അച്ഛന്റെ മരണത്തിന്റെ
നാൽപത്തി രണ്ടാം നാളാണ്
അമ്മ കൂർക്കം വലി
തുടങ്ങിയത്

പേരമക്കൾ ഉറങ്ങിയാലും
ഇല്ലെങ്കിലും,
കല്യാണമോ , കർക്കിടകപ്പെയ്ത്തോ,
ശിവരാത്രിയോ, പള്ളിപ്പെരുന്നാളോ
ഭേദമില്ലാതെ
ഒരു പഴഞ്ചൻ തീവണ്ടി
പ്ലാറ്റ്ഫോമുകളെ കുലുക്കുന്ന മട്ടിൽ
അമ്മ, ഉറക്കത്തിലാറാടി

രാവിലെ ഉമിക്കരികൊണ്ട്,
സ്വപ്നത്തെ
കൺകളിൽ കുറുക്കി
ദീർഘശ്വാസം വിടുന്ന അമ്മയെ
കുട്ടികളാരും കളിയാക്കിയതു പോലുമില്ലrajeshkumar d k , poem, iemalayalam

 

ഗാന്ധി, നെഹ്റു
ഗുരു, അയ്യങ്കാളി,
കുട്ടിമാളു അമ്മ, കേളപ്പൻ…
അമ്മ നേരു കൊണ്ട് കോർത്ത
മാലകളിൽ അവർ
തെരുതെരെ ചുംബിച്ചു.
ഉണ്മയുടെ പ്രജ്ഞയിൽ
അമ്മയുടെ കൈകളിൽ വിരൽ കോർത്ത്
കുട്ടികൾ ഹേ റാമെന്ന്
ആർത്തു കരഞ്ഞു

അതെ, അച്ഛന്റെ മരണത്തിന്റെ
കൃത്യം നാൽപ്പത്തിരണ്ടാം നാൾ,
അമ്മ പെറ്റു വീണ കുട്ടിയെ പോലെ
ഉറക്കെ കരഞ്ഞു
കൈകാലിട്ടടിച്ചു,
വായുവിൽ വൃത്തം വരച്ചു
കുട്ടികളൊത്ത് ആസാദി ആസാദി
എന്നാർത്തു വിളിച്ചു.

അടുക്കളയിലെ അധികാരം
വിട്ടൊഴിഞ്ഞു
അധ്യാത്മരാമയണം, വിളക്ക്,
വിളക്കിൻ തിരി മച്ചിലെറിഞ്ഞു
ആയിരം നന്ത്യാർവട്ട പൂക്കൾ
ഒന്നിച്ച് വിരിഞ്ഞ പോലെ
അമ്മ പൂത്തുലഞ്ഞു

രാവെന്നും പകലെന്നുമില്ലാതെ
ഉറക്കത്തിൽ
ഉച്ചത്തിൽ
അമ്മയുടെ കൂർക്കം വലിയിൽ
ഞങ്ങൾ സുരക്ഷിതരായി.

അമ്മയോട് ഉറക്കെ ചിരിക്കരുതെന്ന്
പറഞ്ഞത് കാർന്നോന്മാരാണ്
ആദ്യമവരത് മെല്ലെ പറഞ്ഞു
മക്കളോട് പറഞ്ഞു
അച്ഛൻ മരിച്ചാൽ
മക്കളായ ഞങ്ങളാണ്
കാക്കേണ്ടതെന്നവർ കണ്ണുരുട്ടി.rajeshkumar d k , poem, iemalayalam

അമ്മ ചിരിക്കുന്തോറും
അവര് പറഞ്ഞു കൊണ്ടിരുന്നു
അവര് പറഞ്ഞു കൊണ്ടിരുന്നു
അവര് പറഞ്ഞു കൊണ്ടിരുന്നു
അവര് പറഞ്ഞു കൊണ്ടേയിരുന്നു

അവസാനമൊരുനാൾ
അമ്പലപ്പറമ്പിലെ ചിറയിൽ
താമര പോലെ വിടർന്ന്
അമ്മ ചെഞ്ചോര പുതച്ച് കിടന്നു.

കൂർക്കം വലിക്കാതെ,
ഉറക്കെ ചിരിക്കാതെ,
ആർത്തുവിളിക്കാതെ.
ഈച്ചയാർക്കുന്ന
അമ്മയുടെ തുറന്ന കണ്ണുകൾ നോക്കി

വിറച്ച്
പനിച്ച്
മരിച്ച്
ഞങ്ങളും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook