു കൂട്ടിലിരുന്നുകൊണ്ട് വല്ല്യച്ചന്റെ തത്ത വിളിച്ചു പറഞ്ഞു. മുഖം നോക്കാതെ സത്യം പറയുന്നതാണ് അതിന്റെ ശീലം. അക്കാരണം കൊണ്ട്, വല്ല്യച്ചന്റെ മക്കള്‍ക്കാര്‍ക്കും തത്തയെ ഇഷ്ടമല്ല. അവര്‍ അതിനെ ചെകുത്താന് എന്നു വിളിച്ചു.
മിണ്ടാണ്ടു നിൽക്കെടാ, ചെകുത്താനേ. വിശേഷം ചോദിച്ചവന് തത്തയോടു കെറുവിച്ചു. ചെകുത്താന് അയാളെ അവഗണിച്ചു.
അയ്യോ, കരാഞ്ചിറയിലെ വല്ല്യച്ചന് അസുഖമായിരുന്നു. ഉള്ളിലെ വലിയൊരു മുറിയില്‍, നടുക്കിട്ട കട്ടിലില്‍ വല്ല്യച്ചന് തളര്‍ന്നു കിടന്നു. ചുമരില്‍ മുളനാരുകൊണ്ടു മെടഞ്ഞ ദൈവത്തിന്റെ പടം. ആ ദൈവത്തിനു കണ്ണുകാണില്ല. മുറിയില്‍ പുക പിടിച്ചതുപോലെ മങ്ങിയ വെളിച്ചമേയുള്ളൂ. വല്ല്യച്ചന് ഇതെന്തു പറ്റി? കഴിഞ്ഞയാഴ്ച എന്നോടു വന്നു സംസാരിച്ചതല്ലേ, എന്തൊരു വേഗത്തിലാണ് കുന്നിന്മുകളിലുള്ള എന്റെ വീട്ടിലേക്കു പടികള്‍ കയറിവന്നത്! കുറെ നേരം പഴങ്കഥകള്‍ പറഞ്ഞ് ചാണകം മെഴുകിയ തിണ്ണമേലിരുന്നു. പിന്നെ വന്നതുപോലെത്തന്നെ ധൃതിയില്‍ ഇറങ്ങിപ്പോവുകയും ചെയ്തു. വഴുക്കലുള്ള മണ്‍തിട്ടകളും മുനകൂര്‍ത്ത കല്ലുകളും വല്ല്യച്ചനു വഴിമാറുന്നത് ഞാനപ്പോള്‍ അത്ഭുതത്തോടെ നോക്കിനിന്നു.
അപ്പയുടെ കുഞ്ഞേ, നീ വന്നോടാ? ദുര്‍ബ്ബലമായ ശബ്ദത്തില്‍ വല്ല്യച്ചന് വിളിച്ചു ചോദിച്ചു. ഓര്‍മ്മകള്‍ കുഴങ്ങുമ്പോള്‍ അദ്ദേഹം എന്നെ അപ്പയുടെ മകനെന്നു വിളിച്ചു. അപ്പ എന്റെ അമ്മയുടെ പേരായിരുന്നു. ചെട്ടിച്ചിയായിരുന്നു. വളക്കച്ചവടം ചെയ്യാന്‍ കരാഞ്ചിറയില്‍ വന്നതാണ്. വല്ല്യച്ചന് പറമ്പിന്റെ അതിര്‍ത്തിയില്‍ പാര്‍ക്കാന്‍ ഇടം കൊടുത്തു.
കാഴ്ചയൊക്കെ മങ്ങുന്നു. വൈകാതെ ഞാന്‍ എന്റെ ദൈവത്തെപ്പോലെ കണ്ണുപൊട്ടനാവും. വല്ല്യച്ചന് ചുമരിലെ ചിത്രത്തിനു നേരെ കൈ നീട്ടിക്കാണിച്ചു. ഇങ്ങടുത്തു വാ, കുഞ്ഞാ. അവിടെ നിന്നാല്‍ നിന്നെയങ്ങനെ കാണാനൊന്നും പറ്റുന്നില്ല.
നമ്മുടെ കാന്താരിത്തയ്യു നട്ടോ വല്ല്യച്ചാ? വാട്ടമൊന്നുമില്ലല്ലോ, അല്ലേ? ഒന്നും സംഭവിച്ചിട്ടില്ലെന്നു നടിച്ചുകൊണ്ട് ഞാന്‍ ആംഗ്യം കൊണ്ടു ചോദിച്ചു. വല്ല്യച്ചന് എന്റെ കൈയ്യില്‍ പിടിച്ചു.
ഞാനിനി തയ്യൊന്നും നടുമെന്നു തോന്നുന്നില്ലെടാ മോനേ. വല്ല്യച്ചന് പറഞ്ഞു. അല്ലേല്ത്തന്നെ ഇതൊക്കെ നട്ടിട്ടെന്തിനാ! മരമായ മരമെല്ലാം മുറിച്ചുമാറ്റി എന്തോ വലിയൊരു കെട്ടിടം പറയണമെന്നാ ആ പൊറത്തു നില്ക്കുന്നവമ്മാരു പറയുന്നത്.
വല്ല്യച്ചന്റെ മക്കളല്ലേ? അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കൃഷിയൊക്കെ നോക്കിനടത്താന്‍ എവിടെ നേരം? ഞാന്‍ ആലോചിച്ചു.
എന്റെ ഉളളിലുള്ളതു മനസ്സിലാക്കിയിട്ടാവും, കരാഞ്ചിറയിലെ വല്ല്യച്ചന് ഗാഢമായി ഒന്നു നിശ്വസിച്ചു. വല്ല്യച്ചനു നാലു മക്കളായിരുന്നു. മൂന്നാണും ഒരു പെണ്ണും. ഗന്ധര്വ്വന്മാരെപ്പോലെയായിരുന്നു നാലുപേരും; മണ്ണില്‍ തൊട്ടതേയില്ല. പള്ളിക്കൂടത്തില്‍ പറഞ്ഞുവിട്ടെങ്കിലും പഠിപ്പില്‍ കണ്ടമാനം ഉഴപ്പി. ആളുകളെക്കൊണ്ട് അതുമിതും പറയിച്ചു. ഗതികെട്ടപ്പോള്‍ ആണ്മക്കള്ക്കായി വല്ല്യച്ചന് നഗരത്തില്‍ പണംമുടക്കി കച്ചവടം തുടങ്ങി. വലിയ വീടുകളില്‍ നിന്നും കെട്ടിച്ചു. കച്ചവടം നോക്കാതെ ആണ്മക്കള് ചൂതുകളിക്കാന്‍ നടന്നു. പരസ്പരം പോരടിച്ചു. പെണ്ണിനും വീഞ്ഞിനും വീതം വച്ച് കാശു തീരുമ്പോള്‍ കരാഞ്ചിറയിലേക്കു മടങ്ങിവന്നു, ഭാഗം ചോദിച്ചു. മകളെ കെട്ടാന്‍ ഒരു ഡോക്ടറാണ് വന്നത്. വല്ല്യച്ചന്റെ മകള്‍ക്കു ശുക്രദശയായിരുന്നു. ഡോക്ടര്‍ക്കു വച്ചടിവച്ചടി കയറ്റം കിട്ടി. നഗരത്തില്‍ എമ്പാടും വീടുകളുണ്ടായി. നാട്ടില്‍ വയലുകള്‍, കുന്നിനു മുകളില്‍ നാനാതരം തോട്ടങ്ങള്‍. മകളാകട്ടെ, എന്നിട്ടും ഇടയ്ക്കിടെ വീട്ടില്‍ വന്ന് പണം തികയുന്നില്ലെന്നു സങ്കടം പറഞ്ഞു. ആളില്ലാത്തപ്പോള്‍ കണ്ടതെല്ലാം കട്ടുകൊണ്ടുപോയി വിറ്റു. അവര്‍ക്കു കുട്ടികളുണ്ടായിരുന്നില്ല. ഡോക്ടര്‍ കാലത്തേ ഇറങ്ങും, അര്‍ദ്ധരാത്രിയോടെ മാത്രമേ മടങ്ങിയെത്തൂ. അയാള്‍ സകല ആശുപത്രികളിലൂം പോയി രാപ്പകലില്ലാതെ രോഗികളെ ഊറ്റി, ഏതിനും കാശുപറ്റുന്ന ഒരു വമ്പന്‍ ദല്ലാളായി പ്രവര്‍ത്തിച്ചു. പരിശോധിക്കുന്ന സമയത്ത് ഒരിക്കലും അടങ്ങാത്ത ഒരു ദുര അയാളുടെ കണ്ണുകളില്‍ നിഴലിക്കുന്നത് രോഗികള്‍ കണ്ടു. വിഷമരുന്നുകളുടെ ശക്തിയില്‍ അവര്‍ മയങ്ങിക്കിടക്കുമ്പോള്‍ ഡോക്ടര്‍ കൊതുകിന്റെ രൂപത്തില്‍ വന്ന് കാതില്‍ ‘പണം, പണം’ എന്നു നിര്‍ത്താതെ മൂളി. ശവത്തെപ്പോലും കീറിമുറിച്ച് അയാള്‍ ബന്ധുക്കളില്‍ നിന്നും കാശു പിടുങ്ങുമായിരുന്നു.
അപ്പയുടെ കുഞ്ഞേ, ഞാന്‍ മണ്ണിലെറിഞ്ഞ വിത്തൊക്കെ മുളച്ചെടാ. പെണ്ണിലെറിഞ്ഞതോ പാഴായി. മണ്ണില്‍ മുളച്ചവ വളര്‍ന്നു, ചെടിയായി, മരമായി പടര്‍ന്നുപന്തലിച്ചു. കായ്ഫലം തന്നു. പെണ്ണിലെറിഞ്ഞതോ, മിക്കതും മുളച്ചില്ല. ഇനി മുളച്ചതുതന്നെ പെഴച്ചുപോവുകയും ചെയ്തു. വല്ല്യച്ചന് നിരാശ ബാധിച്ച ശബ്ദത്തില്‍ പുറത്തേക്കു ചൂണ്ടിക്കാണിച്ചു. ദാ, കണ്ടില്ലേ പുറത്ത്, പടുമൊളച്ച നാലെണ്ണം.
അതുകേട്ടപ്പോള്‍ പുറത്തുനിന്നും ചെകുത്താന് എന്ന തത്ത ഉറക്കെ ചിരിച്ചു. അവന് നല്ല കേള്‍വിശക്തിയുണ്ട്. ഭൂമിയിലേയും ആകാശത്തേയും അനക്കങ്ങള്‍ പോലും പിടിക്കാനാവും. ഉമ്മറത്തിരുന്നു ചായ കുടിച്ചു കായ വറുത്തതു കൊറിച്ചു വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്ന വല്ല്യച്ചന്റെ മക്കള്‍ക്ക് ചെകുത്താന് ചിരിച്ചതിന്റെ അര്‍ത്ഥം പിടികിട്ടിയില്ല. ചെകുത്താന് പക്ഷേ, തങ്ങളെ പരിഹസിക്കുകയാവുമെന്ന് അവര്‍ക്കുറപ്പായിരുന്നു.
5.
ചെകുത്താന് വല്ല്യച്ചനേക്കാളും പ്രായം കാണുമെന്നാണ് തോന്നുന്നത്. തൂവലൊക്കെ നരച്ചുനരച്ച് നാക്കിലനിറമായിട്ടുണ്ട്. ഇരിക്കുന്ന ഇരുമ്പുകൂടൊക്കെ തുരുമ്പിച്ചു. കൂട്ടിനുള്ളിലെ നരകവളയം ദ്രവിച്ചുതുടങ്ങി. കരാഞ്ചിറയിലെത്തിയ കാലം മുതല്‍ ഉപയോഗിക്കാതിരിക്കുന്നതിനാല്‍ ദൈവങ്ങളുടെ പടം കൊത്തിയ ചീട്ടുകള്‍ക്കു മങ്ങലേറ്റു. കണ്ണേറു കിട്ടിയവരെപ്പോലെ ദൈവങ്ങള്‍ സ്ഥലകാലങ്ങള്‍ മറന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പാണ് ചെകുത്താന് കരാഞ്ചിറയില്‍ വന്നത്. ക്ഷാമകാലമായിരുന്നു അത്. നൂലുപോലെ ശരീരം ശോഷിച്ച ഒരു കുറവനായിരുന്നു അവനെ കൊണ്ടുവന്നത്. തമ്പുരാനേ, എന്റെ തത്ത അവിടുത്തെ ഭാവി പറയും എന്ന് അയാള്‍ വീമ്പടിച്ചു. വല്ല്യച്ചന് ചിരിച്ചു. തന്റെ ഭാവി താനാണ് നിശ്ചയിക്കുന്നതെന്നും, അതിനിപ്പോള്‍ ഒരു തത്തയുടെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പോള്‍ കുറവന്‍ വെറും മണ്ണില്‍ കുന്തിച്ചിരുന്ന് ഒരു നാണവുമില്ലാതെ കരഞ്ഞു. ആര്‍ക്കും ഒന്നും മനസ്സിലായില്ല. അയാളുടെ കൈയ്യിലെ കൂട്ടിനുള്ളില്‍ വെള്ളിത്തിളക്കമുള്ള വളയം കാണാമായിരുന്നു. അരികില്‍ ദൈവങ്ങളുടെ അനേകം ചീട്ടുചിത്രങ്ങള്. താഴെ, തളര്‍ന്നു തൂങ്ങിയ ഒരു വയസ്സന് തത്ത.
വല്ല്യച്ചന് ഉമ്മറത്തുനിന്നും മുറ്റത്തേക്കിറങ്ങി അവന്റെയടുത്തേക്കു ചെന്നു. എന്താടാ പ്രശ്നം, വല്ല്യച്ചന് തിരക്കി. താനും തത്തയും മുഴുപ്പട്ടിണിയാണ്. അന്നം കണ്ടിട്ട് ആഴ്ചയൊന്നു കഴിഞ്ഞു. പൂരത്തിനും പെരുന്നാളിനും ആളുകള്‍ തത്തയുടെ അടുത്തേക്കു വരുന്നില്ല. ഭാവിഫലം കേള്‍ക്കുന്നില്ല. തിന്നും കുടിച്ചും ആളുകള്‍ അര്‍മ്മാദിക്കുന്നു. വരുംകാലം എന്നൊന്നില്ല എന്ന മട്ടിലാണ് എല്ലാവരുടേയും പെരുമാറ്റം. അതു പറയുമ്പോള്‍ കുറവന്‍ ശ്വാസം കിട്ടാതെ നിര്‍ത്തി. സങ്കടം കൊണ്ട് അയാളുടെ വാക്കുകള്‍ ഉടഞ്ഞുപോയിരുന്നു. ആ കണ്ണുകളില്‍ നിന്നും രക്തം വാര്‍ന്നു. വിശപ്പിന്റെ നിലവിളി കേട്ടപ്പോള്‍ മരങ്ങള്‍ തല കുനിച്ചു.
എന്നാപ്പിന്നെ നിന്റെ ഭാവി തന്നെ പറഞ്ഞോ, കേള്‍ക്കട്ടെ. വല്ല്യച്ചന് സ്നേഹം പുറത്തു കാണിക്കാതെ പറഞ്ഞു.
എനിക്ക് അങ്ങനെയൊന്നില്ല തമ്പുരാനേ. കുറവന്‍ താണുതൊഴുതുകൊണ്ടു പറഞ്ഞു. ഈ തറവാടാണ്, ഈ മുറ്റം തന്നെയാണ് എന്റെ ഭാവി. ആളുകള്‍ കൂട്ടച്ചിരി ചിരിച്ചു.
കുറച്ചു കഞ്ഞിവെള്ളമെടുക്കാനുണ്ടാവുമോ ഇബടെ? ആളുകളുടെ ചിരിയൊതുങ്ങിയപ്പോള് അയാള്‍ ഇരന്നു. വിശപ്പ് അയാളെ വില്ലുപോലെ വളച്ചിരുന്നു. വല്ല്യച്ചന് അകത്തേക്കു നോക്കി ഒന്നു കൈയ്യടിച്ചു.
അപ്പോള്‍ കരാഞ്ചിറയിലെ അടുക്കളയില്‍ നിന്നും ചെമ്പുകളും കലങ്ങളും പാത്രങ്ങളും മുറ്റത്തേക്കു വന്നു. എന്റെ അമ്മ, അപ്പച്ചെട്ടിച്ചി വലിയ ഇലയില്‍ ഭക്ഷണം വിളമ്പി. നിരനിരയായി പരിചാരകര്‍. നിറഞ്ഞ ഇലയിലേക്കു നോക്കി കുറവന്‍ വീണ്ടും കരഞ്ഞു. ഇത്തവണ സന്തോഷം കൊണ്ടായിരുന്നു. തന്റെ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും താനും തന്റെ അപ്പനമ്മമാരും ഒപ്പമുണ്ടായിരുന്ന തത്തകളുടെ അനേകം തലമുറകളും ഇത്രയുമധികം ഭക്ഷണം ഒരുമിച്ചു കണ്ടിട്ടില്ലെന്ന് അയാള്‍ തേങ്ങിക്കൊണ്ട് പറഞ്ഞു. ചുറ്റും കൂടിനിന്നവര്‍ അതുകേട്ടപ്പോഴും ചിരിച്ചു. എന്നാല്‍ കുറവന്‍ ഭക്ഷണം കഴിക്കുന്നതുകണ്ടപ്പോള്‍ എല്ലാവര്ക്കും പേടിയാണ് തോന്നിയത്. വിളമ്പുന്ന ആരോടും അയാള്‍ വേണ്ട എന്നു പറഞ്ഞില്ല. ഇലയില്‍ വന്നതൊന്നും പാഴാക്കിയുമില്ല. തത്ത പലപ്പോഴും അയാളെ വിലക്കുന്നുണ്ടായിരുന്നു. കുറവന്‍ കേട്ടില്ല. മുഴുവന്‍ ഭക്ഷണവും കഴിച്ചു കഴിഞ്ഞപ്പോള്‍ അയാളുടെ ശരീരം അസാധാരണമായി ചീര്ത്തുവരുന്നത് ചുറ്റുപാടും നോക്കിനില്ക്കുന്നവര് അത്ഭുതത്തോടെ കണ്ടു. നൂലുപോലുള്ള ദേഹം നീരുവന്നതു പോലെ വീര്‍ത്തു. അയാള്‍ വല്ലാതെ ആടിക്കൊണ്ട് എഴുന്നേറ്റുനിന്ന് കരാഞ്ചിറയിലെ വല്ല്യച്ചനെ നോക്കി ഒന്നുകൂടി തൊഴുതു. ജീവിതത്തില്‍ ആദ്യമായി വിശപ്പു മാറിയവനെപ്പോലെ ചുറ്റുപാടും എല്ലാവരേയും നോക്കി ഒന്നു പുഞ്ചിരിച്ചു. പോട്ടെ, അയാള്‍ യാത്ര പറഞ്ഞു. പിന്നെ കുനിഞ്ഞ് തത്തയുടെ കൂട് ഉയര്‍ത്താന്‍ ശ്രമിച്ചു. അയാള്‍ക്ക് പിടിത്തം കിട്ടിയില്ല. ഞാന്‍ പോട്ടെ, അയാള്‍ ഒരു തവണ കൂടി ആവര്‍ത്തിച്ചു. പിന്നെ സമനില തെറ്റിയതുപോലെ ആടിയുലഞ്ഞുകൊണ്ട് നിലത്തു വീണു. ആ വീഴ്ചയില്‍ നിന്നും അയാള്‍ എഴുന്നേല്‍ക്കുകയുണ്ടായില്ല. കരാഞ്ചിറയുടെ അതിര്‍ത്തിയില്‍ വെട്ടിയുണ്ടാക്കിയ കുഴിയിലേക്കു കൊണ്ടുപോയി അയാളെ കിടത്തിയപ്പോഴും ആ ചുണ്ടുകളില്‍ അവസാനിക്കാത്ത ഒരു പുഞ്ചിരി തങ്ങിനിന്നിരുന്നു. തുലാമാസമായിരുന്നു അത്. വൈകുന്നേരത്തിനു മുമ്പേ മൂപ്പെത്തുന്ന ഇരുട്ടില്‍ ആ പുഞ്ചിരിയുടെ നേര്‍ത്ത വെളിച്ചം പ്രസരിച്ചു കണ്ടു.
6.
അത്രത്തോളം വെളിച്ചം മാത്രമല്ലേ ഇപ്പോള്‍ ഈ മുറിയിലുമുള്ളൂ? വല്ല്യച്ചന്റെ കണ്ണുകളിലെ വിളക്കുകളൊന്നും തെളിഞ്ഞുകത്തുന്നുണ്ടാവില്ല.
അരണ്ട വെളിച്ചത്തില്‍ കണ്ടു: വല്ല്യച്ചന്റെ മക്കള്‍ നാലുപേരും ഉള്ളിലേക്കു വരുന്നു. അച്ചന് എങ്ങനെണ്ട്? ആണ്മക്കള് കള്ളത്തൊണ്ടയില്‍ ചോദിച്ചു. പേടിക്കണ്ട, അധികകാലമില്ലെടാ മക്കളേ, വല്ല്യച്ചന് അവരെ ആശ്വസിപ്പിച്ചു. അച്ചന് അങ്ങനെ പറയരുത് എന്നു പറഞ്ഞു മകള്‍ തേങ്ങാന്‍ തുടങ്ങി. കൂട്ടത്തില്‍ പെരുംകള്ളി അവളായിരുന്നു. അത്രയും നേരം പുറത്തു ചുറ്റിപ്പറ്റിനിന്നിരുന്ന അവളുടെ ഭര്‍ത്താവായ ഡോക്ടര്‍ പൊടുന്നനെ മുറിക്കുള്ളിലേക്കു വന്ന് എല്ലാവരും ഒന്നുമാറി നില്ക്ക്, അച്ചന് ഇത്തിരി ശ്വാസം കിട്ടിക്കോട്ടേ എന്ന് ആജ്ഞാപിച്ചു. നെഞ്ചില്‍ വച്ചുനോക്കാനുള്ള കുഴലെടുക്കാന് അയാള്‍ മറന്നുപോയിരുന്നു. എല്ലാവരും മാറി നിന്നപ്പോള്‍ അയാള്‍ വല്ല്യച്ചന്റെ കൈപിടിച്ച് നാഡി പരിശോധിക്കാന്‍ തുടങ്ങി. നീയതൊക്കെ മറന്നില്ലേടാ മോനേ എന്ന് വല്ല്യച്ചന് അയാളോടു തിരക്കി. നീയിപ്പോ ആരുടെ കൈ പിടിച്ചാലും പണം കിലുങ്ങുന്ന ഒച്ചയേ കേള്‍ക്കൂ, അദ്ദേഹം ചിരിച്ചു. നാഡിയല്ല, നാണയം കിലുങ്ങുന്നതിന്റെ എണ്ണമാണ് നിനക്കു പഥ്യം. നോക്ക്, നിന്റെ അച്ഛന് മഹാനായ ഡോക്ടറായിരുന്നു. ചേരികളില്‍ ചികിത്സിച്ച്, താമസിച്ച് ദരിദ്രനായി അദ്ദേഹം മരിച്ചു. കരാഞ്ചിറയില്‍ മലമ്പനി വന്ന കാലത്ത് രാപ്പകല്‍ ഉറങ്ങാതെ മനുഷ്യരെ ശുശ്രൂഷിച്ചത് അദ്ദേഹമായിരുന്നു. അക്കാലത്ത് നീയൊന്നും പിറന്നിട്ടില്ല. നീ അയാളുടെ ചോരയാണല്ലോ എന്നോര്‍ത്തിട്ടാ ഇവളെ നിനക്കു കെട്ടിച്ചു തന്നത്. എന്തു ചെയ്യാം! വല്ല്യച്ചന്റെ സ്വരത്തില്‍ വേദന നിഴലിച്ചു കണ്ടു. അച്ചനല്ലെങ്കിലും ഞങ്ങളെ ഇഷ്ടമല്ല, മകള്‍ ഉറക്കെ കരയാന്‍ തുടങ്ങി. അച്ചന്റെ പേരില്‍ ഒരാസ്പത്രി പണിയണംന്നാണ് ചേട്ടന്റെ മോഹം, മകള്‍ തുടര്‍ന്നു. (പുറത്തുനിന്നും പൊയ്, പൊയ് എന്നു പറഞ്ഞുകൊണ്ട് ചെകുത്താന് എന്ന തത്ത ഉറക്കെ ചിരിച്ചു.) ഒരിക്കലും അരുത്. നീ ആസ്പത്രി തുടങ്ങിയാല്‍ ഗതികിട്ടാതെ മരിച്ചവരുടെ പ്രേതങ്ങള്‍ വന്ന് നിന്നെ ഞെരിച്ചുകൊല്ലും, നിന്റെ കുടുംബത്തില്‍ സകലവളുമാരുടേയും ഗര്‍ഭം കലക്കും, വല്ല്യച്ചന് ഡോക്ടറോടു പറഞ്ഞു. ബഹളത്തിനിടയ്ക്ക് ഡോക്ടര്‍ക്ക് നാഡിമിടിപ്പുകളുടെ എണ്ണം തെറ്റി. അയാള്‍ ഒരു വിഡ്ഢിയെപ്പോലെ ചിരിച്ചു.
ഞാന്‍ പോവുകയാണ്, വല്ല്യച്ചന് അറിയിച്ചു.
അതിന് അച്ചനു മരിക്കാന്ള്ള സമയം ആയിട്ടൊന്നൂല്ല്യാലോ. ആണ്മക്കള് അടക്കാനാവാത്ത സന്തോഷത്തോടെ പറഞ്ഞു.
എന്നിട്ടാണോ നിങ്ങള്‍ മുറ്റത്ത് ആധാരമെഴുതുന്നവനെ കൊണ്ടുനിര്‍ത്തിയിരിക്കുന്നത്! അതിര്‍ത്തിയിലെ മാവു മുറിക്കാന്‍ ആലോചിക്കുന്നത്? ചെകുത്താന് എന്ന തത്ത പരിഹസിച്ചു.
എല്ലാവരും പോണം. വല്ല്യച്ചന് ആവശ്യപ്പെട്ടു. ഈ കുഞ്ഞന്‍ മാത്രം മതി എനിക്കു സഹായത്തിന്. മിണ്ടാപ്രാണിയാണെങ്കിലും അവനു സ്നേഹമുണ്ട്. ജീവിച്ചിരുന്ന കാലത്തോ നിങ്ങളെനിക്കു പൊറുതി തന്നിട്ടില്ല. സമാധാനമായിട്ടു കണ്ണടയ്ക്കുകയെങ്കിലും വേണം.
അച്ചന് പോയാപ്പിന്നെ ഈ തോട്ടങ്ങള്‍ ആരു നനയ്ക്കും? വയലുകള്‍ ആരു കൊയ്യും? അവര്‍ ഒത്തൊരുമിച്ചു ചോദിച്ചു.
ദൈവം, മുളനാരുകൊണ്ടു മെടഞ്ഞ ദൈവചിത്രത്തിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ട് വല്ല്യച്ചന് പറഞ്ഞു.
അതിന് അച്ചന്റെ ദൈവത്തിന് കണ്ണുകാണുകയില്ലല്ലോ. ആണ്മക്കള് മുരണ്ടു.
അപ്പോള്‍ മക്കളില്‍ ഇളയവന് തിരക്കുപിടിച്ച് അലമാരിയില്‍ നിന്നും പഴയ കണക്കുപുസ്തകങ്ങള്‍ എടുത്തുപരിശോധിക്കാന് തുടങ്ങി.
അവിടെ വയ്ക്ക്. താളുകള്‍ മറിക്കുന്ന ശബ്ദം കേട്ടപ്പോള്‍ വല്ല്യച്ചന് തടഞ്ഞു. അതില്‍ അക്കങ്ങള്‍ മാത്രമേയുള്ളൂ. അതു വെറുതെ പരത്തിവച്ചാല്‍ കണക്കാവില്ല, ഭാഷയാവില്ല. ദാ, എന്റെ കൈ തൊട്ടു നോക്ക്. പാറപോലെയുള്ള ഈ തഴമ്പു കണ്ടോ? കരാഞ്ചിറയില്‍ ആ ഒരു ഭാഷ മാത്രമേയുള്ളൂ. പുറത്തുചെന്നാല് അതിന്റെ ലിപികളിലെഴുതിയ മരങ്ങള്‍ കാണാം. അവസാനിക്കാത്ത പച്ചപ്പുകള്‍ കാണാം. അതു വായിക്ക്, പഠിക്ക്.
ഒടുക്കം അച്ചന് കുടിനീരു തന്നിട്ടേ ഞങ്ങളു പോകൂ. മകള്‍ പറഞ്ഞു.
ഫാ! വല്ല്യച്ചന് വലിയ വായില്‍ അവളെ ആട്ടി.
കരാഞ്ചിറയിലെ വല്ല്യച്ചന് എന്റെ മുഖത്ത് പരുക്കന്‍ കൈത്തലം കൊണ്ടുതഴുകി. നിനക്ക് എന്തു സ്വത്താണ് വേണ്ടത് കുഞ്ഞാ, എന്ന് ചോദിച്ചു. ആ വാക്കുകളില്‍ അഗാധമായ വാത്സല്യമുണ്ടായിരുന്നു. നിന്റെ അമ്മ അപ്പയ്ക്ക് വളക്കച്ചവടമായിരുന്നു. നിനക്കോര്‍മ്മ കാണില്ല. പക്ഷേ, ഇപ്പോഴും ഞാനവളെ കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്. കുന്നിനു മുകളിലെ നിന്റെ വീട്ടില്‍ നിന്നും നോക്കിയാല്‍ പാറകളില്‍ത്തട്ടി താഴേക്കു വീഴുന്ന വെള്ളച്ചാട്ടങ്ങള്‍ കാണാം. നിനക്കറിയാമോ, ഉടഞ്ഞ വളകളുടെ ഒച്ചയിലാണ് അവ കലമ്പുന്നത്. അതു കേള്‍ക്കുമ്പോഴെല്ലാം ഞാന്‍ അപ്പയെ ഓര്‍ക്കും. അവള് താഴ്വാരത്തിലൂടെ നടന്നു വന്ന വൈകുന്നേരങ്ങള്‍. മല്ലിച്ചെടികളുടെ മണം. നാനാനിറങ്ങളിലുള്ള വളകളുടെ കിലുക്കം. ഒരു കുമ്പിള് നൃത്തം.
കുഞ്ഞേ, നിന്നെ വിട്ടിട്ട് എത്രയോ നേരത്തേ അവള് പോയല്ലോ. പോകുമ്പോള്‍ നിന്റെ വാക്കുകള്‍ കൂടി അവള് കൊണ്ടുപോയി, അല്ലേ? കരാഞ്ചിറയില്‍ പൊറുക്കാന്‍ തന്റെ മകന് ഊമഭാഷയാവും കൂടുതല്‍ നന്നാവുക എന്നവള്‍ കരുതിക്കാണും. സാരമില്ല. ഇപ്പോള്‍ ഞാന്‍ ചോദിക്കുന്നു. നിനക്ക് എന്തു സ്വത്താണ് വേണ്ടത്? വല്ല്യച്ചന് തന്റെ വാക്കുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ‘സ്വത്ത് ‘ എന്നാല്‍ എന്താണ് എന്ന് ഞാന്‍ ആംഗ്യം കാണിച്ചുകൊണ്ടു തിരിച്ചുചോദിച്ചു.
ഇക്കാണുന്നതെല്ലാം, വല്ല്യച്ചന് കൈകള്‍ വൃത്തം പോലെ വീശിക്കൊണ്ടു പറഞ്ഞു. കുന്നുകള്‍, മരങ്ങള്‍, അരുവികള്‍, വയലുകള്‍… നിനക്കിഷ്ടമുളളതെടുക്കാം.
എനിക്ക് വല്ല്യച്ചന്റെ വയ്പുപല്ലു മാത്രം മതി. ഞാന്‍ ആംഗ്യം കാണിച്ചു. ചില രാത്രികളില്‍ അതെടുത്തു വെളളത്തിലിട്ടു വയ്ക്കുന്നത് ഞാനായിരുന്നു. അതില്‍ നിന്നും ഭക്ഷണശകലങ്ങള്‍ മായ്ച്ചുകളയുന്നത് എന്റെ ജോലിയായിരുന്നു.
ഹഹഹ, വയ്യാതിരുന്നിട്ടും വല്ല്യച്ചന് ഉറക്കെച്ചിരിച്ചു. അതു നീ ഇപ്പോഴേ എടുത്തോ, ഞാനിനി തിന്നാനും കുടിക്കാനുമൊന്നും പോകുന്നില്ല. കുറച്ചു നേരത്തേക്ക് അദ്ദേഹം ചിരി നിര്‍ത്തിയില്ല.
വല്ല്യച്ചന് കണക്കു പുസ്തകത്തിലെ ഒരേടു കീറിയെടുത്തു. അതില്‍ ‘ഉളളാട്ടുകാല’ എന്നെഴുതി. അതിനുതാഴെ മലകളിലേക്കു പോകേണ്ടുന്ന വഴി വരച്ചു. അടയാളങ്ങള്‍ കുറിച്ചിട്ടു. പിന്നെ മൂകനായി എന്നെ നോക്കി. ഞങ്ങളിലാര്‍ക്കാണ് ഭാഷ നിലച്ചുപോയത് എന്ന് ഞാനപ്പോള്‍ സംശയിച്ചു.
ഞാന്‍ ആ കടലാസു വാങ്ങി ഒരു ചുരുളാക്കി കീശയില്‍ വച്ചപ്പോള്‍ വൃക്ഷത്തലപ്പുകളിലൂടെ കാറ്റു പാഞ്ഞുപോകുന്നതിന്റെ മൂളിച്ച കേട്ടു. മുറിയില്‍ കാടുകളുടെ മണം വ്യാപിച്ചു.
അപ്പോള്‍ അച്ചാച്ചന് പറഞ്ഞു: കരാഞ്ചിറ കാടല്ല. വനങ്ങള്‍ കാണാത്തവര്‍ക്ക് അങ്ങനെ തോന്നുന്നതാണ്. കാടിന്റെ ചെറിയൊരു പതിപ്പു മാത്രം. ഈ കൈകള്‍ കൊണ്ട് ഞാന്‍ ചെടികള്‍ നട്ടു, നനച്ചു, വളര്‍ത്തി. അത്രയേയുള്ളൂ. എല്ലാം ഇത്തിരിപ്പോന്ന കാര്യങ്ങള്‍. കാടു ദൂരെയാണ്. ആയുസ്സുള്ള കാലത്ത് കരാഞ്ചിറ വിട്ട് എനിക്കെവിടേയും പോകാന്‍ കഴിഞ്ഞില്ല. ഞാന്‍ മരിക്കുമ്പോള്‍ നീ ഉളളാട്ടുകാലയില് പോകണം. ഞാന്‍ പിറന്ന നാടാണത്. അവിടുത്തെ നദികളില്‍ എനിക്ക് ഒഴുകേണ്ടതുണ്ട്. അവിടെച്ചെന്നാല്‍ ശരിയായ മലകള്‍ കാണാം. വനഭംഗി കാണാം. കാരണവന്മാരായ വന്മരങ്ങളെ കാണാം. കുഞ്ഞാ, ഇക്കാണുന്നതെല്ലാം കുറിയ മരങ്ങള്‍, ഇത്തിരിപ്പോന്ന മനസ്സുകള്‍. തലപ്പൊക്കമുളളവരിലെത്തുമ്പോള് മാത്രമേ എല്ലാവരും ശരിയായ ശബ്ദവും ഭാഷയും കണ്ടെത്തുകയുള്ളൂ.
വല്ല്യച്ചാ, ഇവരു കളളപ്രമാണങ്ങളെഴുതിയുണ്ടാക്കുന്നു! പുറത്തുനിന്നും അപ്പോള്‍ ചെകുത്താന് എന്ന തത്തയുടെ ശബ്ദം കേട്ടു.
മിണ്ടാതിരിക്കടാ ചെകുത്താനേ, ആണ്മക്കളിലൊരുത്തന് അലറി.
വീതം വയ്ക്കുകയാണെങ്കില്‍ കൃത്യമായ ഒരു പങ്ക് കുഞ്ഞനു കൊടുക്കണം. തത്ത പറഞ്ഞു. പണ്ട്, വറുതിയുടെ കാലത്തുപോലും ചെകുത്താന് നീതിയുടെ കാവല്ക്കാരനായിരുന്നു.
ചെട്ടിച്ചി വള കാണിച്ചു മയക്കിയതിന് കുന്നിന്മുകളിലൊരു കൊട്ടാരംതന്നെ പണിതു കൊടുത്തിട്ടുണ്ട്, തന്ത. പൊട്ടന് അതു തന്നെ ധാരാളം. നീ കൂടുതല്‍ ഞെളിയണ്ട. ആണ്മക്കളില് രണ്ടാമന് പറഞ്ഞു.
അച്ചന് മരിച്ചാപ്പിന്നെ നിന്റെ അഹങ്കാരം അതോടെ തീരും, നാശം പിടിച്ച ചെകുത്താനെ. മകള്‍ തത്തയോടു പറഞ്ഞു.
അതു നടപ്പില്ല, ഞാന്‍ മരിച്ചിട്ടേ വല്ല്യച്ചന് പോകൂ. ത്രികാലജ്ഞാനിയായ ചെകുത്താന് ചീട്ടു കാണാതെത്തന്നെ ഭാവികാലം പറഞ്ഞു. അച്ചട്ടാണ് അക്കാര്യം.
ഇവന് പറഞ്ഞത് എക്കാലവും ശരിയായി വന്നിട്ടുണ്ട്. മക്കള്‍ നെടുവീര്‍പ്പിട്ടു. ഈ കിഴട്ടുതത്തയുടെ ആയുസ്സെത്രയാണ്?
അപ്പോള്‍ മക്കളില്‍ മൂത്തവന് കൂടോടു കൂടി തത്തയെ പുറത്തെടുത്തു. കിണറ്റിനരികിലെ വെള്ളത്തൊട്ടിയില്‍ അതിനെ മുക്കിപ്പിടിച്ചു. പൊടുന്നനെ ഭൂതവും ഭാവിയും മാഞ്ഞുപോയി. ഭൂമിയെ ഇരുട്ടു ബാധിച്ചു. മറവിക്കടിപ്പെട്ട ചീട്ടുദൈവങ്ങള് പ്രളയജലത്തില്‍ മുങ്ങിത്താണു.
പ്രവാചകന്റെ നനഞ്ഞ തൂവലുകളില്‍ പ്രാണന്റെ പിടച്ചില്‍ അപ്പോഴും ബാക്കി നിന്നിരുന്നു. പിന്നെ പതിയെപ്പതിയെ അതും ഇല്ലാതായി. കൂട് ദൂരേക്കു വലിച്ചെറിഞ്ഞുകൊണ്ട് മക്കളില്‍ മൂത്തവന് പറഞ്ഞു: ഇനി അച്ചന് സമാധാനമായിട്ടുമരിക്കാലോ. ചെകുത്താന് പറഞ്ഞതു തെറ്റുകയുമില്ല.
സത്യമുള്ള തത്തയാണ്, മറ്റുള്ള മക്കള്‍ തത്തയുടെ ശബ്ദത്തില്‍ പൊട്ടിച്ചിരിച്ചു.
പിറ്റേന്നു കാലത്ത് നടുക്കട്ടിലില് വല്ല്യച്ചന് മരിച്ചു കിടക്കുന്നതു ഞാന്‍ കണ്ടു. മുറിയിലാകെ കീടശമനികളുടെ ഗന്ധം നിറഞ്ഞിരുന്നു. മരണത്തിലും കരാഞ്ചിറയിലെ വല്ല്യച്ചന് പുഞ്ചിരിച്ചുകൊണ്ടു കിടന്നു. എനിക്ക് ആ കുറവനെ ഓര്‍മ്മ വന്നു. ഇരുട്ടില്‍ വെളിച്ചം പകര്‍ന്ന അയാളുടെ നിറപുഞ്ചിരി ഓര്‍മ്മ വന്നു.
വെളുപ്പാന്‍കാലത്തെ തരുണമായ വെയിലില്‍ പൊടിപടലങ്ങളുടെ നൃത്തം. മുളനാരുകൊണ്ടു മെടഞ്ഞ ദൈവം കാഴ്ചയില്ലാത്ത രണ്ടു കണ്ണുകള്‍ കൊണ്ട് പുറത്തെ വിജനതയിലേക്കു നോക്കുന്നതു ശ്രദ്ധിച്ചു. എനിക്കുറപ്പായി: ഇനിയൊരിക്കലും അതിന്റെ ഏകാന്തത അവസാനിക്കുകയില്ല.
8.
പച്ചമാവിന്റെ ചുള്ളികളില്‍ തീ പടര്‍ന്നു. പട്ടടയില്‍ നിന്നും ഉയര്‍ന്ന പുക ഓരോ വൃക്ഷത്തലപ്പിലും ചെന്നു പക്ഷികളെ തൊട്ടുവിളിച്ചു. പക്ഷികള്‍ അപ്പോള്‍ വല്ല്യച്ചനെ ഓര്‍ത്തു കരഞ്ഞു. കാന്താരിയുടെ തൈകള്‍ പറിക്കാന്‍ വന്ന സന്ധ്യയില്‍ വല്ല്യച്ചന് കരാഞ്ചിറയുടെ പോയ കാലത്തെക്കുറിച്ചു പറഞ്ഞത് ഞാനപ്പോള്‍ ഓര്‍മ്മിച്ചു. മുമ്പൊരിക്കല്‍ അതിന്റെ കഥയെഴുതാനും പടം പിടിക്കാനുമായി പട്ടണത്തില്‍ നിന്നും പത്രക്കാരായ രണ്ടു യോഗ്യന്മാര് വന്നിരുന്നു.
മുമ്പ് കരാഞ്ചിറ, കരിഞ്ചിറയായിരുന്നു. കരിഞ്ഞ വയലുകളായിരുന്നു. മാറിനിന്ന മഴ, അതിന്റെ പ്രതലങ്ങളില്‍ പൊടിപടര്‍ത്തി. ചെങ്കുത്തായ പാറകള്‍, വറ്റിപ്പോയ ഉറവകള്‍. തളര്‍ന്നുവീണു മരിച്ച കിളിക്കുഞ്ഞിന്റെ ജഡം. ഇപ്പോള്‍ നോക്കൂ, പച്ചയുടെ ഉത്സവം പോലെയായില്ലേ? ഇന്നു കാണുന്നവര്‍ ഒരിക്കലും തിരിച്ചറിയില്ല, അതിന്റെ ഭൂതകാലം. പത്രക്കാരനായ യോഗ്യന്‍ പറഞ്ഞു: വല്ല്യച്ചാ, അങ്ങയുടെ സ്വന്തം കഥ എഴുതണം. പുറത്ത് എല്ലാവരും അറിയണം അത്. അയാള്‍ തന്നെ ശീര്‍ഷകവും നിര്‍ദ്ദേശിച്ചു. ‘മരുപ്രദേശത്തെ മരതകപ്പച്ചയിലേക്കു തഴപ്പിച്ചവന്.’ അതു കേട്ടപ്പോള്‍ ചെകുത്താന് എന്ന തത്ത കാറിത്തുപ്പുന്ന ഒച്ചയുണ്ടാക്കിക്കൊണ്ടു പറഞ്ഞു: യോഗ്യനാണുപോലും, യോഗ്യന്‍! നൂറ്റാണ്ടുകഴിഞ്ഞാലും, നൂറായിരം നല്ല സാഹിത്യം കേട്ടാലും അവന്റെയുള്ളിലെ പൈങ്കിളി ഉറങ്ങുകയില്ല. എന്റെ കഥയോ, വല്ല്യച്ചന് ചിരിച്ചു. അതിലെന്തു കഥ! ഉണ്ടെങ്കില്‍ത്തന്നെ ആരെഴുതും അതെല്ലാം? ഞാനെഴുതാം, കാശുതന്നാല്‍ മതി. രണ്ടാമത്തെ യോഗ്യന്‍ പറഞ്ഞു. പക്ഷേ, വലിയച്ചന്റെ പേരില്‍ത്തന്നെ വരും കേട്ടോ. ആത്മകഥയായിട്ട്. പ്രേതരചന എന്നു നാട്ടില്‍ പറയും, അയാള്‍ പറഞ്ഞു.
അപ്പയുടെ കുഞ്ഞേ: നീ കേട്ടോളൂ, മടങ്ങാന്നേരത്ത് കാന്താരിത്തൈകള്‍ സൂക്ഷിച്ചു കൈയ്യിലെടുത്തുകൊണ്ട് വല്ല്യച്ചന് പറഞ്ഞു. ഞാന്‍ ആത്മകഥ എഴുതുകയില്ല. അനുഭവങ്ങള്‍ പകര്‍ത്തുകയില്ല. അത്രമാത്രം ദുര്‍ബ്ബലനല്ല ഉളളാട്ടുകാല ചോയിയുടെ മകന് അച്ചുതന്. നീ ശ്രദ്ധിച്ചു കേള്‍ക്കണം, ഞാന്‍ ആ പരമയോഗ്യന്മാരെ വിളിച്ചുകൊണ്ടുപോയി.
കുന്നിനുമുകളിലെ ഏറ്റവും ഉയരമുള്ള സ്ഥലത്തെത്തി. രണ്ടുപേരും അപ്പോഴേക്കും പുകവണ്ടി പോലെ കിതയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ കൈചൂണ്ടിക്കാണിച്ചു. താഴെ, പച്ചയുടെ പരവതാനി പോലെ കരാഞ്ചിറ. നോക്ക്, നോക്ക്. വെയിലിറങ്ങാത്ത അതിന്റെ ഉള്ളറകള്‍.. കായ്ഫലങ്ങള്‍, പക്ഷികള്‍…മൃഗങ്ങള്‍… ഇതാണ് എന്റെ ആത്മകഥ. ഇതിനപ്പുറം സ്വയം ഒരു കഥയെഴുതേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നില്ല. തന്തയ്ക്കു മതിഭ്രമമാണെന്നു പിറുപിറുത്തുകൊണ്ട് അവര്‍ തിരിച്ചുപോയി.
വല്ല്യച്ചന് മരിക്കുന്നതിനും കുറച്ചു മാസങ്ങള്‍ക്കു മുമ്പായിരുന്നു അത്. തുലാമഴ പിണങ്ങി നിന്ന മറ്റൊരു സായന്തനം.
9.
ഉള്ളാട്ടുകാലയില് തീവണ്ടിയാപ്പീസിന്റെ വിജനമായ ഇടനാഴിയില്‍ ഞാനെണീറ്റിരുന്നു. നേരം കുറെ വൈകിയിരിക്കുന്നു. പുറത്ത് പട്ടടയില്‍ നിന്നെന്ന പോലെ എല്ലാം ഉരുക്കുന്ന വെയില്. ഭൂമി പുകയുന്നതു പോലെയുണ്ട്.
അസ്ഥിയുടെ മണം പിടിച്ചിട്ടാവണം ചില പട്ടികള്‍ എന്നെ നോക്കിനില്ക്കുന്നതു കണ്ടു. ദേഹമാകെ കൊതുകുകടിച്ചതിന്റെ ചോരപ്പാടുകള്‍. കൊടിവീശുന്നവനെ അടുത്തെങ്ങും കണ്ടില്ല. ഇത്ര നേരമായിട്ടും, ഇനിയും ആപ്പീസില് ആരും വന്നിട്ടില്ല എന്നു കണ്ടു. തീവണ്ടികളും ഇല്ലായിരുന്നു.
കിഴിയെടുത്തു പുറത്തിറങ്ങി. ആദ്യം കണ്ട വൃദ്ധനോടു കാട്ടിലേക്കുള്ള വഴി തിരക്കി. വല്ല്യച്ചന് കുറിച്ചു തന്ന ചുരുള്‍ നിവര്‍ത്തി നോക്കിയ ശേഷം അയാള്‍ പറഞ്ഞു: പൊറുക്കണം, പഠിക്കേണ്ടുന്ന കാലത്ത് എനിക്കു സാധിച്ചില്ല. പട്ടിണി സഹിക്കാനാവാതെ ഞാന്‍ ബര്‍മ്മയിലേക്കു പോയി. അവിടെ പട്ടാളത്തിലായിരുന്നു. പല യുദ്ധങ്ങളും ചെയ്തു. അക്കാലത്ത് കൂട്ടുകാരില്‍ പലരും രമണന് പാടി പകര്പ്പെടുക്കുന്നതു കാണുമ്പോള്‍ എനിക്കു സങ്കടം വരുമായിരുന്നു. നിര്‍ഭാഗ്യം തന്നെ, എനിക്കു വായിക്കാന്‍ അറിഞ്ഞു കൂടാ. അല്ലെങ്കിലും യുദ്ധത്തില്‍ നിന്നും ആരും ഒന്നും പഠിക്കുന്നില്ലല്ലോ.
എതിരെ നിന്നും കാളകളെ മേച്ചുകൊണ്ട് ഒരുത്തന് വരുന്നു. കാളകളെ രണ്ടുവീതം കൊമ്പു ചേര്‍ത്തു കെട്ടിയിരിക്കുന്നതു കണ്ടു. കൊമ്പുകളില്‍ പച്ചയും ചെമപ്പും മഞ്ഞയും ചായം തേച്ചിരിക്കുന്നു. അവ കിതയ്ക്കുന്നുണ്ടായിരുന്നു. ഒട്ടുദൂരത്തുനിന്നും വരുന്നതു പോലെ എനിക്കു തോന്നി. കാലിമേയ്ക്കുന്നവന് ഒരു കണ്ണേയുള്ളൂ. തെളിവുള്ള ആ കണ്ണുകൊണ്ട് ഉന്നം പിടിക്കുന്നതുപോലെ അവന് എന്നെ നോക്കി. ചുരുളു കാട്ടിയപ്പോള്‍ അവന് നിന്നു. കാലികള്‍ അവനോടൊപ്പം നിശ്ചലരായി.
Read More: ആദിമൂലം എന്ന കഥയ്ക്കു പിന്നിലെ കഥ ഇവിടെവായിക്കാം അദൃശ്യവനഭൂമിയിലേക്കുളള മടക്കം
‘ഉള്ളാട്ടുകാല’, നിവര്‍ത്തിയ ചുരുളില്‍ അവന് വായിച്ചു. അത് ഇവിടെത്തന്നെയാണല്ലോ. പക്ഷേ, കാട്…. കാടും മലയും ഇവിടെങ്ങുമില്ല. ഞാന്‍ ചുരുളില്‍ താഴെയെഴുതിയ അടയാളങ്ങളിലേക്കു ചൂണ്ടി. വരഞ്ഞിട്ട വഴികള്‍ തൊട്ടുകാണിച്ചു. വലത്തോട്ടു മാറി കുറെ നടക്കുമ്പോള്‍ വിളക്കുമാടം, അങ്ങനെയൊന്നുണ്ട്. പക്ഷേ, വിളക്കോ വെളിച്ചമോ ഇല്ല. അവിടെ നിന്നും മുമ്പോട്ടു പോയാല്‍ പുറത്ത് ഒരു ചുങ്കപ്പുര. അങ്ങനെയൊന്ന് ഞാന്‍ വരുന്ന വഴിക്കു കണ്ടു. പക്ഷേ, ഇപ്പോള്‍ അതുവഴി വണ്ടികളൊന്നും കടന്നുപോകാറില്ല. പിന്നേയും മുന്നോട്ടുപോകുമ്പോള്‍ കാട്ടുമൃഗങ്ങളെ തടഞ്ഞുനിര്‍ത്താനുള്ള കൂറ്റന്‍ കിടങ്ങുകള്‍. ഏയ്. ഒന്നുമില്ല, എല്ലാം തൂര്ന്നുപോയിരിക്കാം. ചിലപ്പോള്‍ നിങ്ങള്‍ പറഞ്ഞ അടയാളങ്ങള്‍ ശരിതന്നെയാവും. പക്ഷേ, ഒന്നും കാടിനടുത്തല്ല. ശരിയാണ്, മരം മുറിച്ചുമാറ്റുന്ന ഒരു വലിയ വാളിന്റെ അവശിഷ്ടം ഞാന്‍ കണ്ടിട്ടുണ്ട്, അവന് ഓര്‍മ്മിച്ചു. കുറച്ചുകൂടി നടന്നുചെല്ലുമ്പോള്‍ നിങ്ങളും അതു കണ്ടേക്കും. പക്ഷേ, അതിന്റെ തലപ്പുകളില്‍ തുരുമ്പു പറ്റിയിരിക്കുന്നു. നോക്കൂ, ഇപ്പോള്‍ അവിടെയെല്ലാം അങ്ങാടികളാണ്. അങ്ങാടികളിലേക്കുള്ള കുടുസ്സുവഴികളും. അവയിലൂടെ ആളുകള്‍ നടക്കുന്നു, വാഹനങ്ങള്‍ ഇഴയുന്നു.
അരനൂറ്റാണ്ടുമുമ്പ് വല്ല്യച്ചന് വിട്ടുപോകുമ്പോള്‍ ഉള്ളാട്ടുകാല ഒരു വനപ്രദേശമായിരുന്നു എന്നെനിക്കുറപ്പായി. ലക്ഷണങ്ങളില്‍ നിന്നും കാലിമേയ്ക്കുന്നവന് കാര്യം മനസ്സിലായിട്ടില്ല. അങ്ങാടികള്‍ വന്നതു പിന്നെയാവും. അല്ലെങ്കിലും ആള്‍ക്കൂട്ടം അടുത്തുവരുമ്പോള്‍ കാടുകള്‍ പിന്മാറുന്നു, കടലുകള്‍ ഉള്‍വലിയുന്നു, കാട്ടുമൃഗങ്ങളെ കൂട്ടത്തോടെ കാണാതാവുന്നു. ഇതൊക്കെ ഇത്തിരിപ്പോന്ന ഇവനെങ്ങനെ മനസ്സിലാവാന്‍!
അല്ലെങ്കിലും കരാഞ്ചിറയിലെ വല്ല്യച്ചനു തെറ്റുമോ! അതിനു വേറെ ആളെ നോക്കണം.
അവന്റെ വാക്കുകള്‍ കേട്ടിട്ടും പിന്തിരിയാതെ നടക്കാന്‍ തുടങ്ങി. മടങ്ങിപ്പോയാല് ബാക്കിയുള്ള കുന്നുകള്‍ പോലും മാഞ്ഞുപോകും എന്നു സംശയിച്ചു. അസ്ഥിയുടെ മണം പിടിച്ച് പട്ടികള്‍ പിറകേ നടന്നു. ഓരോ വളവിലെത്തുമ്പോഴും വഴി രണ്ടായി പിരിഞ്ഞു. എങ്ങോട്ടു പോകണം എന്നു പേടിച്ചു കുഴങ്ങി. മൂക്കുവിടര്‍ത്തി മണം പിടിച്ചു നോക്കി. മലങ്കാറ്റു വരുന്നതിന്റെ ദിശയിലേക്കു തന്നെ തെറ്റാതെ സഞ്ചരിച്ചു.
യാത്രയില്‍ വല്ല്യച്ചന്റെ വാക്കുകള്‍ ഓര്‍മ്മിച്ചു. പണ്ടുപണ്ട്, ഉള്ളാട്ടുകാലയിലെ കുന്നുകളില്‍ നിന്നും നോക്കിയാല്‍ തെളിഞ്ഞ പകലുകളില്‍ ദൂരെ കടല്‍ കാണാമായിരുന്നു. കടലിനപ്പുറത്ത് ദ്വീപുകള്‍. ചെറുപ്പത്തില്‍ കരാഞ്ചിറയില്‍ വരുന്നതിനു മുമ്പ് വല്ല്യച്ചന് പണി തേടി അങ്ങോട്ടു പോയിരുന്നു. മീന്‍ പിടിക്കുന്ന വഞ്ചിയിലായിരുന്നു യാത്ര. വഞ്ചി നിറച്ചും ആളുകളായിരുന്നു. കുറേ ദൂരം ചെന്നപ്പോള്‍ വടക്കുനോക്കിയന്ത്രം വെള്ളത്തില്‍ കളഞ്ഞുപോയി. കാറ്റുകള്‍ വഞ്ചിയുടെ ദിശ തെറ്റിച്ചു. അടയാളങ്ങള്‍ മാഞ്ഞുപോയ രാത്രികളായിരുന്നു പിന്നെ. ഗതികിട്ടാതെ അലഞ്ഞ് നടുക്കടലില്‍പ്പെട്ടു. അന്നമില്ല, കുടിവെള്ളമില്ല,. കാരണവന്മാരെ വിളിച്ചു കേണു. പരദേവതകളോടു പ്രാര്‍ത്ഥിച്ചു. ഒരു രക്ഷയും കണ്ടില്ല. ചുഴികള്‍ കാണിച്ച് സമുദ്രം യക്ഷിയെപ്പോലെ പ്രലോഭിപ്പിച്ചു. സ്രാവുകള്‍ ചോരയുടെ മണം പിടിച്ചിട്ടെന്നോണം നാഴികകള്‍ക്കപ്പുറത്തു നിന്നും ആര്‍ത്തലച്ചുവന്നു. വിശപ്പുകൊണ്ട് വീണവരെ അവയ്ക്കെറിഞ്ഞു കൊടുത്തു. ദയ കാണിക്കണമെന്നു കരഞ്ഞു പറഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞുപോയിട്ടും കാഴ്ചയില്‍ ദ്വീപുകള്‍ തെളിഞ്ഞതേയില്ല. പുറപ്പെട്ടു പോന്ന കരയും അപ്രാപ്യമായിരുന്നു. കൊടുങ്കാറ്റില്‍ ക്ഷോഭം കൊണ്ട തിരകള്‍ വഞ്ചിയെ എടുത്തുയര്‍ത്തി. ഓര്‍മ്മ മാഞ്ഞുപോയി.
ശവം പോലെ കരയ്ക്കടിഞ്ഞു. കണ്ണുതുറന്നു നോക്കുമ്പോള്‍ അറിയാത്ത പരിസരങ്ങള്‍. എവിടെ നിന്നോ വന്ന, മുളനാരുകളില് മെടഞ്ഞ കുരുടനായ ദൈവം ഒപ്പം കിടക്കുന്നു.
മീന്‍ കയറ്റിക്കൊണ്ടുപോകുന്നവരുടെ ലോറിയില്‍ കയറി ദൈവവുമൊത്ത് ഒരു രാവും പകലും യാത്ര ചെയ്തു. മൂന്നാമത്തെ നാള് കരിഞ്ഞ വയലുകളുടെ നടുക്ക് ചാടിയിറങ്ങി. കട്ടവിണ്ടുകിടന്ന പാടങ്ങള്‍. വറ്റിയ കിണറുകള്‍. അവയില്‍ പോയ നൂറ്റാണ്ടില്‍ മരിച്ചവരുടെ ശബ്ദങ്ങള്‍ മാറ്റൊലിക്കൊണ്ടു. പാടവരമ്പില്‍ നിന്നും ക്ഷീണിതനായ ഒരു പാമ്പ് തലയുയര്‍ത്തി നോക്കി.
കരാഞ്ചിറയായിരുന്നു അത്.
10.
വൈകുന്നേരമായി. ഇരുട്ടായിത്തുടങ്ങി. മാനത്ത് മടങ്ങുന്ന കിളികളുടെ നിര. ആകാശത്തിന്റെ അതിരുകളില്‍ പോലും മലകള്‍ കാണാനില്ല. തിരിച്ചു തീവണ്ടിയാപ്പീസിലേക്കു പോകാനുള്ള സമയമുണ്ടോ? ഇരുട്ടായി വരുന്നു.
പതുക്കെപ്പതുക്കെ ഇരുട്ടു ഗാഢമായി. നക്ഷത്രവെളിച്ചം പോലുമില്ലാതായി. തണുത്ത കാറ്റുവീശുന്നുണ്ട്. ആള്‍പ്പാര്‍പ്പിന്റെ ലക്ഷണമൊന്നുമില്ലാത്ത വഴികളിലൂടെ നടക്കുന്നു. പിന്നില്‍ നടക്കുന്ന പട്ടികള്‍ നിര്‍ത്താതെ ഓരിയിടാന്‍ തുടങ്ങി. ആരാണ് ഈ നടപ്പാതകള്‍ നിര്‍മ്മിച്ചത്? ആരൊക്കെയാണ് ഇതിലൂടെ നടന്നുപോയിട്ടുള്ളത്? പാതയുടെ അതിര്‍ത്തികളില്‍ വനങ്ങളുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന വയസ്സന് മരങ്ങള്‍. മരങ്ങളില്‍ ചേക്കേറിയ പക്ഷികളുടെ വിചിത്രശബ്ദങ്ങള്‍. ഉള്ളാട്ടുകാലയും അതിലെ സ്റ്റേഷനും അതുവഴി കടന്നുപോകുന്ന തീവണ്ടികളും വിദൂരമായ ഓര്‍മ്മയായി.
ഇരുട്ടിനെയോര്ത്ത് ഊറ്റംകൊള്ളുന്ന പട്ടികള്‍ ഊടുവഴികളിലെത്തിയപ്പോള് മുന്നില്‍ കയറി. ഇനി പ്രേതങ്ങളും കാണുമായിരിക്കും. തീവണ്ടികളുടെ ശബ്ദമേയില്ല. വഴി തെറ്റി നടന്നെത്തുന്നത് മറ്റൊരു നൂറ്റാണ്ടിലേക്കാണെന്നു പേടിച്ചു. പേടി മുറുകിയപ്പോള്‍ കരാഞ്ചിറയിലെ വല്ല്യച്ചനെ മനസ്സില്‍ വിളിച്ചു കരഞ്ഞു. തോളില്‍ തൂക്കിയ കിഴിയില്‍ ചൂടുമാറാത്ത അസ്ഥികള്‍ ഇപ്പോഴും പൊള്ളിക്കുന്നു. കരാഞ്ചിറയിലെ വല്ല്യച്ചന്റെ മുറിയില്‍ തൂങ്ങുന്ന, മുളനാരുകളില് മെടഞ്ഞ കുരുടന് ദൈവത്തെയും വിളിച്ചു. ഏതു നാട്ടിലെ ദൈവമായിരുന്നു അത്? ഏതു സമുദ്രത്തില്‍ നിന്നാണ് അതു വല്ല്യച്ചനിലേക്കു വന്നത്?
നടപ്പു നിര്‍ത്തിയില്ല. നിന്നാല്‍ ഇരുട്ടില്‍ പെട്ടുപോകും. ഈ കാലത്തില്‍ നിന്നും പുറത്തു കടക്കാനാവാതെ സ്വയം നിലയ്ക്കും. മുന്നിലേക്കു തന്നെ നടന്നു. ഓരോ നിമിഷവും വളരുന്ന രാത്രിയിലേക്ക്, ഇരുട്ടിലേക്ക്.
പെട്ടെന്ന് മുന്നില്‍ ആരോ നടക്കുന്നുണ്ടെന്നു തോന്നി. വെറും തോന്നലാവുമോ? പക്ഷേ, മുന്നില്‍ നിന്നും പട്ടികള്‍ ഒഴിഞ്ഞുപോകുന്നു. പോകുമ്പോള്‍ അടി കിട്ടിയതുപോലെ അവ മോങ്ങുന്നു. ഒപ്പം ഇരുട്ടില്‍ വഴികള്‍ തെളിയുന്നു. മുകളിലേക്കു നോക്കിയപ്പോള്‍ വാരിവിതറിയ വസൂരി പോലെ മാനത്തു നക്ഷത്രങ്ങള്‍. തിളങ്ങുന്ന വാള്‍ത്തലപ്പു പോലെ ചന്ദ്രന്.
അപ്പയുടെ കുഞ്ഞേ, മുന്നില്‍ നിന്നും ആരോ വിളിച്ചു. ധൃതിയില്‍ നടക്കുകയാണ്. കൂടെ നടന്നെത്തുന്നില്ല.
വല്ല്യച്ചാ, ഒന്നു പതുക്കെ നടക്കണേ. അപേക്ഷിച്ചു. തെല്ലിട കാറ്റു നിലച്ചു. വേഗം കുറഞ്ഞു.
ആ രാവു നീന്തിക്കടന്നു.
11.
കിഴക്ക് വെള്ളകീറുന്നതു പോലെ. ആകാശത്തിന് ചെമന്ന നിറം. വഴികള്‍ കുറെക്കൂടി തെളിച്ചമുള്ളതായി. ഇരുട്ട് നേര്‍ത്തു. മങ്ങിയ വനഭംഗി കാണാറായി.
ദൂരെ ഒരു മൃഗത്തിന്റെ ഒച്ച കേട്ടു. അതു തന്നെ, കാറ്റില്‍ മരുന്നുചെടികളുടെ മണം.
മോനേ, കുഞ്ഞാ: കാടു പിന്തിരിഞ്ഞു പോയതു നീ കണ്ടോ? പേടി കൊണ്ടായിരുന്നു അത്. ആപത്തു വന്നപ്പോള്‍ കൈയ്യില്‍ കിട്ടിയ മരങ്ങളേയും മൃഗങ്ങളേയും പക്ഷികളേയും വാരിയെടുത്തുകൊണ്ട് ഒരമ്മയെപ്പോലെ അത് പാഞ്ഞുപോയി. നദികള്‍ അവര്‍ക്കൊപ്പം മടങ്ങി. അങ്ങനെ ഒരു പകലും രാത്രിയും കൊണ്ടുമാത്രം നടന്നെത്താവുന്ന ദൂരത്തേക്ക് കാടു പിന്‍വലിഞ്ഞു. എന്റെ അടയാളങ്ങളെ ഉപേക്ഷിച്ചു.
അപ്പോള്‍ ദൂരെ നിന്നും ഒരു മലമുഴക്കിയുടെ ശബ്ദം കേട്ടു. അതു തന്നെ വീണ്ടും, വനം കുഴല്‍ വിളിച്ചു ക്ഷണിക്കുന്നതു പോലെ. നേര്‍ത്ത ഇരുട്ടിലേക്കു നോക്കി സര്‍വ്വശക്തിയുമെടുത്ത് ഞാന്‍ ഉറക്കെ കൂവി. ഉറക്കെ. അത്ഭുതം, കൂവലിന്റെ മറുശബ്ദം കേട്ടു. ഞാന്‍ തന്നെ കൂവിയതോ? അതോ വനത്തില്‍ അതു മാറ്റൊലിക്കൊണ്ടതോ?
ചുറ്റുപാടും വെളിച്ചം കാണുന്നു. ശരീരം പൊള്ളുന്നു. നോക്കുമ്പോള്‍ അസ്ഥി നിറച്ച കിഴി കത്തുകയാണ്. കിഴി കുടഞ്ഞു നിലത്തിട്ടു. കത്തുക തന്നെ, ഇരുട്ടിനു തീപിടിച്ചതു പോലെയുണ്ട്.
കരാഞ്ചിറയിലെ വല്ല്യച്ചാ – എല്ലാ കെട്ടുകളും പൊട്ടി. ഞാന്‍ പറഞ്ഞു. ഇപ്പോള്‍ ഞാന്‍ ശരിക്കും സ്വന്തം ശബ്ദം കേട്ടു.
സൂര്യന് ഉദിച്ചുയര്ന്നുവന്നു. കിഴക്ക് മലകള്‍ തെളിഞ്ഞു കാണാനായി. അവയുടെ ശിരസ്സുകളില്‍ മഞ്ഞു പുകയുന്നു. മഴ പൊടിയുന്നു.
അടുത്തുനിന്നും ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദം കേട്ടു. ചെടികളും ഇലകളും വള്ളികളും വകഞ്ഞുമാറ്റി ആ ദിശയിലേക്കു നടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ പാറകളില്‍ വെള്ളം പതിക്കുന്നതിന്റെ ഒച്ച കേട്ടു. കാതുകളുടെ മുനകൂര്‍പ്പിച്ചു. എവിടെ നിന്നാണ്, എവിടെ നിന്നാണ്?
ഉടഞ്ഞ വളകളുടെ ഒച്ചയിലാണ് അവ കലമ്പുന്നത്. ഞാന്‍ കരാഞ്ചിറയിലെ വല്ല്യച്ചന്റെ വാക്കുകള്‍ ഓര്‍ത്തു. ആ വാക്കുകളിലൂടെ നടന്നു വരുന്ന എന്റെ അമ്മയെ ഓര്‍മ്മിച്ചു. താഴ്വാരത്തിലെ വൈകുന്നേരങ്ങള്‍. മല്ലിച്ചെടികളുടെ നറുമണം. നാനാനിറങ്ങളിലുള്ള വളകളുടെ കിലുക്കം.
– ഒരു കുമ്പിള് നൃത്തം.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച സന്തോഷ് കുമാറിന്റെ ‘ഒരാൾക്ക് എത്ര മണ്ണ് വേണം’ എന്ന സമാഹാരത്തിൽ ഈ കഥ ഉൾപ്പെടുത്തിയിട്ടുണ്ട്.