scorecardresearch

മൂന്നു പ്രണയ കവിതകൾ

“വെള്ളാമ്പലുകൾ വട്ടമിട്ടു പൂത്തുലയും പൂർണ്ണചന്ദ്രനെ പറിച്ചെടുത്തു നീ.” ആദിൽ മഠത്തിൽ എഴുതിയ കവിത

മൂന്നു പ്രണയ കവിതകൾ
ചിത്രീകരണം : വിഷ്ണു റാം

അവിചാരിതം

കുതികൊള്ളും വെള്ളപ്പൊക്കത്തിൽ
ഉലഞ്ഞുതുള്ളും തൂക്കുപാലം കടക്കേ
കവിതയിൽ തെന്നിവീണെഴുന്നേൽക്കേ
എതിരിൽ മറഞ്ഞു പോയ ഒരുവളുടെ
വിറകൊള്ളും മുഖച്ഛായയിൽ

ആദ്യ കാമുകിയെ വീണ്ടും കണ്ടു.

adil madathil, poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

പൗർണ്ണമി

പൂർണ്ണചന്ദ്രനെക്കണ്ടു കിടന്നു
മയങ്ങി ഞാൻ
ഇരുൾമേഘമാലകൾപോലെ
ഓർമകൾ വന്നുപോയ്

നീയുറങ്ങിയില്ല കൺകളിൽ ഞാൻ
ഉമ്മനൽകാതെ
ജനാലകൾ തുറക്കാത്ത നിൻ മുറി-
ക്കിടക്കയിൽ നിന്നോരത്ത്
നീ എന്നെ നോക്കിക്കിടന്നു

തിരിഞ്ഞും മറിഞ്ഞും വെട്ടമുരുട്ടും
തിങ്കൾ ഞാൻ
പുലരുവോളം നീയഴിച്ചെടുത്തു
എന്റെ നിലാവലകൾ

നിന്നെ ഞാൻ സ്വപ്നം കണ്ടൂ
നാലുമണിത്തണുപ്പിൽ
കൊച്ചുവള്ളം തുഴഞ്ഞു നീ
ആമ്പൽ വിരിയും കായലിൽ
കുളിർനീറ്റിലിറങ്ങി നീ
നീലഞരമ്പുകൾ വകഞ്ഞു നീന്തി

വെള്ളാമ്പലുകൾ വട്ടമിട്ടു
പൂത്തുലയും പൂർണ്ണചന്ദ്രനെ
പറിച്ചെടുത്തു നീ.

ഞാനുണരുവാൻ.

adil madathil, poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

പൈനാപ്പിൾ ബിരിയാണി

എനിക്കിഷ്ടമേയല്ല
പൈനാപ്പിൾ ബിരിയാണി
അതിനു കാശു ചെലവാക്കുന്നതും,
ഞാൻ അത്ര പിശുക്കനായിട്ടൊന്നുമല്ല.

ഞങ്ങൾക്കായി ബാക്കിയായ
കോളേജ് കാന്റീനിലെ
അവസാനത്തെ ബിരിയാണി
80 രൂപ
പൈനാപ്പിൾ മണം വഴിക്കുന്നു
ഇരുവർക്കുമിടയിൽ .

അവൾക്കായി ഒരു പ്ലേറ്റും
അച്ചാറും സർലാസും വന്നു
എനിക്കു വേണ്ട
പൈനാപ്പിൾ ബിരിയാണി.

ഇതു ബിരിയാണിയാണെന്നു
വിചാരിക്കാതിരുന്നാൽ മതി
വിശന്നിട്ടൊരിക്കൽ പറഞ്ഞത്
അവൾ ഓർമിച്ചു .

ഒരു പ്ലേറ്റു കൂടെ വരുത്തിച്ചു
മസാലയില്ലാത്ത
ചിക്കൻ കറിയുള്ള ബിരിയാണി
കുഴച്ചുകൊണ്ട് ഞങ്ങൾ
കഴിച്ചു തുടങ്ങി.

അവൾ കഴിക്കുന്നതു കാണാൻ
എനിക്കിഷ്ടമാണ്
ഞങ്ങളിരുവരും കൂടി
കഴിക്കും
ഞങ്ങളെ തന്നെയും.

ഒരുരുള കുഴച്ചുകൊണ്ട്
വാരിത്തരട്ടേയെന്നു
ചോദിച്ചു ഞാൻ
കൈ നീട്ടി

ഒരുരുള കൂടി നീട്ടി

കറിയിലെ ചിക്കനും
അച്ചാറും സർലാസും
കുഴച്ചുകൊണ്ടവൾ
ഉരുളയാക്കി

അതെനിക്കുള്ളതാണെന്ന്
എനിക്കറിയാം, അത്
വായിലേക്കു വന്നു.

കഴിക്കാനാവുമെന്ന്
വിചാരിക്കാനാവാത്ത
പൈനാപ്പിൾ ബിരിയാണി

സർലാസും കൂട്ടി കുഴച്ചിട്ട്
അച്ചാറും കൂട്ടി കുഴച്ചിട്ട്
ചിക്കനും കൂട്ടി കുഴച്ചിട്ട്
എല്ലാംകൂടെ കൂട്ടിക്കുഴച്ചും
ആ പാത്രം കാലിയാക്കി
വിരലുകൾ നുണഞ്ഞു.

ബിരിയാണിവറ്റുകൾ
പറ്റിക്കിടക്കുന്ന
പോർസലൈൻ പാത്രത്തിൽ
കണ്ടു
നീലപ്പൂവള്ളിച്ചുരുളുകൾ!

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Adil madathil poem moonu pranaya kavithakal