sreedevi m menon, poem art,

ചിത്രീകരണം ശ്രീദേവി എം മേനോൻ

മ്യൂണിക്കിലെ തെരുവ്
വേനലിൽ പച്ചച്ചു നിൽക്കും,
അവിടെ
ശരത്കാലത്ത് ചുവക്കുന്ന
ശൈത്യത്തിൽ മഞ്ഞിന്റെ
വെള്ള തൊപ്പി ചൂടുന്ന
ഇലകൾ പൊഴിച്ചിടുന്ന
മരങ്ങൾ ഉണ്ടാവും.

അതിനുമപ്പുറം
ബിയർഗാർഡൻ –
പൂക്കളേക്കാൾ അവിടെ
വിരിഞ്ഞു നിന്നത്
നിറഞ്ഞു പൊന്തുന്ന കുമിളകളുള്ള
ബിയർ ഗ്ലാസ്സുകൾ.

നേർത്ത ചിരികൾ
അടക്കി ഒതുക്കി വെടിപ്പാക്കിയ
ശബ്ദങ്ങൾ.
ചില താളങ്ങൾ,
ഇടയ്ക്ക് സംഗീതം.
അതിനെയൊക്കെ കവച്ചു
ചില അലർച്ചകൾ.

ജലധാരയ്ക്ക് അപ്പുറമിപ്പുറം
പൂക്കൾ.
ആകാശം നാണിക്കുന്ന നീല
ചോര പോലൊരു ചുവപ്പ്
മഞ്ഞച്ചു മഞ്ഞച്ചു പോയ പൂക്കൾക്കൊപ്പം
നിറങ്ങൾ നിരത്തി വച്ച ചെടികൾ
കുങ്കുമകടയിലെ മേശപ്പുറം പോലെ !

അവിടെ,
ആണുങ്ങൾ ആണുങ്ങളെ ചുംബിയ്ക്കുന്നു :
മീശകൾ കൂട്ടി മുട്ടിച്ച്
താടിയുരസി
നെഞ്ചുകൾ ചേർത്തു വച്ച്
ആണുങ്ങളെ ചുംബിക്കുന്ന ആണുങ്ങൾ.

ചിലർ നാണിക്കുന്നുണ്ട്, ചില പെണ്ണുങ്ങളെപ്പോലെ !
തോളുകളിൽ വച്ചിരിക്കുന്ന കൈകളിൽ
ചെമ്പൻ രോമങ്ങൾ എഴുന്നു നിൽപ്പുണ്ട്.
ചില പെണ്ണുങ്ങൾ തലോടാൻ കൊതിച്ചതാവും!

അവർ, ആ ആണുങ്ങൾ
പ്രേമിക്കുകയാണ്.

ഇടയ്ക്ക് സിഗരറ്റ് പുക ഊതി വിടുന്നു.
പച്ചില തുളച്ചു ചുരുളുകൾ
മേഘകഷ്ണങ്ങൾ പോലെ
ആകാശം തേടുന്നു.

മേപ്പിൾ മരങ്ങൾക്ക് മുകളിൽ നിന്നെത്തി
നോക്കി നിൽക്കുന്ന മേഘങ്ങളെ
കണ്ടപ്പോഴവർ പരസ്പരം
മുറുക്കി പിടിക്കുന്നു!

ഇടയ്ക്ക് വയലിൻ മീട്ടുന്നു.
വേവിച്ച ഉരുളക്കിഴങ്ങിനെ
പൊതിഞ്ഞു നിൽക്കുന്ന കൂൺ കഷ്ണങ്ങളെ
ചവയ്ക്കുന്നു.
കൈനീട്ടി ബിയർ കുപ്പികളിൽ
പിടുത്തമിടുന്നു.

പാമ്പുകളെ പോലെ പിണയുന്നു
പച്ചകുത്തിയ കൈകൾ
തമ്മിൽ കോർക്കുന്നു.
മുടിക്കിടയിൽ കയ്യിട്ടു
വേർപെടുത്തി കൊടുക്കുന്നു.

അടിവസ്ത്രം പാതി പുറത്തുള്ള
ലോ വെയ്സ്റ്റ് ജീൻസുകളിൽ
കൈ ചേർത്ത് പിടിക്കുന്നു.

അഥവാ, ആണുങ്ങൾ ആണുങ്ങളെ
ചുംബിക്കുന്നിടത്തും
പ്രേമം വട്ടമിട്ടു നിൽപ്പുണ്ട്.
നെറുകിൽ വന്നു വീണ ഇലകൾ തപ്പി
ഞാൻ നടക്കുന്ന ഈ തെരുവിലും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ