പേറ് കരച്ചിൽ

തറവാട്ടിൽ തട്ടിന്മോളിൽ ഇരുട്ടിലിരിക്കും
താവഴിയായൊരു ചാരുകസേരയിൽ
കരിവാലൻ വെള്ളയവൾ നിറവയറിൽ.

പളുങ്കുകണ്ണുകളണയാതെ,
കിനിയാതാറുമുലക്കണ്ണുകളും
തുറിച്ചു രോമം വിറച്ചു –
മാന്തിക്കീറിയ ശീലയഴിച്ചു ശവംകെട്ടി
കലുങ്കിനതിരിൽ കല്ലുവെച്ചു.

വെളിച്ചത്തിൽ ഇറക്കിയിരുത്തി
പൊടിതട്ടി തുടച്ചെടുത്ത്
അഴിഞ്ഞ സ്ക്രൂവുകൾ മുറുക്കിവെച്ച്
ചാരുകസേരയിൽ തുണിയിട്ടു.

ചില്ലുടഞ്ഞ ജനലരികിൽ
തൊടിയിൽ നോക്കിയിരിക്കും
മുകളിലെ മുറിയിൽ ചാരുകസേര.

കൈതചക്ക മണക്കും കാറ്റലയായൊരു
പേറ് കരച്ചിൽ ഇരുന്നാൽ കേൾക്കാം.adil madathil , poem, iemalayalam

പേറ് കണക്ക്

ജനിക്കുമ്പോൾ നീലയായിരുന്നു ഞാൻ
കുടുംബത്തിൽ ആദ്യത്തെ സിസേറിയൻ.

പച്ചമറകൾക്കകത്തൂടെയറ്റത്തിരുട്ടിലേക്കു-
രുണ്ടുപോകുന്നുമ്മയിന്നും സ്വപ്നത്തിൻ –
സ്ട്രെച്ചറിൽ ഓർമയുടെ ചക്രങ്ങളിൽ.

അഞ്ചാണും നാലുപെണ്ണുമായ്
ഒൻപതു പെറ്റ ഉമ്മുമ്മയെ ഓർമിക്കും ഉപ്പ
ഉമ്മയെന്നെ പ്രസവിച്ച കഥ പറയുമ്പോൾ.adil madathil , poem, iemalayalam

രണ്ടാംവയസ്സിലെനിക്കനുജത്തിയായ് രണ്ടാം സിസേറിയനായിരുന്നവൾ.

തള്ളിതള്ളിയാണു ഞാൻ പിറന്നതെങ്കിൽ
വല്യുപ്പയുടെ വെല്ലുവിളി സ്വീകരിച്ചേനേ ഉപ്പ.

നോവറിയാത്ത പ്രസവത്താൽ –
ശപിക്കപ്പെടില്ലായിരുന്നു ഞങ്ങളുടെ ഉമ്മമാർ –

ഇന്നു ഞങ്ങളോട്,
നിങ്ങൾക്ക് സ്നേഹ-
മുണ്ടാവില്ലെന്നു വിതുമ്പുകില്ലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook